A Unique Multilingual Media Platform

The AIDEM

Articles Culture History Society Technology

പുസ്തക നിർമ്മാണ കലയും ജനാധിപത്യവൽക്കരണവും, ചില ആലോചനകൾ

  • March 8, 2024
  • 1 min read
പുസ്തക നിർമ്മാണ കലയും ജനാധിപത്യവൽക്കരണവും, ചില ആലോചനകൾ

പുസ്തകങ്ങൾ എന്നത് കൊണ്ട് പൊതുവെ മനസ്സിലാക്കപ്പെടുന്നത് സാഹിത്യമോ ചിത്രങ്ങളോ ഇവ രണ്ടുമോ അടങ്ങുന്ന ഒരു വസ്തു എന്നാണ്. സാഹിത്യവും ചിത്രവും എന്ന് പറയുമ്പോൾ അക്ഷരങ്ങളും വരകളും നിറങ്ങളും കൊണ്ട് ഉണ്ടാക്കപ്പെടുന്ന ആഖ്യാനങ്ങൾ എന്നായിരിക്കണം കരുതേണ്ടത്. സാങ്കേതികാർത്ഥത്തിൽ പുസ്തകങ്ങൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത് രണ്ടു ചട്ടകൾക്കുള്ളിൽ ഭദ്രമായി അടക്കം ചെയ്തിട്ടുള്ള കടലാസുകളുടെ ഒരു സഞ്ചയം എന്നാണല്ലോ. കൂടാതെ അച്ചടിവിദ്യയുടെ പുരോഗമനത്തിനനുസരിച്ച് പുസ്തകങ്ങളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും ചെയ്തു.

അച്ചടിയുടെ അനേകം പ്രതികൾ നിർമ്മിക്കാവുന്ന പുസ്തകങ്ങൾ വിദ്യയുടെയും അറിവിന്റെയും പൊതുവ്യാപനത്തിനും അതുവഴിയുള്ള ജനാധിപത്യ വൽക്കരണത്തിനും കാരണമാവുകയും ചെയ്തു. ഇന്ന് പുസ്തകങ്ങളുടെ അച്ചടി എന്നത് ആർക്കുവേണമെങ്കിലും ചെയ്യാമെന്നായിരിക്കുന്നു. ജനാധിപത്യം അതിന്റെ ഉൽപ്പന്നങ്ങൾക്ക് മേൽ അധികാരം ചുമത്താൻ പാടില്ല എന്നതുകൊണ്ട് തന്നെ പുസ്തകം എന്ന ഉൽപ്പന്നം എത്ര ഏറെയും എത്ര കുറച്ചും നിർമ്മിക്കാമെന്നും വന്നു. 

ആവശ്യക്കാർക്ക് അനുസരിച്ചു പുസ്തകങ്ങളുടെ അച്ചടിയെണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം എന്ന ഒരു അവസ്ഥയിലാണ് നാം ഇന്ന് എത്തിച്ചേർന്നിരിക്കുന്നത്. ഗുട്ടൻബെർഗ് മൂവബിൾ ടൈപ്പ് ഉപയോഗിച്ച് അച്ചടി വിദ്യ ആരംഭിക്കുന്നതിനും എത്രയോ കാലങ്ങൾക്ക് മുൻപ് തന്നെ പുസ്തകനിർമ്മാണം ഒരു കല എന്ന നിലയിൽ വളർന്നിരുന്നു. താളിയോലകളിലും പാപ്പിറസ് ചുരുളുകളിലും ആയി എഴുതപ്പെട്ട പുസ്തകങ്ങൾ അനന്യമായ കലാവസ്തുക്കൾ കൂടിയായി നിലകൊണ്ടിരുന്നു. പൊതു ഉപയോഗത്തിനായും പൊതു കമ്പോളത്തിനായും മതാത്മകവും വിനോദാത്മകവുമായ പുസ്തകങ്ങൾ നിർമ്മിക്കപ്പെടുന്ന ആദ്യകാലങ്ങളിലും സാങ്കേതിക വിദ്യയുടെ അപര്യാപ്തത മൂലം നിർമ്മിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണത്തിലെ പരിമിതി അവയ്ക്ക് അനന്യമായ കലാവസ്തുക്കൾ എന്ന സ്ഥാനം നൽകി. 

പുസ്തക നിർമ്മാണവും അവയുടെ ചട്ടങ്ങൾ തയാറാക്കലും മധ്യകാലത്ത് തന്നെ ചൈനയിലും ജപ്പാനിലും യൂറോപ്പിലും ഒരു കലാരൂപം എന്ന നിലയിൽത്തന്നെ വളർന്നിരുന്നു. കടലാസ്സ് നിർമ്മാണം വളരെ സമയം ചെലവഴിക്കേണ്ടതും ചെലവുള്ളതുമായ ഒരു പ്രവർത്തനം ആയതിനാൽ എഴുതപ്പെടുന്ന കാര്യങ്ങൾ എല്ലാം തന്നെ മൂല്യം ഉള്ളതായിരിക്കണം എന്നൊരു നിബന്ധന കൂടി ഉണ്ടായിരുന്നതിനാൽ പുസ്തകനിർമ്മാണം എന്നത് വളരെയധികം മൂല്യവത്തായ ഒരു കല എന്ന നിലയിൽ കണക്കാക്കപ്പെട്ടു വന്നു. ആധുനിക കാലത്ത് പുസ്തകനിർമ്മാണം കമ്പോളത്തിന്റെ ലക്ഷ്യമിട്ടും ജനാധിപത്യസ്വഭാവം ഉൾക്കൊണ്ടും വളരുകയുണ്ടായി. ഓരോ സന്ദർഭത്തിലും നിർമ്മിക്കപ്പെടുന്ന പുസ്തകങ്ങൾക്ക് അവയുടെ ഉള്ളടക്കവുമായും ആ ഉള്ളടക്കം വായിക്കുന്ന വായനാസമൂഹത്തിന്റെ സ്വഭാവവുമായും അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. 

മതപരമായ ഗ്രന്ഥങ്ങൾ, കൊളോണിയൽ ആധുനികതയുടെ ഭാഗമായുണ്ടായ സാഹിത്യം, ചരിത്രം, ശാസ്ത്രം, നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ, പുരാതന ഭാഷകളിൽ നിന്ന് ലോകഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥങ്ങൾ തുടങ്ങി ഓരോ തരാം പുസ്തകത്തിനും ഓരോ തരം സ്വഭാവമാണുണ്ടായിരുന്നത്. ഒരു വായനക്കാരനും പല കേൾവിക്കാരും ആയിട്ടാണ് ആദ്യകാലത്ത് പുസ്തകങ്ങൾ ഉണ്ടായത്. അതിനാൽത്തന്നെ ആ നിർമ്മിതിയ്ക്ക് കാലങ്ങൾ കടന്നു നിൽക്കുന്ന ഭൗതികമായ രൂപവും ഉറപ്പും ഉണ്ടാകണം എന്ന് നിർമ്മാതാക്കൾ ആഗ്രഹിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം മതപരമോ ദിവ്യമോ ആണെങ്കിൽ പുസ്തകത്തിന്റെ മൊത്തം കെട്ടിലും മട്ടിലും അത് പ്രതിഫലിക്കണം എന്ന ഉദ്ദേശ്യം നിർമ്മാതാക്കൾക്ക് ഉണ്ടായിരുന്നു.  

സാക്ഷരതയിൽ പരിമിതമായിരുന്ന ആദ്യകാല സമൂഹങ്ങളിൽ, ആധുനികതയുടെ സന്ദർഭത്തിൽ, പുസ്തകങ്ങൾ അമൂല്യവും പരിമിതവും പൂർവ്വനിർണ്ണീതമായ വായനാസമൂഹത്തിന് വേണ്ടിയും ആണ് ഉണ്ടാക്കിയിരുന്നത്. മതപ്രചാരണം, ആധുനിക കൊളോണിയൽ വിദ്യാഭ്യാസം, നവോത്ഥാന ശ്രമങ്ങൾ, ദേശീയത തുടങ്ങിയ സാഹചര്യങ്ങൾ പുതിയൊരു വായനാസമൂഹത്തെ സൃഷ്ടിച്ചെടുത്തു. അങ്ങനെയുണ്ടായ വായനാ മനുഷ്യർക്ക് വേണ്ടി പുതിയ പുസ്തകങ്ങളും ആഖ്യാനരൂപങ്ങളും ഉണ്ടായി വന്നു. കൊളോണിയൽ ആധുനികതയിലൂടെ പുതിയ ലോകങ്ങൾ ജീവിതപരിസരങ്ങളിലേയ്ക്ക് വിവർത്തനം ചെയ്യപ്പട്ടു വന്നതോടെ അത്തരം വിചിത്രസുന്ദരവും അഭിലഷണീയവുമായ ലോകങ്ങൾക്കു വേണ്ടിയുള്ള ആഗ്രഹങ്ങളുടെ പ്രതിഫലനമെന്നോണം പുതിയ ആഖ്യാനങ്ങൾ ഉണ്ടായി വന്നു. ഇവയ്ക്ക് ആനുപാതികമായി വളർന്ന നവസാക്ഷരസമൂഹങ്ങൾ കൂടുതൽ പുസ്തകങ്ങൾ ആവശ്യപ്പെടുകയും ഏകതാനമായ ഉത്പന്നങ്ങളുടെ സ്ഥാനത്ത് ആകർഷണീയവും ബഹുജനസ്വീകാര്യതയുള്ളതും ആയ പുസ്തകരൂപങ്ങൾ ഉണ്ടാക്കപ്പെട്ടു. 

അങ്ങനെ പല കാലങ്ങളിലൂടെ പരിണമിച്ചു വന്ന പുസ്തകങ്ങളുടെ രൂപങ്ങളിൽ ചിലത് കൈകാര്യം ചെയ്യാൻ സൗകര്യമുള്ളതാകയാൽ പൊതുവെ സ്വീകരിക്കപ്പെട്ടു. ഉള്ളടക്കത്തിന്റെ സ്വഭാവത്തിനും ലക്ഷ്യത്തിനും അനുസൃതമായി പുസ്തകങ്ങൾ ബഹുരൂപങ്ങൾ സ്വീകരിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ നിർമ്മിതിയിൽ മാത്രമല്ല അവയുടെ കെട്ടിലും മട്ടിലും മനുഷ്യരുടെ ഇടപെടൽ ഉണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അതായത്, രസനീയവും ചിന്തോദീപകവുമായ ഉള്ളടക്കവും അതിന്റെ സ്രഷ്ടാവും മാത്രമല്ല ഒരു പുസ്തകത്തെ നിർവചിക്കുന്നത് എന്നാണ് പറയുന്നത്. ഉള്ളടക്കവും അതിനെ രചിച്ച പ്രശസ്തനായ ഒരു എഴുത്തുകാരനോ എഴുത്തുകാരിയെ ചേരുമ്പോൾ പുസ്തകം ആകുന്നില്ല എന്നർത്ഥം. ആ ഉള്ളടക്കത്തെ ചേർത്തുപിടിക്കാൻ ഒരു രൂപഘടന ഉണ്ടാകണം. അത് ഉണ്ടാക്കുന്നത് ഒരു കലാകാരൻ ആയിരിക്കും. 

പുസ്തകത്തിന്റെ പുറംചട്ട തയാറാക്കുന്നതിൽ മാത്രമല്ല കലാകാരന്റെ ഇടപെടൽ. പുസ്തകത്തിന്റെ അക്ഷരങ്ങൾക്ക് എത്ര വലുപ്പം ഉണ്ടാകണം, വരികൾക്കിടയിൽ എത്ര അകലം ഉണ്ടാകണം, അക്ഷരങ്ങളുടെ നിറം എന്താകണം, മാർജിൻ എത്ര വലുതായിരിക്കണം, ഉള്ളടക്കത്തെ വിപുലീകരിക്കാൻ രേഖാചിത്രങ്ങളുടെയോ ഫോട്ടോഗ്രാഫുകളുടെയോ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കണം തുടങ്ങി എന്തെല്ലാം ചേരുമ്പോഴാണ് ഒരു പുസ്തകത്തെ അങ്ങനെ വിളിക്കാൻ കഴിയുന്നത്.

പുസ്തകനിർമ്മാണം ഒരു പരിമിതമായ പ്രവർത്തനം ആയിരുന്ന കാലത്ത് ഇവയെല്ലാം ചെയ്യാൻ അറിയുന്ന ഒരു കൂട്ടം ആളുകൾ ചേരുന്ന ഒരു ഗിൽഡ് ആയിരിക്കും പുസ്തകങ്ങൾ നിർമ്മിച്ചിരുന്നത്. ഇന്ന് അവ ഡെസ്ക് ടോപ് പബ്ലിഷിംഗ് വരെ പല ആളുകളുടെ കൂട്ടായ്മയിലൂടെ ഉണ്ടായിരിക്കുന്നു. മുൻപ് ഗിൽഡുകളിൽ എല്ലാവരും ഒരുമിച്ചുണ്ടാകണം എന്നിരിക്കെ, ഇന്ന് സാങ്കേതികവിദ്യയുടെ വളർച്ച കാരണം പലർക്കും പലേടത്തിരുന്ന് ഒരു പുസ്തകത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുന്നു. പഴയ ഒരു വായനാകാലത്തിന്റെ ബാക്കിപത്രങ്ങൾ ഇപ്പോഴും പുസ്തകനിർമ്മിതിയിൽ കാണാൻ കഴിയും. 

പണ്ട്, വായനക്കാർ കുറവും, ഉള്ള വായനക്കാർ മതമേധാവികളോ രാജകുടുംബാംഗങ്ങളോ പ്രഭുകുടുംബാംഗങ്ങളോ ഒക്കെ ആയിരുന്ന കാലത്ത് പുസ്തകങ്ങൾക്ക് അവർ അർഹിച്ചിരുന്ന ആഢ്യത്വം ഉണ്ടായിരുന്നു; പ്രത്യേകിച്ച് അവയുടെ പുറംചട്ടയുടെ നിർമ്മിതിയിലും വലുപ്പത്തിലും. തുകൽച്ചട്ടകൾ, തടിച്ചട്ടകൾ, ബെൽറ്റുകൾ, സ്വർണ്ണ അലുക്കുകൾ, ഐവറി ഇൻലെ-കൾ തുടങ്ങി പുസ്തകങ്ങൾക്ക് എത്രത്തോളം അനന്യത്വം നൽകാമോ അത്രയും വിശേഷതകൾ നിർമ്മാതാക്കൾ നൽകിയിരുന്നു. 

കവിതകൾക്കും നോവലുകൾക്കും ഇതര സാഹിത്യരൂപങ്ങൾക്കും ചരിത്രത്തിനും ഒക്കെ അവ അർഹിക്കുന്ന രീതിയിലുള്ള അലങ്കാരങ്ങളോടെയാണ് പുറംചട്ടകളും ഉൾപ്പേജുകളും തയാർ ചെയ്തിരുന്നത്. അച്ചടി വിദ്യയ്‌ക്കൊപ്പം സാക്ഷരതകൂടി വളർന്നതോടെ അനന്യതയ്ക്ക് അല്പം ക്ഷതം ഉണ്ടായി. കുറഞ്ഞ ചെലവിൽ അച്ചടിക്കുന്ന പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തണം എന്ന സാഹചര്യം ഉണ്ടായതോടെ ആകർഷണീയവും എന്നാൽ വ്യത്യസ്തത കുറഞ്ഞതും ആയ നിർമ്മാണ രീതികൾ കടന്നു വന്നു. 

എങ്കിലും ഇന്നും ഒരു പുസ്തകത്തിന്റെ സവിശേഷതയെ കുറിക്കാൻ വ്യത്യസ്തങ്ങളായ നിർമ്മാണ രീതികൾ പ്രസാധകർ കൈക്കൊള്ളാറുണ്ട്. ഇ എം എസ് രചിച്ച എല്ലാ ലേഖനങ്ങളും പുസ്തകങ്ങളും സമാഹരിച്ച് നൂറു വോള്യം ആയി ഇറക്കുമ്പോൾ ചിന്ത എന്ന പ്രസാധകർ സ്വീകരിച്ചത് നൂറു വ്യത്യസ്തങ്ങളായ പെയിന്റിങ്ങുകൾ കവർ പേജ് ആയി നൽകുക എന്ന രീതിയാണ്. എം മുകുന്ദന്റെ കേശവന്റെ വിലാപങ്ങൾ എന്ന പുസ്തകം ഡി.സി ബുക്ക്സ് മാർക്കറ്റ് ചെയ്തത് അതിന്റെ ഓരോ പുറം ചട്ടയിൽ എംബോസ് ചെയ്ത രൂപങ്ങൾ ചേർത്തുകൊണ്ടാണ്. ഈ അടുത്തിടെ ഡി.സി ബുക്ക്സ് ബെന്യാമിന്റെ ഒരു പുസ്തകം ഇറക്കിയത് പുറം ചട്ടകൾ ഇല്ലാതെ ഓരോ താളും വെവ്വേറെ എടുത്തു വായിക്കാൻ കഴിയുന്ന രീതിയിൽ ഒരു പെട്ടിയ്ക്കുള്ളിൽ ആയിരുന്നു. അങ്ങനെ ഓരോ പ്രസാധകനും ഓരോ രീതിയിൽ അനന്യത നിലനിർത്താൻ ശ്രമിക്കുന്നു. 

അന്താരാഷ്ട്ര പ്രസാധന രംഗത്ത് പ്രധാനപ്പെട്ട എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങളുടെ ആദ്യ എഡിഷൻ ഹാർഡ് ബൗണ്ട് ആയിട്ടാണ് ഇറക്കുന്നത്. വായനയിൽ ആഢ്യത്വം പുലർത്തുന്ന പല വായനക്കാരും ഹാർഡ് ബൗണ്ട് എഡിഷൻ വാങ്ങുവാനാണ് താത്പര്യം പുലർത്തുന്നത്. ഇത് പഴയ രാജഭരണ/പ്രഭുത്വ കാലത്തിന്റെ ഓർമ്മകളുടെ ബാക്കിപത്രം കൂടിയാണ്. പേപ്പർ ബാക്ക് എഡിഷൻ ഇറങ്ങുന്നത് തന്നെ ‘സാധാരണ’ വായനക്കാരെ ഉദ്ദേശിച്ചാണ്. ഒപ്പം പുസ്തകത്തിന്റെ വലുപ്പവും ഇതിനൊരു കാരണമാണ്. വിജ്ഞാന കോശങ്ങളെല്ലാം ഇന്നും പിന്തുടരുന്നത് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഒരു ഫോർമാറ്റാണ്. വിജ്ഞാനങ്ങൾ അടങ്ങുന്ന പുസ്തകങ്ങൾ ലൈബ്രറികളിലെ അലമാരകളിൽ ഇരിക്കാൻ മാത്രമുള്ളതാണെന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്, നേരെമറിച്ച് അവ വിജ്ഞാനം സംഭരിക്കപ്പെട്ട പുസ്തകങ്ങൾ ആകയാൽ അവയ്ക്ക് ഒരു പ്രത്യേക ചിട്ടയും നിവർന്നു നിൽപ്പും ആഢ്യത്വവും വേണം എന്നുള്ള പുരാതനമായ ഒരു തീരുമാനത്തിന്റെ ഭാഗമാണ്.

പ്രസാധകർ പൊതുവെ അവരുടെ ലോഗോയിലൂടെ പുസ്തകങ്ങൾക്ക് ആധികാരികത നൽകാൻ ശ്രമിക്കാറുണ്ട്. അച്ചടി വിദ്യ ഏതാണ്ട് സാങ്കേതികാവൽക്കരിക്കപ്പെട്ട ശേഷം ഏതൊരു പ്രസാധകനും മറ്റൊരു പ്രസാധകന്റെ ശൈലി അനുകരിക്കാനാകും എന്ന് വന്നതോടെ പുസ്തകനിർമ്മാണം എന്ന കല പുതിയ മാനങ്ങൾ തേടാൻ പ്രേരിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ ഓരോ പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും, പരമ്പരാഗതമായ വലുപ്പം പൊതുവെ നിലനിർത്തുമെങ്കിലും എന്തെങ്കിലും ഒരു ബ്രാൻഡ് ഐഡന്റിറ്റി നൽകാൻ പ്രസാധകർ ശ്രമിക്കാറുണ്ട്. പുസ്തകത്തിന്റെ ഡിസൈൻ ഈ അർത്ഥത്തിൽ വളരെ പ്രധാനമായ ഒന്നായി മാറിയിരിക്കുന്നു.

പഴയ കാലത്തെ ഗിൽഡുകളിൽ ഉണ്ടായിരുന്നത് പോലെ ഓരോ പ്രസാധകനും അവർക്ക് സവിശേഷമായി പുസ്തകം തയാറാക്കുന്നതിന് വേണ്ടി മികച്ച ഡിസൈനർമാരെ നിയോഗിക്കുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട പ്രസാധകരെല്ലാം പരസ്പരം മത്സരിക്കുന്ന ഒരു കാലമാണിത്. മുഖ്യധാരാ പ്രസാധകരിൽ നിന്ന് വ്യത്യസ്തമായി പുസ്തകനിർമ്മാണം നടത്തിയത് ഷെൽവിയുടെ മൾബറി ബുക്ക്സ് ആയിരുന്നു. ആ ഒരു ഫോർമാറ്റിന്റെ വളരെ റൊമാന്റിക്കായ ‘സാധാരണത്വം’ ചെറുപ്പക്കാരെ വല്ലാതെ സ്വാധീനിക്കുകയുണ്ടായി. അക്കാലത്തെ മിക്കവാറും പല സമാന്തര പ്രസാധകരും മൾബെറി ബുക്സിന്റെ ശൈലി പിന്തുടർന്നിരുന്നു. 

എന്നാൽ ഇപ്പോൾ മലയാളത്തിലെ മിക്ക പ്രസാധകരും നിലവിലുള്ള ഫോർമാറ്റിൽ പുസ്തകങ്ങൾ ‘നന്നായി’ നിർമ്മിക്കാൻ തത്രപ്പെടുകയാണ് ചെയ്യുന്നത്. ട്രൂ കോപ്പി തിങ്ക് അവരുടെ റാറ്റ്സ് ബുക്സിലൂടെ ഒരു പുതിയ ഫോർമാറ്റ് മലയാളത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. ലണ്ടനിലെ ഡെപ്റ്റ്‌ഫോർഡിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് യുവപ്രസാധകനായ ജാക്യുസ് ടെസ്റ്റാർഡ് ആരംഭിച്ച ഫിറ്റ്സ്കരാൾഡോ എഡിഷൻസ് ആണ് പ്രസാധനരംഗത്തെ ഏറ്റവും പുതിയ ട്രെൻഡിനു തുടക്കമിട്ടത്. ഇൻഡിഗോ നിറത്തിൽ വെളുത്ത അക്ഷരങ്ങൾ കൊണ്ടെഴുതിയ കവറുകളാണ് ഈ എഡിഷന്റെ പ്രത്യേകത. പുസ്തകനിർമ്മാണ കലയിൽ ഒരു പുതിയ വഴിയാണ് ഫിറ്റ്സ്കരാൾഡോ എഡിഷൻ വെട്ടിയിരിക്കുന്നത്. 

എല്ലാ പ്രസാധകരും അവരുടെ പ്രസാധനത്തെ ഒരു കല എന്ന രീതിയിൽത്തന്നെയാണ് സമീപിക്കുന്നത്. മികച്ച ചില ചിത്രകാരന്മാർ അവരുടെ ചിത്രങ്ങളിൽ ഒരേ ഇമേജുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് പോലെ ചില ഡിസൈനുകൾ ചില പ്രസാധകർ അവരുടെ പുസ്തകങ്ങളുടെ നിർമ്മിതിയിൽ ആവർത്തിക്കാറുണ്ട്. പെൻഗ്വിൻ, ഹാർപ്പർ കോളിൻസ്, ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്, അലിഫ്, സ്പീകിംഗ് ടൈഗർ, പെർമനെന്റ് ബ്ലാക്ക്, നവയാന തുടങ്ങി ഏതൊരു പ്രശസ്ത പ്രസാധകസംഘത്തെ പരിശോധിച്ചാലും അവരുടെ പുസ്തകങ്ങളിൽ ഒറ്റയടിയ്ക്ക് തിരിച്ചറിയാവുന്ന എന്തോ ഒന്ന് ഉള്ളതായി കാണാൻ കഴിയും. അത് ലോഗോയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. 

മലയാളത്തിലെ മിക്ക ചെറുതും വലുതുമായ എല്ലാ പ്രസാധകരും ഇങ്ങനെ ഒരു ഐഡന്റിറ്റി നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. പഴയ കാലത്തെ പുസ്തകനിർമ്മാണത്തിൽ ഉൾപ്പെട്ടിരുന്ന കല ഇപ്പോൾ പ്രിന്റ് ഓൺ ഡിമാൻഡ് കാലഘട്ടത്തിൽ വരുമ്പോൾ അതിന്റെ വ്യത്യസ്തഭാവങ്ങളോടെ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. പക്ഷെ, പുസ്തകനിർമ്മാണത്തെ ഒരു കല ആക്കുവാൻ, രൂപത്തിലും ഭാവത്തിലും കെട്ടിലും മട്ടിലും ആകൃതിയിലും ദൃശ്യ-സ്പർശാനുഭവങ്ങളിലും ഒക്കെത്തന്നെ വ്യത്യസ്തമാക്കാൻ പലരും ശ്രമിക്കുന്നു എന്നത് ശുഭോദർക്കമാണ്. അപ്പോഴും പുസ്തകത്തിന്റെ ഉപഭോക്താവ് ആര്എന്ന സാംസ്‌കാരിക ചോദ്യത്തിലേയ്ക്കും അത് പൊതുജനനത്തിന്റേതാകുമ്പോൾ, അതിനു മെക്കാനിക്കൽ റീപ്രൊഡക്ഷന്റെ (യാന്ത്രിക പുനരുത്പാദനത്തിന്റെ) സ്വഭാവം വരുമ്പോൾ, അതിന്റെ മാർക്കറ്റ് ഇക്കോണോമി എന്ന സാമ്പത്തിക ചോദ്യത്തിലേയ്ക്കും നമുക്ക് എത്താതെയും നിവൃത്തിയില്ല.

About Author

ജോണി എം എൽ

ഡൽഹിയിൽ കാൽ നൂറ്റാണ്ട് പത്രപ്രവർത്തകൻ, കലാവിമർശകൻ, കലാചരിത്രകാരൻ, ക്യൂറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചു. ലോക സാഹിത്യത്തിലെ ശ്രദ്ധേയമായ ഇരുപത്തിയഞ്ചു കൃതികളുടെ മലയാളവിവർത്തനം നിർവഹിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് എഴുത്തും വായനയുമായി.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x