A Unique Multilingual Media Platform

The AIDEM

Articles International Minority Rights

ഹസ്സൻ നസ്റുള്ളയുടെ വധവും പശ്ചിമ ഏഷ്യൻ സംഘർഷത്തിൻ്റെ സ്വഭാവ പരിണാമങ്ങളും

  • September 29, 2024
  • 1 min read
ഹസ്സൻ നസ്റുള്ളയുടെ വധവും പശ്ചിമ ഏഷ്യൻ സംഘർഷത്തിൻ്റെ സ്വഭാവ പരിണാമങ്ങളും

സാർവദേശീയ രാഷ്ട്രീയ ബലാബലങ്ങളെ പൊതുവിലും പശ്ചിമ ഏഷ്യയിലെ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ പ്രത്യേകിച്ചും സാരമായി ബാധിക്കുന്ന ഒരു സ്ഥിതിവിശേഷം ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്‌റുള്ളയുടെ വധത്തോടെ സംജാതമായിരിക്കുകയാണ്. ഈ സ്ഥിതിവിശേഷത്തെ വിശകലനം ചെയ്യുകയാണ് സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും ദീർഘകാലമായി പശ്ചിമേഷ്യൻ സംഭവവികാസങ്ങളെ അടുത്തുനിന്ന് പഠിക്കുകയും ചെയ്യുന്ന ഷാജഹാൻ മാടമ്പാട്ട്.

 

ലേഖനത്തിൻറെ പോഡ് കാസ്റ്റ് രണ്ട് ഭാഗങ്ങളിലായി താഴെ നൽകുന്നു.

ഭാഗം 01:

 

ഭാഗം 02:


ഹസ്സൻ നസ്റുള്ളയുടെ കൊലപാതകത്തോടെ പശ്ചിമേഷ്യൻ സംഘർഷം അതീവ നിർണായകമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒരുപക്ഷേ, ഒക്ടോബർ ഏഴിന് തുടങ്ങിയ സംഘർഷത്തിലെ ഇതുവരെയുള്ള ഏറ്റവും നിർണായകമായ, ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമായി ഇതിനെ കണക്കാക്കാം. മാത്രവുമല്ല, മൊത്തത്തിൽ ഈ പ്രദേശത്തിൻറെ ചരിത്രവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാണുമ്പോൾ കഴിഞ്ഞ 50 വർഷത്തിനുള്ളിൽ പശ്ചിമേഷ്യയിൽ ഉണ്ടായ ഏറ്റവും നിർണായകമായ സംഭവങ്ങളിൽ ഒന്നാണ് ഹസ്സൻ നസ്റുള്ളയുടെ കൊല. ഇത് ഒരു വ്യക്തിയുടെ കൊലപാതകം എന്നുള്ളതിനേക്കാൾ പല മാനങ്ങളുമുള്ള ഒരു സംഗതിയാണ്. അത് മനസ്സിലാക്കണമെങ്കിൽ ആരാണ് ഹസ്സൻ നസ്റുള്ള എന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ഹസ്സൻ നസ്റുള്ള ഒരു പക്ഷേ കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ അറബ് ലോകം കണ്ട ഏറ്റവും വലിയ ഫോക്ക് ഹീറോ, ജനനായകനാണ് എന്ന് അദ്ദേഹത്തോട് യോജിച്ചാലും വിയോജിച്ചാലും ഉറപ്പിച്ചു പറയാൻ കഴിയും. കാരണം, താൻ എന്ത് ലക്ഷ്യവുമായി രംഗത്തിറങ്ങിയോ ആ ലക്ഷ്യത്തിൽ വൻ രാഷ്ട്രങ്ങൾ പോലും പരാജയപ്പെടുന്നിടത്ത് വിജയം കൈവരിക്കുകയും ആ വിജയത്തെ അറബികളുടെ വൈകാരികമായ ആവേശമാക്കി മാറ്റുന്നതിൽ വിജയിക്കുകയും ചെയ്ത വ്യക്തിയാണ് ഹസ്സൻ നസ്റുള്ള. 1982ൽ തെക്കൻ ലബനോൺ ഇസ്രായേൽ കയ്യേറുകയുണ്ടായി. 18 വർഷത്തെ നീണ്ട യുദ്ധത്തിനു ശേഷം ഇസ്രായേൽ തോറ്റ് തെക്കൻ ലബനോണിൽ നിന്ന് പിന്മാറുന്നതോടെ, അല്ലെങ്കിൽ ആ പിന്മാറ്റത്തിനു മുമ്പുള്ള നിരവധി യുദ്ധഘട്ടങ്ങളിലൂടെ, ഒരു ഷിയ മിലീഷ്യയുടെ നേതാവ് എന്ന തലത്തിൽ നിന്ന് അറബ് ലോകം മുഴുവൻ ആരാധിക്കുന്ന ഒരു ഫോക്ക് ഹീറോ ആയി ഐതിഹാസിക പുരുഷനായി ഹസ്സൻ നസ്റുള്ള മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹസ്സൻ നസ്റുള്ള ഒരു വ്യക്തി എന്നതിനേക്കാൾ ഒരു പ്രതീകമാണ്. അത്തരമൊരു പ്രതീകത്തെ വധിക്കുന്നതിലൂടെ ഇസ്രായേൽ ബോധപൂർവ്വം തന്നെ ഈ സംഘർഷത്തെ ഏറ്റവും അപകടകരമായ ഒരു തലത്തിലേക്കാണ് ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്. ഹസ്സൻ നസ്റുള്ളയുടെ വ്യക്തിത്വവും രാഷ്ട്രീയവും പ്രവർത്തനങ്ങളും നിരീക്ഷിക്കുമ്പോൾ പല സംഗതികൾ അതില് തെളിഞ്ഞു വരുന്നുണ്ട്. ഒന്ന് ഇസ്രായേലിനെതിരിൽ അതിശക്തമായ നിലപാട് എടുക്കുകയും രണ്ടായിരത്തിൽ മുമ്പ് പറഞ്ഞതുപോലെ ഇസ്രായേലിനെ തെക്കൻ ലബനോണിൽ നിന്ന് പുറത്താക്കുന്നതിന് നേതൃത്വം വഹിക്കുക, 2006ൽ ഇസ്രായേലി സൈന്യത്തെ തോൽപ്പിക്കുന്ന രൂപത്തിലുള്ള ഒരു യുദ്ധത്തിന് നേതൃത്വം കൊടുക്കുക, എന്ന് തുടങ്ങി ഒരു ഭാഗത്ത് ഇസ്രായേലുമായി ബന്ധപ്പെട്ട അറബ് ഇസ്രായേലി സംഘർഷത്തിന്റെ തുടക്കം മുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിരോധ ബിംബമാണ് ഒരു ഭാഗത്ത് ഹസ്സൻ നസ്റുള്ള. മറ്റൊരു ഭാഗത്ത് നമ്മൾ വസ്തുനിഷ്ഠമായി കാണുമ്പോൾ ഹസ്സൻ നസ്റുള്ള ഇറാന്റെ അറബ് ലോകത്തെ ഒരു ഉപകരണമായിരുന്നു. ഇറാൻ എന്തൊക്കെ താല്പര്യങ്ങൾ ആണോ പശ്ചിമേഷ്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് അതിൻറെ ഏറ്റവും പ്രബലവും ഏറ്റവും അവലംബനീയവുമായ ഉപകരണമായിരുന്നു ഹസ്സൻ നസ്റുള്ളയും ഹിസ്ബുല്ലയും എന്ന് അർത്ഥശങ്കക്കിടയിൽ ഇല്ലാത്ത വിധം പറയേണ്ടതുണ്ട്. ഏറ്റവും കൃത്യമായി അതിനു പറയാവുന്ന ഒരു ഉദാഹരണമാണ് 10 വർഷം മുമ്പ് സിറിയയിൽ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിസ്ബുല്ല എടുത്ത നിലപാട്. തങ്ങൾ അതുവരെ ഹിസ്ബുല്ലയുടെ ആയുധങ്ങൾ ഇസ്രായേലിനെതിരിൽ മാത്രമേ, അല്ലെങ്കിൽ ഈ പശ്ചിമേഷ്യയുടെ ശത്രുക്കൾക്കെതിരിൽ മാത്രമേ ഉപയോഗിക്കൂ എന്ന് പ്രതിജ്ഞ എടുക്കുകയും നിരന്തരമായി അവകാശം ഉന്നയിക്കുകയും ചെയ്തിരുന്ന ഹിസ്ബുല്ല തന്നെ തങ്ങളുടെ ആയുധ കൂമ്പാരവുമായി സിറിയയിലെ ആഭ്യന്തര സംഘർഷത്തിൽ നേരിട്ട് ഇടപെടുകയും ബഷാറൽ അസദിന്റെ ക്രൂരവും അടിച്ചമർത്തുന്നതുമായ ഭരണകൂടത്തെ നിലനിർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. ഇത് അതുവരെ ഹസ്സൻ നസ്റുള്ളക്കും ഹിസ്ബുല്ലക്കും അവരുടെ ഷിയ സ്വത്വത്തിനപ്പുറം പശ്ചിമേഷ്യയിലും പുറത്തും ഉണ്ടായിരുന്ന വലിയ മതിപ്പും ആരാധനയും കുറയ്ക്കാൻ ഇടവരികയും ആത്യന്തികമായി തങ്ങളുടെ ഇറാനിയൻ ഷിയ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഹിസ്ബുല്ലയുടെ ലക്ഷ്യം എന്ന് എന്ന നിഗമനത്തിലേക്ക് പലരെയും എത്തിക്കുകയുണ്ടായി. ഞാൻ തന്നെ ആ കാലഘട്ടത്തിൽ ഈ വിഷയകമായ ഒരു ലേഖനം എഴുതിയിട്ടുണ്ടായിരുന്നു. ഹസ്സൻ നസ്റുള്ളയുടെയും ലബനോൺ  രാഷ്ട്രീയത്തെയും കുറിച്ച്. മാത്രവുമല്ല അതിൽ ഹിസ്ബുല്ല വിജയിക്കുകയും ചെയ്തു ആ നിലക്ക് ഹസ്സൻ നസ്റുള്ളയുടെ നേതൃത്വത്തിലുള്ള ഹിസ്ബുല്ലയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയായി നമുക്ക് പറയാൻ പറ്റുന്നത് ഹിസ്ബുല്ല എന്തൊക്കെ ഹസ്സൻ നസ്റുള്ളയുടെ നേതൃത്വത്തിൽ ലക്ഷ്യം വെച്ചിരുന്നുവോ എന്തിലൊക്കെ ഏർപ്പെട്ടിരുന്നുവോ അതിലെല്ലാം വിജയം കൈവരിച്ചു എന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

ഇസ്രായേലുമായിട്ടുള്ള സംഘർഷത്തിൽ ആകട്ടെ പ്രത്യേകിച്ച് 2006ലും 1982 മുതൽക്ക് 2000 വരെയുള്ള കാലയളവിൽ ആണെങ്കിലും ഒക്കെ തന്നെ ഈ നിലക്ക് ഹിസ്ബുല്ലയുടെ ഒരു മിലീഷ്യ ആണിത് എന്ന് കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. ഇത് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ ഒരു വലിയ വലിയ പ്രൈവറ്റ് മിലീഷ്യ ഉണ്ടാകുന്നു എന്ന് നമ്മൾ വിഭാവനം ചെയ്തു നോക്കുക. അതായത് ഇന്ത്യൻ സൈന്യത്തിന് ഒരു നിലക്കും മുഖാമുഖം നിൽക്കാൻ പോലും കഴിയാത്ത ഇന്ത്യൻ ഭരണകൂടത്തിന് ഒരു നിലക്കും നിയന്ത്രിക്കാൻ പറ്റാത്ത അത്ര സൈനിക ശക്തിയും രാഷ്ട്രീയ ശക്തിയും ഉള്ള ഒരു ഒരു സ്വകാര്യ സേന ഇന്ത്യയിൽ രൂപപ്പെടുകയാണെങ്കിൽ എങ്ങനെ ഉണ്ടാകുമോ അതേ സാഹചര്യം. ലബനോൺ പക്ഷേ ഇന്ത്യ പോലെയല്ല, ചെറിയൊരു രാജ്യമാണ്. ആ ചെറിയൊരു രാജ്യത്തിൽ അവിടുത്തെ ഭരണകൂടം അവിടുത്തെ സൈന്യം ആ രാജ്യത്തിൻറെ വ്യവസ്ഥയ്ക്ക് മുഴുവൻ അതീതമായി പ്രവർത്തിക്കുന്ന അതേസമയത്ത് ആ വ്യവസ്ഥയുമായി പ്രകടമായ സംഘർഷങ്ങൾ കഴിയുന്നത്ര ഒഴിവാക്കി പ്രവർത്തിക്കുന്ന ഒരു മിലീഷ്യയാണ് ഒരു സ്വകാര്യ സേനയാണ് ഹിസ്ബുല്ല. അബ്ബാസ് മൂസബി ആയിരുന്നു അതിൻ്റെ ആദ്യത്തെ സെക്രട്ടറി ജനറൽ. അതിനുശേഷം അബ്ബാസ് മൂസബിയുടെ വധത്തിനു ശേഷമാണ് ഹസ്സൻ നസ്റുള്ള അതിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. പക്ഷേ ഹസ്സൻ നസ്റുള്ള നേതൃത്വം ഏറ്റെടുത്തത് മുതൽ അദ്ദേഹം ഒരു പരിധിവരെ ഒരു നിലക്ക് പറഞ്ഞു കഴിഞ്ഞാൽ ഉമർ മുഹ്താർ അതിനു മുമ്പുള്ള കൊളോണിയൽ കാലഘട്ടത്തിൽ അറബ് ലോകത്തെ ഏറ്റവും വലിയ വീരപുരുഷനായി എങ്ങനെ ആഘോഷിക്കപ്പെട്ടോ അതേ നിലക്കുള്ള ഒരു വീരപുരുഷനായി ഹസ്സൻ നസ്റുള്ള 30 കൊല്ലത്തിനുള്ളിൽ വളരുന്നതാണ് നമ്മൾ കാണുന്നത്. ഇടക്ക് അദ്ദേഹത്തിൻറെ ഷിയാ ഇറാനിയൻ താല്പര്യങ്ങൾക്ക് വേണ്ടി ഹിസ്ബുല്ല ഉപയോഗിക്കുമ്പോൾ അദ്ദേഹത്തിൻറെ ജനപ്രിയതക്ക് വലിയ കോട്ടം തട്ടുന്നുണ്ടെങ്കിൽ പോലും അത് വീണ്ടും ആ ജനപ്രിയത തിരിച്ചു പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ അർത്ഥത്തിൽ ഹസ്സൻ നസ്റുള്ള ഷിയാ വിഭാഗീയതക്കപ്പുറം അറബികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു വീരപുരുഷൻ തന്നെയായിരുന്നു. അദ്ദേഹത്തിൻറെ രാഷ്ട്രീയത്തോട് നാം യോജിച്ചാലും വിയോജിച്ചാലും.

മുമ്പ് പറഞ്ഞതിന്റെ തുടർച്ചയായി ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. കാരണം സിറിയയിൽ 2014ൽ അഭ്യന്തര സംഘർഷത്തിൽ ഹിസ്ബുല്ല സായുധമായി ഇടപെട്ടത് ഷിയ ഐക്യദാർഢ്യം കൊണ്ട് മാത്രമല്ല. അതിന് കൃത്യമായും തന്ത്രപരമായ കാരണങ്ങൾ ഉണ്ടായിരുന്നു. തീർച്ചയായും ഇറാന്റെ താല്പര്യങ്ങൾ അതിന് വളരെ നിർണായകമായിരുന്നു. മാത്രമല്ല ഷിയാ താല്പര്യം എന്ന് പറയുമ്പോൾ തന്നെ സിറിയ ഭരിക്കുന്ന ബഷാറുൽ അസദും സംഘവും വാസ്തവത്തിൽ ഇറാനിലുള്ള അതേ ഷിയ വിഭാഗമല്ല. ഇറാനിൽ ഉള്ളത് ട്വൽവർ (ഇസ്നാ അശരികൾ) ഷിയാക്കൾ എന്ന് പറയുന്ന വിഭാഗമാണ്. ബഷാറുൽ അസദും കൂട്ടരും അലവികൾ എന്നറിയപ്പെടുന്ന ഒരു വളരെ ചെറിയൊരു ഷിയ വിഭാഗത്തിൽ പെടുന്നവരാണ്. പക്ഷേ ഈ ഷിയ ഐക്യദാർഢ്യത്തിനപ്പുറം ഇതിനൊരു തന്ത്രപരമായ ഒരു തലമുണ്ടായിരുന്നു. അതെന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ 2003ൽ സദ്ദാം ഹുസൈൻ സ്ഥാനഭ്രഷ്ഠനാക്കിയതിനുശേഷം, വാസ്തവത്തിൽ ഹിസ്ബുല്ലക്ക് കിട്ടിയ ഏറ്റവും വലിയ സഹായം സദ്ദാം ഹുസൈൻ 2003ൽ അമേരിക്ക സ്ഥാനഭ്രഷ്ഠനാക്കി എന്നുള്ളതാണ്. കാരണം അതിനുശേഷം ടെഹ്റാനിൽ നിന്ന് ഇറാഖ് വഴി സിറിയയിലൂടെ ലബനോണിലേക്ക് നിർബാധം യാതൊരു നിലക്കുള്ള തടസ്സങ്ങളും ഇല്ലാതെ ഹിസ്ബുല്ലക്ക് ആയുധവും ധനവും എത്തിക്കാനുള്ള ഒരു ഇടനാഴി, ഒരു ഷിയ കൊറിഡോർ എന്നുള്ളതാണ് അതിനെ സാധാരണ വിളിക്കാറുള്ളത്. അത്തരമൊരു സംഗതി ഉണ്ടാക്കാൻ അത് സഹായിച്ചു എന്നുള്ളതാണ്. അതായത് 2003നു ശേഷം അതുവരെ വളരെ പ്രയാസപ്പെട്ട് ആയുധവും ധനവും എത്തിച്ചിരുന്ന ഒരു അവസ്ഥയിൽ നിന്ന് റോഡ് വഴി തന്നെ ടെഹ്റാനിൽ നിന്ന് ബൈറൂത്ത് വരെ ആയുധങ്ങളും പണവും എത്തിക്കാനുള്ള ഒരു ഒരു സാഹചര്യം സംജാതമായി എന്നുള്ളതാണ്. യാതൊരു തടസ്സവും ഇല്ലാതെ ആരുടെയും പരിശോധനകൾ ഇല്ലാതെ. അത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. സിറിയയിൽ ബഷാറുൽ അസ്ദിന്റെ ഭരണം നിലനിർത്തുക എന്നത് ഹിസ്ബുല്ലയെ സംബന്ധിച്ചിടത്തോളം ഒരു അതിജീവന പ്രശ്നമായിരുന്നു. കാരണം അവിടെ ഭരണം മാറുകയും ഹിസ്ബുല്ലയോടോ ഇറാനോടോ ശത്രുത പുലർത്തുന്ന ഒരു ഭരണകൂടം സിറിയയിൽ ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ ഹിസ്ബുല്ലക്ക് ആയുധങ്ങൾ കിട്ടുക എന്ന് പറയുന്നത് വലിയ പ്രയാസമായിരിക്കും. കാരണം പിന്നീട് കടൽ വഴി മാത്രമേ ആയുധങ്ങൾ എത്തിക്കാൻ പറ്റൂ. കടൽ വഴി തീർച്ചയായിട്ടും ഇസ്രായേൽ തൊട്ടപ്പുറത്ത് വടക്കൻ ഭാഗത്ത് ഇസ്രായേലിന്റെ സൈന്യം 24 മണിക്കൂറും ഭൂതക്കണ്ണാടി വച്ച് നോക്കിക്കൊണ്ടിരിക്കുമ്പോൾ അത് എളുപ്പമല്ല. അപ്പൊ അങ്ങനെ ഒരു തന്ത്രപരമായ കാരണങ്ങൾ കൂടി അതിന്റെ പിന്നിലുണ്ട്. എന്താണെങ്കിലും ഇതാണ് ചുരുക്കത്തിൽ ഹിസ്ബുല്ലയും ഹസ്സൻ നസ്റുള്ളയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു സംഗതി.

മാത്രമല്ല അതിൽ ഇറാൻ പൂർണമായും ഇറാന്റെ നിയന്ത്രണത്തിൽ ഉള്ളത് എന്ന് പറയുന്നത് വസ്തുതാപരമായി ചിലപ്പോൾ തെറ്റായിരിക്കും. ഇറാന്റെ സ്വാധീനത്തിലുള്ള എന്ന് പറയുന്നതായിരിക്കും ശരി. കാരണം ഹിസ്ബുല്ല അടക്കം ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള സംഘടനകളാണ് എന്ന് പറയാൻ പറ്റില്ല. അപ്പൊ യമനിലെ ഹൂതികൾ ആയാലും ഇറാഖിലുള്ള പലവിധ ഷിയ മിലീഷ്യകൾ ആയാലും ഹിസ്ബുല്ല ആയാലും ഒക്കെ തന്നെ അതേപോലെ സിറിയയിൽ പ്രവർത്തിക്കുന്ന ചില ഇറാൻ ഫണ്ട് ചെയ്യുന്ന ചില സൈനിക സംഘങ്ങൾ ഉണ്ട്. ഇതെല്ലാം തന്നെ ഇറാൻ ആക്സിസ് ഓഫ് റെസിസ്റ്റൻസ്; പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്ന് വിളിക്കുന്ന ഒരു ഒരു ശക്തിയെ കഴിഞ്ഞ 10, 20 വർഷമായിട്ട് പശ്ചിമേഷ്യയിൽ അവർ രൂപപ്പെടുത്തി എടുത്തിട്ടുണ്ട്. ഇതിന്റെ ശക്തി ദൗർബല്യങ്ങൾ മാറി മാറിയിരിക്കും. ഇപ്പൊ ഹിസ്ബുല്ലയുടെ ശക്തിയും സ്വാധീനവും ഒന്നും ബാക്കിയുള്ളവർക്കില്ല. പക്ഷേ അതേസമയത്ത് ഹൂതികൾ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലത്താണ് അവരുള്ളത്. അതായത് ബാബ് അൽ മണ്ഡബ് വഴി കടന്നു പോകുന്ന കപ്പൽ ഗതാഗതത്തെ പൂർണമായും തകർക്കാനോ തടസ്സപ്പെടുത്താനോ കഴിയുന്നത്ര സാങ്കേതികമായി  തന്ത്രപ്രധാനമായ ഒരു സ്ഥലത്താണ് അവരുള്ളത്. വലിയൊരു സൈനിക ശക്തി അല്ലെങ്കിൽ പോലും.

ഊന്നി പറയേണ്ട ഒരു കാര്യം ഒക്ടോബർ ഏഴിലെ ഇസ്രായേലിനുള്ളിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഉണ്ടായ സംഘർഷത്തിൽ, ആ സംഘർഷം തുടങ്ങിയപ്പോൾ തന്നെ ഒക്ടോബർ എട്ടാം തീയതിയോ ഒമ്പതാം തീയതിയോ ഹസ്സൻ നസ്റുള്ള ഒരു പ്രസംഗം നടത്തുകയും ആ പ്രസംഗത്തിൽ കൃത്യമായി ഗാസയുടെ നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പാരലൽ ആയിട്ട് സമാന്തരമായിട്ട് ഞങ്ങൾ ഇസ്രായേലിനെ ലബനോണിൽ നിന്ന് ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചു. ഹമാസിന്റെ കൂടെയാണ് ഞങ്ങൾ എന്ന് കൃത്യമായി ഉറപ്പു കൊടുക്കുകയും ചെയ്യുന്നു. അപ്പൊ ഒരു ഭാഗത്ത് ഗാസയിൽ യുദ്ധം നടക്കുന്നു. മറുഭാഗത്ത് ബൈറൂത്തിൽ നിന്ന്; സതേൺ ലെബനോനിൽ നിന്ന് ഹിസ്ബുല്ല ഇസ്രായേലിന്റെ വടക്കൻ പ്രവിശയെ നിരന്തരമായി റോക്കറ്റുകൾ വഴി മിസൈലുകൾ വഴിയും ഒക്കെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. ഇസ്രായേൽ ഈ ഒരു സാഹചര്യത്തിൽ വടക്കൻ ഇസ്രായേലിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ അവിടുന്ന് സ്ഥലം മാറ്റാനും വേറെ സ്ഥലത്ത് അവരെ പുനരധിവസിപ്പിക്കാനും നിർബന്ധിതരാകുന്നു. അങ്ങനെ ആ സംഘർഷത്തിന്റെ തോത് പലപ്പോഴും കൂടിയും കുറഞ്ഞും വരുന്നതിനിടയ്ക്കാണ് ഈ അടുത്ത രണ്ടാഴ്ചയായിട്ട് അത് വളരെ കടുത്ത ഒരു സംഘർഷത്തിലേക്ക് വരുന്നത്. ഗാസയിൽ നിന്ന് തന്നെ ഒരുപാട് സൈനിക ശക്തിയെ ഇസ്രായേൽ പിൻവലിക്കുകയും അതിനെ വടക്കൻ ഇസ്രായേലിലേക്ക് കൊണ്ടുവരികയും ഹിസ്ബുല്ലക്ക് എതിരിൽ സംഘടിതമായ ഒരു ആക്രമണം ഹിസ്ബുല്ലയെ തകർക്കുന്ന രൂപത്തിലേക്ക് പോകാനുള്ള ആക്രമണം തുടങ്ങി വെക്കുകയും ചെയ്തു. അതിൻറെ ഒരു പരിണാമമാണ് അല്ലെങ്കിൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ഹസ്സൻ നസ്റുള്ളയുടെ വധത്തിലൂടെ ഉണ്ടായിരിക്കുന്നത്. അപ്പൊ ഇനി ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് എവിടേക്കൊക്കെയാണ് ഈ സംഘർഷം പോവുക എന്തൊക്കെയാണ് സാധ്യതകൾ എന്നുള്ളത് ഹൃസ്വമായിട്ട് ഒന്ന് പരിശോധിക്കാം.

ടെഹ്റാനിൽ ഇസ്മായിൽ ഹനിയ്യയെ വധിച്ചതിനു ശേഷം നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു സാധ്യതയാണ് ഇറാൻ നേർക്കുനേരെ യുദ്ധത്തിൽ വരാനുള്ള സാധ്യത. പല ഘട്ടങ്ങളിൽ നിരീക്ഷകർ പറഞ്ഞത് തങ്ങളുടെ പ്രോക്സികളെ ഉപയോഗിച്ചുകൊണ്ട്, തങ്ങളുടെ പരിധിയിലുള്ള പ്രൈവറ്റ് സ്വകാര്യ മിലീഷികളെ ഉപയോഗിച്ചുകൊണ്ട് ഇസ്രായേലിനെ ആക്രമിക്കുന്നതിനു പകരം ഇറാൻ ഏതെങ്കിലും ഒരു ഘട്ടത്തിൽ നേർക്കുനേരെ യുദ്ധത്തിലേക്ക് വരാൻ സാധ്യതയുണ്ട് എന്നുള്ളതാണ്. ഇപ്പോഴത്തെ സാഹചര്യം; ഇസ്മായിൽ ഹനിയ്യയെ വധിച്ചത് തന്നെ അങ്ങേയറ്റം പ്രകോപനപരമായ ഒരു സംഗതിയായിരുന്നു. ഹമാസിന്റെ ഏറ്റവും സമുന്നതനായ നേതാവ് മുൻ ഫലസ്തീൻ പ്രധാനമന്ത്രി ഇസ്മായിൽ ഹനിയ്യയെ ടെഹ്റാനിൽ, അതും ഇറാനിനെ സംബന്ധിച്ചിടത്തോളം ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു സംഭവത്തിൽ പങ്കെടുക്കാൻ വേണ്ടി വന്ന ഇസ്മായിൽ ഹനിയ്യയെ ഇറാന്റെ തലസ്ഥാനത്ത് തന്നെ വധിക്കാൻ ഇസ്രായേലിന് കഴിയുക എന്നുള്ളത് ഇറാനിയൻ ഇന്റലിജൻസിന്റെയും ഇറാനിയൻ സൈനികശേഷിയുടെയും ഒക്കെ നേരെ വലിയ ചോദ്യങ്ങൾ ഉയർത്തിയ ഒരു സംഗതി ആയിരുന്നു. അതിനുശേഷം ഇപ്പോൾ ഹസ്സൻ നസ്റുള്ളയെ ലെബനോനിൽ ഹിസ്ബുള്ളയുടെ ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ്. അപ്പൊ എല്ലാവരുടെയും മനസ്സിലുള്ള ഒരു ചോദ്യം ഇറാൻ നേർക്കുനേരെ ഈ യുദ്ധത്തിലേക്ക് ഇറങ്ങുമോ എന്നുള്ളതാണ്. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുമ്പോൾ തോന്നുന്ന ഉത്തരം, ഈ ഉത്തരങ്ങൾ ഒന്നും ഫൈനൽ അല്ല. ഒരുപക്ഷേ നമ്മൾ ഈ പറയുന്നതിനപ്പുറം കാര്യങ്ങൾ പോകാം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് തോന്നുന്നത് ഇറാൻ നേർക്കുനേരെ യുദ്ധത്തിന് ഇറങ്ങാനുള്ള സാധ്യത ഇല്ല എന്ന് തന്നെയാണ്. അതിന് പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഇറാൻ നേർക്കുനേരെ യുദ്ധത്തിൽ ഇറങ്ങുന്നതോടു കൂടിയിട്ട് ഇസ്രായേലിന്റെ കൂടെ അമേരിക്ക കുറച്ചും കൂടെ പരസ്യമായി തന്നെ യുദ്ധത്തിലേക്ക് വരാൻ സാധ്യതയുണ്ട് എന്നുള്ളതാണ്. അങ്ങനെ അമേരിക്കയോട് ചേർന്നുകൊണ്ട് ഇസ്രായേൽ ഇറാനെ ആക്രമിക്കുകയാണെങ്കിൽ പിടിച്ചു നിൽക്കാനുള്ള ശേഷി ഇന്നത്തെ സാഹചര്യത്തിൽ ഇറാൻ ഇല്ല എന്നുള്ളത് ഒരു പ്രധാന സംഗതിയാണ്. അതോടൊപ്പം ചേർത്ത് വായിക്കേണ്ട ഒരു കാര്യം 2003ൽ സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കാൻ അമേരിക്ക തുനിഞ്ഞിറങ്ങിയപ്പോൾ ഉള്ള അസമാനമായ ഒരു സാഹചര്യം ഇറാനിൽ നിലനിൽക്കുന്നുണ്ട്. ഇറാനിലെ ജനതയിൽ ഒരു വലിയ വിഭാഗം ഈ മതമൗലികവാദ ഭരണകൂടത്തിന് അനുകൂലമല്ല. അവരെ സംബന്ധിച്ചിടത്തോളം 1979ൽ തുടങ്ങിയ ദുരിതപർവ്വം അവസാനിക്കണം എന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇറാനികൾ ഇറാനിനുള്ളിലും പുറത്തുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും നിലക്ക് ഈ പുരോഹിത ഭരണകൂടം സ്ഥാനഭ്രഷ്ടമാവുക എന്നത് അവരുടെ ജീവിത സാഫല്യമായിരിക്കും.

മാത്രവുമല്ല പശ്ചിമേഷ്യയിൽ തന്നെ പ്രധാന രാജ്യങ്ങൾ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇറാനിയൻ പുരോഹിത ഭരണകൂടം സ്ഥാനഭ്രഷ്ടം ആവുക എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാഗതാർഹമായ ഒരു സംഗതി ആയിരിക്കും. അതിന് പല കാരണങ്ങളുണ്ട്. ഒന്ന് ഗൾഫ് രാജ്യങ്ങൾ ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷണി നേരിടുന്നത് അതിജീവന ഭീഷണി നേരിടുന്നത് അവരുടെ കാഴ്ചപ്പാടിൽ ഇറാനിൽ നിന്നാണ്. അത് അവർ അമേരിക്കൻ പക്ഷപാതികൾ ആയതുകൊണ്ടാണ് എന്ന എളുപ്പത്തിലുള്ള ഒരു ന്യായീകരണം കൊണ്ട് അല്ലെങ്കിൽ എളുപ്പത്തിലുള്ള ഒരു വിവരണം കൊണ്ട് നമുക്ക് അങ്ങനെ പറഞ്ഞു വിടാവുന്ന ഒരു കാര്യമല്ല. വാസ്തവത്തിൽ അതിന് വലിയ ന്യായങ്ങൾ ഉണ്ട്. എന്ന് പറഞ്ഞു കഴിഞ്ഞാൽ ഗൾഫിലുള്ള ഷിയ വിഭാഗങ്ങളെ ഉപയോഗിച്ചുകൊണ്ട് ഗൾഫിലെ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനും ഇവിടെ ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റി തീർക്കാനുമുള്ള ശ്രമങ്ങൾ ഇറാൻ എത്രയോ വർഷങ്ങളായി ശ്രമിച്ചു വരുന്നതാണ്. അതിൽ തന്നെ ഇറാനിയൻ ഭീഷണി ആ അർത്ഥത്തിൽ നേരിടുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ടത് ഏറ്റവും കൂടുതൽ ബഹ്റൈൻ. 70 ശതമാനം ട്വൽവർ ഷിയാക്കൾ ഉള്ള ബഹ്റൈൻ ഒരു ആ നിലക്ക് ഇറാനിൽ നിന്ന് നേർക്കുനേരെ അതിജീവന ഭീഷണി നേരിടുന്നു. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം എണ്ണ ഏറ്റവും കൂടുതലുള്ള ഈസ്റ്റേൺ മേഖലകൾ എല്ലാം തന്നെ കിഴക്കൻ മേഖലകളിൽ എല്ലാം തന്നെ ഷിയാ സാന്നിധ്യം വളരെ കൂടുതലാണ്. അപ്പൊ അവരെ ഉപയോഗിച്ചുകൊണ്ട് ഇറാൻ സൗദിയിലെ ഭരണകൂടത്തെ രാജഭരണത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കും എന്നുള്ള ഭീതി എല്ലാ കാലങ്ങളിലും നിലനിന്നു പോന്നിട്ടുണ്ട്. അതേപോലെ കുവൈത്തിൽ 25 ശതമാനം ഷിയാക്കളാണ്. മാത്രവുമല്ല ഈ പറയുന്ന ഷിയാ ട്വൽവർ ഷിയാക്കൾ ആയിട്ട് സൗദിയിലും ബഹ്റൈനിലും കുവൈത്തിലും ഉള്ള ഈ ജനങ്ങൾ എല്ലാം തന്നെ ആത്യന്തികമായി ഇറാനോട് കൂറുപുലർത്തുന്നവരുമാണ്. അപ്പൊ അങ്ങനത്തെ ഒരു സാഹചര്യത്തിൽ സ്വാഭാവികമായും ഇറാനിൽ നിന്ന് യഥാർത്ഥ അതിജീവന ഭീഷണി ഈ ഭരണകൂടങ്ങൾ ഭയപ്പെടുന്നുണ്ട്. അതിന്റെ ശരി തെറ്റുകൾ എന്തായാലും ഇറാനിലെ പൗരോഹിത ഭരണകൂടം ഇല്ലാതാവുന്നത് ഗൾഫിലെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം അതേപോലെ പശ്ചിമേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും മറ്റ് അറബ് രാജ്യങ്ങളിൽ പലതിനെ സംബന്ധിച്ചിടത്തോളം ഇപ്പൊ ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ആണെങ്കിൽ അങ്ങനത്തെ പല രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും ഇപ്പോൾ ആ ജോർഡാനെ സംബന്ധിച്ചിടത്തോളം ഒക്കെ തന്നെ അവർ അവർ ആഗ്രഹിക്കുന്ന ഒരു സംഗതിയാണ്. കാരണം ഈ പുരോഹിത ഭരണകൂടത്തിന് പകരം ഇറാനിൽ ഇവരുമായി കുറച്ചുകൂടെ നല്ല രൂപത്തിൽ ബന്ധങ്ങൾ നിലനിർത്താവുന്ന വേറെ നിലക്ക് പ്രാദേശികമായ അഭിവാഞ്ചകൾ ഇല്ലാത്ത അറബ് ലോകത്തെ രാഷ്ട്രീയത്തിൽ നിരന്തരമായി ഇടപെട്ട് അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്താത്ത ഒരു ഭരണകൂടം ഇറാനിൽ വരിക എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അപ്പൊ അതുകൊണ്ടുതന്നെ ഇറാനിലെ പുരോഹിത ഭരണകൂടം നിഷ്കാസനം ചെയ്യാനുള്ള അമേരിക്കൻ നേതൃത്വത്തിലുള്ള ഒരു സൈനിക ശ്രമത്തിന് സാധാരണഗതിയിൽ പശ്ചിമേഷ്യയിൽ നിന്നും വടക്കൻ ആഫ്രിക്കയിൽ നിന്നും വ്യാപകമായ പിന്തുണ ലഭിക്കാനാണ് ഇന്നത്തെ സാഹചര്യത്തിൽ സാധ്യത.

മാത്രമല്ല അതോടുകൂടി ഈ സംഘർഷം ഇസ്രായേൽ ഫലസ്തീൻ സംഘർഷം എന്നുള്ളതിൽ നിന്ന് മാറി ഇറാനും ഇറാന്റെ ശത്രുക്കളും തമ്മിലുള്ള ഒരു സംഘർഷമായി പരിണമിക്കുകയും ചെയ്യും. അപ്പൊ അതാണ് അതിൽ ഏറ്റവും പ്രധാനം. അപ്പൊ അങ്ങനത്തെ ഒരു സാഹചര്യത്തിൽ എനിക്ക് തോന്നുന്നത് ഇറാൻ നേർക്കുനേരെ യുദ്ധത്തിൽ ഇറങ്ങുന്നതിനു പകരം തങ്ങളുടെ പ്രതിരോധ അച്ചുതണ്ട് ശക്തികളെ കുറച്ചുകൂടെ ഫലപ്രദമായും ഒരുപക്ഷേ പുതിയ തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടും ഇസ്രായേലിനെതിരിൽ ഉപയോഗിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. ഇതാണ് ഒന്നാമത്തെ ഒരു സാധ്യത നമുക്ക് കാണാവുന്നത് ഇറാൻ യുദ്ധത്തിൽ നേർക്കുനേർ ഇറങ്ങുകയില്ല എന്ന് തന്നെയാണ്. അങ്ങനെ ഇറങ്ങുകയായിരുന്നുവെങ്കിൽ ഇസ്മായിൽ ഹനിയുടെ മരണത്തിന് ശേഷം സംഭവിക്കേണ്ടതായിരുന്നു. അത് സംഭവിച്ചിട്ടുമില്ല.

അപ്പൊ ഇറാനെ സംബന്ധിച്ചിടത്തോളം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾ ഇസ്രായേലിനെതിരിലുള്ള യുദ്ധത്തിൽ നേതൃത്വപരമായ പങ്കുവഹിക്കുന്നു എന്ന് തങ്ങളുടെ അനുയായികളെയും ലോകത്തെയും ഒരു ഭാഗത്ത് ബോധ്യപ്പെടുത്തുകയും മറുഭാഗത്ത് നേർക്കുനേരെ യുദ്ധത്തിലേക്ക് പ്രവേശിക്കാത്ത രീതിയിലുള്ള ഒരു തന്ത്രമാണ് അവർ ഉപയോഗിക്കാൻ സാധ്യതയുള്ളത്. അതിനിടയ്ക്ക് മുമ്പ് ചെയ്തതുപോലെ ഇസ്രായേലിലേക്ക് എവിടെയും തട്ടാത്ത ചില മിസൈൽ ഉൾപ്പെടുകയോ അങ്ങനത്തെ ചില ശ്രമങ്ങളൊക്കെ നടത്തിയേക്കാം.

പക്ഷേ കൃത്യമായ രൂപത്തിലുള്ള ഒരു യുദ്ധത്തിൽ ഒരു കക്ഷി ആയിട്ട് വരാനുള്ള സാധ്യത കുറവാണ്. അപ്പൊ അത് തള്ളിക്കളയാം. രണ്ടാമത്തേത്, ഹസ്സൻ നസ്റുള്ള അടക്കം നേതൃനിരയിൽ പലരും നഷ്ടപ്പെട്ടു കഴിഞ്ഞ ഹിസ്ബുല്ല ഇതുവരെ നിലനിന്നിരുന്നത് പോലെ ഉള്ള ഒരു വലിയ ശാക്തിക തച്ചുതണ്ടായിട്ട് അതിന് പ്രവർത്തിക്കാൻ കഴിയുമോ എന്നൊരു ചോദ്യമുണ്ട്. അതിന് കൃത്യമായ ഒരു ഉത്തരം പറയുക അത്ര പ്രയാസമല്ല. കാരണം ഹിസ്ബല്ലയെ സംബന്ധിച്ചിടത്തോളം അതിൻറെ ആയുധ കൂമ്പാരം എന്ന് പറയുന്നത് അങ്ങേയറ്റം വലിയതാണ്. രണ്ടു ലക്ഷത്തോളം മിസൈലുകളും റോക്കറ്റുകളും അവരുടെ കൈവശമുണ്ട്. അതുകൊണ്ടുതന്നെ ഇസ്രായേലിനെ ഗണ്യമായ രീതിയിൽ പ്രഷറൈസ് ചെയ്യാൻ സമ്മർദ്ധത്തിൽ ആക്കാൻ അവർക്ക് കഴിയും. പക്ഷേ അതേസമയത്ത് സൈനികമായി ഇസ്രായേലിനെ തോൽപ്പിക്കാൻ മാത്രമുള്ള ശേഷി ഹിസ്ബുല്ലക്ക് ഇന്നത്തെ സാഹചര്യത്തിൽ ഇല്ല. പ്രത്യേകിച്ച് ഹസ്സൻ നസ്റുള്ള അടക്കമുള്ള നേതൃ രംഗത്തുള്ളവർ അപ്രത്യക്ഷമാവുക കൂടി ചെയ്ത സാഹചര്യത്തിൽ എങ്ങനെയായിരിക്കും അവര് ഇനി വരുന്ന സാഹചര്യത്തെ നേരിടുക എന്നത് എന്നത് കാത്തിരുന്നു കാണേണ്ട ഒരു സംഗതിയാണ്. അതേസമയം ഹസ്സൻ നസ്റുള്ളയുടെ മരണം കൂടി നടന്നു കഴിഞ്ഞ ഒരു സാഹചര്യത്തിൽ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇനി അവര് ഹിസ്ബുല്ലയെ എങ്ങനെയെങ്കിലും അവസാനിപ്പിക്കാനുള്ള സാഹസികമായ ശ്രമങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്. അങ്ങനെ വരുകയാണെങ്കിൽ മുമ്പ് ചെയ്തതുപോലെ ഇസ്രായേൽ സൈന്യത്തെ ലബനോണിലേക്ക് പ്രവേശിപ്പിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വരുകയാണെങ്കിൽ ഇപ്പോൾ നിലനിൽക്കുന്ന യുദ്ധം കുറച്ചും കൂടെ വ്യാപകമായ ഒരു യുദ്ധമായിട്ട് മാറും. ഇസ്രായേലി സേന തെക്കൻ ലബനോൺ വന്ന് പിടിച്ചടക്കുകയും ഒക്കെ ചെയ്യുന്ന ഒരു സാഹചര്യം. അങ്ങനെ വരുകയാണെങ്കിൽ ധാരാളം ഇപ്പൊ ഗാസയിൽ സംഭവിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ലബനോണിൽ മരിക്കാൻ ഇടയാകും. മാത്രമല്ല, ലബനോണിനു ഉള്ളിൽ തന്നെ നിലനിൽക്കുന്ന പല നിലക്കുള്ള ധ്രുവീകരണങ്ങൾക്ക് അത് ആക്കം കൂട്ടുകയും ചെയ്യും.

കാരണം ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് ലബനോണിൽ പ്രത്യേകിച്ചും അറബ് ലോകത്ത് പൊതുവിൽ നമ്മൾ കണ്ടുവരുന്ന ഒരു സംഗതി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു ഭാഗത്ത് ഇസ്രായേലിനോട് മുഖാമുഖം പോരാടുന്ന നേരിടുന്ന ഒരു ശക്തി എന്നുള്ള നിലക്ക് അതൊരു ഷിയാ വിഭാഗം ആണെങ്കിലും അറബികൾ ഒന്നടങ്കം തന്നെ അറബികളിൽ ഒരു വലിയ വിഭാഗം ഏറ്റവും ചുരുങ്ങിയത് ഹിസ്ബുല്ലയെ മാനിക്കുകയും അതിന് അതിൻറെ പ്രവർത്തനങ്ങളെ കാര്യമായ രൂപത്തിൽ ശ്ലാഖിക്കുകയും ചെയ്യുന്ന ഒരു സംഗതി ഒരു ഭാഗത്ത്. മറുഭാഗത്ത് നമ്മൾ കാണുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ പശ്ചിമേഷ്യയിൽ ഇങ്ങനെ ഒരു ഷിയ മിലീഷ്യ ഇത്രയും സ്വാധീനം ചെലുത്തുകയും ഒരു ശാക്തിക ചേരിയായി നിലനിൽക്കുകയും ചെയ്യുന്നത് അവർക്കുള്ള ഒരു അലോസരം അതും ഇതേ സമയത്ത് തന്നെയുണ്ട്.

ഇപ്പൊ ലബനോണിനെ സംബന്ധിച്ച് നമ്മൾ നോക്കുകയാണെങ്കിൽ ലബനോൺ ഒരു സാധാരണ പിന്തുടർന്ന് വരുന്ന ലബനോണിലെ ഭരണക്രമം എന്ന് പറയുന്നത് ഒരു കൺഫെഷണൽ സ്റ്റേറ്റ് ആണ്. അതായത് മത സ്വത്വത്തിന് അനുസൃതമായി മത സ്വത്വങ്ങളുടെ ജനസംഖ്യക്ക് അനുസൃതമായി രൂപീകരിക്കപ്പെട്ട ഒരു ഭരണ സംവിധാനമാണ് ലെബനോണിൽ ഉള്ളത്. ലബനോണിൽ പ്രസിഡണ്ട് എപ്പോഴും ഒരു ക്രിസ്ത്യാനി ആയിരിക്കും. ലെബനീസ് ലെബനോനിലെ പ്രധാനമന്ത്രി സുന്നി മുസ്ലിം ആയിരിക്കും. പാർലമെൻറ് സ്പീക്കർ ഷിയ ആയിരിക്കും. അപ്പൊ ആ നിലക്ക് വളരെ ശ്രദ്ധയോടെ കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി നിലനിർത്തി വരുന്ന ഈ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ശാക്തിക മാത്സര്യങ്ങളും സഹവർത്തിത്വവും ഒക്കെ ഒരേപോലെ നിലനിർത്തി വരുന്ന ലെബനോണിന്റെ ഒരു രാഷ്ട്രീയ സാഹചര്യത്തെ സമ്പൂർണ്ണമായി മാറ്റിമറിക്കാൻ ഹിസ്ബുല്ലയോ ഹിസ്ബുല്ല പൂർണമായി പരാജയപ്പെടുകയാണെങ്കിൽ അത് വരാൻ ഒരു സാധ്യതയുണ്ട്. കാരണം ഹിസ്ബുല്ല വരുന്നതിനു മുമ്പ് വാസ്തവത്തിൽ ലെബനോണിലെ ഷിയാക്കൾ അങ്ങേയറ്റം അവഗണിതരായ ദുർബലരായ ഒരു വിഭാഗമായിരുന്നു. അവിടെ നിന്നാണ് ഹിസ്ബുല്ല ഷിയാക്കളെ അവര് ജനസംഖ്യയിൽ ഭൂരിഭാഗം ഒന്നും അല്ലെങ്കിൽ പോലും അവരെ ലെബനോണിലെ ഏറ്റവും ഗണ്യമായ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തിയായിട്ട് മാറ്റിയെടുക്കുന്നത്.

അപ്പോൾ ലെബനോനിലേക്ക് ഇസ്രായേൽ വരുമോ എന്നുള്ളതാണ് അടുത്ത ഒരു ചോദ്യം. അത് സംഭവിക്കാൻ സാധ്യതയുണ്ട് എന്നുള്ളതാണ് ഇപ്പോഴത്തെ ഒരു അവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. മിക്കവാറും അങ്ങനെ വരികയാണെന്നുണ്ടെങ്കിൽ വളരെ രക്തരൂഷിതമായ ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ പോകും. ആ യുദ്ധത്തിൽ ഒരുപക്ഷേ ഗാസയിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ആളുകൾ ലെബനോണിൽ കൊല്ലപ്പെടുന്ന ഒരു സാഹചര്യം സംജാതമാകും. മാത്രവുമല്ല അങ്ങനെ വരുമ്പോൾ അതിനെതിരിലുള്ള അല്ലെങ്കിൽ അതിനോട് പ്രതികരിച്ചുകൊണ്ടുള്ള അന്തർദേശീയ പ്രതികരണങ്ങളും അന്തർദേശീയ പ്രതിധ്വനികൾ ഒക്കെ തന്നെ പല രീതിയിൽ വരാനുള്ള ഒരു സാധ്യത നമുക്ക് കാണാൻ പറ്റും. അതോടൊപ്പം ഇങ്ങനെ രൂപപ്പെട്ടു വരുന്ന ഒരു സംഘർഷത്തിന്റെ സാഹചര്യത്തിൽ ഫലസ്തീൻ പ്രശ്നം അതാണ് ഇതിന്റെ ഏറ്റവും ദുരന്തപൂർണ്ണമായ ഒരു സംഗതി എന്ന് പറയുന്നത്. ഇങ്ങനെയുള്ള ലെബനോണിലേക്ക് യുദ്ധം വ്യാപിക്കുക മറ്റു നിലക്കുള്ള പിന്നെ സംഭവവികാസങ്ങൾ ഉണ്ടാവുകയൊക്കെ ചെയ്യുമ്പോൾ ഒക്ടോബർ ഏഴ് മുതൽക്ക് ഇതുവരെ ഉണ്ടായിരുന്ന ഒരു പ്രത്യേകത എന്ന് പറയുന്നത്. ഇത്രയൊക്കെ ആളുകൾ കൊല്ലപ്പെടുന്നു, പല നിലക്കുള്ള നരനായാട്ട് നടക്കുന്നു, പതിനായിരക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളും കൊല്ലപ്പെടുന്നു, ഇതൊക്കെ ഉള്ളപ്പോൾ തന്നെ ലോകം മുഴുവൻ ഫലസ്തീനികളുടെ ഒരു അവസ്ഥ സ്വന്തമായ ഒരു രാജ്യമില്ലാത്ത നിരന്തരമായി കൊളോണിയൽ അധിനിവേശത്തിനെയും കൊളോണിയൽ ക്രൂരതകൾക്കും വിധേയരായിക്കൊണ്ടിരിക്കുന്ന ഒരു ജനത എന്നുള്ള ഒരു സംഗതി മുമ്പ് ഒന്നുമില്ലാത്തത്ര ലോകജനതയ്ക്ക് മുമ്പിൽ തെളിഞ്ഞു വന്നിരുന്ന ഒരു സാഹചര്യത്തിൽ മാറ്റം വരികയും ഫലസ്തീൻ പ്രശ്നം വീണ്ടും അതിനു മുമ്പുള്ള പല ഘട്ടങ്ങളിൽ സംഭവിച്ചതുപോലെ ലോകശ്രദ്ധയിൽ നിന്ന് അപ്രത്യക്ഷമാവുകയും ലബനോൺ അല്ലെങ്കിൽ ഹിസ്ബുല്ല ഇസ്രായേൽ യുദ്ധം ആ നിലക്ക് അതുമായി ബന്ധപ്പെട്ടു വരുന്ന ഒരു പ്രാദേശിക സംഘർഷം ആയി ഇത് പരിണമിക്കുകയും ചെയ്യും. അത് ഫലസ്തീൻ പ്രശ്നത്തെ സംബന്ധിച്ചിടത്തോളം വളരെ ദൗർഭാഗ്യകരമായിരിക്കും എന്നുള്ളതാണ് അതിൽ എടുത്തു പറയേണ്ട ഒരു കാര്യം.

അതിൽ സംഭവിക്കാൻ പോകുന്ന ഒരു കാര്യം എന്ന് പറയുന്നത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രീതിയിലേക്ക് സംഘർഷം മാറുന്നതോടുകൂടി പലസ്തീനും പലസ്തീനികളുടെ പ്രശ്നങ്ങളും അവിടെ കൊന്നൊടുക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ പ്രശ്നങ്ങളും ഒക്കെ തന്നെ ലോകശ്രദ്ധയിൽ നിന്ന് പൂർണമായി മാറുകയും ഇത് ഒരു സാധാരണ ഒരു യുദ്ധം പലയിടത്തും നടക്കുന്നത് പോലത്തെ ഒരു സാധാരണ ഒരു യുദ്ധം അതിൽ കുറെ ആളുകൾ മരിച്ചു വീഴുന്നു എന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ പോകാൻ ഇടയാകും എന്ന് ഭയപ്പെടാവുന്നതാണ്. മാത്രവുമല്ല, ഇത് ഹിസ്ബുല്ലയുമായിട്ടുള്ള ഒരു യുദ്ധം ഫലസ്തീൻ പലസ്തീനികൾ ഈ രംഗത്ത് ഇതിൽ നിന്ന് ലോകശ്രദ്ധയിൽ നിന്ന് നിഷ്ക്രമിക്കുകയും ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള ഒരു യുദ്ധം അല്ലെങ്കിൽ ഇറാനും കൂടി ഉൾപ്പെട്ടിട്ടുള്ള ആ നിലക്കുള്ള ഒരു പ്രാദേശിക യുദ്ധം എന്നുള്ള ഒരു സ്ഥിതിയിലേക്ക് അത് മാറുകയാണെങ്കിൽ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായിട്ടും കഴിഞ്ഞ ഏതാനും മാസങ്ങളിൽ അവര് നേടിയെടുത്ത ലോകശ്രദ്ധയും അവരുടെ പ്രശ്നത്തിന് ലോകത്ത് വലിയൊരു വിഭാഗം ആളുകളിൽ ഉണ്ടായി വന്നിട്ടുള്ള അനുകൂല മനസ്ഥിതിയും ഒക്കെ തന്നെ പതുക്കെ പതുക്കെ ഇല്ലാതാവുകയും ഇത് വീണ്ടും ഒരു സാധാരണ പ്രാദേശിക സംഘർഷമായി മനസ്സിലാക്കപ്പെടുന്ന ഒരു അവസ്ഥ വരികയും ചെയ്യും എന്നുള്ളതാണ്. അതോടൊപ്പം ഇത് ഇനി ഏതൊക്കെ നിലക്ക് പരിണമിച്ചു കഴിഞ്ഞാലും പശ്ചിമേഷ്യയിൽ ഒരു വലിയ യുദ്ധം, ഈ യുദ്ധം വേറെ നിലക്ക് ഇറാന്  അനുകൂലമായി വേറെ രാജ്യങ്ങൾ വരുകയും അതിനെതിരായിട്ട് മറ്റു കുറെ രാജ്യങ്ങൾ യുദ്ധത്തിൽ അണിനിരക്കുകയും ചെയ്യുന്ന ഒരു വലിയ യുദ്ധത്തിന്റെ സാധ്യത ഇല്ല എന്ന് തന്നെ പറയാം. അങ്ങനെ ഒരു സാധ്യതയെ കുറിച്ച് തുടക്കം മുതൽ പലരും ചൂണ്ടിക്കാണിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഒരു യുദ്ധത്തിന് ഒരു സാധ്യതയില്ല എന്നുള്ളതാണ് തുടക്കം മുതൽക്ക് എനിക്ക് തോന്നിയിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ് തോന്നുന്നത് പക്ഷേ അതേസമയത്ത് ലെബനോൻ എന്ന് പറയുന്ന ഒരു രാജ്യം വളരെ ചെറിയൊരു രാജ്യം അതിൻറെ സമ്പത്ത് വ്യവസ്ഥ കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ട് അങ്ങേയറ്റം പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ലബനീസ് കറൻസിയുടെ മൂല്യം എന്നൊക്കെ പറയുന്നത് അനുദിനം ശോഷിച്ചു വരുന്ന ഒരു കറൻസിയാണ്. എന്തെങ്കിലും പച്ചക്കറി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന വാങ്ങണമെങ്കിൽ വരെ ഒരു ചാക്ക് നിറയെ നോട്ടുകെട്ടുകളുമായി പോകേണ്ട ആ നിലക്കുള്ള അത്രയും മോശമായ ഒരു അവസ്ഥയാണ് ലബനോണിൽ ഉള്ളത്. ലബനോൺ സാമ്പത്തിക വ്യവസ്ഥ പൂർണമായി തകർന്നിരിക്കുകയാണ്. അതിന്റെ മേലെയാണ് ഇപ്പോൾ ലബനോൺ ഒരു വലിയ യുദ്ധത്തിലേക്ക് കൂടി വലിച്ചിഴക്കപ്പെടുന്നത്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അയാൾ ഏതറ്റം വരെയും പോകും. കാരണം അയാൾക്ക് പശ്ചിമേഷ്യയിലെ സുരക്ഷയോ ഇസ്രായേലിന്റെ ഭാവിയോ ഇസ്രായേലിന്റെ സുരക്ഷയോ ഒന്നുമല്ല അയാളുടെ പ്രശ്നം. അയാളെ സംബന്ധിച്ചിടത്തോളം അയാളുടെ ഭരണം അധികാരം നിലനിർത്തുക എന്നതും അയാളെയും അയാളുടെ ഭാര്യയെയും എങ്ങനെയെങ്കിലും ജയിലിൽ പോകുന്നതിൽ നിന്ന്, ജയിലിൽ പോകാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുക എന്നുള്ള ഒരൊറ്റ ലക്ഷ്യം മാത്രമാണ് അയാൾക്കുള്ളത്. ആ നിലക്ക് ഇസ്രായേലിലെ ജനങ്ങളിൽ തന്നെ മഹാഭൂരിഭാഗവും അയാൾക്ക് എതിരാണ്. അയാളെ അനുകൂലിക്കുന്ന ആളുകൾ വളരെ വളരെ കുറവാണ്. പക്ഷേ ഇങ്ങനെ ഒരു യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ മാത്രമാണ് അയാൾക്ക് അയാളുടെ അഴിമതിയും അയാളുടെ അധികാര ദുർവിനിയോഗവും വൃത്തികേടുകളും ഒന്നും ഇസ്രായേലിൽ ആരും ചോദ്യം ചെയ്യാത്ത ഒരു സാഹചര്യം അയാൾക്ക് നിലനിർത്താൻ പറ്റുക. അതുകൂടി ഇതിൻ്റെ പിന്നിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്ന് വേണം പറയാൻ. മാത്രവുമല്ല ഇതൊരു ഇറാൻ ഇസ്രായേൽ സംഘർഷമായി പൂർണാർത്ഥത്തിൽ രൂപപ്പെടുന്നതോടെ ഞാൻ മുമ്പ് പറഞ്ഞതുപോലെ ഇറാനുമായി പരമ്പരാഗതമായി ചരിത്രപരമായി സംഘർഷമുള്ള പശ്ചിമേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും രാജ്യങ്ങൾ ഒക്കെ തന്നെ ഇസ്രായേലിനോട് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ പോലും ഇറാൻ എതിരിലുള്ള സൈനിക നീക്കങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകാനാണ് സാധ്യത തെളിഞ്ഞു വരുന്നത്. അതോടൊപ്പം ഒപ്പം ഹിസ്ബുല്ലയും ഹൂതികളും അടങ്ങുന്ന ഇറാഖിലെയും സിറിയയിലെയും ഷിയ മിലീഷ്യകൾ അടങ്ങുന്ന പ്രതിരോധ അച്ചുതണ്ടിന്റെ ഭാവി എന്തായിരിക്കും ഹസ്സൻ നസ്റുള്ള ഇല്ലാത്ത ഒരു കാലത്ത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഞാൻ പറഞ്ഞു തുടങ്ങിയ കാര്യത്തിലേക്ക് ഒന്നുകൂടെ വന്നിട്ട് അവസാനിപ്പിക്കുകയാണ്. അപ്പൊ ഹസ്സൻ നസ്റുള്ള എന്ന വ്യക്തിയെ മനസ്സിലാക്കേണ്ടത് അയാളുടെ ഷിയ ഇറാനിയൻ പക്ഷപാതങ്ങളോട് എല്ലാം ഒപ്പം കഴിഞ്ഞ 50 കൊല്ലത്തിൽ അറബ് ലോകം ഒത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ഐതിഹാസിക വീരപുരുഷ പരിവേഷമുള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിൻറെ മരണം ആ നിലക്ക് ഹിസ്ബുല്ലയെ സംബന്ധിച്ചിടത്തോളവും ഇറാനെ സംബന്ധിച്ചിടത്തോളവും മറുപടി കൊടുക്കാതെ പോകാൻ കഴിയാത്ത ഒരു സംഗതിയാണ്. പക്ഷേ അത് എങ്ങനെയായിരിക്കും അത് അതിൻറെ തോത് എന്തായിരിക്കും എന്നുള്ളത് ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ എളുപ്പമല്ല.

ഒക്ടോബർ ഏഴിന് തുടങ്ങിയ സംഘർഷം കുറെ കൂടെ ഗുരുതരമായ കുറെ കൂടെ സങ്കീർണമായ പ്രവചനങ്ങളെ അസാധ്യമാക്കുന്ന ഒരു ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്. അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ഇക്കാര്യത്തിൽ നമുക്ക് കുറച്ചും കൂടെ വ്യക്തത കൈവരും. അതാണ് ഇപ്പോഴത്തെ ഒരു സാഹചര്യം.

About Author

ഷാജഹാൻ മാടമ്പാട്ട്

സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകൻ, കോളമിസ്റ്റ്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, 'God is Neither a Khomeini nor a Mohan Bhagwat: Writings against Zealotry' എന്നിവ പ്രധാന കൃതികൾ.