A Unique Multilingual Media Platform

The AIDEM

Articles Cinema International Society

പുറത്തെ ചിരിയും അകത്തെ കരച്ചിലും

  • March 6, 2025
  • 1 min read
പുറത്തെ ചിരിയും അകത്തെ കരച്ചിലും

‘അനോറ’ എന്ന ഓസ്കാര്‍ ചിത്രത്തിന്റെ കാഴ്ച

ഐഎഫ്എഫ്ഐ (IFFI) ഗോവ ഫിലിം ഫെസ്റ്റിവലില്‍ എത്താതിരുന്ന (അതിനകം കാന്‍ ഫെസ്റ്റില്‍ പാം ഡി ഓര്‍ പുരസ്കാരം ലഭിച്ച – ഓസ്കാര്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയ) ‘അനോറ’ എന്ന ചിത്രം പക്ഷേ, തിരുവനന്തപുരം ഐഎഫ്എഫ്കെ(IFFK)യില്‍ ഉണ്ടായിരുന്നെങ്കിലും അവിടുത്തെ കനത്ത തിരിക്കുമൂലം കാഴ്ച വേണ്ടവിധമായില്ലെന്നു പറയാം. പിന്നീട്, ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രമേളയിലാണ് പ്രസ്തുത ചിത്രം വീണ്ടും സമാധാനപരമായി കാണാനായത്. (തിയേറ്ററില്‍ വലിയ സ്ക്രീനില്‍ കാണുന്ന കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്; ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ ലഭ്യമാണ്) കഴിഞ്ഞ ദിവസം ‘അനോറ’ അഞ്ച് ഓസ്കാര്‍ പുരസ്കാരങ്ങള്‍ -മികച്ച ചിത്രം, മികച്ച നടി, സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിങ്ങനെ അഞ്ച് അവാര്‍ഡുകള്‍- നേടിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം പ്രത്യേകം ഓര്‍ക്കുന്നത്. സിനിമയിലെ റഷ്യന്‍ അമേരിക്കന്‍ കഥാപാത്രങ്ങളുടെ കൂടി പശ്ചാത്തലത്തില്‍, പുരസ്കാര പ്രഖ്യാപന വേദിയില്‍, അമേരിക്കന്‍ പ്രസിഡമണ്ട് ‍ഡൊണാള്‍ഡ് ട്രംപ്, ഒരു കളിയാക്കലിന് വിഷയീഭവിച്ചു എന്ന വാര്‍ത്തയും കാണാനിടയായി. ട്രംപും റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിനും തമ്മിലുളള ബന്ധത്തെക്കുറിച്ചും, ദിവസങ്ങൾക്ക് മുമ്പ് വൈറ്റ് ഹൌസിൽ ട്രംപും ഉക്രേനിയൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തെക്കുറിച്ചും എല്ലാം സൂചനകളുളള ഒരു പരാമര്‍ശം, അവതാരകനായ ഒബ്രിയൻ നടത്തുകയായിരുന്നു.‘ശക്തനായ ഒരു റഷ്യക്കാരനെതിരെ ആരെങ്കിലും നിലകൊള്ളുന്നത്കാണുമ്പോൾ അമേരിക്കക്കാർ ആവേശത്തിലാകുന്നുവെന്ന് ഞാൻ കരുതുന്നു’ എന്ന അവതാരകന്റെ പരിഹാസധ്വനിയുളള വാക്യം, ട്രംപിന്റെ സമീപകാല ചലനങ്ങളുടെ വിമര്‍ശനമായി കൂടി രൂപപ്പെട്ടിട്ടുളളതാണ്.

ചടങ്ങിൽ നേരത്തെ, കിൽ ബിൽ താരം ഡാരിൽ ഹന്ന, ഉക്രെയ്നിന്റെ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന “ഉക്രെയ്നിന്റെ മഹത്വം” എന്നർത്ഥം വരുന്ന “സ്ലാവ ഉക്രെയ്ൻ” എന്ന് എഡിറ്റിംഗ് പുരസ്കാര വിതരണ വേളയില്‍ പറഞ്ഞിരുന്നു. ചുരുക്കത്തില്‍, ആഗോള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വിധം ഓസ്കാര്‍ വേദി മാറുക കൂടി ചെയ്തത്, അനോറയുടെ രാഷ്ട്രീയ വിവക്ഷകളെക്കുറിച്ചു കൂടി ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് അവാർഡുകൾ അനോറ നേടിയപ്പോൾ പ്രധാന നടി മിക്കി മാഡിസൺ (Mikey Madison), ‘ദി സബ്സ്റ്റൻസി’ന്റെ ഡെമി മൂറിനെ മറികടന്നാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. IFFK യില്‍ കാണാനായ, ദി സബ്സ്റ്റന്‍സിലെ എലിസബത്ത് സ്പാര്‍ക്ക്ള്‍ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഡെമി മൂറും അന്തിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നത് പറയാതിരിക്കാന്‍ കഴിയില്ല.

ഷോണ്‍ ബേക്കര്‍ (Sean Baker) സംവിധാനം ചെയ്ത (മികച്ച ചിത്രത്തിനും സംവിധാനത്തിനും തിരക്കഥയ്ക്കും എഡിറ്റിംഗിനും ഉളള പുരസ്കാരങ്ങള്‍ ഷോണ്‍ ബേക്കറിന് ലഭിച്ചു) അനോറയില്‍, അമേരിക്കക്കാരിയായ അനോറ അഥവാ അനി എന്ന സെക്സ് വര്‍ക്കറും ഒരു റഷ്യന്‍ ഭൂപ്രഭുവിന്റെ പുത്രനായ ഇവാനുമായുളള (വന്യ) സവിശേഷ ബന്ധമാണ് പ്രമേയവല്‍ക്കരിക്കപ്പെടുന്നത്. അനോറയെ ഏറ്റവും സൂക്ഷ്മമായും തീവ്രമായും ആവിഷ്കരിക്കുന്നു എന്നതിനാണ്, മിക്കി മാഡിസണ്‍ മികച്ച നടിക്കുളള പുരസ്കാരം സ്വന്തമാക്കിയത്. അമേരിക്കന്‍ നഗരമായ ബ്രൂക്ലിനില്‍ സ്ട്രിപ്പറായും ലൈംഗിക തൊഴിലാളിയായും ജോലിചെയ്യുന്ന അനി എന്ന അനോറ, ആ അര്‍ഥത്തില്‍ തന്റെ ബാറുകളിലെ നഗ്നനൃത്തം ചടുലമായും ഊര്‍ജ്ജസ്വലമായും ചെയ്യുകയും, ഇടയ്ക്കിടെ ക്ലബ്ബിൽ വെച്ച് കണ്ടുമുട്ടുന്ന ഇടപാടുകാര്‍ക്ക്, പണം വാങ്ങിയുളള എസ്കോര്‍ട്ടിംഗ് കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഇതിനിടെയാണ് റഷ്യൻ ഒളിഗാർക്ക് നിക്കോളായ് സഖറോവിന്റെ ഇളയ മകനായ ഇവാനെ (വാന്യ) അനി പരിചയപ്പെടുന്നത്. പഠനത്തിനായി ഇവാന്‍ അമേരിക്കയിലാണെങ്കിലും, അവന്റെ കുടുംബത്തിന് അമേരിക്കയിലുളള-ബ്രൂക്ലിനിലുളള മനോഹരമായ മാളികയിൽ താമസിച്ച്, നൈറ്റ് ക്ലബ്ബുകളിലെ പാർട്ടിയും വീഡിയോ ഗെയിമുകളും സ്വതന്ത്ര രതിയുമായി, അമേരിക്കയില്‍ ആഡംബര ജീവിതം നയിക്കാനാണ്, ഇവാന്‍ കൂടുതൽ സമയവും ചെലവഴിക്കുന്നത് എന്നു പറയാം. (ഇവാന്റെ ധൈഷണിക പ്രായത്തെ സംബന്ധിച്ച് തീര്‍ച്ചയായും നമ്മള്‍ ആദ്യം തന്നെ സംശയിച്ചുപോകുന്ന സാഹചര്യമുണ്ട്-പിന്നീട് അതിന് സ്ഥിരീകരണം ഉണ്ടാകുന്നുണ്ടെങ്കിലും) ഈ പശ്ചാത്തലത്തില്‍ അനിയുമായി പരിചയത്തിലായതിനു ശേഷം, അവളുമായി അവിരാമ ഭോഗങ്ങളിലും പാര്‍ട്ടികളിലും മുഴുകുന്ന ഇവാന്‍, വൈകാതെ അവളെ സ്ഥിരമായി ഒപ്പം നിയമിക്കുകയും ഒരാഴ്ച തനിക്കൊപ്പം താമസിക്കാൻ പതിനഞ്ചായിരം ഡോളർ നൽകുകയും ചെയ്യുന്നുണ്ട്.

 

പ്രണയത്തിന്റെ പുറന്തോട്

എന്നാല്‍, ലാസ് വേഗാസിലേക്കുള്ള ഒരു യാത്രയ്ക്കിടെ, ഇവാന്‍, ആവേശത്തോടെ അവളോട് വിവാഹാഭ്യര്‍ഥന നടത്തുന്ന സാഹചര്യമാണ് തുടര്‍ന്നുളളത്. തന്റെ പ്രഭുത്വമോ, ഫ്യൂഡല്‍ പശ്ചാത്തലമോ ഒന്നും ഇവാന്റെ ചിന്തയിലോ പ്രവര്‍ത്തിയിലോ ഇല്ല എന്നതിന്റെ പ്രമുഖോദാഹരണം കൂടിയാണ് ഈ വിവാഹ നീക്കം എന്നു കാണാം. മാത്രമല്ല, അതില്‍ എത്രത്തോളം പ്രണയമുണ്ട് എന്നതും പ്രശ്നവല്‍ക്കരിക്കപ്പെടുന്ന ഒരു വസ്തുതയായി സംവിധായകന്‍ നിലനിര്‍ത്തുകയാണ്. അനോറയുടെ വലിയ അവിശ്വസനീയതയ്ക്കിടയിലും, അമ്പരപ്പിനിടയിലും, ഒടുവില്‍ അവള്‍ വിവാഹം എന്ന ഇവാന്റെ പദ്ധതിയിലേക്ക് എത്തുകയും, അവർ ഒളിച്ചോടുകയും ചെയ്യുകയാണ്. കാരണം അവൾ സ്വപ്നം കാണുന്ന ഫാന്റസി ജീവിതത്തിലേക്ക് അവളെ കൊണ്ടുപോകാന്‍ കഴിയുന്ന, അവളുടെ സങ്കല്പത്തിലെ ‘തിളങ്ങുന്ന കവചമുളള കുതിര’യായിട്ടാണ് അനോറ ഇവാനെ കാണുന്നത് എന്ന കൗതുകകരമായ സന്ദര്‍ഭം കൂടി ഇതിലുണ്ട്. പിന്നീട് ഇവാന്റെ ആസൂത്രണ പ്രകാരം അവൾ തന്റെ സ്ട്രിപ്പര്‍ ജോലി ഉപേക്ഷിച്ച് ഇവാന്റെ ബ്രൂക്ലിന്‍ ബംഗ്ളാവിലേക്ക് താമസം മാറുന്നു. വിവാഹവാർത്ത റഷ്യയിൽ എത്തുന്നതോടെ കാര്യങ്ങള്‍ മാറുന്നു. അതുവരെയുളള സിനിമയുടെ സ്വഭാവത്തിലും പ്രകടമായ മാറ്റം സംഭവിക്കുന്ന ഘട്ടം കൂടിയാണിത്. ഇവാന്റെ അമ്മ ഗലിന തന്റെ അർമേനിയൻ ഗോഡ്ഫാദറായ ടോറോസിനോട് അവരെ ഏറ്റവും പെട്ടെന്ന് കണ്ടെത്താനും അവരും ഭര്‍ത്താവായ നിക്കോളായിയും അമേരിക്കയിലേക്ക് പറന്നെത്തുന്ന ഉടന്‍ തന്നെ നിയമപരമായി പ്രസ്തുത വിവാഹം റദ്ദാക്കുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കാനും ഇവാന്റെ അമ്മ ഉത്തരവിടുന്നു. ടോറോസ് തൻ്റെ സഹായികളായ ഗാർനിക്, ഇഗോർ എന്നിവരെ വീട്ടിലേക്ക് അയയ്ക്കുകയും മാതാപിതാക്കള്‍ ഉടന്‍ എത്തി അവനെ റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നുവെന്ന് അവർ ഇവാനെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം അനിയെ ഒരു വേശ്യ എന്ന് വിളിച്ച് അപമാനിക്കുകയും അമേരിക്കയില്‍ ഗ്രീൻ കാർഡ് ലഭിക്കാൻ മാത്രമാണ് ഇവാന്‍ അവളെ വിവാഹം കഴിച്ചതെന്ന് സൂചിപ്പിച്ച് അവര്‍ അവളെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് തുടര്‍ന്ന് നമ്മള്‍ കാണുന്നത്. അതിനിടെ ഇവാന്‍ അനി ഉള്‍പ്പെടെ എല്ലാവരെയും വിട്ട്, വീടു വിട്ട് പോകുന്നു. ഗാര്‍നിക്കും ഇഗോറും, തുടര്‍ച്ചയായി അക്രമാസക്തയായി നില്‍ക്കുന്ന അനിയെ കീഴ്പ്പെടുത്തുന്നതും നിയന്ത്രിക്കുന്നതുമായ രംഗങ്ങള്‍ ഏറെ ചിരി ഉണര്‍ത്തുന്നതാണ്, സിനിമയില്‍.

മികച്ച ഒറിജിനൽ തിരക്കഥ, മികച്ച ഫിലിം എഡിറ്റിംഗ്, മികച്ച സംവിധായകൻ, മികച്ച ചിത്രം എന്നീ ഇനങ്ങളിൽ ഓസ്കാർ നേടിയ ഷോണ്‍ ബേക്കര്‍

ഒരു ഘട്ടം വരെ സ്വതന്ത്ര ലൈംഗികതയുടെയും അവിരാമമായ ഭോഗത്തിന്റെയും പല തരത്തിലുളള/തലത്തിലുളള ആവിഷ്കാരമായി തുടരുന്ന ചിത്രം, സമ്പൂര്‍ണ്ണമായി ഒരു ഇരുണ്ട കോമഡിയായി പരിണമിക്കുകയാണിവിടെ. ആനി, ഗാർനികിനോടും ഇഗോറിനോടും തുടര്‍ച്ചയായി പോരാടുന്നു. തുടര്‍ന്ന് ടോറോസ് എത്തുമ്പോൾ, അയാൾ ഇവനാന്റെ പക്വതയില്ലായ്മയെക്കുറിച്ച് അനിയെ കൃത്യമായി ബോധ്യപ്പെടുത്തുകയും അവളുടെ വിവാഹമോതിരം അവളില്‍ നിന്ന തിരിച്ചെടുക്കുകയും, അവരുടെ വിവാഹം റദ്ദാക്കുന്നതിന് പതിനായിരം ഡോളർ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, താനും ഇവാനും കടുത്ത പ്രണയത്തിലാണെന്ന് അനി വിശ്വസിക്കുകയും തുടര്‍ച്ചയായി അക്കാര്യം വാദിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്ന്ഒടുവിൽ തിരിച്ചറിയുന്ന അനി, ഇവാനെ കണ്ടെത്താൻ ടോറസിനെ സഹായിക്കാൻ തയ്യാറാകുന്നു. ആനി, ടോറോസ്, ഗാർനിക്, ഇഗോർ എന്നിവർ ബ്രൂക്ലിന്‍ നഗരത്തില്‍ തിരച്ചിൽ നടത്തുന്നു. താൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ട്രിപ്പ് ക്ലബിലാണ് ഇവാന്‍ എന്ന് അനി സുഹൃത്തുക്കളിൽ നിന്ന് മനസ്സിലാക്കുന്നു. അത്യധികം മദ്യപിച്ച്, മറ്റൊരു സ്ട്രിപ്പറുമായി രമിക്കുന്ന അവസ്ഥയിലായിരുന്നു അവരെത്തുമ്പോള്‍ ഇവാന്‍. അവർ അവനെ മദ്യപിച്ചതായി കണ്ടെത്തുകയും രാവിലെ വരെ കോടതിക്ക് പുറത്ത് കാത്തിരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. വിവാഹം നെവാഡയിൽ നടന്നതിനാൽ നിയമപരമായ റദ്ദാക്കൽ അസാധ്യമാണെന്ന് എല്ലാവരും മനസ്സിലാക്കുന്നു. വിമാനത്താവളത്തിൽ, അനി റഷ്യൻ ഭാഷയിൽ നിക്കോളായ്ക്കും ഗലിനയ്ക്കും സ്വയം പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, പക്ഷേ ഗലിന തികഞ്ഞ അഹന്തയോടെ അവളെ നിരാകരിക്കുകയാണ്.

മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തില്‍, അനിയുമായി വേര്‍പിരിയാന്‍, ഇവാന്‍ സമ്മതിക്കുന്നു. സ്വന്തം ജോലിയോ തീരുമാനത്തിനുളള ശേഷിയോ പ്രായത്തിനൊത്ത പക്വതയോ ഇല്ലാത്ത ഇവാന് മറ്റു മാര്‍ഗമില്ല എന്നതു കൂടി ചിത്രം വ്യക്തമാക്കുന്നുണ്ട്. വിവാഹം എന്ന സ്ഥാപനത്തിലേക്ക് എത്തുന്നതു വരെ ഇവാന്റെ ഒരു കളിയിലും വീട്ടുകാര്‍ ഇടപെട്ടിരുന്നില്ലെന്നു മാത്രമല്ല, സ്വച്ഛമായി അവനെ വിഹരിക്കാന്‍ വിടുക കൂടിയായിരുന്നു അവര്‍. ജാതി, വംശം, മതം, സമൂഹത്തിലെ പദവി എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഒന്നിച്ചു വരുന്ന ഒന്നായിട്ടാണ് വിവാഹം നിലകൊള്ളുന്നത് എന്നതിനാല്‍- അതു രണ്ടു കുടുംബങ്ങളുടെ കൂടി ബന്ധമാണ് എന്ന സാമൂഹിക സാഹചര്യത്തില്‍, കാര്യങ്ങള്‍ മാറി മറിയുന്നതാണ് നമ്മള്‍ കാണുന്നത്. ഒരളവുവരെ സിനിമയുടെ പ്രമുഖ ശ്രദ്ധയും ഈ വസ്തുതയിലാണ് എന്ന് പറയേണ്ടി വരും. അനോറയോടൊപ്പമുളള തൻ്റെ വിവാഹം നിലനിര്‍ത്തുക അസാധ്യമാണെന്ന് അവളോട്, ഒട്ടും ഭാവഭേദമില്ലാതെ ഇവാന്‍ പറയുന്ന രംഗം, അനിക്കു മാത്രമാണ് ഹൃദയഭേദകമാകുന്നത്. വാസ്തവത്തില്‍ അവള്‍ മാത്രമായിരുന്നു പ്രണയത്തലായിരുന്നത് എന്ന് സംവിധായകന്‍ കൃത്യമായി വ്യക്തമാക്കുക കൂടിയാണ് സിനിമാന്ത്യത്തില്‍. താന്‍ വിവാഹമോചന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അനി അറിയിക്കുമ്പോള്‍, പക്ഷേ ഗലിന-ഇവാന്റെ അമ്മ- അവളെ സാമ്പത്തികമായി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ന്യായമായ നഷ്ടപരിഹാര സാധ്യതപോലും ഇല്ലാതാക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു എന്നാണതിന്റെ അര്‍ഥം. മാത്രമല്ല, ഒരു സെക്സ് വര്‍ക്കറെയാണ് മകന്‍ വിവാഹം ചെയ്തത് എന്ന കാര്യം പുറത്തറിയാന്‍ അവര്‍ ഒട്ടും ആഗ്രഹിക്കുന്നുമില്ല.

ഇവാന്റെ പക്വതയില്ലായ്മയും കുടുംബത്തിന്റെ ശക്തിയും മനസ്സിലാക്കിയ ആനി വിവാഹം ഉഭയസമ്മതപ്രകാരം റദ്ദാക്കാൻ സമ്മതിക്കുന്നു. പേപ്പറുകളിൽ ഒപ്പിട്ട ശേഷം, ഇഗോർ, ഇവാനോട് അനിയോട് ക്ഷമ ചോദിക്കാൻ നിർദ്ദേശിക്കുന്നു, പക്ഷേ ഗലിന നിരസിക്കുന്നു. പോകുന്നതിനുമുമ്പ് അനി അവരെ രണ്ടുപേരെയും- ഗലിനയുടെ അടിമകളെപ്പോലെ നിലകൊളളുന്ന ഇവാനെയും ഇവാന്റെ പിതാവിനെയും കളിയാക്കുകയും, ഗലിനയെ അപമാനിക്കുകയും ചെയ്യുന്നു. തന്റെ വ്യക്തിത്വത്തെ ചവിട്ടിയരച്ചവരോടുളള അവളുടെ അര്‍ഥപൂര്‍ണ്ണായ ഒരു പ്രതികാരം കൂടി നമുക്ക് അതില്‍ കാണാം. അവളുടെ സാധനങ്ങൾ തിരിച്ച് ശേഖരിക്കുന്നതിനായി ഇഗോർ ആനിയെ തിരികെകൊണ്ടുപോകുന്നു. ഇവാന്റെ മാളികയിൽ ഒരു അവസാന രാത്രി ചെലവഴിക്കുമ്പോൾ, അവരുടെ മുൻ ഏറ്റുമുട്ടലിനെക്കുറിച്ച് അവൾ ഇഗോറിനെ ഓര്‍മിപ്പിക്കുന്നുണ്ട്. തന്നെ ശാരീരികമായി ആക്രമിച്ചതിനെക്കുറിച്ച് അനി പറയുന്നു. തനിച്ചായിരുന്നെങ്കിൽ ഇഗോര്‍ അവളെ ബലാത്സംഗം ചെയ്യുമായിരുന്നുവെന്ന ആരോപണം പോലും അവള്‍ ഉന്നയിക്കുന്നു. അത് അയാള്‍ നിഷേധിക്കുന്നു. അടുത്ത ദിവസം രാവിലെ, ഇഗോർ, അനിക്ക് ഇവാന്റെ കുടുംബം വിവാഹ വിടുതലിനായി വാഗ്ദാനം ചെയ്ത പണം നൽകുകയും അവളെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. മാത്രമല്ല, അയാള്‍ അവളുടെ വിവാഹമോതിരം തിരികെ നൽകുക കൂടി ചെയ്യുന്നുണ്ട്. പിന്നീട്, അവസാന രംഗത്തില്‍, അനി ഇഗോറുമായി ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതില്‍ തന്റെ പഴയ അസ്തിത്വം- സെക്സ് വര്‍ക്കര്‍ എന്ന ഐഡന്റിറ്റി- തിരിച്ചുപിടിക്കാനുളള ശ്രമമായിക്കൂടി കാണാം. കാരണം, അയാള്‍ അവളെ ചുംബിക്കാൻ ശ്രമിക്കുമ്പോൾ അവള്‍ അത് തടയുകയും സ്വയം തകര്‍ന്നതുപോലെ അയാളുടെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയും ചെയ്യുന്ന രംഗം ഈ ചിത്രത്തിന്റെ ആകെ സത്ത നിര്‍ണ്ണയിക്കാന്‍ പ്രാപ്തമാണ്.

 

ദുരഭിമാന-പ്രതിനിധാന കൊല

അറിഞ്ഞോ അറിയാതെയോ നമ്മുടെ രാജ്യത്തെ ദുരഭിമാന കൊലകളെ ഓര്‍മിപ്പിക്കുന്നതാണ്, അനിയുടെ അവസാന രംഗത്തെ ഈ തളര്‍ന്നുവീഴല്‍/തകര്‍ന്നു വീഴല്‍ എന്നു പറയാം. ചുംബനത്തിലെ പ്രണയത്തെ അവള്‍ അപ്പോള്‍ പൂര്‍ണ്ണമായും ഭയപ്പെടുക കൂടിയാണ്. കാരണം, പ്രണയം തന്റെ ലൈംഗിക തൊഴിലിന് എതിരാണെന്ന വലിയ ബോധ്യവും, ഇനി തന്റെ ജീവിതം വീണ്ടും അതാണെന്നും അവള്‍, അവളെത്തന്നെ ബോധ്യപ്പെടുത്താന്‍ നടത്തുന്ന സുപ്രധാനമായ ഒരു നീക്കം കൂടിയാണത്. ഇഗോര്‍ അവളുടെ നന്മയും കഴിവും തിരിച്ചറിയുന്നതിനാല്‍ അത് പുതിയ ഒരു ജീവിത സാധ്യതയാകാം എന്നിടത്താണ് സിനിമ അവസാനിക്കുന്നത്. സിന്‍ഡ്രല്ലയുടെ കഥപോലെ മാറിമറിഞ്ഞ അനോറയുടെ ജീവിത സന്ദര്‍ഭങ്ങള്‍, പക്ഷേ ഒരു സ്വപ്നം മാഞ്ഞുപോകുന്നതുപോലെ അല്ലെങ്കില്‍ സമയം തീര്‍ന്നുപോകുമ്പോള്‍ ഇല്ലാതാകുന്നതുപോലെ അവസാനിക്കുന്നത് ഏറെ വേദനാ ജനകമാണ്. നമ്മുടെ രാജ്യത്തെ ദുരഭിമാന കൊലയ്ക്കു സമാനമായ, പ്രതിനിധാന കൊലയായിക്കൂടി സ്വാഭാവികമായും അനോറയുടെ ഉച്ഛാടനത്തെ കരുതാം. പ്രഭുകുടുംബം അനോറെയെ ഒഴി്വാക്കുന്നതിന് ആയുധമാക്കുന്നത് ധനമാണെന്ന വ്യത്യാസമേ ഇവിടെയുളളൂ. ഫലത്തില്‍ സംഭവിക്കുന്നത്, അനോറയുടെ വ്യക്തിത്വ ഹനനം തന്നെയാണല്ലോ.

ഉക്രൈന്‍ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്‌കിയും ട്രംപും വൈറ്റ് ഹൗസിൽ

ആദ്യം സൂചിപ്പിച്ചതുപോലെ, പ്രവിലേജ് ഉളള എല്ലാ സ്ഥാപനങ്ങളും അതിന്റെ അധികാരശ്രേണിയും- കുടുംബം, ജാതി, മതം, വര്‍ഗം, ലിംഗം, വംശം, ഭാഷ, രാഷ്ട്രം… എന്നിങ്ങനെയുളള അധികാര ശക്തികളും സ്ഥാപനങ്ങളും- വ്യക്തികള്‍ക്കുമേല്‍ അനായാസം നടത്തുന്ന അധിനിവേശങ്ങള്‍ ആഗോളതലത്തില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു എന്ന യാഥാര്‍ഥ്യം കൂടി അനോറ അനുബന്ധമായി വെളിപ്പെടുത്തുന്നുണ്ട്. ആദ്യത്തില്‍ സൂചിപ്പിച്ചതുപോലെ, ‘സ്റ്റുപ്പിഡ് പ്രസിഡണ്ട്’ എന്ന് ട്രംപിന്, ഉക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്കിയെ അനായാസം വിളിക്കാന്‍ കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചിത്രത്തില്‍, സഭയും ക്രിസ്തീയ പുരോഹിതനും ഇവാനെ ഈ ‘ദുരന്തവിവാഹ’ത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നതിലും അതു നമുക്ക് എളുപ്പം വായിക്കാവുന്നതാണ്. ചുരുക്കത്തില്‍, അരികുവല്‍ക്കരിക്കപ്പെട്ട എല്ലാ മനുഷ്യരുടെയും പദവികളും അവകാശങ്ങളും എത്രമാത്രം നിസ്സാരമാണെന്നും അവര്‍ എന്നും എത്രമാത്രം ആലംബഹീനരാണെന്നും ‘അനോറ’ എന്ന ചിത്രം ഉറക്കെ വിളിച്ചു പറയുന്നു. ഒപ്പം അത് ഒരു സ്ത്രീ കൂടിയാകുമ്പോള്‍ സംഭവിക്കുന്ന തിരിച്ചടിയുടെ ആഘാതം സിനിമ, ദയാരഹിതമായ ഒരു ഇരുണ്ട കോമഡിയായി ആവിഷ്കരിക്കുന്നു. അതുകൊണ്ടുതന്നെ, പുറത്തെ ചിരിയെ ശക്തമാക്കുന്ന അകത്തെ കരച്ചിലാണ് ‘അനോറ’യുടെ കാതല്‍ എന്ന് നിസ്സംശയം പറയാം.


About Author

രഘുനാഥന്‍ പറളി

നിരൂപകൻ, വിവർത്തകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x