A Unique Multilingual Media Platform

The AIDEM

Articles Society Technology

സമൂഹ മാധ്യമ വന്‍ മതില്‍

സമൂഹ മാധ്യമ വന്‍ മതില്‍

ചൈനയില്‍ പോയപ്പോള്‍ രണ്ടു വന്മതിലുകള്‍ കാണാനും കയറാനും അനുഭവിക്കാനും സാധിച്ചു. ലോകത്തുള്ള മനുഷ്യരൊക്കെ കേട്ടിട്ടുള്ളതും ചിത്രത്തിലെങ്കിലും കണ്ടിട്ടുള്ളതുമായ യഥാര്‍ത്ഥ വന്മതില്‍ – ദ് ഗ്രേറ്റ് വാള്‍ ഓഫ് ചൈന – എന്ന യു എന്‍ ഹെറിറ്റേജ് സൈറ്റ് എല്ലാ അര്‍ത്ഥത്തിലും വിസ്മയകരമായ ഒരു കാഴ്ച തന്നെയാണ്. ഇരുപതോളം നൂറ്റാണ്ടു കാലം സമയമെടുത്ത്‌

പണിതുണ്ടാക്കിയിട്ടുള്ള ഈ വന്മതില്‍, ചൈനീസ് സാമ്രാജ്യത്തെ ഏകോപിപ്പിക്കാനും ജനതയുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കാനും സഹായിച്ചിട്ടുണ്ടെന്നാണ് ചരിത്രമതം.

ചൈന എപ്പോഴും വിസ്മയത്തിന്റെ ഒരു മറുലോകമാണ് എന്നു നമുക്ക് തോന്നാന്‍ കാരണവും ഈ വന്മതിലാണ്. സമൂഹ മാധ്യമങ്ങളുടെ അപരലോകമായതിലൂടെ ഈ വിസ്മയ യാഥാർത്ഥ്യം, നിഗൂഢതയുടെയും തുറവികളുടെയും വിടവുകളിലൂടെയും പിളർപ്പുകളിലൂടെയും ദ്രുത സഞ്ചാരം നടത്തുന്നു.

പാശ്ചാത്യ സമൂഹ മാധ്യമങ്ങളായ ഗൂഗിൾ, ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവയൊന്നും ചൈനീസ് നെറ്റ്‌വർക്കുകളിൽ ലഭ്യമല്ല. ചൈനയിൽ യാത്ര ചെയ്യുകയോ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ഇത് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നതിൽ രണ്ടു പക്ഷമില്ല. അതേസമയം ഇന്ത്യൻ കമ്പനികളുടെ അടക്കം വിദേശ രാജ്യങ്ങളിലെ നെറ്റ്‌വർക്ക് കണക്ഷനുകൾ ഉള്ളവർ ചൈന റോമിംഗ് എടുത്ത് ഇവിടെ സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്യുകയാണെങ്കിൽ മേൽപ്പറഞ്ഞ ഗൂഗിൾ മുതൽ ഇൻസ്റ്റ വരെയുള്ള എല്ലാ ഫസിലിറ്റികളും ലഭ്യമാണു താനും. അതായത് ഈ സമൂഹ മാധ്യമങ്ങൾ ചൈനയുടെ ഭൂ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്നതിൽ അവർ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് സാരം. വിപിഎൻ ഡൗൺ ലോഡ് ചെയ്തും അല്ലാതെ ക്രാക്ക് ചെയ്തും ഫേസ്ബുക്കും ഗൂഗിളും ഉപയോഗിക്കുന്നവരും ചൈനയിലുണ്ടാവാൻ സാധ്യതയുണ്ട്.

അമേരിക്കന്‍ നിയന്ത്രിത സമൂഹ മാധ്യമങ്ങള്‍ക്കു പുറമെ ദ് ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി, വോയ്‌സ് ഓഫ് അമേരിക്ക അടക്കമുള്ള നിരവധി വെബ് സൈറ്റുകളും ചൈനീസ് നെറ്റ് വര്‍ക്കുകളില്‍ ലഭ്യമല്ല. ഇവയെല്ലാം നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിന് ഗ്രേറ്റ് ഫയര്‍വാള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനീസ് വന്‍ മതില്‍ മുന്‍കാലത്ത് ആക്രമണങ്ങള്‍ തടയുന്നതിന് സമാനമായ രീതിയില്‍ ആധുനിക കാലത്തെ സമൂഹ മാധ്യമ ആക്രമണങ്ങളെയും ശത്രുതകളെയും ഈ ‘മഹത്തായ’ ഫയര്‍വാളിലൂടെ ചൈന തടഞ്ഞിടുന്നു.

ബിഗ് ടെക്ക് എന്ന പേരിലറിയപ്പെടുന്ന ഗൂഗിള്‍, ആപ്പിള്‍, അമസോണ്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ (എക്‌സ്), മൈക്രോസോഫ്റ്റ് എന്നിവ ആധുനിക ദേശ രാഷ്ട്രങ്ങളുടെ പരമാധികാരങ്ങളെ പരിഗണിക്കാത്തതും മറി കടക്കുന്നതുമായ ഡിജിറ്റല്‍ മുതലാളിത്ത ചക്രവര്‍ത്തികളായി ഇതിനകം പരിണമിച്ചിട്ടുണ്ട്. ഡാറ്റകള്‍ ഖനനം ചെയ്‌തെടുക്കുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന പുതുകാലങ്ങളെയും ലോകങ്ങളെയും ഭരിക്കാന്‍ ദേശ രാഷ്ട്രങ്ങളും ബിഗ് ടെക്ക് കോര്‍പ്പറേറ്റുകളും തമ്മിലുള്ള മത്സരങ്ങളും കൊടുക്കല്‍ വാങ്ങലുകളും കൊണ്ട് സങ്കീര്‍ണമാണ് ഇക്കാലവും ഭാവികാലങ്ങളും. നാലാം വ്യവസായ വിപ്ലവം എന്ന് വിളിക്കപ്പെടുന്ന ഈ സങ്കീര്‍ണ ലോക-കാലത്തിന്റെ ഭൗമ-സമയ അവസ്ഥകളില്‍ നിന്ന് ഇനി മനുഷ്യര്‍ക്ക് പുറകോട്ടു പോകാനാകില്ല. ബിഗ് ടെക്ക് കോര്‍പ്പറേറ്റുകള്‍ അവരുടെ മൂല്യങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രയോഗിച്ചും പ്രചരിപ്പിച്ചും നടപ്പില്‍ വരുത്തിയും ദേശരാഷ്ട്രങ്ങളെയും മതം, തത്വ ചിന്ത അടക്കമുള്ള മനുഷ്യ ചിന്താലോകങ്ങളെയും തകിടം മറിക്കുന്നു. ഡിജിറ്റല്‍ മുതലാളിത്ത കോര്‍പ്പറേറ്റ് ലോകത്തെ, നവപ്രപഞ്ചം എന്നോ ബ്രഹ്മാണ്ഡരാഷ്ട്രം (ലെവിയാത്തന്‍) എന്നോ വിശേഷിപ്പിക്കാമെന്ന് ചൈനീസ് അക്കാദമിക്കായ ഹോങ് ഫെ ഗു പറയുന്നു. ഡാറ്റ സാമ്രാജ്യങ്ങള്‍, ദേശരാഷ്ട്രങ്ങളുടെ അനന്യതയ്ക്കും പരമാധികാരങ്ങള്‍ക്കും വന്‍ വെല്ലുവിളിയായിരിക്കുകയാണ്. ആയുധങ്ങളാലോ മറ്റേതെങ്കിലും വസ്തുപ്രയോഗങ്ങളാലോ പരാജയപ്പെടുത്താന്‍ സാധിക്കാത്ത വിധത്തിലുള്ള ലോകക്രമമായി ഡിജിറ്റല്‍ മുതലാളിത്തം സുസ്ഥാപിതമായിരിക്കുന്നു.

വാണിജ്യം, വ്യവസായം, അധികാരം, രാഷ്ട്രീയം, സമ്പദ് ശാസ്ത്രം, മാധ്യമങ്ങള്‍, കല, മനുഷ്യബന്ധങ്ങള്‍, എന്നിവയെയെല്ലാം നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും ഇന്റര്‍നെറ്റാണ്. കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങളെന്നതു പോലെ കുറ്റാന്വേഷണങ്ങളും ഡിജിറ്റല്‍ പാതയിലാണ് നടത്തപ്പെടുന്നത്. സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റിനെയും ഡാറ്റയെയും കൂടുതല്‍ കൂടുതലായി ആശ്രയിക്കുന്നു. ഓരോ ശ്രമങ്ങളിലൂടെയും ആശ്രയങ്ങളിലൂടെയും ഇന്റര്‍നെറ്റും ഡാറ്റാലോകവും കൂടുതല്‍ കൂടുതല്‍ പക്വവും പരിപക്വവുമായി മാറുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ്, ബിഗ് ടെക്ക് കമ്പനികള്‍ ഡിജിറ്റല്‍ സാമ്രാജ്യം തന്നെ രൂപീകരിച്ച് രാഷ്ട്രീയാധികാരങ്ങളെ വക വെക്കാതെ ഡാറ്റകള്‍ ശേഖരിച്ചും നിയന്ത്രിച്ചും മൂടി വെച്ചും വിതരണം ചെയ്തും സാങ്കേതിവിദ്യയില്‍ കുത്തകാധികാരം സ്ഥാപിച്ചിരിക്കുന്നതിന്റെ പ്രാധാന്യം നാം ചര്‍ച്ച ചെയ്യേണ്ടത്.

 

ഈ സാങ്കേതിക ലോകത്തിന്റെയും പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെയും തുടര്‍ച്ചയും പിന്തടര്‍ച്ചയുമാണ് നിര്‍മിതബുദ്ധി അഥവാ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വന്‍ പ്രപഞ്ചം. സര്‍വ്വവ്യാപിയും സര്‍വ്വാധികാരപരവുമായ സ്വാധീനമാണ് വാസ്തവത്തില്‍, ബിഗ് ടെക്ക് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഈ രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സാങ്കേതിക പിന്തുണ, പൊതുസേവനത്തുറകള്‍, പൊതുവായ ഉത്പന്നങ്ങള്‍, എന്നിങ്ങനെ പല പ്രക്രിയകളിലൂടെ പരമ്പരാഗതമായ രാഷ്ട്ര-രാഷ്ട്രീയാധികാര രൂപങ്ങളിലേയ്ക്കും ബിഗ് ടെക്ക് ഇടകലര്‍ന്ന് വ്യാപിച്ചുകഴിഞ്ഞു (infiltrated). ഡാറ്റ ശേഖരണം, നിയന്ത്രണം, അല്‍ഗോരിതങ്ങളുടെ ഗവേഷണവും വികസനവും, വൈദഗ്ദ്ധ്യത്തെ നയിക്കല്‍, മൂലധന നിക്ഷേപം, സാങ്കേതിക പ്രയോഗം, എന്നീ മേഖലകളിലെല്ലാം ബിഗ് ടെക്കിനൊപ്പമെത്താന്‍ സര്‍ക്കാരുകള്‍ക്കാവുന്നില്ല. ബിഗ് ടെക്കുകളുടെ സാമ്പത്തിക സ്രോതസ്സുകളും സവിശേഷ ലക്ഷ്യങ്ങളും കൃത്യമായ പദ്ധതികളും സര്‍ക്കാരുകള്‍ക്ക് അതേപടി ഇല്ലെന്നത് സുവ്യക്തമാണ്. ഈ വൈരുദ്ധ്യത്താല്‍ സര്‍ക്കാരുകള്‍ക്കു മേല്‍ ബിഗ് ടെക്കുകള്‍ക്കുള്ള അപ്രമാദിത്വവും മേല്‍ക്കോയ്മയും കൂടുതല്‍ കൂടുതല്‍ പ്രബലമായിക്കൊണ്ടിരിക്കുകയാണ്.

ഈ സ്ഥിതി മൂന്നു തരത്തിലുള്ള അവസ്ഥകളിലേയ്ക്ക് നമ്മുടെ കാലത്തെ നയിച്ചിരിക്കുകയാണെന്ന് ഹോങ് ഫെ ഗു അഭിപ്രായപ്പെടുന്നു. ഒന്നാമതായി ഡാറ്റ ഭരണത്തിന്റെ ആധിക്യം കൊണ്ട് അവയെ നിയന്ത്രിക്കുന്ന ബിഗ് ടെക്ക് കോര്‍പ്പറേറ്റുകളോ (ഗൂഗിള്‍, മൈക്രോസോഫ്റ്റ്, അമസോണ്‍, മെറ്റ (ഫേസ്ബുക്കിന്റെ ഉടമസ്ഥര്‍), ട്വിറ്റര്‍)ടും ഡാറ്റയോടുമുള്ള സര്‍ക്കാരുകളുടെ വിധേയത്വം കൂടിക്കൂടി വരുന്നു. രണ്ടാമതായി; സര്‍ക്കാരുകളുടെ വിധേയത്വം വര്‍ദ്ധിക്കുന്നതു കൊണ്ട്, ബിഗ് ടെക്കുകളുടെ ഡിജിറ്റല്‍ അധികാരം വര്‍ദ്ധിക്കുകയും അവയുടെ പ്രവര്‍ത്തനോത്സാഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു. മൂന്നാമതായി, ബിഗ്‌ടെക്കുകളുടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കപ്പെടുന്നത് കൊണ്ട് ഡാറ്റകളുടെ സമ്പാദനവും ശേഖരണവും വര്‍ദ്ധിക്കുകയും അവ പ്രോസസ്സ് ചെയ്യപ്പെടുന്ന വേഗത വര്‍ദ്ധിക്കുകയും സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ എണ്ണവും ഗുണവും വര്‍ദ്ധിക്കുകയും അവ മേന്മയുള്ളതാവുന്നതോടെ സര്‍ക്കാരുകള്‍ക്കു മേലുള്ള ബിഗ് ടെക്കുകളുടെ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

സര്‍ക്കാരുകളും ബിഗ് ടെക്കുകളും തമ്മില്‍ അധികാരവും സ്വാശ്രയത്വവും കൈകാര്യം ചെയ്യുന്നതിലുണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തരപരിണാമങ്ങളാണ് ഇന്നത്തെ ലോകക്രമമെന്നു ചുരുക്കം. രാഷ്ട്ര-രാഷ്ട്രീയ സര്‍ക്കാരുകളുടെ അധികാരം കുറഞ്ഞുവെന്നൊന്നും നിരീക്ഷിക്കേണ്ടതില്ല. പകരം, ഈ രാഷ്ട്രീയാധികാരത്തെ ഒളിഞ്ഞും തെളിഞ്ഞും നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നതില്‍ ബിഗ് ടെക്ക് കോര്‍പ്പറേറ്റുകളുടെ അധികാധികാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട് എന്നു മാത്രം.

ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ പുതിയ ഒലിഗാര്‍ക്കികള്‍ ആയി മാറിയിരിക്കുന്നു. ആന്‍ഡ്രോയിഡും ഐ ഓ എസും ഫേസ്ബുക്കും ഗൂഗിളും ട്വിറ്ററും അമസോണും രാജ്യാന്തര രാഷ്ട്രീയങ്ങളെയും ആഭ്യന്തര രാഷ്ട്രീയങ്ങളെയും വിജ്ഞാനവ്യാപനത്തെയും വിവരവിനിമയത്തെയും ശാസ്ത്ര സാങ്കേതിക മേഖലയെയും എല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്ലാറ്റ് ഫോം അധികാരം എന്നാണ് പെപ്പര്‍ കള്‍പെപ്പറും കത്ത്‌ലീന്‍ തെഹനും ആര്‍ വീ ഓള്‍ അമസോണ്‍ പ്രൈംഡ്? കണ്‍സ്യൂമേഴ്‌സ് ആന്റ് ദ് പ്ലാറ്റ്‌ഫോം പവര്‍ എന്ന പ്രബന്ധത്തില്‍ വിളിക്കുന്നത്. ആസ്‌ത്രേലിയയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് വില നല്‍കണമെന്ന സര്‍ക്കാര്‍ നിബന്ധനയെ ഫേസ്ബുക്ക് ആസ്‌ത്രേലിയന്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടാണ് നേരിട്ടത്. വ്യവസായസ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും ശിക്ഷകളും പരിഹാരങ്ങളും എന്ന പഴയ രീതിയിലുള്ള ഒരു പ്രശ്‌നമായിരുന്നില്ല ഇത്; മറിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള ഡിപ്ലോമാറ്റിക് സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും സ്വഭാവമാണ് ഇതിനുള്ളത്. അതായത്, പരമാധികാര ദേശ രാഷ്ട്രങ്ങളുടെ അധികാരവാഴ്ചകളെ ബിഗ് ടെക്ക് കോര്‍പ്പറേറ്റുകള്‍ ചോദ്യം ചെയ്യുകയും അവയില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യുന്നു. ഫേസ്ബുക്ക് വെറുമൊരു സമൂഹ മാധ്യമവും ഡിജിറ്റല്‍ കോര്‍പ്പറേഷനുമല്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു അധികാര രൂപവും, പരമാധികാര ദേശ രാഷ്ട്രങ്ങളോട് വിലപേശി അധികാരവും നിയന്ത്രണവും പ്രവര്‍ത്തനവ്യാപനവും തീരുമാനിക്കാനാവുന്നതുമായ ഒരു സൂപ്പര്‍ പവര്‍ കേന്ദ്രമാണത്. കൊച്ചി പഴയ കൊച്ചിയല്ല എന്നു പറയുന്നതു പോലെ ലോകം പഴയ ലോകമല്ല എന്നു പറയേണ്ടതില്ലല്ലോ.

ഇപ്പോള്‍ ഇന്ത്യന്‍ ലോകസഭയിലേയ്ക്ക് നടന്നു കൊണ്ടിരിക്കുന്നതും കേരളത്തില്‍ പൂര്‍ത്തിയായതുമായ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും അല്ലാതെയും നമ്മുടെ ഓരോരുത്തരുടെയും ഫേസ്ബുക്ക് പ്രൊഫൈലിലും മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളിലും മറഞ്ഞിരുന്നും വെളിപ്പെട്ടും ആരൊക്കെയാണ് അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്നു പരിശോധിച്ചാല്‍ ഈ അവസ്ഥ നമ്മുടെ ഓരോരുത്തരുടെയും സ്വകാര്യ ജീവിതത്തെയും രാഷ്ടീയ കാഴ്ചപ്പാടുകളെയും എല്ലാം നിയന്ത്രിച്ചതെങ്ങനെ എന്നു ബോധ്യപ്പെടും. അയ്യായിരം സുഹൃത്തുക്കള്‍ സാങ്കേതികമായുണ്ടെങ്കിലും പത്തോ പതിനഞ്ചോ പേര്‍ക്കു മാത്രമാണ് നമ്മുടെ ഓരോരുത്തരുടെയും പോസ്റ്റുകള്‍ കാണാനാകുക. അല്ലെങ്കില്‍ പണം കൊടുത്ത് പ്രത്യേക പ്രൊമോഷന്‍ നടത്തണം. ഉദാഹരണത്തിന്, ഈ ലേഖനം പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനു ശേഷം അതിന്റെ ലിങ്ക് ഫേസ്ബുക്കില്‍ കൊടുത്താല്‍ ഒരാള്‍ പോലും കാണാതെ അതിനെ മറയ്ക്കാനാണ് അല്‍ഗോരിതം സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത്. അതേ സമയം, നമ്മുടെ സുഹൃത്തുക്കളല്ലാത്തവരുടെയും ഫോളോ ചെയ്യുക പോലും ചെയ്യാത്തവരുടെയും പല പൈങ്കിളി പോസ്റ്റുകളും അശ്ലീല പരാമര്‍ശങ്ങളും നമ്മുടെ ഫീഡില്‍ വന്ന് നിറയുകയും ചെയ്യുന്നു. ഫേസ് ബുക്കില്‍ പണമടയ്ക്കാതെ സൗജന്യ അക്കൗണ്ടില്‍ തുടരുന്നവരെയൊക്കെ യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ പിച്ചക്കാര്‍ ആക്കി മാറ്റിയിരിക്കുകയാണ് മെറ്റ അധികാരികള്‍. ഭക്ഷണാവശിഷ്ടങ്ങള്‍ക്കായി നായകള്‍ക്കും പൂച്ചകള്‍ക്കുമൊപ്പം കുപ്പത്തൊട്ടിയില്‍ തിരയുന്ന മാനസികവിഭ്രാന്തി ബാധിച്ച ഭിക്ഷക്കാരുടെ പ്രവൃത്തിയ്ക്കു സമാനമാണ്, ഫേസ്ബുക്ക് ഫീഡ് എന്ന കുപ്പത്തൊട്ടിയില്‍ എന്തെങ്കിലും ലഭിക്കുമോ എന്ന് തെരഞ്ഞുകൊണ്ടിരിക്കുന്ന നമ്മളോരോരുത്തരും. വാട്‌സാപ്പിലും സ്ഥിതി വിഭിന്നമല്ല. ഗ്രൂപ്പുകളുടെ കുത്തൊഴുക്കാണവിടെ. തൊഴില്‍ പരമായോ, താമസിക്കുന്ന സ്ഥലത്തിന്റെ സമീപങ്ങളിലുള്ളവര്‍ എന്ന നിലയ്‌ക്കോ കലാമാധ്യമങ്ങളിലെ താല്പര്യമനുസരിച്ചോ പൂര്‍വ്വവിദ്യാര്‍ത്ഥികൂട്ടായ്മകള്‍ എന്ന നിലയ്‌ക്കോ കുടുംബബന്ധങ്ങളുടെ അടിസ്ഥാനത്തിലോ ഒക്കെയുള്ള ഗ്രൂപ്പുകളിലേയ്ക്ക് നമ്മുടെ അനുവാദം കൂടാതെ അഡ്മിനുകള്‍ നമ്മെ ചേര്‍ക്കുന്നു. ഇടതുപക്ഷാനുകൂലമോ മതനിരപേക്ഷപരമോ ജനാധിപത്യ ഉള്ളടക്കമുള്ളതോ ആയ എന്തഭിപ്രായവും ഇത്തരം ഗ്രൂപ്പുകളില്‍ വിലക്കപ്പെട്ടിരിക്കുകയാണ്. പുരോഗമനപരമായ ഏതഭിപ്രായം പറഞ്ഞാലുമുടനെ ഇവിടെ രാഷ്ട്രീയം നിരോധിച്ചിരിക്കുന്നു എന്ന ഭീഷണിയും വിലക്കും പ്രത്യക്ഷപ്പെടും. അതേ സമയം, നിര്‍മിതബുദ്ധിയുള്ള റോബോട്ടുകളെന്നോണം സദാ കര്‍മനിരതരായിരിക്കുന്ന കേശവമ്മാമകള്‍ ഫാസിസ്റ്റനുകൂല ഫോര്‍വേഡഡ് പോസ്റ്റുകളും ഫേക്ക് വീഡിയോകളും മറ്റും ഇതില്‍ വാരിവിതറിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതിനെയൊക്കെ തൂത്തുവാരി വൃത്തിയാക്കുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാലീ ദൂഷിത വലയത്തെ നാം സ്വാതന്ത്ര്യം, ജനാധിപത്യം, തുറന്ന ലോകം എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

ഇത് ബോധ്യപ്പെടുന്നതുകൊണ്ടാണ് ചൈനീസ് അധികാരികള്‍, പാശ്ചാത്യ നിര്‍മ്മിതവും നിയന്ത്രിതവുമായ സമൂഹ മാധ്യമങ്ങളെയും വെബ്‌സൈറ്റുകളെയും ചൈനയുടെ ഭൂ അതിര്‍ത്തിയ്ക്കുള്ളിലും ഡിജിറ്റല്‍ അതിര്‍ത്തിക്കുള്ളിലും വന്മതില്‍ കെട്ടി തടഞ്ഞുനിര്‍ത്തിയിരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ പ്ലാറ്റ്‌ഫോം സാമ്പത്തികമേഖലയിലെ കുത്തകവിരുദ്ധ നടപടിക്രമങ്ങള്‍ ( Anti-Monopoly Guidelines in the Field of Platform Economy ) എന്ന ഒരുത്തരവ് തന്നെ ചൈനീസ് അധികാരികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സാമ്പത്തിക വിനിമയത്തെ സംബന്ധിച്ച് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍മ്മിതബുദ്ധി ഉപയോഗത്തെ സംബന്ധിച്ച് ചൈനയിലെ സൈബര്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഇറക്കിയ നിബന്ധനകളും ഇതിന്റെ തുടര്‍ച്ചയാണ്. ഇതിലൊക്കെയുള്ള നിബന്ധനകള്‍ പാലിക്കാത്തതുകൊണ്ടാണ് ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ അമേരിക്കന്‍ ബിഗ്‌ടെക്ക് ശൃംഖലകള്‍ക്ക് ചൈനയില്‍ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുക്കാത്തത്. മൊബൈല്‍ കുത്തകയായ ആപ്പിള്‍, ചൈനയിലെ ഗ്യൂഷോ പ്രവിശ്യയിലുള്ള അതിന്റെ നിര്‍മ്മാണശാലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിനും പരിശോധനകള്‍ക്കുമായി ലോകത്തേറ്റവും വലിയ ഡാറ്റ കേന്ദ്രം തന്നെ സ്ഥാപിച്ചിരിക്കുകയാണ്. അതിനു ശേഷം മാത്രമാണ് ആപ്പിളിന് ചൈനയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്.

ഗൂഗിള്‍, ഫേസ്ബുക്ക്, അമസോണ്‍ എന്നിവയുടെ കുത്തകാധികാരം, വിജ്ഞാനച്ചോര്‍ച്ച, ദേശീയ സുരക്ഷാഭീഷണികള്‍ എന്നിവയില്‍ നിന്ന് ചൈന വിമുക്തമാണെന്നു കരുതാം. എന്നാല്‍, ചൈനയില്‍ നിരവധി സാങ്കേതിക ഭീമന്മാരുണ്ട്. അലിബാബ, ടെന്‍സെന്റ്, ബൈറ്റ് ഡാന്‍സ്, മെയ്ത്ത്വാന്‍ എന്നിവ ചിലതു മാത്രം. ബൈറ്റ് ഡാന്‍സ് ആണ് ടിക്ക് ടോക്കിന്റെ ഉടമകള്‍. പാശ്ചാത്യ കോര്‍പ്പറേറ്റുകളെ ചൈനയില്‍ നിയന്ത്രിച്ചതുകൊണ്ട് ഏറെ പ്രശസ്തമായി തീര്‍ന്ന ടിക്ക്‌ടോക്കിനെ മറ്റു നിരവധി രാജ്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ടിക്ക് ടോക്ക് പ്രചരിപ്പിച്ച രീതികളില്‍ റീല്‍സ്, ഷോര്‍ട്‌സ് എന്നിവ ഫേസ്ബുക്കിലും യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും കൊണ്ടുവരുകയും ചെയ്തു. ചുരുക്കത്തില്‍ ബിഗ്‌ടെക്കുകളുടെ ഒരു ലോകയുദ്ധവും നമുക്കിടയില്‍ നടക്കുന്നുണ്ട്. പാശ്ചാത്യലോകവും അവരുടെ സാമന്തരാജ്യങ്ങളും നിയന്ത്രിച്ച ചൈനീസ് ബിഗ്‌ടെക്കുകള്‍ ചൈനീസ് പൗരജീവിതത്തെയും സുശക്ത സര്‍ക്കാരിനെപ്പോലും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെന്നത് പരസ്യമായ രഹസ്യവുമാണ്.

ഇതു സംബന്ധമായ ആലോചനകളുടെ മറ്റൊരു വശം; നിര്‍മിതബുദ്ധിയുടെയും യന്ത്രപഠനങ്ങളുടെയും (Artificial Intelligence and Machine Learning) മനുഷ്യാനന്തര കാലഘട്ടത്തെ ഈ തീരുമാനങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നതാണ്. യൂറോപ്യനും അമേരിക്കനുമായ പാശ്ചാത്യ മൂല്യ വിചാരങ്ങളും ഭാഷാ-സംസ്‌ക്കാര-ചരിത്ര-മാധ്യമ പരിഗണനകളുമാണ് എഐ അനോട്ടേഷനെ നിയന്ത്രിക്കുന്നത്. തുടര്‍ന്നുള്ള കാലത്തും അപ്രകാരം തന്നെയായിരിക്കും. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ബിഗ് ടെക്കുകള്‍ ഡാറ്റകള്‍ ശേഖരിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്. അതായത്, നമ്മളോരോരുത്തരും കൂലിയില്ലാത്ത തൊഴിലാളികളായി ഫീഡ് ചെയ്തുകൊണ്ടേ ഇരിക്കുന്ന ഡാറ്റകളെല്ലാം ബിഗ്ഡാറ്റകളാക്കി മാറ്റുന്നതിന് അവര്‍ പ്രയോജനപ്പെടുത്തുന്നു. ഈ മേഖലയിലാണ് ചൈന ഒരു വന്മതില്‍ തങ്ങളുടെ ഫയര്‍വാളിലൂടെ കെട്ടിയിരിക്കുന്നത്. ഈ സമൂഹമാധ്യമ വന്മതില്‍ നിലനില്ക്കുന്നതുകൊണ്ട് ചൈനക്കാര്‍ ഫീഡ് ചെയ്യുന്ന ഡാറ്റകളെല്ലാം ചൈനീസ് ഭാഷയിലും അവരുടെ സംസ്‌ക്കാര-ശാസ്ത്ര-മാധ്യമ-സദാചാര-രാഷ്ട്രീയ-ചരിത്ര പരിസരത്തില്‍ നിന്നുമായിരിക്കും. അതിലൂടെ മനുഷ്യാനന്തര കാലത്തെ ഹ്യൂമനോയ്ഡ് റോബോട്ടുകളടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും രൂപീകരിക്കുന്നതിനുമായി നിര്‍വഹിക്കപ്പെടുന്ന ഇക്കാലത്തെ ‘മനുഷ്യത്വ’ സംഭാവനയായ ഔപചാരികവും അനൗപചാരികവുമായ അനോട്ടേഷന്‍ പാശ്ചാത്യ രീതികള്‍ക്കും മര്യാദകള്‍ക്കും പരിഗണനകള്‍ക്കും പകരം ചൈനീസ് സാമൂഹ്യ മനോനിലപാടുകളുടെ സ്വഭാവത്തിലായിരിക്കും അവിടത്തെ പോസ്റ്റ് ഹ്യൂമന്‍ ലോകത്തെയും നിര്‍ണയിക്കുക.

 

References

  1. Data, Big Tech, and the New Concept of Sovereignty by Hongfei Gu (Journal of Chinese Political Science (visit)
  2. Are We All Amazon Primed? Consumers and the Politics of Platform Power by Pepper D. Culpepper and Kathleen (visit)
About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Farook Abdul Rahhiman
Farook Abdul Rahhiman
8 months ago

അദൃശ്യമായ വന്മതിലുകളെ ചാടിക്കടക്കാൻ ഏതെങ്കിലും ഒരു കുരങ്ങൻ തന്റെ വാലിൽ തീ പിടിപ്പിച്ച് ലോകത്തെ അഗ്നിശുദ്ധി വരുത്തുകയെ നിവൃത്തിയുള്ളൂ എന്നർത്ഥം !!

Dileep MM
Dileep MM
8 months ago

വളരെ നല്ല കണ്ണ് തുറപ്പിക്കുന്ന ചിന്തോദ്ദീപകമായ വിശകലനം.