A Unique Multilingual Media Platform

The AIDEM

Articles Law National

ഐ.എ.എസുകാർ മതപരമായ ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോൾ…

  • February 17, 2025
  • 1 min read
ഐ.എ.എസുകാർ മതപരമായ ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോൾ…

ക്ഷേത്രാധികാരികളിൽ നിന്ന് മത നിർവഹണത്തെക്കുറിച്ചറിയാൻ 17 ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) പ്രൊബേഷണർമാരുടെ ഒരു ബാച്ച് അടുത്തിടെ കാശി വിശ്വനാഥ മന്ദിരം സന്ദർശിക്കുകയുണ്ടായി. പ്രാർത്ഥന, ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും ഡെപ്യൂട്ടി കളക്ടറുമായുമുള്ള സംവാദം എന്നിവ ഉൾപ്പെടുന്നതായിരുന്നു കാര്യപരിപാടി. എന്നാൽ  ഒരു പരമാധികാര മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിലെ ഉദ്യോഗസ്ഥ സമൂഹത്തിന്റെ ഭരണഘടനാപരവും നിയമപരവുമായ കർത്തവ്യങ്ങൾക്കും ചുമതലകൾക്കും ഉതകുന്നതായിരുന്നോ ഇവരുടെ ഈ സന്ദർശനവും അതോടൊപ്പമുള്ള പ്രവർത്തനങ്ങളും എന്ന ചോദ്യം ഉയർത്തപ്പെടേണ്ട ഒന്ന് തന്നെയാണ്.

കാശി ക്ഷേത്രം സന്ദർശിച്ച 17 ഐഎഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥർ

ഭരണഘടനാപരമായ ധാർമികത, ഭരണഘടനയുടെ അന്തസത്തക്ക് അനുയോജ്യമായ പെരുമാറ്റം, വസ്തുനിഷ്ഠമായ വിശകലനത്തിൽ അധിഷ്ഠിതമായ പ്രവർത്തന രീതി എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉറക്കെ ഉയർത്തുന്ന രീതിയിൽ വർദ്ധിച്ചുവരുന്നുണ്ട് സമീപകാലങ്ങളിൽ സിവിൽ സർവീസുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം മതപരമായ ഇടപെടലുകൾ.

 

മതനിരപേക്ഷതയും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് മതനിരപേക്ഷതയിലാണ് ഉറപ്പിച്ച് നിറുത്തിയിരിക്കുന്നത് എന്ന് ദശാബ്ദങ്ങളായി ആവർത്തിച്ചു പറയപ്പെടുന്ന വസ്തുതയാണ്. ഭരണഘടനാ പ്രകാരം ഐ.എ.എസ് ഉദ്യോഗസ്ഥർ മതേതരത്വത്തിന്റെയും വിവേചനരഹിതമായ ഭരണത്തിന്റെയും തത്വങ്ങൾക്ക് അധിഷ്ഠിതമായി പ്രവർത്തിക്കേണ്ടവരാണ്. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള അനുച്ഛേദങ്ങൾ മതസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതോടൊപ്പം ഭരണകൂടത്തെ ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നോ സംരക്ഷിക്കുന്നതിൽ നിന്നോ വ്യക്തമായി വിലക്കുന്നുമുണ്ട്. കൂടാതെ, 1968ലെ ഓൾ ഇന്ത്യ സർവീസ് റൂൾസ്, പ്രത്യേകിച്ച് ചട്ടം 5 (1) പ്രകാരം സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക പ്രവർത്തനങ്ങളിൽ രാഷ്ട്രീയവും മതപരവുമായ നിഷ്പക്ഷത പാലിക്കണമെന്നും ഏതെങ്കിലും മതപരമായ പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും അനുശാസിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഭരണഘടനാ ഉത്തരവുകൾക്കനുശ്രുതമായാണോ ഇത്തരമൊരു സന്ദർശനമെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുഖമുദ്രയായ മതനിരപേക്ഷതയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു മാറ്റത്തിന്റെ സൂചന യാണോ ഇതെന്നും ആശങ്കകളുയരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന മതഭൂരിപക്ഷവാഴ്ചയുടെ (majoritarianism)  മൂർത്തമായ ഒരു ദൃഷ്ടാന്തമായാണ് ഈ വാരണാസി സന്ദർശനം വിലയിരുത്തപ്പെടുന്നത്.

 

ബാബറി മസ്ജിദിന്റെ തകർച്ചയും സിവിൽ സർവീസുകാരുടെ പങ്കാളിത്തവും

1992ലെ ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവം ഇന്നും ചരിത്രത്തിൽ ഒരു ഞെട്ടലായി നിലനിൽക്കുന്നു. അധികാരത്തിന്റെ സിരാകേന്ദ്രങ്ങളിലേക്ക് ഒഴുകുന്ന ഭരണകൂട നീതിപാലകരുടെ മതചിന്തകളെയാണ് അതിനുശേഷം നാം ദർശിച്ചത്. 1992 ബാച്ചിലെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ബാബറി മസ്ജിദ് തകർത്ത സംഭവത്തെ “ശക്തമായ, ശുഭകരമായ” ഒന്നായി വിലയിരുത്തുകയും ആ വിലയിരുത്തൽ പൊതുവിൽ പങ്കുവയ്ക്കുകയും ചെയ്തത് അവരുടെ വ്യക്തിഗത മാനസികാവസ്ഥയെക്കാൾ ഭരണസംവിധാനത്തിനുള്ളിലെ ഗണ്യമായ തകർച്ചയെയാണ് പ്രതിനിധീകരിച്ചത്. ആധികാരികതയും മതനിരപേക്ഷതയും കൈവിടുമ്പോൾ ഭരണകൂടം സ്വയം ഒരു മത ഭൂരിപക്ഷത്തിന്റെ അടിമയായി മാറുകയാണോ എന്നതാണിവിടെ നിലനിൽക്കുന്ന ചോദ്യം. 

 

സിവിൽ സർവീസുകാർക്ക് ആർഎസ്എസിൽ ചേരാനുള്ള അനുമതി: ഭരണനീതിയുടെ വഴിമുട്ടലോ?

2023ൽ കേന്ദ്ര സർക്കാർ, സിവിൽ സർവീസുകാർക്ക് ആർ.എസ്.എസിൽ പ്രവർത്തിക്കാനുള്ള വിലക്ക് നീക്കുകയുണ്ടായി. 58 വർഷം പഴക്കമുള്ള ഈ വിലക്ക് മാറ്റിമറിക്കപ്പെട്ടതോടെ, ഭരണഘടനയുടെ  മതനിരപേക്ഷതയൂം അതിന്റെ സമത്വപരമായ ധാർമികതയൂം സുരക്ഷിതമാണോ എന്ന സംശയം എല്ലാവരിലും ജനിക്കുന്നുണ്ട്. ഭരണഘടന മൂല്യങ്ങൾ അനുസരിക്കാതെ ഒരു പ്രത്യേക മതരാഷ്ട്രീയ ആശയധാരയോട് ചേർന്നുനിന്നുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളുടെ പ്രവർത്തനം ഭരണനീതിക്ക് ഒരു വെല്ലുവിളിയാകുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഈ നീക്കം ഉദ്യോഗസ്ഥവൃന്ദങ്ങളുടെ രാഷ്ട്രീയവൽക്കരണത്തിൻ്റെ ചാലക ശക്തിയായി പ്രവർത്തിക്കുന്നുണ്ടെന്ന് വേണം വിലയിരുത്താൻ.

 

കേരളത്തിലെ ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ വിവാദം: 

കേരളം എന്നും മതനിരപേക്ഷതയുടെ സ്വഗൃഹം തന്നെയായിരുന്നു. എന്നാൽ അധികാരത്തിന്റെ ഹൃദയഭാഗത്തു നിന്നുതന്നെ മതപരമായ വേർതിരിവുകൾ ഉടലെടുക്കുമ്പോൾ അതൊരു ചിന്താവിഷയം തന്നെയാണ്. രണ്ടു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനും പ്രശാന്തും, ഒരു മതപരമായ വാട്ട്സാപ് ഗ്രൂപ്പ്മായി ബന്ധപ്പെട്ട വിവാദത്തിൽ ഏർപ്പെടുമ്പോൾ അത് ഗൗരവമായ ചില അപഭ്രംശങ്ങളിലേക്ക്  തന്നെയാണ് വിരൽചൂണ്ടുന്നത്. “മല്ലു ഹിന്ദു ഓഫീസേഴ്സ്” എന്ന പേരിലുള്ള ഈ കൂട്ടായ്മ ഒരു മതവിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരെ മാത്രം  അംഗങ്ങളാക്കുന്ന ഒരു ഗ്രൂപ്പാണ്. ഈയൊരു പരിപാടി ശക്തമായ വിമർശനം നേരിട്ടു. അതേതുടർന്ന് ഗ്രൂപ്പ് നീക്കം ചെയ്യുകയും, അതിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടുകയും ചെയ്തു. മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനായ എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി അനുമതിയില്ലാതെ കൂടിക്കാഴ്ച നടത്തിയതായും വാർത്തകൾ വന്നിരുന്നു. ഒരു ഭരണകൂടം നിഷ്പക്ഷതയുടെ മൂല്യങ്ങൾ മറക്കുകയും ഭരണകൂടത്തിന്റെ സുപ്രധാന ഭാഗങ്ങളായ ഉദ്യോഗസ്ഥർ തന്നെ മതപരമായ വേർതിരിവുകളുടെ മതിലുകൾ സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, ഭരണഘടനയുടെ നിലനിൽപ്പ് എന്തായിരിക്കും?

 

തമിഴ്നാട് പ്രസംഗ വിവാദം

1990 ബാച്ചിലെ ഐ.എ.എസ് ഓഫീസർ സി ഉമാശങ്കറിന്, മതപ്രചാരണം നടത്തിയതിന് തമിഴ്നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതോടെ ഭരണനിഷ്പക്ഷത നേരിടുന്ന വെല്ലുവിളികളും അതിന്റെ അതിരുകളും വീണ്ടും ചർച്ചയ്ക്ക് വന്നു. ദളിത് – ക്രിസ്ത്യൻ മതമാറ്റം സ്വീകരിച്ച അദ്ദേഹം മതപ്രചാരണത്തിന് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദ പ്രകാരം തനിക്ക് അവകാശമുണ്ടെന്ന് വാദിക്കുകയുണ്ടായി. എന്നാൽ 1968ലെ  ഓൾ ഇന്ത്യ സർവീസ് നിയമ പ്രകാരം സിവിൽ സർവീസുകാർ മതകാര്യങ്ങളിൽ നിരപേക്ഷത പാലിക്കണമെന്നാണ് ശാസന. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പൊതുവേദിയിൽ മതപരമായ നിലപാട് സ്വീകരിക്കുവാൻ പാടില്ലെന്നും മതപ്രചാരണം ആഗ്രഹിക്കുന്നുവെങ്കിൽ രാജിവെക്കണമെന്നും അല്ലെങ്കിൽ സർവീസ് ചട്ടങ്ങൾ പാലിക്കണമെന്നും മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ സുബ്രഹ്മണ്യനും വ്യക്തമാക്കി.

1990 ബാച്ചിലെ ഐ.എ.എസ് ഓഫീസർ സി ഉമാശങ്ക

 

ഭരണത്തിലും പൊതുബോധത്തിലും ചെലുത്തുന്ന സ്വാധീനം

ഐ.എ.എസ് പ്രൊബേഷണർമാരുടെ ക്ഷേത്ര സന്ദർശനവും മറ്റ് സമീപകാല സംഭവവികാസങ്ങളും മതേതരവും വിവേചനാരഹിതവുമായ ഭരണത്തിന് ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. സർക്കാർഉദ്യോഗസ്ഥർ ഹിന്ദു ക്ഷേത്രങ്ങൾ പരിപാലിക്കാൻ പരിശീലനം നേടുമ്പോൾ അതുപോലെ മസ്ജിദുകളിലേക്കും പള്ളികളിലേക്കും ഗുരുദ്വാരകളിലേക്കും ഈ പരിശീലനം എത്തിപ്പെടുമോ എന്നതാണ് ഉയർന്നുവരുന്ന മറ്റൊരു ചോദ്യം. ഭരണസംവിധാനത്തിന് മതസ്ഥാപനങ്ങളുമായി അതിഗാഢമായ ബന്ധം വളർത്തിയെടുക്കാൻ ശ്രമിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തെ ദുർബലമാക്കുന്നു. ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ മതനിരപേക്ഷതയുടെയും അധികാര വിഭജനത്തിന്റെയും തത്വങ്ങൾ അടിസ്ഥാനമാക്കിയുള്ളവയാണ്. എന്നാൽ സർക്കാർ സംവിധാനത്തിന്റെ നിക്ഷപ്തത ചോദ്യം ചെയ്യപ്പെടുമ്പോൾ ന്യൂനപക്ഷ സമൂഹങ്ങൾ അവരുടെ സുരക്ഷയും സംരക്ഷണവും എന്താകുമെന്ന ആശങ്കയിലാകുന്നു. ഭരണസംവിധാനത്തിൽ ഈയൊരു പക്ഷപാതിത്വം തെളിഞ്ഞു വരുമ്പോൾ, ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസവും ഇല്ലാതാകുന്നു.

 

മുന്നോട്ടുള്ള വഴി

ഒരു ജനാധിപത്യ രാജ്യത്തിലെ ഭരണകൂടം ജനങ്ങളുടെ വൈവിധ്യത്തെ മനസ്സിലാക്കുകയും അതിന്റെ സാമൂഹികവും സാംസ്കാരികവുമായ തലങ്ങൾ ഉൾക്കൊള്ളുകയും വേണം. ഈ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ഭരണസംവിധാനത്തിന്റെ പരിശീലനവും പ്രവർത്തനങ്ങളും മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലാകേണ്ടതുണ്ട്. എന്നാൽ ഒരു ഭരണസംവിധാനം ഒരു മതവിഭാഗത്തെ മാത്രം അനുകൂലിക്കുകയാണെങ്കിൽ അത് ഭരണഘടനയുടെയും ജനാധിപത്യപ്രക്രിയകളുടെയും അടിസ്ഥാന മൂല്യങ്ങളെ നേരിട്ട് വെല്ലുവിളിക്കുന്നതിനോട് തുല്യമാണ്. പൊതു സേവകർ മതപരമായ ആചാരങ്ങളിൽ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കുകയും മതപരമായ ഇടപെടലുകളെക്കാൾ ഭരണഘടനാ നിർവഹണത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഈ ഉദ്യോഗസ്ഥവൃന്ദങ്ങളുടെ രാഷ്ട്രീയവൽക്കരണം തടയാൻ കർശനമായ മതേതര തത്വങ്ങൾ പാലിക്കേണ്ടതും അനിവാര്യമാണ്.

വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ മതപരമായ ഉപയോഗം മുതൽ ബാബറി മസ്ജിദ് തകർച്ചയുടെ പേരിലുള്ള ആഘോഷം വരെയുള്ള സംഭവവികാസങ്ങൾ എടുത്തു നോക്കിയാൽ ഭരണകൂടത്തിന്റെ മതപരമായ പങ്കാളിത്തം അധികാര കേന്ദ്രങ്ങളിൽ ശക്തിപ്പെടുന്നതായി കാണാം. ഭരണകൂടവും മതവും തമ്മിലുള്ള ഈ ഏകീകരണ ദിശയെ പുനഃപരിശോധിക്കാതെ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാൻ സാധ്യമല്ല. മതം ഭരണവ്യവസ്ഥയെ വിഴുങ്ങുമ്പോൾ, ഭരണഘടനാ മൂല്യങ്ങൾ ഉരുകി ഒഴുകുമ്പോൾ, അധികാരനിരൂപണത്തിന്റെയും പാരമ്പര്യത്തിന്റേയും ഗതി എന്താവും? പക്ഷപാതപരമായ കക്ഷി രാഷ്ട്രീയത്തിനും തത്വങ്ങളുടെ തകർച്ചയ്ക്കുമിടയിൽ ഇന്ത്യൻ ബ്യൂറോക്രസി ഇന്ന് ഒരു പുതിയ വഴിത്തിരിവിലാണ് എന്ന് വേണം വിവക്ഷിക്കാൻ. അത്തരം ഒരു സ്ഥിതിവിശേഷം ഇന്ത്യ എന്ന ബൃഹത് രാജ്യത്തിനും അതിൻറെ ജനവിഭാഗങ്ങൾക്കും നേരെ ഉയർത്തുന്ന വെല്ലുവിളി അതിഭീകരം തന്നെ.


ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് ഇംഗ്ലീഷിലാണ് സബ്രംഗ്ഇന്ത്യയിൽ. ഇവിടെ വായിക്കാം.

About Author

സബ്‌രംഗ്ഇന്ത്യ

'മുഖ്യധാര'യിൽ നിന്ന് അപ്രത്യക്ഷമാകുന്നതും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതുമായ വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്ന ഒരു സർക്കാരിതര കൂട്ടായ്‌മയുടെ വെബ്‌സൈറ്റാണ് സബ്‌രംഗ്ഇന്ത്യ. ഇവർ ലിംഗ, ദളിത്, ന്യൂനപക്ഷ അവകാശ വിഷയങ്ങളിൽ പ്രത്യേക ഊന്നൽ നൽകിവരുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
2 days ago

Shocking

1
0
Would love your thoughts, please comment.x
()
x