A Unique Multilingual Media Platform

The AIDEM

Articles International Memoir Sports

യുഗാന്ത്യമായി ഒരേയൊരു കൈസർ…

  • January 9, 2024
  • 1 min read
യുഗാന്ത്യമായി ഒരേയൊരു കൈസർ…

ആക്രമണാത്മക സ്വീപ്പറായി പ്രതിരോധത്തിൽ നിന്ന്‌ മുന്നേറ്റ നിരയിലേക്ക് എല്ലാ ചരടുകളും നിയന്ത്രിച്ചു കൊണ്ട് കേളീശൈലിയിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കുകയും ഫുട്ബോളിന് പുതിയ ഭാവുകത്വമേകുകയും ചെയ്ത ജർമനിയുടെ എക്കാലത്തേയും മികച്ച താരമായ കൈസർ ഫ്രാൻസ് ബെക്കൻ ബോവറും അരങ്ങൊഴിഞ്ഞു. ലോക ഫുട്ബോളിൽ കോളിളക്കം തീർത്ത് കാലത്തെ ജയിച്ചു നിന്ന കളിയാചാര്യന്മാരിൽ വിടപറയുന്ന അവസാനത്തെ ആളായിരിക്കാം ഈ ജർമൻ ഇതിഹാസം. മൂന്ന് നാൾ മുമ്പാണ് താരമായും പരിശീലകനായും ലോകകപ്പ് ഉയർത്തിയ ഇരട്ട ബഹുമതിയിൽ ആദ്യമെത്തിയ ബ്രസീലുകാരൻ മരിയോ സഗാലോ ജീവിതത്തിൻ്റെ മൈതാനം വിട്ടത്. 1974ൽ കളിക്കാരനായും 1990ൽ പരിശീലകനായും മുദ്ര ചാർത്തിയ ബെക്കൻ ബോവറാണ് രണ്ടാമൻ. പിന്നാലെ ഫ്രാൻസിൻ്റെ ദിദിയർ ദിഷാംപ്സും ഇവർക്കൊപ്പം കണ്ണി ചേർന്നു.

ഫ്രാൻസ് ‘കൈസർ’ ബെക്കൻ ബോവർ

സോഷ്യൽ മീഡിയയും വാർത്താ മാധ്യമങ്ങളും ഇന്നത്തെ ആഗോള രൂപം പ്രാപിക്കുന്നതിന് മുമ്പ് വ്യക്തി വൈശിഷ്ട്യത്തിൻ്റെയും സംഘബലത്തിൻ്റെയും രചനാത്മകതയുടെയും സാധക പാഠങ്ങൾ കാഴ്ചവെച്ച് ലോകം കീഴടക്കിയ പെലെ, മാറഡോണ, ഫ്രെങ്ക് പുഷ്കാസ്, ഡെസ്റ്റിഫാനോ, യോഹാൻ ക്രൈഫ്, ജോർജ് ബെസ്റ്റ് എന്നിവർക്കു പിന്നാലെ കൈസറും യാത്രയായതോടെ ഫുട്ബോളിൻ്റെ രാജരഥ്യയിൽ കാന്തിക പ്രഭ ചൊരിഞ്ഞ മഹാരഥന്മാരുടെ ഒരു യുഗത്തിനും തിരശ്ശീല വീഴുകയാണ്. പെലെ ഉൾപ്പെട്ട കാനറികളുടെ അധീശത്വത്തിന് അറുതി കുറിച്ച് 1974ൽ സ്വന്തം മണ്ണിൽ പശ്ചിമ ജർമനി ലോക കിരീടം ചൂടുമ്പോൾ തലയെടുപ്പോടെ നിന്ന കൈസർ പതിനാറ് വർഷം കഴിഞ്ഞ് പരിശീലകൻ്റെ കുപ്പായത്തിൽ ഒരിക്കൽക്കൂടി ലോക മേധാവിത്വത്തെ പുൽകി. അതിന് മുമ്പ് 1966 ലോകകപ്പിൻ്റെ ഫൈനലിലും 1970ൽ സെമി ഫൈനലിലും ബോവർ കാഴ്ചവെച്ച പ്രകടനങ്ങൾ ചരിത്രത്തിലെ സുവർണ്ണ രേഖകളാണ്.

രണ്ടാം ലോകയുദ്ധത്തിൻ്റെ മുറിവുണങ്ങാതെ കിടന്ന മ്യൂണിക്കിൽ 1945 സെപ്റ്റംബർ 11നായിരുന്നു ബെക്കൻ ബോവറുടെ ജനനം. സ്കൂൾ ടീമിലൂടെ വളർന്ന് 13-ാം വയസ്സിൽ ബയേൺ മ്യൂണിക്കിൻ്റെ അണിയിലെത്തി. സഹോദരനായ വാൾട്ടർ ബോവറിൽ നിന്നാണ് കളിയുടെ ആദ്യ പാഠങ്ങൾ കിട്ടിയത്. 1968ൽ ബയേണിൻ്റെ ക്യാപ്റ്റൻ പദവിയിലെത്തിയ ബോവർ ജർമൻ ടീമിലും ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായി. 1972 മുതൽ 74 വരെ തുടർച്ചയായി മൂന്ന് തവണ ലീഗ് ചാമ്പ്യന്മാരായ ബയേൺ ഇക്കാലയളവിൽ യൂറോപ്യൻ കപ്പ് അടക്കം വൻ കിരീടങ്ങളും നേടിയെടുത്തു. 1971ൽ ദേശീയ ടീം നായക പദവിയിലെത്തിയ ബോവർ തൊട്ടടുത്ത വർഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഷോകേസിലെത്തിച്ചു. ദേശീയ ടീമിൽ നിന്നു വിരമിച്ച ശേഷം പെലെയ്ക്കൊപ്പം അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് കോസ്മോസിനു വേണ്ടിയും ബൂട്ടണിഞ്ഞു.

ബെക്കൻ ബോവർ പെലെയ്ക്കൊപ്പം

1984 ലാണ് ദേശീയ ടീമിൻ്റെ പരിശീലകനായത്. കളത്തിൽ നിറഞ്ഞാടിയ ബെക്കൻ ബോവർ മനോഹാരിതയോടെ കളിയെഴുത്തിലും മുദ്ര ചാർത്തി. ആധുനിക ഫുട്ബോളിൽ “ലിബറോ”യ്ക്ക് സാക്ഷാത്കാരമേകിയ ബോവർക്ക് ഇച്ഛാനുസരണം ഏത് സ്ഥാനത്തും എപ്പോൾ വേണമെങ്കിലും കടന്ന് കളിയെ നിയന്ത്രിക്കാനുളള ആത്മധൈര്യവും കേളീ ചാതുര്യവും വേണ്ടുവോളമുണ്ടായിരുന്നു. ഈ ശൈലി തന്നെയാണ് അദേഹത്തിൻ്റെ നേതൃത്വത്തിൽ അന്നത്തെ പശ്ചിമ ജർമൻ ടീമിനെ ലോകോത്തരമാക്കിയത്. രണ്ട് തവണ ബാലൺ ദി ഓർ അടക്കം ഫുട്ബോളിലെ നിരവധി പുരസ്കാരങ്ങളും അദേഹത്തെ തേടിയെത്തി. പ്രതിഭയുടെ ധാരാളിത്തത്തോടെയും മികവിൻ്റെ പൂർണതയോടെയും ഫുട്ബോൾ ലോകം അടക്കിവാണിരുന്ന ഒരു ഇതിഹാസ ജിവിതത്തിനു കൂടിയാണ് വിട ചൊല്ലിയത്. കളിക്കളം വീണ്ടും ശൂന്യമാവുകയാണ്. എന്നാൽ പന്തുരുളുമ്പോഴെല്ലാം ബെക്കൻ ബോവർ എന്ന മഹാരഥൻ ഓർമിക്കപ്പെട്ടുകൊണ്ടേയിരിക്കും.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

എ.എൻ രവീന്ദ്രദാസ്

പ്രശസ്ത കളി എഴുത്തുകാരനും ദേശാഭിമാനി മുൻ സ്പോർട്സ് എഡിറ്ററുമാണ് എ.എൻ രവീന്ദ്രദാസ്.