A Unique Multilingual Media Platform

Articles Culture History Travel

സിവാ മരുപ്പച്ച… (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #10)

സിവാ മരുപ്പച്ച… (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #10)

മെര്‍സാ മത്രൂഹില്‍ നിന്ന് മുന്നൂറോളം കിലോമീറ്റര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്താലാണ് സിവ മരുപ്പച്ചയിലെത്തുക. ഇത്രയും ദൂരം മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍, ഇതുപോലെ പച്ചപ്പും സസ്യ ജന്തുജാലങ്ങളും വെള്ളവും മനുഷ്യജീവിതവും എല്ലാമുള്ള ഒരു നഗരം ഇവിടെയുണ്ടാവും എന്ന് നമുക്ക് സങ്കല്പിക്കാനേ സാധിക്കില്ല. ലോകത്തെ ഏറ്റവും മനോഹരമായ മരുപ്പച്ചകളിലൊന്നാണ് സിവ. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകള്‍ വരെയും സിവാ മരുപ്പച്ചയിലേയ്ക്ക് ടാര്‍ റോഡുകള്‍ ഇല്ലായിരുന്നു.

സിവ മരുപ്പച്ചയിലേക്കുള്ള യാത്രാമധ്യേ, വിശാലമായ മരുഭൂമിയിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന ജിപി രാമചന്ദ്രനും ഭാര്യയും.

ഒട്ടകപ്പുറത്ത് യാത്ര ചെയ്തു മാത്രമേ ഇവിടെ എത്താനാവുമായിരുന്നുള്ളൂ. ഈ അവസ്ഥ മരുപ്പച്ചയിലെ നിവാസികളുടെ സംസ്‌ക്കാരത്തെയും ഭാഷയെയും എല്ലാം കലര്‍പ്പില്ലാത്ത വിധത്തില്‍ അതുല്യമാക്കിയിട്ടുണ്ട്.  സവിശേഷമായ ഭാഷയും പാരമ്പര്യങ്ങളും എല്ലാം കാത്തു സൂക്ഷിക്കപ്പെടുന്നു.

കടല്‍ നിരപ്പില്‍ നിന്ന് ഇരുപതു മീറ്ററോളം താഴെയായാണ് സിവാ മരുപ്പച്ചയുടെ ഭൂപ്രതലം. മണ്ണിന്റെ നിറമുള്ള കെട്ടിടങ്ങളാണ് ഇവിടെയെമ്പാടുമുള്ളത്. പ്രാചീനതയും നാട്ടു ജീവിതപ്രതീതിയും ചുറ്റും അനുഭവപ്പെടും. മരുപ്പച്ച എന്നു കേള്‍ക്കുമ്പോള്‍ എന്റെ ധാരണയിലുണ്ടായിരുന്നത് കുറച്ചു വെള്ളവും ഏതാനും ഈന്തപ്പനകളും മാത്രമായിരുന്നു. വയനാട്ടിലെ തിരുനെല്ലിയില്‍ നിന്ന് പക്ഷിപാതാളത്തിലേയ്ക്ക് നടന്നപ്പോള്‍ മലകള്‍ക്കും കുന്നുകള്‍ക്കുമിടയില്‍ ചോലക്കാടുകള്‍ ഉണ്ടായിരുന്നു. ഇതുപോലെ ചെറിയ വിസ്തീര്‍ണ്ണമുള്ള പച്ചപ്പായിരിക്കും മരുപ്പച്ച എന്നാണ് കരുതിപ്പോന്നിരുന്നത്. എന്നാല്‍ സിവയിലെത്തുമ്പോഴാണ് ഇത് ഒരു ചെറുനഗരത്തിന്റെയത്രയും വിസ്തീര്‍ണ്ണവും നിരവധി കെട്ടിടങ്ങളും ജനവാസസ്ഥലങ്ങളും കമ്പോളങ്ങളും ഭക്ഷണക്കടകളും വാഹനങ്ങളും പള്ളികളും എല്ലാമുള്ള ഒരു സ്ഥലമാണെന്നു ബോധ്യപ്പെടുക. വളരെ വലിപ്പമുള്ള രണ്ടു തടാകങ്ങള്‍ തന്നെ ഇവിടെയുണ്ട്. 

സിവാ മരുപ്പച്ച പ്രഭാത നടത്തത്തിനിടയിൽ. മരുപ്പച്ചയുടെ അതിരുകളിൽ വീടുനിർമ്മാണങ്ങൾ കാണാം. അപ്പുറത്ത് മരുഭൂമിയും.

അലക്സാണ്ടർ ചക്രവര്‍ത്തി, പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് ഈജിപ്തിനെ മോചിപ്പിച്ചതിനു ശേഷം, നേരെ സിവാ മരുപ്പച്ചയിലെത്തി ഭാവി പ്രവാചകയെ സന്ധിച്ചിരുന്നു. അമുന്‍ റാ എന്ന പ്രാചീന ഈജിപ്ഷ്യന്‍ ദൈവത്തിന്റെ നാടാണ് സിവാ. സിയൂസ് അമ്മോണ്‍ എന്ന കോമരത്തെയാണ് അലക്സാണ്ടർ സന്ധിച്ചത്. ബിസി 331ലായിരുന്നു ഇത്. സിയൂസിന്റെ (അമുന്‍) പുത്രസ്ഥാനമാണ് അലക്സാണ്ടര്‍ക്കുള്ളതെന്ന് കോമരം വ്യവസ്ഥാപനപ്പെടുത്തി. ഈ വെളിച്ചപ്പാടാണ് അലക്സാണ്ടറോട് താങ്കള്‍ ദിവ്യത്വമുള്ളവനാണെന്നും ഫറോവയാണെന്നും അരുളിച്ചെയ്യുന്നത്. അലക്സാണ്ടർ ദ് ഗ്രേറ്റ് (മഹാനായ അലെക്‌സാണ്ടര്‍) എന്ന പേരു പോലും പ്രചാരത്തിലാവുന്നത് ഇതിനു പിന്നാലെയാണ്. ഇവിടെ നിന്ന് പോയാണ് മെഡിറ്ററേനിയന്റെ തീരത്ത് അലക്സാണ്ട്രിയ എന്ന നഗരം അദ്ദേഹം കെട്ടിപ്പടുക്കുന്നത്. 

ഈന്തപ്പനകളും ഉപ്പുതടാകങ്ങളുമെല്ലാമുള്ള സിവാ മരുപ്പച്ചയില്‍ ഇരുപത്തയ്യായിരത്തോളം പേരാണ് സ്ഥിരമായി താമസിക്കുന്നത്.  കൈറോവിലോ അലക്‌സാണ്ട്രിയയിലോ കാണുന്നതു പോലെ ആധുനിക രീതിയില്‍ വസ്ത്ര ധാരണം ചെയ്തവരും പരിഷ്‌ക്കാരികളുമല്ല ഇവിടെ ഉള്ളവരില്‍ ഭൂരിഭാഗവും. ഗ്രാമീണത കാത്തു സൂക്ഷിക്കുന്ന ഇവിടെ സ്ത്രീകളെ പുറത്തു കാണാന്‍ പ്രയാസമാണ്. ബെര്‍ബെറുകള്‍ എന്നു വിളിക്കപ്പെടുന്ന വംശജരാണ് ഇവിടെ പ്രധാനമായും ഉള്ളത്. ലിബിയന്‍ അതിര്‍ത്തിയിലേയ്ക്ക് വലിയ ദൂരമില്ല.

ശാലി കോട്ട എന്നു പേരുള്ള ഉപേക്ഷിക്കപ്പെട്ട കോട്ടയാണ് സിവാ നഗരത്തിലെ പ്രധാന കാഴ്ച. കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ഈ കോട്ടയുടെ ചുമരുകള്‍ മണ്ണും ചെങ്കല്‍പ്പൊടിയും ചേര്‍ന്ന് ചെത്തിത്തേച്ചിട്ടുണ്ട്. അഞ്ചു നിലകളിലായി നിരവധി എടുപ്പുകള്‍ ആണ് കോട്ടയ്ക്കുള്ളത്. എല്ലാം ചേര്‍ന്നു ചേര്‍ന്നാണ്. ചില അറകള്‍ തുറന്നും മറ്റു ചിലത് പനയോല കൊണ്ട് മറച്ചുമാണുള്ളത്. ശാലി കോട്ടയ്ക്ക് ഏതാണ്ട് ആയിരം വര്‍ഷത്തെ പഴക്കമുണ്ട്. ഇവിടെയായിരുന്നു എണ്ണൂറു വര്‍ഷത്തോളം സിവാ മരുപ്പച്ചയിലെ ജനങ്ങള്‍ താമസിച്ചിരുന്നത്.

സിവയിലെ ഉപേക്ഷിക്കപ്പെട്ട നിരവധി കെട്ടിടങ്ങളിൽ ഒന്ന്

1926ല്‍ പെയ്ത കനത്ത മഴയിലുണ്ടായ പ്രളയത്തെത്തുടര്‍ന്നാണ് കോട്ട ഉപേക്ഷിച്ച് അവര്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറിയത്. അതിനു മുമ്പ് സ്ഥലവാസികള്‍ കുടുംബസമേതം ഈ കോട്ടയ്ക്കകത്തെ വീടുകളില്‍ താമസിച്ചിരുന്നു. ഒരു പള്ളിയും ഇതിനകത്തുണ്ട്. ആ പള്ളി ഇപ്പോഴും ആരാധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. നാട്ടുകാര്‍ പക്ഷെ എല്ലാവരും നഗരത്തിന്റെ മറ്റു പ്രദേശങ്ങളിലേയ്ക്ക് താമസം മാറ്റി. സിവാ മരുപ്പച്ചയിലെ കെട്ടിടങ്ങള്‍ കെര്‍ഷീഫ് എന്ന പേരിലറിയപ്പെടുന്ന ഒരു വാസ്തുവിദ്യാരീതിയിലാണ് പണിതിട്ടുള്ളത്. ചളിയും കല്ലുകളും ഉപ്പും മൃഗങ്ങളുടെ അസ്ഥികളും പനമരത്തിന്റെ പലകകളും മറ്റും ഉപയോഗിച്ചുള്ള സവിശേഷമായ നിര്‍മ്മാണമാണിത്. 

മുകളിൽ: ഷാലി കോട്ടയ്ക്കുള്ളിൽ നിന്നുള്ള ചിത്രങ്ങൾ

അമുന്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും സിവാ മരുപ്പച്ചയിലുണ്ട്. ക്ലിയോപാട്ര ബാത്ത് എന്ന പേരുള്ള ഒരു നീരുറവ ഇവിടുത്തെ മുഖ്യ ആകര്‍ഷണമാണ്. ഈ നീരുറവയ്ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടെയെല്ലാം ഈത്തപ്പനകളുടെയും ഈജിപ്ഷ്യന്‍ കാര്‍ഷിക വിഭവങ്ങളുടെയും കൃഷിയാണുള്ളത്.ഈ കുളത്തിനു ചുറ്റും ഏതാനും ചായക്കാപ്പിക്കടകളും യാത്രയുടെ ഓര്‍മ്മയ്ക്കായി വാങ്ങാവുന്ന സുവനീറുകളുടെ കടകളുമാണുള്ളത്. 

ഞങ്ങള്‍ ചെന്നപ്പോള്‍ അടുത്തുള്ള ഒരു സ്‌കൂളിലെ കുട്ടികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ഈ ബാത്ത് കാണാന്‍ വന്നിരുന്നു. അവിടെ കുറച്ചു നേരം ഇരുന്ന് കുട്ടികളുടെ ആഹ്ലാദം പങ്കിടുകയും കാപ്പി കുടിക്കുകയും സുവനീറുകള്‍ വാങ്ങുകയും ചെയ്തു. നമുക്കിഷ്ടമുള്ളവരുടെ പേരുകള്‍ ഒലീവ് പലകകളില്‍ കൊത്തിത്തരുന്ന ഏര്‍പ്പാടുമുണ്ടിവിടെ.

സുവനീറുകളും മറ്റ് കരകൗശല വസ്തുക്കളും വിൽക്കുന്ന കടകൾ

ഇവിടെ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള ഒരു വാഹനം കൗതുകമുണര്‍ത്തി. മോട്ടോര്‍ സൈക്കിളിന്റെ പിന്‍ഭാഗത്ത് ഒരു പെട്ടി ഓട്ടോയുടെ പിന്‍ഭാഗം ഘടിപ്പിച്ചതു പോലത്തെ വാഹനമാണിത്. ഇത് ചരക്കുഗതാഗതത്തിനും മനുഷ്യരുടെയും മൃഗങ്ങളുടെയും യാത്രയ്ക്കും ഉപയോഗിക്കുന്നുണ്ട്. സിവാ നഗരത്തില്‍ ബസ്സിലാണെത്തുന്നതെങ്കില്‍, അവിടെ ചുറ്റിസഞ്ചരിക്കാന്‍ ഇത്തരം പെട്ടി മോട്ടോര്‍ സൈക്കിളോടിക്കുന്ന ടാക്‌സിക്കാരെയാണ് ഡ്രൈവറും ഗൈഡുമായി ലഭിക്കുക.

സിവ ടൗണിലെ ടാക്സി

സിവായിലെ ഉപ്പു തടാകങ്ങളും കുളങ്ങളും പ്രസിദ്ധമാണ്. ഈജിപ്തിലേയ്ക്കും സമീപ രാജ്യങ്ങളിലേയ്ക്കുമുള്ള ഉപ്പു ശേഖരണം വ്യാവസായികമായി നടക്കുന്നത് ഇവിടത്തെ വിശാലമായ ഉപ്പുപാടങ്ങളില്‍ നിന്നാണ്. ഈ ശേഖരണത്തെ തുടര്‍ന്ന് രൂപപ്പെട്ട വിശാലവും അതുപോലെ വലിപ്പം കുറഞ്ഞതുമായ നിരവധി തടാകങ്ങളും കുളങ്ങളും വിസ്മയകരമായ കാഴ്ചയാണ്. നല്ല തെളിമയുള്ള വെള്ളത്തിലൂടെ തടാകങ്ങളുടെയും കുളങ്ങളുടെയും അടിത്തട്ടുകള്‍ കാണാം. ഇതില്‍ കുളിക്കുന്നതിനും മുകള്‍ത്തട്ടില്‍ മലര്‍ന്നു കിടക്കുന്നതിനും വേണ്ടി കാലുറകളും ബനിയനും സിവയിലെത്തിയ ദിവസം രാത്രി തന്നെ പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നു വാങ്ങി വെച്ചിരുന്നു. താമസിച്ച റിസോര്‍ട്ടില്‍ നിന്ന് പത്തോളം കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഉപ്പു തടാകങ്ങളുടെ ഭാഗത്തെത്തൂ. അവിടെ നിരവധി വിനോദസഞ്ചാരികള്‍ പല പല കുളങ്ങളിലും തടാകങ്ങളിലുമായി ഇറങ്ങി കുളിക്കുന്നുണ്ടായിരുന്നു. ഞാനും അവരുടെ വഴി പിന്തുടര്‍ന്നു. ഉപ്പുതടാകത്തില്‍ ഇറങ്ങി മുകള്‍ത്തട്ടില്‍ മലര്‍ന്നു കിടന്നാല്‍, മറ്റ് ആശ്രയങ്ങളൊന്നുമില്ലാതെ താഴോട്ട് താഴാതെ കിടക്കാന്‍ സാധിക്കും. ചാവുകടലിലും സമാനമായ സ്ഥിതിയാണുള്ളതെന്ന് ലുഖ്മാന്‍ പറഞ്ഞു. യേശുക്രിസ്തു വെള്ളത്തിനു മുകളിലൂടെ നടന്നു എന്നു പറയുന്നതെല്ലാം വിശ്വസനീയമായി തോന്നുക ഇവിടെ മലര്‍ന്നു കിടന്നപ്പോഴാണ്.  ചാവ് കടലിനേക്കാൾ തീവ്രമാണ് ഇവിടത്തെ ഉപ്പിന്റെ സാന്ദ്രത.

ഉപ്പുതടാകം, സിവാ മരുപ്പച്ച, ഈജിപ്ത്

ഉപ്പുതടാകത്തില്‍ കുളിക്കുകയും മതിയാവുന്നതു വരെ മലര്‍ന്നു കിടക്കുകയും ചെയ്ത് നനഞ്ഞു കുളിച്ച് കര കയറിയാല്‍, ശുദ്ധജലം കൊണ്ട് കുളിക്കുന്നതിനു വേണ്ടി  ടാങ്കും ടാപ്പും ഘടിപ്പിച്ച മാട്ടോര്‍സൈക്കിള്‍ വണ്ടി കാത്തു നില്‍ക്കുന്നുണ്ടാവും. പത്തു പൗണ്ട് കൊടുത്താല്‍ ഇവിടെ നിന്ന് കുളിച്ച് ഉണങ്ങിയ വസ്ത്രം ധരിച്ച് പൂര്‍വ്വസ്ഥിതി പ്രാപിക്കാം. ഏതുതരം വിചിത്രമായ അവസ്ഥകളിലും വരുമാന സാധ്യതകളും ഉപായങ്ങളും കണ്ടെത്തുന്നവരും നിത്യജീവിതം അതിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നവരും എല്ലായിടത്തുമുണ്ട്.

സിവാ മരുപ്പച്ചയിലെ പുരുഷന്മാര്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗവും വിവാഹവും നിലനിന്നിരുന്നതായും 1928ല്‍ ഫുവാദ് രാജാവ് ഇവിടം സന്ദര്‍ശിക്കുകയും സ്വവര്‍ഗ വിവാഹം നിയമം മൂലം നിരോധിക്കുകയും ചെയ്തതായും വിക്കിപ്പീഡിയ രേഖപ്പെടുത്തുന്നുണ്ട്. 

കാര്‍ഷികവൃത്തിയാണ് ഇവിടെയുള്ള ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതോപാധി. ഒലീവ്, ഈന്തപ്പന, എന്നിവയ്ക്കു പുറമെ പച്ചക്കറികളും പഴങ്ങളും മറ്റും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചെമ്മരിയാട്, കോഴി, താറാവ്, പശു, മുയല്‍, കഴുത, കുതിര എന്നിവയെയും വളര്‍ത്തുന്നു. എണ്ണപ്പനകള്‍ ഭൂമിയിലെ തന്നെ ഏറ്റവും പ്രാചീനമായ സസ്യങ്ങളിലൊന്നാണ്. കോടിക്കണക്കിന് വര്‍ഷങ്ങളായി ജീവപ്രകൃതി ഇവിടെ നിലനിന്നിരുന്നുവെന്ന് തെളിയിക്കാന്‍ പനകളുടെ ഫോസിലുകള്‍ ആണ് ശാസ്ത്രജ്ഞര്‍ കാണിക്കുന്നത്.

സിവ ഒയാസിസിലെ അമുന്റെ ക്ഷേത്രം. ഈ ക്ഷേത്രം ഒറാക്കിൾ ക്ഷേത്രം എന്നും അറിയപ്പെടുന്നു.

സിവാ മരുപ്പച്ചയില്‍ ലക്ഷക്കണക്കിന് ഒലീവ് മരങ്ങളും ഈന്തപ്പനകളുമാണുള്ളത്. മുപ്പതിനായിരം ടണ്ണോളം ഒലീവ് ഉത്പന്നങ്ങള്‍ ഒരു വര്‍ഷം ഇവിടെ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഒന്നു രണ്ടു കുപ്പി ഒലീവ് എണ്ണ ഞങ്ങള്‍ ഇവിടെ നിന്ന് വാങ്ങിച്ചു. നാടന്‍ ഈന്തപ്പഴങ്ങളും ഇവിടെ ഇഷ്ടം പോലെ ലഭിക്കും. അതും ഒന്നു രണ്ടു പെട്ടി വാങ്ങിച്ചു. പനയോലകള്‍ വീടുകള്‍ മേയുന്നതിനും വേലിയ്ക്കും കൊട്ട നെയ്യുന്നതിനും ഉപയോഗിക്കുന്നതിനു പുറമെ മരത്തടികള്‍ വീടു നിര്‍മ്മാണത്തിനും പ്രയോജനപ്പെടുത്തുന്നു.

ശാലി കോട്ടയും ക്ലിയോപാട്ര സ്പ്രിംഗും അമുന്‍ ക്ഷേത്രവും എല്ലാം കണ്ട് തിരിച്ചു പോരുന്ന വഴിയില്‍ മണ്‍നിരത്തുകളിലൂടെ ചില കൃഷിത്തോട്ടങ്ങളിലേയ്ക്കും ഞങ്ങള്‍ സഞ്ചരിച്ചു. മിക്കവാറും തോട്ടങ്ങള്‍ക്കുള്ളില്‍ വിശാലമായ തുറന്ന കിണറുകളും ഉണ്ട്. വെള്ളം ഇഷ്ടം പോലെ. ഈത്തപ്പഴം തൂങ്ങിക്കിടക്കുന്നത് പൊട്ടിക്കുന്നതൊന്നും വലിയ കുറ്റമല്ല ഇവിടെ. മൃഗങ്ങള്‍ക്കായി ബാക്കി നിര്‍ത്തിയതാണ്. സഞ്ചാരികള്‍ ഒന്നോ രണ്ടോ അല്ല പത്തെണ്ണം പൊട്ടിച്ചാലും ആരും വിലക്കുകയില്ല.

കൃഷിത്തോട്ടങ്ങളുടെ ഉടമകളും അവിടത്തെ തൊഴിലാളികളും ഞങ്ങളെ തടസ്സപ്പെടുത്തുകയോ എന്താണിവിടെ എന്ന് ചോദിക്കുകയോ ചെയ്തില്ല. ലുഖ്മാന്‍ അവരോടൊക്കെ സലാം പറയുന്നുണ്ടായിരുന്നു. അവരെല്ലാം സൗഹൃദത്തോടെ സലാം മടക്കി നല്‍കി.

സിവാ മരുപ്പച്ചയിലുള്ള അബ്ദു റെസ്റ്റോറന്റിലെ ഉച്ചഭക്ഷണത്തിനിടയിലാണ് തൊട്ടടുത്ത മേശയിൽ നിന്നൊരാൾ നിങ്ങൾ തമിഴരാണോ എന്ന് ഇംഗ്ലീഷിൽ ചോദിക്കുന്നത്. അല്ല എങ്കിലും അതുപോലെ എന്ന് മറുപടി പറഞ്ഞ് അദ്ദേഹത്തെ വിശദമായി പരിചയപ്പെട്ടു. ഷാങ്ഹായ് സ്വദേശിയായ ഫാൻ അറബി ബിരുദാനന്തര പഠനത്തിനായി കൈറോ സർവകലാശാലയിലാണുള്ളത്. തമിഴ് സുഹൃത്തുക്കളുള്ളതു കൊണ്ട് കൊഞ്ചം തെരിയും എന്ന് പറയാനറിയാം. വാട്സാപ്പ് നമ്പർ മേടിച്ചു.

ഉച്ചയ്ക്കു ശേഷം മരുഭൂമി താണ്ടി ആലമീൻ വഴി കൈറോയ്ക്കു തിരിച്ചുപോരുമ്പോൾ വഴിയിലുള്ള ചില്ലൗട്ടിൽ കയറി കപ്പൂച്ചിനോയും അമേരിക്കാനോയും കഴിയ്ക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരൻ നിങ്ങൾ മലബാറിയാണോ എന്ന് ചോദിക്കുന്നത്.

മിസ്രി(ഈജിപ്ത്യൻ)യായ അബ്ദുറഹ്മാൻ ദുബൈയിൽ ജോലി ചെയ്യുന്നു. ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിച്ചത് ചെന്നൈയിലും ഈറോഡിലുമാണ്. സുഹൃത്തുക്കളോടൊപ്പം മലപ്പുറത്തും കൊച്ചിയിലുമെല്ലാം വന്നിട്ടുണ്ട്. കുടുംബസമേതം ദുബൈയിലാണ് താമസം. ഈജിപ്തിൽ മെർസൂ മെത്രൂഹിലും അൽ മൻസൂറയിലും ഭൂസ്വത്തുക്കൾ ഉള്ള ധനികനാണ്. ഉമ്മയും ഒപ്പമുണ്ട്. സിവായിലാദ്യമായാണ് വരുന്നത്. പിരിയുമ്പോൾ പ്രീതയോട് താങ്ക് യൂ അക്കാ എന്നാണ് പറഞ്ഞത്. ചേച്ചി എന്ന് പഠിപ്പിക്കാൻ കുറച്ചു ശ്രമിച്ചു.

മിസ്രികളും അല്ലാത്തവരുമായി കണ്ടുമുട്ടിയവർക്കെല്ലാം ഇന്ത്യക്കാരോട് സ്നേഹവും സൗഹൃദവുമാണിവിടെ.

 

(അടുത്ത ലക്കത്തിൽ: കൈറോ ആയിരം മിനാരങ്ങളുടെ നഗരം)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.