അദാനി അജയ്യനെന്ന മിഥ്യയെ അമേരിക്ക കുത്തിത്തുളക്കുമ്പോൾ
ഗൗതം അദാനിയുടെയും അദ്ദേഹത്തിൻ്റെ അനന്തരവന്റെയും മറ്റു കൂട്ടാളികളുടെയും മേൽ അമേരിക്ക ഉന്നയിച്ച കുറ്റാരോപണങ്ങൾ ഇന്ത്യയിലെ, ലോകത്തിലെ തന്നെ കോടീശ്വരൻ്റെ അഭിലാഷങ്ങൾക്കേറ്റ അടിയാണ് എന്നൊക്കെ വാദിക്കുന്നത് ഒരു ന്യൂനോക്തി തന്നെയാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അസാമാന്യ സാമീപ്യം പുലർത്തുന്ന ഈ പ്രമുഖ വ്യവസായിക്കു മുമ്പൊരിക്കലും ഇത്തരത്തിൽ മുറിവേറ്റിട്ടില്ല. അദ്ദേഹത്തിൻ്റെ പ്രശസ്തി അപകടത്തിലാണ്. ഒപ്പം ബിസിനസ് പ്ലാനുകളും.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹിന്‍ഡൻബർഗ് 2023 ജനുവരിയിൽ പ്രസിദ്ധീകരിച്ച 30000 വാക്കുകളുള്ള റിപ്പോർട്ടിൽ പറയുന്നത് അദാനി നടത്തിയത് ‘കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ്’ എന്നാണ്. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (OCCRP) ഉൾപ്പെടെയുള്ള അന്വേഷണാത്മക പത്രപ്രവർത്തകരുടെ എണ്ണമറ്റ റിപ്പോർട്ടുകളൊക്കെ താരതമ്യം ചെയ്തു നോക്കിയാൽ അമേരിക്കൻ ഗവൺമെൻറ് ഏജൻസികളായ, രാജ്യത്തിൻ്റെ സാമ്പത്തിക വിപണി നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന നീതിന്യായ വകുപ്പും (DoJ) സെക്യൂരിറ്റീസ് ആൻ്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും (SEC) അദാനിക്കും കുടുംബാംഗങ്ങൾക്കും അവരുമായി അടുത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ ആഴവും പരപ്പും വളരെ നിസ്സാരമാണ്. ആരോപണങ്ങളെല്ലാം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (FBI) അന്വേഷണങ്ങൾ അടിസ്ഥാനമാക്കിയാണ് താനും.
തനിക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെങ്കിലും, തൻ്റെ പബ്ലിക് റിലേഷൻസ് മെഷിനറിയുടെ സഹായത്തോടെ ഒരു കവർ അപ്പ് അഭ്യാസം നടത്താനാണ് അദാനി ശ്രമിക്കുന്നത്. എന്നാൽ ഇത്രയും സിവിൽ, ക്രിമിനൽ കുറ്റാരോപണങ്ങൾക്ക് ശേഷം, കാര്യങ്ങൾ ഇനി പഴയത് പോലെയാവില്ലെന്ന് അദ്ദേഹവും രക്ഷാധികാരി മോദിയും ഒരുപോലെ മനസ്സിലാക്കിയിരിക്കാം. കാരണം ലളിതമാണ്. ഇന്ത്യയിലെ ഒരു മുതലാളിയും രാജ്യത്തിൻ്റെ ഗവൺമൻ്റ് തലവനോട് ഇത്ര അടുപ്പം പുലർത്തിയിട്ടില്ല. ഇരുവരും സയാമീസ് ഇരട്ടകളെപ്പോലെയാണ്. സോഷ്യൽ മീഡിയയിൽ രണ്ടുപേരുടെയും കുടുംബപ്പേരുകൾ കൂട്ടിക്കുഴച്ച് മോഡാനി എന്ന പേരുപോലും ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിലെ പൊളിറ്റിക്സ്-ബിസിനസ് നെക്സസ്
വൻകിട ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം ഇന്ത്യയ്ക്ക് പുതിയതല്ല. രാജ്യത്തിൻ്റെ ചരിത്രത്തിൽ നിന്ന് അങ്ങനെയുള്ള രണ്ട് ഉദാഹരണങ്ങൾ ഇവിടെ പറയാം.1948 ജനുവരി 30-ന് നാഥുറാം ഗോഡ്‌സെ കൊലപ്പെടുത്തിയ ദിവസം വരെ മോഹൻദാസ് കരംചന്ദ് ഗാന്ധി “ദേശീയവാദി” ആയിരുന്ന വ്യവസായി ഘനശ്യാം ദാസ് ബിർളയുമായി ചേർന്നു നിന്ന് പ്രവർത്തിച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത് എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ തന്നെ വായിക്കുന്നത് നന്നാകും. 1979ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ നിന്ന് പുറത്തായ ശേഷം ധീരുഭായ് അംബാനി ഒരു പൊതുസമ്മേളനത്തിൽ വെച്ച് അവരെ പരസ്യമായി പിന്തുണച്ചിരുന്നു. അംബാനി കുടുംബത്തിൻ്റെ അടുത്ത സുഹൃത്തായിരുന്നു പ്രണബ് മുഖർജി. എന്നാൽ മോദിയും അദാനിയും തമ്മിലുള്ള ബന്ധം ഈ ഉദാഹരണങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
മറ്റെല്ലാ വ്യവസായികളുടെയും താൽപര്യങ്ങളെക്കാൾ അദാനിയുടെ ബിസിനസ് താൽപ്പര്യങ്ങളെയാണ് നിലവിലെ പ്രധാനമന്ത്രി ഉത്സാഹപൂർവം പ്രോത്സാഹിപ്പിച്ചത്. ബംഗ്ലാദേശ്, ശ്രീലങ്ക, കെനിയ തുടങ്ങി ചില രാജ്യങ്ങളിൽ ചിലപ്പോൾ രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമായി പോലും അത് പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അദാനിക്കെതിരായ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളിൽ നിന്ന് പൂർണമായും മാറി നിൽക്കാമെന്ന് മോദിക്ക് പ്രതീക്ഷിക്കാനാവില്ല.
നവംബർ 21 ന് ഇന്ത്യക്കാർ ഗാഢനിദ്രയിലായിരുന്ന സമയത്ത്, ന്യൂയോർക്കിലും വാഷിംഗ്ടൺ ഡി സിയിലും ഉച്ചകഴിഞ്ഞതേയുള്ളു. ഈ സമയത്താണ് 62 കാരനായ ബിസിനസ്സ് കുത്തകക്കും അദ്ദേഹത്തിൻ്റെ അനന്തരവൻ സാഗർ അദാനി, അസോസിയേറ്റ് വിനീത് ജെയിൻ (മൂവരും വിപുലമായ അദാനി വ്യവസായത്തിലെ ഡയറക്ടർമാർ) എന്നിവർക്കും എതിരെ DoJ ഒരു കുറ്റപത്രം നൽകിയതിനെക്കുറിച്ച് വാർത്തകൾ പുറത്തുവന്നത്. അവരെ കൂടാതെ കാനഡ പെൻഷൻ ഫണ്ടുമായി ബന്ധപ്പെട്ട മറ്റ് നാലു പേർക്കും കുറ്റപത്രം സമർപ്പിച്ചു. താമസിയാതെ എസ് ഇ സിയും അവർക്കെതിരെ സിവിൽ, ക്രിമിനൽ പരാതികൾ ഫയൽ ചെയ്തതായി പ്രഖ്യാപിച്ചു. ഒരു ഗ്രാൻഡ് ജൂറി സബ്പോണ (കോടതിയിൽ ഒരു ജൂറിക്ക് മുന്നിൽ ഹാജരാകാനുള്ള സമൻസ് പോലെയുള്ള രേഖ) പുറപ്പെടുവിക്കുകയും ചെയ്തു. ഏറ്റവും പ്രധാനമായത് അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു എന്നതാണ്.
അന്ന് രാവിലെ ഇന്ത്യ ഉണർന്നപ്പോൾ ഓഹരിവിപണികൾ ഇളകിമറിഞ്ഞു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻ എസ് ഇ) 7.2 ശതമാനത്തിനും 22 ശതമാനത്തിനും ഇടയിൽ അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ ഇടിഞ്ഞു. ലോകമെമ്പാടുമുള്ള വിപണികളിൽ പ്രതികരണങ്ങളുണ്ടായി. അപ്പോഴേക്കും പരസ്യമായ DoJ യുടെ 54 പേജുള്ള കുറ്റാരോപണ ഉത്തരവും എസ് ഇ സിയുടെ ആരോപണങ്ങളും പരിശോധിച്ചവർ രണ്ട് രേഖകളിലെയും വിശദാംശങ്ങൾ കണ്ട് സ്തംഭിച്ചുപോയി. ഒന്നര വർഷം മുമ്പ്, 2023 മാർച്ച് 17 ന്, എഫ് ബി ഐയുടെ പ്രത്യേക ഏജൻ്റുമാർ സാഗർ അദാനിയെ ജുഡീഷ്യൽ വാറണ്ടുമായി റെയ്ഡ് നടത്തിയതായും അദ്ദേഹത്തിൻ്റെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്തതായും അറിയാൻ കഴിഞ്ഞു.
ഈ ഉപകരണങ്ങളിൽ അവർ കണ്ടെത്തിയെന്ന് വെളിപ്പെടുത്തിയ മറ്റ് കാര്യങ്ങളുടെ കൂടെ, തമിഴ്നാട്, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ എന്നീ നാല് ഇന്ത്യൻ സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും സൗരോർജ്ജ പദ്ധതികൾക്കായി വൈദ്യുത വാണിജ്യ കരാറിൽ ഏർപ്പെടാൻ കൈക്കൂലി വാങ്ങിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകളടങ്ങിയ ഒരു ലിസ്റ്റ് തന്നെ കണ്ടെത്തിയതായി അവർ പറയുന്നുണ്ട്. അതുമാത്രമല്ല. ഗൗതം അദാനി തന്നെ തൻ്റെ അനന്തരവന് നൽകിയ സെർച്ച് വാറണ്ടിൻ്റെയും സബ്‌പോണ രേഖകളുടെയും ഫോട്ടോകൾ എടുത്ത് തനിക്ക് ഇമെയിൽ അയച്ചതായി വെളിപ്പെടുത്തി.
കുറ്റങ്ങൾ പരിശോധിക്കുന്നു
എന്തായിരുന്നു കുറ്റങ്ങൾ? അദാനി ഗ്രീൻ എനർജിയും അസൂർ പവറും ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഊർജ മന്ത്രാലയത്തിന് കീഴിലുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (S E C I. ഇതിനെ യുഎസിലെ S E C യുമായി തെറ്റിദ്ധരിക്കരുത്) എന്ന പൊതുമേഖലാ കമ്പനിയിൽ നിന്ന് സൗരോർജം ഉത്പാദിപ്പിക്കുന്നതിനുള്ള ടെൻഡറുകളും കരാറുകളും നേടി. ഇങ്ങനെ ഉല്ലാദിപ്പിച്ച വൈദ്യുതി വളരെ ചെലവേറിയതായി കണക്കാക്കപ്പെട്ടിരുന്നു. സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളിൽ നിന്ന് (ഡിസ്‌കോം) വാങ്ങാൻ കഴിയുന്ന ആരെയും S E C I കണ്ടെത്തിയിരുന്നുമില്ല. അതുകൊണ്ട് തന്നെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി യഥാർത്ഥത്തിൽ വിറ്റഴിച്ചുവെന്ന് ഉറപ്പാക്കാൻ കൈക്കൂലി നൽകേണ്ടതുണ്ടെന്നാണ് ഡി ഒ ജെ ആരോപിച്ചത്.
ഡിപ്പാർട്ട്‌മെൻ്റ് രേഖകൾ അനുസരിച്ച് ഇന്ത്യയിലെ ‘ഉദ്യോഗസ്ഥർക്ക്’ നൽകിയതായി ആരോപിക്കപ്പെടുന്നതോ നൽകാമെന്ന് വാഗ്ദാനം ചെയ്തതോ ആയ കൈക്കൂലിയുടെ ആകെ അളവ് 265 മില്യൺ ഡോളറാണ്, അല്ലെങ്കിൽ അന്നത്തെ വിനിമയ നിരക്കിൽ ഏകദേശം 2,029 കോടി രൂപയാണ്. ഈ തുകയുടെ സിംഹഭാഗവും (228 മില്യൺ ഡോളർ) ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥർക്ക് പോയതായി ആരോപിക്കപ്പെടുന്നുണ്ട്. ഈ സംസ്ഥാനം ഭരിക്കുന്നത് വൈ എസ് ജഗൻ മോഹൻ റെഡ്ഡിയാണെന്നും എസ് ഇ സിയുടെ രേഖകളിൽ കൃത്യമായ പേര് പ്രിൻ്റ് ചെയ്തിട്ടുണ്ട്. ജഗൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈ എസ് ആർ സി പി) പ്രതീക്ഷിച്ച പോലെ തന്നെ, ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിഷേധിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാന സർക്കാർ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് തന്നെ 2021 ഓഗസ്റ്റിൽ ഗൗതം അദാനിയും അടുത്ത മാസം സാഗർ അദാനിയും ജഗൻ റെഡ്ഡിയെ നേരിട്ട് കണ്ടിരുന്നു എന്നാണ് രേഖകള്‍.
അതോടൊപ്പം അഭൂതപൂർവവും അമ്പരപ്പിക്കുന്നതുമായ ആരോപണങ്ങളാണുള്ളത്. കൈക്കൂലിയായി വാഗ്ദാനം ചെയ്ത തുക കണക്കാക്കിയിരിക്കുന്നത് ഉല്പാദിപ്പിക്കുന്ന ഓരോ മെഗാവാട്ട് (MW) വൈദ്യുതിയുടെ അടിസ്ഥാനതിലാണത്രെ. ഒരു മെഗാവാട്ടിന് 25 ലക്ഷം രൂപയായിരുന്നു നിരക്ക് എന്നാണ് ആരോപണം.
എന്തുകൊണ്ടാണ് ഈ നാല് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും മാത്രം തിരഞ്ഞെടുത്തത്? കൈക്കൂലി നൽകിയെന്ന് ആരോപിക്കപ്പെടുകയോ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയോ ചെയ്ത സമയത്ത്, കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ബി ജെ പി ആയിരുന്നില്ല ഈ നാല് സംസ്ഥാനങ്ങളിലും സർക്കാരുകളെ നിയന്ത്രിച്ചിരുന്നത്. ജമ്മു കശ്മീർ സർക്കാരിൻ്റെ തലവൻ മാത്രമേ പാർട്ടിയുടെ നോമിനി ആയി ഉണ്ടായിരുന്നുള്ളൂ. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ടതില്ലായിരുന്നോ? അദാനിയുമായി ഒരു കരാറിൽ ഒപ്പിടാൻ അവർക്ക് ന്യൂഡൽഹിയിൽ നിന്നുള്ള സമ്മതം മാത്രം മതിയായിരുന്നോ?
ബി ജെ പി വക്താക്കൾ അദാനിയുടെ വാദത്തെ ശക്തമായി പിന്തുണയ്‌ക്കുമ്പോഴും, ജഗൻ റെഡ്ഡി, കോൺഗ്രസിൻ്റെ ഭൂപേഷ് ബാഗേൽ, ബിജു ജനതാദളിൻ്റെ നവീൻ പട്‌നായിക്, മുഖ്യമന്ത്രിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ എം കെ സ്റ്റാലിൻ എന്നിവർക്കെതിരെ പ്രയോഗിക്കുന്ന പോലെ അദാനിക്കെതിരെ അന്വേഷണം നടത്താൻ മോദി സർക്കാർ എന്തുകൊണ്ട് സി ബി ഐ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയ തങ്ങളുടെ ഏജൻസികളോട് ആവശ്യപ്പെടുന്നില്ല? ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണറായ ബി ജെ പിയുടെ മനോജ് സിൻഹയെ അന്വേഷണ വിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നതൊക്കെ ഒരുപക്ഷേ വളരെ കൂടിപ്പോയേക്കാം.
എന്തുതന്നെയായാലും ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുന്നത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ്. അദ്ദേഹം പ്രതിപക്ഷത്തിരിക്കുമ്പോൾ, ജഗൻ റെഡ്ഡിയുടെ സർക്കാരിനെതിരെ അദാനി പ്രീണനത്തിൻ്റെ പേരിൽ ആഞ്ഞടിച്ചതാണ്. നായിഡുവിൻ്റെ അനുയായികൾ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഒരു പൊതുതാൽപര്യ ഹർജി (PIL) പോലും ഫയൽ ചെയ്തിരുന്നു. ഇന്ന് നായിഡുവിൻ്റെ വിശ്വസ്തർ വിറങ്ങലിച്ചു നിൽക്കുകയാണ്. അവരിൽ ഒരാൾ (ആന്ധ്രപ്രദേശ് ധനമന്ത്രി പയ്യാവുല കേശവ്) അദാനിയുമായുള്ള സംസ്ഥാന സർക്കാരിൻ്റെ കരാർ റദ്ദാക്കാമെന്ന് ആദ്യം പറഞ്ഞുവെങ്കിലും പെട്ടെന്നു തന്നെ “നിയമപരമായ” മറ്റു സാധ്യതകൾ പരിശോധിക്കാമെന്ന് പറഞ്ഞ് പിൻവാങ്ങുകയും ചെയ്തു.
എന്തുകൊണ്ടാണ് ഈ കുറ്റങ്ങൾ യുഎസിൽ തന്നെ ചുമത്തിയതെന്ന ചോദ്യം ആവർത്തിച്ച് ചോദിക്കുന്നു. കാരണം ഇതാണ്: അദാനി ഗ്രീൻ എനർജി ഉൾപ്പെടെയുള്ള അദാനി ഗ്രൂപ്പ് കമ്പനികൾ ഫ്ലോട്ടിംഗ് ഫിനാൻഷ്യൽ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫണ്ട് സ്വരൂപിച്ചത്. ഇവയിൽ ‘ഗ്രീൻ ബോണ്ടുകൾ’, ‘സീനിയർ സെക്യൂർഡ് നോട്ടുകൾ’ എന്നിങ്ങനെ സാധാരണ വ്യക്തികൾക്ക് വിചിത്രമായി തോന്നുന്ന ചില പേരുകളുണ്ട്. യു എസും ഇന്ത്യയും ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ ഇതിൻ്റെ വരിക്കാരാണ്. ഫ്ലോട്ടേഷനുകളിൽ ഒന്ന് 2021 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ 750 മില്യൺ ഡോളർ വിലമതിക്കുന്നതായിരുന്നു. അതിൽ 175 മില്യൺ ഡോളറും അമേരിക്കക്കാർക്കായി നീക്കിവെച്ചിരുന്നു. അദാനി ഗ്രൂപ്പിൻ്റെ 409 മില്യൺ ഡോളറിൻ്റെ മറ്റൊരു ബോണ്ട് ഇഷ്യൂ 2024 മാർച്ചിലും നടന്നിരുന്നു.
യു എസിലെ നിയമം, പ്രത്യേകിച്ച് 1977ലെ ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്റ്റ് (എഫ് സി പി എ), ഏതെങ്കിലും രാജ്യത്തെ ഏതെങ്കിലും പൗരന്മാർ കൈക്കൂലി നൽകുകയോ അല്ലെങ്കിൽ കൈക്കൂലി വാഗ്‌ദാനം ചെയ്യുകയോ ചെയ്താൽ അത് യുഎസ് പൗരനെയോ സ്ഥാപനങ്ങളെയോ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അമേരിക്കൻ നിയമപ്രകാരം തിരിച്ചറിയാവുന്ന കുറ്റമായി കണക്കാക്കുമെന്ന് പറയുന്നുണ്ട്. താനും കൂട്ടാളികളും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനധികൃത ബിസിനസ് നേട്ടങ്ങൾക്കായി കൈക്കൂലി നൽകിയതിന് അമേരിക്കൻ സർക്കാർ ഏജൻസികൾ തങ്ങൾക്ക് മേൽ അന്വേഷണം നടത്തുന്നുണ്ടെന്ന് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് അദാനി ബോധപൂർവം മറച്ചുവെച്ചെന്നാണ് ഈ കേസിലെ ആരോപണം.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സെൻസിറ്റീവ് ആയ വിവരങ്ങൾ സാമ്പത്തിക രേഖകൾ ഇഷ്യൂ ചെയ്യുന്നവർ വെളിപ്പെടുത്തിയിട്ടില്ല. ഈ രാജ്യത്തും ഇത് കുറ്റം തന്നെയാണ്. 2023-ൽ ഭേദഗതി വരുത്തിയ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) (ലിസ്‌റ്റിംഗ് ബാധ്യതകളും വെളിപ്പെടുത്തൽ ആവശ്യകതകളും) 2015-ലെ ചട്ടങ്ങൾക്ക് കീഴിലുള്ള കുറ്റമാണ്. മാത്രമല്ല, കൈക്കൂലി എന്നാൽ അത് യു എസിലോ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ആയാലും കൈക്കൂലി തന്നെയാണ്. പക്ഷേ അത് മറ്റൊരു കഥയാണ്.
ഇന്ത്യയുടെ ഹരിതോർജ്ജ ഭൂപ്രകൃതി
അദാനി ഗ്രീൻ എനർജിയുടെ വാർഷിക റിപ്പോർട്ടിൽ യു എസിലെ അന്വേഷണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നു മാത്രമല്ല കൈക്കൂലിയോടും അഴിമതിയോടും “ഒരു സഹിഷ്ണുതയുമില്ല” എന്നും കോർപറേറ്റ് ഭരണത്തിൻ്റെ “ഉയർന്ന നിലവാരം” പിന്തുടരുന്നവരാണെന്നും ഗ്രൂപ്പ് അവകാശപ്പെടുന്നുമുണ്ട്.
അദാനിയെ പ്രതിനിധീകരിച്ച മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി, ബി ജെ പിയുമായി ബന്ധമുള്ള രാജ്യസഭാ എം പി മഹേഷ് ജത്മലാനി എന്നീ രണ്ട് മുതിർന്ന അഭിഭാഷകരും നവംബർ 27 ന് തങ്ങളുടെ വീക്ഷണങ്ങൾ പ്രകടിപ്പിച്ച് വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും വ്യാജവുമാണ് എന്നാണവർ പറഞ്ഞത്. F C P A പ്രകാരം തങ്ങൾക്കെതിരെ കേസ് ചുമത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചുകൊണ്ട് അദാനി ഗ്രീൻ എനർജി അന്നു രാവിലെ തന്നെ N S E-ക്ക് പരസ്യ പ്രസ്താവന അയച്ചിരുന്നു. അതിൽ ഗൂഢാലോചന, സെക്യൂരിറ്റി ഇടപാടുകളിലെ വഞ്ചന, യു എസിനുള്ളിലും പുറത്തും ഇലക്ട്രോണിക് മാർഗങ്ങളിലൂടെ തെറ്റായ വിവരങ്ങൾ കൈമാറുക എന്നീ മൂന്ന് വകുപ്പുകൾ DoJ ഉം S E C യും ചുമത്തിയതായി സമ്മതിക്കുകയും ചെയ്തു.
ഈ പ്രസ്താവനയ്ക്ക് ശേഷം കമ്പനിയുടെ ഓഹരി വില വീണ്ടും ഉയർന്നു. വിദേശ നിക്ഷേപകരുടെയും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ വൻകിട സ്ഥാപന നിക്ഷേപകരുടെയും വാങ്ങൽ, വിൽപന തീരുമാനങ്ങൾ ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഓഹരി വിലകൾ ഉയരുകയും കുറയുകയും ചെയ്യുന്നതെന്ന് ഓർമിക്കേണ്ടതാണ്. ആദ്യത്തെ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വരുന്നതിന് മുമ്പ്, കമ്പനിയുടെ ഓഹരി വില 2023 ജനുവരിയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 83 ശതമാനം ഇടിഞ്ഞിരുന്നു. അതിനിടെ, 600 മില്യൺ ഡോളറിൻ്റെ പുതിയ ബോണ്ടുകൾ വാഗ്ദാനം ചെയ്യുന്നത് അദാനി പിൻവലിക്കുകയും ചെയ്തു. രാജ്യത്തുടനീളം ഗ്യാസ് വിതരണം ചെയ്യുന്ന അദാനി ടോട്ടൽ ഗ്യാസിൽ 37.4 ശതമാനം ഓഹരി ഉടമകളായ ഫ്രാൻസിലെ ടോട്ടൽ എനർജീസ്,കമ്പനിയിൽ ഇനി പുതിയ നിക്ഷേപം നടത്തില്ലെന്ന് അറിയിച്ചു. അദാനി ഗ്രീൻ എനർജിയിൽ 19.7 ശതമാനം ഓഹരികളും ഈ കമ്പനിക്കുണ്ട്.
അന്താരാഷ്ട്ര ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അദാനിക്കെതിരായ ആരോപണങ്ങൾ പുനരുപയോഗ ഊർജത്തിൻ്റെ വിതരണം വർധിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾ വാദിച്ചു. യു എസിലെ കുറ്റപത്രം “വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കുകയും വിദേശത്തുള്ള മറ്റ് ഇന്ത്യൻ കമ്പനികളുടെ ധനസമാഹരണ പദ്ധതികളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന വിധത്തില്‍ ഇന്ത്യയുടെ ബിസ്നസ് അന്തരീക്ഷത്തെ തന്നെ സംശയത്തിലാക്കുന്നു” എന്ന് ദി ഇക്കണോമിസ്റ്റ് എഴുതിയിട്ടുണ്ട്. “അദാനി കഥകൾ ഇന്ത്യയെ ആഗോള തലത്തിൽ തന്ത്രപരമായി തന്നെ ദുർബലമാക്കും” ദി കാരവനിൽ എഴുതുന്ന സുശാന്ത് സിങ്ങിനെപ്പോലുള്ള ഇന്ത്യൻ കമൻ്റേറ്റർമാർ ഇങ്ങനെയാണ് വാദിക്കുന്നത്.
ആദ്യത്തെ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് ശേഷം അദാനി കമ്പനികളുടെ ഓഹരികൾ തകർന്നപ്പോൾ അദാനിയെ രക്ഷിച്ചത് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള രാജീവ് ജെയിൻ്റെ നേതൃത്വത്തിലുള്ള ജി ക്യു ജി പാർട്‌ണേഴ്‌സ് ആയിരുന്നു. അവരും ഇപ്പോൾ കുറ്റപത്രം നിരസിക്കാനും അദാനി കോർപറേറ്റ് സ്ഥാപനത്തിൽ നിന്ന് വ്യക്തികളെ അകറ്റാനും ശ്രമിക്കുകയാണ്. അദാനി ഗ്രൂപ്പിൻ്റെ മൊത്തം ബിസിനസിൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണ് സൗരോർജ്ജമെന്ന് മറ്റു ചിലരും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ അസംബന്ധമാണെന്നാണ് വിമർശകർ പറയുന്നത്. ആകസ്മികമെന്നോണം, ജി ക്യു ജി അദാനി ടോട്ടൽ ഗ്യാസിൽ നിക്ഷേപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലാവട്ടെ, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച 100 കോടി രൂപ രേവന്ത് റെഡ്ഡി നയിക്കുന്ന തെലങ്കാന ഗവണ്മെൻ്റ് നിരസിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് വാദിക്കുന്നു. മുഖ്യമന്ത്രിമാരായ ഹേമന്ത് സോറൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഗൗതം അദാനിയെ പറ്റില്ല എന്നാണ് അദ്ദേഹം ആശ്ചര്യപ്പെടുന്നത്. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ ആദ്യത്തെയാഴ്ച പൂർണമായും സ്തംഭനമായിരുന്നു. എന്നിരുന്നാലും, ഇന്ത്യാ ബ്ലോക്ക് ഐക്യത്തിൽ നിന്ന് വളരെ അകലെയാണ്. ഇന്ത്യ മുന്നണിയിൽ പോലും ഐക്യമില്ലാതായിരിക്കുന്നു. തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രിയാനാണ് പാർലമെൻ്റ്, അദാനി എന്ന ഒരൊറ്റ വിഷയം മാത്രം ചർച്ചക്കെടുക്കേണ്ട സ്ഥലമല്ല എന്ന് ആദ്യം പറഞ്ഞത്.
ഗൗതം അദാനിയെക്കൂടാതെ കുറ്റാരോപിതനായ അദ്ദേഹത്തിൻ്റെ അനന്തരവൻ സാഗർ, ജെയിൻ എന്നിവരും മറ്റു നാലു പേരും കനേഡിയൻ പെൻഷൻ ഫണ്ട് സി ഡി പിജിയുമായി (Caisse de dépôt et placement du Québec) ബന്ധപ്പെട്ടവരാണ്. CDPG യാവട്ടെ അസുർ പവറിൽ നിക്ഷേപം നടത്തുകയും സി ഡി പി ജിയുടെ ഉദ്യോഗസ്ഥർ ഇന്ത്യക്കാർക്ക് കൈക്കൂലി നൽകാൻ അദാനിയുമായി ഗൂഢാലോചന നടത്തുകയും ചെയ്തിട്ടുണ്ട്. സിംഗപ്പൂരിൽ നിന്നുള്ള ഓസ്‌ട്രേലിയൻ-ഫ്രഞ്ച് വംശജനായ സിറിൽ കബനീസ്, ഇന്ത്യൻ വംശജരെന്ന് തോന്നിക്കുന്ന സൗരഭ് അഗർവാൾ, രൂപേഷ് അഗർവാൾ, ദീപക് മൽഹോത്ര എന്നിവരാണ് ആ ഉദ്യോഗസ്ഥർ. അസുറുമായി ബന്ധപ്പെട്ട, മുമ്പ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന, യു കെയിലെ അലൻ റോസ്‌ലിംഗ്, മുരളി സുബ്രഹ്മണ്യൻ എന്നീ രണ്ടു പേരാണ് അഴിമതി ആരോപണങ്ങൾ അന്വേഷിച്ച അമേരിക്കൻ ഏജൻസികളെ വിവരമറിയിച്ച വിസിൽബ്ലോവർമാരെന്ന് ദി ഇക്കണോമിക് ടൈംസിലെ അരിജിത് ബർമാൻ റിപ്പോർട്ട് ചെയ്യുന്നു.
അതേ പത്രം തന്നെ ചൂണ്ടിക്കാണിക്കുന്നത് പ്രകാരം ഒറ്റ യൂണിറ്റ് വൈദ്യുതി പോലും ഇതുവരെ അദാനി ആന്ധ്രാപ്രദേശിനു വേണ്ടി SECI ക്ക് കൈമാറിയിട്ടില്ലത്രെ. ട്രാൻസ്മിഷൻ സൗകര്യങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. അദാനി ഉത്പാദിപ്പിക്കുന്ന താരതമ്യേന ചെറിയ അളവിലുള്ള വൈദ്യുതി സർക്കാർ വിതരണം ചെയ്യാൻ തീരുമാനിച്ച വിലയേക്കാൾ 40 ശതമാനം ഉയർന്ന വിലയ്ക്ക് പവർ എക്സ്ചേഞ്ചുകൾ വഴി വിൽക്കുകയും ചെയ്തിട്ടുണ്ട്.
അദാനിയെ രക്ഷിക്കാൻ ട്രംപ് വരുമോ?
എന്താണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഹിൻഡൻബർഗ് റിസർച്ചിൻ്റെ നഥാൻ ആൻഡേഴ്സണെതിരെ മാനനഷ്ടക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും രണ്ട് വർഷത്തോളമായി ഒന്നും ചെയ്യാതിരുന്ന അതേ ഗൗതം അദാനി തന്നെ ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ടിലെ ഗ്രാൻഡ് ജൂറിക്ക് മുന്നിൽ ഹാജരാകേണ്ടി വരുമോ? അതല്ല, അദ്ദേഹത്തിൻ്റെ അഭിഭാഷകൻ അദ്ദേഹത്തിന് വേണ്ടി ഹാജരാകുമോ? ജനുവരി 20ന് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വരികയും അദ്ദേഹത്തിൻ്റെയാളുകൾ DoJ യും SEC യും FBI യുമൊക്കെ നിയന്ത്രിക്കാൻ തുടങ്ങുകയും ചെയ്താൽ സാഹചര്യങ്ങൾ വ്യത്യസ്തമാകുമോ?
അമേരിക്കൻ ബിസിനസ് താൽപര്യങ്ങൾക്ക് വിരുദ്ധമാണ് എന്ന കാരണത്താൽ “ഭയങ്കരമായ” FCPA യെ താൻ എതിർക്കുന്നുവെന്ന് ട്രംപ് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ നിയമത്തെ നേർപിക്കാൻ അദ്ദേഹത്തിന് കഴിയുമോ? അതോ നിയമം മുഴുവനായും റദ്ദാക്കുമോ? ട്രംപിനെ വീണ്ടും ജയിപ്പിച്ചതിനെ ഗൗതം അദാനി അഭിനന്ദനങ്ങളോടെ തന്നെ സ്വാഗതം ചെയ്യുകയും അമേരിക്കയുടെ ഊർജ സൗകാര്യ വികസനത്തിനായി തൻ്റെ ഗ്രൂപ്പ് 10 ബില്യൺ ഡോളർ (നിലവിൽ 84,000 കോടി രൂപയ്ക്ക് തുല്യം) നിക്ഷേപിക്കുമെന്നും അത് രാജ്യത്ത് 15000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പരസ്യമായി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ആഴ്‌ചകൾക്കു ശേഷം തന്നെ ബാധിക്കാൻ പോകുന്ന കാര്യത്തെ കുറിച്ച് അദ്ദേഹത്തിന് സൂചനയുണ്ടായിരുന്നോ?
നവംബർ 29 നാണ് അദാനി കുറ്റപത്രത്തോട് ഇന്ത്യൻ സർക്കാർ ആദ്യമായി പ്രതികരിച്ചത്. “ഇത് സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും യു എസ് നീതിന്യായ വകുപ്പും ഉൾപ്പെടുന്ന നിയമപരമായ കാര്യമാണ്. അത്തരം കേസുകളിൽ സ്ഥാപിതമായ നടപടിക്രമങ്ങളും നിയമപരമായ വഴികളും ഉണ്ട്, അത് പിന്തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യൻ സർക്കാരിനെ ഈ വിഷയം മുൻകൂട്ടി അറിയിച്ചിരുന്നില്ല. അമേരിക്കൻ സർക്കാരുമായി ഈ വിഷയത്തിൽ ഞങ്ങൾ ഒരു സംഭാഷണവും നടത്തിയിട്ടില്ല. ഒരു സമൻസ്/അറസ്റ്റ് വാറണ്ട് സേവനത്തിനായി ഏതെങ്കിലും വിദേശ രാജ്യങ്ങൾ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പരസ്പര നിയമ സഹകരണത്തിൻ്റെ ഭാഗമാണ്. അത്തരം അഭ്യർഥനകൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിശോധിക്കും. ഈ കേസിൽ യു എസിൻ്റെ ഭാഗത്ത് നിന്ന് ഞങ്ങൾക്ക് ഒരു അപേക്ഷയും ലഭിച്ചിട്ടില്ല. ഇത് സ്വകാര്യ സ്ഥാപനങ്ങളുമായും ഇന്ത്യാ ഗവൺമെൻ്റുമായും ബന്ധപ്പെട്ട വിഷയമായത് കൊണ്ടുതന്നെ ഈ ഘട്ടത്തിൽ നിയമപരമായി ഒരു തരത്തിലും അതിൻ്റെ ഭാഗമല്ല.” ഇങ്ങനെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്.
ഇന്ത്യയും യു എസും തമ്മിൽ പരസ്പരം കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകൾ നിലവിലുണ്ട്. എന്നാൽ അദാനിയെ ഇങ്ങനെ കൈമാറുമോ? ഇന്ത്യ വിടുന്നത് തടയാൻ അദ്ദേഹത്തിനെതിരെ ഇന്ത്യയിൽ കേസുകൾ സ്ഥാപിക്കാൻ കഴിയുമോ? കമ്പനികളുടെ “ആത്യന്തിക ഗുണഭോക്താക്കൾ” സംബന്ധിച്ച നിയമങ്ങളുടെ ലംഘനവും ഒരു “പ്രൊമോട്ടർ ഗ്രൂപ്പിന്” കൈവശം വയ്ക്കാവുന്ന ഷെയറുകളുടെ പരിധി കവിഞ്ഞതും സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കിയ ശേഷം സെബി ഒരു അദാനി ഗ്രൂപ്പ് സ്ഥാപനത്തിനെതിരെ കാരണം കാണിക്കൽ നോട്ടീസ് ഫയൽ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിൻ്റെ സമീപകാല ട്രാക്ക് റെക്കോർഡും അവർക്കെതിരെ ചുമത്തിയിട്ടുള്ള ആരോപണങ്ങളും വെച്ച് നോക്കുമ്പോൾ അദാനി ഗ്രൂപ്പിനെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ മാത്രം മാർക്കറ്റ് രക്ഷാധികാരികൾക്ക് ആത്മവിശ്വാസമുണ്ടെന്ന് കരുതാൻ കഴിയില്ല. യു എസിൽ ഉന്നയിക്കപ്പെട്ട അതേ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ 1988ലെ അഴിമതി നിരോധന നിയമം, 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002ലെ മത്സരനിയമം തുടങ്ങിയ നിയമങ്ങൾ ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ ഏതെങ്കിലും നിയമനിർവഹണ ഏജൻസികൾ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും തോന്നുന്നില്ല.
പുതിയ ട്രംപ് ഭരണകൂടത്തിന് സൈദ്ധാന്തികമായി തന്നെ പ്രോസിക്യൂഷൻ മാറ്റിവയ്ക്കാനോ അല്ലെങ്കിൽ പിഴയടച്ച ശേഷം അദാനിയെ ചില കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കാനോ കഴിയുമെന്ന് അനുരാഗ് കടാർക്കി ഉൾപ്പെടെയുള്ള നിയമവിദഗ്ധരെ ഉദ്ധരിച്ച് ദ ലീഫ്‌ലറ്റ് പറയുന്നു.
എൻ്റെ ഒരു വ്യക്തിപരമായ അനുഭവം പറയാം. ഞാനും ഭാര്യയും നവംബർ 21 ന് അതിരാവിലെ ഒരു ട്രെയിനിൽ ഗുജറാത്തിലേക്ക് പോകവേ, ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ടിനെക്കുറിച്ച് പറയാൻ എൻ്റെ ഭാര്യ ഞങ്ങളുടെ മകളെ വിളിച്ചു. ലൈൻ തകരാറ് കാരണം സംഭാഷണം വ്യക്തമല്ലാതിരുന്നതിനാൽ 2021 ജനുവരിയിലേത് പോലെ എനിക്കെതിരെ മറ്റൊരു അറസ്റ്റ് വാറണ്ട് കൂടി പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ മകൾ കരുതിയത്. വാറണ്ട് എനിക്കെതിരെയല്ല, കുത്തക മുതലാളിക്കെതിരെയാണെന്ന് ഞങ്ങൾ അവളോട് പറഞ്ഞു. ഈ കഥ നമ്മൾ ഏത് ആളുകളോട് പറയുമ്പോഴും അവർ ചിരിക്കുകയാണ്.
ഈ ലേഖനം ഇംഗ്ലീഷിൽ ഫ്രണ്ട്‌ലൈനിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.