ഗോഡ്സ് ഓൺ കൺട്രി മസ്റ്റ് ബീ ക്രേസി
വായനാദിനത്തിന്റെ പ്രസംഗമത്സരത്തിന് “സാക്ഷരതാപ്രസ്ഥാനം നമ്മെ അജ്ഞാനാന്ധകാരത്തിൽ നിന്നും വിജ്ഞാനാന്ധകാരത്തിലേക്ക് നയിച്ചു” എന്ന് ഒരു വിരുതൻ തട്ടിവിട്ടതായി കഥയുണ്ട്. ഉദ്ദേശിക്കപ്പെട്ടതല്ലെങ്കിലും ഒരു വെറും ചിരിക്കപ്പുറം കേരളസമൂഹത്തിന്റെ മുകളിലാകെ നിഴൽ വീഴ്ത്തുന്ന കറുത്ത തമാശയായി വലിയൊരു തലത്തിൽ വായിച്ചെടുക്കാവുന്ന ഒന്നാണ് ആ പ്രസ്താവന. വിജ്ഞാനാന്ധകാരത്തിന്റെ മറവിൽ മാരകമായ അറിവായുധങ്ങളുമായി പതിയിരിക്കുന്ന ക്വട്ടേഷൻ സംഘങ്ങളെപ്പോലെ മാദ്ധ്യമങ്ങൾ പോലും പെരുമാറുന്ന ഒരു കാലത്ത് പ്രത്യേകിച്ചും.
മലയാളിസമൂഹം നടത്തിയ ശാരീരികമായ ഒരു ആക്രമണത്തെക്കുറിച്ചു പറയാനാണ് ഈ മുഖവുര. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് മോഷണക്കുറ്റമാരോപിച്ച് വിശ്വനാഥൻ എന്ന ആദിവാസിയുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയത്. അതിനെത്തുടർന്ന് ആ പാവം ആത്മഹത്യ ചെയ്തു എന്ന് കണ്ടെത്തി. മധു എന്ന ആദിവാസി യുവാവ് മോഷണക്കുറ്റം ആരോപിക്കപ്പെട്ട് മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷം ആവുന്ന സന്ദർഭമാണിത്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന ഒരു ജനതയെ പ്രതിനിധീകരിക്കുന്ന, പരിഷ്കൃതരെന്ന് നടിക്കുന്ന ഒരു ആൾക്കൂട്ടം സ്വയം കുറ്റക്കാരെ കണ്ടെത്തി തീർപ്പുകൽപ്പിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രാകൃതമായ രീതികളിൽ ഏർപ്പെടുമ്പോൾ, അത്തരം വിചാരണകളുടെ അബോധത്തിൽ വർത്തിക്കുന്ന മുൻധാരണകൾ പരിശോധനാവിധേയമാക്കേണ്ടതുണ്ട്.
ജാതീയമായ ഉച്ചനീചത്വങ്ങൾ ന്യായാന്യായങ്ങളുടെ തീർപ്പിനെ നേരിട്ടു ബാധിച്ചിരുന്ന കാലഘട്ടം മലയാളിയുടെ ചരിത്രത്തിൽ അത്ര വിദൂരമല്ല. അതിനെയെല്ലാം അതിജീവിച്ചെന്ന നാട്യത്തിൽ കേരളീയനവോത്ഥാനം മുതൽ സമ്പൂർണസാക്ഷരത വരെയുള്ള മുന്നേറ്റങ്ങളെപ്പിടിച്ച് ആണയിടുന്ന മലയാളികളുടെ പൊങ്ങച്ചവും പരപുച്ഛവും പൊതുവെ ലക്ഷ്യമിടാറുള്ളത് സാമൂഹ്യാവസ്ഥകളിൽ ഏറെ പിന്നിൽ നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേയും തൊട്ടയൽപ്പക്കത്തുകാരായ തമിഴ്നാടിനേയുമാണ്. നഗരവൽകൃതമായ ഒരു പൊതുബോധവും പെരുമാറ്റരീതികളും ഉൾക്കൊള്ളാനും അനുകരിക്കാനും ശീലമാക്കാനും വെമ്പുന്ന ഗ്രാമപ്രാന്തങ്ങളൂടെ തെക്കുവടക്ക് സംഘാതമായി കേരളസംസ്ഥാനം ഏറെക്കുറെ മാറിക്കഴിഞ്ഞു എന്ന വസ്തുത കൂടി ഈ അഹങ്കാരത്തോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ഒരു പക്ഷെ, മലയാളീകരിക്കപ്പെട്ട സമ്പത്തിന്റെ പുനക്രമീകരണങ്ങൾ കേരളത്തിന്റെ സങ്കീർണമായ സാമൂഹ്യഘടനയിൽ സംഭവിപ്പിച്ച ഒരു രാസപ്രക്രിയ, ജാതീയമായ തലങ്ങൾക്കു കുറുകെ ഈ പുതുനാഗരികതയുടെ വർണവ്യവസ്ഥ കൂടി സൃഷ്ടിച്ചെടുത്ത് കഴിഞ്ഞിട്ടുണ്ട്.
പശ്ചിമഘട്ടത്തിന്റെ പില്ലറുകളിൽ മറച്ചുകെട്ടിയ, കടൽനീലയിലേക്ക് തുറന്ന വലിയ കണ്ണാടിച്ചുമരുള്ള ഒരു ഹൈപ്പർ മാർക്കറ്റായി കേരളത്തെ സങ്കല്പിക്കുക. ആഘോഷങ്ങളുടേയും ഉത്സവ ഓഫറുകളുടേയും വർണവൈവിദ്ധ്യങ്ങളും ആൾബഹളങ്ങളുമായി എപ്പോഴും തിരക്കുള്ള ഈ ‘ഗോഡ്സ് ഓൺ കൺട്രി’ മാളിനകത്ത് ട്രോളിയുന്തുന്ന നമ്മുടെ നിത്യജീവിതത്തെ ഒന്ന് പരിശോധിക്കുക. ആവശ്യമുള്ളത് തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തേയും അവകാശത്തേയും പരിമിതപ്പെടുത്തുന്നത് ആധാർ കാർഡിൽ അടയാളപ്പെടുത്തപ്പെട്ട, ജന്മം കൊണ്ട് നിർവചിക്കപ്പെട്ട, നിങ്ങളൂടെ സ്വത്വമല്ലെന്നും ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ രേഖപ്പെടുത്തപ്പെട്ട നീക്കിയിരിപ്പാണെന്നും നിങ്ങൾക്കുറപ്പുണ്ട്. ഉപ്പു വേണമെങ്കിൽ പുളിഞ്ചാടൻ എന്നു മാത്രം ചോദിക്കാൻ പാടുണ്ടായിരുന്നവരുടെ കീഴാളജീവിതം വിസ്മൃതമായിക്കഴിഞ്ഞു. വിയർപ്പിൽ നിന്ന് വറ്റിവറ്റിച്ചേർന്നതിന്റെ ഒട്ടലല്ല, അയഡൈസ് ചെയ്ത് വിതറാവുന്ന അനായാസതയാണ് പുതിയ ജീവിതത്തിന്റെ ഉപ്പ്. ഹൈപ്പർമാൾ ഫുഡ് കോർട്ടുകളിൽ അത് അവനവന്റെ പാകത്തിന് വിതറിക്കഴിക്കുന്ന പലനിറങ്ങളിലുള്ള മനുഷ്യർക്ക് പന്തിഭോജനം എന്ന വിപ്ലവം പഴങ്കഥയാണ്. മക്രോണിയും അമേരിക്കൻ ഗോതമ്പുമൊക്കെ തിന്ന് വിശപ്പടക്കേണ്ടിയിരുന്ന ക്ഷാമകാലവും വിസ്മൃതിയിലാണ്ടു. അവശ്യവസ്തുക്കളേക്കാൾ എത്രയോ മടങ്ങ് അധികം പുതിയ പുതിയ ആവശ്യങ്ങൾ വിപണിയുടെ പ്രദർശനയലമാരകളിൽ നിറയുന്നു. വിഭ്രമിപ്പിക്കുന്ന ആ വർണശബളിമക്കിടയിലൂടെ ഷോപ്പിങ്ങ് ട്രോളിയുന്തുന്നതിനിടയിൽ ഒന്നു നിന്ന് ശ്രദ്ധിച്ചാൽ കാഴ്ചയിൽ പെടുന്ന ചിലതുണ്ട്. പുതുനാഗരികതയുടെ വർണവ്യവസ്ഥയിലെ അധികാരശ്രേണിയിൽ താഴെനിൽക്കുന്നവരുടെ കീഴാളജീവിതമാണത്.
അവർ നിങ്ങൾ വാരിവലിച്ചിട്ടു കാലിയാക്കിയ ഷെൽഫിടങ്ങളെ വീണ്ടും അടുക്കിനിറക്കുന്നു, നിങ്ങൾ പാകം നോക്കി മുഷിച്ചിട്ടുപോയ കുപ്പായങ്ങൾ ക്ഷമയോടെ മടക്കി വെക്കുന്നു, നിങ്ങളുടെ സമ്പത്ത് വാങ്ങിച്ചുകൂട്ടിയ സൗഭാഗ്യങ്ങളെ വിലയിട്ട് കണക്കുകൂട്ടി സഞ്ചിയിലാക്കിത്തരുന്നു, അനുഷ്ഠാനമെന്ന പോലെ ബില്ലിൽ ഒരു തുളയിട്ട് സലാം വെച്ച് യാത്രയാക്കുന്നു, നിങ്ങളുടെ വാഹനം പോറലേതുമേൽക്കാതെ നിരത്തിലിറങ്ങും വരെ വിസിലടിച്ച് ജാഗ്രതപ്പെടുത്തുന്നു..
മുഖമോ പേരോ ഇല്ലാതെ കേരളമെന്ന ഹൈപ്പർമാളിൽ നിങ്ങളെ സേവിക്കുന്ന ഈ മനുഷ്യരോട് നിങ്ങൾക്ക് കരുണയും കരുതലുമുണ്ട്. ഒപ്പം ഈ വിപണിശൃംഖലയും സൗകര്യപ്രദമായ ഭൗതികസാഹചര്യങ്ങളും ചലിപ്പിക്കുന്ന അജ്ഞാതരായ അനേകം മനുഷ്യരോട് കടപ്പാടുമുണ്ട്. ആ കടപ്പാട് കൃത്യമായി നികുതികളടച്ച് വീട്ടുന്നതായി നിങ്ങൾ സമാധാനിക്കുന്നുണ്ട്.
ഇതിൽ നിന്നെല്ലാം പുറത്തുനിൽക്കുന്നവരിൽ നിങ്ങളുടെ കണ്ണിൽപ്പെടുന്ന, നിങ്ങളുടെ വാഹനങ്ങളുടെ ചില്ലുമറയ്ക്ക് പുറത്ത് വീശറിയും കളിപ്പാട്ടങ്ങളും വെയിൽമറയും എന്നു വേണ്ട ആഗസ്റ്റ് 15 ന് ദേശീയപതാക വരെ കൊണ്ടുനടന്നു വിൽക്കുന്ന മുഷിഞ്ഞ വേഷമിട്ട നാടോടികളുണ്ട്. അവരുടെ ശല്യത്തോട് നിങ്ങൾക്ക് അവജ്ഞയും അസഹ്യതയും ഉണ്ടെങ്കിലും ചിലപ്പോഴെങ്കിലും സമൂഹനന്മ ചെയ്യാൻ വ്യഗ്രതപ്പെടുന്ന നിങ്ങളുടെ ചാരിറ്റബിൾ മനസ്സ് ചില്ലുതാഴ്ത്തി അവർക്ക് പൈസ നീട്ടുന്നുണ്ട്.
സാധാരണഗതിയിൽ നിങ്ങളുടെ മദ്ധ്യവർഗജീവിതം അഭിമുഖീകരിക്കുന്ന, പുതുനാഗരികത കള്ളി തിരിച്ചിട്ട മനുഷ്യശ്രേണിയുടെ കീഴറ്റം അവർക്കു സമാനമായവരിലും യാചകരിലും അവസാനിക്കേണ്ടതാണ്. ഇതിലൊന്നും പെടാതെ, നിങ്ങൾ സഞ്ചരിക്കുന്ന പൊതുനിരത്തുകളുടെ ഓരങ്ങളിൽ പോലും വരാത്ത മനുഷ്യരുമുണ്ടാവാം ചിലപ്പോൾ. ഒരുപാട് വർഷങ്ങൾക്കു ശേഷം ആറ്റുനോറ്റുണ്ടായ കുഞ്ഞിന്റെ പ്രസവത്തിന് ഭാര്യയേയും കൊണ്ട് കോഴിക്കോട്ടേക്ക് മലയിറങ്ങി വരേണ്ടിവന്ന ആദിവാസിഗോത്രവിഭാഗത്തിൽപ്പെട്ട വിശ്വനാഥനെപ്പോലുള്ളവർ.
ഹൈപ്പർമാൾ കണ്ണാടിച്ചുമരുകൾക്കുള്ളിൽ നിരത്തിയ ചില്ലുപാത്രങ്ങളെന്ന കരുതലോടെ നിങ്ങൾ കൊണ്ടുനടക്കുന്ന നിത്യജീവിതത്തിന്റെ ശരീര/സംസാരഭാഷകൾ അവർക്ക് മനസ്സിലായെന്നു വരില്ല. അവരെ നിങ്ങൾക്കും.
നരവംശശാസ്ത്രജ്ഞന്മാരായ ഗവേഷകരിൽ പലരും സ്വന്തം അനുഭവങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും നിഷ്കളങ്കരായ മനുഷ്യരായി വിശേഷിപ്പിച്ചിട്ടുള്ളവരാണ് ആഫ്രിക്കയിലെ കലഹാരി മരുപ്രദേശത്ത് ജീവിക്കുന്ന ബുഷ് മെൻ (san people) സമൂഹം. ലളിതമായ ജീവിതക്രമത്തിൽ സന്തുഷ്ടരായി ജീവിച്ചുപോവുന്ന ആ മനുഷ്യർക്കിടയിലേക്ക് ഒരു വിമാനത്തിൽ നിന്ന് പറന്നുവീഴുന്ന കൊക്കകോളയുടെ കുപ്പി ഉണ്ടാക്കുന്ന പുകിലിനെക്കുറിച്ച് 1980ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് The Gods Must be Crazy. ദൈവങ്ങൾ തന്ന സമ്മാനമെന്ന് ആദ്യം കരുതപ്പെടുന്ന, പല വിധ ഉപയോഗങ്ങൾ കണ്ടുപിടിക്കപ്പെടുന്ന ആ കുപ്പി, അധികം താമസിയാതെ അവർക്കിടയിലെ സമാധാനം കെടുത്തുന്നു. കലഹങ്ങൾക്കും സംഘട്ടനങ്ങൾക്കും ഹേതുവായിത്തീരുന്നതോടെ എല്ലാവരും ഇത് ദൈവങ്ങൾ തന്ന ശാപമാണ് എന്ന തീർപ്പിലെത്തുന്നു. ശപിക്കപ്പെട്ട ആ വസ്തു ലോകത്തിന്റെ അറ്റത്തുകൊണ്ടുപോയി ദൈവങ്ങൾക്കു തന്നെ തിരിച്ചെറിഞ്ഞു കൊടുക്കാൻ അത് ആദ്യം കണ്ടെടുത്ത Xi യെത്തന്നെ ചുമതലപ്പെടുത്തുന്നു. അയാൾ നടത്തുന്ന യാത്രയും അതിനിടയിൽ കാണുന്ന പരിഷ്കൃതസമൂഹം അയാളെ അകപ്പെടുത്തുന്ന പ്രശ്നങ്ങളുടെ നൂലാമാലകളുമാണ് ചലച്ചിത്രത്തിന്റെ പ്രമേയം. അതിന്റെ രാഷ്ട്രീയശരികളും ഉദ്ദേശശുദ്ധിയും പിന്നീട് തർക്കവിഷയമായിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി നാഗരികതകൾ തമ്മിലുള്ള അകലങ്ങളും വിടവുകളും സംഘർഷങ്ങളും മനസ്സിലാവായ്മയും ഈ ചിത്രം ഭംഗിയായി ആവിഷ്കരിച്ചിരുന്നു. ഒപ്പം പ്രാകൃതരെന്ന് കരുതപ്പെടുന്ന ഒരു ജനസമൂഹവും അവരുടേതായ ശരിതെറ്റുകളുടേയും ന്യായാന്യായങ്ങളുടേയും ഒരു പ്രയോഗസംഹിത സൂക്ഷിക്കുന്നുണ്ടെന്ന് പരിഷ്കൃതസമൂഹത്തെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.
കേരളത്തിലെ ആദിവാസികളും തനതായ പ്രയോഗസംഹിതകൾ പിന്തുടർന്നുപോന്നിരുന്ന ഗോത്രസമൂഹങ്ങൾ തന്നെയായിരുന്നു. അവയിൽ കലർപ്പുണ്ടാക്കി നേർപ്പിച്ചത് അവരുടെ ഇടങ്ങളിലേക്ക് കടന്നുകയറിച്ചെന്ന പരിഷ്കൃതർ കൂടെക്കൊണ്ടുവന്ന നാഗരികതയുടെ വിഷലായനികളാണ്. വയനാട്ടിലെ പണിയരെപ്പോലെ വംശനാശം തന്നെ നേരിടുന്നുണ്ട് പലരും. കറുപ്പും കഞ്ചാവും മദ്യവും കൊടുത്ത് മയക്കിയ ആദിവാസി ആണുങ്ങളുടെ വിരലടയാളങ്ങൾ കൊണ്ട് നിയമത്തിന്റെ പഴുതുകളിലൂടെ അവരുടെ സ്വത്തും സ്വത്വവും കവർന്നെടുത്തവരുടെ കഥകൾ നിരവധിയുണ്ട്. ചൂഷണത്തിനോടും വഞ്ചനകളോടും എതിരിടാനാവാതെ നിസ്സഹായരായി കീഴടങ്ങിയ ആ മനുഷ്യരുടെ പിന്മുറക്കാരിലൊരാളാണ് മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടം തല്ലിച്ചതച്ച വിശ്വനാഥൻ. ശരിതെറ്റുകളുടേയും ന്യായാന്യായങ്ങളുടേയും ആദിമബോധങ്ങൾ തന്റേതായ ഭാഷയിൽ പകർന്നുകിട്ടിയ ഒരാളാണ് അയാളും എന്നത് നമ്മുടെ പരിഗണനയിലില്ല. അപരിഷ്കൃതനും അതുകൊണ്ടുതന്നെ കുറ്റവാളിയുമാണയാൾ. അപമാനവും ആത്മാഭിമാനവും വിഷാദവും അയാൾക്ക് പറഞ്ഞിട്ടുള്ളതല്ല. നിങ്ങളുടെ വാക്കുകൾ കൊണ്ടേറ്റ മുറിവുകളോ മർദ്ദനം കൊണ്ടേറ്റ പരിക്കുകളോ അയാളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുമെന്ന് നിങ്ങൾ കരുതുന്നതേയില്ല..!
ശീതയുദ്ധകാലത്തിനു ശേഷം ജനതയുടെ സാംസ്കാരികവും മതപരവുമായ സ്വത്വങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന നാഗരികതകൾ തമ്മിലുള്ള സംഘർഷങ്ങളാണ് ഇനി വരാൻ പോകുന്നതെന്നും ലോകക്രമം അതനുസരിച്ച് മാറിമറിയുമെന്നും അമേരിക്കൻ രാഷ്ട്രീയവിശകലന ശാസ്ത്രജ്ഞനായ സാമുവൽ ഹണ്ടിങ്ടൺ പ്രവചിച്ചത് 90കളിലാണ് (The clash of Civilizations-Samuel P Huntington) ഹണ്ടിങ്ടൺ സിദ്ധാന്തമടക്കം പാശ്ചാത്യമോ പൗരസ്ത്യമോ ആയ ഒരു വിധ ചിന്താപദ്ധതിയുടേയും വിശകലനരീതികൾക്ക് പിടികൊടുക്കാത്ത ഒരു രാഷ്ട്രീയഭൂപ്രദേശമാണ് പശ്ചിമഘട്ടത്തിനിപ്പുറത്ത് പടവലങ്ങാരൂപത്തിൽ കിടക്കുന്ന നമ്മുടെ സംസ്ഥാനം എന്ന് പലരും പറഞ്ഞുകേൾക്കാറുണ്ട്. ആ സംശയത്തെ ദൃഢീകരിക്കുന്ന വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജീവിതസൂചികയാണ് നമ്മെ ഇന്ന് വരച്ചിടുന്നതും. അതെന്തു തന്നെയായാലും ഹണ്ടിങ്ടൺ പറഞ്ഞ ജാതിമതാധിഷ്ഠിതമായ ധ്രുവീകരണങ്ങൾക്ക് ഇന്ത്യൻ ഭരണകൂടം ആക്കം കൂട്ടിക്കൊണ്ടിരിക്കെ, മതേതരമായ ഒരു പൊതുബോധം ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ അടുത്ത കാലത്തു നടന്നുകണ്ട പല വിവേചനങ്ങളുടേയും അക്രമങ്ങളുടേയും അടിസ്ഥാനം സാമ്പത്തികമായ ഉച്ചനീചത്വങ്ങൾ കൂടിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. സവർണമേധാവിത്തം ഉറപ്പിക്കുന്ന സംഘപരിവാർ യുക്തികൾക്ക് കൂടുതൽ സാധുത കൈവരിക്കപ്പെടുന്നതോടൊപ്പം അതിനു കുറകെ സാമ്പത്തികമായ ഒരു വർണവ്യവസ്ഥ കൂടി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ആരോപണവിധേയനായ ഒരാളുടെ സവർണമായ ആഭിജാത്യത്തെ സാക്ഷ്യപ്പെടുത്തി “അയാളങ്ങനെ ചെയ്യില്ല” എന്ന് പ്രമുഖനായ വ്യക്തിയെക്കൊണ്ട് തീർപ്പുകല്പിക്കുന്നതും മെഡിക്കൽ കോളേജിന്റെ വരാന്തയിൽ മുഷിഞ്ഞിരിക്കുന്ന ഒരു പാവം ആദിവാസിയെ “അവനങ്ങനെ ചെയ്യും” എന്ന ബോദ്ധ്യത്തിൽ ഒരു ആൾക്കൂട്ടത്തെക്കൊണ്ട് കുറ്റവിചാരണ ചെയ്യിക്കുന്നതും പുതുനാഗരികത സൃഷ്ടിച്ചെടുത്ത ഈ വർണവ്യവസ്ഥയുടെ പ്രിവിലേജുകളാണ്. പുരോഗമനകരമെന്നും ജനാധിപത്യപരമെന്നും ഒക്കെ മേനി നടിക്കുന്ന രാഷ്ട്രീയപശ്ചാത്തലത്തിന് നിരക്കാത്ത വിധം പ്രതിലോമകരമായ സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഖ്യാതമായ കേരളാ മോഡലിന്റെ ഇന്നത്തെ അസന്തുലിതാവസ്ഥകൾ, കേരളസമൂഹത്തിനെ, പെരുമാറ്റവൈകല്യങ്ങളുള്ള ഒരു മനോരോഗിയാക്കിയിട്ടുണ്ടെന്നു വേണം കരുതാൻ.
ബ്രാൻഡാലയമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ കമ്പോളസംസ്ഥാനത്തിന് പണ്ട് വിവേകാനന്ദൻ വിളിച്ച ഭ്രാന്താലയമെന്ന വിശേഷണം ഒന്നുകൂടി ചാർത്തിക്കൊടുക്കുകയാണെങ്കിൽ “The Gods own country must be crazy” എന്നേ ചുരുക്കിപ്പറയാനുള്ളൂ.
Incisive
ആർദ്രത വറ്റുന്ന സമൂഹ മനസ്സിനെ കൃത്യമായി രേഖപ്പെടുത്തി.
സുഹൃത്തേ കേരള ജനത ഇപ്പോൾ പിൻപറ്റുന്നത് ബീഹാർ സംസ്കാരമാണ് ഇതിലും കൂടുതൽ പ്രതീക്ഷിക്കാം അങ്ങനെ ആവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ദൈവത്തിനോട്
വളരെ പ്രസക്തമായ വിശകലനം, നിരഞ്ജൻ. അവിശ്വസനീയമായ വിധത്തിൽ വികൃതമായിക്കൊണ്ടേയിരിക്കുന്ന ഈ മനോഭാവം അഭ്യസ്തവിദ്യർ എന്നവകാശപ്പെടുന്നവരുടെയിടയിൽ വ്യാപകമാകുന്നു. ഒരു തരത്തിലും അനുകമ്പ ലവലേശം തോന്നാത്ത അന്ധമായ സ്വാർത്ഥതയിൽ അഭിരമിച്ച് ജീവിക്കയാണെല്ലാവരും. ഒരു സംവിധാനത്തിന്റെ തകർച്ച എന്നതിലുപരി വ്യക്തികൾക്ക് ഒറ്റക്കൊറ്റക്ക് സംഭവിക്കുന്ന ലജ്ജകരമായ സാംസ്കാരിക പതനമാണത്. ആത്മനിന്ദ കൊണ്ട് സ്വയം തകർന്നു പോകുന്ന അവസ്ഥയിൽ വ്യാപകമായ ചർച്ചക്കും വിചിന്തനത്തിനും മുൻകൈ എടുത്തേ പറ്റൂ.
ഉൾക്കാഴ്ച യുടെ പിൻബലമുള്ള ഒരുപാട് മൗലികമായ സംജ്ഞകൾ നിരഞ്ജൻ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ഈ പറയുന്ന മധ്യവും അതിനു മേലെയുള്ളതുമായ വര്‍ഗ്ഗം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വീട്ടുമൃഗങ്ങളായി (domestic animals) മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ അവന് ഇടപാടുകളേയില്ല. പൊതുസമൂഹത്തില്‍ അവന്റെ സാന്നിധ്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. വീടും, സാമുദായിക പരിസരവും മാത്രം. പുരോഗമനത്തിന്റെ
ചെരിപ്പ് പുറത്ത് ഊരിയിട്ട നമ്മുടെ വീടുകള്‍ എത്ര പിന്തിരിപ്പന്‍ ഇടങ്ങളാണ് എന്നു കൂടി ഓര്‍ക്കുക. അവിടെ അവന് പകര്‍ന്നു കിട്ടുന്ന മൂല്യങ്ങളാണ് ഇത്തരം വിചാരണകളിലൂടെയും ആള്‍ക്കൂട്ട അക്രമത്തിലൂടെയും ബഹിര്‍ഗമിക്കുന്നത്.
Must add God’s own country, with Devil’s own people.