രണ്ടു വഴികളുണ്ട്: ഏത് തെരഞ്ഞെടുക്കും- എം. ടി.യിൽനിന്നും പഠിക്കാനുള്ള ജീവിത മാതൃക
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തു കാരൻ എം ടി വാസുദേവൻ നായരുടെ നവതി ആഘോഷിച്ചു മലയാളികളും മലയാള മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെ കൊണ്ടാടി. തീർത്തും ഉപരിപ്ലവമായ അഭിമുഖങ്ങളും ലേഖനങ്ങളും എല്ലാവരും വൈകാരികമായിത്തന്നെ വായിച്ചു തീർത്തു. എം ടി യുടെ എഴുത്തിനോട് യോജിപ്പും വിയോജിപ്പും ഉള്ളവരുണ്ട്. ജനാധിപത്യ പ്രക്രിയയിൽ അത് സ്വാഭാവികമായും ഉണ്ടാവേണ്ടതുമാണ്. അസാമാന്യനായ ഒരു സംഘാടകൻ കൂടിയാണ് അദ്ദേഹം. അതേക്കാളേറെ അദ്ദേഹം മികച്ച ഒരു വായനക്കാരനാണ് എന്നത് വലിയ ഒരു കാര്യമാണ്. ലോകസാഹിത്യത്തിൽ ആഴത്തിലും വ്യാപ്തിയിലുമുള്ള ആ വായനയില്ലായിരുന്നുവെങ്കിൽ പല മികച്ച എഴുത്തുകാരെ തിരിച്ചറിയാനും അവരുടെ സൃഷ്ടികൾ ഒരു സംശയവും കൂടാതെ പ്രസിദ്ധീകരിക്കാനും തയ്യാറായ സമർത്ഥനായ ഒരു പത്രാധിപരാകാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. പക്ഷപാതമില്ലാതെ എഴുത്തുകാരേയും അവരുടെ എഴുത്തിനേയും നോക്കിക്കാണാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നതും പ്രധാനമാണ്. അത് മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും വായനക്കാരുടെയും ഭാഗ്യമാണ് എന്ന് സുകൃതം, പുണ്യം തുടങ്ങിയ വാക്കുകളൊന്നും ഉപയോഗിക്കാതെ തന്നെ പറയാം. നമ്മുടെ സമകാലികരായ പത്രാധിപന്മാർ എംടിയിൽ നിന്ന് സ്വാംശീകരിച്ചെടുക്കേണ്ട ആദ്യ പാഠമാണിത്. മാർക്വേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങളടക്കമുള്ള വിദേശ ഭാഷയിലുള്ള പല നല്ല പുസ്തകങ്ങളും മലയാളിക്ക് പരിചയപ്പെടുത്തിയതും എം ടി യാണ്.
പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട്. അത് അദ്ദേഹത്തിന്റെ ജീവിതമാണ്. നാല്പത് വയസ്സിനുമുമ്പുതന്നെ ഗുരുതരമായ അസുഖം ബാധിച്ച് ചോര ചർദ്ദിച്ച് മരണത്തെ മുഖാമുഖം കണ്ട മനുഷ്യനാണ് ഇച്ഛാശക്തിയാൽ ജീവിതം തിരിച്ചു പിടിച്ച് പിന്നിട് അരനൂറ്റാണ്ട് നമ്മുടെ മുമ്പിൽ മൗനം കൊണ്ടു പോലും നിറഞ്ഞുനിന്നത്. ഷെർലക്ക് പോലുള്ള ഒട്ടേറെ മികച്ച കഥകൾ, രണ്ടാമൂഴം പോലുള്ള ജനപ്രിയ നോവലുകൾ, ഒട്ടേറെ നല്ലതും ജനപ്രിയവുമായ മുഖ്യധാരാ സിനിമകൾ, തിരൂരുള്ള തുഞ്ചൻ സ്മാരകം, മലയാള സർവ്വകലാശാല, ജ്ഞാനപീഠ പുരസ്കാരം എന്നിവയെല്ലാം ആ രണ്ടാം വരവിലാണ് അദ്ദേഹം നേടിയത്. ആഗോളീകരണത്തിനു ശേഷം ഏതൊരു പ്രാദേശിക ഭാഷയെയും പോലെ മലയാള ഭാഷയും ഭാഷാ പഠനവും നിലനിൽപ്പിനായി ശ്രമിക്കുന്ന ഘട്ടത്തിൽ മലയാള ഭാഷയ്ക്കും പഠന മാധ്യമത്തിനും വേണ്ടി ശക്തമായ നിലപാടെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ രചനകളിലൂടെ മലയാള ഭാഷയെ നവീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവോ അതോ വള്ളുവനാടൻ ഭാഷാ പാരമ്പര്യത്തിൽ തളച്ചിട്ടുവോ എന്നൊക്കെയുള്ള അന്വേഷണം ഇവിടെ പ്രസക്തമായ കാര്യമല്ല. അത് വിപുലമായ മറ്റൊരു ആലോചനയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ സിനിമകളേയും സാഹിത്യ കൃതികളെയും അവയിലെ ഭാഷയെക്കുറിച്ചുമൊന്നുമുള്ള ആലോചനയല്ല ഈ ലേഖനത്തിന്റെ ഉദേശ്യം.
1998 ൽ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ മികച്ച ഒരു പ്രഭാഷണത്തിലാണ് തന്റെ മാതൃഭാഷയുടെ ഇല്ലാതാക്കലിനെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ കെനിയൻ എഴുത്തുക്കാരൻ ഗൂഗി വാ തിയാംഗോ (Ngũgĩ wa Thiong’o) യെപ്പോലുള്ളവരെ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. ഈ പ്രഭാഷണം പ്രാധാന്യത്തോടെ തന്നെ ദേശാഭിമാനി വാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. ആഗോളീകരണ കാലാനന്തരം ചെറു ഭാഷകളുടെ നിലനിൽപ്പ് ഭീഷണിയിലാവുന്ന അവസ്ഥയെ വിശദീകരിച്ച് മലയാള ഭാഷയ്ക്കുവേണ്ടി ശക്തമായി എം ടി നിലകൊണ്ടത് നമ്മുടെ ഭാഷയ്ക്ക് വലിയ താങ്ങുതന്നെയായിരുന്നു. മുത്തങ്ങ സമരത്തിൽ തീഷ്ണമായി പ്രതികരിക്കാനും സംഘ് പരിവാർ നിലപാടുകൾക്കെതിരെ നിർണ്ണായ ഘട്ടങ്ങളിൽ പ്രതികരിക്കാനും അദ്ദേഹം ഒരു സന്ദേഹവുമില്ലാതെ തയ്യാറായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ നിർണ്ണായകമായ ഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് തീർച്ചയായും അതിന്റേതായ പ്രസക്തിയുണ്ട്.
തനിക്ക് പൊരുത്തപ്പെട്ടു പോവാൻ കഴിയാത്ത വിവാഹബന്ധത്തിൽ നിന്ന് സാമ്പ്രദായികതയെ ലംഘിച്ച് വിടുതൽ നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിലെ ശരിതെറ്റുകളും ധാർമ്മികതയും ഇല്ലാതാക്കലുമെല്ലാം അവിടെ നിൽക്കട്ടെ. ആ വിചാരണ മറ്റൊരു സന്ദർഭത്തിലായിക്കോളൂ. സേതുവിന്ന് സേതുവിനോട് മാത്രമേ എന്നും സ്നേഹമുണ്ടായിട്ടുള്ളു എന്ന വാക്യം അദ്ദേഹത്തിന് തന്നെക്കുറിച്ചു തന്നെയുള്ള ഈ തിരിച്ചറിവിൽ നിന്നുണ്ടായതാകാം. നാലുകെട്ട് തിരിച്ചു പിടിച്ച് അമ്മാവനോട് പ്രതികാരം തീർക്കുന്നതുപോലെ ഒരു നാൾ തനിക്ക് ഇറങ്ങി പോരേണ്ടി വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അദ്ദേഹം സർവ്വാദരണീയനായി തിരിച്ചെത്തുന്നു. രാജാവിനെപ്പോലെ എന്ന് പ്രയോഗിക്കാമെങ്കിലും അതിലെ ജനാധിപത്യ വിരുദ്ധതയും കാലഹരണതയും കൊണ്ട് ആ വാക്ക് ഒഴിവാക്കുന്നു. എം ടി യുടെ നവതിയാഘോഷം പോലും സ്വന്തം സ്ഥാപനത്തിന്റെ ഉത്സവമായി ആ സ്ഥാപനം ഏറ്റെടുക്കുന്നു.
ശാസ്ത്രീയമായ മികച്ച ചികിത്സ കൊണ്ടും അതിനെക്കാളേറെ സ്വന്തം ഇച്ഛാശക്തി കൊണ്ടും നേടിയതാണ് അദ്ദേഹത്തിന്റെ ശിഷ്ടകാല ജീവിതം. ഇത്രയും എഴുതിയത് മറ്റൊരു കാര്യം പറയാനാണ്. ചെറുപ്രായത്തിൽത്തന്നെ ഇല്ലാതായിത്തീർന്ന, മരണത്തിനു കീഴടങ്ങി വലിയ ശൂന്യത അവശേഷിപ്പിച്ച് കടന്നുപോയ ഒട്ടേറെ മഹാപ്രതിഭാശാലികൾ ഓർമ്മകളിൽ ഇന്നും മായാതെയുണ്ട്. ഇത്തരം സന്ദർഭത്തെ അഭിമുഖീകരിക്കുന്ന സർഗ്ഗാത്മക പ്രവർത്തനത്തിലേർപ്പെടുന്നവരും സാധാരണക്കാരുമായ ഒട്ടേറെ മനുഷ്യരുമുണ്ട്. അവർക്ക് ഒരു ജീവിത പാഠമാണ് എം.ടി എന്ന് ഞാൻ കരുതുന്നു. മരണത്തിന്റേയും ജീവിതത്തിന്റെയും മുനമ്പിൽ നിൽക്കുന്നൊരാൾക്ക് മരണത്തിലേക്കുള്ള വഴി വിശാലവും ജീവിതത്തിലേക്കുള്ളത് തീർത്തും ഇടുങ്ങിയതുമാണ്. ആദ്യത്തെ വഴി, യാത്രയ്ക്ക് എളുപ്പവും രണ്ടാമത്തേത് ബുദ്ധിമുട്ടേറിയതുമാണ്. ഇങ്ങനെ രണ്ടു വഴികൾ വേർപിരിയുന്നേടത്ത് മരണത്തിലേക്കുള്ള വിശാലമായ വഴിയല്ല, ജീവിതത്തിലേക്കുള്ള ഇടുങ്ങിയതും നിറംകെട്ടതും ഇരുണ്ടതുമായ വഴി സ്വീകരിക്കുക എന്നത് പ്രധാനമാണ്. ജീവിതം ഒന്നേ ഉള്ളു. അത് ജീവിച്ചുതന്നെ ലോകത്തിനു മുമ്പിൽ കാണിച്ചു കൊടുക്കേണ്ടതാണ്. എം ടി യെ സംബന്ധിച്ചേടത്തോളം രണ്ടാമത്തെ വഴി സ്വീകരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ മഹാഭാഗ്യം.എല്ലാ ആദരവും അദ്ദേഹത്തെ തേടി വന്നതവിടെയാണ്. ഈ ജീവിതമാതൃക ഒരു പാഠം തന്നെയാണ്. ഓരോരുത്തരും പഠിച്ചും ചെയ്തും തീർക്കാനുള്ള വലിയൊരു പാഠം.
പ്രതിഭാശാലികളായ പലരും അറിഞ്ഞുകൊണ്ടു തന്നെ ജീവിതമോ മരണമോ എന്ന ദശാസന്ധിയിൽ എത്തിച്ചേർന്നപ്പോൾ, അറിഞ്ഞോ അറിയാതെയോ വിശാലമായ മരണത്തിന്റെ വഴിയിലേക്ക് നടന്നുകയറിയവരാണ്. ജീവിതത്തോട് ക്രിയാത്മകമായി പ്രതികരിച്ചാൽ, ജീവിക്കണമെന്ന ദൃഢനിശ്ചയത്തോടെ, ചെയ്തുതീർക്കാൻ ഏറെ ബാക്കിയുണ്ടെന്നു സ്വയം ബോധ്യപ്പെടുത്തി ജീവിത രീതികളെ ഒന്നു സ്വയം നിന്ത്രിച്ചാൽ, സ്വയം ക്രമീകരിച്ചാൽ ജീവിതത്തിന്റെ പാതകളിൽ ഇന്നും അവർ തങ്ങളുടെ സർഗ്ഗാത്മകതയുമായി പ്രകാശം പരത്തി നിൽക്കുമായിരുന്നു. അവരുടെ പ്രതിഭയുടെ മാസ്മരികത നിറഞ്ഞു നിൽക്കുന്ന പുതിയ സൃഷ്ടികൾ പലതും ചിന്തയുടേയും വികാരത്തിന്റേയും അനുഭവങ്ങളുടേയും അനുഭൂതിയുടേയും വേലിയേറ്റത്തിലേക്ക് നയിച്ചേനേ. അവിടെയാണ് മരണത്തിന്റെ വിശാലമായ പാത ഉപക്ഷിച്ച്, ഇടുങ്ങിയതും ഇരുട്ട് നിറഞ്ഞതും കൂർത്ത കല്ലുകളും മുള്ളുകളുമുള്ള പ്രയാസം നിറഞ്ഞ പാതയിലൂടെ എം.ടി ജീവിതത്തിലേക്ക് തിരിച്ചു വന്നതും പ്രതിഭ കൊണ്ട് പിന്നെയും പ്രകാശം പരത്തിയതും. ഒരു പക്ഷേ, എഴുത്തുകാരൻ, പത്രാധിപർ എന്നീ നിലകളിൽ നേടിയ പെരുമയും സാഹിത്യ സിനിമാ രംഗത്ത് വെറുപ്രായത്തിൽത്തന്നെ നേടിയെടുത്ത അംഗീകാരവും ആദരവും ചെയ്തു തീർക്കാൻ ഇനിയും ഒട്ടേറെയുണ്ട് എന്ന ബോധ്യവുമാവണം ഇങ്ങിനെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം.
റോബർട്ട് ഫ്രോസ്റ്റിന്റെ ‘The Road Not Taken’ എന്ന പ്രസിദ്ധമായ കവിത, സർഗ്ഗാത്മകവും നവീനതയും തുളുമ്പുന്ന പുതിയ വഴി തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് മാത്രമല്ല, ജീവിതവും മരണവും സന്ധിക്കുകയും അതിലൊരു വഴി നിർബന്ധമായും തെരഞ്ഞെടുത്തേ മതിയാവൂ എന്ന പ്രതിസന്ധിയിലെത്തിച്ചേരുകയും ചെയ്യുമ്പോൾ ഒരാൾ സ്വീകരിക്കേണ്ട ജീവിതത്തിന്റെ പാതയെക്കുറിച്ചു കൂടിയുള്ളതാണെന്ന് എം ടി യുടെ ജിവിതം വെച്ച് വായിച്ചെടുക്കാമെന്ന് തോന്നുന്നു.
അനുബന്ധം: (Robert Frost ന്റെ The Road Not Taken എന്ന കവിതയുടെ സ്വതന്ത്ര ഭാഷാന്തരീകരണം)
ഞാൻ ചവിട്ടാത്ത പാത
ശ്രീകാന്ത് താമരശ്ശേരി
മഞ്ഞചൂഴും ശരത്ക്കാല കാനനം
മുന്നിലെൻവഴി രണ്ടായ് പിരിയുന്നു
ഞാനൊരേയൊരു യാത്രികൻ രണ്ടിലു-
മാവതില്ലെനിയ്ക്കൊപ്പം നടക്കുവാൻ
നോക്കിനിന്നൂ വഴിയൊന്നിൽ ഞാനതാ-
ക്കാട്ടുപൊന്തയിൽ പോയ് വളയും വരെ
പുല്ലണിഞ്ഞോരടുത്ത വഴിയിലും
മെല്ലെ നോക്കി ഞാൻ നിന്നൂ കുറച്ചിട
ആദ്യപാതപോൽ,സഞ്ചരിച്ചോരുടെ
കാല്ച്ചുവടു പതിഞ്ഞതുകാരണം
പുല്ലൊരല്പമമർന്നുകണ്ടെങ്കിലും
തെല്ല് കൂടുതൽ നന്നതെന്നോർത്തു ഞാൻ
രണ്ടിലുമിലവീഴ്ത്തി പുലരി ആ-
പ്പുല്ലിൽ വീണ കാൽപ്പാടുമായ്ക്കവേ
മറ്റൊരു ദിനം വന്നു നടക്കുവാൻ
ആദ്യപാതയെ മാറ്റി നിർത്തുന്നു ഞാൻ
വീണ്ടുമീവഴി വന്നിടാൻ സാദ്ധ്യത
വേണ്ടുവോളം വിദൂരത്തിലെങ്കിലും.
പാതയിൽ നിന്ന് പാതയിലേയ്ക്ക് ഞാൻ
വേർനയിക്കപ്പെടുമെന്നറികിലും.
കാലമേറെക്കഴിഞ്ഞെവിടത്തിലോ
ഞാനൊരു നെടുവീർപ്പോടെയോതിടാം:
“കാട്ടിലെൻ വഴി രണ്ടായ് പിരിഞ്ഞനാൾ
യാത്രികരധികം ചവിട്ടാത്തൊരു
മാർഗ്ഗമേ ഞാൻ തിരഞ്ഞതതേ പിന്നെ
ബാക്കി വ്യത്യസ്തമാക്കിയതൊക്കെയും.
ജീവിതത്തെയും സർഗ്ഗാത്മകതയെയും സംബന്ധിക്കുന്ന മികച്ച വീക്ഷണം
ഒരുപാട്വി ചിന്തകൾക്ക്ക്ക തുടക്കമിടുന്ന നല്ല ലേഖനം. മരണം മുന്നിൽ നിന്നപ്പോൾ ജീവിക്കണമെന്ന ഇച്ഛാശക്തികൊണ്ട് അദ്ദേഹം ശരിയായ വഴി തെരഞ്ഞെടുത്തു എന്നത് എം.ടി. എന്ന വ്യക്തിയെക്കുറിച്ചുള്ള, ഞാൻ തീരെ ആലോചിച്ചിട്ടേ ഇല്ലാത്ത, നല്ലൊരു നിരീക്ഷണമാണ്. മറ്റ് പല എഴുത്തുകാർക്കും ആ ഇച്ഛാശക്തി ഇല്ലാതെ പോയതുകൊണ്ട് അവർക്കും മലയാളത്തിനും പരിഹരിക്കാനാവാത്ത നഷ്ടങ്ങളുമുണ്ടായി.
എം.ടി. മലയാളത്തെ വള്ളുവനാടൻ പഴമയുടെ ഗൃഹാതുരത്വത്തിൽ തളച്ചിട്ടുവോ എന്ന ചോദ്യം ഈ ലേഖനം ചോദിക്കുന്നുണ്ട്. ഇല്ല, എന്നാണ് എൻ്റെ മറുപടി. വാസ്തവത്തിൽ എം.ടി.യുടെ കൃതികളെ മുൻനിർത്തി പിന്നീടുണ്ടായ സാംസ്കാരിക വാണിജ്യത്തിൻ്റെ സൃഷ്ടിയായിരുന്നു അത്.