A Unique Multilingual Media Platform

The AIDEM

Articles Kerala Law Politics Society

ജനാധിപത്യത്തിന്റെ മാതാവ് 

  • December 22, 2023
  • 1 min read
ജനാധിപത്യത്തിന്റെ മാതാവ് 

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. പാർലമെന്റിൽ എം.പിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തതും കോടതികൾ പലയിടത്തും ഭരണകൂടത്തിന്റെ നാവായി മാറുന്നതും നമ്മുടെ ജാനാധിപത്യ സംവിധാനത്തെ എങ്ങനെ ദുർബലപ്പെടുത്തുന്നു എന്ന് സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നർമത്തിന്റെ അകമ്പടിയോടെ വിശദീകരിക്കുയാണ് ഈ കുറിപ്പിൽ.


ഇതേവരെ നാം കരുതിപ്പോന്നത് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്നു മാത്രമായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സംഘടനയുടെ എൺപതാമത് പൊതു സഭയെ അഭിസംബോധന ചെയ്യുമ്പോഴാണ് മഹത്തായ ആ രഹസ്യം വെളിപ്പെടുത്തിയത്- ഭാരതം ജനാധിപത്യത്തിന്റെ മാതാവാണ്. കേൾക്കേണ്ട താമസം ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് പുസ്തകവുമിറക്കി. ജനാധിപത്യത്തിന്റെ അമ്മ. ബങ്കിംചന്ദ്രചാറ്റർജിയോ അബനീന്ദ്രനാഥ് ടാഗോറോ ഭാരതമാത എന്ന ചിത്രംവരയുമ്പോൾ ഇത്രയ്ക്കങ്ങ്  ഉദ്ദേശിച്ചിരുന്നതേയില്ല. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ്സുകാർ ഭാരതമാതാ കീ ജയ് എന്ന് ആവർത്തിച്ച് മുദ്രാവാക്യം മുഴക്കുമ്പോൾ അവർ കരുതിയത് ഭാരതമാതാവ് എന്നാൽ ഇന്ദിരാഗാന്ധിയല്ലാതെ മറ്റാരുമല്ലെന്നായിരിക്കണം. എ.ഐ.സി.സി. പ്രസിഡന്റ് ദേവകാന്ത ബറുവ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയതുമാണ്- ഇന്ദിരയെന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര.

സംഘപരിവാറിന് ഇന്ത്യയല്ല, ഭാരതമാണ്- ഭാരതം- ജനാധിപത്യത്തിന്റെ മാതാവ്. ജനാധിപത്യം എന്നാൽ ആൾക്കൂട്ടത്തിന്റെ ആധിപത്യം. ഭൂരിപക്ഷത്തിന്റെ ഏകാധിപത്യം എന്നാണല്ലോ സാരം. ഈ ആധിപത്യത്തിന് തൂണുകൾ നാലാണ്. ഒന്ന് പാർലമെന്റ്, രണ്ടാമത്തേത് എക്സിക്യൂട്ടീവ്, മൂന്നാമത് ജൂഡീഷ്യറി. നാലാമത്തേത് അനൗദ്യോഗിക തൂണാണ്. അതായത് പൂർണമായ തൂണല്ല, ചാരിവെക്കുന്ന താങ്ങാണ്.

ഇന്ദിരാഗാന്ധി

ജനാധിപത്യത്തിന്റെ മാതാവ് കുടികൊള്ളുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ മക്കളോടുള്ള വാത്സല്യം കരകവിഞ്ഞൊഴുകുകയാണിപ്പോൾ. സർവസൈന്യദളങ്ങളുടെയും കാവലുള്ള പാർലമെന്റിൽ കടന്നുകയറി പുകബോംബിട്ട-ദോഷം പറയരുതല്ലോ- സംഘത്തിന് ഏറെ ഇഷ്ടപ്പെട്ട നിറമാണ്. കാവിയോടുത്ത മഞ്ഞ- മഞ്ഞപ്പുകയാണ് പടർത്തിയത്. ആ സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന ചെറിയൊരാവശ്യമേ പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും ഉന്നയിച്ചുള്ളു. ഭരണകക്ഷി എം.പി.യുടെ കത്തുമായി ഗാലറിയിലേക്ക് കടന്നവരാണ് സഭയക്കകത്ത് അക്രമത്തിന് മുതിർന്നതെന്ന പ്രശ്നവുമുണ്ട്. മറുപടി പറയുകയോ പ്രസ്താവന നടത്തുകയോ ചെയ്യുന്നതിന് പകരം കൂട്ടത്തോടെ സസ്പന്റ് ചെയ്യൽ. മൂന്ന് നാൾകൊണ്ട് 143 പേരാണ് സസ്‌പെൻഷനിലായത്. പ്രതിഷേധിച്ചിട്ടും എന്നെന്നേക്കുമായി പുറത്താക്കുന്നതിന് പകരം തൽക്കാലത്തേക്ക് പുറത്തുനിർത്തുക മാത്രമേ ചെയ്തുള്ളു എന്നത് തന്നെ ജനാധിപത്യ മാതാവിന്റെ കരുണാകടാക്ഷമത്രേ. അദാനിക്കെതിരെ ചോദ്യമുന്നയിച്ചതിന്റെ പേരിൽ ചോദ്യക്കോഴ ആരോപിച്ച് തൃണമൂൽ എം.പിയായ മഹുവാ മൊയ്ത്രയെ ഒറ്റയടിക്ക് പുറത്താക്കുകയാണല്ലോ ചെയ്തത്.

ജനാധിപത്യത്തിന്റെ ഈ സനാതന അമ്മയ്ക്ക് തന്റെ മക്കളായ സർവ മനുഷ്യരോടും അങ്ങേയറ്റത്തെ പ്രതിബദ്ധതയാണുള്ളത്. അതുകൊണ്ടാണ് മക്കളിൽ 143 പേരും പുറത്തുള്ളപ്പോൾ, എതിരായി ഒരു ശബ്ദവും ഉയരുകയേയില്ലെന്ന് വ്യക്തമായശേഷം മൂന്നു ബില്ലുകൾ ഏകപക്ഷീയമായി പാസാക്കിയത്. ഐ.പി.സി.യും സി.ആർ.പി.സി.യും ഇന്ത്യൻ എവിഡൻസ് ആക്ടും പുതിയ കുപ്പിയിലാക്കി ഭാഷാന്തരം ചെയ്തു. വിദേശ ഭാഷകൾക്കെതിരെ സംഘചാലക് മോഹൻ ഭാഗവത് ആഞ്ഞടിച്ച ദിവസം തന്നെയാണ് പാർലമെന്റിൽ ഹിന്ദിവൽക്കരണത്തിന്റെ വലിയൊരു ചുവടുകൂടി വെച്ചത്.

സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുന്നു

ജനാധിപത്യമെന്നാൽ ആൾക്കൂട്ടത്തിന്റെ അതിക്രമമാകുന്നു എന്ന ആക്ഷേപത്തിലൊന്നും കാര്യമില്ല. ഡൽഹി സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ അധികാരം സംസ്ഥാന സർക്കാരിനാണെന്ന സുപ്രിംകോടതിയുടെ വിധിയെ അസാധുവാക്കാൻ ആദ്യം ഓർഡിനൻസിറക്കി, പിന്നീട് പാർലമെന്റിനെക്കൊണ്ട് പാസാക്കിച്ച് നിയമമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയോഗിക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രിംകോടതി ചീഫ് ജസ്റ്റിസുമടങ്ങിയ മൂന്നംഗ സമിതിയാണെന്ന് ഒരു വർഷത്തോളം വാദപ്രതിവാദം കേട്ടാണ് സുപ്രിംകോടതി വിധിച്ചത്. വിധി വന്ന ഉടനെതന്നെ ജനാധിപത്യത്തിന്റെ മാതാവ് ഇടപെട്ടു. തിരഞ്ഞെടുപ്പ് ജനാധിപത്യം പുലരാനാണ്. അതിന് മേൽനോട്ടം വഹിക്കേണ്ടവരെ ജനപ്രതിനിധികളല്ലേ തിരഞ്ഞെടുക്കേണ്ടത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആളല്ലല്ലോ സുപ്രിംകോടതിയുടെ ചീഫ് ജസ്റ്റിസ്. ഭരണഘടനാബെഞ്ചല്ല, ഫുൾബെഞ്ച് വിധിച്ചാലും ലെജിസ്ലേച്ചറിനാണ് മേൽക്കൈയെന്നത് മറന്നുകൂട. ലെജിസ്ലേച്ചറിനെ നയിക്കുന്നതാരാ എക്സിക്യൂട്ടീവ്. അതായത് മോദി സർക്കാർ. അങ്ങനെയാണ് സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധിയെ മറികടക്കാൻ ബില്ലുകൊണ്ടുവന്ന് പാസാക്കിയത്. ഈ ബില്ലു പാസാക്കുമ്പോഴും പ്രതിപക്ഷത്തെ സഭയ്ക്ക് പുറത്തുനിർത്തുന്നതിൽ അധ്യക്ഷരുടെ അകമഴിഞ്ഞ പിന്തുണയോടെ സർക്കാർ വിജയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ സർക്കാർതന്നെ നിയോഗിക്കും. ഇ.ഡി.യുടെ തലവനെ വിരമിച്ചിട്ടും വർഷങ്ങളോളം നിലനിർത്തിയത് ചില ക്വട്ടേഷനുകളോടെയാണ്. പ്രതിപക്ഷത്തെ വളഞ്ഞിട്ടു പിടിക്കുകയെന്ന ക്വട്ടേഷൻ. അതുപോലെ തന്നെ ഇനി സി.ഇ.സി.യെയും സംഘത്തെയും വാഴിക്കും. പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന മറ്റൊരു മന്ത്രി, പിന്നെ വിയോജനക്കുറിപ്പെഴുതി ടി.എ. വാങ്ങി പോകാൻ പ്രതിപക്ഷനേതാവും- ജനാധിപത്യത്തിന്റെ മാതാശ്രീ!

ചാരിവെച്ച മാദ്ധ്യമത്താങ്ങടക്കം നാലുകാലുള്ള ജനാധിപത്യമാതാശ്രീയുടെ ഒരു കാലിന് മാത്രമാണ് തരക്കേടെങ്കിൽ പിടിച്ചുനിൽക്കാമായിരുന്നു.  ഏറ്റവുമൊടുവിൽ കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാർത്ത നോക്കുക. ജഡ്ജിക്ക് ഉത്തരവായും കേവലം അഭിപ്രായപ്രകടനങ്ങളായും എന്തും പറയാം, പത്രത്തിൽ വന്നുകൊള്ളും എന്നു വിചാരിക്കുന്ന ജഡ്ജി കൽക്കട്ട ഹൈക്കോടതിയിലും ഉണ്ടെന്നാണ് ആക്ഷേപം വരുന്നത്. വിധി പറയുന്നതിലെ സവിശേഷതകൊണ്ടു മാത്രമല്ല, മാദ്ധ്യമവാർത്താ താല്പര്യം കൊണ്ടുകൂടിയാണ് കൽക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ശ്രദ്ധിക്കപ്പെട്ടത്. മറ്റുള്ള ജഡ്ജിമാർ ഇരുപത് വർഷം നീട്ടിക്കൊണ്ടുപോകുന്ന കേസുകൾ ഞാൻ ആറുമാസംകൊണ്ട് തീർക്കും എന്നടക്കം മാദ്ധ്യമങ്ങളോട് പരസ്യമായി പറഞ്ഞയാളാണ്. ചില ജഡ്ജിമാർ അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ നിർദോഷമെന്ന മട്ടിൽ കേവല അഭിപ്രായപ്രകടനമായാണ് നടത്തുക. അത് വിവാദമായാൽ വാദത്തിനിടയിലെ ഇടപെടലുകൾ കോടതിയുടെ അഭിപ്രായമായി കൊടുക്കരുതെന്ന് പറയും. ആ അഭിപ്രായങ്ങൾ മാദ്ധ്യമങ്ങളിലെ ചർച്ചകൾക്ക് വിഷയമാവും. മാദ്ധ്യമവിചാരണ വേണ്ടെന്ന് സുപ്രിംകോടതി പലതവണ നിർദേശിച്ചിട്ടും അത് നടക്കുന്നു. നീതിപീഠത്തിനും അതിൽ പങ്കില്ലെന്ന് ഉറപ്പിച്ചുപറയാനാവില്ല. അഭിജിത് ഗംഗോപാധ്യായയെ കഴിഞ്ഞദിവസം ക്ഷോഭിപ്പിച്ചത് തന്റെ കോടതി മുറിയിൽ ഒരു വക്കീൽ ചിരിച്ചതാണ്, ചിരി അല്പം ഉച്ചത്തിലായിപ്പോയത്രേ. ഉടനെതന്നെ ആ വക്കീലിനെ പിടിച്ചുപുറത്താക്കാനും കുപ്പായമൂരിച്ച് തടവറയിലാക്കാനുമാണ് ജഡ്ജി ഉത്തരവിട്ടത്. ഡിവിഷൻ ബെഞ്ച് രാത്രി വൈകി കേസ് പരിഗണിച്ച് ഗംഗോപാധ്യായയുടെ അമിതാധികാര വിധി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഗംഗോപാധ്യായയാകട്ടെ അഭിഭാഷകരോഷത്തെ തുടർന്ന് കോടതിയിലെത്താതെ വീട്ടിലിരിപ്പാണ്…… ഇതേ ജഡ്ജിയാണ് ഏതാനും മാസംമുമ്പ് താൻ പരിഗണിച്ചുകൊണ്ടിരുന്ന കേസിനെപ്പറ്റി ചാനലുകളിൽ അഭിമുഖം നൽകി വിവാദത്തിൽപ്പെട്ടത്. സുപ്രിംകോടതി പ്രശ്നത്തിൽ ഇടപെടുകയും ആ കേസിന്റെ ബെഞ്ച് മാറ്റുകയുമായിരുന്നു. സുപ്രിംകോടതി അങ്ങനെ ഇടപെടുന്നില്ലെങ്കിൽ ഇവിടെയും എവിടെയും ചാനൽ ചർച്ചകളിൽ ഭാവിയിൽ യഥാർഥ ജഡ്ജിമാരും കടന്നുവന്നേക്കും. കേരളത്തിൽ തൽക്കാലം റിട്ടയർ ചെയ്ത ഒരു ജഡ്ജിയും ഏതാനും വക്കീലന്മാരുമാണല്ലോ അവതാരകർക്ക് പുറമെ ചാനലുകളിൽ വിധി പ്രഖ്യാപിക്കാനെത്തുന്നത്. ചാൻസലറായ ഗവർണർ ചാനലുകളിലെ രാത്രി ചർച്ചയിൽ ചേർന്നേക്കുമെന്ന് സംശയം ഉയർന്നിരുന്നുവെങ്കിലും ഇതേവരെ സംഭവിക്കാത്തത് ഭാഗ്യമെന്ന് കരുതാം; എന്നുവെച്ചു ഭാവിയിൽ സംഭവിച്ചു കൂടായ്‌കയില്ല!!

അഭിജിത് ഗംഗോപാധ്യ

കൽക്കട്ട ഹൈക്കോടതിയിൽ ഏതാനും മാസംമുമ്പ് ജസ്റ്റിസ് രാജശേഖർ മന്ത എന്ന ജഡ്ജിക്കെതിരെ വക്കീലന്മാർ വൻ സമരം നടത്തി. ജഡ്ജി ബി.ജെ.പി.ക്കുവേണ്ടി പക്ഷപാതപരമായി വിധി പറയുന്നുവെന്നായിരുന്നു പരാതി. കോടതിയിലും ജഡ്ജിയുടെ വസതിക്കു പുറത്തുമെല്ലാം പോസ്റ്ററുകളൊട്ടിച്ച് വലിയ പ്രതിഷേധം. ജഡ്ജിയുടെ മുറി ഉപരോധിക്കാൻവരെ ശ്രമം നടന്നു. സുവേന്ദു അധികാരിയെന്ന ബി.ജെ.പി. എം.എൽ.എക്കുവേണ്ടി വിധി പറയുന്നുവെന്നായിരുന്നു ആരോപണം.

വിക്രമാദിത്യന്റെ സിംഹാസനമല്ല നീതിപീഠം. വിക്രമാദിത്യന്റെ സിംഹാസനത്തിൽ ഭോജരാജാവാകട്ടെ ആരെങ്കിലുമാകട്ടെ കയറിയിരുന്നാൽപ്പിന്നെ നീതിയേ വരൂ എന്നാണല്ലോ ഭാരതമാതാവിൽനിന്ന് നാം പഠിച്ചത്. പക്ഷേ ജനാധിപത്യത്തിന്റെ മാതാവിന്റെ നെടുംതൂണായ ജൂഡീഷ്യറി പഴയതുപോലെ യാന്ത്രികമല്ല, ജഡ്ജിയുടെ വ്യക്തിപരമായ ബോധ്യത്തിനും അവിടെ പ്രാധാന്യമുണ്ട്. കൊളീജിയം ശുപാർശകൾ സർക്കാർ അവഗണിക്കുന്നതും ശുപാർശകളിൽ ചിലത് നിരാകരിക്കുന്നതും മുൻ നിയമ മന്ത്രി കിരൺ റിജിജ്ജു നിരന്തരം സുപ്രിംകോടതിയെ അപമാനിക്കാൻ ശ്രമിച്ചതും അത്രയൊന്നും മാസങ്ങൾക്ക് മുമ്പല്ല. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും പോകുന്നവഴിയേ പോകാൻ നീതിപീഠവും പരോക്ഷമായെങ്കിലും നിർബന്ധിക്കപ്പെടുന്നില്ലെന്ന് എങ്ങനെ പറയും.. ഉത്തരപ്രദേശിൽനിന്നൊക്കെ വരുന്ന ഉത്തരവുകൾ.. ഗുജറാത്തിൽനിന്നൊക്കെ വരുന്ന ഉത്തരവുകൾ. ബിൽക്കിസ്ബാനു കേസിൽ കുറ്റവാളികളെ വിട്ടയച്ചതിനെതിരെ സുപ്രിംകോടതി ഇടപെടാൻ നടത്തിയ ശ്രമം എത്ര ഭംഗിയായാണ് പരാജയപ്പെടുത്തിയത്! കേസ് വൈകിച്ച് വിധി പറയുന്നതിൽനിന്ന് തങ്ങളുടെ ബെഞ്ചിനെ  ഒഴിവാക്കിക്കുകയാണെന്ന് ബെഞ്ച് തന്നെ നിരാശയോടെ വ്യക്തമാക്കുകയുണ്ടായി. കേരളത്തെ അപമാനിക്കാൻ വ്യാജപ്രചരണവുമായി ഹിന്ദുത്വവർഗീയവാദികൾ കേരളാ സ്റ്റോറി എന്ന സിനിമയുമായി വന്നപ്പോൾ കേരള ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് പടം കാണാതെ തന്നെ നിഷ്കളങ്കമാണ് ഉള്ളടക്കം എന്ന് വിധിക്കുകയുണ്ടായല്ലോ. അപ്പോൾ കാര്യങ്ങൾ ഒറ്റത്തൂണിലേക്ക് നീങ്ങുകയാണ്. ഭാരതമാതയുടെ എക്സിക്യൂട്ടീവ് എന്ന ഒറ്റത്തൂൺ.

അങ്ങനെയിരിക്കെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒരു സുപ്രധാന പ്രസ്താവന നടത്തിയിരിക്കുന്നത്. രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതി ധൻകറെ പ്രതിപക്ഷത്തെ ഒരംഗം അനുകരിച്ച് അപമാനിച്ചുവെന്നും അത് നിരാശാജനകമാണെന്നുമാണ് പ്രതികരണം. പാർലമെന്റിൽ അതിക്രമിച്ചുകടന്ന് പുക ബോംബെറിഞ്ഞ സംഭവത്തിൽ ആഭ്യന്തരമന്ത്രി പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചവരെ കൂട്ടത്തോടെ സസ്പന്റു ചെയ്തത് ചെയർമാൻ ധൻകറാണ്. ധൻകറിനെപ്പറ്റി നന്നായറിയുന്നവരാണ് ബംഗാളിലെ രാഷ്ട്രീയക്കാർ. ബംഗാൾ ഗവർണറെന്ന നിലയിൽ തൃണമൂൽ സർക്കാരിനെ നിരന്തരം ദ്രോഹിക്കുന്നതായി ആരോപണമുണ്ടായിരുന്നു. രാജ്യസഭാ ചെയർമാനായശേഷമാകട്ടെ കോടതികളല്ല ലെജിസ്ലേച്ചറാണ് പരമാധികാരിയെന്ന് പലതവണ ഓർമിപ്പിച്ച് സുപ്രിംകോടതിയെ തോണ്ടിയ ആളാണ്. തൃണമൂൽ അംഗം കല്യാൺ ബാനർജിക്ക് ധൻകറിന്റെ ശൈലികൾ ഹൃദിസ്ഥം. സസ്പൻഷനിലായ 143 എം.പി.മാർ പുറത്ത് മുദ്രാവാക്യവും പ്രസംഗവുമായി പ്രതിഷേധിക്കുമ്പോൾ തനതായ ഒരു പ്രതിഷേധ രീതി കല്യാൺ ബാനർജി പുറത്തെടുത്തു. സമ്പൂർണ മിമിക്രി. എം.പിമാർക്ക് നന്നായി രസിച്ചുകാണും. പിന്നെ മാന്യമഹാജനങ്ങൾ ചാനലിലൂടെ ആസ്വദിച്ചും കാണും. പക്ഷേ ധൻകറിനെയല്ല, രാജ്യസഭാധ്യക്ഷനെ അങ്ങനെ അവഹേളിക്കാമോ? ജനാധിപത്യത്തിന്റെ മാതാവല്ലേ ഭാരതം. ആ ഭാരതത്തിലെ ജനാധിപത്യത്തിന്റെ കേന്ദ്രമല്ലേ പാർലമെന്റ്. അവിടെ അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കി ഏകപക്ഷീയമായി ബില്ലുകൾ പപ്പടം ചുടുന്നപ്പോലെ പാസാക്കിയതായി പ്രഖ്യാപിക്കാൻ സർക്കാറിന് അധികാരമുണ്ട്. അതിന് വഴിയൊരുക്കാൻ സഭാധ്യക്ഷന് പരമാധികാരം. എങ്കിൽപ്പിന്നെ അതിനെയൊന്നഭിനയിച്ചു കാണിക്കാനുള്ള സ്വാതന്ത്ര്യം പുറത്താക്കപ്പെട്ടവർക്കുമില്ലേ എന്നതാണ് ചോദ്യം.

കേരളാ ഗവർണർക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കവാടത്തിൽ സ്ഥാപിച്ച കറുത്ത ബാനർ

പക്ഷേ ഇക്കാര്യത്തിൽ കേരളത്തിനും ഒരു പങ്കുണ്ടെന്നാരോപിക്കാൻ ബഹുമാനപ്പെട്ട ചാൻസലർ-ഗവർണർക്ക് വകുപ്പുണ്ട്. തനിക്കെതിരെ പോസ്റ്ററൊട്ടിച്ചവരും ബാനർ കെട്ടിയവരും ജാഥ വിളിച്ചവരും പിണറായി വിജയൻ അയച്ചവരാണെന്നാണല്ലോ അദ്ദേഹം ആരോപിച്ചത്. ഈ മിമിക്രിക്ക് പിന്നിലും പിണറായിയുടെ കറുത്ത കയ്യുണ്ട്. കാരണം ഒരു മാസം മുമ്പാണ് പിണറായി സർക്കാർ മിമിക്രിയെ അംഗീകൃത കലയായി അംഗീകരിച്ച് ഉത്തരവിറക്കിയത്. വിനോദത്തിനായി എന്തിനെയെങ്കിലും, ആരെയെങ്കിലും അനുകരിക്കുന്ന കലയെന്ന് വിശദീകരിക്കുകയും ചെയ്തു. കേരള സംഗീതനാടക അക്കാദമി മുഖേന അപേക്ഷ വാങ്ങി മിമിക്രിയെ മഹത്വവൽക്കരിച്ചത് പിന്നീട് ഡെൽഹിയിൽ പാർലമെന്റിൽ ഉപയോഗിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ അല്ലെന്നാരു കണ്ടു.!! ഒരു പ്രസ്താവനയ്ക്ക് സ്കോപ്പുണ്ട്.

മുന്നണി രാഷ്ട്രീയത്തെപ്പറ്റി ആരിഫ് മുഹമ്മദ്ഖാനെ മറ്റാരും പഠിപ്പിക്കേണ്ടതില്ല. സീറ്റ് വിഭജനത്തിന്റെ അടവും തന്ത്രവും വരെ അത്രത്തോളം വശമുള്ളവർ അധികം കാണില്ല. കാലിക്കറ്റ് സർവകലാശാലയിൽ ബി.ജെ.പി.ക്ക് ഒമ്പതും കോൺഗ്രസ്സിന് ആറും ലീഗിന് അഞ്ചും സെനറ്റംഗങ്ങളെ നൽകി നീതി പാലിച്ചിരിക്കുന്നു. ആർ.എസ്.എസ്സുകാരെയും എ.ബി.വി.പിക്കാരെയും ചാൻസലർ നിയമിച്ചത് അവരുടെ യോഗ്യത അംഗീകരിച്ചുകൊണ്ടായിരിക്കും. അതിനെയെന്തിന് എതിർക്കണം എന്ന് കെ.പി.സി.സി. പ്രസിഡന്റിനെക്കൊണ്ട് പ്രസ്താവനയിറക്കിക്കാൻ വരെ ചാൻസലർക്ക് സാധിച്ചു. എന്നാൽ കേരള വാഴ്സിറ്റിയിൽ മുഴവൻ സീറ്റും സംഘ പരിവാറിന് നൽകേണ്ടിവന്നുവത്രെ. പഴയ ബേപ്പൂർ-വടകര മോഡൽ കാലിക്കറ്റിൽ പരീക്ഷിച്ചതാണ്. കേരളയിൽ മുന്നണി വേണ്ട, ഒറ്റ കക്ഷി മതിയെന്ന് ചാൻസലർ തീരുാമാനിച്ചത് എന്തുകൊണ്ടാണെന്ന് പിന്നീട് വ്യക്തമാവുമായിരിക്കാം.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.