A Unique Multilingual Media Platform

The AIDEM

Articles National Society

മാദ്ധ്യമപാതകങ്ങള്‍ ഒരു തുടര്‍ക്കഥ

  • July 21, 2023
  • 1 min read
മാദ്ധ്യമപാതകങ്ങള്‍ ഒരു തുടര്‍ക്കഥ

മാദ്ധ്യമസ്വാതന്ത്ര്യം ഉള്‍പ്പടെയുള്ള ജനാധിപത്യാവകാശങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ-വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി വ്യജവാര്‍ത്താനിര്‍മ്മിതിപോലുള്ള പലതരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യാവകാശങ്ങളെയും മനുഷ്യാന്തസ്സിനെയും നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. മാദ്ധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളികൂട്ടുന്നവര്‍ക്കുതന്നെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ മറവില്‍ നടത്തപ്പെടുന്ന വ്യാജവാര്‍ത്താ നിര്‍മ്മിതികളെ അപലപിക്കേണ്ടിയും വരുന്നുവെന്ന വൈപരീത്യമാണിത്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തവെ, മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടി നടത്തിയ ഒരു ഏറ്റുപറച്ചിലിലൂടെ വെളിപ്പെടുന്നതും മാദ്ധ്യമങ്ങളുടെ സാമൂഹികവിരുദ്ധ പ്രവണതകളിലേക്കാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കേരളത്തിലെ സ്വതന്ത്ര ചുമതലയുള്ള റസിഡന്റ് എഡിറ്റര്‍ പദവിയില്‍നിന്ന് വിരമിച്ചതിനുശേഷം കുറച്ചുകാലം ദേശാഭിമാനിയുടെ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ എന്ന ആലങ്കാരിക പദവിയിലുണ്ടായിരുന്ന മാധവന്‍കുട്ടി ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെയാണ്: 

‘കേരളത്തിലെ ഒരു മുഖ്യധാരാ മാദ്ധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മന:സ്താപങ്ങളില്‍ ഉമ്മന്‍ചാണ്ടിയുണ്ട്:

 (1) ‘ശൈലീമാറ്റം’, ഐ.എസ്.ആര്‍.ഒ ചാരക്കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ഇന്ത്യന്‍ എക്‌സ്പ്രസ് തിരുവനന്തപുരം ബ്യൂറോ തലവനായിരുന്ന എന്റെ എഴുത്തുമൂലം പത്രം നല്‍കിയ ഏകപക്ഷീയമായ എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മ്മികമെന്ന് ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയുംപോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ച് നീന്തുകയായിരുന്നു. 

 (2) സരിത വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരെ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണത്തിനു അന്ന് ദേശാഭിമാനിയില്‍ കണ്‍സല്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ട് മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്ന് ലജ്ജിക്കുന്നു. ഇതുപറയാന്‍ ഓസിയുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയേയുള്ളൂ. മന:സാക്ഷിയുടെ വിളി എപ്പോഴാണുണ്ടാവുകയെന്ന് പറയാനാവില്ല. ക്ഷമിക്കുക.’

ഈ ഏറ്റുപറച്ചിലിനെത്തുടര്‍ന്ന് ഇടതു-വലത് കേന്ദ്രങ്ങളില്‍നിന്ന് മാധവന്‍കുട്ടിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായത്. ഉമ്മന്‍ചാണ്ടി മരിച്ചുകിടക്കുമ്പോഴുണ്ടായ ഈ ക്ഷമാപണം, സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരാധകരെയും അനുയായികളെയും വൈകാരികമായി പ്രതികരിക്കുവാന്‍ പ്രേരിപ്പിച്ചതും സ്വാഭാവികം. ദേശാഭിമാനിയുമായി ബന്ധമുണ്ടായിരുന്ന മാധവന്‍കുട്ടി ഈ മാപ്പപേക്ഷയിലൂടെ വാസ്തവത്തില്‍ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കുകയാണെന്ന ഒരാക്ഷേപം മറുഭാഗത്തുനിന്നും കേള്‍ക്കുന്നുണ്ട്. മാദ്ധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഭാഗത്തുനിന്നുണ്ടായതായി കരുതുന്ന രണ്ട് അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ ഏറ്റുപറഞ്ഞ് സ്വയം പഴിക്കുന്നതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവരോടുള്ള മാധവന്‍കുട്ടിയുടെ നിഷ്‌കളങ്കമായ പ്രതിഷേധവും സ്വാഭാവികമാണെങ്കിലും അദ്ദേഹം കരുതുമ്പോലെ അതത്ര നിഷ്‌കളങ്കമോ നിസ്സാരമോ അല്ലെന്നതാണ് വാസ്തവം. അധാര്‍മ്മികമെന്ന് മാധവന്‍കുട്ടിതന്നെ വിശേഷിപ്പിക്കുന്ന ആ രണ്ട് സംഭവങ്ങളും കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ക്രിമിനല്‍സ്വഭാവമുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളുടെ വെറും രണ്ട് മാതൃകകള്‍ മാത്രമാണെന്നതാണ് പ്രധാനം.

അതിനാല്‍, മാധവന്‍കുട്ടി എന്ന മാദ്ധ്യമപ്രവര്‍ത്തകനെ വിചാരണചെയ്യുന്നതിനു പകരം അദ്ദേഹം സൂചിപ്പിച്ചതുപോലുള്ള അധാര്‍മ്മികത ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാദ്ധ്യമങ്ങളെ വിചാരണചെയ്യുകയും നിരാകരിക്കുകയുമല്ലേ വേണ്ടത്? മാധവന്‍കുട്ടിക്കെതിരെ ഉയര്‍ന്ന വ്യക്തിപരമായ ആക്ഷേപങ്ങളെ അവഗണിച്ചാലും, ആ സത്യം പറയാന്‍ ഇര മരിക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നുവോ എന്ന, കവി സച്ചിദാനന്ദന്റെ ചോദ്യം നീതിബോധമുള്ളവരില്‍ അവശേഷിക്കും. എങ്കിലും, തന്റെ കുറ്റബോധം വെളിപ്പെടുത്തിയ ഒരു മാദ്ധ്യമപ്രവര്‍ത്തകനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പരിഹസിക്കുമ്പോള്‍, കേരളത്തില്‍ വര്‍ദ്ധിതവീര്യത്തോടെ ശക്തിയാര്‍ജ്ജിച്ച അധാര്‍മ്മിക മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ സാമൂഹികവിരുദ്ധ സ്വഭാവത്തെ ലഘൂകരിക്കലാവും. കുറ്റകരമായ ആ രണ്ട് വ്യാജവാര്‍ത്താ നിര്‍മ്മിതികളിലും പങ്കാളികളായ മുഖ്യധാരാ മലയാള മാദ്ധ്യമസ്ഥാപനങ്ങളെയും രണ്ട് ഡസനിലേറെ വരുന്ന മാദ്ധ്യമപ്രവര്‍ത്തകരെയും കുറ്റവിമുക്തമാക്കുകയാണ് നമ്മള്‍.

മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ കാവല്‍മാലാഖമാരായി അഭിനയിച്ചുകൊണ്ട് മലയാളമാദ്ധ്യമങ്ങള്‍ നടത്തുന്ന രാഷ്ട്രീയലാക്കുള്ള ഇത്തരം ഗൂഢപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗരൂകരാകുന്നതിനു പകരം അവരുണ്ടാക്കുന്ന ഇക്കിളിക്കഥകളില്‍ അഭിരമിക്കുന്ന വായനക്കാരും പ്രേക്ഷകരും  കേരളീയസമൂഹത്തെ ജീര്‍ണ്ണതയിലേക്ക് നയിക്കുന്നതില്‍ തുല്യ പങ്കാണ് വഹിക്കുന്നത്. മാദ്ധ്യമങ്ങള്‍ ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജകഥകള്‍ വിളമ്പുമ്പോള്‍ അതാഘോഷിക്കുന്ന കോണ്‍ഗ്രസ് വിരുദ്ധരും, പിണറായിക്കെതിരെ വ്യാജവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ അതില്‍ അഭിരമിക്കുന്ന ഇടതുപക്ഷവിരുദ്ധരും തന്നെയാണ് കേരളത്തിലെ മലീമസമായ മാദ്ധ്യമസംസ്‌കാരത്തെ നിലനിര്‍ത്തുന്നത്. ഷാജന്‍ സ്‌കറിയയും മാത്യു സാമുവലുമൊക്കെ തഴച്ചുവളരുന്നത് സാമൂഹികമായ ഉത്തരവാദിത്വമില്ലാത്ത വായനക്കാരുടെയും പ്രേക്ഷകരുടെയും  ഈ ഹീനവാസനകളെ പ്രീണിപ്പിച്ചുകൊണ്ടാണ്.

ജനനേതാക്കള്‍ക്കെതിരെ, അവരേത് മുന്നണിയില്‍പ്പെട്ടവരുമാവട്ടെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി കള്ളക്കഥകളുണ്ടാക്കുന്നത് വ്യക്തിഹത്യ മാത്രമല്ല ദുഷ്ടലാക്കുള്ള ഗുരുരുതരമായ സാമൂഹികവിരുദ്ധപ്രവര്‍ത്തനമാണെന്ന് നമ്മള്‍ വിളിച്ചുപറഞ്ഞേ തീരൂ. ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള ചാനലുകള്‍ ഈ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് കണിശമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കേരളത്തിലെ വലത്- ഇടത് മുന്നണികള്‍ ഒരുപോലെ ജീര്‍ണ്ണിച്ചുകഴിഞ്ഞുവെന്നും, ചാനല്‍മുതലാളിയുടെ പാര്‍ട്ടിയായ ബിജെപി മാത്രമാണ് ഏക ബദലെന്നുമുള്ള ഒരു പൊതുബോധം പരോക്ഷമായി സൃഷ്ടിക്കുകയെന്നതാണ് അരാഷ്ട്രീയ വേഷമണിഞ്ഞ ഈ മാദ്ധ്യമങ്ങളുടെ അജണ്ടയെന്നത് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞതാണ്. ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന ഒരു വാര്‍ത്താ ചാനലിന്റെ സ്വാതന്ത്ര്യത്തെയല്ല, അതിനായി അവര്‍ നടത്തുന്ന വ്യാജ കാമ്പെയിനുകളെയാണ് നമ്മള്‍ വിമര്‍ശിക്കേണ്ടത്.

ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി താന്‍ ചെയ്തുവെന്ന് മാധവന്‍കുട്ടി പറയുന്ന രണ്ട് മാദ്ധ്യമ അധാര്‍മ്മികതകളില്‍ ആദ്യത്തേത് കരുണാകരനെതിരെ പൊരുതുന്ന ഉമ്മന്‍ചാണ്ടിക്കും,  ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പിനും വേണ്ടിയുള്ളതായിരുന്നുവെങ്കില്‍ രണ്ടാമത്തേത്, ഉമ്മന്‍ചാണ്ടിക്കെതിരെ പട നീക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെ പിന്തുണയ്ക്കുവാനായിരുന്നുവെന്നതും ശ്രദ്ധിക്കണം. മാദ്ധ്യമങ്ങള്‍ അവസരത്തിനൊത്ത് കക്ഷിരാഷ്ട്രീയത്തില്‍ പക്ഷംപിടിക്കുകയും അതിനായി വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും നുണപ്രചരണങ്ങളില്‍ മുഴുകുകയുംചെയ്യുന്നതിന്റെ രണ്ട് ഉദാഹരണങ്ങളാണ് മാധവന്‍കുട്ടി ചൂണ്ടിക്കാട്ടുന്നത്.  മാധവന്‍കുട്ടി പറയുന്ന ഐ എസ് ആര്‍ ഒ ചാരക്കേസും ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ലൈംഗികാരോപണവും ഒരുപോലെ ഹീനമായ മാദ്ധ്യമപ്രവര്‍ത്തനമാണെന്ന് പറയേണ്ടതില്ല. രാഷ്ട്രീയ-വാണിജ്യ ലക്ഷ്യങ്ങളുള്ള കേരളത്തിലെ മാദ്ധ്യമങ്ങളും അധികാരരാഷ്ട്രീയത്തിന്റെ കങ്കാണികളായ ഒരു വിഭാഗം ആസ്ഥാന മാദ്ധ്യമപുംഗവന്മാരും എത്രയോ കാലമായി മാദ്ധ്യപ്രവര്‍ത്തനമെന്ന പേരില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഹീനവും അശ്ലീലവുമായ പൈമ്പികവൃത്തിയുടെ രണ്ട് ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ് ഈ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ തന്റെ സ്വയംവിമര്‍ശനത്തിലൂടെ വെളിപ്പെടുത്തിയത്. അതിലേക്കുതന്നെ വരാം.

കരുണാകരനെ കുരുക്കിലാക്കി അധികാരത്തില്‍നിന്ന് നീക്കാന്‍ കോണ്‍ഗ്രസിലെതന്നെ ഒരു പ്രബലവിഭാഗം കെട്ടിച്ചമച്ച സമര്‍ത്ഥമായ ഒരു കഥയെ പൊലിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തെ ക്രിമിനലുകളായ ചില മാദ്ധ്യമപ്രവര്‍ത്തകര്‍ നടത്തിയ കാമ്പെയിനാണ് ഐ എസ് ആര്‍ ഒ ചാരക്കേസെന്ന് അക്കാലത്തുതന്നെ വിളിച്ചുപറഞ്ഞത് ശശികുമാറിന്റെ ഏഷ്യാനെറ്റ് ചാനലിലെ ( ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസല്ല) ടി.എന്‍ ഗോപകുമാറായിരുന്നു. മുഴുവന്‍ മാദ്ധ്യമങ്ങളും മാലി മദാലസകളെപ്പറ്റി അശ്ലീല കഥകളെഴുതി വായനക്കാരെ രസിപ്പിച്ചപ്പോള്‍ പാവപ്പെട്ട രണ്ട് മാലി സ്ത്രീകളും നമ്പി നാരായണന്‍ ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പ്രമുഖരായ ഏതാനും ശാസ്ത്രജ്ഞരുമാണ് പൊലീസിന്റെ കടുത്ത പീഡനങ്ങള്‍ക്കിരയായത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗവും പൊലീസും ചേര്‍ന്ന് തലസ്ഥാനത്തെ മാദ്ധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ചുണ്ടാക്കിയ ഒരു കള്ളക്കഥയായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുകയും നീതിപീഠം നമ്പി നാരായണന് അനുകൂലമായ വിധി പ്രസ്താവിക്കുകയും ചെയ്തിട്ടും മാദ്ധ്യമപ്രവര്‍ത്തനത്തെ ലജ്ജയേതുമില്ലാതെ ക്വട്ടേഷന്‍ ഗുണ്ടാപ്രവര്‍ത്തനമാക്കിയ തിരുവനന്തപുരത്തെ മൂന്നാംകിട ജേര്‍ണലിസ്റ്റുകള്‍ക്ക് ഇപ്പോഴും ഒരാത്മനിന്ദയുമില്ലെന്നതാണ് കൂടുതല്‍ ദയനീയം.

നമ്പി നാരായണൻ

മാധവന്‍കുട്ടി വൈകിയാണെങ്കിലും ഐ.എസ് ആര്‍ ഒ കേസില്‍ പ്രകടിപ്പിക്കുന്ന ആത്മനിന്ദ അതുകൊണ്ട് പരിഹസിക്കപ്പെടേണ്ടതല്ല. മാധവന്‍കുട്ടിയുടെ ആദ്യത്തെ ക്ഷമാപണം താനുള്‍പ്പെടെയുള്ള  മാദ്ധ്യപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി നടത്തിയ ഒരു മാദ്ധ്യമഗൂഢാലോചനയുടെ പേരിലാണെങ്കില്‍ രണ്ടാമത്തെ ക്ഷമാപണം, ഉമ്മന്‍ ചാണ്ടിക്കെതിരായ ഒരു ഗൂഢാലോചനയെ, സത്യമറിയാമായിരുന്നിട്ടും മൗനംകൊണ്ട് പരോക്ഷമായി പിന്തുണയ്ക്കാനിടയായതിനാലാണ്. ഉമ്മന്‍ചാണ്ടിക്കെതിരായ സരിതയുടെ തെളിവുകളില്ലാത്ത പരാതി ആദ്യം പുറത്തുകൊണ്ടുവന്നത് ദേശാഭിമാനിയല്ല, ഏഷ്യാനെറ്റ് ന്യൂസാണെന്നോര്‍ക്കുക. പിന്നീടാണ് മത്സരത്തിന്റെ ഭാഗമായി ഇതര മാദ്ധ്യമങ്ങള്‍ അതേറ്റെടുത്ത് ആഘോഷമാക്കിയത്. സ്വാഭാവികമായും ദേശാഭിമാനിയും ഈ അപവാദം പ്രചരിപ്പിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നു. തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക ലാഭത്തിനായി ആര്‍ക്കുവേണ്ടിയും പൈമ്പികവൃത്തിയിലോ ഗുണ്ടാപ്രവര്‍ത്തനത്തിലോ ഏര്‍പ്പെടാന്‍ മടിയില്ലാത്തവരാണെന്ന്  കേരളത്തിലെ മാദ്ധ്യമങ്ങള്‍ വീണ്ടുവീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലെ കുട്ടിച്ചെന്നായ്ക്കള്‍ മാത്രമാണ് മാദ്ധ്യമപ്രവര്‍ത്തകവേഷമണിഞ്ഞ യൂട്യൂബര്‍മാരായ വാടകഗുണ്ടകള്‍.

രാഷ്ട്രീയക്കാര്‍ക്കിടയില്‍ സ്വാധീനമുറപ്പിച്ച് സാമ്പത്തികലാഭമുണ്ടാക്കുവാന്‍ ശ്രമിച്ച വ്യവസായ സംരഭകയായ സരിത എന്ന സ്ത്രീയെ മുന്‍നിര്‍ത്തി അര നൂറ്റാണ്ടുകാലം ജനങ്ങളോടൊപ്പം സഞ്ചരിച്ച വയോധികനായ ഒരു മുഖ്യമന്ത്രിയെ നിര്‍ദ്ദയം നിരന്തരം അപമാനിച്ചുകൊണ്ടിരുന്ന അതേ വാര്‍ത്താചാനലുകളിപ്പോള്‍ മൂന്നു ദിവസങ്ങളിലായി ലോകത്ത് വേറൊന്നും സംഭവിക്കുന്നതറിയാതെ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹത്തിനു പിന്നാലെ സഞ്ചരിച്ച് അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയാണ്. ശവപൂജയ്ക്കായി ലോകത്തിലെ സമസ്ത വാര്‍ത്തകള്‍ക്കും മൂന്ന് ദിവസം അവധി കൊടുക്കുന്ന വാര്‍ത്താ ചാനലുകളുടെ വാര്‍ത്തകളോടുള്ള പ്രതിബദ്ധത എത്രത്തോളമുണ്ടാവുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സരിതയെയും സ്വപ്‌നയെയും കിട്ടുമ്പോഴും അവര്‍ മറ്റ് വാര്‍ത്തകള്‍ കാണാറില്ലല്ലോ.   

സരിത എന്ന ഒരു സ്ത്രീയെ മുന്‍നിര്‍ത്തി ഉമ്മന്‍ചാണ്ടിയെ അപമാനിച്ച അതേ മാദ്ധ്യമങ്ങള്‍തന്നെയാണ് കള്ളക്കടത്തുകാരിയെന്നറിയപ്പെടുന്ന സ്വപ്‌ന എന്ന വേറൊരു സ്ത്രീയെ മുന്‍നിര്‍ത്തി ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ചുകൊണ്ടിരിക്കുന്നത്. ബിരിയൊണിച്ചെമ്പിലും കൊതോലപ്പായിലും സ്വര്‍ണ്ണവും പണവും കടത്തുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് ഏത് ക്രിമിനല്‍ പറഞ്ഞാലും വാസ്തവമന്വേഷിക്കാതെ തന്നെ അത് കാമ്പയിനാക്കാന്‍ മടിയില്ലാത്ത ഒരു പ്രത്യേകതരം മന്ദബുദ്ധി ജേണലിസമാണ് കേരളത്തിലിപ്പോള്‍ സജീവമായിരിക്കുന്നത്. 

ക്രിമിനല്‍ക്കേസുകളിലെ പ്രതികളായ സരിതയുടെയും സ്വപ്‌നയുടെയും വീട്ടുമുറ്റത്ത് മുഖ്യമന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യാനായി കാത്തുകെട്ടിക്കിടക്കുന്ന, പാപ്പരാസികളേക്കാള്‍ നാണംകെട്ട കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ കൂടി മാദ്ധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയാണല്ലോ നാമെല്ലാം അലമുറയിടുന്നതെന്നോര്‍ക്കുമ്പോള്‍, സത്യത്തില്‍ മാധവന്‍കുട്ടിയെപ്പോലെ ചെറുതല്ലാത്ത ഒരു കുറ്റബോധം എനിക്കുമുണ്ട്. എന്നാല്‍, ഇക്കൂട്ടര്‍ മാത്രമല്ല, സാമൂഹികമായ ഉത്തരവാദിത്വത്തോടെയും, ജനാധിപത്യബോധത്തോടെയും പ്രൊഫഷനലിസത്തോടെയും പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് യഥാര്‍ത്ഥ മാദ്ധ്യമ ദൗത്യം നിര്‍വ്വഹിക്കുന്ന ഏതാനും മാദ്ധ്യമങ്ങള്‍ ഇപ്പോഴും മോദിയുടെ ഇന്ത്യയിലും പാപ്പരാസികളുടെ കേരളത്തിലും അവശേഷിക്കുന്നുണ്ട്. ആ മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടേ ജനാധിപത്യം എന്നാ മഹാസങ്കല്‍പ്പം കാത്തുസൂക്ഷിക്കുവാന്‍ നമുക്കാവൂ.  ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഭരണകൂടങ്ങളോടെന്നപോലെ, അവയെ പിന്തുണയ്ക്കുന്ന ജനവിരുദ്ധ മാദ്ധ്യമങ്ങളോടും പോരാടിയേ തീരൂ.

About Author

ഒ. കെ. ജോണി

ഡോക്യുമെന്ററി സംവിധായകൻ, സിനിമ നിരൂപകൻ, സഞ്ചാര സാഹിത്യകാരൻ, മാധ്യമ നിരീക്ഷകൻ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

സരിത ഉമ്മൻചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ ഏഷ്യാനെറ്റിലൂടെയാണ് ആണ് ആദ്യം ബ്രേക്ക് ചെയ്തത്. അക്കാലമാകുമ്പോഴേക്കും മാധവൻകുട്ടി ദേശാഭിമാനിയിൽ നിന്ന് പുറത്തുപോകുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നു. ഇക്കാര്യം അയാൾ തന്നെ എഫ്ബിയിൽ, ഒരു തിരുത്തൽ പോലെ കൊടുത്തിട്ടുള്ളത് ജോണി കണ്ടിട്ടുണ്ട് എന്നാണ് എന്റെ തോന്നൽ. ഒരു ഫാക്ച്വൽ എറർ ചൂണ്ടിക്കാട്ടി എന്ന് മാത്രം. അകത്തോ പുറത്തോ എന്നതല്ല പ്രശ്നം, വിഷയം അങ്ങേയറ്റം ഗൗരവമുള്ളതാണ്. ഭൂരിഭാഗം മീ ടൂ ആരോപണങ്ങളും പോലെ പ്രമുഖരെ കുടുക്കാനുള്ള കെണിവെക്കൽ. അതിന് ഇക്കാലമത്രെയും കൂട്ടുനിന്നവർ ഇപ്പോൾ കുമ്പസാരിക്കുന്നത് വിലകുറഞ്ഞ പരിപാടിയാണ് എന്ന് മാത്രം പറയുന്നു. ജോണിയുടെ ലേഖനം ഉചിതമായി,.