A Unique Multilingual Media Platform

The AIDEM

Articles Book Review Environment Society

മാര്‍ക്‌സിന്റെ വളര്‍ച്ചാ (Growth) പേടി

  • April 2, 2025
  • 1 min read
മാര്‍ക്‌സിന്റെ വളര്‍ച്ചാ (Growth) പേടി

കുഹൈ സെയ്‌തോയുടെ ‘മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം’ (Marx in the Anthropocene: Towards the Idea of Degrowth Communism – Kohe Saito) എന്ന പുസ്തകത്തിന്റെ വായന (ഭാഗം – 2)


‘പാരിസ്ഥിതിക മാര്‍ക്‌സിസം’ എന്ന പ്രയോഗം അടുത്തകാലം വരെ ഒരു വിരുദ്ധോക്തിയായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. സമീപകാലത്ത് മാത്രമാണ് മാര്‍ക്‌സിയന്‍ ചിന്തകളിലെ പാരിസ്ഥിതിക ബോദ്ധ്യങ്ങളെ സംബന്ധിച്ച അന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. ജോണ്‍ ബെല്ലമി ഫോസ്റ്റര്‍, പോള്‍ ബുര്‍ക്കറ്റ്, ബ്രെറ്റ് ക്ലാര്‍ക് തുടങ്ങി വിരലിലെണ്ണാവുന്ന ചിന്തകര്‍ മാത്രമാണ് ഈ വിഷയത്തില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ‘പാരിസ്ഥിതിക മാര്‍ക്‌സിസം’ എന്നത് ഒരു വിരുദ്ധോക്തിയായി അനുഭവപ്പെടുന്നതിന് പിന്നില്‍ പരിസ്ഥിതി വാദികള്‍ക്കും, പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ക്കും മാര്‍ക്‌സിന് തന്നെയും സുപ്രധാന പങ്കുണ്ടെന്നാണ് വസ്തുത.

ഈ ലേഖനപരമ്പരയുടെ ആദ്യ ഭാഗങ്ങളില്‍ വിശദീകരിച്ചതുപോലെ, മാര്‍ക്സിസത്തിന്റെ സവിശേഷതയായ ഉല്‍പ്പാദനപരമായ സമീപനങ്ങള്‍ (productivist approach) നവ മാനവയുഗ (anthropocene)ത്തിലെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രതിസന്ധികള്‍ മറികടക്കുന്നതിനെ സഹായിക്കുന്നവയല്ലെന്ന് തെളിഞ്ഞു. പ്രകൃതിയുമായുള്ള മനുഷ്യന്റെ ഉപാപചയ ബന്ധത്തെ ഗുരുതരമായി രീതിയില്‍ വികലമാക്കുന്ന ഉത്പാദനപരതയെ കയ്യൊഴിയാതെ വര്‍ത്തമാന കാല പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ സാധ്യമല്ലെന്ന് കൂടുതല്‍ കൂടുതല്‍ സ്പഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

1860-കളില്‍ ‘മൂലധനം’ എഴുതുമ്പോള്‍ മാര്‍ക്സ് ഈ പ്രശ്നത്തെക്കുറിച്ച് ബോധവാനായിരുന്നുവെന്ന് കുഹൈ സെയ്‌തോ ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഉല്‍പാദനശക്തികളുടെ വികാസത്താല്‍ നയിക്കപ്പെടുന്ന സാര്‍വത്രിക മനുഷ്യചരിത്രത്തിന്റെ ഏകപക്ഷീയമായ പുരോഗതിയായി ചരിത്രപരമായ ഭൗതികവാദത്തിന്റെ ദാര്‍ശനിക അടിത്തറയെക്കുറിച്ചുള്ള ഉറച്ച ബോധ്യം കാരണം വിപ്ലവത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ കാഴ്ചപ്പാട് മുതലാളിത്തത്തിന്റെ നിലവിലുള്ള പ്രവണതകളുടെ പരമാവധി ത്വരിതപ്പെടുത്തലിലൂടെ ആത്യന്തികമായി കമ്മ്യൂണിസത്തിലേക്കുള്ള ഒരു അന്തിമ കുതിച്ചുചാട്ടം സാക്ഷാത്കരിക്കും എന്ന ഒരു പ്രോമിഥിയന്‍ കാഴ്ചപ്പാടായി ചുരുങ്ങുകയായിരുന്നുവെന്ന് സെയ്‌തോ വിശദീകരിക്കുന്നു.

കാർൾ മാര്‍ക്‌സ്

”ഒരു സാമൂഹിക രൂപീകരണവും അതിന് മതിയായ എല്ലാ ഉല്‍പ്പാദന ശക്തികളും വികസിക്കുന്നതിനുമുമ്പ് ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല….. പഴയ സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അവയുടെ നിലനില്‍പ്പിനുള്ള ഭൗതിക സാഹചര്യങ്ങള്‍ പക്വത പ്രാപിക്കുന്നതിനുമുമ്പ് ഒരിക്കലും മാറ്റി സ്ഥാപിക്കരുത്’ (MECW 29: 263) എന്ന മാര്‍ക്സിന്റെ തന്നെ പരാമര്‍ശങ്ങള്‍ ഈ ധാരണയെ ശക്തിപ്പെടുത്തുന്നതായി എ കോണ്‍ട്രിബ്യൂഷന്‍ (1859) എന്ന മാര്‍ക്‌സിന്റെ പുസ്തകത്തിലെ ആമുഖവാചകം ചൂണ്ടിക്കാട്ടിക്കൊണ്ട് സെയ്‌തോ സമര്‍ത്ഥിക്കുന്നു.

എന്നാല്‍ ഈയൊരു സൈദ്ധാന്തിക വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ മാര്‍ക്‌സ് ശ്രമിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ പില്‍ക്കാല എഴുത്തുകളെയും നോട്ടുബുക്കുകളെയും പഠന വിധേയമാക്കിക്കൊണ്ട് കുഹൈ സെയ്‌തോ വ്യക്തമാക്കുന്നു. മാര്‍ക്‌സ്-ഏംഗല്‍സ് സമ്പൂര്‍ണ്ണ പതിപ്പിന്റെ (Marx-Engels Gesamtausgabe MEGA) എഡിറ്റിംഗ് ജോലിയില്‍ സഹകരിച്ച ഒരാളെന്ന നിലയിലും ഇക്കാര്യത്തില്‍ സെയ്‌തോയ്ക്ക് ആഴത്തിലുള്ള അവഗാഹമുണ്ടെന്ന് പറയാവുന്നതാണ്.

കാർൾ മാർക്സ് ‘ എ കോണ്‍ട്രിബ്യൂഷന്‍ ‘ (1859)

മുതലാളിത്തത്തെ സംബന്ധിച്ച മാര്‍ക്‌സിന്റെ വിമര്‍ശനത്തെ സംബന്ധിച്ച് സൈദ്ധാന്തിക വഴിത്തിരിവ് പ്രകടമാകുന്ന എഴുത്തുകളാണ് MEGAയിലൂടെ, പ്രത്യേകിച്ചും അവയുടെ രണ്ടാമത്തെ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച മാര്‍ക്സിന്റെ സമ്പദ്ശാസ്ത്ര കൈയെഴുത്തുപ്രതികളുമായി സംയോജിപ്പിച്ച്, ശേഖരിക്കപ്പെട്ടിട്ടുള്ളതെന്ന് സെയ്‌തോ സാക്ഷ്യം പറയുന്നു. വാസ്തവത്തില്‍, MEGAയെ അടിസ്ഥാനമാക്കി പില്‍ക്കാല മാര്‍ക്സിനെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പുതിയ ശ്രമങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ ധാരാളമായി ഉണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

മൂലധനത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം രണ്ട് മേഖലകളില്‍-പ്രകൃതി ശാസ്ത്രം, മുതലാളിത്തപൂര്‍വ്വ അല്ലെങ്കില്‍ പാശ്ചാത്യേതര സമൂഹങ്ങള്‍ എന്നിവ സംബന്ധിച്ച്- മാര്‍ക്‌സ് തീവ്ര ശ്രദ്ധചെലുത്തിയെന്ന് സെയ്‌തോ വെളിപ്പെടുത്തുന്നു. MEGAയില്‍ പ്രസിദ്ധീകരിച്ച എഴുത്തുകളെ അടിസ്ഥാനമാക്കി, ചരിത്രപുരോഗതിയെക്കുറിച്ചുള്ള മുന്‍കാല യൂറോപ്യന്‍ കേന്ദ്രീകൃത, രേഖീയ വീക്ഷണത്തില്‍ നിന്ന് മാര്‍ക്‌സിന്റെ വ്യതിചലനം പ്രകടമാക്കുന്നതായി കെവിന്‍ ആന്‍ഡേഴ്‌സണും (Kevin Anderson, 2010), പ്രകൃതിശാസ്ത്രത്തോടുള്ള മാര്‍ക്‌സിന്റെ ആവേശകരമായ ഇടപെടല്‍ മുതലാളിത്തത്തിന്‍ കീഴിലെ പരിസ്ഥിതി നാശത്തെ അപഗ്രഥിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നതായി കാള്‍-എറിക് വോള്‍ഗ്രാഫും (Karl Eric Vollgraf, 2016) വാദിക്കുന്നു.

1870-കളില്‍ യൂറോസെന്‍ട്രിസവും പ്രൊമിഥീയനിസവും ഉപേക്ഷിച്ചതിനുശേഷം മുതലാളിത്താനന്തര സമൂഹത്തെക്കുറിച്ചുള്ള പില്‍ക്കാല മാര്‍ക്സിന്റെ ദര്‍ശനം മൂര്‍ത്തമായി ചിത്രീകരിക്കുന്നതു വഴി മാര്‍ക്‌സിലെ ഇക്കോളജിസ്റ്റിനെ കണ്ടെത്താന്‍ സെയ്‌തോയ്ക്ക് സാധിക്കുന്നു. നരവംശീയ കേന്ദ്രീകൃതത്വവും (Ethnocentric) ഉല്‍പ്പാദനവാദവും (productivism) നിരാകരിക്കുന്നതിലൂടെ മാര്‍ക്‌സ് തന്റെ ചരിത്രപരമായ ഭൗതികവാദത്തെ സംബന്ധിച്ച മുന്‍കാല ബോധ്യം കയ്യൊഴിഞ്ഞതായും അദ്ദേഹത്തിന്റെ ലോകവീക്ഷണം ഈ ഘട്ടത്തില്‍ പ്രതിസന്ധിയിലായെന്നും സെയ്‌തോ ചൂണ്ടിക്കാട്ടുന്നുണ്ട്. മാര്‍ക്സിന്റെ അവസാന വര്‍ഷങ്ങളിലെ അന്വേഷണം, ചരിത്രത്തെക്കുറിച്ചുള്ള ഭൗതികവാദ സങ്കല്‍പ്പങ്ങളെ തികച്ചും പുതിയൊരു വീക്ഷണകോണില്‍ നിന്ന് പുനര്‍നിര്‍മ്മിക്കാനള്ള തീവ്രമായ ശ്രമമായിരുന്നു. ഇത് ബദല്‍ സമൂഹത്തെ സംബന്ധിച്ച സമഗ്രവും വ്യത്യസ്തവുമായ സങ്കല്‍പ്പനങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു.

1868ന് ശേഷം പാശ്ചാത്യേതര സമൂഹങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ ഗൗരവമായ അന്വേഷണങ്ങള്‍, സാമുദായിക ഭൂസ്വത്ത് (communal property) അടിസ്ഥാനമാക്കിയുള്ള അത്തരം സമൂഹങ്ങളുടെ വിപ്ലവ സാധ്യതകളെ തിരിച്ചറിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. റഷ്യന്‍ വിപ്ലവകാരിയായ വേര സാസുലിച്ചു(Vera Zasulich)മായുള്ള മാര്‍ക്‌സിന്റെ എഴുത്തുകുത്തുകളിലും ഈ മാറ്റം വ്യക്തമായി കാണാം. എന്നാല്‍ റഷ്യന്‍ കമ്യൂണുകളെക്കുറിച്ചുള്ള വിലയിരുത്തല്‍ മാര്‍ക്സിനെ ഒരു നോണ്‍-യൂറോസെന്‍ട്രിക് ചിന്തകന്‍ എന്ന നിലയില്‍ പരിഗണിക്കാന്‍ അപര്യാപ്തമാണ്. അതേസമയം, റഷ്യന്‍ എഴുത്തുകാരായ നിക്കോളായ് ചെര്‍ണിഷെവ്സ്‌കി (Nikolay Chernyshevsky), മാക്സിം കോവലെവ്സ്‌കി (Maxim Kovalevsky) എന്നിവരുമായുള്ള ബൗദ്ധിക ആശയവിനിമയത്തിലൂടെ അദ്ദേഹം മനസ്സിലാക്കിയ റഷ്യയുടെ വിപ്ലവ സാധ്യതകള്‍, കമ്മ്യൂണിസത്തിലേക്കുള്ള റഷ്യന്‍ പാതയെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ മാര്‍ക്‌സിനെ പ്രേരിപ്പിച്ചുവെന്ന് മാത്രമല്ല, പടിഞ്ഞാറന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണത്തെ സമ്പന്നമാക്കുകയും ചെയ്തു.

ബദല്‍ സമൂഹത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ ദര്‍ശനം വികസിപ്പിച്ചെടുക്കുന്നത് രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുമായുള്ള മാര്‍ക്സിന്റെ ഇടപെടലിന്റെ പൂര്‍ണ്ണമായ സമന്വയത്തെ അടിസ്ഥാനമാക്കിയായിരിക്കേണ്ടതുണ്ട്. മാര്‍ക്‌സിന് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന 15 വര്‍ഷങ്ങളില്‍ മുതലാളിത്തപൂര്‍വ്വ സമൂഹങ്ങളെക്കുറിച്ചും പ്രകൃതിശാസ്ത്രത്തെക്കുറിച്ചും ഒരേസമയം പഠിക്കേണ്ടിവന്നതിന്റെ കാരണം സൂക്ഷ്മമായി അന്വേഷിക്കുന്നതിലൂടെ, സാസുലിച്ചിനുള്ള മാര്‍ക്സിന്റെ കത്തുകള്‍ പുതിയ രീതിയില്‍ വ്യാഖ്യാനിക്കാനുള്ള അതിശയകരമായ സാധ്യത ഉയര്‍ന്നുവരുന്നു. അനിയന്ത്രിതവും പരിധിയില്ലാത്തതുമായ ഉത്പാദന വളര്‍ച്ചയെ തള്ളിക്കളയുന്ന, ഒരു അപവളര്‍ച്ച (degrowth) കമ്മ്യൂണിസ്റ്റായ, മാര്‍ക്‌സിനെ ഇതിലൂടെ നമുക്ക് കണ്ടെത്താന്‍ സാധിക്കുമെന്ന് സെയ്‌തോ വ്യക്തമാക്കുന്നു.

മുതലാളിത്താനന്തര സമൂഹത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ അന്തിമ ദര്‍ശനം മനസ്സിലാക്കാന്‍ നമുക്ക് മൂലധനത്തിനപ്പുറം പോകേണ്ടതുണ്ട്. കാരണം, മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം മൂലധനമെന്നത് പൂര്‍ത്തിയാക്കപ്പെടാത്ത ഒരു പദ്ധതിയായിരുന്നു.

 

മാര്‍ക്‌സിന്റെ സമ്പദ്ശാസ്ത്ര കയ്യെഴുത്തുപ്രതികളുടെയും പ്രകൃതി ശാസ്ത്രത്തെക്കുറിച്ചുള്ള നോട്ട്ബുക്കുകളുടെയും വിശകലനം മുന്‍കാലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മാര്‍ക്‌സിനെ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നു. സമ്പദ്ശാസ്ത്ര കയ്യെഴുത്തുപ്രതികളെക്കുറിച്ച് പഠനം നടത്തിയ കാള്‍-എറിക് വോള്‍ഗ്രാഫ്, ‘ഉല്‍പ്പാദന പ്രക്രിയയില്‍ പ്രകൃതിയുടെ ‘മൂല്യനിര്‍മ്മാണ’ സംഭാവനയെ മാര്‍ക്സ് കണ്ടെത്തിയെന്നും അധ്വാന മൂല്യ സിദ്ധാന്തം ഉപേക്ഷിക്കണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്നും’ കണ്ടെത്തുന്നു. എന്നാല്‍ അത്തരമൊരു സൈദ്ധാന്തിക പുനരാലോചനയുടെ വ്യാപ്തി അതിവിപുലമായതു കാരണം, അദ്ദേഹത്തിന്റെ പദ്ധതി പൂര്‍ത്തീകരിക്കപ്പെടാതെ പോയെന്ന് ഹെന്റിച്ചും വോള്‍ഗ്രാഫും അഭിപ്രായപ്പെടുന്നു.

1861-63ലെ സമ്പദ്ശാസ്ത്ര കയ്യെഴുത്തുപ്രതികളിലെ ‘യഥാര്‍ത്ഥ ഉപസംയോജനം’ (real subsumption) സംബന്ധിച്ച വിശകലനത്തില്‍ ‘മൂലധന ഉല്‍പ്പാദന ശക്തികള്‍’ (capitalist productive forces) എന്ന പ്രശ്നത്തിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം മാര്‍ക്സില്‍ കാര്യമായ സൈദ്ധാന്തിക മാറ്റം സംഭവിച്ചതായി സെയ്‌തോ വിലയിരുത്തുന്നു. ഈ മാറ്റം മുതലാളിത്തത്തിന്റെ പുരോഗമന സ്വഭാവത്തെക്കുറിച്ചുള്ള തന്റെ മുന്‍ അനുമാനത്തെ സമൂലമായി പുനര്‍വിചിന്തനം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഹെഗലിനെപ്പോലെ, മനുഷ്യ ചരിത്രത്തിന്റെ രേഖീയ പുരോഗതിയുടെ ആവേശഭരിതനായ സംരക്ഷകനായിരുന്ന, ഉല്‍പ്പാദന ശക്തികളുടെ വൈരുദ്ധ്യാത്മക വികാസത്താല്‍ നയിക്കപ്പെടുന്ന സമൂഹങ്ങളിലും പ്രകൃതിയിലും തുടക്കത്തില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടാണെങ്കിലും വൈരുദ്ധ്യാത്മകമായി മനുഷ്യ വിമോചനം സാധ്യമാക്കണമെന്നും സിദ്ധാന്തിച്ചിരുന്ന മാര്‍ക്‌സ്, മുതലാളിത്താനന്തര സമൂഹത്തില്‍ ഉല്‍പ്പാദന ശക്തികള്‍ സ്വയമേവ ഭൗതിക അടിത്തറ ഒരുക്കുന്നില്ലെന്നും മറിച്ച്, പ്രകൃതി കൊള്ളയെ കൂടുതല്‍ ദ്രുതഗതിയിലാക്കുകയാണെന്നും കണ്ടെത്തി.

 

(തുടരും)


ഭാഗം 01 ഇവിടെ വായിക്കാം

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x