ഫുട്ബാൾ കളിക്കാർ, പരിശീലകർ, എഴുത്തുകാർ.. ഈ നിരയിൽ മലയാളികളുടെ മനസ്സിൽ എത്രയോ പേരുകളുണ്ട്. അത് പോലെ തന്നെ വിശിഷ്ടരായ ചില കാണികളും നമ്മുടെ കേരളക്കരയിലുണ്ട്. അവരിൽ പ്രധാനികൾ പലരും മലബാറിലെ ഫുട്‍ബോൾ മെക്കയായ കോഴിക്കോട്ട് നിന്നുള്ളവരായിരുന്നു.
കോഴിക്കോട്ടെ കാണികൾക്ക് മുന്നിൽ കളിക്കുക എന്നത് ഒരു കാലത്ത് ഇന്ത്യയിലെ ഏതൊരു ടീമിനും ആവേശമായിരുന്നു, കാരണം അവർക്കിടയിൽ അറിയാതെ രൂപപ്പെട്ട ഒരു കോഴിക്കോടൻ ഫുട്ബോൾ സംസ്കാരമുണ്ടായിരുന്നു.
ഇറച്ചി വെട്ടുകാരൻ ആലിക്കോയയും ജഡ്ക്ക വണ്ടിക്കാരൻ കുട്ടനും ഓട്ടോ ഡ്രൈവർ ചന്ദ്രനും എല്ലാം സൃഷ്ടിച്ച കായിക/രാഷ്ട്രീയമായിരുന്നു കോഴിക്കോടൻ കാണികളുടെ നിലപാട്. അവരുടെ മതവും ദേശീയതയും അടിസ്ഥാനപരമായി ഫുടബോൾ ആയിരുന്നു.
ഇന്ന് നമുക്ക് ഏതെങ്കിലും ഒരു പാകിസ്താൻ ടീമിനെ പിന്തുണയ്ക്കുന്നത് ഓർക്കാൻ പറ്റുമോ?
എന്നാൽ 1950 കളുടെ ആദ്യവർഷം മുതൽ കോഴിക്കോട്ട് ഏറെക്കാലം തുടർന്ന നാഗ്ജി ട്രോഫി ഫുടബോളിൽ ഇന്ത്യൻ ആർമി ടീമുകൾക്ക് എതിരെ കളിക്കുന്ന കറാച്ചി കിക്കേഴ്‌സ്, കറാച്ചി മക്രാൻസ് തുടങ്ങിയ പാക് ടീമുകളെ കോഴിക്കോട്ടുകാർ എല്ലാ ദേശീയതയും മറന്ന് പിന്തുണച്ചിരുന്നു.
അങ്ങനെ എണ്ണം പറഞ്ഞ ഫുട്ബോൾ കാണികളിലെ വലിയൊരു കാണിയായ ഓട്ടോ ചന്ദ്രൻ, കേരളത്തിന്റെ ഹൃദയത്തിൽ കയറിയ അപൂർവ്വം കാണികളിലെ ആദ്യപേരുകാരൻ തന്നെയായ ചന്ദ്രേട്ടൻ, ഇന്ന് ജീവിതത്തിന്റെ തന്നെ കാഴ്ചകളിൽ നിന്ന് വിട പറഞ്ഞിരിക്കുന്നു.
മലബാറിലെ ഫുട്‌ബോള്‍ ഗ്യാലറികളിലെ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. നാഗ്ജി ഫുട്ബാളിന്റെ ഒഫീഷ്യൽ കാണി എന്ന് തന്നെ ഓട്ടോ ചന്ദ്രനെ വിളിക്കാം. നാഗ്ജിയുടെ തുടക്കകാലം മുതലുള്ള ഓരോ മാച്ചും ഹൃദിസ്ഥമായിരുന്നു ചന്ദ്രേട്ടന്. താൻ കാണാൻ പോകുന്ന ഏതൊരു ടൂർണമെന്റിലും ഓട്ടോ ചന്ദ്രൻ വക, മികച്ച കളിക്കാരന് സമ്മാനമുണ്ടാകും. നാഗ്ജിയിൽ എല്ലാം ഈ സമ്മാനം പ്രത്യേകം അനൗൺസ് ചെയ്താണ് കൊടുത്തിരുന്നത്. 1970 കളിൽ എന്നോ ഇങ്ങനെ ഓട്ടോ ചന്ദ്രന്റെ സമ്മാനം കിട്ടിയ പഴയ ഇന്ത്യൻ നായകൻ മഖൻ സിംഗ്, നാഗ്ജി വീണ്ടും തുടങ്ങിയ സമയത്ത് അതിഥിയായി എത്തിയപ്പോൾ അതിനെ കുറിച്ച് അനുസ്മരിച്ചിരുന്നു. HMT വാച്ച് ആയിരുന്നു ആ സമ്മാനം.
സമ്മാനങ്ങൾക്ക് അപ്പുറമുള്ള മറ്റൊരു രസകരമായ കഥ ചന്ദ്രേട്ടനെ കുറിച്ച് കോച്ച് ടി.കെ ചാത്തുണ്ണി പറയാറുണ്ട്. 1960 കളിൽ നാഗ്ജി കളിക്കാൻ വരുന്ന ഇ എം ഇ ടീമിലെ അംഗമായ ചാത്തുണ്ണിയെ ഓട്ടോ ചന്ദ്രൻ രഹസ്യമായി റൂമിൽ വന്നു കാണുമായിരുന്നുവത്രെ. ഇന്ന് ടീം ഏത് ജേഴ്സി അണിയും, ഏത് ഗ്രൗണ്ട് സൈഡിൽ ആണ് ആദ്യം വാംഅപ്പിന് ഇറങ്ങുക, പരിക്കുള്ള ആരെങ്കിലും ടീമിലുണ്ടോ എന്നെല്ലാം അറിയാനായിരുന്നു ആ വരവ്. അന്ന് ഗ്യാലറിയിൽ പന്തയങ്ങൾ സജീവമായിരുന്നു, കിട്ടുന്ന വിവരങ്ങൾ ബെറ്റിന് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.
ലോകം ലോകകപ്പ് ആവേശത്തിൽ നിൽക്കുന്ന സമയത്ത് തന്നെ ചന്ദ്രേട്ടൻ പുതിയ ആകാശങ്ങളിലേക്ക് ടിക്കറ്റ് എടുത്തു.
ആദരാഞ്ജലികൾ.
നല്ല വാർത്ത….. ആശംസകൾ 🙏👍