A Unique Multilingual Media Platform

The AIDEM

Art & Music Articles Memoir National Society

അധോതലകുറിപ്പുകൾ

  • February 10, 2024
  • 1 min read
അധോതലകുറിപ്പുകൾ

അന്തരിച്ച ലോക പ്രശസ്തനായ മലയാളി ചിത്രകാരൻ എ. രാമചന്ദ്രൻ ഇംഗ്ളീഷിൽ എഴുതിയ ലേഖനങ്ങൾ പി. സുധാകരൻ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ആൺനോട്ടം’. ഈ പരിഭാഷയിൽ നിന്നുള്ള, ‘അധോതലകുറിപ്പുകൾ’ (Notes on the Underground) എന്ന അധ്യായം, ദി ഐഡം ഇവിടെ പുനഃ പ്രസിദ്ധീകരിക്കുകയാണ്. ഈ പുസ്തകം 2010ൽ പ്രസിദ്ധീകരിച്ചത് കണ്ണൂരിലെ കൈരളി ബുക്സ് ആണ്. 1935ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച എ. രാമചന്ദ്രൻ വിശ്വഭാരതി (ശാന്തിനികേതൻ) യിൽ നിന്നാണ് ചിത്രകലാ പഠനം പൂർത്തിയാക്കിയത്. പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന രാം കിങ്കറിന്റെ ശിഷ്യനായിരുന്നു. നിരവധി അന്താരാഷ്ട്ര ചിത്രപ്രദർശനങ്ങളിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത എ. രാമചന്ദ്രന് 89 വയസ്സായിരുന്നു. കുറച്ചു കാലമായി രോഗബാധിതനായിരുന്നു. 2005ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

അധോതലക്കുറിപ്പുകൾ എന്ന ഈ ലേഖനത്തിൽ എ. രാമചന്ദ്രൻ തന്റെ കലാജീവിതത്തെ സ്വാധീനിച്ച, നിർണ്ണയിച്ച, ജീവിതചിത്രങ്ങളെക്കുറിച്ചും, ഒരു കലാകാരൻ നിരന്തരം നേരിടുന്ന ആന്തരിക സംഘർഷങ്ങളെ കുറിച്ചും അസാധാരണമായ ഉൾക്കാഴ്ചയോടെ എഴുതുന്നു.


അധോതലകുറിപ്പുകൾ

1957 ജൂലൈ. ഞാൻ കൽക്കത്തയിലെ സിയാൽദാ സ്റ്റേഷനിൽ വന്നിറങ്ങി. ആയിരക്കണക്കിന് അഭയാർത്ഥികൾ തിങ്ങിനിറഞ്ഞ സിയാൽദാ പ്ലാറ്റ്ഫോമിന്റെ ചിത്രം ഇപ്പോഴും എൻ്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ആറടി മാത്രം നീളവും വീതിയുമുള്ള ഒരിടത്ത് അച്ഛനമ്മമാരും മക്കളും അടങ്ങുന്ന ഒരു കുടുംബവും വീട്ടുസാധനങ്ങളും തെരുവുപട്ടികളുമെല്ലാം ഒന്നിച്ച് കഴിഞ്ഞുകൂടി. ഈ സ്ഥലപരിധിക്കുള്ളിൽ ജനന മരണത്തിന്റേയും പ്രജനന, രോഗനാശാദികളുടേയും ചാക്രിയകതകൾ അരങ്ങേറി. കഷ്ടപ്പാടുകളെ കുറിച്ച് എൻ്റെ ആദ്യാനുഭവം ശരിക്കും പിടിച്ചുലക്കുന്നതായിരുന്നു. കേരളത്തിലുള്ളവനായതിനാൽ തന്നെ ദാരിദ്ര്യത്തേയും കഷ്‌ടപ്പാടിനേയും കുറിച്ച് എൻ്റെ അറിവ് തീർത്തും വ്യത്യസ്‌ത രീതിയിലുള്ള ഒന്നായിരുന്നു. ദുരിതത്തിലാണ്ട ഈ ജീവികളെ കാണുമ്പോൾ എന്റെ നാട്ടിലെ യാചകർപോലും എത്രയോ മെച്ചമാണെന്ന് തോന്നും. കേരളത്തിലെ യാചകർ കഞ്ഞിപിഴിഞ്ഞ വസ്ത്രം ധരിച്ച് ചന്ദനക്കുറിയണിഞ്ഞ്, താൻ തെരഞ്ഞെടുത്ത ജ്ഞാനോദയം സിദ്ധിച്ചവന്റെ ഈ തൊഴിൽ ഏറ്റവും ശ്രേഷ്‌ഠതയാർന്നതാണെന്ന ഭാവവുമായി നടക്കുന്നയാളാണ്. അതുകൊണ്ടുതന്നെ കൊടും നിരാലംബത, ജീവിത ദുരിതങ്ങൾ, ദാരിദ്ര്യത്തിന്റെ കൊടും നഗ്നത – അവയെല്ലാമായുള്ള എൻ്റെ ആദ്യത്തെ ഏറ്റു മുട്ടൽ കലാപഠനം തുടങ്ങുംമുമ്പുതന്നെ എൻ്റെ സംവേദനക്ഷമത രൂപപ്പെടുത്തി.

A Ramachandran: The hair-raiser | Mint

കൊളോണിയൽ കാലത്തെ എൻഗ്രേവ് ചെയ്‌ത സെപ്പിയ പ്രിന്ററിനെയാണ് കൊൽക്കത്ത എന്നെ എല്ലായിപ്പോപോഴും ഓർമ്മിപ്പക്കാറ്. ദൽഹിയോ മുബൈയോ പോലെ അതൊരു ആധുനിക നഗരമല്ല. ഒരിക്കൽ ജീവിച്ചു കൊണ്ടിരുന്നതും ഇപ്പോൾ പതുക്കെ പതുക്കെ മരിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു നഗരമാണ്. Dying Enayat ഖാൻ എന്ന മിനിയേച്ചർ ചിത്രത്തിന്റെ മനം കവരുന്ന ഗുണവിശേഷങ്ങൾ നിറഞ്ഞതാണ് കൊൽക്കത്ത നഗരം. ഒരു ദിവസം അത് ശ്വാസം നിലച്ച് മോഹൻജൊദാരോയെപ്പോലെ മരിച്ച് മണ്ണടിഞ്ഞുപോകുമെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. എന്നിരുന്നാലും ലോകത്തിലെ മറ്റേത് പ്രൗഢഗംഭീര നഗരത്തെക്കാളുമുപരി കൊൽക്കത്തയിലെ നാശാവിശിഷ്‌ടങ്ങളിൽ എൻ്റെ അസ്ഥികൂടം കിടന്ന് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇടുങ്ങിയ തെരുവീഥികളും, പൊട്ടിപ്പൊളിഞ്ഞ കൊളോണിയൽ കെട്ടിടങ്ങളും പാറ്റകളെക്കൊണ്ട് നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന ഓവുചാലുകളും കൊടും ദാരിദ്ര്യവും ഉറുമ്പുകളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പായുന്ന അഗണ്യം മനുഷ്യജീവികളുമുള്ള ഈ നഗരം എൻ്റെ അനുഭവങ്ങളുടെ ഭാഗമായി കാത്തിരിക്കുന്നു. എന്നാൽ ചളിയുടേയും ചവുറ്റുകൂനകളുടേയും കഷ്ടത അനുഭവിക്കുന്ന ജനാവലിയുടേയും ആവരണം അഴിച്ചുനീക്കിയാൽ മനുഷ്യവികാരവും ഊഷ്‌മളതയും വാത്സല്യവും ‘കല’യോടുള്ള അദമ്യമായ ആദരവും കാണാനാവും. ഒരു നൂറ്റാണ്ടിലേറെ നമ്മുടെ സാംസ്‌കാരിക ജീവിതത്തെ അടക്കിവാണ മഹാമനുഷ്യരുടെ ബൗദ്ധിക പൈതൃകത്തിൽ നിന്നു മാത്രമേ ഇത് ലഭിക്കൂ. ഒരു കൊച്ചു ചായ ക്കടയിൽപോലും സത്യജിത്റേയെക്കുറിച്ച് ചൂടേറിയ ചർച്ച കേൾക്കാനാവും. അല്ലെങ്കിൽ സംഗീതോപകരണങ്ങൾ നിർമ്മിക്കുന്ന ഒരു പോസ്റ്റ്മാനെ കണ്ടെത്താനായെന്ന് വരും.

മനുഷ്യന്റെ ആദ്യരൂപം ഞാൻ വികസിപ്പിച്ചെടുത്തത് കൊൽക്കത്താ തെരുവുകളിൽ നിന്നാണ്. പ്രബലമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള യഥാർത്ഥ ബിംബങ്ങളാണ് ഇവയെങ്കിലും ഞാനത് ഇപ്പോൾ വർണ്ണിച്ചാൽ യക്ഷിക്കഥകൾ പോലെ തോന്നിയേക്കാം. ഓടച്ചാലിനരികിലാണ് ക്രിസ്തുസമാനമായ രൂപം ഞാൻ ആദ്യം കണ്ടത്.

നഗ്നനായി കമിഴ്ന്ന് കിടന്ന് അഴുക്കുചാലിലെ മലിനജലം കുടിക്കുകയായിരുന്നു അയാൾ. പിന്നീട് ഏറെ കാലത്തേക്ക് എന്റെ പെയിന്റിംഗുകൾക്കുള്ള ഒരു പ്രധാന മോട്ടിഫായി ഇത് മനസ്സിൽ കിടന്നു. തിരക്കേറിയ എസ്‌പ്ലനേഡ് തെരുവിൽ മരിച്ച കുഞ്ഞിനെ മടിയിലിരുത്തി കരഞ്ഞിരുന്ന ഒരു അച്ഛനേയും അമ്മയെയും എനിക്ക് നല്ല ഓർമയുണ്ട്. തൊട്ടപ്പുറത്ത് ഒരാളിരുന്ന് ഓറഞ്ച് വിൽക്കുന്നുണ്ടായിരുന്നു. ആളുകൾ വില പേശി നല്ല ഓറഞ്ച് തെരഞ്ഞെടുത്തുകൊണ്ടിരുന്നു. ജീവിതത്തിന്റെ തിരക്കുകൾക്കിടയിലെ മരണത്തിൻ്റെ ഈ കൊച്ചുകണികയെ ഞാൻ സാകുതം നോക്കിനിന്നു. ചില്ലുകൂട്ടിലെ ഈച്ചയെപ്പോലെ ഈ രൂപം എന്റെ മനസ്സിൽ ഇപ്പോഴും ചുറ്റിപ്പറക്കുന്നുണ്ട്.

ദുരിതങ്ങൾക്കിടയിലും ചിലപ്പോൾ നർമ്മം കണ്ടെത്താനാവും. നിങ്ങളെ ചിരിപ്പിക്കുന്നതിനുപകരം വിങ്ങിപ്പൊട്ടിക്കുന്ന നർമ്മം. എല്ലും തോലുമായ ഒരു വ്യദ്ധ, പഴകിദ്രവിച്ച ഒരു ടൈംപീസ് തട്ടിത്തെറിപ്പിച്ച് “നീയെന്നെ ചതിച്ചു, നീയെന്നെ ചതിച്ചു.” എന്നു പറഞ്ഞ് ചീത്ത വിളി ക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. കൊൽക്കത്താനഗരം വിട്ട് ദൽഹിയിൽ താവളമുറപ്പിച്ചപ്പോഴും ആ നഗരത്തെക്കുറിച്ചുള്ള ഇത്തരം ഓർമ്മകൾ മനസ്സിൽ തങ്ങിനിന്നു.


മനോഹരമായ വൃക്ഷങ്ങളും ഉദ്യാനങ്ങളും സ്‌മാരകങ്ങളുമുള്ള ഒരു സുന്ദര നഗരമാണ് ദൽഹി. പക്ഷേ ഈ വ്യക്ഷങ്ങളുടെ നിഴലിൽ പിടിച്ചുപറിക്കാനും കഴുത്ത് ഞെരിക്കാനും ആരാണ് കാത്തു നിൽക്കുന്നതെന്ന് പറയാനാവില്ലെന്ന് മാത്രം. വിഭജനാനന്തര മുറിവുകൾ നക്കുന്ന അശ്വത്ഥാമാവുകൾ ഈ മരത്തണലിലിരുന്ന് ജനങ്ങൾക്കു മേൽ പ്രതികാരത്തിന് പദ്ധതിയിടുകയാണെന്ന് തോന്നുന്നു. ഇവിടെ സഹജീവികളോടുള്ള നിസ്സംഗത തീർത്തും വ്യത്യസ്‌തമായ തരത്തിലുള്ള ഒന്നാണ്. വിഭജന പൂർവകാലത്തെ നഷ്ടസമ്പത്തും പ്രൗഢിയും തിരിച്ചുപിടിച്ച് സാമ്പത്തിക പിരമിഡിന്റെ പരകോടിയിൽ എത്താനുള്ള ശ്രമത്തിൽ ഓരോരുത്തരും മറ്റുള്ളവരെ കുതികാൽ വെട്ടാനാണ് നോക്കുന്നത്. മനുഷ്യത്വരഹിതമായ ഇത്തരമൊരു സമൂഹത്തിൽ, സുഖഭോഗങ്ങളിൽ മുഴുകിക്കഴിയുന്ന വരുടെ സ്വീകരണമുറി അലങ്കരിക്കാനുള്ള ഒരു ഉൽപന്നം മാത്രമാണ് കലയെന്നതിൽ അത്ഭുതമില്ല. സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം കല എന്നാൽ ഹിന്ദി സിനിമയിലെ പെയിൻ്റർ ബാബുവിൻ്റെ പണിയാണ്. ഈ ചുറ്റുപാടിൽ എന്റെ ക്രിസ്‌തുസമാന രൂപങ്ങൾ ക്രമേണ ചീർത്തുവരുകയും അവയുടെ ശിരസ്സുപോലും നഷ്ടമാവുകയും ചെയ്‌തു. കൊൽക്കത്തയിൽ ക്രൂരത നിസ്സഹായതയിൽ നിന്നും ഉടലെടുക്കുന്നതാണെങ്കിൽ ഇവിടെ ക്രൂരത ഒരു ജീവിതരീതിയാണ്.

ജങ്പുരയിലെ എൻ്റെ ബർസാത്തിയിൽ, ഈ മനോഹര നഗരത്തിലെ ചപ്പുചവറുകൾ ഒരു കൈവണ്ടിയിൽ ഉരുട്ടിക്കൊണ്ട് വരുന്ന തോട്ടിസ്ത്രീയുടെ ഏകശിലാരൂപം ഒരു പൊതു കക്കൂസിനരികിൽ വെച്ചാണ് ആദ്യ മായി ഞാൻ കണ്ടത്. അവരുടെ മൂടുപടമണിഞ്ഞ മുഖം ഭൂമിക്കടിയിലെ അഴുക്കുചാലിലേക്കുള്ള ഒരു ഓവായി രൂപാന്തരം പ്രാപിച്ചു. മൂടുപടമണിഞ്ഞ ഈ തോട്ടിപ്പണിക്കാരിയുടെ രൂപം പിന്നീട് ക്രിസ്‌തുവിന്റെ മൃത ശരീരം ഉന്തുവണ്ടിയിൽ തള്ളിക്കൊണ്ടുപോവുന്ന ഒരു മോട്ടിഫായി പ്രത്യക്ഷപ്പെട്ടു.

ഓരോ കലാകാരൻ്റെയും മനസ്സിലും വ്യത്യസ്‌തമായ ഒരു എ.എസ്. എ. ഉണ്ട്. എന്റേത് ക്രൂരവും ഭീകരവുമായ സംഗതികൾക്കായി ചിട്ടപ്പെടുത്തിയതാണെന്ന് തോന്നുന്നു. ദസ്‌തയേവ്സ്‌കിയെ നിരന്തരം വായിച്ച തുമൂലം ഇതിന് കൂടുതൽ സൂക്ഷ്‌മത കൈവന്നു. അതുകൊണ്ടാണ് ഉത്തർപ്രദേശും ഹരിയാനയും തൊട്ടുകിടിക്കുന്ന ഓഖ‌ല ഗ്രാമം പോലുള്ള ഒരു ചുറ്റുപാടിൽ നിന്നും മാറിയിട്ടും എൻ്റെ ചിത്രങ്ങളിലെ തോട്ടിപ്പണിക്കാരിയുടെ ഏകശിലാരൂപത്തിന് കാവ്യഗുണമൊന്നും കൈവരാതെ പോയത്. അതും ഈ രൂപം ഇന്ത്യൻ മിനിയേച്ചറുകളിലെ കാൽപനിക ആശയങ്ങളോട് ഇടചേർന്ന് കിടന്നിട്ടുകൂടി.

രാഷ്ട്രീയം കേരളത്തിൽ ഒരു കുടിൽ വ്യവസായമാണ്. വിദ്യാർത്ഥി ജീവിതത്തെക്കുറിച്ച് എനിക്ക് ഓർത്തെടുക്കാനാവുന്ന ഒരേയൊരു കാര്യം രാഷ്ട്രീയമാണ്. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അർത്ഥമറിയാത്ത മുദ്രാവാക്യങ്ങൾ മുഴക്കി ഒരു രാഷ്ട്രീയ പ്രകടനത്തിൽ പങ്കെടുത്തത് എനിക്ക് ഓർമ്മയുണ്ട്. ഇന്നും അതേ മുദ്രാവാക്യങ്ങളുടെ അർത്ഥമെനിക്കറിയില്ല. കലയിലായാലും രാഷ്ട്രീയത്തിലായാലും ഒരു പ്രസ്ഥാനവും എന്നെ ആവേശം കൊള്ളിച്ചിട്ടില്ല. എൻ്റെ കാഴ്‌ചപ്പാടിൽ ഒരു രാഷ്ട്രീയ വ്യവസ്ഥയും മാനുഷിക പരിഹാരം നൽകുന്നില്ല.

ബംഗാളിൽ കാളീപൂജക്കായി ആടിനെ ബലികൊടുക്കുന്നത് ആദ്യ മായി കണ്ടപ്പോൾ എന്നെ ആകർഷിച്ചത് ക്രൂരമായ ആ കശാപ്പല്ല. മറിച്ച് അതിന് ചുറ്റും നിന്ന സ്ത്രീപുരുഷന്മാരുടേയും കുട്ടികളുടേയും പ്രതികരണവും, രണ്ട് കുറ്റികൾക്കിടയിൽ കുടങ്ങികിടക്കുന്ന ആ പാവം ജീവിയുടെ കഴുത്തിൽ കനമേറിയ കശാപ്പുകത്തി വീഴുമ്പോൾ ‘ജയ്‌മാ’ വിളിച്ച അവരുടെ രക്തദാഹത്തോടുകൂടിയ പ്രാകൃതമായ ആവശേവുമായിരുന്നു. എന്നാൽ 1970ൽ നക്‌സൽ പ്രസ്ഥാനത്തെ തുടർന്നുണ്ടായ ഭീകരവാദവും നരഹത്യയും അതിൻ്റെ പരകോടിയിൽ എത്തിനിൽക്കുന്ന കാലത്ത് വീണ്ടും ബംഗാൾ സന്ദർശിക്കുന്നതു വരെ ആ രൂപം അതിന്റെ പരിപുർണ്ണതയിൽ എത്തിയില്ല. ആ സന്ദർശനത്തോടെ കാളീപൂജക്ക് അതിന്റെ ലക്ഷ്യാർത്ഥം കൈവന്നു.

ഹിരോഷിമയിലും നാഗസാക്കിയിലും വീണ ആറ്റംബോബിന്റെ സംഹാരശക്തിയെപ്പറ്റി നമ്മൾ ഏറെ വായിച്ചിട്ടും കേട്ടിട്ടുമുണ്ട്. എന്നാൽ നമ്മൾ ഒരെണ്ണം പരീക്ഷിക്കാൻ ശ്രമിച്ചാൽ എന്താണ് സംഭവിക്കുക? ജീവാപായം സംഭവിച്ചത് ഒരു കാക്കക്ക് മാത്രം. എന്നാൽ ചത്ത കാക്കയുടെ ആ ഒരു പ്രതീകം രാജസ്ഥാൻറെ മൊത്തം സൗന്ദര്യത്തിനും വിലങ്ങായി കിടക്കുന്നു. മനോഹരങ്ങളായ ഭൂവിതാനങ്ങളും മരങ്ങളും ചെടികളും പക്ഷി മൃഗാദികളുമുള്ള രാഗമാലികാ ചിത്രങ്ങളിലെ സൗന്ദര്യമാർന്ന നായികാനായകന്മാർ മണൽക്കൂനകൾക്കുമേലുള്ള ആണവ കൊടുങ്കാറ്റിൽ നീങ്ങിപ്പോവുന്ന മണൽത്തരികളായി ശിഥിലമാകുന്നു.

എന്റെ ജീവിതത്തിൽ ഒരു മഹാവ്യക്തിത്വമായി നിലകൊള്ളുന്ന ഒരാളുണ്ട് – രാം കിങ്കർ. ഞാൻ പെയിൻ്റിംഗ് ചെയ്യുമ്പോഴെല്ലാം എന്റെ ചുമലിന് മേൽ അദ്ദേഹത്തിന്റെ ശ്വാസം വന്ന് വീഴുന്നത് എനിക്ക് അനുഭവപ്പെടാറുണ്ട്. മരിക്കുന്നതിന് ഏതാനും വർഷം മുമ്പ് എൻ്റെ രചനകളുടെ പതിപ്പുകൾ അദ്ദേഹത്തെ കാണിച്ചപ്പോൾ വെറുപ്പ് കലർന്ന ആശ്ചര്യത്തോടെ അദ്ദേഹം ചോദിച്ചു. “നിനക്കെന്താ ഭ്രാന്തുണ്ടോ? എന്തിനാണിങ്ങനെ പെസിമിസ്‌റ്റിക്കാവുന്നത്? നീ കരുതും പോലെ അത്ര മോശമൊന്നുമല്ല ഈ ലോകം.” പിന്നെ ഒരു ഇടവേളക്കുശേഷം അദ്ദേഹം തുടർന്നു. “തീർച്ചയായും ഞാനും അങ്ങനെ ചില പണികളൊക്കെ ചെയ്തിട്ടുണ്ട്. പാവം മനുഷ്യൻ, എന്നിലൊരു രാക്ഷസനെ രൂപപ്പെടുത്തിയതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വറുതി എന്ന തകർപ്പൻ ശില്പത്തിൽ നിന്നാണ് എല്ലാ രാക്ഷസീയതയുടേയും തുടക്കം. ഞാനൊരു കാടനായി മാറിയതിൽ എന്റെ ഗുരുനാഥന് വിഷമം തോന്നിയെങ്കിലും എനിക്ക് ഒട്ടും അങ്ങനെ തോന്നിയിട്ടില്ല. ഭാരതീയ സൗന്ദര്യശാസ്ത്രത്തിൽ മൂന്ന് രസങ്ങളുണ്ട്. സാത്ത്വികം, രാജസികം, താമസികും. ഇതിൽ താമസികം രാക്ഷസർക്ക് പറഞ്ഞ ഗുണമാണ്.

1957ൽ കേരളം വിടുമ്പോൾ ഞാൻ എൻ്റെ നാടിൻ്റെ ഒരു സവിശേഷ ഗുണം കൂടി കൊണ്ടുവന്നിരുന്നു – നർമ്മബോധം. സാധാരണ നർമമല്ല അത്, ആക്ഷേപഹാസ്യത്തിൻ്റെയും പരിഹാസത്തിൻ്റേയും ഒരു സമ്മിശ്രണം. തൂവൽ നിറച്ച പട്ടുമെത്ത, പക്ഷേ അടിയിൽ നിന്നും ആണി കുത്തി വെച്ചുകാണും. അതെന്താണെന്ന് കിടന്നാൽ മാത്രമേ അറിയൂ. കേരളം മറ്റേത് സംസ്ഥാനത്തേക്കാളുമധികം കാർട്ടൂണിസ്റ്റുകൾക്ക് ജന്മം നൽകിയതിൽ അത്ഭുതമില്ല.

കുഞ്ചൻ നമ്പ്യാർ മുതൽ ബഷീർ വരെ മലയാള സാഹിത്യത്തിന്റെ സുദീർഘമായ പാരമ്പര്യത്തിൽ ഈ ഗുണം കാണാം. ബ്ലാക്ക് ഹ്യൂമറിന് ഒരു മഴവില്ലിനെപ്പോലെ നിരവധി നിറഭേദങ്ങളുണ്ട്. ഇക്കിളിപ്പെടുത്തൽ മുതൽ ഇടിവരെ. വിവിധ തലങ്ങളിലും പശ്ചാത്തലത്തിലുമുള്ള പരസ്‌പര വിരുദ്ധമായ ബിംബങ്ങളെ വിചിത്രമായ രീതിയിൽ സംയോജിപ്പിച്ചാണ് ഇത് നേടുന്നത്. ഇങ്ങനെയൊരു നർമ്മബോധമുള്ളതിനാൽ എനിക്ക് എന്നെയും മറ്റുള്ളവരേയും ഒരുപോലെ കളിയാക്കാനാവും. എന്നാൽ ജന്മ നാടിന്റെ മറ്റു ഗുണങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ലാതാനും. അതിനാൽ തന്നെ കഥകളിയും പോൾക്ലീയും ചേർത്ത് എന്റേതായൊരു ശൈലിയുണ്ടാക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചില്ല. ഒരേസമയം ദേശീയവും അന്തർദേശീയവും ആകാവുന്നതും സ്റ്റേറ്റ് എംപോറിയം സന്ദർശിക്കുന്ന വിദേശീയരായ കലാഭിജ്ഞർക്ക് സ്വീകാര്യമാകാവുന്നതുമാണ് ഇത്തരം രീതി. അതുകൊണ്ട് എന്റെ രചനകൾ അസഹ്യമാണെന്ന് പറഞ്ഞ എഫ്.എൻ സൂസയോട്, അദ്ദേഹത്തിൻ്റെ ലേഖനത്തിൽ തന്നെ പരാമർശിച്ചിട്ടുള്ള വാൾട്ട് വിറ്റ്മാൻ്റെ ഒരു ഉദ്ധരിണികൊണ്ട് ഞാൻ മറുപടി പറയാം. “ഞാൻ എനിക്ക് ഇഷ്‌ടമുള്ളപോലാണ് തൊപ്പിവെക്കുക, വീട്ടിനകത്തായാലും പുറത്തായാലും.”

ആധുനിക ഇന്ത്യൻകലയുടെ ചരിത്രവും, രാജാക്കന്മാരും സാമന്തരും പരസ്പ‌രം പോരാടിയ മധ്യകാല ഇന്ത്യാ ചരിത്രവും തമ്മിൽ അത്ഭുതകരമായ സാമ്യം കണ്ടെത്താനാവും. പൗരാണിക സൗന്ദര്യ ശാസ്ത്രത്തിൽ നമ്മൾ ഏറെ ചർച്ചചെയ്‌ത ആറ് കലാസിദ്ധികളുമുണ്ട് – ഷഠാംഗങ്ങൾ. ഇന്ന് ഇന്ത്യൻ ചരിത്രകാരന്മാരുടെ ഓരോ ചെറിയ ഗ്രൂപ്പും എതിരാളികളെ വെട്ടി നിരത്താൻ തങ്ങളുടേതായ കലാസിദ്ധാന്തങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാ ചിത്രകാരന്മാരും ഒരുപേലെ പെയിന്റിംഗ് ചെയ്യുകയും കാഴ്‌ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്താൽ ഉണ്ടാകുന്ന സ്യഷ്ടഷ്‌ടികൾ അസഹ്യമായിരിക്കും.

ഇതു പറഞ്ഞപ്പോഴാണ്, വീട്ടിലേക്ക് ഒരു ആടിനേയും കൊണ്ടുപോകുകയായിരുന്ന ബ്രാഹ്മണൻ്റെ നാടോടിക്കഥ ഓർത്തുപോയത്. ഈ ബ്രാഹ്മണന്റെ പക്കലുള്ള ആടിനെ തട്ടിയെടുക്കുന്നതിന് നാല് തസ്കരന്മാർ ചേർന്ന് അയാളെയൊന്ന് പറ്റിക്കാൻ തീരുമാനിച്ചു. അവർ നാലു പേരും ബ്രാഹ്മണൻ വരുന്ന വഴിയേ പലേടത്തായി കാത്തുനിന്ന്, ഈ പട്ടിയേയും കൊണ്ട് എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചു. നാലുപേരും ഒരേപോലെ ഇങ്ങനെ ചോദിച്ചപ്പോൾ പാവം ബ്രാഹ്മണനും അങ്കലാപ്പിലായി. ആടിന് പകരം താൻ പട്ടിയേയാണ് കൊണ്ടുപോകുന്നതെന്ന് കരുതി അയാളതിനെ വഴിയിൽ ഉപേക്ഷിച്ചു. പഴങ്കഥയിലെ ഈ ബ്രാഹ്മണനെ പോലെ ഇന്നത്തെ കലാകാരന്മാരും ജിജ്ഞാസാഭരിതമായ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. ഒരു ആധുനിക ചിത്രകാരൻ എന്ന നിലയിൽ നിങ്ങൾ എത്രമാത്രം ആധുനികനാണ്? ഒരു ഭാരതീയ ചിത്രകാരൻ എന്ന നിലയിൽ നിങ്ങൾ എത്രമാത്രം ഭാരതീയനാണ്? പ്രതിജ്ഞാബദ്ധനായ ഒരു ചിത്രകാരനെന്ന നിലയിൽ നിങ്ങൾ എത്രമാത്രം പ്രതിജ്ഞാബദ്ധനാണ്? തുറന്ന് പറയാമല്ലോ, ഞാൻ അത്ര മാത്രം ആധുനികനോ ഭാരതീയനോ പ്രതിബദ്ധതയുള്ളവനോ അല്ല. ഒരു തരത്തിൽ പറഞ്ഞാൽ ഞാനൊരു രേഖാചിത്രകാരനാണ്. പെയിന്റ് ചെയ്യാൻ സാഹിത്യം എനിക്കൊരു പ്രചോദനമാണ്. സംശുദ്ധമായ കല നിർമ്മിക്കാനുള്ള വഴി ഇതല്ലെങ്കിലും, മായം ചേർത്ത ഈ രീതിയാണെനിക്കിഷ്ടം. എന്തൊക്കെയായാലും അനാദികാലം തൊട്ടേ, ഇതാണ് കലയുടെ അടിസ്ഥാനം. 

അതുകൊണ്ട്, ആരൊക്കെ പട്ടിയെന്ന് വിളിച്ചാലും, പഴങ്കഥയിലെ ബ്രാഹ്മണനെപ്പോലെ ഞാനെൻ്റെ ആടിനെ ഉപേക്ഷിക്കാൻ പോകുന്നില്ല.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x