A Unique Multilingual Media Platform

The AIDEM

Articles Business Economy

കോളകളുടെ യുദ്ധങ്ങൾ, പുതിയ മൂലധന ശക്തി സമവാക്യങ്ങൾ, രാഷ്ട്രീയം

  • September 20, 2024
  • 1 min read
കോളകളുടെ യുദ്ധങ്ങൾ, പുതിയ മൂലധന ശക്തി സമവാക്യങ്ങൾ, രാഷ്ട്രീയം

തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ബോംബെയിൽ ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ തംസ് അപ്പും കാമ്പ കോളയും (Campa Cola) പോലുള്ള ഇന്ത്യൻ ശീതള പാനീയങ്ങൾ മാത്രമേ കുടിക്കൂ എന്ന വാശിക്കാരനായിരുന്നു. കൊക്കകോളയും പെപ്‌സിയും പോലുള്ളവ ഒഴിവാക്കാൻ കഴിയുന്നതും ശ്രമിക്കും. അറിയപ്പെടുന്ന ഒരു കോർപ്പറേറ്റ് കൺസൾറ്റൻറ് ആയിരുന്നു അദ്ദേഹം. എനിക്ക് ഏറെ ബഹുമാനമുണ്ടായിരുന്ന ഒരു വ്യക്തി. പക്ഷെ, ആദ്ദേഹത്തിന്റെ ഈ സ്വദേശി സ്പിരിറ്റ് നിഷ്കളങ്കവും അതേ സമയം പരിഹാസ്യവും ആയ ഒരു ഭ്രമം മാത്രമായാണ് എനിക്ക് അനുഭവപ്പെട്ടത്.

രമേഷ് ചൗഹാൻ 60 മില്യൺ ഡോളറിൻ്റെ കരാറിലൂടെ തംസ് അപ്പും മറ്റ് ബ്രാൻഡുകളും കൊക്കകോളയ്ക്ക് കൈമാറിയ ശേഷം

അത് വലിയ മാറ്റങ്ങളുടെ കാലമായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണം തുറന്നിട്ട വിപണി അതിന്റെ മായിക സ്വപ്നങ്ങളിൽ നിറഞ്ഞാടി തിമിർത്തു തുടങ്ങുന്ന കാലം. ടി.വി പരസ്യങ്ങളിലൂടെ നഗര ഗൃഹങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തിയിരുന്ന ജൂഹി ചൗളയുടെ ലെഹർ പെപ്സിയും ആമിർ ഖാന്റെ ‘തണ്ട മത്‌ലബ് കൊക്കകോളയും’ (Thanda Matlab Coca Cola) ഒക്കെ വെറും പാനീയങ്ങൾ ആയിരുന്നില്ല. മാറിയ കാലത്തിന്റെയും പുതിയൊരു ജീവിത രീതിയുടെയും പ്രതീകങ്ങൾ കൂടിയായിരുന്നു.

കൊക്കകോളയുടെ പഴയകാല പരസ്യ പോസ്റ്റർ

ഐ.ഐ.ടിയിലും ഐ.ഐ.എമ്മിലുമൊക്കെ പഠിച്ച, ബിസിനസുകളെ പുതിയ കാലത്തിനൊത്ത് മാറാൻ പഠിപ്പിച്ചിരുന്ന, എന്റെ ബോസിന് തിരിച്ചറിഞ്ഞിട്ടില്ലാത്ത മാറ്റങ്ങളായിരുന്നില്ല ഇവയൊന്നും. എങ്കിലും ഏതൊക്കെയോ പഴയ ബോധ്യങ്ങളുടെ ശാഠ്യത്തിൽ അദ്ദേഹം ഇക്കാര്യത്തിൽ മാത്രം കർക്കശക്കാരനായി. വിദ്യാഭ്യാസ കാലത്ത് ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ ജെ.പി മൂവ്മെന്റിൽ അദ്ദേഹം ആകൃഷ്ടനായിരുന്നു എന്ന് കേട്ടിരുന്നു. അതുകൊണ്ടായിരിക്കാം. അതെന്തായാലും, നാളിതുവരെയുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ശീതളപാനീയങ്ങളുടെ ചരിത്രം ഈ നാട് കണ്ട സ്വദേശി-വിദേശി-മുതലാളിത്ത-സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നു കൂടിയാണെന്ന് ഞാൻ മനസ്സിലാക്കിയത് അന്നായിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യവർഷങ്ങൾ തൊട്ടു തന്നെ ഒരു ദാഹശമനിയായി വിപണിയിൽ നിലയുറപ്പിക്കാനൊത്ത ശീതളപാനീയമാണ് കൊക്കകോള. തൊട്ടു പിന്നാലെ എത്തിയ പെപ്സിക്ക് കൊക്കകോളയോട് പിടിച്ചു നിൽക്കാൻ കഴിയാഞ്ഞതിനാൽ 1962 ഓടെ പ്രവർത്തനം നിർത്തേണ്ടി വന്നു. പക്ഷെ ദേശീയ സർക്കാരിന്റെ സ്വദേശി താല്പര്യങ്ങൾ ഇന്ത്യൻ നഗരങ്ങളിലെ വിദേശ ശീതള പാനീയങ്ങളുടെ വ്യാപനത്തിന് തടസമായിരുന്നില്ല. അത് സംഭവിക്കുന്നത് മുപ്പത് വർഷങ്ങൾക്ക് ശേഷമായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥകാലത്തെ അമിതാധികാര വാഴ്ചക്കെതിരെ രാജ്യവ്യാപകമായി ഉണ്ടായ പ്രക്ഷോഭങ്ങളുടെ പരിസമാപ്തിയിൽ 1977ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടിയുടെ സർക്കാരിൽ നിന്ന് കൊക്കകോള കമ്പനിക്ക് ഒരു വലിയ ഭീഷണിയുണ്ടായി. ഫോറിൻ എക്‌സ്‌ചേഞ്ച് റെഗുലേഷൻ ആക്‌ട് (ഫെറ) അനുസരിച്ച് തങ്ങളുടെ ഇന്ത്യൻ സബ്‌സിഡിയറിയിൽ ഓഹരികൾ കുറയ്ക്കാൻ കൊക്കകോള കമ്പനിയോട് പുതിയ സർക്കാർ ഉത്തരവിട്ടു.

വിദേശ കുത്തകളെ നിയന്ത്രിക്കുന്നതിനായി 1973ൽ ഇന്ദിര സർക്കാർ കൊണ്ട് വന്ന നിയമമായിരുന്നു ഫെറ. ആ നിയമ പ്രകാരം വിദേശ കമ്പനികൾ അവരുടെ ഇന്ത്യൻ സബ്‌സിഡിയറികളെ പ്രാദേശിക ഓഹരി പങ്കാളിത്തം 60 ശതമാനമെങ്കിലും ഉള്ള ഇന്ത്യൻ കമ്പനികളാക്കി മാറ്റേണ്ടതുണ്ടായിരുന്നു. ഈ നിബന്ധന അംഗീകരിക്കാതെ കൊക്കകോളയും ഐ.ബി.എം ഉൾപ്പെടെയുള്ള മറ്റു ചില ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യ വിട്ടു.

കൊക്കക്കോള കമ്പനിയുടെ ഇന്ത്യയിലെ സാന്നിധ്യം

ട്രേഡ് യൂണിയൻ നേതാവും സോഷ്യലിസ്റ്റുമായിരുന്ന ജോർജ്‌ ഫെർണാണ്ടസ് ആയിരുന്നു അക്കാലത്തെ വ്യവസായ മന്ത്രി. വർഷങ്ങൾക്കിപ്പുറം വാജ്‌പേയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന ഫെർണാണ്ടസിന്റെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നിവയുടെ സ്വകാര്യവൽക്കരണത്തോടുള്ള എതിർപ്പിന് ഫലം കാണാതെ പോയി എന്നത് വേറെ കഥ. അപ്പോഴേക്കും സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വില കെട്ടിരുന്നു.

കൊക്കകോള നാടു വിട്ടതിന് ശേഷം ഡബിൾ സെവൻ എന്ന പേരിൽ ഒരു കോള വിപണിയിലെത്തിക്കാനുള്ള ശ്രമം സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായി. सतहत्तर (77) എന്നായിരുന്നു അതിനെ ഹിന്ദിയിൽ വിളിച്ചിരുന്നത്. മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CFTRI) വികസിപ്പിച്ച ഫോർമുല ഉപയോഗിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് ആയിരുന്നു അത് ഉദ്പാദിപ്പിച്ചിരുന്നത്. 1977ന്റെ ഓർമ വഹിക്കുന്നതിനാലായിരിക്കണം ജനതാ സർക്കാർ എന്ന പരീക്ഷണം പരാജയപ്പെട്ടതിനു ശേഷം അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസ് ഗവണ്മെന്റ് ഡബിൾ സെവനിൽ വലിയ താല്പര്യം കാട്ടിയില്ല. ആ പരീക്ഷണവും അങ്ങിനെ അവസാനിച്ചു.

ഡബിൾ സെവൻ പാനീയം

പക്ഷെ, സർക്കാർ ഉടമസ്ഥതയിലുള്ളതല്ലെങ്കിലും രണ്ട് സ്വദേശി കോളകൾക്ക് വിജയം കണ്ടെത്താൻ ജനതാ പാർട്ടിയുടെ വിദേശ കുത്തക വിരുദ്ധത സഹായിച്ചു. കാമ്പ കോളയും തംസ് അപ്പും. രാജ്യം വിടുന്നത് വരെ കൊക്കക്കോളയുടെ നിർമ്മാതാവും വിതരണക്കാരും ആയിരുന്ന പ്യുവർ ഡ്രിങ്ക്‌സ് കാമ്പ ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് കാമ്പ കോള പുറത്തിറക്കി.

“ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ്” എന്നായിരുന്നു ആ പാനീയത്തിന്റെ മുദ്രാവാക്യം. തംസ് അപ്പ് ഉണ്ടാകുന്നതും 1977ലാണ്. പാർലെ കമ്പനിയുടെ കൂട്ടുടമകളായിരുന്ന ചൗഹാൻ സഹോദരന്മാർ സ്ഥാപിച്ച തംസ് അപ്പ് എൺപതുകളിലെ ഏറ്റവും പ്രചാരമുള്ള ശീതള പാനീയ ബ്രാൻഡായി മാറി.

കാമ്പ കോള വിൽപന നടത്തുന്ന സ്റ്റാൾ

1991ൽ പി.വി നരസിംഹറാവുവിന്റെയും മൻമോഹൻ സിംഗിന്റെയും നേതൃത്വത്തിൽ നടപ്പിലായ സാമ്പത്തിക ഉദാരവൽക്കരണം വിദേശ കമ്പനികൾക്ക് വാതിൽ തുറന്നിട്ടതോടെ സോഷ്യലിസത്തിന്റെ രുചി കേടിൽ നാടു വിട്ടു പോയ ശീതള പാനീയങ്ങൾ തിരിച്ചു വന്നു. 1991ൽ പെപ്സി. രണ്ടു വർഷത്തിന് ശേഷം കൊക്കക്കോളയും. വിദേശ കമ്പനികളുടെ സമ്പത് ശക്തിയിൽ ഇന്ത്യൻ പാനീയങ്ങൾക്ക് പിടിച്ചു നിൽക്കാനായില്ല. ഒരു വർഷത്തിനുള്ളിൽ കൊക്കകോള 60 മില്യൺ ഡോളറിന് തംസ് അപ്പും അവരുടെ മറ്റു ബ്രാൻഡുകളായ ഗോൾഡ് സ്പോട്ടും ലിംകയും വാങ്ങിച്ചു. കുറച്ചു കാലം കൂടെ പിടിച്ചു നിന്ന കാമ്പ കോള പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തോടെ വിപണിയിലെ നാമമാത്രമായ സാനിധ്യമായി മാറി.

ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. കാമ്പ കോള തിരിച്ചു വരവിന്റെ പാതയിലാണ് എന്നാണ് വാർത്ത. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 2022ൽ അതിനെ 22 കോടി രൂപക്ക് ഏറ്റെടുത്തിരുന്നു. ഇപ്പോൾ കൊക്കക്കോളയോടും പെപ്സിയോടും നേരിട്ടുള്ള ഒരു പോരാട്ടത്തിന് ഒരുങ്ങുകയാണ് അത്. വരാനിരിക്കുന്ന ഉത്സവകാലത്ത് വിപണിയിൽ ഇന്നുള്ള ശീതള പാനീയങ്ങളുടെ പാതി വിലയ്ക്ക് കാമ്പ കോള ബ്രാൻഡ് പാനീയങ്ങൾ വിൽക്കാനൊരുങ്ങുകയാണ് റിലയൻസ് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട് ചെയ്യുന്നത്. വില യുദ്ധങ്ങൾ (price wars) റിലയൻസിന് പുത്തരിയല്ല. അവർക്ക് അതിന് വേണ്ടുന്ന മൂലധന ശേഷിയുണ്ട്. ജിയോയുടെ കാര്യത്തിൽ അത് നമ്മൾ കണ്ടതാണ്. പക്ഷെ ഇത്തവണ മത്സരം വമ്പന്മാരായ വിദേശ മൂലധന ശക്തികളോടാണ് എന്നു മാത്രം.

ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ് എന്ന പരസ്യ വാചകത്തോടുകൂടിയുള്ള പോസ്റ്റർ

കാമ്പ കോള തിരിച്ചു വരവ് നടത്താനൊരുങ്ങുന്ന കാലത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും കൗതുകകരമാണ്. ആത്മനിർഭര ഭാരതത്തിന്റെ ഈ കാലത്ത് നമ്മൾ മറന്നു പോയ കാമ്പ കോളയുടെ “ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ്” തിരിച്ചെത്തി കൂടായ്കയില്ല. നയേ ഇന്ത്യ കാ നയാ ജോഷ്” (New Reliance for a New India) എന്നാണല്ലോ ആത്മനിർഭരതയുടെ ചുവട് പിടിച്ചുള്ള റിലയൻസിന്റെ മുദ്രാവാക്യം.

പുതിയ മൂലധന ശക്തി സമവാക്യങ്ങൾ. പുതിയ രാഷ്ട്രീയം. പുതിയ രുചികൾ.

About Author

അജിത് ബാലകൃഷ്ണൻ

ഐടി വിദഗ്ദ്ധൻ, രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകൻ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x