മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആരോഗ്യമുള്ള ജീവിതം. ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ എല്ലാവർക്കും ആരോഗ്യമുള്ള ജീവിതം ഉറപ്പുവരുത്തുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് നടത്തുന്ന പരിശോധനകളിൽ തുടർച്ചയായി കേരളം തന്നെയാണ് മുന്നിൽ. ഈ നേട്ടത്തിന്റെ പ്രധാന കാരണം സംസ്ഥാനത്തെ സാക്ഷരതയാണ്. വിദ്യാഭ്യാസ മേഖലയിലെ വളർച്ചക്കൊപ്പം ആരോഗ്യമേഖലയും വളർന്നു. കേരളത്തിന്റെ ആദ്യ മന്ത്രിസഭ തുടക്കം കുറിച്ച പദ്ധതികളുടെ പിന്തുടർച്ച പിന്നീടുള്ള സർക്കാരുകൾ നടപ്പാക്കിയതോടെ വളരെ വേഗത്തിൽ ആരോഗ്യ മേഖല നേട്ടങ്ങൾ കൈവരിച്ചു.
ശിശു മരണ നിരക്ക് ഗണ്യമായി കുറച്ചു. 2001 ൽ ആയിരം ജനത്തിൽ 11 ആയിരുന്നു കേരളത്തിലെ ശിശു മരണം. 2020 ആയപ്പോഴേക്കും ആറിലേക്ക് ചുരുക്കാൻ കഴിഞ്ഞു. ജനിച്ച് മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയും അത് തടയാനുള്ള പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നു.
ദേശീയ ശരാശരിയോട് താരതമ്യം ചെയ്യുമ്പോൾ പ്രസവ മരണങ്ങളും വളരെ കുറഞ്ഞ സംസ്ഥാനം തന്നെയാണ് കേരളം. മികച്ച പ്രസവ സൌകര്യങ്ങൾ ഉള്ള സമൂഹമാണ് നമ്മുടേത്. അപകടകരമായ സാഹചര്യത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണക്ക് എടുത്താൽ 7.8% ദേശീയ ശരാശരി എന്നാൽ കേരളത്തിൽ ഇത് 0.7 ശതമാനം മാത്രമാണ്.
(ദേശീയ കുടുംബാരോഗ്യ സർവേ 2013 – 14 ( ദേശീയ തലത്തിൽ) ആദ്യ മണിക്കൂറിൽ മുലപ്പാൽ നൽകിയ കുഞ്ഞുങ്ങളുടെ കണക്ക് 44.6% ആയിരുന്നു, 2018 ൽ 41.6 ശതമാനം. കേരളത്തിൽ 64.3 %വും. ആറു മാസം മുലപ്പാൽ കഴിക്കുന്ന കുഞ്ഞുങ്ങൾ ദേശീയ ശരാശരി 54.9%. കേരളത്തിന്റെ ശരാശരി 53.5 %. കുട്ടികളിലെ വാക്സിനേഷൻ നിരക്കും കേരളത്തിൽ ഉയർന്നതാണ്.
ചില വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന തരത്തിലേക്ക് കേരളത്തിന്റെ ആരോഗ്യമേഖല വളർന്നുവെന്നത് ശരിയാണ്. പക്ഷേ, അതൊക്കെ തകിടം മറിക്കാൻ പാകത്തിൽ വലിയ വെല്ലുവിളികളും വളർന്നു വരുന്നുണ്ട്. ജീവിത ശൈലി രോഗങ്ങളും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഞെരുക്കങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ കാർന്നു തിന്നുന്നു. വൃക്ക, കരൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ. ഇതൊക്കെ നമുക്ക് ചുറ്റും വലിയതോതിൽ ഉണ്ട്. ചികിത്സാ ചെലവ് താങ്ങാൻ പറ്റാത്ത രീതിയിൽ കുതിച്ചു. ജീവിത ശൈലീ രോഗങ്ങളെ തുടർന്നുള്ള മരണം വലിയതോതിൽ കൂടുന്നുണ്ട്. ചികിത്സാ ചെലവ് ദേശീയ തലത്തിലേതിനേക്കാൾ കേരളത്തിൽ മൂന്നിരട്ടിയാണ്. സർക്കാർ സംവിധാനങ്ങൾക്ക് പുറത്തുള്ള ചികിത്സാ കേന്ദ്രങ്ങളുടെ സ്ഥിതിയാണിത്.
ദേശിയ ബജറ്റിലും സംസ്ഥാന ബജറ്റിലും ആരോഗ്യ മേഖലയ്ക്ക് കൂടുതൽ പണം നീക്കി വെക്കണമെന്ന ആവശ്യം കുറെ കാലമായി ആരോഗ്യ വിദഗ്ധർ ഉയർത്തുന്നുണ്ട്. ബജറ്റിന്റെ ഒരു ശതമാനത്തിൽ താഴെയാണ് ദേശിയ ബജറ്റിൽ ആരോഗ്യ രംഗത്തിനായ് മാറ്റി വെക്കുന്നത്. നിലവിൽ കേരളത്തിന് വലിയ ബജറ്റ് നീക്കിവെപ്പിന് പരിമിതികളുമുണ്ട്. ഇത് കേരളം ആരോഗ്യ രംഗത്ത് നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ്. ബജറ്റിൽ രണ്ട് ശതമാനമെങ്കിലും നീക്കിയിരിപ്പ് ഉണ്ടെങ്കിലെ രാജ്യത്തെ ആരോഗ്യ മേഖലയിൽ വളർച്ച ഉണ്ടാകൂ. സംസ്ഥാന ബജറ്റിലും കൂടുതൽ പണം ആരോഗ്യമേഖലയിലേക്ക് അനുവദിക്കണം എന്നും ഒപ്പം ‘നമ്പർ വൺ’ എന്ന സ്റ്റാറ്റസിൽ നിന്ന് ‘റോൾമോഡലി’ലേക്ക് സംസ്ഥാനം ഉയരണമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഹെൽത്ത് മാനേജ്മെന്റ് ടീം വേണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജീവിത ശൈലി രോഗികളുടെ ഡാറ്റ എടുത്ത് പഠിച്ച് പരിഹാരം കാണുന്നതിനുള്ള പ്രൊഫഷണൽ പബ്ലിക് ഹെൽത്ത് ടീം ഉണ്ടാക്കാമെന്ന് പൊതുജനാരോഗ്യ പ്രവർത്തകനും റിട്ട. മെഡിക്കൽ അധ്യാപകനുമായ ഡോ. കെ. പി. അരവിന്ദൻ അഭിപ്രായപ്പെട്ടു. ആ ടീമിൽ വെറ്റിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വേണം. പൊതുജനാരോഗ്യ മേഖലയെ സഹായിക്കുന്ന തരത്തിലേക്ക് അക്കാദമിക് ഹെൽത്ത് ടീമായി ഈ പ്രൊഫഷണൽ ഹെൽത്ത് ടീം പ്രവർത്തി ക്കണമെന്നും അദേഹം പറയുന്നു.
കൂടിവരുന്ന ആത്മഹത്യ, റോഡപകട മരണങ്ങൾ തുടങ്ങി സാമൂഹികാരോഗ്യത്തിന് ആഘാതം ഏൽപ്പിക്കുന്ന പ്രവണതകൾ നിയന്ത്രിക്കുന്നതിന് കാംപയിനുകൾ ആവശ്യമാണ്. നിയമങ്ങൾ കർശനമാക്കുകയും വേണം. ചികിത്സാ സൌകര്യങ്ങളുടെ കാര്യത്തിൽ കേരളത്തിന്റെ തെക്കും വടക്കും തമ്മിൽ വലിയ അന്തരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മലപ്പുറം, കാസർകോട്, ഇടുക്കി, വയനാട് ജില്ലകൾ ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് പിറകിലാണ്. ജനസമൂഹത്തിന്റെ കാര്യമെടുത്താൽ ആദിവാസി വിഭാഗം തന്നെയാണ് ഏറ്റവും പിന്നിൽ. കഴിഞ്ഞ പത്ത് വർഷമായി ഇതിൽ മാറ്റങ്ങൾ കാണാനുണ്ടെങ്കിലും പിന്നാക്ക ജില്ലകൾക്കായി പ്രത്യേക ശ്രദ്ധ ഇനിയും ആവശ്യമുണ്ട്.
സർക്കാർ ആശുപത്രികളുടെ സ്ഥിതി പരിശോധിച്ചാൽ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധ മേഖലയിൽ ‘പ്രൈമറി ഹെൽത്ത്’ സംവിധാനം നമ്പർ വൺ തന്നെ. സുഗമമായ ചികിത്സ നൽകുന്നതിന് ഏർപ്പെടുത്തിയ റഫറൽ സംവിധാനം ഇതുവരെ സങ്കൽപ്പിച്ച രീതിയിൽ പ്രവർത്തനക്ഷമമായിട്ടില്ല. ഇതുമൂലം ഗവേഷണവും പഠനങ്ങളും നടക്കേണ്ട മെഡിക്കൽ കോളേജുകൾ ചികിത്സാ തിരക്കിൽ വീർപ്പുമുട്ടുകയാണ്. ‘ക്വാളിറ്റി റിസേർച്ച് പ്രോഗ്രാം’ ഇടങ്ങളായ മെഡിക്കൽ കോളേജുകൾ ആ ലക്ഷ്യം കൈവരിക്കുന്നില്ല. രോഗീ-ഡോക്ടർ-നഴ്സ് അനുപാതം കൂട്ടി ജോലി ഭാരം കുറച്ച് ഗവേഷണത്തിന് വഴിയൊരുക്കി മാറ്റം കൊണ്ടു വരുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസ്സി. പ്രൊഫസർ ഡോ. വി. കെ. ഷമീർ പറയുന്നു.
ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ കാരണം ജനങ്ങൾ അശാസ്ത്രീയമായ ചികിത്സാ രീതികളെ ആശ്രയിക്കുന്നത് നമ്മൾ ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ്. ഇത് ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ വിലങ്ങുതടിയാകുന്നു. ഈയിടെയായി ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെയുമുള്ള ആക്രമണങ്ങൾ കൂടിവരുന്നു. ചികിത്സാ രീതികളെ കുറിച്ചുള്ള അറിയിവില്ലായ്മ ഇതിന് കാരണമാകുന്നുണ്ട്. ഇത് നേരിടാൻ നിലവിലെ നിയമങ്ങൾ പര്യാപ്തമല്ല. നിയമഭേദഗതിയിലുടെ ഈ പ്രവണതയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ മികച്ച ചികിത്സാ സൌകര്യങ്ങൾ നഷ്ടമാകുമെന്നാണ് ഡോക്ടർമാരുടെ സംഘടനകൾ പറയുന്നത്.
ചുരുക്കത്തിൽ, നേടിയ നേട്ടങ്ങൾ നിലനിർത്താനും പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാനും ജാഗ്രതയോടെയുള്ള സർക്കാർ ഇടപെടൽ അനിവാര്യമാണെന്നാണ് നമ്മുടെ ആരോഗ്യ രംഗം നൽകുന്ന സൂചന.
Subscribe to our channels on YouTube & WhatsApp