ഇന്ത്യ എന്ന ആശയം
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പ് എന്നാണ് പലരും ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. അതിന് കാരണം ഇന്ത്യ എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കും എന്ന ഭയമാണ്. പ്രത്യേകിച്ച് വലതുപക്ഷ ആശയങ്ങൾ ഇന്ത്യൻ ഭൂമികയെ കീഴടക്കുകയും ശാസ്ത്ര ബോധം പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത്. ഇതേക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്
എന്നാൽ ഈ വിഷയത്തിൽ ഏറ്റവും വിവേകപൂർണമായ ശബ്ദം ഏതാവും എന്ന് അന്വേഷിക്കുമ്പോഴാണ് ഇന്ത്യ സൃഷ്ടിച്ച ഏറ്റവും ബഹുമാന്യരായ രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണം കേൾക്കാൻ ഇടയായത് റൊമില ഥാപ്പറും ഗായത്രി ചക്രവർത്തി സ്പിവാക്കും തമ്മിലുള്ള ഈ സംഭാഷണം The Idea Of India എന്ന പേരിൽ ഒരു ചെറു പുസ്തകമായി പുറത്ത് വന്നിട്ടുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ പോകുന്നതിന് മുൻപ് ശ്രദ്ധാപൂർവം വായിക്കേണ്ട ഒരു പുസ്തകം. ഇതിൽ ഒരാൾ ചരിത്രകാരിയും മറ്റൊരാൾ ദാ ർശനികയുമാണ്.
ഇതിനപ്പുറം ദേശീയ പ്രസ്ഥാനത്തിന്റെ സമയത്ത് ജനിച്ച ഇരുവരും കൂട്ടുകാരികൾ എന്നപോലെയാണ് സംസാരിക്കുന്നത്. സംഭാഷണത്തിൽ അവരുടെ ജീവിതാനുഭവങ്ങൾ ധാരാളം കടന്നുവരുന്നുമുണ്ട്. ചരിത്രം, ഭാഷ, സാഹിത്യം, മതം, ജാതി അങ്ങനെ പല കാര്യങ്ങൾ ഈ സംഭാഷണത്തിൽ വിഷയങ്ങളാകുന്നു. ഇത് ചെറിയ ഒരു പുസ്തകമാണ്. 71 പേജ് മാത്രം. ലളിതമായ ഭാഷയാണ്. എന്നാൽ ഓരോ വാചകവും പലപ്പോഴും വീണ്ടും വീണ്ടും വായിക്കുകയും മനനം ചെയ്യുകയും വേണ്ടി വരും.
തുടക്കത്തിൽ ഗായത്രി സ്പിവാക് ചോദ്യങ്ങൾ ചോദിക്കുകയും റൊമില ഉത്തരം പറയുകയുമാണ്. എന്നാൽ നിശബ്ദമായി ഉത്തരം കേൾക്കുക മാത്രമല്ല ഗായത്രി സ്പിവാക് ചെയ്യുന്നത്. ചർച്ചയിൽ വ്യക്തമായി ഇടപെടുക കൂടിയാണ്. റൊമില ഥാപ്പർ വായിച്ചിട്ടുള്ളവർക്ക് അറിയാം എത്ര വ്യക്തമായാണ്, ലളിതമായാണ് അവർ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് എന്ന്. സംഘി ചരിത്രകാരന്മാരുടെ അസന്ദിഗ്ധമായ ഉത്തരങ്ങൾ തേടുന്നവർക്കുള്ള മറുപടി ഇവിടെ ലഭ്യമാവില്ല. എന്നാൽ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് നയിക്കുന്ന രീതിയും ഉത്തരം കണ്ടെത്തേണ്ട പ്രക്രിയയും ആണ് അവർ പഠിപ്പിക്കുന്നത്. അല്ലാതെ ചോദ്യങ്ങൾക്ക് ഇതാണുത്തരം എന്ന് പറഞ്ഞുള്ള അസന്ദിഗ്ധമായ അവതരണ ശൈലിയല്ല. മാത്രമല്ല ലളിതമായും അതേസമയം ഗഹനമായുമുള്ള ചിന്തകൾ ഈ സംഭാഷണത്തിന്റെ പ്രത്യേകതയാണ്.
ഉദാഹരണത്തിന് ഇന്ത്യ എന്ന ആശയം എങ്ങനെ പഠിപ്പിക്കും എന്ന ചോദ്യത്തിന് കൊടുക്കുന്ന മറുപടി നോക്കൂ. ഇത് ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണ്, റൊമില പറയുന്നു. ഒരു ചരിത്രകാരി എന്ന നിലയ്ക്ക് ഇന്ത്യ എന്ന ആശയം എന്നുണ്ടായി എന്നാണ് ഞാൻ ചോദിക്കുക, അവർ പറയുന്നു. ആശയങ്ങളുടെ ഉത്ഭവം കൃത്യമായി ഒരു പോയിന്റിലേക്ക് ചൂണ്ടിക്കാട്ടുക എളുപ്പമല്ല.
ഇന്ത്യയുടെ ചരിത്രത്തിൽ പല സമയത്തും, വേദിക്, ഗുപ്‌ത, മുഗൾ എന്നിങ്ങനെ, ഇന്ത്യ എന്ന ആശയം രൂപപ്പെട്ടതായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് ഇതിനോട് യോജിപ്പില്ല. ഓരോ കാലത്തും അവിടെ ജീവിക്കുന്ന ജനങ്ങൾ സ്വയം എങ്ങനെയാണ് കണ്ടത് എന്ന് നമുക്ക് അറിയില്ല. മൂന്ന് സഹസ്രാബ്ദങ്ങൾക്ക് മുൻപ് സുമേറിയൻ ജനത അവരുമായി വ്യാപാരം ‘ നടത്തിയിരുന്ന കിഴക്കൻ ദേശത്തുള്ളവരെ ഇൻഡസ് എന്ന് വിശേഷിപ്പിച്ചു. വേദിക് കാലഘട്ടത്തിലാണ് ആര്യാവർത്തം എന്ന പ്രയോഗം ഉണ്ടാകുന്നത്. എന്നാൽ വേദിക്, ബുദ്ധിസ്റ്റ്, ജൈന കാലഘട്ടത്തിലൊക്കെ ഈ പ്രദേശത്തിന്റെ നിർവചനം മാറി. മനുവിന്റെ കാലത്ത് ഇതിൽ വീണ്ടും മാറ്റമുണ്ടായി.
ഇന്ന് നമ്മൾ ഇന്ത്യ എന്ന് വിളിക്കുന്ന ഭൂപ്രദേശവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അശോകന്റെ കാലത്തേ ജംബുദ്വീപ്, പിന്നീട് വന്ന ഭാരതവർഷ, അൽ ഹിന്ദ് ഇവയ്ക്കൊന്നുംതന്നെ കൃത്യമായ ഭൂമിശാസ്ത്രപരമായ ധാരണയില്ല. പിൽക്കാലത്ത് ബ്രിട്ടീഷ് അധിനിവേശ ശക്തികളാണ് ഇൻഡസ് എന്നതിൽ നിന്ന് ഇന്ത്യ എന്ന പേരിലെത്തുന്നത്. അവർ കീഴടക്കിയ പ്രദേശങ്ങൾക്ക് മാത്രമാണ് അവർ ഈ പേര് നൽകിയത്. കൂടുതൽ പ്രദേശങ്ങൾ ബ്രിട്ടീഷ് അധിനിവേശത്തിൽ വന്നതോടെ അതൊക്കെ ഇന്ത്യയുടെ ഭാഗമായി. എന്നാൽ നമ്മൾ ഇപ്പോൾ പറയുന്നത് ഭൂമിശാസ്ത്രപരമായ ഒരു സങ്കൽപനത്തെക്കുറിച്ചാണ്.
എന്നാൽ ഇന്ത്യ എന്ന ആശയം അങ്ങനെ മാത്രം കണ്ടാൽ പോരാ. അതിൽ ഭാഷയും സംസ്കാരവും മതവുമെല്ലാം വരും. ഇതെല്ലാം ചേർന്ന സമഗ്രമായ ഇന്ത്യ എന്ന ചിത്രം രൂപപ്പെടുന്നത് ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിയുടെ വരവോടെയായിരിക്കണം. എന്നാൽ അതേസമയം ഒരു ഹിന്ദു രാഷ്ട്രത്തിന്റെയും മുസ്ലിം രാഷ്ട്രത്തിന്റെയും ആശയം കൂടി ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ മൂന്ന് വ്യത്യസ്തമായ ആശയങ്ങൾ ഇന്ത്യയെ സംബന്ധിച്ച് ഉരുത്തിരിയുന്നു. അതിനൊപ്പം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉന്നയിക്കുന്ന സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ആശയവും.
തുടർന്ന് നടക്കുന്ന ചർച്ചയിൽ ഒരു സമൂഹത്തിൽ നടക്കുന്ന വൈവിധ്യമാർന്ന ചർച്ചകളെ ഒരൊറ്റ ആശയമായി ഏകീകരിക്കുന്നതിന്റെ പ്രശ്നം ഗായത്രി സ്പിവാക്ക് ചൂണ്ടിക്കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ ദേശീയ പ്രസ്ഥാനം ഒരൊറ്റ ജനകീയ മുന്നേറ്റമായി കാണുമ്പോഴും അത് നയിക്കുന്നത് ദേശീയ ബൂർഷ്വാസി ആണ് എന്ന ലെനിന്റെ നിരീക്ഷണവും. രണ്ടാം ലോകമഹായുദ്ധവും ബംഗാൾ ക്ഷാമവുമാണ് ഈ നോട്ടത്തെ വ്യത്യസ്തമാക്കാൻ ആ കാലഘട്ടത്തിൽ ജീവിതം ആരംഭിച്ച ഇരുവരേയും പ്രേരിപ്പിക്കുന്നത്.
ഇന്ത്യൻ ദേശീയത എന്ന സങ്കല്പനം ആരംഭിക്കുന്നത് മതേതരത്വം. ജനാധിപത്യം, സോഷ്യലിസം എന്നീ മൂന്ന് പ്രധാന മൂല്യങ്ങളെ മുൻനിർത്തിയാണ്. വലിയ പ്രതീക്ഷകളോടെയുള്ള തുടക്കമായിരുന്നു അത്. നെഹ്രുവിന്റെ കാലത്തായിരുന്നു ഈ ആശയങ്ങൾക്ക് ഏറ്റവും തിളക്കമുണ്ടായിരുന്നത്. നിർഭാഗ്യവശാൽ ഈ മൂല്യങ്ങളെല്ലാം രണ്ടോ മൂന്നോ ദശകത്തിനുള്ളിൽ അപ്രത്യക്ഷമാവുകയാണുണ്ടായത് എന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. അതിന്റെ തുടക്കമാകട്ടെ അടിയന്തിരാവസ്ഥയിൽ നിന്നായിരുന്നു.
ഈ തകർച്ച നമുക്ക് മുൻകൂട്ടി കാണാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്? ദേശരാഷ്ട്രത്തിന്റെ വളർച്ചയുടെ തുടക്കത്തിൽ സാമ്പത്തിക വളർച്ചയിൽ മാത്രമായിരുന്നു ഊന്നൽ. മതവും ജാതിയും ഭാഷയും മറ്റ് വൈവിധ്യങ്ങളുമൊന്നും കാര്യമായി ചർച്ചയിൽ വന്നതു തന്നെയില്ല. പിന്നെയെപ്പോഴാണ് ഇവ ഇന്ത്യൻ സമൂഹത്തിലെ പ്രബല സ്വാധീനമായി മാറിയത്?
എൺപതുകളിൽ ഇന്ത്യയിൽ പഠിപ്പിക്കാൻ എത്തിയപ്പോൾ പട്ടിക ജാതി പട്ടിക വർഗത്തിലുള്ള കുട്ടികൾ പോലും ദളിത് എന്ന സംജ്ഞ കേട്ടിരുന്നില്ല എന്ന് ഗായത്രി ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വളർച്ചയിൽ ഊന്നൽ വന്നതിൽ തെറ്റില്ല. എന്നാൽ സാംസ്കാരിക സംവാദങ്ങളുടെ അഭാവം ഒരു പ്രശ്നം തന്നെയായിരുന്നു.സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന തെറ്റായ ധാരണയാണ് അന്നുണ്ടായിരുന്നത്.
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപെട്ടതോടെ ദേശീയത എന്ന സങ്കൽപനവും പുനർ നിർവചനം ചെയ്യപ്പെട്ടു. ഇന്ത്യൻ എന്ന് കൃത്യമായി നിർവചിക്കപ്പെടുന്ന സാംസ്കാരിക ദേശീയത എന്താണ് എന്നതിനെക്കുറിച്ച് വിപുലമായ ചർച്ചയുണ്ടായില്ല. ഇന്ത്യൻ സമൂഹത്തിലെ സാംസ്കാരിക വൈവിധ്യങ്ങളും കണക്കിലെടുത്തില്ല. സലാം അലൈക്കും എന്നത് ഒരു ഇന്ത്യൻ അഭിവാദന ശൈലി കൂടിയാണ് എന്നത് ഈ പ്രക്രിയയിൽ നമ്മൾ മറന്നുപോയി.
മതം, ജാതി, ഭാഷ എന്നിവയിലെ വൈവിധ്യത്തെ കുറിച്ച് സ്പിവാക്കും ഥാപ്പറും ഏറെനേരം സംസാരിക്കുന്നുണ്ട്. വംശനാശം വരുന്നു എന്ന് കരുതപ്പെടുന്ന ഭാഷകളെയെക്കുറിച്ച് ധാരാളം പഠിച്ച ഒരു വ്യക്തി എന്ന നിലക്ക് സ്പിവാക്കിന് ഈ രംഗത്ത് ഏറെ താത്പര്യവുമുണ്ട്. എന്തായാലും ഈ വൈവിധ്യത്തെ മനസ്സിലാക്കാൻ കഴിയാത്തതാണ് നമ്മുടെ പരാജയത്തിന് പ്രധാന കാരണം എന്ന് ഇരുവരും കരുതുന്നു.
പല ഭാഷാ പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെ കുട്ടികൾ ഏത് ഭാഷയാവും വ്യവഹാര ഭാഷയായി കരുതുക എന്ന് അവർ ചോദിക്കുന്നുണ്ട്. ഇതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും നമ്മൾ മറന്നപോലാണ്, റൊമില പറയുന്നു. സ്വകാര്യ സർവകലാശാലകൾ ലക്ഷ്യമായി പറയുന്നത് success ആണ്. വിജ്ഞാനമോ ചിന്തയോ ചോദ്യം ചെയ്യാനുള്ള കഴിവോ അല്ല. വിപണിയിൽ വിജയിക്കാനുള്ള കഴിവ് മാത്രമാണ്.
ചോദ്യം ചെയ്യാൻ പഠിപ്പിക്കാത്ത വിദ്യാഭ്യാസമാണ് മതേതരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ നമുക്ക് പരിമിതിയായി തീർന്നത് എന്നും ഇരുവരും സൂചിപ്പിക്കുന്നുണ്ട്. മതേതരമല്ലാത്ത പൊതു വിദ്യാഭ്യാസമാണ് നമ്മുടെ പ്രശ്നങ്ങൾക്ക് അടിസ്ഥാനം. വൈവിധ്യവും പരസ്പരബന്ധവുമാണ് മുന്നോട്ടുള്ള യാത്രയിൽ നാം പഠിക്കേണ്ടത്. അത് ഭാഷയിലും മതത്തിലും ജാതിയിലും എല്ലാം അന്തർഭവിച്ചിരിക്കുന്നു. നാം എപ്പോഴും സംസാരിക്കുന്നത് ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് മാത്രമാണ്. അവയുടെ പരസ്പര ബന്ധങ്ങളെ കുറിച്ചല്ല. പരസ്പരബന്ധങ്ങളിൽ നിന്നാണ് പുതിയ ലോകം പിറവിയെടുക്കുന്നത്.
ചർച്ചയുടെ അവസാനം സ്പിവാക് മാർക്സിനെ ഉദ്ധരിക്കുന്നുണ്ട്. “പത്തൊൻപതാം നൂറ്റാണ്ടിലെ വിപ്ലവങ്ങളുടെ ഉള്ളടക്കം വരുന്നത് ഭാവിയിലെ കവിതയിൽ നിന്നാവും.” അതേ, ഭാവിയിലെ കവിത, അതാണ് പ്രധാനം, സ്പിവാക്ക് പറയുന്നു. എല്ലാം പരസ്പര ബന്ധിതമാണ്. എല്ലാം മാറിക്കൊണ്ടിരിക്കും. ഒരു സമൂഹത്തിന്റെ ആശയം എന്താണ് എന്ന് നമുക്ക് നിർവചിക്കാൻ പറ്റില്ല. അതിലേക്ക് കുറച്ചുകൂടി നീങ്ങാൻ കഴിഞ്ഞാൽ അത് വലിയൊരു നേട്ടമായിരിക്കും എന്ന് മാത്രം.
ഈ മുന്നോട്ടുള്ള യാത്ര ഉണ്ടാവുന്നില്ല എന്നതാണ് സമകാലിക യാഥാർഥ്യം. അതാണ് സങ്കടകരമായ കാര്യം. നമ്മുടെ തലമുറ ഇവിടെ പരാജയപ്പെട്ടു എന്ന സങ്കടത്തിലാണ് ഈ ചർച്ച അവസാനിക്കുന്നത്. എന്നാൽ പുതിയ തലമുറ പുതിയൊരിന്ത്യയെ കണ്ടെത്തും എന്ന പ്രതീക്ഷയിലും. വിഭജന ശക്തികൾ ഇന്ത്യ എന്ന ആശയത്തെ തകർക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഈ ചെറിയ സംഭാഷണം നമുക്ക് വലിയ പ്രതീക്ഷയാണ് തരുന്നത്.
“ഇന്ത്യ എന്ന ആശയം“ എന്ന പുസ്തകത്തെ പറ്റി ദി ഐഡം പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നിരൂപണം ഇവിടെ വായിക്കാം.