A Unique Multilingual Media Platform

The AIDEM

Articles National Society

സൈനിക്ക് സ്കൂളുകൾ നടത്താൻ ഇനി സംഘപരിവാര സംഘങ്ങൾ 

  • April 3, 2024
  • 1 min read
സൈനിക്ക് സ്കൂളുകൾ നടത്താൻ ഇനി സംഘപരിവാര സംഘങ്ങൾ 

റിപ്പോര്‍ട്ടേര്‍സ് കലക്ടീവിന്‌ വേണ്ടി ആസ്ത സവ്യസാചി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യൻ സൈനിക പരിശീലനത്തിന്റെയും സൈനിക വിദ്യാഭ്യാസത്തിന്റെയും പ്രധാനപ്പെട്ട പ്രാഥമിക ശ്രേണികളിൽ ഒന്നാണ് സൈനിക്ക് സ്കൂളൂകൾ. അവയിൽ നടന്നു കൊണ്ടിരിക്കുന്ന തീവ്രമായ ഹിന്ദുത്വ ഇടപെടൽ തുറന്നു കാട്ടുകയാണ് “റിപ്പോർട്ടേഴ്‌സ് കലക്റ്റീവി”ന്റെ ഈ അന്വേഷണം.


സ്വകാര്യ കമ്പനികള്‍ക്ക് സൈനിക സ്‌കൂള്‍ നടത്തുന്നതിനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ തുറന്നിട്ടത് 2021ലാണ്. ഇതേ വര്‍ഷത്തെ ബജറ്റില്‍ രാജ്യത്തുടനീളം 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനു ശേഷമുള്ള മൂന്ന് വർഷങ്ങളിലായി നാളിതുവരെ അനുവദിക്കപ്പെട്ട 40 സൈനിക് സ്‌കൂള്‍ കരാറുകളില്‍ 62%വും രാഷ്ട്രീയ സ്വയംസേവക സംഘവുമായും (ആര്‍എസ്എസ്) അതിന്റെ അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടേര്‍സ് കലക്ടീവ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ അനുവദിക്കപ്പെട്ട സൈനിക സ്‌കൂളുകളില്‍ ഒന്നുപോലും ക്രിസ്ത്യന്‍ അല്ലെങ്കില്‍ മുസ്ലീം സംഘടനകളോ ഇന്ത്യയിലെ ഏതെങ്കിലും മതന്യൂനപക്ഷങ്ങളോ നടത്തുന്നതല്ല എന്നതുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സൈനിക് സ്‌കൂളുകള്‍ ഇന്ത്യയുടെ സായുധ സേനയിലേക്ക് കേഡറ്റുകളെ അയയ്ക്കുന്നതിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഭാവിയിലെ കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിന് പ്രത്യയശാസ്ത്രപരമായി ചായ്വുള്ള സംഘടനകളെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. തീവ്ര ഹിന്ദുത്വ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ , അയോധ്യ ബാബ്‌റി മസ്ജിദ് ധ്വംസന കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സാധ്വി റിതംബര മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ ചങ്ങാത്ത മുതലാളിയായി “ സദാ നിറഞ്ഞു നിൽക്കുന്ന , രാജ്യത്ത് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നടന്നിട്ടുള്ള എല്ലാ പ്രമുഖ വ്യാപാര-വാണിജ്യ -വ്യവസായ ഇടപാടുകളിലും ഒരു കൈ ഉള്ള ആളോ ഗ്രൂപ്പോ എന്ന് നിസ്സംശയം പറയാവുന്ന ഗൗതം അദാനി വരെയുള്ളവര്‍ക്കാണ് സൈനിക സ്‌കൂളുകള്‍ പകുത്തു നല്‍കിയിരിക്കുന്നത്. സാധ്വി ഋതംബര പെണ്‍കുട്ടികള്‍ക്കായി സംവിദ് ഗുരുകുലം ഗേള്‍സ് സൈനിക് സ്‌കൂള്‍ ആണ് നടത്തുന്നത് എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2023 ജൂൺ 21-ന് നടന്ന വ്യക്തിത്വ വികസന ക്യാമ്പിൽ സാധ്വി ഋതംഭര സംവിദ് ഗുരുകുലം ഗേൾസ് സൈനിക് സ്‌കൂളിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്നു.

 സൈനിക് സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചരിത്രത്തില്‍, സ്വകാര്യ സ്ഥാപനങ്ങളെ/സംഘടനകളെ അനുവദിക്കുന്നത് ആദ്യമായാണ്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ‘ഭാഗികമായി’ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും. 2021ല്‍ പുതിയ നയം വരുന്നതുവരെ, 16,000 കേഡറ്റുകളുള്ള 33 സൈനിക് സ്‌കൂളുകളാണ് രാജ്യത്ത് നിലനിന്നിരുന്നത്. സൈനിക് സ്‌കൂളുകള്‍, റോയല്‍ ഇന്ത്യന്‍ മിലിട്ടറി കോളേജ്, റോയല്‍ ഇന്ത്യന്‍ മിലിട്ടറി സ്‌കൂളുകള്‍ എന്നിവയ്ക്കൊപ്പം 25-30 ശതമാനത്തിലധികം കേഡറ്റുകളെ ഇന്ത്യന്‍ സായുധ സേനയുടെ വിവിധ പരിശീലന അക്കാദമികളിലേക്ക് അയയ്ക്കുന്നു. 

ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ സൈനിക സ്‌കൂളുകള്‍ നടത്തുമ്പോള്‍, അവിടെ ലഭ്യമാക്കപ്പെടുന്ന വിദ്യാഭ്യാസം സായുധ സേനയുടെ കാഴ്ചപ്പാടിനെ ബാധിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സൈനിക മേഖലയിലേക്ക് കൂടുതല്‍ ആഴത്തില്‍ കടത്തിവിടാനുള്ള അപകടകരമായ നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. അരുണാചലിലെ തവാങ് പബ്ലിക് സ്‌കൂള്‍ സംസ്ഥാന മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ഉടമസ്ഥതയിലുള്ളതാണ് . ഗുജറാത്തിലെ മെഹ്സാനയില്‍, ശ്രീ മോത്തിഭായ് ആര്‍. ചൗധരി സാഗര്‍ സൈനിക് സ്‌കൂള്‍ ദൂദ്സാഗര്‍ ഡയറിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു, മെഹ്സാനയുടെ മുന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി അശോക്കുമാര്‍ ഭവസംഗ്ഭായ് ചൗധരിയുടെ അധ്യക്ഷതയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 

ഗുജറാത്തിലെ മറ്റൊരു സ്‌കൂളായ ബനാസ്‌കാന്തയിലെ ബനാസ് സൈനിക് സ്‌കൂള്‍ നിയന്ത്രിക്കുന്നത് ബനാസ് ഡയറിക്ക് കീഴിലുള്ള ഗല്‍ബാഭായ് നഞ്ചിഭായ് പട്ടേല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ്. തരാഡില്‍ നിന്നുള്ള ബിജെപി എംഎല്‍എയും ഗുജറാത്ത് നിയമസഭയുടെ ഇപ്പോഴത്തെ സ്പീക്കറുമായ ശങ്കര്‍ ചൗധരിയാണ് സംഘടനയെ നയിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ ശകുന്ത്‌ലം ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബി.ജെ.പി എം.എല്‍.എ സരിത ബദൗരിയ അധ്യക്ഷയായ മുന്ന സ്മൃതി സന്‍സ്ഥാനാണ് നടത്തുന്നത്. ഹരിയാനയിലെ റോഹ്തക്കിലെ ശ്രീ ബാബ മസ്ത്‌നാഥ് റെസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍ ഇപ്പോള്‍ ഒരു സൈനിക് സ്‌കൂളാണ്. മുന്‍ ബിജെപി എംപി മഹന്ത് ചന്ദ്‌നാഥാണ് ഇതിന്റെ സ്ഥാപകന്‍. 

ബിജെപി നേതാക്കളുമായോ അവരുടെ സുഹൃത്തുക്കളുമായോ രാഷ്ട്രീയ സഖ്യകക്ഷികളുമായോ ബന്ധപ്പെട്ടിരിക്കുന്ന പുതിയ സൈനിക് സ്കൂളുകളെ സൂചിപ്പിക്കുന്ന ഭൂപടം

ആര്‍എസ്എസ് അഫിലിയേറ്റഡ് സംഘടനകള്‍ക്ക് മാത്രമായി സൈനിക സ്‌കൂള്‍ അനുവദിച്ചുവെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. മോദി-ആര്‍എസ്എസ് സാമ്പത്തിക സ്രോതസ്സായ ഗൗതം അദാനിക്കും കിട്ടി സൈനിക സ്‌കൂളുകളില്‍ ഒരെണ്ണം. ആന്ധ്രയിലെ നെല്ലൂരില്‍ ആദാനി ഉടമസ്ഥതയിലുള്ള കൃഷ്ണപട്ടണം തുറമുഖത്തോട് ചേര്‍ന്ന് അദാനി ട്രസ്റ്റ് നടത്തുന്ന അദാന് വേള്‍ഡ് സ്‌കൂളിനും സൈനിക സ്‌കൂള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഒരു മുഖ്യധാരാ മാധ്യമവും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലാത്ത ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം  ഇംഗ്ലീഷിൽ ഇവിടെ റിപ്പോര്‍ട്ടേര്‍സ് കലക്ടീവില്‍ വായിക്കാം. സന്ദർശിക്കുക.

About Author

ആസ്ത സവ്യസാചി

സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ആസ്ത സവ്യസാചി ദേശീയ-സാർവദേശീയ തലങ്ങളിൽ പ്രവർത്തിച്ചുവരുന്നു. അൽ ജസീറ, ടിആർടി വേൾഡ്, ദിവയർ, സ്ക്രോൾ, ഹിമാൽ സൗത്ത് ഏഷ്യൻ, ഔട്ട് ലുക്ക് എന്നിങ്ങനെ നിരവധി മാധ്യമ സ്ഥാപനങ്ങളിൽ റിപ്പോർട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ, മനുഷ്യാവകാശ വിഷയങ്ങൾ, എന്നിങ്ങനെയുള്ള മേഖലകളിൽ സവിശേഷ ശ്രദ്ധ ചെലുത്തുന്ന ആസ്ത ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിലിന്റെ മനുഷ്യാവകാശ- മതസ്വാതന്ത്ര്യം ഗ്രാന്റിനു അർഹയായിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള 2024 ലെ ഹാരി ഇവാൻസ് ഗ്ലോബൽ ഫെലോഷിപ്പിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സമാന ഹൃദയരായ മാധ്യമപ്രവർത്തകർ ഒത്തുചേർന്ന് ഉണ്ടാക്കിയ പൊതു താൽപര്യ സംഘടനയാണ് "റിപ്പോർട്ടേഴ്സ് കലക്റ്റിവ്". അധികാര സ്ഥാനത്തുള്ളവരെ തുറന്നുകാട്ടുകയും ഉത്തരവാദിത്തങ്ങൾ പാലിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്ന വാർത്തകളും വിശകലനങ്ങളും ആണ് റിപ്പോർട്ടേഴ്സ് കലക്റ്റിവ് പുറത്തുകൊണ്ടുവരാറുള്ളത്. കഴിഞ്ഞ കുറച്ചുകാലമായി അധികാര സ്ഥാനത്തുള്ളവരെ തുറന്നുകാട്ടുന്ന ഒട്ടനവധി വെളിപ്പെടുത്തലുകളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഈ സംഘടന.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x