തകഴിയുടെ വഴിയേ
എം.ടി.വാസുദേവൻ നായർ: ഏട്ടന്… എഴുതാൻ ബാക്കിയുള്ള കൃതികൾ… മനസ്സിൽ?
തകഴി ശിവശങ്കരപ്പിള്ള: (കൈകൊട്ടി പൊട്ടിച്ചിരിച്ച്) ആഗ്രഹത്തിന് അതിരുണ്ടോ? ഒരുപാടെഴുതാനുണ്ട്. എങ്കിലും മനസ്സിൽ ഇപ്പോൾ തെളിഞ്ഞുനിൽക്കുന്നത് സൈന്ധവസംസ്കാരത്തിൻ്റെ ഒരു കാലഘട്ടത്തിലെ സാമുഹികജീവിതം ആണ്…(അതാണ്) പ്രധാനമായും മനസ്സിൽ ഉള്ളത്.
മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി., തൻ്റെ ഇഷ്ടകഥാകൃത്തിനെക്കുറിച്ച് തകഴി എന്ന പേരിൽ കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഡോക്യുമെൻ്ററി എടുത്തപ്പോൾ (1998) ഭവ്യതയോടെ ചോദിച്ച ഒരു ചോദ്യവും അതിനു തകഴിയുടെ മറുപടിയുമാണ് മുകളിൽ എഴുതിയത്. തകഴി കഥകളുടെ സാഗരമായിരുന്നു. ചെമ്മീനിൽ മാത്രമേ ‘സാഗരം’ അക്ഷരാർത്ഥത്തിൽ തകഴിയുടെ കഥാസഞ്ചയത്തിൽ കടന്നുവരുന്നുള്ളൂ. എങ്കിലും, തകഴിയുടെ സാഗരം കരയിലാണ് പരന്നുകിടക്കുന്നത്.
ഇത്രയും എഴുതിയപ്പോൾ ഒരു ഫലിതം-ചുഴിഞ്ഞാലോചിച്ചാൽ ഫലിതമല്ലതാനും!- ഓർമ്മവന്നു. ഹിമാലയത്തിലെ അവധൂതനായ ഒരു സന്ന്യാസിയുടെ ‘ജനറൽ നോളജ്’ അളക്കാൻ ഒരു സന്ദേഹി ചോദിച്ചു: ”സ്വാമി, ഭൂമിയിൽ കരയാണോ കടലാണോ കൂടുതൽ?”
”കര,” സന്യാസിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.
”കടൽ എന്നാണ് ഭൂമിശാസ്ത്രത്തിൽ പഠിച്ചിട്ടുള്ളത്,” സന്ദേഹിക്കും സന്ദേഹമായി.
”അതെയോ? അതെനിക്കറിഞ്ഞുകൂടാ,” സന്ന്യാസി പറഞ്ഞു, ”കരയിലല്ലേ കടൽ?”
തകഴിയുടെ കഥകളുടെ പാരാവാരം കുട്ടനാടൻ കാർഷികജീവിതമായിരുന്നു. അതിൻ്റെ സാകല്യമാണ് കയറിൽ കാണുക. കയർ തലമുറ തലമുറകളായി പിണഞ്ഞുനീളുന്ന ജീവിതമാണ്, കൃഷി ജീവനാഡിയായ ജീവിതത്തിൻ്റെ നാരുകളാണ്. കാർഷികജീവിതത്തിൻ്റെ നിരന്തര പരിണാമമാണ്. വൈലോപ്പിള്ളിയുടെ ഭാഷയിൽ പറഞ്ഞാൽ ഈ കയർ ഊഞ്ഞാലും കൊലക്കയറുമാണ്. കയറിൻ്റെ അന്ത്യരംഗങ്ങളിൽ കൃഷി കൊലക്കുടുക്കാകുന്നതിൻ്റെ ദയനീയമായ മുഹൂർത്തങ്ങളിലൂടെയാണ് നാം കടന്നുപോകുക.
‘എഴുത്തുകർഷകൻ’ എന്ന പദവിളക്ക് വൈക്കം മുഹമ്മദ് ബഷീറിൻ്റെതാണ്. എഴുത്തിൻ്റെ മണ്ണിൽ പണിയെടുക്കുന്നവൻ, അല്ലെങ്കിൽ വാക്കുവിതയ്ക്കുന്നവൻ എന്നീ അർത്ഥതലങ്ങളിലാകണം ബഷീർ എഴുത്തിനെയും കർഷകനെയും വിളക്കിച്ചേർത്തിരിക്കുക. അതെന്തുമാകട്ടെ, എഴുത്തുകർഷകൻ എന്നുകേൾക്കുമ്പോൾ നമുക്കാദ്യം മനസ്സിൽ തെളിയുക, തകഴി എന്ന അർധനഗ്നനായ കൃഷീവലനെയാണ്.
പുനലൂർ രാജൻ്റെ ജന്മനാടിൻ്റെ ഏറ്റവും അടുത്ത അയൽക്കാരൻ തകഴി എന്ന നാടും അതേ പേരിലുള്ള ആ നാട്ടുകാരനുമായിരുന്നു. വൈക്കത്തേക്കു പിന്നെയും കുറച്ചു നാഴികകൾ പോകണം. പക്ഷേ, രാജൻ്റെ ആത്മാവിൻ്റെ അയൽക്കാരൻ ബഷീറായിരുന്നു. പിന്നീടവർ ജീവിക്കാൻ തെരഞ്ഞെടുത്ത ദേശം കൊണ്ടും അയൽക്കാരായി. ‘ബേപ്പൂർ സുൽത്താ’ൻ്റെ സാമ്രാജ്യത്തിൽ ഒരു യുവസുൽത്താനായി പുനലൂർ രാജൻ വിരാജിച്ചു-ഫോട്ടോഗ്രാഫർ യുവരാജൻ! 1963-ൽ പരിചയപ്പെടുന്നതുതൊട്ട് ബഷീറിൻ്റെ അന്ത്യശ്വാസം വരെയും രാജൻ കൂടെയുണ്ടായിരുന്നു, പഴയ പ്രസിദ്ധമായ ഉപമ പറഞ്ഞാൽ, നിഴൽപോലെ. ബഷീറിൻ്റെ പതിനായിരത്തിലേറെ ഫോട്ടോകൾ മൂന്നു പതിറ്റാണ്ടു കാലയളവിൽ രാജൻ എടുത്തിട്ടുണ്ട്. എടുക്കാത്ത ഒരു ഫോട്ടോയേയുള്ളൂ: പ്രാണനൊഴിഞ്ഞ ബഷീർ. രാജനെ പിന്തുടർന്നുവന്ന മറ്റൊരു പ്രഗല്ഭ ഫോട്ടോഗ്രാഫർ, റസാഖ് കോട്ടക്കൽ, അതു പൂരിപ്പിച്ചു. ബഷീറിന്റെ നെറ്റിയിൽ അന്ത്യചുംബനമർപ്പിക്കുന്ന പുനലൂർ രാജനെ റസാഖ് പകർത്തിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും, ബഷീറാണോ തകഴിയാണോ പ്രിയപ്പെട്ട എഴുത്തുകാരൻ എന്നു പുനലൂർ രാജനോടു ചോദിച്ചാൽ, ഒരു നിമിഷം പോലും ആലോചിക്കാതെ പറയും: തകഴി. തകഴിയുടെ പ്രിയപ്പെട്ട കൃതി? ചെമ്മീൻ.
”തകഴി, ബഷീർ തലമുറയിൽപ്പെട്ടവരുടെ ഒട്ടുമിക്ക പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ടെങ്കിലും, തകഴിയുടെ കൃതികളാണ് എന്നെ ഏറ്റവും കൂടുതൽ വശീകരിച്ചത്. അതിൽ ഏറ്റവും പ്രിയപ്പെട്ടത് ലോകക്ലാസിക് ഗണത്തിൽപ്പെടുത്താവുന്ന ചെമ്മീനും. ഈ നോവലിനെ കറുത്തമ്മയും പരീക്കുട്ടിയും തമ്മിലുള്ള പ്രണയത്തിൻ്റെ കഥയായി മാത്രം കാണാൻ കഴിയില്ല. മനുഷ്യൻ്റെ പ്രണയത്തിൻ്റെയും മോഹത്തിൻ്റെയും മോഹഭംഗത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും കുശുമ്പിൻ്റെയുമൊക്കെ വൈകാരികാംശത്തെ തനതു ഭംഗിയിൽ അവതരിപ്പിച്ച മഹാകാവ്യമായിട്ടാണ് ഞാൻ ചെമ്മീനിനെ ഇന്നും വായിക്കുന്നത്. പിന്നിട്ട കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ നോവൽ ചെമ്മീനാണെന്ന് ഞാൻ പറയും. അതിൻ്റെ ശരിയായ മഹത്വത്തിൽ നമ്മളത് ലോകത്തെ കാണിച്ചിട്ടില്ല. (‘ചെമ്മീൻ മഹാകാവ്യമാണ്!’പുനലൂർ രാജൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2012 ജൂൺ 24-30)
രസം അതല്ല, ചെമ്മീൻ ഇഷ്ടകൃതിയായി കാണുന്ന ഫോട്ടോഗ്രാഫർ, കടലിൻ്റെ പശ്ചാത്തലത്തിൽ തകഴിയെ ചിത്രീകരിച്ചില്ല. ”തകഴി വിളിച്ചാൽവരുമായിരുന്നു, തൃക്കുന്നപ്പുഴയിലേക്കോ മറ്റോ. സ്നേഹമുള്ളവരോട് ഒന്നിനും എതിരുപറയില്ല. പക്ഷേ, തകഴിയെ എനിക്കു കാണേണ്ടിയിരുന്നത് വയലിലും തൊടിയിലും മുറ്റത്തുമായിരുന്നു,” പുനലൂർ രാജൻ എന്നോടൊരിക്കൽ പറഞ്ഞിരുന്നു.
തകഴി എന്ന ‘ഫക്കീർ അല്ലാത്ത അർധനഗ്നനെ’ ത്രീപീസ് സ്യൂട്ടിൽ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചതും മറ്റാരുമല്ല, പുനലൂർ രാജൻ. 1973-75 കാലഘട്ടത്തിൽ മോസ്കോയിലെ പ്രശസ്തമായ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ, തകഴി അന്നത്തെ സോവിയറ്റ് യൂണിയൻ്റെ ക്ഷണം സ്വീകരിച്ച് മോസ്കോയിലെത്തി. തകഴി നാട്ടിൽനിന്നു പുറപ്പെടുമ്പോൾ തന്നെ രാജനു വിവരം കിട്ടിയിരുന്നു, തകഴിയുടെ സുഹൃത്തുക്കളായിരുന്ന കമ്യൂണിസ്റ്റ് നേതാക്കൾ വഴി. രാജൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അവധിയെടുത്ത് തകഴിയോടൊപ്പം കൂടി. ക്രെംലിനിലും വോൾഗാ തീരങ്ങളിലുമെല്ലാം തകഴിയെ കൊണ്ടുപോയി, പടങ്ങൾ ധാരാളം പിടിച്ചു. ഒരു ദിവസം രാജൻ്റെ സഹപാഠിയും സ്പെയിൻകാരനുമായ അദൽസോ കാസ്സോ എന്ന ചെറുപ്പക്കാരനും ഒപ്പം കൂടി. അവൻ ചെമ്മീൻ സ്പാനിഷിൽ വായിച്ചിരുന്നതിനാൽ തകഴിയോട് കടുത്ത ആരാധനയുണ്ടായിരുന്നു. ”ഒരു സംശയം അവൻ തകഴിയോടു ചോദിച്ചിരുന്നു,” പുനലൂർ രാജൻ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു, ”പരീക്കുട്ടിയും കറുത്തമ്മയും തമ്മിൽ അത്രയ്ക്ക് ഇഷ്ടമായിരുന്നുവെങ്കിൽ അവർക്കു കല്യാണം കഴിച്ചുകൂടായിരുന്നോ?”
തകഴി ചരിത്രത്തിൽ ലയിച്ചപ്പോൾ ഏതാണ്ട് എല്ലാ പത്രങ്ങളിലേയും തലക്കെട്ട് ഇങ്ങനെയായിരുന്നു.
തകഴി കഥാവശേഷനായി
മലയാളത്തിലെ മാധ്യമപ്രവർത്തകർ ഇത്രമാത്രം ഭാവനാദരിദ്രരോ എന്നേ ദോഷൈദൃക്കുകൾക്കു തോന്നൂ! ഇതെഴുതുന്നയാൾ ദോഷൈദൃക്കല്ലാത്തതിനാൽ, അവരുടെ ഭാവനാകുബേരത്വത്തിൽ സന്തോഷിക്കുകയാണുണ്ടായത്. അവരുടെ പ്രിയപ്പെട്ട കഥാകാരൻ്റെ വിയോഗം, മറ്റേതു വാക്കിൽ അവർ രേഖപ്പെടുത്താനാണ്, കഥാവശേഷൻ എന്നല്ലാതെ?
ചിത്രങ്ങൾ : പുനലൂർ രാജൻ, മാങ്ങാട് രത്നാകരൻ്റെ സ്വകാര്യ ശേഖരത്തിൽ നിന്നും