A Unique Multilingual Media Platform

The AIDEM

Articles Climate Society

ചൂട് തേടി നടന്ന മനുഷ്യൻ ഉഷ്ണ തരംഗങ്ങളെ അതിജീവിക്കുമോ?

  • May 8, 2024
  • 1 min read
ചൂട് തേടി നടന്ന മനുഷ്യൻ ഉഷ്ണ തരംഗങ്ങളെ അതിജീവിക്കുമോ?

മനുഷ്യവർഗ്ഗം ഭൂമിയിൽ പിറവിയെടുത്തിട്ട് ഏതാണ്ട് ആറ് മുതൽ ഏഴ് വരെ ദശലക്ഷം വർഷങ്ങൾ പിന്നിട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അതിദീർഘ കാലയളവിൽ മനുഷ്യൻ ഏറ്റവും കൂടുതൽ അന്വേഷിച്ച് നടന്നത് ചൂടുള്ള പ്രദേശങ്ങളായിരുന്നുവെന്നത് ഉഷ്ണ തരംഗങ്ങൾ മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും ജീവൻ അപഹരിക്കുന്ന ഈ കാലത്ത് അതിശയോക്തിയായി തോന്നാം. Warmer is Better എന്ന് സഹസ്രാബ്ദങ്ങളോളം ചിന്തിച്ച് നടന്ന്, ഭൗമോപരിതലത്തെ ചൂടുള്ള പ്രതലമാക്കിത്തീർക്കാൻ അവൻ നടത്തിയ പ്രയത്‌നങ്ങളാണ് മനുഷ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുക. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളും കാലാവസ്ഥാ ശാസ്ത്രത്തിന്റെ ഇന്നത്തെ നിലയിലുള്ള വികാസത്തെയും ചരിത്രപരമായി പരിശോധിച്ചാൽ ഇത്തരത്തിലുള്ള വളരെ രസകരമായ ഒട്ടനവധി കാര്യങ്ങൾ കണ്ടെത്താൻ കഴിയും. അന്തരീക്ഷ താപനിലയിലെ വർദ്ധനവിനെക്കുറിച്ച് അനുദിനമെന്നോണം വേവലാതിപ്പെടുന്ന വർത്തമാന മനുഷ്യസമൂഹങ്ങളെ സംബന്ധിച്ച് ഇക്കാര്യം അപരിചതമായിത്തോന്നിയേക്കാമെങ്കിലും.

തിയോഫ്രേസ്റ്റ്സ്

തന്റെ നിലനിൽപ്പ് ഭദ്രമാക്കുന്നതിന്റെ ഭാഗമായി ഭൗമോപരിതലം ചൂടുള്ളതാക്കി മാറ്റാനുള്ള പ്രയത്‌നത്തിനിടയിൽ വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന് ഉണ്ടായിരുന്നില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്? തീർച്ചയായും അല്ല. കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ട് ആധുനിക സമൂഹം ഇന്ന് ആർജ്ജിച്ചെടുത്ത ബോധ്യങ്ങളിലേക്ക് എത്തിപ്പെട്ട വഴികൾ ശ്രദ്ധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ പിൻഗാമിയും ആധുനിക സസ്യശാസ്ത്രത്തിന്റെ (ബോട്ടണി) പിതാവെന്ന് അറിയപ്പെടുന്ന തിയോഫ്രേസ്റ്റസി (Theophrastus, BC 371- 287) ന്റെ കാലത്തുതന്നെ കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ചോദ്യങ്ങളും ഉത്തരങ്ങൾക്കായുള്ള അന്വേഷണങ്ങളും വ്യാപകമായിട്ടുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. Is it possible for humans to change the climate? എന്ന തിയോഫ്രേസ്റ്റസിന്റെ ചോദ്യത്തിന് അദ്ദേഹം തന്നെ നൽകുന്ന മറുപടി, Yes! through deforestation and irrigation എന്നായിരുന്നു. അന്തരീക്ഷ കാർബൺ വിസർജ്ജനത്തിൽ കൂടുതൽ സംഭാവനകൾ ചെയ്യാൻ പോകുന്ന ഫോസിൽ ഇന്ധനങ്ങളുടെയും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടെയും കണ്ടുപിടുത്തം നടക്കാൻ അപ്പോഴും രണ്ട് സഹസ്രാബ്ദങ്ങൾ ബാക്കിയുണ്ടായിരുന്നു. പലതരത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളും ഇക്കാലയളവിൽ നടന്നുവെങ്കിലും ആധുനിക കാലാവസ്ഥാ ശാസ്ത്രത്തിലേക്ക് നയിച്ച കണ്ടെത്തലുകൾക്കും നിഗമനങ്ങൾക്കും പ്രധാനമായും നാം കടപ്പെട്ടിരിക്കുന്നത് ഏതാനും വിരലെണ്ണാവുന്ന ശാസ്ത്രജ്ഞരോടാണ്. അതിൽ പ്രധാനികളായിരിക്കുന്നത് ഫ്രഞ്ച് ഗണിത-ഭൗതിക ശാസ്ത്രജ്ഞനായ ജോസഫ് ഫ്യൂറിയർ (Jean Baptiste Joseph Furier), അയർലണ്ടുകാരനായ ഭൗതിക ശാസ്ത്രജ്ഞൻ ജോൺ ടിൻഡൽ (John Tyndall), സ്വീഡിഷ് പൗരനായിരുന്ന സ്വാന്തെ അരീനിയസ് (Svante August Arrhenius), അമേരിക്കൻ ഭൂശാസ്ത്രജ്ഞനായ ടി.സി ചേംബർലൈൻ (T.C Chamberlin) എന്നിവരാണ്.

ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ ആഗോള ശരാശരി താപനിലയിലെ വ്യത്യാസം

ഹരിത ഗൃഹ പ്രഭാവത്തെക്കുറിച്ചും, അന്തരീക്ഷ ജലകണികളുടെ താപ വികീർണന സ്വഭാവത്തെക്കുറിച്ചും, കാർബൺ ഡൈ ഓക്‌സൈഡിനെക്കുറിച്ചും ഒക്കെയുള്ള പ്രാഥമികവും ശാസ്ത്രീയവുമായ അന്വേഷണങ്ങൾ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ, നടത്തിയ പ്രതിഭകളാണ് മേൽപ്പറഞ്ഞവർ. ഫ്യൂറിയറിന്റെ താപ വിശ്ലേഷണ സിദ്ധാന്തം വർത്തമാന ഗ്രീൻ ഹൗസ് അനലോഗിയുടെ പ്രമാണവാക്യമായി മാറുന്നുണ്ടെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു ജീവജാതി എന്ന നിലയിൽ ഭൂമിയിലെ മനുഷ്യ ഇടപെടൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന തിരിച്ചറിവ് കൈവന്നിട്ടും അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ മനുഷ്യവർഗ്ഗം പരാജയപ്പെട്ടതെന്തുകൊണ്ടാണ് എന്നതാണ് കാതലായ ചോദ്യം. തിരിച്ചുപിടിക്കാൻ കഴിയാത്ത രീതിയിലുള്ള ഒരു കാലാവസ്ഥാ പ്രതിസന്ധി- runaway climate change – യിലേക്കാണോ ലോകം നീങ്ങുന്നത് എന്ന ചോദ്യവും പ്രധാനമാണ്. കാലാവസ്ഥാ ശാസ്ത്രവും സാങ്കേതിക വിദ്യകളും ആയിരിക്കുമോ രക്ഷക്കെത്തുന്നത്? അതോ രാഷ്ട്രീയ തീരുമാനങ്ങളോ? കാലാസ്ഥാ മാറ്റങ്ങളെ കേവലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളായി മാത്രം പരിഗണിക്കുന്നതിലൂടെ അനൽപ്പമല്ലാത്ത വീഴ്ച നമ്മളുടെ ഭാഗത്തുനിന്ന് സംഭവിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിഭാവനം ചെയ്യപ്പെട്ട വിവിധ മാർഗങ്ങൾ

കാലാവസ്ഥാ പ്രതിസന്ധിയെ ഒരു യുഗപ്രതിസന്ധിയായി കണക്കാക്കുമ്പോൾ തന്നെ ആ യുഗം മുതലാളിത്തത്തെയും അത് മുന്നോട്ടുവെക്കുന്ന സാമ്പത്തിക-വികസന പരിപ്രേക്ഷ്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണെന്ന തിരിച്ചറിവ് പ്രധാനമാണ്. ഈയൊരു യുഗപ്രതിസന്ധിക്കുള്ള പരിഹാരങ്ങൾ നിലവിലുള്ള വ്യവസ്ഥകൾക്കകത്ത് അന്വേഷിക്കുന്നതിലൂടെ പരിഹാര സാധ്യതകളിൽ നിന്ന് കൂടുതൽ കൂടുതൽ അകലുകയാണ് നാം ചെയ്യുന്നത്. ആൽബെർട്ട് ഐൻസ്റ്റൈൻ, ശരിയായ രീതിയിൽ ചൂണ്ടിക്കാട്ടിയ പോലെ, പ്രശ്‌നങ്ങൾക്ക് കാരണമായ മനോഭാവത്തിൽ നിന്നുകൊണ്ട് അവ പരിഹരിക്കാൻ സാധ്യമല്ല തന്നെ. ഒരു മാതൃകാ മാറ്റത്തിലൂടെയല്ലാതെ കാലാവസ്ഥാ പ്രതിസന്ധി അടക്കമുള്ള പാരിസ്ഥിതിക തകർച്ചകൾക്ക് പരിഹാരം സാധ്യമല്ലെന്ന തിരിച്ചറിവാണ് പ്രധാനം. മനുഷ്യ വർഗ്ഗത്തിന്റെ നാളിതുവരെയുള്ള വളർച്ചയെ ചരിത്രപരമായി വിശകലനം ചെയ്താൽ ഇത്തരമൊരു മാതൃകാമാറ്റം സംഭാവ്യമാണെന്ന് കാണാം. വർത്തമാന സമൂഹത്തിൽ അതിൻ്റെ സംഭാവ്യതകളെ സംബന്ധിച്ച സന്ദേഹങ്ങൾ പ്രബലമായിരിക്കുമെങ്കിൽക്കൂടിയും.

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.