ദ്വീപിൽ നിന്ന് ദ്വീപിലേക്കുള്ള വഴിമുടക്കുന്ന ഉത്തരവ്
2013 ലെ ഏപ്രിൽമാസം.
ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ ഒരു സന്ദർശനത്തിനായി എത്തിയതായിരുന്നു ഞാൻ. കൊച്ചിയിൽ നിന്ന് കപ്പൽ കിട്ടാത്തതിനെ തുടർന്ന് കോഴിക്കോട്ടെ ബേപ്പൂരിൽ നിന്ന് സ്പീഡ് വെസലിലായിരുന്നു ലക്ഷദ്വീപിലേക്ക് പോയത്. ദ്വീപിലേക്കുള്ള കന്നിയാത്ര. ആന്ത്രോത്ത് ദ്വീപിലേക്കായിരുന്നു സ്പീഡ് വെസൽ. കപ്പലിന് ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് നിരവധി പേരാണ് ദ്വീപിലേക്ക് പോകാൻ കൊച്ചിയിൽ നിന്ന് ബേപ്പൂരിലെത്തിയിരുന്നത്. രാവിലെ 8 മണിക്കായിരുന്നു വെസൽ യാത്ര തുടങ്ങിയത്. ഗർഭിണികളും ചെറിയകുട്ടികളും കേരളത്തിലെ വിവിധയിടങ്ങളിൽ പഠിക്കുന്നവരുമടക്കം വെസൽ നിറയെ യാത്രക്കാർ. കപ്പലിനെ അപേക്ഷിച്ച് വെസലിന് വേഗതകൂടുതലാണ്. അതിനാൽ തന്നെ യാത്രസമയം ലാഭം. കപ്പൽ പുറം കടലിലേക്ക് എത്തിയതോടെ കടൽ ചൊരുക്കും (sea sickness) അടച്ചിട്ട വെസലിലെ യാത്രയും കാരണം പലരും ശർദ്ദിക്കാൻ തുടങ്ങി. വെസലിനകത്ത് തന്നെ ഭക്ഷണശാലയുണ്ടെങ്കിലും ആരും കാര്യമായി ഒന്നും വാങ്ങി കഴിക്കുന്നില്ല. കാരണം ശർദ്ദി തന്നെ. വൈകുന്നേരം നാല് മണിയോടെ ആന്ത്രോത്ത് ദിപിലെ വാർഫിൽ അടുപ്പിക്കുമ്പോഴേക്കും എല്ലാവരും ക്ഷീണിതർ.
വലിയ ദ്വീപുകളിൽ ഒന്നായ ആന്ത്രോത്തിൽ നിന്ന് അടുത്തദിവസമാണ് മറ്റൊരു ദ്വീപായ കിൽത്താനിലേക്ക് പോയത്. ചെറിയ ദ്വീപാണ് കിൽത്താൻ. വർണമത്സ്യങ്ങളും പവിഴപുറ്റുകളും നിറഞ്ഞ മനോഹരമായ ലഗൂണുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപ്. ഒരറ്റത്ത് നിന്ന് നടന്നാൽ ഏകദേശം മൂന്ന് കിലോമീറ്ററിലും താഴെ മാത്രം നീളമുള്ള ചെറു ദ്വീപ്. കിൽത്താനിലെ പരിപാടി കഴിഞ്ഞ് നാലാം ദിവസം മടങ്ങാനായിരുന്നു പദ്ധതി. അതനുസരിച്ച് കൊച്ചിയിലേക്ക് കപ്പലിന് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. പക്ഷെ പദ്ധതികളെയെല്ലാം അട്ടിമറിച്ച് മഴയെത്തി. രണ്ട് ദിവസം തകർത്ത് പെയ്ത മഴയോടെ ലക്ഷദ്വീപിലേക്കുള്ള കപ്പലുകളും സ്പീഡ് വെസലുകളുമെല്ലാം സർവ്വീസ് നിർത്തിവെച്ചു. അതോടെ നാലാം നാൾ മടങ്ങാനുള്ള പദ്ധതി അവതാളത്തിലായി. പുറത്തേക്ക് ബന്ധപ്പെടാൻ ആകെയുള്ളത് കയ്യിലെ ബിഎസ്എൻഎൽ നമ്പർ മാത്രം. മറ്റ് നെറ്റ് വർക്കുകൾക്ക് ഒന്നിനും തന്നെ ദ്വീപിൽ റേഞ്ച് ഇല്ല.
ദിവസങ്ങൾ ഒന്നൊന്നായി കഴിഞ്ഞുപോയിട്ടും മഴമാറിയിട്ടും കപ്പൽ സർവ്വീസ് മാത്രം പുനരാരംഭിച്ചില്ല. പല ആവശ്യങ്ങൾക്കായി നാട്ടിലേക്ക് എത്തിപ്പെടാനുള്ള തിരക്കുമായി ദ്വീപുകാരും കപ്പലും നോക്കിയിരിക്കുകയാണ്. ഒടുവിൽ പതിനൊന്നാം നാൾ ആന്ത്രോത്തിൽ നിന്ന് കോഴിക്കോട്ടോക്ക് ഒരു കപ്പൽ പോകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞത്. അതിന് ആന്ത്രോത്തിലേക്ക് എത്തണം. പത്താംനാൾ ഉച്ചക്ക് ഒരു ടഗ്ഗിൽ കയറി ഞങ്ങൾ ആന്ത്രോത്തിലേക്ക് യാത്രയായി. മത്സ്യബന്ധനത്തിന് പോകുന്ന ആ ടഗ്ഗിൽ സ്ത്രീകളും കുട്ടികളും വയസ്സായവരുമെല്ലാമായി നിരവധിപേർ. സ്റ്റഡി ലീവിന് ശേഷം പരീക്ഷയെഴുതാനായി കോളേജിലേക്ക് പോകുന്ന കുട്ടികളടക്കം കൂട്ടത്തിലുണ്ട്. ടഗ്ഗിൻറെ ഉള്ളിലും പുറത്ത് വശങ്ങളിലുമെല്ലാം നിരന്നിരുന്നും കിടന്നുമുള്ള യാത്രയിൽ കടലിലെ സൂര്യാസ്തമയവും മത്സ്യബന്ധനവുമെല്ലാം നേരിട്ടുകണ്ടു. കിൽത്താനിൽ നിന്ന് മണിക്കൂറുകൾ നീണ്ട ബോട്ട് യാത്രയ്ക്കൊടുവിൽ ഞങ്ങൾ രാത്രിയോടെ ആന്ത്രോത്തിലെത്തി.
ത്രസിപ്പിക്കുന്നതാണെങ്കിലും ഭയപ്പെടുത്തുന്നതും കൂടിയായിരുന്നു ടഗ്ഗിലെ ആ യാത്ര. ലക്ഷദ്വീപുകാർക്ക് ഒരു ദ്വീപിൽ നിന്ന് മറ്റൊന്നിലേക്ക് എത്തിപ്പെടാൻ അവർ നടത്തുന്ന സാഹസികത നേരിൽ അനുഭവിച്ചറിഞ്ഞ മണിക്കൂറുകൾ. യാത്രയ്ക്ക് മറ്റൊരു സംവിധാനവും ലഭ്യമല്ലാത്തതിനാൽ ഗത്യന്തരമില്ലാതെ ആ സാഹസികതയ്ക്ക് അവർ നിർബന്ധിതരാവുകയാണ്.
അറ്റകുറ്റപണികൾ എന്നും സർവ്വേയെന്നുമെല്ലാം പലകാരണങ്ങൾ പറഞ്ഞ് ലക്ഷദ്വീപിലേക്കുള്ള കപ്പലുകൾ വെട്ടിചുരുക്കുമ്പോഴും ടിക്കറ്റ് കിട്ടാതെ വരുമ്പോഴും കാലാവസ്ഥ മോശമാവുമ്പോൾ അനിശ്ചിതമായി കപ്പലോട്ടം നിർത്തുമ്പോഴുമെല്ലാം ദ്വീപുകാർക്ക് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകാനുള്ള ആശ്വാസമാർഗം ഇത് മാത്രമാണ്. എന്നാലിപ്പോൾ അതും നിലയ്ക്കുന്ന അവസ്ഥയിലാണ്.
Related Story: ലക്ഷദ്വീപിലെ ജനജീവിതത്തെ ഞെരുക്കുന്ന തുഗ്ലക്കിയൻ പരിഷ്കാരങ്ങൾ
ഇക്കഴിഞ്ഞ സെപ്തംബർ 23 നാണ് മത്സ്യബന്ധനബോട്ടുകളിലെ യാത്ര നിരോധിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം മത്സ്യബന്ധനത്തിനായി പെർമിറ്റ് നൽകിയിട്ടുള്ള ബോട്ടുകളിൽ ആളുകൾ ഇനിമുതൽ യാത്രചെയ്യാൻ പാടുള്ളതല്ല മത്സ്യബന്ധനത്തിനായി മറൈൻ ഫിഷിങ് റെഗുലേഷൻ ഓഫീസിൽ അനുമതി നൽകിയിട്ടുള്ള ആളുകളൊഴിച്ച് ആരും തന്നെ ബോട്ടിൽ യാത്രചെയ്യാൻ പാടില്ലെന്നാണ് ഉത്തരവ്. ഇത് ലംഘിച്ചതായി വിവരം ലഭിച്ചാൽ ആ ബോട്ടുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് അഗത്തിയിലെ ലക്ഷദ്വീപ് മറൈൻ ഫിഷിങ് റെഗുലേഷൻ ഓഫീസ് പുറത്തിറക്കിയ ഉത്തരവിലുള്ളത്.
ഈ ഉത്തരവ് നടപ്പിലാക്കിയാൽ ദ്വീപ് നിവാസികളുടെ യാത്രദുരിതം ഏറുമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ദ്വീപ് നിവാസിയായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ദി ഐഡത്തോട് പറഞ്ഞു.
“ദ്വീപുകാരിപ്പോൾ എന്തെങ്കിലും അത്യാവശ്യത്തിനായി കവരത്തിയിലേക്കോ അഗത്തിയിലേക്കോ മറ്റോ പോകണമെങ്കിൽ ആശ്രയം മീൻ പിടിക്കാൻ പോകുന്ന ബോട്ടുകൾ മാത്രമാണ്. അത് നിരോധിക്കുന്നതോടെ ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം തന്നെ ഇല്ലാതാവുകയാണ്. ബോട്ടുകളിലെ യാത്ര നിരോധിക്കുകയാണെങ്കിൽ ആവശ്യത്തിന് കപ്പൽ സർവ്വീസ് ഏർപ്പെടുത്താൻ അഡ്മിനിസ്ട്രേഷൻ തയ്യാറാവണം. പക്ഷെ ഇവിടെ കപ്പലുകളുടെ സർവ്വീസും വെട്ടികുറയ്ക്കുകയാണ് ചെയ്യുന്നത്”, അദ്ദേഹം പറയുന്നു.
കിൽത്താൻ, അമിനി, ചെത്തിലാത്ത് തുടങ്ങിയ ചെറിയ ദ്വീപുകളിലുള്ളവരാണ് പലപ്പോഴും യാത്രാക്ലേശം മൂലം ബുദ്ധിമുട്ടിലാകുന്നത്. ഇവിടേയ്ക്ക് കപ്പലുകളുടെ സർവ്വീസും വളരെ പരിമിതമാണെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഈ ഉത്തരവ് നടപ്പിലാകുന്നതോടെ കടമത്ത് ദ്വീപിലെ കോളേജിൽ പഠിക്കുന്ന മറ്റ് ദ്വീപിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും അവിടേക്ക് എത്തിച്ചേരൽ ഇനി ബുദ്ധിമുട്ടാകും.
“ഒരു ദ്വീപിൽ നിന്ന് മറ്റൊന്നിലേക്ക് ഫിഷിങ് ബോട്ടിൽ ഒരു രണ്ട് മൂന്ന് മണിക്കൂറുകൊണ്ടെല്ലാം പോകാൻ പറ്റും. ഇനി ഫിഷിങ് ബോട്ടുകൾക്ക് പകരം സർക്കാർ ബോട്ട് അനുവദിക്കുമെന്നാണ് പറയുന്നത്. എന്നാൽ അത് പോലും കാര്യക്ഷമമായിട്ടില്ല. പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേൽ സ്ഥാനമേറ്റശേഷമാണ് ബുദ്ധിമുട്ടുകൾ കൂടിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനോ കേൾക്കാനോ തയ്യാറാകാതെയാണ് ഉത്തരവുകളെല്ലാം ഇറക്കുന്നത്. മാനസികമായി വളരെ പ്രയാസമാണ് കാര്യങ്ങൾ. തടങ്കലിൽ പോലെയാണുള്ളത് “, കിൽത്താൻ നിവാസിയായ ഷാഫി ബി. പി. ദി ഐഡത്തോട് പറഞ്ഞു.
മാത്രവുമല്ല വാർഫുകൾ ഇല്ലാത്ത ഒട്ടുമിക്ക ദ്വീപുകളിലേക്കും കപ്പൽ അടുക്കാറില്ല. പകരം പുറംകടലിലാണ് ഇവരുടെ എംബാർക്കേഷൻ പോയൻറ്. (കപ്പലിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കുന്നത്). പുറം കടലിൽ നിർത്തിയിടുന്ന കപ്പലിൽ നിന്ന് യാത്രക്കാരെ കരയിലേക്ക് എത്തിക്കുന്നത് ഇത്തരം മത്സ്യബന്ധനബോട്ടുകളിലാണ്. ഈ പുതിയ ഉത്തരവ് നടപ്പിലാക്കിയാൽ പുറംകടലിലെത്തുന്ന യാത്രക്കാരെ എങ്ങനെ ദ്വീപിലെത്തിക്കുമെന്നും ദ്വീപുകാർ ചോദിക്കുന്നു.
ആശുപത്രി ആവശ്യങ്ങൾക്ക് കരയിലേക്ക് (കേരളത്തിലേക്ക്) എത്തിച്ചേരാൻ പലപ്പോഴും കപ്പലല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ആശ്രയിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരും ദ്വീപിലുണ്ട്. സ്വന്തം ദ്വീപിലേക്ക് കപ്പൽ വരാത്തപ്പോൾ അത്യാവശ്യഘട്ടങ്ങളിൽ അവർക്ക് കപ്പൽ കയറാൻ പലപ്പോഴും ആന്ത്രോത്തോ കവരത്തിയോ പോലുള്ള മറ്റ് വലിയ ദ്വീപിലേക്ക് പോകേണ്ടിവരാറുമുണ്ട്. പുതിയസാഹചര്യത്തിൽ അതെല്ലാം പ്രതിസന്ധിയിലാകും. അതോടെ ദ്വീപിലെ ജീവിതം കൂടുതൽ ദുസ്സഹമായി മാറും.
മത്സ്യബന്ധനബോട്ടിലെ യാത്ര സുരക്ഷിതമാണെന്ന അഭിപ്രായമില്ല. പക്ഷെ ആകെയുള്ള ആ മാർഗ്ഗം നിരോധിക്കുമ്പോൾ പകരം സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്വം അധികൃതർക്കുണ്ട്. പകരം സർക്കാർ ബോട്ടുകൾ ഏർപ്പാടാക്കുമെന്നാണ് പറയുന്നത്. എന്നാൽ ഇത് കാര്യക്ഷമമാക്കി നടപ്പിലാക്കുന്നത് വരെ ബദൽ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. സുരക്ഷിത യാത്രയ്ക്ക്, സഞ്ചാര സ്വാതന്ത്ര്യത്തിന് ദ്വീപുകാർക്കും അവകാശമുണ്ട്.