“യുദ്ധം, അക്രമം, സംഘർഷം, പീഡനം എന്നിവയിൽ നിന്ന് രക്ഷനേടാൻ പലായനം ചെയ്യുകയും മറ്റൊരു ദേശത്ത് സുരക്ഷിതത്വം കണ്ടെത്തുന്നതിനായി ഒരു അന്താരാഷ്ട്ര അതിർത്തി കടക്കുകയും ചെയ്തവർ” എന്നാണ് യുഎൻ അഭയാർത്ഥി ഏജൻസി അഭയാർത്ഥികളെ നിർവചിക്കുന്നത്. 1951 ലെ ആഗോള അഭയാർത്ഥി കൺവെൻഷൻ വംശം, മതം, ദേശീയത, ഒരു പ്രത്യേക സാമൂഹിക വിഭാഗത്തിലെ അംഗത്വം, അല്ലെങ്കിൽ പീഡിപ്പിക്കപ്പെടുമെന്ന ഭയം കാരണം സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്തതോ, ആഗ്രഹിക്കാത്തതോ ആയ ഒരാൾ എന്നാണ് ഒരു അഭയാർത്ഥിയെ രാഷ്ട്രീയമായി നിർവചിക്കുന്നത്. എന്നാൽ ഇത്തരം കാരണങ്ങൾ കൊണ്ടല്ലാതെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ നിമിത്തം വെള്ളപ്പൊക്കം, വരൾച്ച, സമുദ്ര നിരപ്പിലുള്ള വർധന, ഉരുൾപൊട്ടൽ തുടങ്ങിയ കാരണങ്ങളാൽ പലായനം ചെയ്യേണ്ടിവരുന്ന ആളുകളെ ഈ നിർവചനങ്ങൾ പരിഗണിക്കുന്നില്ല. എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളാൽ പാലായനം ചെയ്ത ആളുകളെ കാലാവസ്ഥാ അഭയാർത്ഥികൾ എന്ന് വിളിക്കാം.
കാലാവസ്ഥാ പ്രേരിതമായി ഒരു രാജ്യത്തിനുള്ളിൽ തന്നെ സ്വന്തം പ്രദേശത്തുനിന്നും പാലായനം ചെയ്യുന്ന ആളുകളെ ആന്തരിക കാലാവസ്ഥാ കുടിയേറ്റക്കാർ എന്ന് ലോക ബാങ്ക് നിർവചിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മൂലം പലായനം ചെയ്യാൻ നിർബന്ധിതരായ ആളുകളുടെ എണ്ണത്തിന്റെ വലിയൊരു ഭാഗം ആന്തരിക കാലാവസ്ഥാ കുടിയേറ്റക്കാരാണ്. കൂടാതെ ഇത്തരത്തിൽ സ്ഥിരം കുടിയേറ്റക്കാർക്ക് പുറമെ സീസണൽ കുടിയേറ്റക്കാർ എന്നൊരു വിഭാഗം നിലനിൽക്കുന്നു. പ്രളയം, വരൾച്ച തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രം സ്വദേശം വിട്ടുപോവുകയും അത് കഴിഞ്ഞ് തിരികെ വരുകയും ചെയ്യുന്നവർ. എന്നാൽ മറ്റു പല മേഖലകളിലും ഒരിക്കൽ അഭയാർഥികളായവർക്ക് തിരിച്ചുവരവിനുള്ള ഒരു സാധ്യതയും തുറന്നുവയ്ക്കാത്ത രീതിയിലാണ് കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാവുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ വർധനവ് കാലാവസ്ഥാ കുടിയേറ്റത്തിന് കാരണമാകുന്നു എന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് നടത്തിയ പഠന റിപോർട്ടിൽ പറയുന്നു. വരൾച്ച, പ്രളയം, ഉഷ്ണതരംഗങ്ങൾ, ചുഴലിക്കാറ്റുകൾ തുടങ്ങിയ കാരണങ്ങളാൽ രാജ്യത്തെ ജനങ്ങൾ അവരുടെ വീടും ഭൂമിയും തൊഴിലും ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ സർവേ പ്രകാരം 70% പേരും ഇത്തരം കാലാവസ്ഥാ ദുരന്തങ്ങൾ കാരണം പലായനം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.
https://www.iied.org/new-
https://www.internal-
പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ 44 നദികൾ – അതിന്റെ കരയ്ക്കിടയിൽ നിലനിൽക്കുന്ന സവിശേഷമായ ഭൂപ്രകൃതിയായ കേരളം കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ രൂക്ഷമായി ബാധിക്കാൻ ഇടയുള്ള പ്രദേശമാണ്.
കേരളത്തിലെ ജനസാന്ദ്രതയുടെ കണക്കെടുത്താൽ ച. കിലോമീറ്ററിൽ 859 ആണ്, തീരദേശ മേഖലയിൽ ഇതിന്റെ രണ്ടിരട്ടിയോളമാണ് ജനസാന്ദ്രത. കിഴക്ക് സഹ്യപർവ്വതത്തിനും പടിഞ്ഞാറ് തീരദേശത്തിനും ഇടയിൽ ഇടുങ്ങി കിടക്കുന്ന ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കേരളത്തെ സാരമായി ബാധിക്കാൻ ഇടയുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകയും ജേർണലിസ്റ്റുമായ എം സുചിത്ര പറയുന്നത്.
“ആഗോളതാപനത്തിന്റെ 93 ശതമാനം കടലുകളാണ് ആഗിരണം ചെയ്യുന്നത് അതിൽ 25 ശതമാനം ഇന്ത്യൻ മഹാസമുദ്രവും.
അറബിക്കടലിന് ഇപ്പോൾ അതിവേഗം ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ താരതമ്യം ചെയ്തു നോക്കുകയാണെങ്കിൽ ഇന്ത്യയുടെ കിഴക്കൻ തീരമേഖലയിൽ സാധാരണ ഗതിയിൽ ചുഴലിക്കാറ്റുകൾ കൂടുതലായി ഉണ്ടാവാറുണ്ട്.
എന്നാൽ അറബിക്കടലിൽ ഇതുവരെ ഇല്ലാത്ത മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടാവുന്നത്. കണക്കുകൾ പരിശോധിച്ചാൽ 2018 മുതൽ, ഇന്ത്യ 28 ചുഴലിക്കാറ്റുകൾക്ക് സാക്ഷ്യം വഹിച്ചു, അതിൽ 11 എണ്ണം അറബിക്കടലിൽ നിന്നാണ് ഉത്ഭവിച്ചത്. പടിഞ്ഞാറൻ തീരമേഖല കൂടുതൽ പ്രക്ഷുബ്ധമാവുകയാണ്. ചുഴലിക്കാറ്റുകളുടെ എണ്ണവും അവയുടെ തീവ്രതയും കൂടുന്നു, പെട്ടന്ന് തന്നെ അവ അതിതീവ്ര ചുഴലിക്കാറ്റുകളാവുന്നു. ചുഴലിക്കാറ്റുകൾ ശക്തിയാർജിക്കാൻ എടുക്കുന്ന സമയം വളരെ കുറയുന്നതിനാൽ അതിന് തയ്യാറെടുക്കാൻ നമുക്ക് സാധിക്കാതെ വരുന്നു.
കേരളത്തിൽ 590 കിലോമീറ്ററോളം തീരദേശമാണ്, കേരളത്തിലെ തീരത്തിന്റെ മുക്കാൽ ഭാഗമെങ്കിലും വലിയ തോതിൽ കടലെടുക്കുന്ന സ്ഥിതിയിലേക്ക് വന്നിട്ടുണ്ട്. അത്രത്തോളം ഭീകരമായാണ് കാലാവസ്ഥ വ്യതിയാനം തീരദേശവാസികളെ ബാധിക്കുന്നത്.
കേരളത്തിന്റെ മലയോര മേഖലകൾ പരിശോധിക്കുമ്പോൾ അതിതീവ്ര മഴ കൂടുന്നു, മേഘസ്ഫോടനകൾ ഉണ്ടാവുന്നു. അത് മണ്ണിടിച്ചിലേക്കും ഉരുൾപ്പൊട്ടലിലേക്കും പോകുന്നു. ഒരു ഭാഗത്ത് ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും കൂടുന്നു മറുഭാഗത്ത് കടൽ നിരപ്പുയരുന്നു, ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുന്നു. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയറോളജിയിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണകേന്ദ്രം ഈയിടെ നടത്തിയ പഠനത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ഉഷ്ണ തരംഗങ്ങൾ കൂടുന്നു എന്നാണ് കണ്ടെത്തിയത്.
അപ്പോൾ അത് വീണ്ടും വലിയ മഴയ്ക്ക് സാധ്യത കൂട്ടുന്നു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനൽ(ഐപിസിസി) റിപ്പോർട്ട് പ്രകാരം ആഗോളതാപനവർധന നിരക്ക് ചുരുങ്ങിയ കാലംകൊണ്ട് 1.5 ഡിഗ്രി സെൽഷ്യസിലേക്കെത്തും എന്നാണ്. ചിലപ്പോൾ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഇത് സംഭവിക്കാം. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഇന്ത്യയുടെ ഫസ്റ്റ് അസ്സസ്മെന്റ് റിപ്പോർട്ടും ഐപിസിസിയുടെ ആറാം അസ്സസ്മെന്റ് റിപ്പോർട്ടുമൊക്കെ പറയുന്നത് ആഗോളതാപനം വരും വർഷങ്ങളിൽ കൂടാമെന്നും പാരീസ് ഉടമ്പടിയിൽ പറഞ്ഞതുപോലെ 1.5 ൽ ഒതുക്കാൻ സാധിക്കില്ല എന്നുമാണ്. അങ്ങനെ സംഭവിച്ചാൽ പ്രളയം, വരൾച്ച, ചുഴലിക്കാറ്റുകൾ തുടങ്ങി കാലാവസ്ഥ വലിയ രീതിയിൽ തന്നെ മാറും. ഇത് മനുഷ്യന്റെ ഭക്ഷ്യ സുരക്ഷിതത്വം, പാർപ്പിട സുരക്ഷിതത്വം, ജീവൻ സുരക്ഷിതത്വം, ജല സുരക്ഷിതത്വം തുടങ്ങി ജീവിക്കാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കിയേക്കാം. കടലിന്റെയും വലിയ ഒരു മലയുടെയും ഇടയിൽ കിടക്കുന്ന ജനസാന്ദ്രതയേറിയ ഒരു ചെറിയ പ്രദേശമായതിനാൽ പ്രകൃതി ദുരന്ത സാധ്യത കൂടുതലുള്ള കേരളത്തിന്റെ സ്ഥിതി വരും വർഷങ്ങളിൽ കൂടുതൽ ദുർബലമാകുമെന്നും അവർ പറയുന്നു .
കേരളത്തിൽ 48 % മലനാടും 40 % ഇടനാടും 12 ശതമാനം തീരപ്രദേശവുമാണ്, കേരളത്തിന്റെ പകുതിയോളം മലനാടാണ്. സമുദ്രത്തിനുണ്ടാകുന്ന എന്തും കേരളത്തെ വലിയ തോതിൽ ബാധിക്കും.
സമുദ്രനിരപ്പിൽ നിന്ന് രണ്ട് മീറ്ററിലധികം താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ കാലാവസ്ഥ വ്യതിയാനം കൃഷിയെയും കുടിവെള്ളത്തെയും ഇപ്പോൾ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. വേമ്പനാട് തണ്ണീർത്തടത്തിന് പുറമെ പമ്പ, മീനച്ചിൽ, അച്ചൻ കോവിൽ, മണിമല എന്നീ പ്രധാനപ്പെട്ട നദികളാലും ജലസമ്പന്നമാക്കുന്ന പ്രദേശമാണ് കുട്ടനാട്. അതുകൊണ്ടുതന്നെ കാലാവസ്ഥ കുടിയേറ്റം വരും നാളുകളിൽ കൂടാൻ സാധ്യതയുണ്ടെന്നും എം സുചിത്ര അഭിപ്രായപ്പെട്ടു.”
വലിയ ഒരു ഉൾനാടൻ മൽസ്യബന്ധന ശൃംഖലയുണ്ട് കേരളത്തിന്. ആഗോളതാപനം കാരണം സമുദ്രത്തിലുണ്ടാകുന്ന ജൈവപരവും പാരിസ്ഥിതികവുമായ മാറ്റങ്ങൾ മൽസ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ജീവിതങ്ങളെ സ്വാധീനിക്കുന്നു.
കടലിൽ ചൂട് കൂടുകയും ഇതുമൂലം ഉണ്ടാകുന്ന മത്സ്യ ലഭ്യതക്കുറവ് ഈ മേഖലയിൽ
തൊഴിലെടുക്കുന്നവർ നേരിടുന്ന പ്രശ്‌നമാണ്. കടൽക്ഷോഭവും, കടൽ കയറ്റവും, തീരദേശ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളും തീരദേശം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാൻ തീരദേശവാസികളെ പ്രേരിപ്പിക്കുന്നു.
ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ 43 ശതമാനം പ്രദേശത്തും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. കേരളത്തിന്റെ കാലാവസ്ഥാ തീരുമാനിക്കുന്നതിൽ പശ്ചിമഘട്ട മലനിരകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
പശ്ചിമഘട്ടത്തിലെ അപകട സാധ്യതാ പ്രദേശത്താണ് കേരളത്തിലെ തദ്ദേശീയ സമൂഹങ്ങൾ ജീവിക്കുന്നത്. കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളിലൂടെ അവരുടെ ജീവിത സാഹചര്യങ്ങൾ രൂക്ഷമാകുന്നു. കാലാവസ്ഥയിലും മണ്ണിന്റെ ഘടനയിലുമുണ്ടായ മാറ്റം കൃഷിയെ ആശ്രയിക്കുന്നവരുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ഉരുൾപൊട്ടലും ജീവിത സാഹചര്യങ്ങൾ ഇല്ലാതാകുന്നത്തോടും മഴക്കാലത്ത് ഭീതിയോടെ കഴിയേണ്ടിവരുന്നതിനാലും നിർബന്ധിതമായി അവർ അവിടം വിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറുന്നു.
ജനിച്ച വീടും നാടും വിട്ടുപോകാൻ താൽപര്യം ഉള്ളവരല്ല ഇവിടം വിട്ടുപോയത് നടുക്കുന്ന ഓർമകളുടെ ഭയം കാരണം വിട്ടുപോയവരാണവർ വയനാട് പുത്തുമലയിലെ സുമറാണി വീട്ടിൽ ശ്രീകുമാർ അഭിപ്രായപ്പെടുന്നു. പുത്തുമലയിൽ ഉരുൾപൊട്ടലിൽ 48 പേർ മരിച്ചതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന കുടുംബങ്ങളെല്ലാം പുത്തുമല വിട്ട് സർക്കാർ നൽകിയ ഭൂമിയിലും മറ്റു ബന്ധുവീടുകളിലേക്കും വാടകയ്ക്കും മാറിപ്പോയി. എല്ലാവരും പോയപ്പോഴും ശ്രീകുമാർ മാത്രം സ്വന്തം വീട് വിട്ടുപോകാൻ തയാറായിരുന്നില്ല. നൂറിലധികം കുടുംബങ്ങൾ ഉണ്ടായിരുന്ന പുത്തുമലയിൽ ശ്രീകുമാർ മാത്രമായിരുന്നു പിന്നീട് താമസിച്ചത്. ഏലം കാപ്പി കുരുമുളക് എന്നിവ കൃഷിചെയ്യുന്നവരായിരുന്നു അവിടെ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും, പക്ഷെ ഇപ്പോൾ കൃഷിയെല്ലാം നശിച്ചു, മണ്ണും കാലാവസ്ഥയും കൃഷിയോഗ്യമല്ലാതായി. അതിജീവനത്തിനുള്ള എല്ലാ സാധ്യതകളും അടഞ്ഞു. ഭയാനകമായ അനുഭവത്തിലൂടെ കടന്നുപോയതിനാൽ വീണ്ടും അവിടെ താമസിക്കാൻ അവർ താല്പര്യപെടുന്നില്ല. എങ്കിലും ചിലരൊക്കെ ഇപ്പോൾ തിരിച്ചു വരുന്നുണ്ടെന്നും ശ്രീകുമാർ പറയുന്നു.
ലോക ബാങ്ക് വടക്കേ ആഫ്രിക്ക, ഉപ സഹാറൻ ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, കിഴക്കൻ ഏഷ്യ, പസിഫിക്ക് എന്നീ മേഖലകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കാലാവസ്ഥ വ്യതിയാനം കാരണം അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ 20 കോടിയിലധികം ആളുകൾ സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ട്. 2050 ഓടെ ദക്ഷിണേഷ്യയിൽ 40.5 ദശലക്ഷം ആഭ്യന്തര കാലാവസ്ഥാ കുടിയേറ്റക്കാർ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൂടാതെ അടുത്ത പതിറ്റാണ്ടിൽ ‘മൈഗ്രേഷൻ ഹോട്ട് സ്പോട്ടുകൾ’ ഉണ്ടാവുകയും 2050 ആവുന്നതോടെ അവ കൂടുകയും ചെയ്യും.