A Unique Multilingual Media Platform

The AIDEM

Articles Sports

റൊസാരിയോയിലെ മിശിഹായും മാലാഖയും

  • December 19, 2022
  • 1 min read
റൊസാരിയോയിലെ മിശിഹായും മാലാഖയും

റൊസാരിയോ തെരുവിൽ നിന്നിറങ്ങിവന്ന ലയണൽ മെസിയെന്ന അഞ്ചടി ഏഴിഞ്ച് ഉയരക്കാരനിപ്പോൾ ലോകത്തിന്റെ നെറുകയിലാണ്. ലോകം ആ ഉയരം കുറഞ്ഞവനെ മിശിഹയെന്ന് വാഴ്ത്തുന്നു. ഫുട്ബോളിലെ എക്കാലത്തേയും ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നു.ഫുട്ബോൾ ദൈവം മറഡോണയുടെ പിൻ​ഗാമിയെന്ന് വിളിക്കുന്നു. ആ വാഴ്ത്തലുകൾക്കിടയിൽ അയാൾ വിനയത്തോടെ തലതാഴ്ത്തുന്നു, ഇരു കരങ്ങളും ആകാശത്തേക്കുയർത്തി എല്ലാവിജയവും ദൈവത്തിന് സമ‍‍ർപ്പിക്കുന്നു. കുഞ്ഞുനാൾ മുതൽ അയാൾ കണ്ട സ്വപ്നത്തിലാണ് കഴിഞ്ഞ രാത്രിയിൽ അയാൾ മുത്തമിട്ടത്. എട്ട് വർഷം മുമ്പ് ചുണ്ടിനോട് അടുപ്പിക്കവേ അകന്നുപോയ അതേ സ്വപ്നത്തിൽ.

Messi kisses the FIFA world cup as he holds the Golden Ball for the best player

ആ സ്വപ്നം അയാൾ ഒറ്റയ്ക്ക് കണ്ടതല്ല. അ‍ർജൻറീനക്കാരോരുത്തരും കണ്ടതാണ്. ലോകമെങ്ങുമുള്ള അ‍ർജന്റീനൻ ആരാധാകരോരുത്തരും കാത്തിരുന്നതാണ്. അയാളുടെ പച്ചകുത്തിയ കൈയ്കളിൽ ആ സ്വർണകപ്പ് അങ്ങനെ ഉയ‍ർന്നു ജ്വലിക്കുന്നകാഴ്ച്ചയ്ക്കായി. അതിനായി ആ ടീമൊന്നാകെ പ്രയത്നിച്ചതാണ്. എത്രതവണ ലോകത്തെ മികച്ച കാൽപന്ത് താരമായാലും എത്രക്ലബ് കിരീടങ്ങൾ നേടിയാലും എത്രതവണ കണ്ണുകളെ ത്രസിപ്പിച്ച് വലകുലുക്കിയാലും ലോകകിരീടമില്ലാതെ ഫുട്ബോളിന്റെ രാജകുമാരൻ ചക്രവ‍ർത്തിയാകില്ലെന്ന് അവർക്കറിയാം. അതിനാൽ തന്നെ ആദ്യകളിയിലെ പരാജയം അവരെ തള‍‍ർത്തിയില്ല. തോറ്റുതുടങ്ങിയ അതേ മൈതാനത്ത് ആഴ്ച്ചകളുടെ വ്യത്യാസത്തിൽ അവർതിരിച്ചെത്തി ഫുട്ബോൾ ചക്രവർത്തിയുടെ പട്ടാഭിഷേകത്തിനായി.

Argentina celebrating the historic win

മിശിഹായ്ക്കൊപ്പം മാലാഖയും ചേരുമ്പോളാണ് അർജന്റീന പൂർണതയിലെത്തിയത്. വിങ്ങിലൂടെ ചിറക് വിരിച്ച് പറന്നെത്തുന്ന മാലാഖ. പതിറ്റാണ്ടോളമായി ഇരുവരും അർജന്റീനയുടെ ശ്വാസനാളമായി തുടരുന്നു. നി‍ർണായകമത്സരങ്ങളിലെല്ലാം എയ്ഞ്ചൽ ഡി മരിയ എന്ന മാലാഖ അർജന്റീനയുടെ രക്ഷകനായിട്ടുണ്ട്. 2008 ലെ ബെയ്ജിങ് ഒളിംപിക്സ് മുതലിങ്ങോട്ട് മെസിയും ഡി മരിയയും ഒന്നിച്ചാണ്. മെസിയുടെ മനസിലെന്തെന്ന് മരിയക്കും മരിയ ചിന്തിക്കുന്നതെന്തെന്ന് മുൻകൂട്ടി അറിയാൻ മെസിക്കും സാധിക്കും. അത്രമാത്രം ഇഴകിച്ചേർന്നാണ് ഇരുവരും മൈതാനം അടക്കിവാഴുന്നത്. എട്ട് വർഷം മുമ്പ് ബ്രസീൽ ലോകകപ്പിന്റെ പ്രീക്വാ‍ർട്ടറിൽ സ്വിറ്റ്സർലന്റിനെതിരെ അധികസമയത്തേക്ക് നീണ്ടമത്സരത്തിൽ 118 ആം മിനുട്ടിലാണ് മാലാഖ അവതരിച്ചത്. അതും മെസിയുടെ അസിസ്റ്റിൽ. ഡി മരിയ നേടിയ ആ ​ഗോളിലാണ് ക്വാ‍ർട്ടറിലേക്ക് അർജന്റീന ഓടിക്കയറിയത്. ക്വാർട്ടറിൽ പരിക്കേറ്റ് മടങ്ങുന്നതിന് മുമ്പ് സെമിയിലേക്ക് അർജന്റീനയെ എത്തിച്ച ഹി​ഗ്വയിന്റെ ഏക​ഗോളിന് വഴിയൊരുക്കിയാണ് മാലാഖ കളിക്കളം വിട്ടത്. ഫൈനലിൽ പരിക്കേറ്റ് സൈഡ് ബെഞ്ചിലിരുന്നില്ലായിരുന്നുവെങ്കിൽ കപ്പിനുവേണ്ടിയുള്ള അർജൻറീനയുടെ കാത്തിരിപ്പ് ഒരുപക്ഷെ എട്ട് വർഷം മുമ്പ് തന്നെ മാരക്കാനയിൽ അവസാനിക്കുമായിരുന്നു.

Messi and Di Maria celebrating

ഡി മരിയ പിന്നീടും പലപ്പോഴും മെസിയുടെ അർജൻറീനയുടെ രക്ഷകനായിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്കൻ കപ്പിൽ അർജൻറീനയെ ക്വാ‍ർട്ടറിലെത്തിച്ച ​ഏക ​ഗോളിന് വഴിയൊരുക്കിയതും ഡി മരിയയാണ്. തീ‍ർന്നില്ല ഫൈനലിൽ ബ്രസീലീനെ തോൽപ്പിച്ച അ‍ർജൻറീനയുടെ ഏക ​ഗോളും പിറന്നത് ഡി മരിയുയുടെ കാലിൽ നിന്നാണ്. ഡി പോൾ നീട്ടി നൽകിയ ലോങ് പാസ് ഓടിപ്പിടിച്ച് ബ്രസീലിയൻ ​ഗോളിയുടെ തലയക്ക് മുകളിലൂടെ വലയിലേക്ക് ചെത്തിയിട്ടാണ് 27 വർഷം നീണ്ട അർജൻറീനയുടെ കിരീട വരൾച്ചയ്ക്ക് ഡി മരിയ അവസാനം കുറിച്ചത്. മെസിക്ക് രാജ്യത്തിനുവേണ്ടിയുള്ള ആദ്യ അന്താരാഷ്ട്രകിരീടം സമ്മാനിച്ചത് ആ മാലാഖ ​ഗോളാണ്.
ഒടുവിൽ ഖത്ത‍ർ ലോകകപ്പ് ഫൈനലിലും മെസിക്ക് കരുത്തായി വശങ്ങളിലൂടെ പറന്നെത്തി മാലാഖ കരുത്ത് തെളിയിച്ചു. ഫ്രാൻസിനെതിരെ നേടിയ രണ്ടാം ​ഗോളും മത്സരത്തിൻറെ തീവ്രതയും ആവേശവും അലതല്ലുന്നിടത്തോളം, ​ഗോളടിച്ചശേഷം വിരലുകൾ ഹൃദയാകൃതിയിൽ പിടിച്ച് പാറിപറന്ന്പോകുന്ന എയ്ഞ്ചൽ ഡി മരിയയുടെ ദൃശ്യവും മിഴിവോടെ നിലനിൽക്കും…

റോസാരിയയുടെ തെരുവുകളിൽ ഇനി താളം നിലയ്ക്കാത്ത രാവുകളായിരിക്കും. മെസിയും ഡി മരിയയുമെല്ലാം നെഞ്ചോട് ചേർത്ത് ജീവിച്ച അതേതാളം അതിന്റെ പാരമ്യത്തിലെത്തുന്ന രാവുകൾ….


2022 FIFA ലോകകപ്പുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

For FIFA World Cup 2022 related stories, click here.

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.