A Unique Multilingual Media Platform

The AIDEM

Literature Politics Society

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 9

  • October 17, 2022
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 9

മൂന്നാമങ്കം 

രംഗം 1 (കഴിഞ്ഞ രംഗത്തിന്റെ തുടർച്ച)

ജഡ്ജി (എതിർവിസ്താരകനോട് അഭ്യർത്ഥിക്കുന്നു): ദയവായി വേഗത്തിലാക്കുക. രണ്ട് സമുദായക്കാരുടേയും പ്രതിനിധികൾ ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കുന്നത് കോടതിക്ക് അനുവദിക്കാനാവില്ല.

എതിർവിസ്താരകൻ(ഹി.പ്ര.യോട്): മുസ്ലിങ്ങൾക്കെതിരേ ഹിന്ദുക്കൾ മനസ്സിൽ സൂക്ഷിച്ചിരുന്ന അനിഷ്ടത്തെക്കുറിച്ചാണ് നിങ്ങൾ പറഞ്ഞുവന്നത്.

(ഹിന്ദു പ്രതിനിധി) ഹി.പ്ര: അതെ. ആയിരക്കണക്കിന് വർഷങ്ങളായി തങ്ങളെ മുസ്ലിം രാജാക്കന്മാരാണ് ഭരിച്ചുകൊണ്ടിരുന്നത് എന്നത് അവർക്കിടയിൽ അനിഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഞാൻ ആവർത്തിക്കുന്നു.

(മുസ്ലിം പ്രതിനിധി) മു.പ്ര: ഒരു വിശദീകരണം അവതരിപ്പിക്കാൻ എന്നെ അനുവദിക്കണം.

ജഡ്ജി (മടുപ്പ് പ്രകടിപ്പിച്ചുകൊണ്ട്): ഇക്കണക്കിന് പോയാൽ സമയത്തിന് മുമ്പ് ഈ വാദം പൂർണ്ണമായി കേൾക്കാൻ നമുക്ക് സാധിക്കില്ല (മു.പ്രതിനിധിയോട്), ശരി, നിങ്ങളുടെ എതിർപ്പ് കേൾക്കട്ടെ. ചുരുങ്ങിയ വാക്കുകളിൽ പറയണം.

മു.പ്ര: കഴിയുന്നത്ര ചുരുക്കാൻ ഞാൻ ശ്രമിക്കാം. 18-ആം നൂറ്റാണ്ടിൽ, മുഗളന്മാരുടെ കാലത്ത്, നമ്മുടെ ജി.ഡി.പി. ആഗോളനിരക്കിൻറെ 25% ആയിരുന്നു. 200 വർഷങ്ങൾക്കുശേഷം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ അത് 1.6% ആയി കുറഞ്ഞിരുന്നു. എൻറെ ഹിന്ദു സുഹൃത്ത് ഇത്തരം വിശദാംശങ്ങളൊക്കെ മറക്കുന്നു.

ഹി.പ്ര: ബ്രിട്ടീഷുകാർ നമ്മുടെ അമ്പലങ്ങൾ നശിപ്പിച്ചിട്ടില്ല.

മു.പ്ര: ബ്രിട്ടീഷ് ഭരണം നല്ലതായിരുന്നുവെന്നാണോ നിങ്ങൾ സൂചിപ്പിക്കുന്നത്? എങ്കിൽ സ്വാതന്ത്ര്യസമരവും സ്വാതന്ത്ര്യവുമൊക്കെ എന്തിനുവേണ്ടിയായിരുന്നു?

എതിർവിസ്താരകൻ: നമ്മൾ ഭൂതകാലത്തേക്ക് ആവശ്യത്തിലധികം പോവുന്നു. നമുക്ക് വർത്തമാനകാലത്തിൽ ഊന്നാം.

(ഇത്രനേരവും ക്ഷമയോടെ കേട്ടുകൊണ്ടിരുന്ന ജൂറി അംഗങ്ങൾ പെട്ടെന്ന് അക്ഷമരായതുപോലെ തോന്നിച്ചു. അവരുടെ വക്താവായ അമീർ ഖുസ്രു എഴുന്നേറ്റ്, ജൂറികൾക്കുവേണ്ടി സംസാരിക്കാൻ തുടങ്ങി)

അമീർ ഖുസ്രു: മനസ്സിന് സ്ഥാനം കൊടുക്കാതെ വളരെ അയഞ്ഞ മട്ടിൽ ഹിന്ദു-മുസ്ലിം പ്രശ്നങ്ങൾ ചർച്ചചെയ്യാനാണ് നിങ്ങളുടെ ഭാവമെങ്കിൽ, ഞങ്ങളെ എന്തിനാണ് അനശ്വരമായ ഉറക്കത്തിൽനിന്ന് വിളിച്ചുകൊണ്ടുവന്നത്? ഞങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ആയിരക്കണക്കിന് വർഷങ്ങളായി ഈ പരിഷ്കൃതിയെ ഒരുമിച്ചുകൂട്ടി നിർത്തിയത്. അതൊക്കെ വെറുതെ കിട്ടിയതുപോലെയാണല്ലോ നിങ്ങളുടെ ഭാവം?

ജഡ്ജി (ജൂറിയെ അഭിസംബോധന ചെയ്തുകൊണ്ട്): നമ്മുടെ പരിഷ്കൃതിയും ധർമ്മചിന്തയും രൂപപ്പെടുന്നതിൽ ഈ ജൂറി അംഗങ്ങൾ വഹിച്ച പങ്ക് നമുക്കറിയാം. മുസ്ലിങ്ങൾ ഇന്ത്യയെ അവരുടെ വീടുപോലെ കരുതിയിരുന്നുവെന്നും നമുക്കറിയാം. മറിച്ച്, ബ്രിട്ടീഷുകാരാകട്ടെ, ഇവിടെ വന്നത്, അധിനിവേശകരെന്ന മട്ടിലാണ്. അവരുടെ വീട് ബ്രിട്ടനായിരുന്നു. നമുക്കതൊക്കെ അറിയാമെങ്കിലും നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഇതാണ്: 1300 വർഷങ്ങളായുള്ള ഈ സംസ്കൃതിയുടെ കൊടുക്കൽ-വാങ്ങലുകൾ എന്തുകൊണ്ടാണിന്ന് ചോദ്യം ചെയ്യപ്പെടുന്നത്? 200 ദശലക്ഷം മുസ്ലിങ്ങൾ ഇന്ത്യ വിട്ടുപോകാൻ മാത്രം എന്താണ് സംഭവിച്ചത്? രണ്ട് ചോദ്യങ്ങളാണ് കോടതിയുടെ മുമ്പിലുള്ളത്. എന്തുകൊണ്ട് അവർ ഒഴിഞ്ഞുപോയി? രണ്ടാമത്തേത്, എന്ത് സാഹചര്യത്തിലാണ് ഇനിയവർ തിരിച്ചുവരിക?

അമീർ ഖുസ്രു: മുസ്ലിങ്ങളുടെ തിരിച്ചുവരവിനെപ്പറ്റി ഇന്ത്യയിലെ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞു എന്ന് ഞങ്ങൾക്ക് അനുഭവപ്പെടുന്നു. അവരുടെ സ്വത്തുവകകളെല്ലാം കയ്യേറിയിരിക്കുന്നു. മുസ്ലിങ്ങളില്ലാത്ത ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നുണ്ട്. അർത്ഥശൂന്യമായ ഒരു ദൌത്യത്തിലായിരിക്കും കോടതി എന്ന് ഞാൻ സൂചിപ്പിക്കുന്നു.

ഹി.പ്ര: മുസ്ലിങ്ങളില്ലാത്തതിനാൽ, ഈ രാജ്യത്ത് സർവ്വത്ര കുഴപ്പമായിരിക്കുന്നു. അവർ തിരിച്ചുവന്നില്ലെങ്കിൽ ഭാവി അസ്ഥിരമായേക്കും.

എതിർവിസ്താരകൻ (ഹി.പ്ര.യോട്): ഇതൊരസാധാരണ സാഹചര്യമാണ്. മുസ്ലിം ഭരണാധികാരികളുടെ അതിക്രമങ്ങൾ നിരത്തിക്കൊണ്ട്, വിഭജനത്തിൻറെ കാലത്ത് ആ സമുദായം പാക്കിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നുവെന്ന് നിങ്ങൾ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോൾ നിങ്ങൾ പറയുന്നു, അവരില്ലാതെ രാജ്യത്തിന് പ്രവർത്തിക്കാനാവില്ലെന്ന്.

ഹി.പ്ര: തിരഞ്ഞെടുപ്പിൻറേയും ഭരണഘടനയുടേയും സന്തുലനത്തിന് മുസ്ലിങ്ങൾ അനുപേക്ഷണീയമാണ്.

മഹാത്മാ ഫൂലെ: നിങ്ങൾക്ക് സത്യം പറഞ്ഞുകൂടേ? നൂറ്റാണ്ടുകളായി അധസ്ഥിതജാതിയോട് മാനുഷികതയില്ലാതെ പെരുമാറിയ നിങ്ങൾ ഇപ്പോൾ ഭയക്കുന്നു, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ, അവർ മുകളിലെത്തുമെന്ന്.

ജഡ്ജി: എല്ലാ ബഹുമാനത്തോടെയും ചോദിക്കട്ടെ, മഹാത്മാ ഫൂലെജി, അതാണോ താങ്കൾക്ക് ആവശ്യം?

ഫൂലെ: അല്ല, എല്ലാവർക്കും നീതി കിട്ടുകയാണ് ആവശ്യം. ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്യരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. അവർക്കെല്ലാവർക്കും തുല്യമായ അവകാശങ്ങളുണ്ടാവണം.

ഹി.പ്ര (ജഡ്ജിയുടെ അനുവാദത്തിനായി കൈകളുയർത്തി, സംസാരിക്കുന്നു): മഹാത്മജി, തിരഞ്ഞെടുപ്പ് നേരത്തേ നടത്തിയാൽ, സവർണ്ണജാതികൾക്കെതിരേ എല്ലാവരും ഒരുമിക്കുന്ന വിധത്തിൽ ജാതികൾ ഇന്നത്തെ സാഹചര്യത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. എണ്ണമെടുത്താൽ, അധസ്ഥിതർക്ക് മുൻ‌തൂക്കമുണ്ട്. എല്ലാക്കാലത്തേക്കും അവർക്ക് അവരുടെ പ്രധാനമന്ത്രിയുണ്ടാവും.

ഫൂലെ: എന്നന്നേക്കുമായി നിങ്ങളുടെ പ്രധാനമന്ത്രിയെയാണോ ആഗ്രഹിക്കുന്നത്?

ഹി.പ്ര: അല്ല മഹാത്മാവേ, ഞങ്ങൾക്കും നീതിയാണ് വേണ്ടത്.

ഫൂലെ: ഏത് ‘ഞങ്ങൾ’ക്കുവേണ്ടിയാണ് നിങ്ങൾ സംസാരിക്കുന്നത്?

ഹി.പ്ര: ഹിന്ദു സമുദായത്തിന്റെ ഒന്നടങ്കം പ്രതിനിധിയാണ് ഞാൻ.

എതിർവിസ്താരകൻ: മുൻപ് സൂചിപ്പിച്ച ആ പ്രധാന കാര്യങ്ങളിലേക്ക് നമുക്ക് തിരിച്ചുപോകാം. എങ്ങിനെയാണ് നമുക്കിത് സംഭവിച്ചത്? തത്‌സ്ഥിതിക്ക് മുമ്പുള്ള അവസ്ഥ എങ്ങിനെ തിരിച്ചുപിടിക്കും? (ഹി.പ്രതിനിധിയുടെ നേരെ നോക്കുന്നു).

മു.പ്ര (ഇടയിൽക്കയറി): ഇതൊരു ഹിന്ദുവിന്റെ കഥയോ മുസ്ലിമിന്റെ കഥയോ അല്ല. എന്റെ ഹിന്ദു സുഹൃത്ത് അദ്ദേഹത്തിന്റെ വ്യാഖ്യാനം നൽകും. ഞാൻ കാര്യങ്ങളെ മറ്റൊരുവിധത്തിലും കണ്ടേക്കാം. എന്നാൽ, വർഷങ്ങളായുള്ള എന്റെ അയൽക്കാരൻ എനിക്കെതിരേ തിരിഞ്ഞാൽ, അതെന്നെ വേദനിപ്പിക്കും. പക്ഷേ എന്റെ അയൽക്കാരൻ എന്തുകൊണ്ട് മാറി എന്നത് എനിക്കും വിശകലനം ചെയ്യേണ്ടിവരും. ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടാൻ പാടില്ലായിരുന്നു. എന്നാൽ, ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും വെവ്വേറെ രാജ്യമെന്ന ജിന്നയുടെ ദ്വിരാഷ്ട്രസിദ്ധാന്തം സ്വീകരിക്കപ്പെട്ട സ്ഥിതിക്ക്, അതിന്റെ അനന്തരഫലത്തിൽ ഇത്ര അസന്തുലിതത്വം ഉണ്ടാവാൻ പാടില്ലായിരുന്നു. ദ്വിരാഷ്ട്രസിദ്ധാന്തത്തിലെ ഒരു ഭാഗത്തെ മാത്രം സ്വീകരിച്ച്, മറുഭാഗത്തെ അവ്യക്തമായ ഒരു മതേതര മേലാപ്പിൽ കൊണ്ടുവരാൻ എങ്ങിനെ കഴിയും? വിഭജനത്തിന്റെ അനന്തരഫലം, ഒരു മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനാണെങ്കിൽ, സ്വാഭാവികമായും ഇന്ത്യ ഒരു ഹിന്ദുസ്ഥാൻ ആകേണ്ടതാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഭൂരിപക്ഷ സമുദായത്തിന്റെ കൈയ്യിൽ അധികാരമുള്ള രണ്ട് രാഷ്ട്രങ്ങളെന്ന നിലയ്ക്കായിരുന്നു, പാക്കിസ്ഥാനും ഹിന്ദുസ്ഥാനും യഥാക്രമം പരസ്പരം അഭിമുഖീകരിക്കേണ്ടിയിരുന്നത്.

(ജൂറിയിൽ ഒരു മുറുമുറുപ്പ് ഉയരുന്നു. അവർ പരസ്പരം, അനുകൂലിച്ചും പ്രതികൂലിച്ചും തലകുലുക്കി സംസാരിക്കുന്നു)

എതിർവിസ്താരകൻ: ഇന്ത്യ ഹിന്ദുസ്ഥാനായിരുന്നെങ്കിൽ, ന്യൂനപക്ഷത്തിന് എന്ത് സംഭവിക്കുമായിരുന്നു?

മു.പ്ര: ബ്രിട്ടനിലുള്ളത് ക്രിസ്ത്യൻ ആംഗ്ലിക്കൻ രാജ്യാധിപത്യമാണ്. എന്നാൽ ഒരുഘട്ടത്തിൽ, ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിൽ നാല് മുസ്ലിങ്ങളുണ്ടായിരുന്നു. ക്യാബിനറ്റിൽ ശക്തരായ ഹിന്ദു മന്ത്രിമാരും. വർഷങ്ങളോളം, ലണ്ടനിലെ ഏറ്റവും സ്വാധീനമുള്ള മേയർ ഒരു മുസ്ലിമായിരുന്നു. നിയമം അനുശാസിക്കുന്നത്, എല്ലാവർക്കും തുല്യമായ അവസരം എന്നാണ്. അതുപോലെ, ഹിന്ദുസ്ഥാനും മുസ്ലിം വിരുദ്ധമാകരുതായിരുന്നു. അധികാരത്തിന്റെ സന്തുലനം ഹിന്ദുക്കൾക്ക് അനുകൂലമായേക്കാം, എന്നാൽ, മുസ്ലിങ്ങൾക്ക് ഒരനീതിയും ഉണ്ടാവുമായിരുന്നില്ല. ഒന്നുമില്ലെങ്കിൽ, നൂറ്റാണ്ടുകളായി നമ്മൾ ഈ രാജ്യത്ത് ഒരുമിച്ച് ജീവിച്ചിരുന്നതല്ലേ? ഹിന്ദുവാണെന്നതുകൊണ്ട് മുസ്ലിംവിരുദ്ധൻ എന്ന് അർത്ഥമില്ല.

എതിർവിസ്താരകൻ (ഹി.പ്ര.യോട്): എന്തെങ്കിലും എതിർപ്പുണ്ടോ?

(ജൂറികൾക്കിടയിൽ മുറുമുറുപ്പ്. പലരും അനുകൂലിച്ച് തല കുലുക്കുന്നു)

ഹി.പ്ര: മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാപകർക്ക് മറ്റ് പരിഗണനകളുമുണ്ടായിരുന്നു. അവർ ഒരു ഹിന്ദു ഹിന്ദുസ്ഥാൻ സൃഷ്ടിച്ചിരുന്നെങ്കിൽ, കശ്മീരിനെ ഇന്ത്യയിൽ നിലനിർത്താനുള്ള ന്യായം നഷ്ടമയേനേ.

എതിർവിസ്താരകൻ: ഒന്ന് വിശദമാക്കൂ.

ഹി.പ്ര: കൂടുതൽ എന്താണ് ഞാൻ പറയേണ്ടത്?

മു.പ്ര (അല്പം കുസൃതിയോടെ): അദ്ദേഹം കള്ളി വെളിച്ചത്താക്കി. വിഭജനകാലത്തെ ബ്രാഹ്മണ മനസ്ഥിതി കോടതി മനസ്സിലാവുന്നതിനായി അല്പം കൂടി വിശദമാക്കൂ.

ജൂറി ഒന്നടങ്കം: ഒന്ന് വിശദമാക്കൂ. ഈ രാജ്യത്തെ ജനങ്ങളോട് നിങ്ങൾക്കതിനുള്ള ബാധ്യതയുണ്ട്.

‘ജഡ്ജി (ഹി.പ്ര.യോട്): കശ്മീരിനെകുറിച്ചുള്ള ആ ഭാഗം ഒന്ന് വ്യക്തമാക്കൂ.

ഹി.പ്ര (അല്പം സംശയിച്ച്): സ്വാതന്ത്ര്യത്തിന്റെ സമയത്ത് ഏതാണ്ട് 584 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ചിലർ ഇന്ത്യയുടെ കൂടെയും മറ്റ് ചിലർ പാക്കിസ്ഥാന്റെ കൂടെയും പോകാൻ ആഗ്രഹിച്ചു. എന്നാൽ, നിങ്ങൾക്കറിയാവുന്നതുപോലെ, കശ്മീരിലെ സ്ഥിതി വ്യത്യസ്തമായിരുന്നു.പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന, മുസ്ലിമുകൾക്ക് ഭൂരിപക്ഷമുള്ള, ഹിന്ദു രാജാവിന്റെ കീഴിലായിരുന്നു അത്. ജനാധിപത്യനിയമങ്ങൾ ബാധകമാക്കേണ്ടതായിരുന്നു. ഇത്തരം കാര്യങ്ങളിൽ ജനങ്ങളുടെ ഇഷ്ടം പ്രധാനമാണ്. ഇന്ത്യൻ നേതാക്കൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു: ഇന്ത്യ ഹിന്ദുരാജ്യമായിരുന്നെങ്കിൽ, മുസ്ലിം ഭൂരിപക്ഷമുള്ള പ്രവിശ്യ എന്ന നിലയ്ക്കും, പാക്കിസ്ഥാനോട് ചേർന്നുകിടക്കുന്ന സ്ഥലമെന്ന നിലയ്ക്കും കശ്മീർ പാക്കിസ്ഥാനിലേക്ക് പോവുമായിരുന്നു. മറിച്ച്, മതേതരമായ ഒരു ഇന്ത്യയ്ക്ക്, അതിന്റെ മതേതരത്വത്തെ ബലപ്പെടുത്താൻ കശ്മീരിനെ ആവശ്യവുമായിരുന്നു. മതേതര, ജനാധിപത്യ ഇന്ത്യയിൽ, കശ്മീരിലെ ജനങ്ങൾ സന്തുഷ്ടരാണെങ്കിൽ..

മു.പ്ര (അക്ഷരാർത്ഥത്തിൽ അത് പൂർത്തിയാക്കുന്നു); എങ്കിൽ, മുസ്ലിം മതാധിഷ്ഠിത പാക്കിസ്ഥാൻ രാജ്യത്തിന് അതിന്റെ അവകാശം നഷ്ടപ്പെടുമായിരുന്നു.

എതിർവിസ്താരകൻ: ഞാൻ മനസ്സിലാക്കിയത് ശരിയാണെങ്കിൽ, നിങ്ങൾ പറഞ്ഞുവരുന്നത്, ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി പ്രഖ്യാപിച്ചതിന്റെ പിന്നിൽ, റിപ്പബ്ലിക്കിന്റെ സ്ഥാപകനേതാക്കൾക്ക് ഉന്നതമായ മൂല്യങ്ങളും, അതോടൊപ്പം, പ്രായോഗികമായ രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നു എന്നല്ലേ? മുസ്ലിം മതാധിഷ്ഠിത രാജ്യമായ പാക്കിസ്ഥാന് തുല്യമാവണമെങ്കിൽ ഒരു ഹിന്ദു ഇന്ത്യ ആവശ്യമായിരുന്നു. എന്നാൽ ഒരു ഹിന്ദു ഇന്ത്യയ്ക്ക് മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിനെ – ഇന്ത്യയുമായി തുടർച്ചയായ അതിർത്തികളുള്ള കശ്മീരിനെ – കൈയ്യിൽ വെക്കാനുള്ള ന്യായങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല. മറ്റ് ചില കാരണങ്ങളുമുണ്ടായിരുന്നു. നെഹ്രുവിന്റെ വ്യക്തിത്വത്തിലുണ്ടായിരുന്ന ‘പാശ്ചാത്യ’ഘടകം, ഒരുകൂട്ടം ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിലേക്ക് ആകർഷിക്കുകയും ചെയ്തു. അദ്ദേഹത്തിനെപ്പോലെത്തന്നെ ഒക്സ്ഫോർഡിലും കേംബ്രിഡ്ജിലുമൊക്കെ പഠിച്ചുവന്ന ചിലരെ..മുണ്ടുടുത്ത, നാടൻ ഇന്ത്യയോട് അവർക്കൊരുതരം വെറുപ്പാണ് ഉണ്ടായിരുന്നത്.

(ജൂറി അംഗങ്ങൾ പരസ്പരം അതിശയത്തോടെ നോക്കുന്നു)

എതിർവിസ്താരകൻ: നമുക്ക് അല്പം മുന്നോട്ട് വേഗത്തിൽ പോയി, എന്തുകൊണ്ടാണ് നെഹ്രുവിന്റേയും ഗാന്ധിയുടേയും മതേതര ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം മാഞ്ഞുപോയതെന്ന് പരിശോധിക്കാം.

മു.പ്ര: ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. മതേതരമായ ഒരു ഹിന്ദു ഇന്ത്യയെയാണ് ഗാന്ധി ആഗ്രഹിച്ചിരുന്നത്. അങ്ങിനെയൊരു ഇന്ത്യ ദീർഘകാലം നിലനിൽക്കുന്നതും പരക്കെ അംഗീകരിക്കപ്പെടുന്നതും ആവുമായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മതേതര ഇന്ത്യയെക്കുറിച്ചുള്ള നെഹ്രുവിന്റെ സങ്കല്പം, ‘താഴ്ന്ന മധ്യവർഗ്ഗക്കാർ’ അദ്ദേഹം‌തന്നെ കത്തുകളിൽ വിശേഷിപ്പിച്ച ജനങ്ങളോട് സഹതാപത്തോടെ പെരുമാറുന്ന ഒന്നായിരുന്നു. ഈ സങ്കല്പം ഇന്ത്യയിൽ വേരുള്ള ഒന്നല്ല. അത്, തുർക്കിയിലെ അതാതുർക്കിന്റെ മതേതരത്വം പോലെയുള്ള ഒന്നാണ്. ഭരണവർഗ്ഗം ആ മതേതരത്വത്തെ പിന്തുണയ്ക്കുന്നതുവരെ മാത്രമേ അതിന് നിലനിൽ‌പ്പുള്ളു.

അനിത (സദസ്സിൽനിന്ന് ചാടിയെഴുന്നേറ്റ്): നെഹ്രു ആഗ്രഹിച്ചത് ഒരു മതനിരപേക്ഷ, സോഷ്യലിസ്റ്റ് ഇന്ത്യയെയാണ്.

(തടസ്സപ്പെടുത്തിയത് ഇഷ്ടപ്പെടാത്ത മട്ടിൽ ജഡ്ജി ചുറ്റികയെടുത്ത് മേശയിലടിക്കുന്നു)

എതിർവിസ്താരകൻ: ക്ഷമിക്കണം, ഗാലറിയിൽനിന്നുള്ള ഇടപെടലുകൾ പാടില്ല.

ജഡ്ജി(എതിർവിസ്താരകനോട്): ഒന്ന് വേഗമാക്കൂ..നമ്മുടെ നിഗമനങ്ങൾ ഇന്ത്യയുടെ ചീഫ് ജസ്റ്റീസിന് അടിയന്തരമായി സമർപ്പിക്കേണ്ടതുണ്ട്.  

എതിർവിസ്താരകൻ: രണ്ട് പ്രതിനിധികളും എന്നെ അതിനനുവദിച്ചാൽ, ഞാൻ ചുരുക്കിപ്പറയാം. കൂട്ടത്തിൽ എന്റെ ചില ചിന്തകളും കൂട്ടിച്ചേർത്തിട്ടുണ്ട്. നിങ്ങൾ ഇതുവരെ പറഞ്ഞതിൽനിന്ന് അത് വ്യതിചലിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ എതിർപ്പ് അറിയിക്കാവുന്നതാണ്. മുസ്ലിങ്ങൾ നീണ്ടകാലം രാജ്യം ഭരിച്ചതിനെക്കുറിച്ചുള്ള അമർഷം പൊട്ടിപ്പുറപ്പെടാൻ കാത്തിരിക്കുകയായിരുന്നു. മുസ്ലിം ഭരണത്തിനുമുൻപ് ഇന്ത്യയ്ക്ക് ഒരു സുവർണ്ണകാലമുണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. അതിനാൽ, ഹിന്ദുക്കളുടേയും മുസ്ലിമുകളുടേയുമിടയിൽ ഈ ദ്വിരാഷ്ട്രവാദത്തിന് ധാരാളം അനുയായികളുണ്ടായിരുന്നിരിക്കണം. മുസ്ലിം പാക്കിസ്ഥാന്റെ സൃഷ്ടി മുസ്ലിമുകൾക്കിടയിൽ എങ്ങിനെയായിരിക്കും പ്രതിധ്വനിച്ചിട്ടുണ്ടാവുക എന്ന സങ്കല്പിച്ചുനോക്കൂ. എന്നാൽ മതേതര ഇന്ത്യ ഒരു ഉന്നതമായ സങ്കല്പമായിരുന്നു. ബ്രിട്ടീഷ് ഭരണവർഗ്ഗത്തിന് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുന്നോടിയായി നടന്ന പൊതുജനസഭയിലെ ചർച്ചകൾ നോക്കിയാൽ അത് മനസ്സിലാവും. വിഭജനം മൂലം തങ്ങൾ ചതിക്കപ്പെട്ടുവെന്ന് ഹിന്ദു വലതുപക്ഷത്തിന് അനുഭവപ്പെട്ടു. അത് മനുഷ്യസ്വഭാവമാണ്. 1947-നുശേഷം, ഹിന്ദു-മുസ്ലിങ്ങൾ പരസ്പരവൈരം മറന്ന്, രാഷ്ട്രനിർമ്മാണത്തിൽ മുഴുകി. തീർച്ചയായും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലത് വളരെ രൂക്ഷവുമായിരുന്നു. എന്നാൽ, ക്രമേണ, ഹിന്ദു-മുസ്ലിം സംഘർഷത്തിന്റെ സ്ഥാനത്ത് പുതിയ ചിലത് വന്നു: രാജ്യത്തിന്റെയും പൊലീസിന്റേയും സഹായത്തോടെ ഹിന്ദുപ്രക്ഷോഭകർ മുസ്ലിമുകൾക്കുനേരെ തിരിഞ്ഞു. ഉദാഹരണത്തിന്, അതിർത്തിഗാന്ധിയായ ഖാൻ അബ്ദുൾ ഗാഫർ ഖാൻ, ഒരുവർഷം നീണ്ടുനിന്ന യാത്രയ്ക്കായി ഗുജറാത്തിന്റെ തലസ്ഥാനത്തെത്തിയപ്പോൾ പൊട്ടിപ്പുറപ്പെട്ട 1969-ലെ അഹമ്മദാബാദ് ലഹള. 600-ലേറെ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത് “മഹാത്മാ ഗാന്ധിയുടേയും സർദാർ വല്ലഭായി പട്ടേലിന്റേയും നഗരത്തിൽ എന്താണ് നടക്കുന്നതെന്ന് നോക്കൂ” എന്ന് അദ്ദേഹം പറയുകയുണ്ടായി. തീവെപ്പിൽ നശിച്ച മുസ്ലിങ്ങളുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു.

ഹി.പ്ര (എതിർവിസ്താരകനോട് ദേഷ്യപ്പെട്ട്): സർ, നിങ്ങൾ ഹിന്ദു-വിരുദ്ധമായ ഒരു ഭാഷ്യമാണ് നൽകുന്നത്.

മു.പ്ര (കളിയാക്കിക്കൊണ്ട്): സത്യം പറയാൻ എന്റെ സുഹൃത്തിനെ അനുവദിക്കൂ..

ജഡ്ജി: തടസ്സപ്പെടുത്തരുത് (എതിർവിസ്താരകനോട്) ദയവായി തുടരൂ.

എതിർവിസ്താരകൻ: ശരി, വർഗ്ഗീയതയെ അവസാനിപ്പിച്ചുവെങ്കിലും നിഷേധിക്കാനാവാത്ത ഒരു അമർഷം എന്നും ഇവിടെ ഉണ്ടായിരുന്നു. സൌഹാർദ്ദത്തിനും സംഘർഷത്തിനുമിടയിലൂടെയാണ് ഇന്ത്യ എന്നും തിളച്ചുകൊണ്ടിരുന്നത്. പ്രധാനമന്ത്രി വി.പി.സിംഗ് എരിതീയിൽ എണ്ണയൊഴിക്കുന്നതുവരെ. ഇതരപിന്നാക്കജാതികൾക്ക് സർക്കാർ ജോലികളിലുള്ള സംവരണം വർദ്ധിപ്പിച്ച മണ്ഡൽ കമ്മീഷൻ നടപ്പാക്കിയത് അദ്ദേഹമായിരുന്നു. ദളിതുകൾക്കും ആദിവാസികൾക്കും കൊടുത്തിരുന്ന പങ്കിന് പുറമേയായിരുന്നു അത്. വലിയ ബഹളമുണ്ടായി. സവർണ്ണജാതിക്കാരുടെ വലിയ കലാപം. സവർണ്ണവിദ്യാർത്ഥികൾ ആത്മാഹുതി ചെയ്തു. ഹിന്ദുക്കളുടെ ഒത്തൊരുമയ്ക്ക് ഇത് ഭീഷണിയാവുമെന്ന് ഹിന്ദു വലതുപക്ഷം കരുതി. ജാതിവ്യത്യാസങ്ങൾ എന്നും നിലനിന്നിരുന്നു എന്ന് ഞാൻ അറിയിക്കട്ടെ – പത്രങ്ങളിൽ വിവാഹപ്പരസ്യം വായിച്ചാൽ മാത്രം മതി, അത് മനസ്സിലാക്കാൻ. അവ വായിച്ചാൽ ഒന്നുകിൽ നിങ്ങൾ കരയും, അല്ലെങ്കിൽ ചിരിച്ചുചിരിച്ചു ചാവും.

(ജൂറി അംഗങ്ങൾക്കിടയിൽ ഒരു ഇളക്കം. അമീർ ഖുസ്രു എഴുന്നേൽക്കുന്നു)

അമീർ ഖുസ്രു: ഈ അനാവശ്യമായ ചരിത്രത്തിലേക്ക് എന്തിനാണ് ഞങ്ങളെ വലിച്ചിഴയ്ക്കുന്നത്. ഞങ്ങളെല്ലാവരും (ജൂറി അംഗങ്ങളെ ചൂണ്ടിക്കാട്ടി) ഈ രാജ്യത്തിനെ അവരവരുടേതായ വിധത്തിൽ സ്നേഹിക്കുന്നു. എന്നാൽ ഇന്ന് നിങ്ങൾ അവതരിപ്പിക്കുന്ന ചരിത്രത്തിന്റെ ഭാഗവുമായി ഞങ്ങൾക്കൊരു ബന്ധവുമില്ല. നിങ്ങളെന്തിനാണ് ഈ കോമാളിത്തരം കാണാൻ ഞങ്ങളെ ഇടയാക്കുന്നത്? ഈ കോടതിവിചാരണയിൽ പങ്കെടുക്കാൻവേണ്ടി നടത്തിയ സമയയാത്ര അത്ര എളുപ്പമൊന്നുമായിരുന്നില്ല.

ജഡ്ജി (ക്ഷമാപണത്തോടെ): അതിന് ഞങ്ങളെല്ലാവരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളെപ്പോലെയുള്ള ആളുകൾ കാരണമാണ് ഈ രാജ്യം ഇത്ര മഹത്തരമായ ഒന്നായത്. ഈ രാജ്യം ഇതിനുമുമ്പൊരിക്കലും കടന്നുപോയിട്ടില്ലാത്ത ഒരു പ്രതിസന്ധിയിൽപ്പെട്ടതുകൊണ്ടുമാത്രമാണ് നിങ്ങളെ ഇവിടെ കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കേണ്ടിവന്നത്. എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. അവരിനി തിരിച്ചുവരികയാണെങ്കിൽ, അത് നിങ്ങളെല്ലാവരുംചേർന്നുണ്ടാക്കിയ ആ പഴയ അഭിപ്രായ ഐക്യത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടായിരിക്കും. ഈ രാജ്യം ദീർഘകാലം നിലനിന്നതുതന്നെ ആ ഐക്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നിങ്ങളുടെ സാന്നിധ്യം ഒന്നുമാത്രമാണ് ഈ നടപടികൾക്ക്, അതിനില്ലാതിരുന്ന ഒരു അന്തസ്സ് പ്രദാനം ചെയ്യുന്നത്.

(അമീർ ഖുസ്രു ഇരിക്കുന്നു. ജൂറി അംഗങ്ങൾ പരസ്പരം സംസാരിക്കുന്നു)

ജഡ്ജി (എതിർവിസ്താരകനോട്); ദയവാ‍യി തുടരൂ

എതിർവിസ്താരകൻ: അങ്ങിനെ, ജാതിയും സമുദായവും അടിസ്ഥാനപ്പെടുത്തി സ്വന്തം വോട്ടുബാങ്കുണ്ടാക്കാനായി രാഷ്ട്രീയക്കാർ വർഗ്ഗീയതയുടെ കുട്ടകം ഇളക്കാൻ തുടങ്ങി. യഥാർത്ഥവും ഭാവനാ‍പരവുമായ മുസ്ലിം അതിക്രമങ്ങളുടെ പ്രതീകങ്ങളെ ഹിന്ദു വലതുപക്ഷം ഉപയോഗിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായ എൽ.കെ.അദ്വാനി രഥയാത്ര നടത്തി, സോമനാഥ ക്ഷേത്രത്തെക്കുറിച്ചും, മഹമൂദ് ഗസ്നി ആ ക്ഷേത്രം ആവർത്തിച്ചാവർത്തിച്ച് കൊള്ളയടിച്ചതിനെക്കുറിച്ചും പറഞ്ഞ് ഹിന്ദുക്കളെ പ്രകോപിതരാക്കി.

മു.പ്ര (പ്രതിഷേധിക്കുന്നു): ചരിത്രപരമായ തെളിവ്? തെളിവുണ്ടോ?

ജഡ്ജി: ദയവായി തടസ്സപ്പെടുത്തരുത്.

എതിർവിസ്താരകൻ: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി രാഷ്ട്രീയപ്പാർട്ടികൾ ജാതികളേയും സമുദായങ്ങളേയും വിഭജിക്കുകയാണ് ചെയ്തുകൊണ്ടിരുന്നതെങ്കിൽ, ബാബറി മസ്ജിദ്-രാമ ജന്മഭൂമി പ്രക്ഷോഭമാകട്ടെ, അവർക്ക് ഒരു സുവർണ്ണാവസരമുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. ഹിന്ദുദൈവമായ രാമന്റെ ജന്മസ്ഥലം ബാബർ നശിപ്പിച്ചു എന്നായിരുന്നു ആരോപണം. രാമൻ ജനിച്ചത് അയോദ്ധ്യയിൽത്തന്നെയായിരുന്നോ, ആ ജന്മസ്ഥലത്തുതന്നെയാണോ ബാബർ മനപ്പൂർവ്വം പള്ളി പണിതത് എന്നീ വസ്തുതകളൊന്നും വേണ്ടവിധത്തിൽ അന്വേഷിക്കപ്പെട്ടിരുന്നില്ല. വെറും ഊഹാപോഹങ്ങൾ ഹിന്ദുക്കളുടെ അമർഷത്തെ ആളിക്കത്തിക്കുകയായിരുന്നു. വിശ്വാസത്തിന്റെ പ്രശ്നമായി മാറി അത്. 1992 ഡിസംബർ 6-ന് ഹിന്ദു സന്നദ്ധസേനകൾ ബാബറി മസ്ജിദ് തല്ലിത്തകർത്തതോടെ, വിഷയം മൂർദ്ധന്യത്തിലെത്തി.

മു.പ്ര: എന്റെ കൈയ്യിൽ ചിത്രങ്ങളുണ്ട്. മുസ്ലിങ്ങൾക്കുമേലുള്ള ഹിന്ദുക്കളുടെ വിജയം എന്ന രീതിയിലാണ് ചില ഹൈന്ദവനേതാക്കന്മാർ അതിനെ ആഘോഷിച്ചത് (മുസ്ലിം വക്താവിനെ നിശ്ശബ്ദനാക്കാനെന്നപോലെ ജഡ്ജി ചുറ്റികയെടുത്ത് നിഷ്ഫലമായി മേശയിലടിക്കുന്നു) ബാബറെ തോൽ‌പ്പിച്ചതുപോലെ, മുസ്ലിം സാമ്രാജ്യത്തിനെയാണ് തോൽ‌പ്പിച്ചതെന്ന് തോന്നും.

(ബഹളം വെച്ച മുസ്ലിം പ്രതിനിധിയെ കോടതിയുദ്യോഗസ്ഥർ കോടതിയുടെ പുറത്തേക്ക് അനുഗമിക്കുന്നു)

എതിർവിസ്താരകൻ: ഞാൻ തുടർന്നോട്ടെ?

ജഡ്ജി: ദയവായി തുടരൂ

എതിർവിസ്താരകൻ: അതുകൊണ്ട്, മുസ്ലിംവിരോധത്തിന്റെ കലം വേവിക്കാൻ ഹിന്ദു വലതന്മാർ അയോദ്ധ്യയെ ആശ്രയിച്ചു. പക്ഷേ മറ്റ് ചിലതുകൂടി ആവശ്യമായിരുന്നു. ദേശീയതയുമായി കൂട്ടിക്കെട്ടിയാലേ വർഗ്ഗീയത കൊയ്യാൻ പറ്റൂ എന്ന് നേതൃത്വത്തിന് ബോധമുണ്ടായി. അങ്ങിനെ, പാക്കിസ്ഥാനുമായി സ്ഥിരമായ ശത്രുത ആ തന്ത്രത്തിന്റെ ഭാഗമായി. 9/11-ന് ശേഷമുള്ള ഇസ്ലാമോഫോബിയ സ്വാഭാവികമായും അതിനെ സഹായിക്കുകയും ചെയ്തു.

ഹി.പ്ര(പ്രതിഷേധിച്ചുകൊണ്ട്): ഇത് അനുവദിക്കാനാവില്ല. ഹിന്ദുവിരുദ്ധ ശൈലി അനുവദിക്കുകയാണ് കോടതി. കോടതി ഹിന്ദുവിരുദ്ധമാണോ?

ജഡ്ജി: ഈ പ്രസ്താവന താങ്കൾ പിൻ‌വലിക്കുന്നുവെന്ന് കോടതി കരുതുന്നു, അതല്ലെങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കപ്പെടും (ഒന്ന് നിർത്തി), ഞങ്ങൾക്ക് എതിർവിസ്താരകനിൽ പരിപൂർണ്ണവിശ്വാസമുണ്ട് (എതിർവിസ്താരകനെ നോക്കി), ദയവായി തുടരൂ.

എതിർവിസ്താരകൻ: താമസിയാതെ, മുസ്ലിങ്ങളും തീവ്രവാദികളും എന്നത് പരസ്പരം വെച്ചുമാറാവുന്ന ഘടകങ്ങളായി. ഇനി കോടതിയുടെ അനുവാദത്തോടെ, എന്റെ മനസ്സിലാക്കലുകളെ ഈ ജൂറി അംഗങ്ങൾക്ക് ഒരു ചിത്രത്തിലൂടെ വ്യക്തമാക്കിക്കൊടുക്കാനാവുമെന്ന് കരുതുന്നു.

ജഡ്ജി: അനുവാദം തന്നിരിക്കുന്നു.

(കോടതിമുറിയിൽ വെച്ചിരിക്കുന്ന ഒരു സ്ക്രീനിൽ ഒരു ത്രികോണം പ്രദർശിപ്പിക്കുന്നു)

എതിർവിസ്താരകൻ (സ്ക്രീനിലേക്ക് ചൂണ്ടിക്കൊണ്ട്): ആ ത്രികോണത്തിലെ ഒരു ലൈൻ ന്യൂദില്ലി-ശ്രീനഗർ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. വളരെ അസ്വസ്ഥമായ ഒന്നായി നമുക്കതിനെ വിശേഷിപ്പിക്കാം. (പിന്നീട്, ഇന്ത്യ-പാക്കിസ്ഥാൻ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വര കാണിക്കുന്നു..ഈ രണ്ടാമത്തെ വര അത്യധികം പുകഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ്..പാക്കിസ്ഥാനെ ഒരു സ്ഥിരം ശത്രുവായി എണ്ണിയിരിക്കുന്നു (ഹിന്ദു-മുസ്ലിം എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ത്രികോണത്തിലെ മൂന്നാമത്തെ വരയിലേക്ക് ചൂണ്ടി) സങ്കീർണ്ണമായ ഒട്ടനവധി പ്രശ്നങ്ങളുള്ള മൂന്നാമത്തെ വരയാണ് ഇത്. മറ്റ് രണ്ട് വരകളേയും ബാധിക്കാതെ ഇതിൽ ഒരു വരയേയും നിങ്ങൾക്ക് സ്പർശിക്കാനാവില്ല. (സ്ലൈഡ് പ്രൊജക്റ്റർ ഓഫ് ആവുന്നു) അതുകൊണ്ട്, കശ്മീർ പ്രശ്നം പരിഹരിക്കാൻ കശ്മീരിലേക്ക് പോവുകയാണെന്ന് ഒരാൾ/ഒരുവൾ പറയുന്നുവെങ്കിൽ അത് നുണയാണ്. കാരണം, നിങ്ങൾ കശ്മീർ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങുമ്പോഴേ, ത്രികോണത്തിലെ മൂന്നാമത്തെ വരയെ – പാക്കിസ്ഥാനെ – ചർച്ചയിലേക്ക് കൊണ്ടുവരേണ്ടിവരും. ഇപ്പോൾ കശ്മീർ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായതിനാൽ, സമാധാനത്തിലേക്കുള്ള വഴി കൂടുതൽ സങ്കീർണ്ണമായിത്തീർന്നിരിക്കുന്നു. കാരണം, ഈ ത്രികോണത്തിൽ ഇപ്പോൾ രണ്ട് വ്യത്യസ്ത സത്തകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജമ്മു-കശ്മീർ എന്നും ലഡാക്ക് എന്നും പേരുള്ള രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾ. ഇനി എങ്ങിനെയാണ് നിങ്ങൾ പാക്കിസ്ഥാനെ കൊണ്ടുവരിക? ഇനി, എന്തെങ്കിലും ദിവ്യാത്ഭുതംകൊണ്ട് നിങ്ങൾ പാക്കിസ്ഥാനുമായി ര‌മ്യതയിലാവുകയും ഇന്ത്യാ-പാക്കിസ്ഥാൻ ബന്ധം ഹാർദ്ദവമാവുകയും ചെയ്താൽ, ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ബന്ധവും സൌഹാർദ്ദപരമാവും. അങ്ങിനെ സംഭവിക്കുകയാണെങ്കിൽ, ഇന്ന് ഹിന്ദുത്വശക്തികൾ കഠിനമായി അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന ഹൈന്ദവ ഐക്യത്തിന് എന്ത് സംഭവിക്കും?

ഹി.പ്ര (ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ്): ഇത് ഹിന്ദുവിരുദ്ധമാണ്!

ജഡ്ജി (വളരെ അസന്തുഷ്ടിയോടെ): ഇത് കോടതിയലക്ഷ്യമാണ്. അത് അവസാനത്തെയും ഒടുവിലത്തെയും മുന്നറിയിപ്പാണ്.

ഹി.പ്ര (ലജ്ജയോടെ ഇരുന്ന്): ഞാൻ ക്ഷമ ചോദിക്കുന്നു..ക്ഷമ ചോദിക്കുന്നു.

ജഡ്ജി: ഈ വിചാരണയുടെ പ്രാധാന്യത്തെക്കുറിച്ച് കോടതിയേയും ജൂറി അംഗങ്ങളേയും ഓർമ്മിപ്പിക്കാൻ എന്നെ അനുവദിക്കുക. ആരാണ് തെറ്റുകാരൻ, ആരുടെ ഭാഗത്താണ് ശരി എന്ന് നിശ്ചയിക്കാനല്ല ഈ പ്രത്യേക കോടതി കൂടിയിരിക്കുന്നത്. അപ്രത്യക്ഷരാവാൻ തീരുമാനിച്ച നമ്മുടെ മുസ്ലിം സഹോദരന്മാർക്കും സഹോദരിമാർക്കും വിശ്വാസം തോന്നുന്ന മട്ടിൽ അവരോട് സംസാരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായാണ് നമ്മൾ കൂടിയിരിക്കുന്നത്. തിരിച്ചുവരാൻ അവരെ പ്രേരിപ്പിക്കണം. ഈയൊരു ലക്ഷ്യത്തിനായി, മറ്റൊരു ലോകത്തിൽനിന്ന് ഇവിടേക്ക് വന്ന വിശിഷ്ടരായ നമ്മുടെ ജൂറി അംഗങ്ങൾക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ഒരു വഴി നമുക്ക് പറഞ്ഞുതരാൻ കഴിയുകയാണെങ്കിൽ ഹാർദ്ദമായി അവരെ സ്വാഗതം ചെയ്യുന്നു.

അമീർ ഖുസ്രു (എഴുന്നേറ്റ് ഓരോരോ വാക്കും അളന്നുമുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു): തിരിച്ചറിയുന്നതിനുള്ള ഒരു മാർഗ്ഗമെന്ന നിലയ്ക്ക് എതിർവിസ്താരകൻ ഇവിടെ വരച്ചുകാണിച്ച ത്രികോണം വളരെ സഹായകമാണ്. പക്ഷേ, ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നിരുന്ന സാംസ്കാരികവിനിമയത്തിനും സാംസ്കാരികപങ്കാളിത്തത്തിനും എല്ലാ സമുദായങ്ങളും ഒരുമിച്ച് പങ്കെടുത്തിരുന്ന ജീവിതരീതിക്കും വന്ന തടസ്സമാണ് ഇവിടെ പരാമർശിക്കപ്പെടാതെ പോയത്. മറ്റൊരു ലോകത്തിൽനിന്ന് വന്ന (ആകാശത്തേക്ക് ചൂണ്ടിക്കൊണ്ട്) ഞങ്ങൾക്ക് വെറുപ്പിന്റെ ഈ വർത്തമാനകാല സാഹചര്യം മനസ്സിലാവുന്നതേയില്ല. ദൈവഭയമുള്ള മുസ്ലിമാണെങ്കിലും, ഭഗവാൻ രാമനെ പ്രകീർത്തിച്ചുകൊണ്ടുള്ള കവിതകൾ സംസ്കൃതത്തിലെഴുതിയിട്ടുള്ള ഒരു കവിയാണ് ഞാൻ. എന്റെ സുഹൃത്ത് ഹസ്രത്ത് മൊഹാനി ഹജ്ജ് കർമ്മം കഴിഞ്ഞ് വരുമ്പോഴൊക്കെ, രാധയെ സന്ദർശിക്കാനായി ബർസാനയിൽ പോകുമായിരുന്നു. അതിനൊരു കാരണമുണ്ട്. പ്രവാചകൻ മുഹമ്മദാണ് അന്ത്യപ്രവാചകനെന്ന് ഖുർ‌ആനിൽ എഴുതപ്പെട്ടിരിക്കുന്നു. എന്നാൽ ഖുർ‌ആൻതന്നെ പറയുന്നുണ്ട്, ആദികാലം മുതൽക്കേ –ആദമിലേക്കും ഹവ്വയിലേക്കും നമുക്ക് പോകാം – ഒരുലക്ഷത്തി ഇരുപതിനായിരം പ്രവാചകന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന്. ഇന്ത്യയെപ്പോലെ മഹത്തായ ഒരു സംസ്കാരത്തിലും അതുണ്ടാവാതിരിക്കാൻ തരമില്ല. ഇതാണ് ഞങ്ങളുടേയും ഹസ്രത്ത് മൊഹാനിയുടെ ഗുരുവായ ബൻസാ ഷെരീഫിലെ ബാബാ റസാക്കിന്റേയും വിശ്വാസം. ഭഗവാൻ രാമനും ഭഗവാൻ കൃഷ്ണനും രണ്ട് പ്രവാചകന്മാരായിരുന്നു എന്ന് ഞങ്ങളുടെ വിശ്വാസം ഞങ്ങളോട് പറയുന്നു. ഇത് ഞങ്ങളുടെ വിശ്വാസമാണ്. രാമനോടും കൃഷ്ണനോടുമുള്ള ഞങ്ങളുടെ ആരാധനയ്ക്ക് പുറമേ, ഈ രാജ്യത്ത് ആരാധിക്കപ്പെടേണ്ട ധാരാളം മറ്റ് കാര്യങ്ങളുമുണ്ട്. മഹാനായ സാൽബെഗ് ഭഗവാൻ ജഗന്നാഥന്റെ ശിഷ്യനായിരുന്നു. ഭഗവാനോടുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങളുടെ ഏറ്റവും വലിയ ഗായകൻ മുസ്ലിമായിരുന്ന സിക്കന്തർ ആലം ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? (ഒന്ന് നിർത്തി, ഇ ഖാനയിലെ, അബ്ദുൾ റഹിം ഖാനുനേരെ വിരൽചൂണ്ടിക്കൊണ്ട്), ഇവിടെ നിങ്ങളുടെ മുമ്പിൽ ഇതാ ഒരു രാജ്യതന്ത്രജ്ഞനും, ഭടനും, ഗായകനും, എല്ലാറ്റിലുമുപരി, ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനുമായ ഒരാൾ ഇരിക്കുന്നു. പക്ഷേ, ഭഗവാൻ രാമനെ ആരാധിച്ചുകൊണ്ട് സംസ്കൃതത്തിൽ അദ്ദേഹമെഴുതിയ കവിതകൾ സമാനമില്ലാത്തതാണെന്ന് അറിയുന്ന എത്രപേരുണ്ട് നിങ്ങളിൽ? ഇനി, എന്റെ സഹോദരൻ മൊഹ്സിൻ കക്കോർവി. പ്രവാചകൻ മുഹമ്മദിനോട് അതിരറ്റ ആരാധനയുള്ളയാൾ. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും കാശിയിലേയും മഥുരയിലേയും വൃന്ദാവനത്തിലേയും മൂർത്തികളെക്കുറിച്ചുള്ളതാണ്. (തുളസീദാസിനെ ചൂണ്ടിക്കൊണ്ട്), പിന്നെ, ഇതാ, അവധിലെ ഏറ്റവും വലിയ കവി.

 

(കോടതിമുറിയിൽ കരഘോഷം മുഴങ്ങുന്നു. ജഡ്ജി, സംയമനത്തിനായി അഭ്യർത്ഥിക്കുന്നു)

ജഡ്ജി: ദയവായി കോടതിയിൽ അച്ചടക്കം പാലിക്കണം. (അമീർ ഖുസ്രുവിനോട്), ദയവായി തുടരുക.

അമീർ ഖുസ്രു (തൊണ്ട ശരിയാക്കുന്നു): നന്ദി..ഇനി, അല്ലാവുദ്ദീൻ ഖാൻ സാഹേബുമുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിനും മറാത്തി നാട്യസംഗീതത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്ക് താരത‌മ്യങ്ങളില്ല. അദ്ദേഹത്തിന്റെ ശിഷ്യരിൽ, കേസർ ഭായി കേർക്കറും, മല്ലികാർജ്ജുൻ മൻസൂറും ഉൾപ്പെടുന്നു. പിന്നെ, തന്റെ ഗുരുവിനെ ഒരിക്കലും മറന്നിട്ടില്ലാത്ത, നമ്മുടെ ഏറ്റവും വലിയ ഗായകരിൽ ഒരാളായ മൊഗുബായിയും. എല്ലാ വർഷവും മാർച്ച് 14-ന്, മൊഗൂബായിയും അവരുടെ മകൾ കിഷോരി അമോങ്കറും ആ വലിയ സംഗീതജ്ഞന്റെ ശവകുടീരത്തിൽ പോയി പൂക്കളർപ്പിക്കാറുണ്ട്. നമ്മുടെ ക്ലാസ്സിക്കൽ സംഗീതത്തിലെ വലിയ ഗായകരും അവതാരകരും എല്ലാം അവരുടെ ഹിന്ദുക്കളും മുസ്ലിമുകളുമായ ഗുരുക്കന്മാരെ വന്ദിക്കുന്നു. ഏത് ബാന്ദിഷും രാഗവും കേട്ടുനോക്കൂ, അതിലെല്ലാം, മൊഹമ്മദ് ഷാ രംഗീലയുടെ ആസ്ഥാനഗായകരായ ആദരംഗിന്റേയും സദാരംഗിന്റേയും കൈയ്യൊപ്പുകൾ നിങ്ങൾക്ക് കാണാം.

വിശേഷപഠനം അർഹിക്കുന്ന, ശ്രദ്ധേയമായ ഒരു അസന്തുലിതത്വം ചൂണ്ടിക്കാണിക്കാൻ ഞാനാ‍ഗ്രഹിക്കുന്നു. മുസ്ലിമുകളിലെ ഉന്നതകുലരായവർ ഹിന്ദു സംസ്കാരത്തെ പൂർണ്ണമനസ്സോടെ ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും, തിരിച്ച് ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് അത്രതന്നെ ആവേശം കാണാൻ കഴിഞ്ഞിട്ടില്ല. തീർച്ചയായും ഇക്കാര്യത്തിൽ ദരിദ്രവിഭാഗങ്ങൾ വ്യത്യസ്തമായിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും ഒരുപോലെ സന്ദർശിക്കുന്ന ധാരാളം മന്ദിരങ്ങളുണ്ട് – ഉദാഹരണത്തിന് ഗംഗാനഗറിലെ ഗോഗാമേദി പോലെയുള്ളവ..ഗോഗാമേദിയിലെ പൂജാരി, ഒരു മുസ്ലിമായ ഖുശി മുഹമ്മദാണ്.

പക്ഷേ ഹിന്ദുക്കളിലെ സവർണ്ണജാതിക്കാരാകട്ടെ, മുസ്ലിം ബിംബങ്ങളെ, ഉദാഹരണത്തിന്, പ്രവാചകൻ മുഹമ്മദിനെപ്പോലെയുള്ളവരെ ഏറ്റെടുക്കാൻ വൈമനസ്യം കാണിച്ചു. മതപരിവർത്തനത്തിന്റെ മൊത്തത്തിലുള്ള വ്യവഹാരമാണ് മുഖ്യപ്രശ്നം ഇവിടത്തെ പ്രശ്നം. അവർ മതപരിവർത്തനം നടത്താൻ ആഗ്രഹിച്ചിട്ടില്ല. അവർ പ്രവാചകനെ ബഹുമാനിക്കുകയും, ചന്ദ്രഭാൻ ബ്രാഹ്മണിനെപ്പോലെയുള്ള ചില കവികൾ ചിലപ്പോൾ, പ്രവാചകന്റെ മേൽ സ്വാതന്ത്ര്യമെടുക്കുകപോലും ചെയ്തിട്ടുണ്ട്. ഹിന്ദുദേവതകളിലേക്ക് ആത്മീയമായും സൌന്ദര്യാത്മകമായും ആകർഷിക്കപ്പെട്ട എം.എഫ്.ഹുസൈനെപ്പോലെയുള്ളവർ എടുത്തതിന് സമാനമായ സ്വാതന്ത്ര്യം. അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയും അവസാനകാലം പ്രവാസത്തിൽ കഴിയേണ്ടിവരികയും ചെയ്തു. പ്രവാചകന്റെ ചെറുമകൻ ഇമാം ഹുസൈനെക്കുറിച്ചും, അദ്ദേഹത്തിന്റെ കുടുംബത്തിനെക്കുറിച്ചും, കർബലയിലെ യുദ്ധത്തെക്കുറിച്ചും ഹൃദയസ്പൃക്കായ വിലാപകാവ്യങ്ങൾ എഴുതിയ മുൻഷി ചുനിലാൽ ദിൽഗിർ ഹിന്ദുക്കളിലെ ഒന്നാന്തരം ഉദാഹരണമാണ്. കഴിഞ്ഞ കാലങ്ങളിൽ, ഹിന്ദുക്കൾ വലിയ രീതിയിൽ മുഹറം ആചരിച്ചിരുന്നു. മുഹറമെന്നത്, ആഗോളമായ ഒരു വലിയ ദുരന്തമായിരുന്നു. നന്മയും തിന്മയും തമ്മിലുള്ള ഇതിഹാസ പോരാട്ടം. എല്ലാ വിശ്വാസങ്ങളും പങ്കെടുത്തു. ഇരുസമുദായങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്നതിൽ, മഹത്തുക്കളുടെ വലിയ പങ്കിനെ ഒരിക്കലും കുറച്ച് കാണരുത്. അവരുടെ പട്ടിക അനന്തമാണ് – ഗുരു നാനാക്ക് മഹാരാജിന്റേയും അദ്ദേഹത്തെക്കുറിച്ച് ആരാധനയോടെ എഴുതിയ നസീർ അക്ബറാബാദിയെപ്പോലെയുള്ള മുസ്ലിം കവികളുടേയും സംഭാവനകളേയും സൂചിപ്പിക്കാതെ എങ്ങിനെയാണ് ഇന്ത്യയുടെ മഹത്ത്വത്തെക്കുറിച്ച് നിങ്ങൾക്ക് പറയാനാവുക?

ഞങ്ങൾ ഈ കോടതിയോടും എതിർവിസ്താരകനോടും നന്ദിയുള്ളവരാണ്. അദ്ദേഹം സൂചിപ്പിച്ച ആ ത്രികോണം കാര്യങ്ങളെ ലളിതവത്ക്കരിക്കുന്നു. ഭൂമിയിൽ വന്നപ്പോൾ പത്രങ്ങളിലും ടിവിയിലും ഞങ്ങൾ കണ്ട അതേ സാധനങ്ങളാണ് അത്. പക്ഷേ, ആ ത്രികോണവും അത് പ്രതിനിധീകരിക്കുന്നത് എന്താണെന്നും മനസ്സിലാക്കിയാൽ, ഇന്നത്തെ ഈ വർഗ്ഗീയതാപത്തെ കുറയ്ക്കാൻ സാധിക്കുമെന്നത് ഒരു വാസ്തവമാണ്. പണ്ടാരോ പറഞ്ഞതുപോലെ, നമുക്ക് നമ്മുടെ അയൽക്കാരെ മാറ്റിത്തീർക്കാൻ കഴിയില്ല. അവരുടെ കൂടെ നമുക്ക് ജീവിക്കേണ്ടതുണ്ട്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ സാധാരണമാക്കുകയും, പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും ജനങ്ങളുമായുള്ള കൂടുതൽ ബന്ധവും പ്രദേശത്തെ താപത്തെ തണുപ്പിക്കാൻസഹായിക്കും. എന്നാൽ, സമാധാനം പുലർന്നാൽ അസ്വസ്ഥരാകുന്ന തീവ്രവാദികൾ ഇരുഭാഗത്തുമുണ്ടെന്നത് നമുക്കോർമ്മ വേണം.

അവർ ഉപജീവിക്കുന്നത് സംഘർഷത്തിലും അസ്വാരസ്യത്തിലുമാണ്. അവരെ ഉപയോഗിക്കുന്ന ലോകശക്തികളുമുണ്ട്. ജനങ്ങൾക്കിടയിലുള്ള സ്നേഹവും പരിചരണവും, തീവ്രവാദ പ്രവൃത്തികൾകൊണ്ട് ഇല്ലായ്മ ചെയ്യാൻ നമ്മൾ അനുവദിക്കില്ലെന്ന് അവരെ അറിയിക്കാനുള്ള ധൈര്യം നമുക്കുണ്ടാ‍യേ തീരൂ. അത് ചെയ്യാൻ സാധിക്കും. ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്യാത്തവിധം, ഇന്ത്യയിലേയും കശ്മീരിലേയും പാക്കിസ്ഥാനിലേയും ജനങ്ങൾക്കുവേണ്ടി, കശ്മീരിലെ ജനതയുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണം.

ഈ പ്രശ്നം സൃഷ്ടിച്ചത് നമ്മളാണ്. അതിന് അവസാനം കാണേണ്ടതും നമ്മൾതന്നെയാണ്.

എന്റെ ഈ വിടുവായത്തരം, മറ്റ് ചില മേഖലകളിലേക്ക് എന്റെ ശ്രദ്ധയെ കൊണ്ടുപോവുന്നു. രാജ്യതന്ത്രജ്ഞന്മാരുടേയും രാഷ്ട്രീയക്കാരുടേയും ഉത്തരവാദത്തിന്റെ മേഖലകളിലേക്ക്. എന്തായാലും, ഒരു കാര്യം പറയാൻ എന്നെ അനുവദിക്കുക. കമ്പോളത്തിന്റെ മന്ത്രം നമ്മെ ബധിരരാക്കുന്നു എന്ന് ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ. കുട്ടികൾക്ക് കളിപ്പാട്ടം കൊടുക്കുന്നതുപോലെയാണ് രാജ്യത്തിന് ടെലിവിഷൻ കിട്ടിയിരിക്കുന്നത്. രാജ്യം മുഴുവൻ ടിവിയുടെ മുമ്പിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നു. പ്രോഗ്രാമുകളുടെ കാര്യമോ? സരസ്വതീ ദേവിക്കും അവരുടെ മേഖലയ്ക്കും എത്ര സമയം അനുവദിക്കുന്നുണ്ട്? സംഗീതം, പുസ്തകം, കവിത, ചിത്രകല, ശില്പം, നൃത്തം, എന്തിന് സിനിമപോലും – ഇവയ്ക്കുവേണ്ടിയുള്ള എത്ര പ്രോഗ്രാമുകളുണ്ട് നമുക്ക്? അഥവാ, മതപഠനത്തിനുള്ളത്? ഒന്നുമില്ല. എല്ലാം നിങ്ങൾ കമ്പോളത്തിനുവേണ്ടി വിറ്റഴിച്ചു. ചെറുക്കാനാവാത്ത പ്രലോഭനങ്ങൾകൊണ്ട് കമ്പോളം നമ്മുടെ ജനങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു – കാറുകൾ, ചിലവേറിയ വിനോദയാത്രകൾ, കപ്പൽ‌യാത്രകൾ, ഷോപ്പിംഗ് മോളുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, അങ്ങിനെയങ്ങിനെ പലതും. അടുത്ത തലമുറയുടെ ശ്രദ്ധ ഇവയിലൊക്കെയാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ആളുകളിൽനിന്നും അവരുടെ ആവശ്യങ്ങളിൽനിന്നും അഭീഷ്ടങ്ങളിൽനിന്നും അവർ പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഈ അസമത്വം നിലനിൽക്കുന്നിടത്തോളം, സമ്പന്നർ കൂടുതൽ സമ്പത്തിലേക്കും ദരിദ്രർ കൂടുതൽ ദാരിദ്ര്യത്തിലേക്കും തള്ളപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, ജനങ്ങളുടെ അമർഷവും, അവരുടെ സാമ്പത്തികാവശ്യങ്ങളും കൂടുതൽ വൈകാരികമായ കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഹിന്ദുവും മുസ്ലിമും എന്നതിലേക്ക്, മുന്നാക്ക-പിന്നാക്കങ്ങളിലേക്ക്, ദളിത്-ദളിതേതര, ബ്രാഹ്മണൻ-ബ്രാഹ്മണേതര വിഷയങ്ങളിലേക്ക്. വലുതായിക്കൊണ്ടിരിക്കുന്ന ഈ അവ്യവസ്ഥയിൽ നമ്മൾ എന്നന്നേക്കുമായി മുങ്ങിക്കിടക്കും. അസമത്വമാണ് നമ്മുടെ ശാപം. ഇതിൽനിന്ന് എങ്ങിനെയാണ് പുറത്ത് വരിക? എല്ലാവർക്കും ആവശ്യത്തിന് ലഭിക്കുവാൻ പാകത്തിൽ എങ്ങിനെ അതിനെ വിതരണം ചെയ്യും? സമ്പൂർണ്ണമായ സാംസ്കാരിക സൌഹാർദ്ദം സ്ഥാപിക്കുന്നതിനുമുൻപ്, നമ്മൾ പരിഹരിക്കേണ്ടുന്ന വിഷയം ഇതാണ്. നമ്മുടെ വേറിട്ട ജീവിതങ്ങളിൽനിന്ന് നമുക്ക് പുറത്ത് വരണം. തുളസീദാസനേയും സുർദാസനേയും മാലിക്ക് മൊഹമ്മദ് ജയാസിയേയും അറിയാത്ത ഹിന്ദു – ഏതൊരു ഹിന്ദുവുമായിക്കൊള്ളട്ടെ, ഷേക്സ്പിയറിനെ അറിയാത്ത ഇംഗ്ലീഷുകാരനെപ്പോലെയാണ്. തഞ്ചാവൂരിലെ ബൃഹദേശ്വരക്ഷേത്രമോ, ഹാലേബിദിലേയോ ബേലൂരിലേയോ, ശ്രാവണ ബെലഗൊളയിലേയോ അനുപമമായ ശില്പങ്ങളെ പരിചയമില്ലാത്ത ഒരു മുസ്ലിം, അഥവാ ഒരു ഹിന്ദു, സെന്റ് പീറ്റർ ബസലിക്ക കാണുകയോ, സിസ്റ്റീൻ ചാപ്പലിലെ അത്ഭുതങ്ങൾ ആസ്വദിക്കുകയോ ചെയ്യാത്ത ഒരു റോമനെപ്പോലെയാണ്.

ഞാൻ പറഞ്ഞുവന്നത്, നമ്മുടെ വിദ്യാർത്ഥികളുടെ ജിജ്ഞാസ ഉണർത്താൻ പാകത്തിലുള്ളതായിരിക്കണം നമ്മുടെ വിദ്യാഭ്യാസം എന്നതാണ്. സ്കൂളുകളിൽനിന്ന് അവൻ ഈ നാടിന്റെ അത്ഭുതങ്ങളെക്കുറിച്ച് പഠിക്കണം. അത് കേവലം ഹിന്ദു-മുസ്ലിം-സിഖ്-ക്രിസ്ത്യൻ സ്വത്വങ്ങളുടെ രൂപത്തിലാവരുത്. മറിച്ച്, സാംസ്കാരികമായ ഒരു ഐക്യത്തിന്റെ തലത്തിലായിരിക്കണം. വർണ്ണവിവേചനത്തിന്റെ ചെറിയ ദ്വീപുകളെ നമുക്ക് തകർക്കണം. ഇവിടെനിന്ന് അപ്രത്യക്ഷരായവർ, അതായത് മുസ്ലിങ്ങൾ തിരിച്ചുവരണമെന്നതായിരിക്കരുത് പ്രധാനം. ആർക്കും ഇവിടെനിന്ന് പോകാൻ തോന്നാത്തവിധം, എല്ലാവരേയും ഉൾക്കൊള്ളാൻ പാകത്തിലുള്ള ഒരു രാജ്യമാക്കി എങ്ങിനെ ഈ നാടിനെ മാറ്റിയെടുക്കാമെന്നതാവണം. 

(കോടതിയിൽ കരഘോഷം)

 

തുടരും… അടുത്ത സീൻ ഒക്ടോബർ  27ന് വായിക്കുക.


തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ

പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.