A Unique Multilingual Media Platform

The AIDEM

Articles Culture Society

കാലം മുസ്ലിമിനോട് ആവശ്യപ്പെടുന്നത്…

  • July 22, 2023
  • 1 min read
കാലം മുസ്ലിമിനോട് ആവശ്യപ്പെടുന്നത്…

ഭരണത്തിലും ഭരണകൂട സ്ഥാപനങ്ങളിലും തുലോം പരിമിതമായ പങ്കാളിത്തം മാത്രമാണ് ഇന്ത്യൻ മുസ്ലിമിനുള്ളത്. അതൊരു പുതിയ പ്രതിഭാസമാണെന്നും കരുതാനാവില്ല. സ്വാതന്ത്രാനന്തര കാലത്തിന്റെ തുടക്കം മുതൽ ഭരണത്തിലും ഭരണ സ്ഥാപനങ്ങളിലും ഇന്ത്യൻ മുസ്ലിമിന്റെ വ്യക്തമായ അഭാവം നമുക്ക് കാണാൻ സാധിക്കും. 1992ൽ ബാബരി മസ്ജിദ് പൊളിച്ചത് ഇന്ത്യൻ സമൂഹത്തിൽ തങ്ങൾ അന്യരാണ് എന്ന ബോധം സൃഷ്ടിക്കാൻ മുസ്ലിങ്ങളെ പ്രേരിപ്പിച്ചിട്ടുമുണ്ട്. ഏതാണ്ട് അതേ കാലത്താണ് സൗദി ഇസ്ലാമിന്റെ അഥവാ വഹാബിസത്തിന്റെയുമൊക്കെ പ്രകടമായ സ്വാധീനം ഇന്ത്യൻ മുസ്ലിമിൽ സ്വാധീനം ചെലുത്തുന്നതും, ശരീരം മുഴുവൻ മൂടുന്ന തരം വേഷങ്ങളിലൂടെ തങ്ങളുടെ വിശ്വാസസംഹിതയും അസ്തിത്വവും സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾ മുസ്ലിങ്ങൾക്കിടയിൽ ആരംഭിക്കുന്നതും.

ഭരണത്തിലും ഭരണകൂട സ്ഥാപനത്തിലും മുസ്ലിങ്ങളുടെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നത് ആ സാമൂഹ്യവിഭാഗത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രമത വിഭാഗം മുസ്ലിങ്ങളാണെന്നും അവർ നിരന്തരം പാർശ്വവൽക്കരണത്തിന് വിധേയമാവുന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നുമുണ്ടല്ലോ.

സാമൂഹ്യ പുരോഗതിക്കായി പൊതുവിലും, ദാരിദ്ര്യ നിർമാർജനത്തിനായി സവിശേഷമായും നടപ്പിലാക്കുന്ന പദ്ധതികളാണ് സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്ന് ഏതൊരു സാമൂഹ്യ വിഭാഗത്തെയും കരകയറ്റുന്നത്. എന്നാൽ മതേതര വായാടിത്തം ശീലമാക്കിയ പാർട്ടികളുടെ ഭരണകാലത്ത് പോലും അത് സംഭവിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും മുസ്ലിങ്ങളുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയെ വോട്ട് ബാങ്കാക്കി മാറ്റാൻ മാത്രമെ പരിശ്രമിച്ചിട്ടുള്ളൂ. ഇന്നും അതിന് തന്നെയാണ് പരിശ്രമിച്ച് പോരുന്നതും.

സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കവസ്ഥയിലുള്ള ഒരു ജനവിഭാഗത്തിന് രാഷ്ട്രീയ പ്രവർത്തനം ഒരു ആഡംബരവും സർക്കാർ ജോലി വിദൂരസ്വപ്നവും മാത്രമാണ്. ഉടനടി ലഭിക്കാൻ സാധ്യതയുള്ള സ്വകാര്യ ജോലികളായിരിക്കും അത്തരക്കാരെ കൂടുതൽ ആകർഷിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വന്ന് ചേരുന്ന മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതിന് കാരണവും ഇതാവാം. 

എന്നാൽ സാമ്പത്തികമായ പിന്നോക്കാവസ്ഥയും അതിലൂടെയുണ്ടായ സാമൂഹ്യ-രാഷ്ട്രീയ പിന്നോക്കാവസ്ഥയും സൃഷ്ടിച്ചിട്ടുള്ള ആഘാതത്തേക്കാൾ വലിയ മാനസിക ആഘാതങ്ങൾ നേരിടുകയാണ് മോദി ഇന്ത്യയിലെ മുസ്ലിങ്ങൾ. ഗുജറാത്ത് കലാപത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ട മാനസിക അടിച്ചമർത്തൽ ഇന്ന് ആൾകൂട്ട കൊലപാതകങ്ങളായും നിരന്തര കൊലവിളികളായും പരിണമിച്ചിരിക്കുന്നു. പശുവളർത്തൽ ജീവന് ഭീഷണിയായി കണ്ട് പലയിടങ്ങളിലും ദരിദ്രകർഷക മുസ്ലിങ്ങൾ തങ്ങളുടെ പരമ്പരാഗത തൊഴിൽ മേഖലകൾ ഉപേക്ഷിച്ച് നഗരങ്ങളിലെ ദിവസക്കൂലി തൊഴിലാളിയാവാൻ നിർബന്ധിതരായി തീർന്നിരിക്കുന്നു. മുത്തലാഖ് നിരോധനവും സിഎഎ യും ഇപ്പോൾ ഏക സിവിൽ കോഡ് എന്ന കടലാസ് പുലിയും അവതരിപ്പിക്കപ്പെട്ടത് മുസ്ലിങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തങ്ങൾ ഇന്ത്യയിൽ രണ്ടാംകിട പൗരൻമാർ മാത്രമാണെന്ന അവരുടെ തോന്നൽ അരക്കിട്ടുറപ്പിക്കാൻ കാരണമായിട്ടുമുണ്ട്.

ഏക സിവിൽ കോഡിന്റെ കരട് പ്രസിദ്ധീകരിക്കുകയോ, അതിന്റെ ലക്ഷ്യങ്ങൾ വിശദീകരിക്കപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും ഇത് മുസ്ലിങ്ങളെ ശരിയാക്കാനുള്ള നിയമ പരിഷ്കാരമാണ് എന്ന തരത്തിലാണ് നാട്ടുകാർക്കിടയിൽ ചർച്ച പുരോഗമിക്കുന്നത്. ഇസ്ലാം മതം അനാചാരങ്ങളുടെ കൂടാരമാണെന്ന ധാരണയുണ്ടാക്കുന്നതിൽ സമൂഹത്തിൽ വിഭാഗീയത ആഗ്രഹിക്കുന്നവർ വിജയിച്ചുകഴിഞ്ഞു എന്നാണല്ലൊ ഇതിനർത്ഥം? സമത്വമുണ്ടാകേണ്ടതും നിരന്തരം പരിഷ്കരിക്കപ്പെടേണ്ടതും ഒരു പുരോഗമന സമൂഹത്തിന്റെ നിലനിൽപ്പിന്റെ സ്വഭാവമാണ്. എന്നാൽ മുസ്ലിങ്ങളെ മറുപക്ഷത്ത് നിർത്തിക്കൊണ്ട് നടക്കുന്ന ഏകപക്ഷീയ ചർച്ചകളും സമത്വം അടിച്ചേൽപ്പിക്കാനുള്ള പരിശ്രമങ്ങളും മുസ്ലിങ്ങളുടെ അപരവൽക്കരണത്തിന് മാത്രമെ സഹായിക്കൂ എന്നതാണ് യാഥാർത്ഥ്യം.

സവിശേഷമായ ഈ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷത്തെ മറികടക്കാൻ ആത്യന്തികമായി രാജ്യത്ത് ഭരണകൂട പിന്തുണയോടെ അരങ്ങേറുന്ന ധ്രുവീകരണ ശ്രമങ്ങൾ ഇല്ലാതാവുകയും വോട്ടിന് വേണ്ടി ഞങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളാണ് എന്ന് പറയുന്ന രാഷ്ട്രീയപ്പാർട്ടികളുടെ കാപട്യം തിരിച്ചറിയപ്പെടുകയും വേണ്ടതുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം ആയോ? പൊതുസമൂഹവുമായി ഇഴകിച്ചേരാൻ ഒരു മുസ്ലിമിനെ പ്രേരിപ്പിക്കും വിധം നവീകരണത്തിന് മതസ്ഥാപനങ്ങളും, മുസ്ലിങ്ങൾക്കകത്ത് വിദ്യാഭ്യാസം സിദ്ധിച്ചവരും, വരേണ്യരുമായവർ ചുക്കാൻ പിടിക്കേണ്ട കാലം കൂടിയല്ലെ ഇത്? തീർച്ചയായും വേണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. എന്റെ വ്യക്തിപരമായ അനുഭവങ്ങൾ കൊണ്ട് ഈ വാദത്തെ സാക്ഷ്യപ്പെടുത്താനാവുമെന്നാണ് എന്റെ വിശ്വാസം.

മുസ്ലീങ്ങൾ പ്രാർത്ഥനയിൽ

മലബാറിൽ ഒരു കുഗ്രാമത്തിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. ഒരു യാഥാസ്ഥിതിക സുന്നി കുടുംബത്തിൽപ്പെട്ടയാളാണ് എന്റെ അമ്മ. എന്നാൽ അച്ഛൻ, കേരളത്തിലെ ഇസ്ലാമിനകത്തെ നവോത്ഥാനത്തിന്റെ കാറ്റേറ്റ കുടുംബത്തിൽ ജനിച്ച് വളർന്നയാളും. അമ്മയുടെ വീട്ടുകാർ അറബി ഭാഷയിൽ പ്രാർത്ഥിച്ചപ്പോൾ അച്ഛന്റെ വീട്ടുകാർ മലയാളത്തിൽ പ്രാർത്ഥിക്കുന്നതും അമ്മയുടെ വീട്ടുകാർ പൗരോഹിത്യത്തിന് പ്രാധാന്യം നൽകിയപ്പോൾ അച്ഛന്റെ വീട്ടുകാർ പൗരോഹിത്യത്തെ നിരാകരിക്കുന്നതും ഞാൻ കണ്ടു. ഈ വൈവിധ്യം അന്നേ എന്റെ മനസ്സിനെ മഥിക്കുകയും ഇസ്ലാമിന് പുറത്തുള്ള സമൂഹത്തെ പറ്റി പഠിക്കാനും അവരിൽ ഇഴകിച്ചേരാനുമുള്ള പരിശ്രമങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്തിട്ടുണ്ട്. മനുഷ്യനെന്നാൽ മതമല്ലെന്നും മനുഷ്യൻ തന്നേയാണെന്നുമുള്ള ആധുനിക ധാരണ എളുപ്പം സ്വാംശീകരിക്കാൻ മതത്തിനകത്തെ പരിഷ്കരണ പ്രസ്ഥാനം എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഇന്ന് എന്നെ ‘ഇന്ന മതത്തിൽപ്പെട്ട മനുഷ്യൻ’ എന്ന നിലവിട്ട് ‘മനുഷ്യൻ’ എന്ന നിലയിൽ ആളുകൾ പരിഗണിക്കുന്നത്, ഇസ്ലാമിനകത്തെ പരിഷ്കരണ പ്രസ്ഥാനം എന്നിൽ പാകിയ വിത്തുകൾ നന്നായി മുളച്ചതുകൂടിക്കൊണ്ടാണ്.

കേരളത്തിലെ ശക്തമായ നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു മക്തി തങ്ങൾ മലബാറിൽ നടത്തിയ പരിഷ്കരണ ശ്രമങ്ങൾ. ഉന്നത കുലജാതരായ അഭ്യസ്തവിദ്യരുടെ മാത്രം സംഘടനയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഗാന്ധിജിയുടെ സ്വാധീനത്തിന്റെ ഫലമായി ഖിലാഫത്ത് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനം ഇന്ത്യൻ മുസ്ലിമിനെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനുള്ള മികച്ച പരിശ്രമമായിരുന്നു. മലബാറിൽ പഴഞ്ചൻ ജന്മിത്ത ഭൂബന്ധങ്ങളെ പിന്തുണയ്ക്കാനുള്ള ബ്രിട്ടീഷ് രാജിന്റെ തീരുമാനത്തിനെതിരെ മലബാറിലെ കർഷക തൊഴിലാളികളായ മുസ്ലിങ്ങളുടെ നേതൃത്വത്തിൽ നടന്ന മലബാർ കലാപം ദേശീയ വിമോചന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വിസ്മരിക്കാൻ സാധ്യമല്ലാത്ത ഏടാണ്.

മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപത്തിൽ മതരാഷ്ട്രീയത്തിന്റെ സ്വാധീനമുണ്ടായിരുന്നെങ്കിലും ജന്മിത്ത ഭൂബന്ധങ്ങൾക്കും ബ്രിട്ടീഷ് വാഴ്ചയ്ക്കും എതിരായ ശക്തമായ രാഷ്ട്രീയ സമരം തന്നെയായിരുന്നു മലബാർ കലാപം. ‘ ഞാൻ ഗാന്ധിയെ തൊട്ടു, ഉമ്മാ’ എന്ന് വികാരാവേശത്തോടെ പറഞ്ഞ വൈക്കം മുഹമ്മദ് ബഷീറിൽ ഭഗത് സിംഗ് സ്വാധീനവും പ്രകടമായിരുന്നല്ലോ? നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ ആർമി (INA) യിലും ശ്രദ്ധേയമായ അളവിൽ മുസ്ലിം പങ്കാളിത്തമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ, കേരള ഭഗത്സിംഗ് എന്നറിയപ്പെടുന്ന വക്കം അബ്ദുൽ ഖാദർ ഇന്ത്യൻ നാഷണൽ ആർമിയിലെ ധീരൻമാരുടെ കോർ യൂണിറ്റായ ചാവേർ സ്ക്വാഡിൽ അംഗമായിരുന്നല്ലൊ.

തെക്കേ മലബാർ 1921-ൽ; കലാപം ബാധിച്ച പ്രദേശങ്ങൾ ചുവപ്പ് നിറത്തിൽ

തിരുവിതാംകൂർ പ്രദേശത്ത് ഇസ്ലാം മതനവീകരണത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് വക്കം അബ്ദുൽ ഖാദർ മൗലവി. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദ്യാഭ്യാസത്തെയും ബഹിഷ്കരിക്കുന്ന നിലപാടായിരുന്നു അക്കാലത്ത് ഇന്ത്യൻ മുസ്ലിം സ്വീകരിച്ചിരുന്നത്. അറിവ് നേടുന്നതും കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞുവിടുന്നതും പൗരോഹിത്യത്താലും എതിർക്കപ്പെട്ടിരുന്നു. ഇസ്ലാം മതവിശ്വാസിയെ അജ്ഞതയിലും അന്ധവിശ്വാസത്തിലും തളച്ചിടുന്ന സാഹചര്യങ്ങൾക്കെതിരായായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ. സാമൂഹ്യപുരോഗതിയിൽ വായനയുടെ പങ്ക് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു മൗലവി. സ്വദേശാഭിമാനിയുൾപ്പടെയുള്ള പത്രം ആരംഭിക്കുന്നതിന് പിന്നിലും ധാരാളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നതിലും അദ്ദേഹത്തിന്റെ ഈ മനസ്സിലാക്കൽ പ്രകടമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ സമകാലികനും ആരംഭകാലത്ത് എസ്.എൻ.ഡി.പിയിലെ നിർദേശിത അംഗവുമായിരുന്നു മൗലവി. മനുഷ്യൻ, മതത്താലും ജാതിയാലും അഭിസംബോധന ചെയ്യപ്പെടുകയും വിഭജിക്കപ്പെടുകയും ചെയ്ത കാലത്ത് കാലതിവർത്തിയായ നിലപാടായിരുന്നു മൗലവിയുടെ എസ്.എൻ.ഡി.പി അംഗത്വം.

സാഹിത്യത്തിലുമുണ്ടായിരുന്നു മതനവീകരണത്തിനുള്ള ശ്രമങ്ങൾ. ബഷീർ സാഹിത്യവും കെ.ടി.മുഹമ്മദിന്റെ നാടകങ്ങളുമൊക്കെ അത്തരം പരിശ്രമങ്ങളായിരുന്നു. പാരമ്പര്യത്തിലുള്ള ഹുങ്കിനെ അധിക്ഷേപിക്കുന്ന ‘എന്റെ ഉപ്പുപ്പയ്ക്ക് ഒരാന ഇണ്ടാർന്ന്’ എന്ന നോവലും നാരായണിയെ പ്രേമിക്കുന്ന ബഷീറിനെ അവതരിപ്പിക്കുന്ന ‘മതിലുകളും’ പുരോഗതിയെ പുൽകാനുള്ള ആഹ്വാനമായിരുന്നല്ലോ?

ഒരു കാലത്ത് വളർന്നു വന്ന കമ്പോള സമ്പദ്‌വ്യവസ്ഥയുടെ ആവശ്യമായിരുന്നു മത-ജാതി പരിഷ്കരണവും ജനാധിപത്യ രാഷ്ട്രീയവുമെങ്കിൽ ഇന്ന് പുറകോട്ടുള്ള യാത്രയിലാണ് രണ്ടും. വഴക്കമുള്ള രാഷ്ട്രീയം ഏകാധിപത്യ രാഷ്ട്രീയത്തിലേക്കും വഴക്കമുള്ളതും വ്യക്തിഗതവുമായിരുന്ന മത വിശ്വാസം ഏകശിലാത്മകവും പ്രകടവുമായ വിശ്വാസത്തിലേക്കും മടങ്ങുകയാണിപ്പോൾ. അല്ലെങ്കിൽ ആ പിന്മടക്കത്തിനാണ് ഇന്ന് മുൻതൂക്കം. ഒരു മനുഷ്യനെക്കുറിച്ച് സംസാരിക്കുമ്പോൾ, ചിലപ്പോൾ ഒരാളെ അഭിസംബോധന ചെയ്യുമ്പോൾ പോലും മതവും ജാതിയും ഒരു ഘടകമായി കടന്നുവരുന്നുണ്ടിന്ന്. അവനൊരു തീയനാണെന്നോ, മേത്തനാണെന്നോയൊക്കെയുള്ള പ്രയോഗങ്ങൾ സ്വാഭാവികമെന്നോണം കടന്നുവരുന്നു.

ഒരു കാലത്ത് താരതമ്യേന പുരോഗമന ആശയം പേറിയിരുന്ന എന്റെ അച്ഛന്റെ വീട്ടുകാർ വരെ യാഥാസ്ഥിതികരാവാനുള്ള പരിശ്രമത്തിലാണിപ്പോൾ. ഈ പ്രവണത എല്ലാ ജാതിയിലും മതത്തിലും ഒരുപോലെ പ്രകടമാണെങ്കിലും ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ അപരവൽക്കരിക്കാൻ ഭരണകൂടം തന്നെ മുൻകൈയെടുക്കുന്ന കാലത്ത് മുസ്ലിങ്ങൾക്കിടയിലെ എക്സ്ക്ലൂസീവ്നെസ്സിനുള്ള ശ്രമങ്ങൾ മുസ്ലിങ്ങളെ ഗോത്രസമൂഹം പോലെ കാണാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും അങ്ങനെ അവർ മോദിയുടെ രാഷ്ട്രീയത്തിന് അതിവേഗം ഇരയായി തീരുകയും ചെയ്യുന്നതിന്റെ സൂചനയാണ്. ഈ സാഹചര്യത്തെ ശരിയായി വിലയിരുത്തി കൃത്യമായ മാർഗങ്ങളിലൂടെ നേരിടാനുള്ള പരിശ്രമമാണ് വിദ്യാസമ്പന്നരായ മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് ഇന്നുണ്ടാവേണ്ടത്.

നവോത്ഥാന നായകരുടേയും സാഹിത്യകാരൻമാരുടെയും നേതൃത്വത്തിൽ കേരളത്തിലെ ഇസ്ലാമിനകത്ത് നടന്ന നവോത്ഥാന മുന്നേറ്റത്തിന് പുതുജീവൻ നൽകുകയും അത് രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്യേണ്ട കാലമാണിത്. അന്നത്തെ അതേ പ്രശനങ്ങളല്ല ഇന്ന് മുസ്ലിം സമൂഹം നേരിടുന്നത്. രാഷ്ട്രീയ-സാമ്പത്തിക മണ്ഡലവും വേറെയാണ്. അത് തിരിച്ചറിയാനും അതിനുതകുന്ന രാഷ്ട്രീയത്തെ പുൽകാനും മതത്തിനകത്തെ നവീകരണ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്താനും മുസ്ലിങ്ങൾ തയ്യാറാവണം. ഏത് മതവിശ്വാസിയുടേയും ഉത്തരവാദിത്വമാണ് മേൽപ്പറഞ്ഞതെങ്കിലും പൊതുസമൂഹത്തിൽ നിന്ന് മുസ്ലിങ്ങളെ അകറ്റിക്കളയാനുള്ള ഭരണകൂട ശ്രമങ്ങളുടെ ഇരകൾ എന്ന നിലയ്ക്ക് മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവർ തങ്ങളെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനുള്ള വിപുലമായ ശ്രമങ്ങൾ നടത്തിയേതീരൂ എന്നത് വാസ്തവം. സമൂഹമാകെ പരിഷ്കരിക്കപ്പെടാനുള്ള ഉത്പ്രേരകമായി ഇത്തരം പ്രവർത്തനങ്ങൾ മാറുമെന്നത് നിശ്ചയം.

ഇന്ന് മതത്തിനകത്ത് വ്യാപിക്കുന്ന യാഥാസ്ഥിതികത മതരാഷ്ട്രീയത്തിന് വിത്ത് പാകിയിട്ടുണ്ട്. മതരാഷ്ട്രീയം തിരിച്ച് യാഥാസ്ഥിതികതയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. മതരാഷ്ട്രീയത്തെ മതരാഷ്ട്രീയംകൊണ്ട് നേരിടാം എന്ന് കരുതുന്നവർ മോദി മുന്നോട്ടുവെക്കുന്ന  വിഭാഗീയ രാഷ്ട്രീയത്തിന്റെ വലയിൽ വീണെന്ന് വേണം കരുതാൻ. എത്ര ശക്തമായാലും ജനങ്ങളെ ഐക്യപ്പെടുത്താൻ മതരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സാധിക്കില്ല. മനുഷ്യർക്കിടയിൽ മതത്തിന്റെ അതിർവരമ്പുകൾ സൃഷ്ടിക്കാനേ മതരാഷ്ട്രീയത്തിന് കഴിയൂ.

This map shows the religion or lack-thereof practiced by the majority of persons in each country according to the Pew Research Center's 2010 study The Future of World Religions: Population Growth Projections, 2010-2050.
ഓരോ രാജ്യത്തും ഭൂരിഭാഗം ആളുകളും ആചരിക്കുന്ന മതം അടിസ്ഥാനപ്പെടുത്തിയുള്ള ഭൂപടം

ഇന്ന് പ്രബലമായിരിക്കുന്ന എല്ലാ മതങ്ങൾക്കും ഏറിയോ കുറഞ്ഞോ ഫ്യൂഡൽ ഭരണവ്യവസ്ഥിതിയിൽ സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നു എന്നത് വാസ്തവമാണ്. യൂറോപ്പ്യൻ നവോത്ഥാനത്തിന് മുമ്പുള്ള നൂറ്റാണ്ടുകളിൽ യൂറോപ്പിലെ ഭരണകൂടങ്ങളിൽ കത്തോലിക്കാ മതത്തിനും, സമാന കാലത്ത് അറേബ്യയിലും പേർഷ്യയിലും വ്യാപിച്ചിരുന്ന ഇസ്ലാമിക സാമ്രാജ്യത്തിൽ ഇസ്ലാമിനും, സ്വതന്ത്ര ഇന്ത്യയിൽ ലയിക്കുമ്പോൾ മാത്രം ഇല്ലാതായ തിരുവിതാംകൂറിലും കാശ്മീരിലും ഹിന്ദുമതത്തിനുമുണ്ടായിരുന്ന ദാർശനിക സാന്നിധ്യം ജനാധിപത്യ ഭരണകൂടങ്ങളിലും തുടരണമെന്ന് പറയുന്നവർ ഭൂതകാലത്തേക്കുള്ള തിരിഞ്ഞ് നടത്തത്തിന്റെ വക്താക്കളാണ്. അത്തരമൊരു തിരിഞ്ഞ് നടത്തം കൂടുതൽ ഇരുട്ട് നിറഞ്ഞതും ഇടുങ്ങിയതുമായ പടുകുഴിയിലേക്കാണ് മനുഷ്യനെ തള്ളിവിടുക. അഥവാ മതപരിഷ്കരണ പരിശ്രമങ്ങൾക്ക് പകരം മതരാഷ്ട്രീയത്തെ പുൽകുന്ന മുസ്ലിം തന്റെയും തന്റെ മതത്തിന്റേയും തന്നെ നിലനിൽപ്പിന് ഭീഷണിയായി തീരുകയാണ് ചെയ്യുന്നത്.

യൂറോപ്പ്യൻ നവോത്ഥാനം ആഗോള രാഷ്ട്രീയത്തിൽ യൂറോപ്പിന് മേൽക്കൈ നൽകുകയും ഒന്നാം ലോക മഹായുദ്ധത്തോടെ ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കുകയും ഓട്ടോമൻ ഭൂപ്രദേശത്തെ മാൻഡേറ്റുകളായി യൂറോപ്പ്യൻ ശക്തികൾ വീതം വെക്കുകയും ചെയ്തത് ലോക മുസ്ലിങ്ങൾക്കിടയിൽ യൂറോപ്പ്യനായതെല്ലാം തിരസ്ക്കരിക്കാനുള്ള പ്രവണത സൃഷ്ടിച്ചിരുന്നു. പുരോഗമിച്ച വൈജ്ഞാനിക ധാരണകൾക്കനുസരിച്ച്  സാമ്രാജ്യത്തെ ആധുനികവൽക്കരിക്കാൻ ശ്രമിക്കാതിരുന്നതായിരുന്നു ഓട്ടോമൻ സാമ്രാജ്യം ദുർബലപ്പെടാനും തകർന്നടിയാനും കാരണമായിത്തീർന്നതും.

ഒരുകാലത്ത് ലോക വിജ്ഞാനത്തെ സമ്പന്നമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത മുസ്ലിം ലോകം തകർന്നടിഞ്ഞതിന് പിന്നിലും, ഇന്ത്യയിലെ മുസ്ലിങ്ങളുടെ വൈജ്ഞാനിക പിന്നോക്കാവസ്ഥയ്ക്ക് പിന്നിലും വിജ്ഞാനത്തോട് തിരിഞ്ഞ് നിൽക്കാൻ കൈകൊണ്ട സമീപനത്തിന്റെ സ്വാധീനമുണ്ട്. വിജ്ഞാനം ശത്രുവിൽ നിന്നാണെങ്കിലും സ്വീകരിക്കാനും ആധുനിക ചിന്തകൾ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാനും ശ്രമിക്കലാണ് ഇന്ന് ഇന്ത്യയിലെ ഓരോ മുസ്ലിമിന്റെയും ഉത്തരവാദിത്ത്വം. സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായി പിന്നോക്കാവസ്ഥയിലുള്ള ഒരു മത വിഭാഗത്തിന് ഒറ്റയ്ക്ക് എത്തിച്ചേരാൻ സാധിക്കുന്ന ലക്ഷ്യമല്ലിത്.

പരസ്പരം എതിർപക്ഷത്ത് നിർത്തിയുള്ള മതരാഷ്ട്രീയ ആഭിമുഖ്യമുള്ള ചർച്ചകളോ, തങ്ങളുടെ ഔന്നത്യം വിളിച്ചോതി മതവിശ്വാസിയെ ഇകഴ്ത്തിയുള്ള യുക്തിവാദി സംവാദങ്ങളോ മുസ്ലിങ്ങളെ കേവലം വോട്ടുബാങ്ക് മാത്രമായി കാണുന്ന പാർലമെന്ററി രാഷ്ട്രീയപ്പാർട്ടികളൊ സാമൂഹ്യ പരിഷ്കാരം എന്ന ഉത്തരവാദിത്തം നിർവഹിക്കാൻ യാതൊരു സാധ്യതയുമില്ല. എന്നാൽ പുരോഗമനകാരികളായ പൗരൻമാർക്ക് മുസ്ലിങ്ങൾ നടത്തുന്ന പരിഷ്കരണ മുന്നേറ്റവുമായി ഐക്യദാർഢ്യപ്പെടാനും മാറ്റത്തെ ഉൾകൊള്ളും വിധം സമൂഹത്തെ പരിവർത്തനപ്പെടുത്താനും സാധിക്കും. എന്നാൽ പ്രാഥമികമായും ഇസ്ലാം മത പരിഷ്കരണം ആ മതത്തിൽപ്പെട്ടവരുടെ ചുമതല തന്നെയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന, മതത്തെ ജനാധിപത്യവൽക്കരിക്കാനുള്ള ദുർബലമായെങ്കിലുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ രാജ്യത്തെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ മുസ്ലിം സമൂഹത്തിൽ ജനിച്ച വ്യക്തികൾക്ക് ഇടപെടാനും സാധിക്കൂ. മോദിയുടെ കാലം ഓരോ മുസ്ലിമിനോടും ആവശ്യപ്പെടുന്നത് ആ ഉത്തരവാദിത്വം ഉറപ്പായും ഏറ്റെടുക്കാനാണ്, അല്ലാതെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ അനിശ്ചിതത്വവും അടിച്ചമർത്തലും ഭയന്ന് കൂടുതൽ കൂടുതൽ വിധേയരാവാനോ നാട് വിടാനോ അല്ല.

About Author

എം. കെ. ഷഹസാദ്

എഡിറ്റർ, പക്ഷി മാഗസിൻ, നരവംശശാസ്ത്ര വിദ്യാർത്ഥി

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
9 months ago

Good write up. അത്യാവശ്യം.

ബിജു ബേബി
ബിജു ബേബി
9 months ago
Reply to  Zahira Rahman

കാലത്തിനനിവാര്യം 👍🏻

ഗിരീഷ് വർമ്മ
ഗിരീഷ് വർമ്മ
9 months ago

പറയേണ്ടത്
അറിയേണ്ടത്
ചെയ്യേണ്ടത്
പറഞ്ഞു …

നല്ല ലേഖനം ….

MK SHAHAZAD
MK SHAHAZAD
9 months ago

Thanks