
യൂറോപ്പില്‍ നിന്നും പടിഞ്ഞാറേ ഏഷ്യയില്‍ നിന്നുമുള്ളവരുമായി ഇടകലര്‍ന്നതിലൂടെയാണ് കൈറോ നഗരത്തിലെയും പരിസരത്തെയും ജനങ്ങള്‍, വെളുത്ത തൊലിനിറമുള്ളവരായി തീര്‍ന്നതെന്നാണ് പൊതുവിശ്വാസം. ഈ പൊതുബോധത്തോട് പക്ഷെ, നരവംശ ശാസ്ത്രജ്ഞര്‍ പൂര്‍ണമായി യോജിക്കുന്നില്ല. കലര്‍പ്പിന്റെ നിറമായാണ് ഈ പൊതുബോധമനുസരിച്ച് വെള്ളയെ കണക്കാക്കുന്നത്. അതേസമയം ഈജിപ്ഷ്യന്‍ നാഗരികതയെ കറുപ്പ് അല്ലെങ്കില്‍ വെളുപ്പ് എന്ന് വേര്‍തിരിച്ച് വെള്ളം കടക്കാത്ത അറകളിലാക്കേണ്ടതില്ല എന്നാണ് വിദഗ്ദ്ധ മതം. അതായത്, ലോവര്‍ ഈജിപ്ത്, അപ്പര്‍ ഈജിപ്ത്, നൂബിയ എന്നിവിടങ്ങളിലെ ജനങ്ങളുടെ തൊലിനിറങ്ങളിലുള്ള വൈജാത്യം പ്രാചീന കാലം മുതല്ക്കു തന്നെ ഉണ്ടായിരുന്നുവെന്നും രാജ്യത്തിനകത്തെ കുടിയേറ്റങ്ങള്‍ ഇത് മാറ്റിമറിച്ചില്ലെന്നും കരുതാം എന്നു ചുരുക്കം.
ഈജിപ്തിനകത്തെ വംശീയവൈജാത്യങ്ങളും വര്‍ണവൈവിധ്യങ്ങളും ലോകശ്രദ്ധ ആകര്‍ഷിക്കുകയും ഇതിനെക്കുറിച്ച് നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടക്കുകയും വിവാദങ്ങള്‍ ഉടലെടുക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. ഈജിപ്തിന്റെ മുഖങ്ങളായി അറിയപ്പെടുന്ന തൂത്തംഖാമനും ക്ലിയോപാട്രയും ഏത് നിറക്കാരായിരുന്നു എന്ന ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടന്നു. ഈജിപ്ഷ്യന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസ് ജെനറലും പ്രസിദ്ധ ഈജിപ്‌തോളജിസ്റ്റുമായ സാഹി ഹവാസിന്റെ അഭിപ്രായത്തില്‍ തൂത്തംഖാമന്‍ കറുത്ത വംശജനല്ല. ഗ്രീക്കോ റോമന്‍ കാലഘട്ടത്തിലെ ടോളമി സാമ്രാജ്യത്തിലെ പ്രസിദ്ധ ചക്രവര്‍ത്തിനിയായ ക്ലിയോപാട്ര ഏഴ് കറുത്തവളാണോ അല്ലയോ എന്ന പ്രശ്‌നം 2012ലെ എബോണി മാസികയുടെ കവര്‍ സ്‌റ്റോറി ആയി പ്രത്യക്ഷപ്പെട്ടു. ക്ലിയോപാട്ര, ഷെയ്ക്‌സ്പിയറുടെ നാടകത്തിലൂടെയും ചിത്രകാരരുടെ പെയിന്റിംഗുകളിലൂടെയും മറ്റും പില്‍ക്കാലത്ത് വിഗ്രഹവും ബിംബവും സൗന്ദര്യരൂപവുമെല്ലാമായി മാറി. ക്ലിയോപാട്രയെക്കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്കുമെന്ററി സംപ്രേക്ഷണം ചെയ്തു തുടങ്ങിയപ്പോഴും വിവാദം തുടര്‍ന്നു. അലെക്‌സാണ്ട്രിയയിലെത്തിയപ്പോഴാണ് ക്ലിയോപാട്രയുടെയും അടുത്തെത്തുന്നത്.

ആഫ്രിക്കന്‍ സ്വഭാവം തീരെയില്ലെന്നു തോന്നിപ്പിക്കുന്ന കൈറോവില്‍ നിന്ന് അസ്വാനിലും മറ്റും എത്തുമ്പോഴാണ് ഇരുനിറവും കറുപ്പു നിറവുമുള്ള ജനങ്ങളെ കാണാനാകുക. അക്കൂട്ടത്തിലാണ്, ഏറ്റവും പ്രാചീനമായ സംസ്‌ക്കാരം ഇപ്പോഴും തുടരുന്നവരായ നൂബിയന്‍ ജനതയെയും കാണാനാവുക. അസ്വാന്‍ പ്രദേശത്ത് നിരവധി നൂബിയന്‍ ഗ്രാമങ്ങളുണ്ട്. അണക്കെട്ട് വന്നപ്പോള്‍ അവയില്‍ പലതും വെള്ളത്തിനടിയിലായി. ഇപ്പോള്‍, വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പഴയതും പുതിയതായി ചിട്ടപ്പെടുത്തിയതുമായ നിരവധി നൂബിയന്‍ ഗ്രാമങ്ങളും വീടുകളും ഈ മേഖലയിലുണ്ട്.
അസ്വാന്‍ നഗരകേന്ദ്രത്തിലെ ബോട്ട് ജെട്ടിയില്‍ നിന്ന് നേരെ എതിര്‍വശത്തുള്ള ഖുബതു അല്‍ ഹവാ എന്ന വിശുദ്ധരുടെയും പുരോഹിതരുടെയും ശവകുടീരങ്ങള്‍ക്കു താഴെയായുള്ള നൂബിയന്‍ ഗ്രാമത്തിലാണ് ഞങ്ങള്‍ പോയത്. ഒറ്റ യാത്രയില്‍ മൂന്നു കാര്യങ്ങള്‍ നിര്‍വഹിച്ചു. നൈല്‍ നദിയിലൂടെ ഒരു ബോട്ടു യാത്ര, ഖുബതു അല്‍ ഹവാ സന്ദര്‍ശനം, നൂബിയന്‍ ഗ്രാമത്തിലെ സന്ദര്‍ശനവും.

ബി.സി പതിനാറായിരം മുതല്‍ ആറായിരം വര്‍ഷം വരെയുള്ള കാലഘട്ടത്തില്‍, ഇപ്പോള്‍ വാസയോഗ്യമല്ലാത്ത സഹാറ മരുഭൂമിയില്‍ പുല്‍മേടുകളും ഇടവിട്ടുള്ള കാടുകളും (സവന്ന ഗ്രാസ് ലാന്റ്‌സ്) മരുപ്പച്ചകളും ചില മാസങ്ങളില്‍ പ്രത്യക്ഷമാകുന്ന നീരൊഴുക്കുകളും ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ആ കാലഘട്ടങ്ങളില്‍ വേട്ടയാടിയും പെറുക്കി തിന്നും മീന്‍ പിടിച്ചും ജീവിച്ചിരുന്നവര്‍, ഗുഹകളിലും മറ്റും കോറി വരച്ചിട്ട ചിത്രങ്ങളും കൊത്തുപണികളും ഇക്കാര്യം തെളിയിക്കുന്നുണ്ട്. കാട്ടുമൃഗങ്ങളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നതിനാലാണ് ഇവിടെ കാടുണ്ടായിരുന്നു എന്നു പറയുന്നത്.
ബി.സി ആറായിരം മുതല്‍ നാലായിരം വര്‍ഷം വരെയുള്ള കാലഘട്ടത്തില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് സഹാറ മരുഭൂമിയും ഇപ്പോഴത്തെ ഈജിപ്തിലെ ജനവാസകേന്ദ്രങ്ങളും രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. നാടോടി സ്വഭാവമുള്ള ജനങ്ങളായിരുന്നു അക്കാലത്ത് ലോകത്തെവിടെയുമെന്നതു പോലെ ഇവിടെയുമുണ്ടായിരുന്നത്. ഈ കാലഘട്ടത്തിലാണ് ഗോതമ്പും ബാര്‍ലിയും കൃഷി ചെയ്യുന്ന രീതികളും പശു, പന്നി, ആട് എന്നിവയുടെ പരിപാലനവും മനുഷ്യര്‍ ആരംഭിച്ചത്. ഏഷ്യയില്‍ നിന്നായിരിക്കും ഈ സമ്പ്രദായങ്ങള്‍ ഈജിപ്തിലുമെത്തിയിട്ടുണ്ടാവുക. നൈല്‍ നദിക്കരയില്‍ അങ്ങിങ്ങായി കാര്‍ഷികഗ്രാമങ്ങള്‍ രൂപപ്പെട്ടതും ഇതിനു പുറകെയാണ്.
ബി.സി ഏഴായിരം കൊല്ലം മുതല്‍ക്കു തന്നെ ക്ഷേത്രങ്ങളും പിരമിഡുകളും കൊട്ടാരങ്ങളും കെട്ടിയുണ്ടാക്കിയവരാണ് നൂബിയന്‍ ജനത. സുഡാനിലെ നൂബിയന്‍ മേഖലയില്‍ 223 പിരമിഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലെ ആകെ പിരമിഡുകളുടെ ഇരട്ടി വരുമിത്. കെര്‍മ, നപാത്ത, മെറോ എന്നീ മൂന്നു സാമ്രാജ്യങ്ങള്‍ നൂബിയന്‍ രാജ ഭരണകാലത്തുണ്ടായിട്ടുണ്ട്. ഈജിപ്തിന്റെ ചരിത്ര-ചരിത്രാതീത കാലഘട്ടങ്ങളിലെല്ലാം, നൂബിയന്‍ ജനത കീഴടക്കപ്പെട്ട വംശമോ, ഏറ്റവും എതിര്‍പ്പുള്ള ശത്രുവോ ആയി കണക്കാക്കപ്പെട്ടു.
ന്ബു എന്ന പ്രാചീന ഈജിപ്ഷ്യന്‍ ഭാഷയില്‍ നിന്നാണ് നൂബിയ എന്ന പദമുണ്ടാകുന്നത്. ന്ബു എന്നാല്‍ സ്വര്‍ണം എന്നാണര്‍ത്ഥം. സ്വര്‍ണം മാത്രമല്ല, ആനക്കൊമ്പ്, ധാതുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, ലോഹങ്ങള്‍, ഔഷധങ്ങള്‍ എന്നിവ ശേഖരിക്കുന്നതിലും അവയുടെ മൂല്യം അനുസരിച്ച് കൈകാര്യം ചെയ്യുന്നതിലും നൂബിയന്‍ ജനത നിപുണരായിരുന്നു. ഫറോവമാര്‍ സമര്‍ത്ഥമായി ഈ നൈപുണ്യത്തെ പ്രയോജനപ്പെടുത്തുകയും വില കൂടിയ സ്വര്‍ണം അടക്കമുള്ളവ കൈവശപ്പെടുത്തുകയും നൂബിയന്‍ ജനതയെ അടിമകളാക്കി മാറ്റുകയും ചെയ്തു. ആഫ്രിക്കക്കാരെ അടിമകളാക്കാന്‍ തുടങ്ങിയത് യൂറോപ്യന്‍ അധിനിവേശക്കാര്‍ക്കു മുമ്പ് ഈജിപ്തുകാര്‍ തന്നെയായിരുന്നുവെന്ന് ചുരുക്കം.

അസ്വാന്‍ അണക്കെട്ട് പൂര്‍ത്തിയാവുമ്പോള്‍, മിക്കവാറും നൂബിയന്‍ ജനത വസിച്ചിരുന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാവുന്നതോടെ അവരുടെ വംശഹത്യയായിരിക്കും നടക്കുക എന്ന് നരവംശശാസ്ത്രജ്ഞര്‍ ഭയപ്പെട്ടു. അണക്കെട്ടിന്റെ വിവിധ കരകളിലായും അസ്വാനിലെ മറ്റു പ്രദേശങ്ങളിലും തങ്ങളുടെ സംസ്‌ക്കാരം സംരക്ഷിച്ചുകൊണ്ട് ഇപ്പോഴും നൂബിയന്‍ ജനത അതിജീവിക്കുന്നു.
അവരുടെ ഭാഷയും വസ്ത്രധാരണരീതിയും നൃത്തങ്ങളും പാരമ്പര്യമര്യാദകളും സംഗീതവും എല്ലാം വ്യത്യസ്തമാണ്. സംഗീതത്തിലൂടെ നൂബിയന്‍ ജനത പുതിയ കാലത്തും തങ്ങളുടെ പ്രസക്തി തെളിയിക്കുന്നതിന്റെ തെളിവാണ് ഹംസ എല്‍ ദിന്‍ (Hamza El Din). ആധുനിക നൂബിയന്‍ സംഗീതത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ഹംസ എല്‍ ദിന്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്കിലിയിലാണ് ലോകസഞ്ചാരങ്ങള്‍ക്കായി താമസിച്ചിരുന്നത്. 2006ല്‍ അന്തരിച്ചു. എസ്‌കലേ: ദ് വാട്ടര്‍ വീല്‍ (Escalay: The Water Wheel ) അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആല്‍ബമാണ്. ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ആരാധനാപാത്രമായ നൂബിയന്‍ സംഗീതജ്ഞനും കവിയുമായ മൊഹമ്മദ് മൗനീര്‍, തന്റെ രചനകളില്‍ കിഴക്കുള്ള ഇസ്ലാമും പടിഞ്ഞാറുള്ള സെക്കുലറിസ്റ്റുകളും തമ്മില്‍ എത്തിച്ചേരേണ്ട സമാധാന സന്ധിയെക്കുറിച്ചെഴുതി.
നാഗരികതയുടെ പ്രാരംഭകാലത്തു തന്നെ രൂപപ്പെട്ട ആധുനിക സമൂഹമായാണ് നൂബിയന്‍ ജനതയെ നരവംശശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. നിരവധി നൂറ്റാണ്ടുകള്‍ കടന്നിട്ടും അവരുടെ സാംസ്‌ക്കാരിക സവിശേഷതകളില്‍ പലതും അവര്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ലിപിയില്ലാത്ത ഭാഷയാണവരുടേത്. ഈജിപ്തില്‍ സ്വാധീനം ചെലുത്തിയ ക്രൈസ്തവ, ഇസ്ലാം മതങ്ങളില്‍ അതാതു കാലത്ത് അവര്‍ സമ്പൂര്‍ണമായി ചേര്‍ന്നെങ്കിലും അവരുടെ പ്രത്യേകതകള്‍ കുറെയൊക്കെ ഇപ്പോഴും തുടരുന്നു.
നൂബിയന്‍ ഗ്രാമ ജീവിതം പരിചയപ്പെടാനായി ഞങ്ങള്‍ പോയത് അസ്വാനിലെ നൈല്‍ നദിയ്ക്കക്കരെയുള്ള ഒരു വീട്ടിലാണ്. ഈ വീട് നൂബിയന്‍ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടതും, വീട്ടിലുള്ളവര്‍ക്കു പുറമെ റിസോര്‍ട്ട് എന്ന രീതിയില്‍ വിനോദ സഞ്ചാരികള്‍ക്കു കൂടി താമസിക്കാവുന്ന വിധത്തിലുള്ളതുമാണ്. ഉയരം കൂടിയ മതിലിനകത്ത് വിശാലമായ മുറ്റം ഉണ്ട്. വളപ്പിനകത്തേക്ക് കടക്കുന്ന വാതില്‍, മനോഹരമായി വിവിധ ചായങ്ങളുപയോഗിച്ച് ചിത്രപ്പണികള്‍ ചെയ്തതാണ്. കുടുംബത്തിന്റെയും പ്രദേശത്തിന്റെയും നൂബിയന്‍ ജീവിതത്തിന്റെയും മുദ്രകള്‍ പേറുന്ന പല വരകളും ചിത്രങ്ങളും മതിലുകളിന്മേളും ചുമരുകളിന്മേളും വരച്ചു വെച്ചിട്ടുണ്ട്. നൃത്തച്ചുവടുകള്‍, ജ്യാമിതീയ രൂപങ്ങള്‍, അക്കാലത്ത് ആരാധിച്ചിരുന്ന മൃഗ/പക്ഷി രൂപങ്ങള്‍, ഈന്തപ്പനയുടെ ചിത്രങ്ങള്‍ എന്നിവയും വരകളിലുള്‍പ്പെടുത്തിയിട്ടുണ്ട്.

നൂബിയന്‍ വിഭാഗത്തില്‍ പെട്ടവരുടെ ഒരു ചായക്കടയില്‍ കയറി ഞങ്ങള്‍ ചെമ്പരുത്തിചായ കുടിച്ചു. പനയോല കൊണ്ടും മറ്റും പരമ്പരാഗത രീതിയില്‍ കെട്ടിയുണ്ടാക്കിയിട്ടുള്ള ഈ ചായക്കടയില്‍ വെറും ചായ കുടിക്കാനെത്തുന്നവര്‍ക്കായി തുണിക്കമ്പളങ്ങള്‍ വിരിച്ചിട്ട് സൗകര്യമൊരുക്കിയിട്ടുമുണ്ട്.
കാറ്റിന്റെ താഴികക്കുടം എന്നു കൂടി പേരുള്ള ഖുബതു അല്‍ ഹവാ എന്ന വിശുദ്ധരുടെയും പുരോഹിതരുടെയും ശവകുടീര സമുച്ചയവും നൈല്‍ നദിയ്ക്കക്കരെയാണുള്ളത്. 2022ലെ കണക്കനുസരിച്ച് നൂറിലധികം ശവക്കല്ലറകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ചുമരുകളില്‍ നിരവധി എഴുത്തുകളും ചിത്രപ്പണികളുമുണ്ട്. വിശുദ്ധരും പുരോഹിതരും സൈനിക മുന്നേറ്റങ്ങളെ സാധൂകരിക്കുന്നതും വാണിജ്യത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നതുമെല്ലാമാണ് എഴുത്തുകളിലുള്ളതെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചു. മലയ്ക്കു മുകളിലാണ് ശവകുടീരങ്ങളുള്ളത്. അവിടേയ്ക്കുള്ള വഴികള്‍ ചവിട്ടുപടികളായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. അത് പില്‍ക്കാലത്ത് നിര്‍മ്മിച്ചതാണോ എന്നറിയില്ല. നടന്നു കയറാന്‍ വിഷമിക്കും എന്നു തോന്നുമെങ്കിലും വലിയ പ്രയാസമുണ്ടായില്ല.

ഖുബതു അല്‍ ഹവായിലേയ്ക്ക് കയറാനുള്ള സമയം ഏതാണ്ട് കഴിഞ്ഞ സമയത്താണ് ഞങ്ങള്‍ അവിടെ എത്തിയത്. നൂറു പൗണ്ട് സാധാരണ കൊടുത്താല്‍ അവിടെ കയറാന്‍ അനുവദിക്കാറുള്ളതാണെന്നും ഇപ്പോള്‍ ആ സംഖ്യയ്ക്ക് കയറാന്‍ പറ്റില്ലെന്നും അതിന്റെ ചുമതലക്കാര്‍ പറഞ്ഞു. ഈജിപ്തില്‍ ഇത്തരത്തിലുള്ള ചെറുകിട തട്ടിപ്പുകളും തരികിടകളും അങ്ങിങ്ങായി ഉണ്ട്. പിരമിഡുകള്‍ക്കകത്തും ശവകുടീരങ്ങള്‍ക്കകത്തും ഇവിടേയ്ക്ക് പ്രവേശിക്കരുത് എന്നെഴുതി വെച്ചിരിക്കുന്നിടത്ത്, നൂറോ ഇരുനൂറോ പൗണ്ട് കൊടുത്താല്‍ നിങ്ങളെ കയറ്റിവിടും. അത്തരം അനധികൃത പ്രവേശനത്തിന് തുനിയാതിരിക്കുന്നതാണ് പൊതുവേ നല്ലത്. എന്നാല്‍, ഇവിടെ പിന്നീട് വരാനാകാത്തതിനാലും പിറ്റേന്ന് കാലത്ത് കൈറോവിലേയ്ക്കുള്ള വിമാനം കയറേണ്ടതിനാലും അപ്പോള്‍ തന്നെ അവരുടെ നിബന്ധന അനുസരിച്ച് ചെറിയ കൈമടക്ക് കൊടുത്താണ് ഞങ്ങള്‍ കാറ്റിന്റെ താഴികക്കുടം ഉള്ളില്‍ കയറി കണ്ടത്.
ഖുബതു അല്‍ ഹവായ്ക്കു മുകളില്‍ കയറിയാല്‍ നൈല്‍ നദിയുടെയും അസ്വാന്‍ നഗരത്തിന്റെയും മനോഹരമായ കാഴ്ച ലഭിക്കും. ഫറോവമാരുടെ കാലം മുതല്‍ ഗ്രീക്കോ റോമന്‍ കാലഘട്ടം വരേയ്ക്കും ഗവര്‍ണര്‍മാര്‍, മറ്റുയര്‍ന്ന ഉദ്യോഗസ്ഥര്‍, പുരോഹിതര്‍ എന്നിവരുടെ അന്ത്യവിശ്രമസ്ഥലമാണ് ഖുബതു അല്‍ ഹവ. ഷെയ്ക്ക് അലി അബു അല്‍ ഹവായുടെ ശവകുടീരമാണ് മലയ്ക്ക് ഏറ്റവും മുകളില്‍ ഉള്ളത്. അതുകൊണ്ടാണ് ഖുബതു (അബു) അല്‍ ഹവാ എന്ന പേര് വന്നത്.മെംഫിസ് കേന്ദ്രീകരിച്ചു ഫറോവ ഭരണം നടക്കുന്ന സമയത്ത്, വിദൂര സ്ഥലമായ അസ്വാനിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഗവർണർമാരെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ ശവകുടീരങ്ങൾ ആണ് ഇവിടെയുള്ളത്.
ഇവിടെ കണ്ടെത്തിയ നൂറോളം ശവകുടീരങ്ങളില്‍ അഞ്ചാറെണ്ണമാണ് കാഴ്ചക്കാര്‍ക്കായി തുറന്നു വെച്ചിട്ടുള്ളത്. ഓരോ ശവക്കല്ലറയിലും അവിടെ മമ്മിയാക്കി സംസ്‌ക്കരിച്ച പുരോഹിതന്റെയും വിശുദ്ധന്റെയും ഉന്നതാധികാരിയുടെയും പ്രത്യേകതകളും പ്രാധാന്യങ്ങളും അന്നത്തെ ജീവിത രീതികളും ചുമരില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇതില്‍ അവരുടെ കണ്ടുപിടുത്തങ്ങള്‍, വാണിജ്യ സംരംഭങ്ങള്‍, സൈനിക മുന്നേറ്റങ്ങള്‍ എന്നിവയെല്ലാം വിവരിച്ചിരിക്കുന്നു. ചിത്രങ്ങള്‍ക്കായി അന്നുപയോഗിച്ച ചായങ്ങളെല്ലാം നിറം മങ്ങാതെ ഇപ്പോഴും നിലനില്ക്കുന്നത് വിസ്മയകരമാണ്. സഖാറയിലെ ശവകുടീരങ്ങളിലും ഇതുപോലെ നിറം മങ്ങാത്ത വര്‍ണചിത്രപ്പണികളുണ്ട്.
തെക്കിന്റെ കാവല്‍ഭടന്മാര്‍ എന്നറിയപ്പെട്ടിരുന്ന സൈനികമേധാവികളുടെ ശവകുടീരങ്ങളും ഇതില്‍ പെടും. ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലേയ്ക്ക് അവര്‍ നടത്തിയ പടയോട്ടങ്ങളും അവിടെ നിന്നുള്ള ആക്രമണങ്ങളെ തടഞ്ഞതും എല്ലാം ഈ പേരില്‍ നിന്ന് വ്യക്തമാവും.
2019ല്‍ ഇവിടെ നിന്ന് പത്തു മുതലകളുടെ മമ്മികള്‍ ഖനനത്തിലൂടെ ലഭിച്ചു. രണ്ടായിരത്തഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മമ്മികളാണീ മുതലകളുടേത് എന്നാണ് വിദഗ്ദ്ധര്‍ കണ്ടെത്തിയത്.
വിശുദ്ധരുടെ ശവകുടീരത്തിന്റെ ഒരു ഭാഗത്ത് കോപ്ടിക് കൃസ്ത്യാനികളുടെ പള്ളിയായി ഉപയോഗിച്ചതും കാണാം. സെയിന്റ് ആന്റണിയുടെ ആശ്രമമായിട്ടാണ് ഇതിലൊരു വിശാലമായ മുറി മാറ്റിയിരിക്കുന്നത്. മറ്റു ചില മുറികളും ഇതുപോലെ മാറ്റിയിട്ടുണ്ട്. ഈജിപ്തിലെ തന്നെ ഏറ്റവും വലിയ കോപ്ടിക് ആശ്രമങ്ങളിലൊന്നാണിത് എന്നാണ് കരുതപ്പെടുന്നത്.

അസ്വാനില്‍ നിന്ന് നൈല്‍ എയര്‍ വിമാനത്തില്‍ കൈറോവില്‍ തിരിച്ചെത്തിയ ഞങ്ങള്‍ അവിടെ നിന്ന് പിറ്റേന്ന് കാറില്‍ അലെക്‌സാണ്ട്രിയയിലേയ്ക്ക് പുറപ്പെട്ടു.
തുടരും.
(അടുത്ത ലക്കത്തില്‍: കൈറോവില്‍ നിന്ന് അലെക്‌സാണ്ട്രിയയിലേയ്ക്ക്- ഫറോവമാരുടെ കാലം കഴിയുന്നു, ഗ്രീക്കോ റോമന്‍ പിരീഡ് ആരംഭിക്കുന്നു)
ഈ സീരീസിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.