A Unique Multilingual Media Platform

The AIDEM

Articles National Politics

പദവിക്ക് നിരക്കാത്ത മോദിയുടെ ജൽപനങ്ങൾ

  • March 21, 2023
  • 1 min read
പദവിക്ക് നിരക്കാത്ത മോദിയുടെ ജൽപനങ്ങൾ

അനുയായികളാൽ സമാനതകളില്ലാത്ത പ്രാസംഗികനായും വിമർശകരാൽ ടെലിപ്രോംപ്റ്റർ പിന്തുണയോടെയുള്ള ആത്മഭാഷണത്തിന്റെ മാസ്റ്ററായും വാഴ്ത്തപ്പെട്ട നരേന്ദ്ര മോദി, നിരവധി അവസരങ്ങളിൽ പൊതു സംവാദത്തെ തരംതാഴ്ത്തിയതിന് കുറ്റക്കാരനാണ്.


സമീപകാലത്ത് നടന്ന ബിജെപിയുടെ ദേശിയ എക്സിക്യൂട്ടീവ് യോ​ഗത്തിൽ സംസാരിക്കവെ തന്റെ സർക്കാരിന്റെ നല്ല പ്രവൃത്തികളുടെ നിറംകെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്ന് സഹനേതാക്കൾക്ക് മോദി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം പാർലമെന്റിൽ മോദിയുടെ തന്നെ പ്രസം​ഗം വിമ‍ർശന വിധേമായി. 2014 ന് ശേഷം അദാനി കൈവരിച്ച അഭൂതപൂര്‌‍വ്വമായ വളർച്ചയെകുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കാതെ മോദി നടത്തിയ പ്രതികരണം ഒരു ‘പ്രധാനമന്ത്രിക്ക് ചേ‍ർന്നതല്ലെന്നും’ ‘മര്യാദയ്ക്ക് നിരക്കാത്തതാണെന്നും’ രാഷ്ട്രീയ നിരീക്ഷകർ തന്നെ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ മോദി ലോക്സഭയിൽ പറഞ്ഞത് പ്രതിപക്ഷ കക്ഷികളെ എല്ലാം ഒന്നിപ്പിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നന്ദി പറയണമെന്നായിരുന്നു. മോദി – മോദി ,അദാനി – അദാനി മുദ്രാവാക്ക്യങ്ങൾക്കിടെ മോദി കോൺ​ഗ്രസിനെ ആക്രമിക്കാനായി എടുത്തുകാട്ടിയത് ഒരുകാലത്ത് മോദി തന്നെ തള്ളിപറഞ്ഞ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനമാണ്. റൈസ് ആന്റ് ഫാൾ ഒഫ് കോൺ​ഗ്രസ് പാ‍ർട്ടി എന്ന് നാമകരണം ചെയ്തിട്ടുള്ള ആ പഠനത്തിൽ നിന്ന് പക്ഷെ സത്യത്തിൽ കോൺ​ഗ്രസിനേക്കാൾ ബിജെപിക്കാണ് കൂടുതൽ പാഠങ്ങൾ പഠിക്കാനുളളത്. നെഹ്റു മരിച്ചപ്പോൾ ബിജെപിയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് അദ്ദേഹത്തെ ശ്രീരാമനായി വിശേഷിപ്പിച്ചത് ആ റിപ്പോ‍ർട്ടിൽ എടുത്തുപറയുന്നുണ്ട്.

ലോക്സഭയിൽ രാഹുൽ ​ഗാന്ധി ഉന്നയിച്ച 5 മുഖ്യചോദ്യങ്ങൾക്ക് ഉത്തരം പറയാതെ, പിന്നീട് രാജ്യസഭയിൽ മോദി, “നെഹ്റുവിന്റെ പേര് ​(ഗാന്ധി കുടുംബം) ഉപയോ​ഗിക്കുന്നതിൽ എന്തിനാണ് നാണക്കേട്” എന്ന് പരിഹസിച്ചു. മോദി – അദാനി മുദ്രാവാക്യം തുടരുന്നതിനിടെയിലും തന്റെ ആത്മഭാഷണം തുടർന്ന മോദി, “ഒരാൾ എല്ലാവരേയും ഏറ്റെടുക്കുന്നത് രാജ്യം വീക്ഷിക്കുന്നുണ്ടെന്ന്” പൊങ്ങച്ചം പറയുകയായിരുന്നു. 90 മിനുട്ട് നീണ്ട പ്രഭാഷണത്തിൽ പ്രതിപക്ഷം തനിക്കെതിരെ “കള്ളം” പറയുകയും “ചീത്ത” വിളിക്കുകയാണെന്നുമുള്ള ഇരവാദമാണ് മോദി ഉയ‍ർത്തിക്കൊണ്ടേയിരുന്നത്.

മോദി ഇതാദ്യമായല്ല തന്റെ മര്യാദയില്ലാത്ത പരാമർശങ്ങൾക്ക് രൂക്ഷവിമർശനം നേരിടുന്നത്. ആത്മസുഹൃത്തും വിവാദ വ്യവസായിയുമായ ​ഗൗതം അദാനിയുടെ വിമാനത്തിലേറി ഡൽഹിക്ക് പറക്കുമുമ്പ് ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തേ സംസ്ക്കാരമില്ലാത്ത പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ തലക്കെട്ട് സൃഷ്ടിച്ചയാളാണ് മോദി. സോണിയ ​ഗാന്ധിയെ “ജേഴ്സി പശു”വെന്നും രാഹുൽ ​ഗാന്ധിയെ “ഹൈബ്രിഡ് കിടാവ്” എന്നും മോദി വിളിച്ചിട്ടുണ്ട്. ശശി തരൂരിന്റെ ജീവിത പങ്കാളിയെ “50 ലക്ഷത്തിന്റെ പെൺസുഹൃത്തെ”ന്നാണ് ആക്ഷേപിച്ചത്. പ്രധാനമന്ത്രി പദവിയിലെത്തിയിട്ടും ആ പദവിയുടെ അന്തസിനനുസരിച്ച് മോദി ഉയർന്നിട്ടില്ല. പ്രതിപക്ഷം തന്നെ ആക്ഷേപിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് റാലികളിലെല്ലാം പരാതിപെടുമ്പോഴും സ്വന്തം ട്രാക്ക് റെക്കോർഡ് മോദിക്ക് ഒരിക്കലും ശുഭകരമല്ല. പ്രധാനമന്ത്രിപദത്തിൽ നിന്ന് തരംതാഴ്ന്ന് നരേന്ദ്ര മോദി നടത്തിയ ചില പരാമർശങ്ങൾ ഇതാ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി
  • 2021 ലെ ബം​ഗാൾ തിരഞ്ഞെടുപ്പ് റാലിക്ക് മോദി എത്തിയത് മുടി വെട്ടുകയോ ട്രിം ചെയ്യുകയോ ചെയ്യാതെയായിരുന്നു. ബംഗാളിലെത്തിയപ്പോൾ മോദി ഒറ്റ നോട്ടത്തിൽ രബീന്ദ്ര നാഥ ടാ​ഗോറിനെ പോലെ ആയിരുന്നു പല‍ർക്കും. എന്നാൽ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ “ദീദി ഓ ദീദീ” എന്ന് പരിഹസിച്ച് പ്രത്യേക സ്വരത്തിൽ വിളിച്ചതോടെ ആ വാ​ഗ്മിയുടെ നിലവാരം പുറത്തായി. “ഇത് അയാൾ എപ്പോഴും ചെയ്യുന്നതാണെന്നും താനതിനെ കാര്യമാക്കുന്നില്ലെ”, എന്ന് മമത തിരിച്ച് പ്രതികരിച്ചു.
  • 2017 ൽ നോട്ട് നിരോധനത്തിന്റെ കാലത്ത് ഈറനണിഞ്ഞ കണ്ണുകളുമായി മോദി രാജ്യത്തോട് പറഞ്ഞു, “എനിക്ക് 50 ദിവസം തരൂ, എനിക്ക് തെറ്റ് പറ്റിയെന്ന് തോന്നിയാൽ എന്നെ ജീവനോടെ കത്തിക്കൂ”. നോട്ട് നിരോധനം ദുരന്തമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇതേക്കുറിച്ച് മോദി പിന്നെ മിണ്ടിയില്ല. പകരം നോട്ട് നിരോധനം “അഴിമതിക്കെതിരെയുള്ള യുദ്ധമായിരുന്നു”വെന്ന പുതിയ ന്യായീകരണം ചമച്ചു. ബിനാമികൾക്കെതിരെയുള്ള സർജിക്കൽ സ്ട്രൈക്കായിരുന്നുവത്രേ അത്.
  • “നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വേരറുത്തസ്വേച്ഛാധിപത്യ നടപടിയായിരുന്നു”വെന്ന്  നോബൽ സമ്മാന ജേതാവ് അമർത്യാസെൻ പറഞ്ഞപ്പോൾ മോദി പ്രതികരിച്ചത് “ഹാർവാഡിനേക്കാൾ ശക്തം  കഠിനാധ്വാനം” എന്നായിരുന്നു.
  • 2015 ലെ ധാക്ക സന്ദർശനത്തിനിടെ മോദി നടത്തിയ പരാമർശം, “ഒരു സ്ത്രീയായിരുന്നിട്ടുകൂടി ബം​ഗ്ലാദേശ് പ്രധാനമന്ത്രി തീവ്രവാദത്തിനെതിരെ കർശന നിലപാട് എടുക്കുന്നതിൽ ഞാൻ സന്തോഷവാനാണ്”, എന്നായിരുന്നു. ഇത് വലിയതോതിൽ വിമർശനത്തിന് വിധേയമായി. ആ​ഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നതായിരുന്നു മോദിയുടെ സ്ത്രീ വിരുദ്ധ പരാമർശം എന്ന് പ്രതിപക്ഷം വിമർശിച്ചു.
  • 2015 മെയ് മാസത്തിൽ സോളിൽ ഇന്ത്യൻ വംശജരെ അഭിസബോധനെ ചെയ്ത് സംസാരിക്കവെ മുമ്പ് കോൺ​ഗ്രസ് ഭരണകാലത്ത് എന്ത് പാപം ചെയ്തിട്ടാണ് ഇന്ത്യയിൽ ജനിച്ചതെന്ന് ആളുകൾ സ്വയം ശപിക്കുമായിരുന്നുവെന്ന് പറഞ്ഞത് വലിയ വിവാ​ദമായി. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ വിമർശനവും സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും ഇത് വഴിവെച്ചു.
  • ‌”മുമ്പ് നമ്മുടെ സ്വത്വം അഴിമതി ഇന്ത്യയുടേതായിരുന്നു, ഇനി നമുക്കത് ലോകവ്യാപകമായി തന്നെ നൈപുണ്യ ഇന്ത്യ എന്നാക്കി മാറ്റണം”, എന്നായിരുന്നു 2015 മെയ് മാസത്തിൽ, ടെറന്റോയിലെ റിക്കോ കൊളിസിയത്തിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ചത്.
  • “എന്നെ ആക്രമിക്കു, എന്നെ കൊല്ലു, എന്റെ ദളിത് സഹോദരരെ വെറുതെ വിടൂ”, ഇതായിരുന്നു ദളിതരെ സംരക്ഷിച്ച് ​ഗോസംരക്ഷകരുടെ പേരിൽ ആക്രമണം നടത്തുന്നവരെ ശിക്ഷിക്കണമെന്ന ആവശ്യത്തോട് ഹൈദരാബാദിൽ മോദിയുടെ പ്രതികരണം. 2016 ആ​ഗ്സതിൽ പൊതുസമ്മേളനത്തിൽ നടത്തിയ ഈ പരാമർശത്തോട് വിമർശകർ രൂക്ഷമായാണ് പ്രതികരിച്ചത്. നാട്ടിൽ ക്രമസമാധാനം നടപ്പാക്കാതെ ഇത്തരത്തിലുള്ള നാടകീയ ഡയലോ​ഗുകൾ എന്തിന് എന്നായിരുന്നു വിമർശകരുടെ ചോദ്യം.
  • കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്ത് വലിയ വിമർശനം നരേന്ദ്ര മോദി കേട്ടത് മെയ് 2016 ലാണ്. ലോകത്ത് തന്നെ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതലുള്ള രാജ്യമാണ് സോമാലിയ എന്നും രാജ്യത്ത് ഏറ്റവും കുറവ് ശിശു മരണനിരക്ക് കേരളത്തിലാണെന്നും മോദിക്ക് ആളുകൾ വേ​ഗത്തിൽ തന്നെ മനസിലാക്കികൊടുത്തു.
  • 2016 ൽ കൊൽക്കത്തയിലെ പാലം തകർന്നപ്പോൾ മുഖ്യമന്ത്രി മമത ബാനർജിയെ ആക്രമിക്കാനായി മോദി ദുരന്തത്തെ സാമാന്യവത്ക്കരിച്ചത് “ബം​ഗാളികളെ തൃണമൂൽ കോൺ​ഗ്രസിൽ നിന്ന് രക്ഷിക്കാനായി ദൈവം നൽകിയ സന്ദേശമാണ്” എന്ന് വിശേഷിപ്പിച്ചാണ്. “അവർ പറയുന്നത് ദൈവത്തിന്റെ പ്രവൃത്തിയെന്നാണ്, എന്നാലിത് ഒരു തട്ടിപ്പുകാരിയുടെ വേലയാണ്” എന്നും മോദി പറഞ്ഞു. എന്നാൽ 2022 ൽ സ്വന്തം സംസ്ഥാനമായ ​ഗുജറാത്തിലെ മോർബി പാലം തകർന്നപ്പോൾ പഴയതെല്ലാം മറന്ന് മൌനത്തിലാണ്ട മോദി ഈ പഴയ പ്രസ്താവനകൾ പലരും ഓർമിപ്പിച്ചു.
  • 2021 ൽ രാജ്യത്തിന്റെ പുരോ​ഗതിയിൽ സ്വകാര്യമേഖലയുടെ പങ്കിനെ പുകഴ്ത്തി സംസാരിക്കുമ്പോൾ ബ്യൂറോക്രസിയുടെ പങ്കിനെ മോദി ചോദ്യം ചെയ്തു. ഐ എ എസ് സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതരത്തിലായിരുന്നു ആ പ്രസ്താവന. നേരത്തെ ഉന്നത ഐ എ എസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിൽ തന്റെ ആദ്യത്തെ 5 വർഷ ഭരണക്കാലം ബ്യൂറോക്രാറ്റുകൾ നശിപ്പിച്ചെന്നും രണ്ടാം ടേമിൽ അത് അനുവദിക്കില്ലെന്നും പലകുറി പറഞ്ഞിരുന്നു.
  • 2019 ലെ രാജസ്ഥാൻ തിരഞ്ഞെടുപ്പ് വേളയിൽ ആണവായുധ ഉപയോ​ഗം നിസ്സാരവത്ക്കരിച്ചതിന് അതിരൂക്ഷമായ വിമർശനമാണ് മോദിക്ക് കേൾക്കേണ്ടിവന്നത്. പാക്കിസ്ഥാന്റെ ഭീഷണിയെ കുറിച്ച് സംസാരിക്കവെ, “എല്ലാദിവസവും തങ്ങളുടെ കയ്യിൽ ന്യൂക്ലിയർ ബോംബുണ്ട് ന്യൂക്ലിയർ ബോംബുണ്ടെന്ന് അവർ പറയും. പിന്നെ ഞങ്ങളുടെ കയ്യിൽ ഉള്ളതെന്താണ്? അതെന്താ ഞങ്ങൾ ദീപാവലിക്ക് പൊട്ടിക്കാൻ വെച്ചിരിക്കുന്നതാണോ?”
  • ഗുജറാത്തിലെ ​ഗാന്ധി​ന​ഗറിൽ 2022 ലെ ഡിഫൻസ് എക്സ്പോ ഉദ്​ഘാടനം ചെയ്ത് ​സംസാരിക്കവെ രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്രുവിനെ പരിഹസിച്ചാണ് മോദി സംസാരിച്ചത്.  “ഒരു കാലത്ത് പ്രാവിനെ പറത്തിനടന്നിരുന്ന അതേ രാജ്യമാണ് ഇപ്പോൾ ചീറ്റകളെ പായിക്കുന്നത്”, എന്നതായിരുന്നു മോദി പറഞ്ഞത്. ഇതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പിറന്നാൾ ദിനത്തിൽ മോദി ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടത്. നെഹ്രു പിറന്നാളിന് പ്രാവുകളെ ആയിരുന്നു പറത്തിയിരുന്നത്. 
  • 2019 ഡിസംബറിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക്  നേരെ നടന്ന കലാപത്തെ കുറിച്ച് മോദി പറഞ്ഞത്, “വസ്തുക്കൾ തീയിടുന്നവരെ ടിവിയിൽ കാണാം…അവരെ അവരുടെ വസ്ത്രം കൊണ്ട് തന്നെ തിരിച്ചറിയാം”. കേന്ദ്രമന്ത്രിമാരുടെ വിദ്വേഷപ്രസം​ഗത്തിന്റെ സമയത്ത് വന്ന ഈ പ്രസ്താവന  മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണാഹ്വാനമായാണ് കണ്ടത്.
  • 2017 ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള യു.പി. സർക്കാരിനെ മുസ്ലീംങ്ങളെ പ്രീണിപ്പിക്കുന്നുവെന്നാരോപിച്ച് മോദി രം​ഗത്തെത്തി. “നിങ്ങൾ ഖബറിസ്ഥാന് സ്ഥലം കൊടുക്കുന്നുണ്ടെങ്കിൽ ശ്മശാനത്തിനും സ്ഥലം നൽകണം. റമ്സാന് ഇടയില്ലാതെ കറന്റ് നൽകുന്നുണ്ടെങ്കിൽ ദീപാവലിക്കും നൽകണം ഒരു പക്ഷപാതവും പാടില്ല”, മോദി പറഞ്ഞു. അത്ഭുതമെന്ന് പറയട്ടെ മോദിയുടെ ഈ പ്രസ്താവന ആർഎസ് എസ് മേധാവി മോഹൻ ഭാ​ഗവതിനെ വരെ ചൊടിപ്പിച്ചു. “ഖബറിസ്ഥാൻ, ശ്മശാനം, കാവി ഭീകരത…ഈ വാക്കുകളെല്ലാം അധികാരത്തിന് വേണ്ടി രാഷ്ട്രീയം കളിക്കുമ്പോളാണ് ഉയർന്നുവരുന്നത്, അല്ലാതെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളപ്പോഴല്ല”, മോഹൻ ഭാ​ഗവത് പ്രതികരിച്ചു.
  • 2019 ൽ പാമ്പാട്ടികളോട് സംസാരിക്കുമ്പോൾ അവർക്കൊപ്പം ഫോട്ടോ എടുത്ത പ്രിയങ്ക ​ഗാന്ധി വാദ്രയെ മോദി വിമർശിച്ചു. ഇത് ഇന്ത്യയെ കുറിച്ചുള്ള പ്രതിച്ഛായക്ക് ആ​ഗോളതലത്തിൽ മങ്ങലുണ്ടാക്കുമെന്നായിരുന്നു മോദിയുടെ വാദം. “ഇത് ‘പാമ്പാട്ടികളുടെ’യല്ല (snake charmers), ‘എലിയാട്ടി’കളുടെ (mouse charmers) കാലമാണ്” എന്നായിരുന്നു ഐടി വ്യവസായത്തെ സൂചിപ്പിച്ചുകൊണ്ട്  മോദി പറഞ്ഞത്.
  • 2017 ഫെബ്രുവരിയിൽ തന്റെ മുൻ​ഗാമിയായ മൻമോഹൻ സിങിന്റെ ക്ലീൻ പ്രധാനമന്ത്രി എന്ന പ്രതിച്ഛായയിൽ അത്ഭുതം പ്രകടിപ്പിച്ച് രം​ഗത്തെത്തി. മോദിയുടെ അഭിപ്രായത്തിൽ മൻ മോഹൻ സിങിന്റേത് അഴിമതിയിൽ കുളിച്ച സർക്കാരായിരുന്നു. “ഏറ്റവും കൂടുതൽ അഴിമതി നടത്തിയ സർക്കാരിനെ നയിച്ചിട്ടും ഒറ്റ അഴിമതി ആരോപണവും മൻമോഹൻ സിങ്ങിനെതിരെയില്ല. ബാത്ത്റൂമിൽ റെയിൻകോട്ട് ധരിച്ച് കുളിക്കുന്ന വിദ്യ മൻമോഹൻ സിങ്ങിൽ നിന്ന് പഠിക്കാവുന്നതാണ്”. 
  • 2019 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ – മഹാരാഷ്ട്രയിലെ ലത്തൂരും കർണാടകയിലെ ചിത്രദുർ​ഗയിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലും –  മോദി പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബലാകോട്ടിൽ തിരിച്ചടിച്ച സൈനികരുടെ പേരിലും ബിജെപിക്കായി വോട്ട് ചോദിച്ചു. “നിങ്ങളുടെ ആദ്യത്തെ വോട്ട് ബലാക്കോട്ടിൽ തിരിച്ചടിച്ച സൈനികർക്ക് സമർപ്പിക്കുമോ എന്നാണ് എനിക്ക് കന്നിവോട്ടർമാരോട് ചോദിക്കാനുള്ളത്” ലത്തൂരിലെ ജനക്കൂട്ടത്തോട് മോദി ചോദിച്ചു. “പുൽവാമയിൽ വിരമൃത്യുവരിച്ച സൈനികരുടെ നാമത്തിലായിരിക്കുമോ നിങ്ങളുടെ കന്നി വോട്ട്?”.  ഇതേ മോദി തന്നെ 2014 ൽ സൈനികരേക്കാൾ കൂടുതൽ റിസ്ക്ക് എടുക്കുന്നത് കച്ചവടക്കാരാണെന്ന് പ്രസം​ഗിച്ചിരുന്നുവെന്നത് വിചിത്രമാണ്.
  • മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയെ ബൊഫോഴ്സ് അഴിമതി കേസിൽ കോടതി നേരത്തെ തന്നെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും മോദി ഉത്തർപ്രദേശിലെ പ്രതാപ്​ഗഡ് മണ്ഡലത്തിലെ പ്രചാരണത്തിനിടെ അദ്ദേഹത്തെ വിളിച്ചത് “നമ്പ‍ർ വൺ അഴിമതിക്കാര”നെന്നാണ്. റഫാൽ വിവാദത്തിന്റെ സമയത്ത് തന്നെയായിരുന്നു മോദിയുടെ പരാമർശം. രാഹുൽ ​ഗാന്ധിയെ ലക്ഷ്യംവെച്ച് മോദി പ്രസം​ഗത്തിൽ പറഞ്ഞത്, “താങ്കളുടെ പിതാവ് രാജ്യത്തെ വലിയ അഴിമതിക്കാരനായാണ് മരിച്ചതെന്നായിരുന്നു”. 

നവംബറിൽ തെലങ്കാനയിലെ ഒരു ചടങ്ങിൽ സംസാരിക്കവെ മോദി സാന്ദർഭവശാൽ പറഞ്ഞു, “പ്രതിദിനം എനിക്ക് ലഭിക്കുന്ന രണ്ട് മൂന്ന് കിലോ ചീത്തവിളികളാണ് തിരക്കേറിയ ദിവസങ്ങളിലും എന്നെ ഊർജ്ജസ്വലനാക്കുന്നത്”. മോദിക്കെതിരെ ‘മോശം പാരാമർശങ്ങൾ’ നടത്തിയതിന് നിരവധിപേർക്കെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുന്ന ഈ കാലത്ത് തന്നെയാണ്  പരീക്ഷാ പെ ചർച്ച 2023 ൽ സംസാരിക്കവെ, പ്രധാനമന്ത്രി മോദി വിദ്യാർത്ഥികളോട്, “വിമർശനം ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതാണ്”, എന്ന് പറഞ്ഞത്. എന്നിരുന്നാലും ബിബിസിയുടെ ഡൽഹിയിലേയും മുംബൈയിലേയും ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ ‘സർവ്വേ’ വിമർശനങ്ങളോടുള്ള അദ്ദേഹത്തിന്റെ അസഹിഷ്ണുതയായി മാത്രമേ കാണാനാവൂ. ബിബിസിയുടെ രണ്ട് ഭാ​ഗങ്ങളുള്ള ‘ഇന്ത്യ – ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി മോദിയെ ​ഗുജറാത്തിലെ മുസ്ലീം വംശഹത്യ തടയാത്തതിന് “ഉത്തരവാദി”യായി ചിത്രീകരിക്കുകയും മുസ്ലീം വിരുദ്ധ കലാപങ്ങൾക്ക്  “വംശഹത്യയുടെ എല്ലാ മുഖമുദ്രയും ഉണ്ടെ”ന്നും ധ്വനിപ്പിക്കുകയും ചെയ്യുന്നതാണ്. ഇതിനോടുള്ള മോദി സർക്കാരിന്റെ പ്രതികരണം ഡോക്യുമെന്ററിയുടെ ലിങ്കുകൾ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നിക്കം ചെയ്യൽ. 

 

Read this Article in English, Hindi, Tamil


Subscribe to our channels on YouTube & WhatsApp 

 

About Author

അപൂർവ റോയ് ചാറ്റർജി

അപൂർവ റോയ് ചാറ്റർജി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് എഴുത്തുകാരിയും ഗവേഷകയുമാണ്.