A Unique Multilingual Media Platform

The AIDEM

Articles Culture National

വലതുപക്ഷവുമായുള്ള സംവാദത്തിൻ്റെ വ്യർത്ഥത

  • July 29, 2024
  • 1 min read
വലതുപക്ഷവുമായുള്ള സംവാദത്തിൻ്റെ വ്യർത്ഥത

കുറച്ചു നാളുകൾ മുൻപ് എഴുത്തുകാരനും സാമൂഹ്യ ശാസ്ത്ര പ്രൊഫസറുമായ ബദ്രി നാരായൺ എഴുതിയ ‘റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ: ഹൗ ദ് സംഘ് ഈസ് റീഷേപ്പിങ് ഇന്ത്യൻ ഡെമോക്രസി’ (Republic of Hindutva, How the Sangh is Reshaping Indian Democracy) എന്ന പുസ്തകം വായിച്ചപ്പോൾ തോന്നിയ ഒരു കാര്യം വലതുപക്ഷവുമായി സംവാദത്തിൽ ഏർപ്പെടാതെ നിന്ന ഇടത്-പുരോഗമന-ലിബറൽ-ഇടത് മധ്യ-സോഷ്യലിസ്റ്റ-റിപ്പബ്ലിക്കൻ-ബഹുജന-ദ്രാവിഡ-മുസ്ലീം-ക്രിസ്ത്യൻ-ദളിത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ചരിത്രപരമായ ഒരു തെറ്റ് ആവർത്തിക്കുകയായിരുന്നു എന്നതാണ്. സംവാദാത്മകതയെ നിഷേധിച്ചു കൊണ്ട് സംഘിനെ അദൃശ്യമാക്കുകയോ ആക്രമിക്കുകയോ ആണ് ഇവർ ചെയ്തിരുന്നത് എന്നാണ് നാരായണൻ്റെ വാദം.

1924 മുതൽ ഇന്നു വരെയുള്ള കാലയളവിൽ സംഘ് നടത്തിയ ജനസമ്പർക്ക പരിപാടികൾ ആയിരുന്നു അത് ഇന്നത്തെ നിലയിൽ എത്താൻ കാരണം എന്ന് നാരായൺ പറയുന്നു. അത് ഹിന്ദി ഹൃദയഭൂമിയിലും ഗോ ബെൽറ്റിലും ഉത്തര പൂർവ്വ സംസ്ഥാനങ്ങളിലും നടത്തിയ വിവിധങ്ങളായ പ്രചരണ പരിപാടികൾ (സ്വദേശിജാഗരണ മഞ്ച്, വനവാസി കല്യാൺ പരിഷദ്, ഘർ വാപ്സി, പ്രഭാതഭേരി, ശാഖ, കായിക പരിശീലനം, സദ്സംഗം, യോഗ, ക്ഷേത്ര നവീകരണം, പ്രാദേശിക ഫോക്ലോർ നായകരെ ജീവത് കഥാപാത്രങ്ങളാക്കൽ, സ്റ്റഡി ക്ലാസ്, തീർത്ഥയാത്ര തുടങ്ങിയ സൗമ്യ പ്രവർത്തനങ്ങൾ മുതൽ സാൽവാ ജുഡും, ഗോസംരക്ഷണം, ഇസ്ലാം അപരസൃഷ്ടി, മനുസ്മൃതി അധിഷ്ഠിത ദളിത് പീഢനം തുടങ്ങിയ ആക്രാമക പരിപാടികൾ വരെഇതിലുൾപ്പെടും) സംഘിനെ വളരാൻ സഹായിച്ചു എന്ന് നാരായൺ ഉദാഹരണ സഹിതം പറയുന്നു.

നാരായൺ അടിവരയിടുന്നത് സംഘ് ഉൾപ്പെടുന്ന വലതുപക്ഷ ശക്തികളുമായി നമ്മൾ ഡയലോഗിൽ ഏർപ്പെടണമെന്നാണ്. എന്നാൽ അനുഭവമാകട്ടെ മേൽപ്പറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഏറെയും വലതുപക്ഷസമാന്തരങ്ങളെയോ ഏറ്റുമുട്ടൽ സമീപനങ്ങളെയോ ആണ് സൃഷ്ടിച്ചത്. ഇത് വലതുപക്ഷത്തെ ശക്തിപ്പെടുത്താൻ മാത്രമേ ഉതകിയുള്ളൂ എന്നതാണ് ചരിത്രാനുഭവം. എന്നാൽ ഇതിന് നാരായൺ പറയുന്നത് പോലെ ബദലായികൊണ്ടുവരാവുന്നത് വലതുപക്ഷവുമായുള്ള ഡയലോഗ് ആണോ?

ആർ എസ് എസ് നടത്തുന്ന കായിക പരിശീലനം 

2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഏതാണ്ട് രണ്ടു മാസം കഴിയുമ്പോൾ മനസിലാക്കുന്നത് ഈ ഡയലോഗ് സാധ്യമല്ല എന്ന് തന്നെയാണ്, പൗരനെ പൗരനെതിരെ തിരിയ്ക്കുന്ന കാവി യാത്രയുടെ ഈ കാലത്ത് നമ്മൾ തിരിച്ചറിയുന്നത്. ദളിത് ബഹുജനങ്ങളെ സാങ്കൽപ്പികമായി ഹിന്ദുത്വയുടെ ഭാഗമാക്കിക്കൊണ്ട് കൃത്യമായ മുസ്ലിം വിവേചനത്തിലേയ്ക്ക് ഇന്ത്യ പൊയ്ക്കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ ഡയലോഗിന് പ്രസക്തിയില്ല; അധികാരം, പണം എന്നിവ രണ്ടും കൈയിലുള്ള വലതുപക്ഷത്തോട് ഏറ്റുമുട്ടുന്നതും വ്യർത്ഥം.

സംഘ് പരിവാറുമായി ഇന്ത്യയിലെ ജനാധിപത്യ മതേതര വാദികളായ രാഷ്ട്രീയപ്പാർട്ടികളും സ്ഥാപനങ്ങളും സ്വാതന്ത്ര്യാനന്തര കാലത്ത് നടത്താൻ ശ്രമിച്ച ഓരോ സംവാദവും വ്യർത്ഥവും നിഷ്ഫലവും ആയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. സംഘ് പരിവാർ എന്ന് എന്നറിയപ്പെടുന്ന എല്ലാ മൗലികവാദപരമായ സംഘടനകളുടെയും മാതൃത്വമോ പിതൃത്വമോ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നറിയപ്പെടുന്ന ആർ എസ് എസിലാണ് കുടികൊള്ളുന്നതെന്ന് എല്ലാവർക്കും അറിവുള്ളതാണ്. സ്വന്തന്ത്ര്യാനന്തര ഇന്ത്യയിൽ ആർ എസ് എസ്സിന് സംവാദാത്മക ജനാധിപത്യത്തിലേക്ക് പ്രവേശിയ്ക്കാൻ താത്പര്യമില്ല എന്നതിന്റെ തെളിവായിരുന്നു മഹാത്മാ ഗാന്ധിയുടെ വധം. ആ ക്രൂരതയുടെ ഉത്തരവാദിത്തം ആർ എസ് എസ്സിന്റെ മേൽ വരുന്നതോടെ, ഇന്ന് സംഘപരിവാർ തങ്ങളുടേതെന്ന് ആഘോഷിയ്ക്കുന്ന സർദാർ വല്ലഭായ് പട്ടേൽ ആണ് ആർ എസ് എസ്സിനെ ആദ്യമായി നിരോധിയ്ക്കുന്നത്. ഗാന്ധി വധത്തിന്റെ അഞ്ചാം ദിവസം പട്ടേൽ ഹിന്ദു മഹാസഭയുടെ തീവ്രവാദ വിഭാഗമാണ് ആർ എസ് എസ് എന്ന് പ്രസ്താവിച്ചു കൊണ്ടാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് ആർ എസ് എസ് യോജിക്കില്ല എന്ന ഉറപ്പ് സ്വതന്ത്ര ഇന്ത്യയുടെ സ്ഥാപക നേതാക്കൾക്ക് ഉണ്ടായിരുന്നു എന്ന കാര്യം ഇത് വ്യക്തമാക്കുന്നു. ഒരുപക്ഷെ, ഇന്ത്യയുടെ ഭരണഘടനയോടു വിധേയപ്പെട്ട് പ്രവർത്തിച്ചുകൊള്ളാം എന്ന് അന്നത്തെ ആർ എസ് എസ് തലവനായ എം.എസ് ഗോൾവാക്കർ ഉറപ്പുകൊടുത്തത് കൊണ്ടാകാം ഒന്നര വർഷത്തിന് ശേഷം അതിന്റെ മേലുള്ള നിരോധനം നീക്കിയത്.

എം.എസ് ഗോൾവാക്കർ ദില്ലിയിൽ സംസാരിക്കുന്നു

പുള്ളിപ്പുലിയ്ക്ക് അതിന്റെ പുള്ളികൾ മറയ്ക്കാൻ കഴിയില്ലാത്തത് പോലെ, ഹിന്ദുരാജ്യം എന്ന ലക്ഷ്യത്തോടെ രാജ്യത്തെ മതാധിഷ്ഠിത റിപ്പബ്ലിക്ക് ആക്കുവാൻ ശ്രമിയ്ക്കുന്ന ആർ എസ് എസ്സിന് ഇന്ത്യൻ ജനതയുടെ ബഹുസ്വരതയെ അംഗീകരിക്കാനോ അതുമായി സംവാദാത്മകമായ ജനാധിപത്യ പ്രക്രിയയിൽ ഏർപ്പെടാനോ കഴിയാത്തതു മൂലം, എക്കാലത്തും ആർ എസ് എസ് നിരവധിയായ നിരോധനങ്ങളും മാറ്റിനിർത്തലുകളും നേരിട്ടുകൊണ്ടേയിരുന്നു. ഒടുവിൽ ഇന്ദിരാ ഗാന്ധി സർക്കാരാണ് 1980ൽ സർക്കാർ സർവീസിലുള്ള ആളുകൾ ആർ എസ് എസ്, ജമാഅത്തെ ഇസ്‌ലാമി, സി പി ഐ എം എൽ തുടങ്ങി ഇരുപത്തിയാറോളം സംഘടനകളിൽ പ്രവർത്തിയ്ക്കുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ആ ഉത്തരവിനെ 2024 ജൂലൈ ഒമ്പതാം തീയതി റദ്ദാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. എന്നാൽ ശ്രദ്ധിയ്‌ക്കേണ്ടത് ആർ എസ് എസ്സിനെ മാത്രമേ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ആർ എസ് എസ് രാജ്യസേവനം ചെയ്യുന്ന സംഘടനയാണെന്നും അതിനാൽ ഇന്ത്യൻ പൗരന്മാർക്ക് (സർക്കാർ ജീവനക്കാർക്കും) ആ സംഘടനയിലൂടെ രാജ്യസേവനം ചെയ്യാൻ കഴിയണം എന്നുമാണ് റദ്ദു ചെയ്യലിന്റെ ന്യായമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

അഗ്നിവീർ പദ്ധതിയിലൂടെ ഹിന്ദുത്വയുടെ പിണിയാളുകളായി പിൽക്കാലത്ത് പ്രവർത്തിക്കാൻ പോരുന്ന അനേകം ചെറുപ്പക്കാരെ സൈനികപരിശീലനം നൽകി തയാറെടുപ്പിക്കുന്നതിന് സമാനമായ ഒരു അജണ്ടയാണ് ഈ പുതിയ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ നടപ്പാക്കിയിരിക്കുന്നത്. മോദിയും ആർ എസ് എസ് നേതൃത്വവും തമ്മിലുള്ള പടലപ്പിണക്കങ്ങളെ നിർവീര്യമാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് സാമാന്യമായി വിലയിരുത്തപ്പെടുന്നെങ്കിലും, അതിലൂടെ ആർ എസ് എസ്സിനെ ഇന്ത്യയിലെ അംഗീകൃത രാജ്യസേവന സംഘമാക്കി മാറ്റാനും മറ്റു രാഷ്ട്രീയ-സാമൂഹിക സംഘടനകളെ തീവ്രവാദികളായി നിർത്താനുമുള്ള അടവാണ് ഇതെന്ന് കാണാൻ കഴിയും. നിരോധിക്കപ്പെട്ട സംഘടനകളിൽ ജമാഅത്തെ ഇസ്ലാമിയും സി പി ഐ എം മിലും ഉൾപ്പെടുന്നു എന്നത്, ഇന്ദിരാ ഗാന്ധിയുടെ കാലത്ത് വായിക്കപ്പെട്ടത് പോലെയാകില്ല ഇപ്പോൾ വ്യഖ്യാനിക്കപ്പെടുന്നത്. മുസ്‌ലിം അപരവൽക്കരണത്തിന്റെ ഭാഗമായി, മുസ്‌ലിം പ്രശ്നങ്ങൾ സംസാരിക്കുന്നവരെല്ലാം ജമാഅത്തുകൾ ആണെന്ന വ്യാജപ്രചാരണത്തിനും ഇത് വഴിയൊരുക്കും എന്ന് കാണാൻ കഴിയും. രാമായണമാസം എന്ന് വിളിപ്പേരുള്ള കർക്കടക മാസത്തിൽ രാമായണത്തെ മാധ്യമം ദിനപ്പത്രത്തിൽ വ്യാഖ്യാനിച്ചു എന്ന പേരിൽ ഡോക്ടർ ടി.എസ് ശ്യാംകുമാറിനെതിരെ ഉണ്ടായ വലതുപക്ഷ ആക്രമണം, ക്രമേണ ശ്യാംകുമാറിനെ പിന്നിലേയ്ക്ക് നീക്കിക്കൊണ്ട്, ജമാഅത്തെ പിന്തുണയുള്ള മാധ്യമത്തിനെതിരെ ആയി മാറിയത് നമ്മൾ കണ്ടതാണ്.

സ്ഥാപനങ്ങളിലേക്കും ഭരണകേന്ദ്രങ്ങളിലേയ്ക്കും ആർ എസ് എസ് കേഡറുകൾ കടന്നു കയറുമ്പോൾ, ഇതിനകം അസന്തുലിതമാക്കപ്പെട്ടിരിക്കുന്ന ഭരണവ്യവസ്ഥ കൂടുതൽ ഭീഷണമാകും എന്നത് ഉറപ്പാണ്. കേന്ദ്രത്തിലും ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലും മുസ്‌ലിം പ്രാതിനിധ്യവും മന്ത്രിസ്ഥാനങ്ങളും ഇല്ലാതെ വരുന്ന, മുസ്‌ലിം ജനതയെ ഒന്നാകെ ശബ്ദമില്ലാത്തവരായും, ശബ്ദമുയർത്തുന്നവരെ ഒന്നാകെ തീവ്രവാദികളായും മാറ്റാനുള്ള വിദഗ്ധമായ നീക്കമാണ് ഇപ്പോൾ ആർ എസ് എസ്സിന് നൽകിയിരിക്കുന്ന ഈ ഭരണകൂട അംഗീകാരം. എന്നാൽ ആർ എസ് എസ്സിനെ പൂർണ്ണമായും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന, ജനക്ഷേമം മാത്രം കാംക്ഷിക്കുന്ന,ജനങ്ങളോട് സംവദിക്കുന്ന ഒന്നായി അവതരിപ്പിക്കാനുള്ള വ്യാജമായ ശ്രമത്തിന്റെ ഭാഗമാണ് ആർ എസ് എസ്സും മോദിയും തമ്മിൽ നടക്കുന്നതായി തോന്നിപ്പിയ്ക്കുന്ന ‘സംവാദം’. ഇന്ത്യൻ സൈന്യത്തിലും പോലീസ് വ്യവസ്ഥയിലും ഹിന്ദുത്വ വാദികൾ കയറിപ്പറ്റുന്നതോടെ ഭരണകൂടാനുമതിയോടെ ന്യൂനപക്ഷമർദ്ദനം എളുപ്പമാകുന്നത് പോലെ, പൊതുരംഗത്ത് ‘സംവാദസന്നദ്ധമായ’ ആർ എസ് എസ് വരുന്നതോടെ എല്ലാ ബദൽ ശബ്ദങ്ങളെയും സംഘിന് കൈവശമുള്ള മാധ്യമാധികാരങ്ങളും കുയുക്തികളും ഉപയോഗിച്ച് ഇല്ലാതാക്കാൻ കഴിയും എന്ന് അവർ കരുതുന്നുണ്ട്. ഈ കുതിരകയറ്റങ്ങളെല്ലാം ജനാധിപത്യപരമായ സംവാദങ്ങളിലൂടെയാണ് നടക്കുന്നതെന്ന വ്യാജപ്രതീതി സൃഷ്ടിയ്ക്കാനും ഇവർക്ക് കഴിയും. ഹിന്ദുത്വയുടെ ഏകപക്ഷീയ അജണ്ടയെ ഇപ്പോൾ ഗോൾപോസ്റ്റുകൾ മാറിമാറി സ്ഥാപിച്ചു കൊണ്ട് ലിബറൽ അജണ്ടയായി അവതരിപ്പിക്കുന്നതിൽ വലതുപക്ഷശക്തികൾ വിജയിച്ചു എന്നതിന് തെളിവാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനെ ചാഞ്ചാടിച്ചതും, ഉത്തരപൂർവ സംസ്ഥാനങ്ങളിലെ പൗരത്വരജിസ്റ്റർ പരിപാടിയിൽ നിന്ന് പല വിഭാഗങ്ങളെയും ഒഴിവാക്കിയതും. ഈ പശ്ചാത്തലത്തിൽ, വലതുപക്ഷവുമായി സാർത്ഥകമായ സംവാദം സാധ്യമാകുമോ എന്ന ചോദ്യം വീണ്ടും മുന്നിൽ വരുന്നു.

ഘർ വാപ്സി

എനിയ്ക്ക് തോന്നുന്നതും, ഞാൻ വിശ്വസിക്കുന്നതും ആയ കാര്യം വലതുപക്ഷത്തെ പൂർണ്ണമായും നിഷേധിക്കുന്ന തരത്തിലുള്ള വമ്പിച്ച രാഷ്ട്രീയ-സാംസ്കാരിക സംയോജനം ഉണ്ടാകണം എന്നാണ്. നമ്മുടെ ഏറ്റവും വലിയ പ്രശ്നം എന്നത് ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും നമുക്ക് ഐക്യപ്പെടാൻ കഴിയുന്നില്ല എന്നതാണ്. പ്രത്യയശാസ്ത്ര-രീതിശാസ്ത്ര-സമീപന പരമായ വ്യത്യാസങ്ങളെ നിലനിർത്തിക്കൊണ്ട് അതിനെതിരെ ഒരു യോജിപ്പ് ഉണ്ടാകണം. ഇന്ത്യയെ വിഭജിച്ച് ഭരിക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരിൽ നിന്നും അണുവിട വ്യത്യാസമില്ലാത്തതാണ് ഇന്ത്യയിൽ വലതുപക്ഷത്തിൻ്റെ ഭരണം. അതിനെതിരെ ഇന്ത്യ സംഘടിച്ചത് ഇന്ത്യ നമ്മുടേത് എന്ന പൗരബോധത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു. എനിയ്ക്കൊരു രാജ്യമില്ല എന്ന പ്രവചനപരമായ നിലപാടെടുത്ത ഡോ. അംബേദ്കർ പോലും ആ പൗരബോധത്തിൻ്റെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ ജീവിതം കൊണ്ടും ധിഷണ കൊണ്ടും ശ്രമിച്ചു.

ഡോ. ബി.ആർ അംബേദ്കർ

ഇന്ന് വലതുപക്ഷവുമായി സംവാദത്തിലേർപ്പെടുന്നത് യുക്തിപരമായും പ്രായോഗിമായും വ്യർത്ഥമാണ്. അമ്പലത്തിലും പള്ളിയിലും പോകുന്ന വിശ്വാസികൾ വലതുപക്ഷമാകണമെന്ന് നിർബന്ധമില്ല. എന്നാൽ കൂടുതൽ മനുഷ്യരെ അമ്പലത്തിലേയ്ക്കും പള്ളിയിലേയ്ക്കും തള്ളിവിടുന്ന സാഹചര്യത്തിൻ്റെ സൃഷ്ടിയാണ് വലതുപക്ഷത്തിൻ്റെ തന്ത്രം. അത്താണിയില്ലാത്ത മനുഷ്യൻ്റെ അവസാനത്തെ ആശ്രയമാണ് മതമെന്ന് പറഞ്ഞ മാർക്സ് ശരി തന്നെയാണ്. നമ്മൾ പക്ഷേ മതത്തിൻ്റെ പേരിലാണ് തല്ലുന്നത്. അത്താണിയില്ലാത്ത മനുഷ്യരെ നിരന്തരം സൃഷ്ടിക്കുന്ന വലതുപക്ഷ വ്യവസ്ഥിതിയെ നമ്മൾ വെറുതെ വിടുകയാണ്. അതിനാൽ സമൂഹത്തിൽ ബദൽ സാധ്യതകൾ രാഷ്ട്രീയമായും സാംസ്കാരികമായും നിറയ്ക്കുക എന്നതും അതിനോട് ഐകദാർഢ്യം പ്രഖ്യാപിക്കുക എന്നതും വളരെ പ്രധാനമാണ്.

2024ലെ ബജറ്റ് വിഹിതം (മേഖല തിരിച്ച്) Source: Budget 2024 Key Highlights

കേന്ദ്ര സർക്കാരിൻ്റെ 2024ലെ ബജറ്റിൽ സംസ്കാരത്തിന് കൃത്യമായി ഒരു തുക വക വച്ചിട്ടില്ല. എന്നാൽ ടൂറിസം, തീർത്ഥാടനം എന്നിവയെ ഇൻഫ്രാസ്ട്രക്ചർ വികസനത്തിൻ്റെ ഉപലക്ഷ്യങ്ങളായി കണ്ടുകൊണ്ട് വമ്പിച്ച മുതൽമുടക്ക് സർക്കാർ നടത്തുന്നുണ്ട്. വലതുപക്ഷേതര സർക്കാരുകൾ ബദൽ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനങ്ങളെ കൂടുതൽ ദൃശ്യപ്പെടുത്തുന്നതിന് വേണ്ടി വിപുലമായ ഫണ്ട് കണ്ടെത്തി ചെലവഴിക്കണം. വലതുപക്ഷ കെട്ടുകാഴ്ചകളേക്കാൾ മനുഷ്യഭാവനയെ ഉത്തേജിപ്പിക്കുന്ന, ആഗോള മനുഷ്യനുമായി കൈകോർക്കാൻ കഴിയുന്ന തരത്തിലുള്ള സാംസ്കാരിക രൂപങ്ങൾക്ക് ദൃശ്യത വർദ്ധിപ്പിക്കണം. പൊങ്കാലകളേക്കാൾ മെച്ചമാണ് ഫ്ലാഷ്മോബെന്ന് മനസിലാക്കി ആഘോഷിക്കാൻ നമുക്കാകണം, സത്സംഗത്തേക്കാൾ മെച്ചമാണ് ബുക് സംഗം എന്ന് പ്രൂവ് ചെയ്യണം. നെറ്റിക്കുറിയും കസവ് നേരിയതും അല്ല ടാറ്റൂവും നിക്കറും നല്ലതാണെന്ന് തിരിച്ചറിയണം.

About Author

ജോണി എം എൽ

ഡൽഹിയിൽ കാൽ നൂറ്റാണ്ട് പത്രപ്രവർത്തകൻ, കലാവിമർശകൻ, കലാചരിത്രകാരൻ, ക്യൂറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചു. ലോക സാഹിത്യത്തിലെ ശ്രദ്ധേയമായ ഇരുപത്തിയഞ്ചു കൃതികളുടെ മലയാളവിവർത്തനം നിർവഹിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് എഴുത്തും വായനയുമായി.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x