A Unique Multilingual Media Platform

The AIDEM

Articles Kerala Law Politics Society

ഫയൽവാനും കണ്ടപ്പനും

  • December 15, 2023
  • 1 min read
ഫയൽവാനും കണ്ടപ്പനും

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ ഇവിടെ തുടങ്ങുന്നു. കേരള രാഷ്ട്രീയവും കേരളത്തിലെ സമകാലിക സംഭവങ്ങളുമായിരിക്കും ഈ പംക്തിയുടെ ഉള്ളടക്കം. ദേശാഭിമാനി, മാതൃഭൂമി പത്രങ്ങളുടെ കണ്ണൂർ ബ്യൂറോ ചീഫായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്.


പഴയ നാടകത്തിൽ ഭടൻ വടിയുമായിത്തന്നെ പ്രവേശിക്കുന്നതുപോലെയാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി കേരളത്തിൽ പ്രത്യക്ഷനായത്. ഒരിടത്തൊരു ഫയൽവാനെപ്പോലെ വെല്ലുവിളി അന്നേ തുടങ്ങിയതാണ്. രാഷ്ട്രപതിയുടെ പ്രതിനിധി എന്നതിൽനിന്ന് മാറി കേന്ദ്ര ഭരണകക്ഷിയുടെ ഫയൽവാൻ. പൂജകബഹുവചനമായി ‘ർ’ വേണ്ടെന്നും സിംഗുലർ തന്നെമതിയെന്നുമുള്ള വി.കെ.എൻ. തത്വം ഇവിടെ സംഗതമാണെങ്കിലും ഗവർണർ ഗവർണറായിത്തന്നെ തുടരട്ടെ.

താനൊരു വലിയേട്ടനാണെന്നും തനിക്ക് പേടിപ്പിക്കാനാവുമെന്നും ഒരാൾക്ക് തോന്നിയാൽപ്പിന്നെ രക്ഷയില്ലല്ലോ. ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലും ആർ.എൻ. രവിയെ തമിഴ്നാട്ടിലും ഗവർണറായി നിയോഗിക്കുമ്പോൾ കേന്ദ്ര ഭരണകക്ഷി പരിഗണിച്ചത് അവരുടെ പ്രഹരശേഷിയാണെന്നാണ് വൻകിട മാദ്ധ്യമങ്ങൾ നോക്കിക്കണ്ടത്. അവരുടെ കലവറയില്ലാത്ത പ്രോത്സാഹനത്തോടെ തങ്ങൾക്ക് വൻ പ്രഹരശേഷിയുണ്ടെന്ന് ഇരുവരും കരുതിപ്പോരുകയും ചെയ്യുന്നു. സുപ്രിംകോടതി വിധികൾ എതിരാണെങ്കിലും ഭരണകൂടത്തിന്റെ ആമൂലാഗ്ര മലക്കം മറിയലിനിടയിൽ അതിലൊന്നും കാര്യമില്ലെന്ന നിസ്സാരീകരണത്തിലാണിരുവരും. നിയമസഭ പാസാക്കിയയച്ചതും ഗവർണർ തിരിച്ചയച്ചതുമായ ബിൽ വീണ്ടും പരിഗണിച്ചു പാസാക്കിയാൽ അനുമതി നൽകണമെന്ന ഭരണഘടനാതത്വം ലംഘിച്ച ആർ.എൻ. രവി സുപ്രിംകോടതി എതിരായി വിധിച്ചിട്ടും ഒന്നും സംഭവിക്കാത്തപോലെ സമാന്തര ഭരണവും രാഷ്ട്രീയ കളികളും തുടരുന്നു. കേരളാ ഗവർണറായ ആരിഫ് മുഹമ്മദ് ഖാനാകട്ടെ തെരുവിലിറങ്ങി മാദ്ധ്യമങ്ങളുടെ വരവും കാത്തുനിൽപ്പാണ്, സർക്കാരിനെ അധിക്ഷേപിക്കാൻ. ദൃശ്യമാദ്ധ്യമങ്ങൾക്കാവട്ടെ അത് നല്ല ഹരവും. ശ്ലീലമല്ലാത്തതിന്റെ മാർക്കറ്റ്.

ഇർഫാൻ ഹബീബിനെ തെരുവുഗുണ്ടയെന്നും തന്റെ കീഴിലുള്ള വൈസ്ചാൻസലറായ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലെന്നും ആക്ഷേപിച്ച അതേ നാവുകൊണ്ടാണ് തന്റെ നടപടിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ബ്ലഡി ക്രിമനൽസ് എന്ന് വിളിച്ചത്. കവലകളിൽ ഇറങ്ങിനിന്ന് ചാനലുകളെ കാത്തുനിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗവർണർ എന്ന ഖ്യാതിയേ ഇതേവരെ ഖാന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ കവലകളിൽ ഇറങ്ങിനിന്ന് കീരിക്കാടൻ സ്റൈ്റലിൽ ഈ ഫയൽവാനെ തടുക്കാനാരെന്ന് ചോദ്യമുയർത്തുന്നു.

എൺപതാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ വേദിയിൽ നിന്ന്

സംസ്ഥാനഭരണത്തലവൻ, രാഷ്ട്രപതിയുടെ പ്രതിപുരുഷൻ എന്നീ സ്ഥാനങ്ങളുടെ ദണ്ഡ കയ്യിലുള്ളപ്പോഴും വാപൊത്തിക്കണ്ടല്ല, തലേക്കെട്ടഴിച്ച് അരയിൽ തിരുകിയല്ല, നേർക്കുനേരെനിന്ന് ചോദ്യങ്ങളുമായി വരുകയാണാളുകൾ.

അത്തരമൊരു സന്ദർഭത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വരൂപം കാണപ്പെട്ടത്. കണ്ണൂർ സർവകലാശാലയിൽ നടന്ന എൺപതാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിൽ. ഉദ്ഘാടകനായ ഗവർണർ സിംഹാസനത്തിൽ ഉപവിഷ്ഠനായിരിക്കെ അദ്ദേഹം കേൾക്കത്തക്കവിധം മറ്റൊരാൾക്ക് പ്രസംഗിക്കാമോ എന്നതാണന്നത്തെ പ്രോട്ടോകോൾ പ്രശ്നം. പ്രസംഗിച്ചതാരാണ്, അപരിചിതനൊന്നുമല്ല, താൻ വിദ്യാർഥിയായിരിക്കെ അതേ സർവകലാശാലയിലെ പ്രൊഫസർ, അന്നേതന്നെലോകപ്രശസ്തനായ ഇന്ത്യൻ ചരിത്രകാരൻ. പ്രസംഗിച്ചതോ ഇന്ത്യൻ ചരിത്രകോൺഗ്രസ്സിൽ. കൗൺസിലിന്റെ മുൻ പ്രസിഡന്റെന്നനിലയിൽ ആമുഖഭാഷണം നടത്തുകയായിരുന്നു പ്രൊഫ. ഇർഫാൻ ഹബീബ്. വേദിയിൽ ഇർഫാനെ കണ്ടതുമുതൽ ഗവർണറുടെ മുഖം വിവർണമാകുന്നുണ്ടായിരുന്നു. കാലുമാറ്റത്തിന്റെ ബലത്തിൽ ബി.ജെ.പിയുടെ ഗുഡ്ബുക്കിൽ വരുകയും ഗവർണറുദ്യോഗം കൈവരുകയുംചെയ്ത താനെവിടെ, നാട്ടുകാരനും വിശ്വപ്രസിദ്ധനുമായ ഇർഫാൻ ഹബീബ് എവിടെ?

രാജ്യത്ത് വർഗീയവൽക്കരണം സമ്പൂർണമാക്കുന്നത്തിന് തുടക്കം കുറിച്ച പൗരത്വനിയമഭേദഗതി കൊണ്ടുവന്ന സന്ദർഭമാണ്. കൊറോണ ലോകത്തെ ആക്രമിക്കുന്നത് പിന്നെയും ഒരു കൊല്ലം കഴിഞ്ഞാണ്. ഇർഫാൻ ഹബീബിന്റെ പ്രസംഗത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തിയായി പ്രതികരിച്ചു. ചരിത്ര കോൺഗ്രസ്സിന് ആതിഥ്യം നൽകുന്ന സർവകലാശാലയിൽ, ചാൻസലർ ഇരിക്കെ കേന്ദ്രസർക്കാരിനെ വിമർശിക്കുകയാണ്, ആക്ഷേപിക്കുകയാണ് ഇർഫാൻ ഹബീബ് ചെയ്തത്. വലിയേട്ടനിരിക്കെയോ വിമർശം. ഇർഫാനെതിരെ മാത്രമല്ല. ചരിത്രകാരന്മാർക്കും ചരിത്രകോൺഗ്രസ്സിനുമെതിരെ ആക്ഷേപവുമായി ഉദ്ഘാടനപ്രസംഗം തുടങ്ങിയ ആരിഫ് മുഹമ്മദ് ഖാൻ പൗരത്വനിയമഭേദഗതിയെ മുക്തകണ്ഠം പ്രശംസിക്കാൻ തുടങ്ങിയപ്പോൾ ഇർഫാൻ ഹബീബ് പ്രതിഷേധവുമായി അടുത്തേക്ക് നീങ്ങി. സദസ്സിൽ ചരിത്രകാരന്മാർ പൗരത്വനിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധം എഴുതിയ കടലാസുകൾ ഉയർത്തിക്കാണിക്കുകയും ചെയ്തു.

ഇർഫാൻ ഹബീബ് തന്നെ ആക്രമിക്കാൻവന്നു, ഇർഫാൻ തെരുവുഗുണ്ടയാണ് എന്നാണ് കുപിതനായ ഗവർണർ ആരോപണമുന്നയിച്ചത്. 91 വയസ്സുളള വൃദ്ധനായ ഇർഫാൻ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന്! ഇർഫാനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്താത്തതിന്റെ പേരിൽ കണ്ണൂർസർവകലാശാലാ വൈസ്ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നാണ് ചാൻസലറായ ഗവർണർ ആക്ഷേപിച്ചത്. അതിന്റെ മറ്റൊരു രൂപമാണ് എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയപ്പോൾ കാറിൽനിന്ന് പുറത്തിറങ്ങി വരിനെടാ, ബ്ലഡി ക്രിമിനൽസ് എന്ന് ആക്രോശിച്ചത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റോഡിൽ നിന്നുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്നു/ WION

താൻ ഭരണത്തലവനാണെന്നവകാശപ്പെടുന്ന സർക്കാരിനും അതിന്റെ തലവനുമെതിരെ ദിവസേന റോട്ടിലിറങ്ങി ആക്ഷേപമുന്നയിക്കുന്നേടത്തോളം ഏതെങ്കിലും ഭരണഘടനാസ്ഥാപനത്തിന് പതനമുണ്ടായാൽ പറഞ്ഞിട്ടെന്തുകാര്യം. പക്ഷേ നമ്മുടെ ഭൂരിഭാഗം മാദ്ധ്യമങ്ങളും അത് വാരിക്കോരി ഭക്ഷിക്കുകയും ജനങ്ങളിലേക്ക് വിസർജ്ജിക്കുകയും ചെയ്യുന്നു.

കോടതി പിരിഞ്ഞാലാണ് ആരിഫ് മുഹമ്മദ് ഖാന് ലോ പോയിന്റ് വരിക. കണ്ണൂർ സർവകലാശാലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വൈസ്ചാൻസലാറാക്കി ഉത്തരവിട്ടത് ചാൻസലറായ ഗവർണറാണ്. പിറ്റേന്നുതന്നെ തുടങ്ങി, അത് വലിയ തെറ്റാണെന്ന്. യു.ജി.സി ചട്ടപ്രകാരം പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി തന്നോട് നേരിട്ടാവശ്യപ്പെട്ടത്, പക്ഷേ താനതിന് വഴങ്ങിപ്പോയി എന്നാണ് ചാൻലർ പറഞ്ഞത്. സർക്കാരിന്റെ ഉപദേശം സ്വീകരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും തന്നിഷ്ടമല്ല മാനദണ്ഡമെന്നും ഭരണഘടന പറയുന്നു, സുപ്രിംകോടതി നിരന്തരം ഓർമിപ്പിക്കുന്നു. ഗോപിനാഥ് രവീന്ദ്രനെ വൈസ്ചാൻസലറായി വീണ്ടും നിയമിക്കണമെന്ന് സർക്കാർ ഉപദേശിച്ചാൽ ചട്ടപ്രകാരമല്ലെന്ന് തനിക്ക് തോന്നുകയാണെങ്കിൽ നിരസിക്കാം. പക്ഷേ അംഗീകരിക്കുകയും പിന്നീട് സമ്മർദത്തിന് വഴങ്ങുകയായിരുന്നുവെന്നും കോടതിയിൽ അങ്ങോട്ടുപോയി പറയുകയും നാൽക്കവലകളിൽ വെച്ച് ചാനലുകളോട് ഘോഷിക്കുകയുമാണ് ഗവർണർ ചെയ്തത്. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കുന്നതിൽ അര ശതമാനംപോലും പിശകില്ല, എന്നാൽ സമ്മർദത്തിന് വഴങ്ങിയാണത് ചെയ്തതെന്ന് ചെയ്തയാൾതന്നെ പറയുമ്പോൾ അത് റദ്ദാക്കാതിരിക്കാൻ ന്യായമില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. സർക്കാരിന്റെ ആവശ്യത്തെക്കുറിച്ചല്ല, ഗവർണർ സമ്മർദത്തിന് വഴങ്ങിയതാണ് നീതിപീഠം എടുത്തുകാട്ടിയത്. അപ്പോൾപ്പിന്നെ ഗവർണർസ്ഥാനത്തുനിന്ന് ഉടനടി രാജിവെക്കുകയല്ലേ കാമ്യം എന്ന് ചോദിച്ചിട്ടെന്തുകാര്യം.

ഡോ. ഗോപിനാഥ് രവീന്ദ്രൻ

സംസ്ഥാനത്ത് ഭരണം നടത്തുന്ന ഇടതുമുന്നണിയും ഭരണത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രം നിയോഗിച്ച ഗവർണറും രണ്ടു ജനുസ്സാണ്. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന് പ്രോ ചാൻസലറായ വിദ്യാഭ്യാസമന്ത്രി അഭ്യർഥിക്കുന്നതും മുഖ്യമന്ത്രി അതിന്റെ പ്രാധാന്യം വിവരിച്ചുകൊടുക്കുന്നതും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെയും മുന്നണിയുടെയും മാത്രമല്ല, കേരളത്തിലെ ഉത്പതിഷ്ണുക്കളുടെയാകെ താല്പര്യമാണ്. വാസ്തവത്തിൽ എന്താണവിടെ നടന്നത്? സംസ്ഥാനത്തെ ഒരു സർവകലാശാലയിലെ(കണ്ണൂരല്ല) വൈസ്ചാൻസലർ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ നിയോഗിക്കുന്നതിന് പതിവുപോലെ സർക്കാർ( ഇവിടെ ഉന്നതവിദ്യാഭ്യാസവകുപ്പ്) നിർദേശിക്കുന്ന പേരുമായി വകുപ്പ് മന്ത്രി ചാൻസലറായ ഗവർണറ അദ്ദേഹത്തിന്റെ സന്നിധിയിലെത്തി മുഖംകാണിക്കുന്നു. അപ്പോൾ ചാൻസലർ പറയുന്നു, എന്റെ പ്രതിനിധിയെ ഞാൻതന്നെ നിശ്ചയിക്കുമെന്ന്. യു.ജി.സിയുടെ പ്രതിനിധിയെ കേന്ദ്രസർക്കാർ നൽകും. ചാൻസലറുടെ പ്രതിനിധിയെയും കേന്ദ്രസർക്കാർ നൽകും. അതായത് സംഘപരിവാർ നൽകും. മൂന്നിൽ ഒരംഗത്തെ സർവകലാശാലാ സെനറ്റിന് തീരുമാനിക്കാം. അതായത് മൂന്നു പേരടങ്ങിയ സർച്ച് സമിതി ഭൂരിപക്ഷപ്രകാരം മൂന്ന് പേര് നിർദേശിക്കും. അതിലൊരാള ചാൻസലർ നിയമിക്കും. 2025ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദിയാകുമ്പോഴേക്കും രാജ്യത്തെ എല്ലാ സർവകലാശാലകളിലെയും വൈസ്ചാൻസലമാർ സംഘികളോ സംഘി ബന്ധുക്കളോ ആകും. പ്രോ വൈസ്ചാൻസലർമാരും അങ്ങനെതന്നെ. കാരണം അതിന്റെ നിയമനാധികാരി വി.സി.മാരാണ്. ഇങ്ങനെ സർവകലാശാലകളെ മുഴുവൻ പിടിച്ചെടുത്ത് കാവിവൽക്കരണം സമ്പൂർണമാക്കുന്നതിന്റെ തുടക്കം കുറിച്ചെന്ന് ഗവർണറുടെ വാക്കിൽനിന്ന് മനസ്സിലായ സർക്കാർ പൊടുന്നനെ സ്വീകരിച്ച പൊടിക്കൈയായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമന ശുപാർശ.

തൽക്കാലം ആ പോയന്റ് കത്താതെ പോയതിനാൽ ആരിഫ് മുഹമ്മദ് ഖാൻ പുനർനിയമന ഫയലിൽ ഒപ്പുവെച്ചു. അത്രയുമാണ് കാര്യങ്ങൾ. സർവകലാശാലകളിൽ എന്താണ് തന്റെ ലക്ഷ്യം എന്ന് ഇപ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ പൂർണ രൂപത്തിൽ വെളിപ്പെടുത്തിയത്. തനിക്കെതിരെ പ്രതിഷേധിക്കുകയും പ്രമേയം പാസാക്കുകയും ചെയ്ത കേരള സർവകലാശാലാ സെനറ്റംഗങ്ങളെ പിരിച്ചുവിട്ട ആളാണ്. ഹൈക്കോടതി അത് റദ്ദാക്കി നല്ല സന്ദേശം നൽകിയിട്ടും അദ്ദേഹത്തിന് മനസ്സിലായില്ല. സർവകലാശാലാ സെനറ്റുകളിലേക്ക് സംഘപരിവാർ പ്രവർത്തകരെയും അനുഭാവികളെയും നാമനിർദേശം ചെയ്ത് പദവി ദുരുപയോഗിക്കുകയാണ്. ഒരു ഭാഗത്ത് പാഠ്യപദ്ധതി അട്ടിമറിച്ച് വർഗീയവൽക്കരണം, അത് നടപ്പാക്കിക്കുന്നതിന് ഗവർണർമാർ മുഖേന എല്ലാ സർവകലാശാലകളുടെയും ഭരണം പിടിച്ചെടുക്കൽ. അതിൽ ബംഗാൾ ഗവർണറായിരുന്ന ധൻകർ വലിയ മിടുക്കാണ് കാണിച്ചത്. 24 സർവകലാശാലയിൽ ഒറ്റയടിക്ക് വി.സിമാരെ നിയമിക്കാനുള്ള ശ്രമം തുടങ്ങി വെച്ചത് അദ്ദേഹമാണ്. ധൻകറുടെ വഴിയേയാണ് ആരിഫ് മുഹമ്മദ് ഖാന്റെയും സഞ്ചാരം. നിയമസഭ പാസാക്കിയ തീരുമാനങ്ങൾക്ക് ഉടക്കുവെച്ച് ഒന്നിനും സമ്മതിക്കില്ലെന്ന പ്രഖ്യാപനം. സർവകലാശാലാ ഭരണത്തിൽ സംസ്ഥാന സർക്കാരിനുള്ള പങ്ക് അവിടത്തെ ചെലവ് നൽകുക, ക്രമസമാധാനം പാലിക്കുക, ചാൻസലർ കല്പിക്കുന്നതെല്ലാം ചെയ്യുക എന്നതിലേക്കാണ് കേന്ദ്രത്തിന്റെയും യു.ജി.സി.യുടെയും പോക്ക്. ഇടക്കിടെ റഗുലേഷൻ ഭേദഗതി ചെയ്ത് ഏതാണ് യു.ജി.സി. ചട്ടമെന്ന് ആർക്കും തിട്ടമില്ലാത്ത അവസ്ഥയും സൃഷ്ടിക്കുന്നു.

സുപ്രിം കോടതി

സംസ്ഥാനങ്ങളിലെ ഭരണത്തിൽ സമാന്തരശക്തിയായി പ്രവർത്തിക്കുകയോ, കേന്ദ്രത്തിന്റെ കേവല ഏജന്റായി പ്രവർത്തിക്കുയോ, സംസ്ഥാന ഭരണത്തിൽ ഇടങ്കോലിടുകയോ ചെയ്യരുതെന്ന് സുപ്രിംകോടതി പലതവണ ഗവർണർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടും അതേ സമീപനം തുടരുകയാണ്. പണ്ട് കേരളത്തിലെ ചില മേഖലകളിൽ സംഘക്കളി, യാത്രകളി എന്നിങ്ങനെ ചില കളികളുണ്ടായിരുന്നു. പാനേങ്കളിപ്പാട്ടിന്റെ ഭാഗം. ഇട്ടിക്കണ്ടപ്പനാണതിലെ ഒരു പ്രധാന കഥാപാത്രം. ഒരു കറുത്ത പാന്റും കോട്ടും ധരിച്ച് രംഗത്തിറങ്ങുന്ന ഇട്ടിക്കണ്ടപ്പകൈമൾ എന്ന കഥാപാത്രത്തിന്റെ ശൈലിയറിയാൻ കവി എൻ.എൻ. കക്കാടിന്റെ 1963 എന്ന പ്രസിദ്ധ കവിതയിലെ ചില വരികൾ ചുവടെ കൊടുക്കാം.

വരണ്ടുമങ്ങിയ കവലയിൽ
പകച്ചുനിൽക്കുന്നു പാന്ഥന്മാർ
തെരുവിന്നരികിൽ ദിവ്യൗഷധമനവധി
നിരത്തിനിൽക്കുന്നു കണ്ടപ്പൻ
വഴിപോക്കർക്കുപദേശം നൽകുന്നു
“അടിക്കൊല്ലാ തളിക്കൊല്ലാ
അടുപ്പിൽ തീയെരിക്കൊല്ലാ
ഉണ്ണൊല്ലാ ഉറങ്ങൊല്ലാ
ഉറങ്ങ്യാൽപ്പിന്നുണരൊല്ലാ”

പിന്നിൽ പടിഞ്ഞിരിക്കുന്നു ശിഷ്യന്മാർ…………………….അവർ നിർത്തുന്നില്ല, എനിക്കുപിന്നിലീ ലോകം മുടിഞ്ഞു കള്ളിപൊന്തട്ടെ എന്ന അനുഗ്രഹവചസ്സുമുണ്ട്.

പാനേങ്കളിയിൽ ഇട്ടിക്കണ്ടപ്പൻ അരങ്ങിലെത്തിയാൽ കളിക്കാർ ചോദിക്കും, വിതച്ചോട്ടേ… മറുപടി വിതച്ചൂടാ, വിതച്ചാലാ വളർന്നൂടാ, വളർന്നാലോ കൊയ്തൂടാ….


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.

5 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
പി. M. സാബിർ
പി. M. സാബിർ
11 months ago

നല്ല ലേഖനം. വിവരവും വിവേകവും ഇല്ലാത്ത ഗവർണൻ മലയാളിക്ക് അപമാനം

Janardanan P
Janardanan P
11 months ago

വളരെ നല്ല തുടക്കം. ഗവർണറുടെ നാളിത് വരെയുള്ള സംഘിയാത്ര, നമ്മെ ബാധിക്കുന്നത് ഇവിടം അനാവൃതമായിരിക്കുന്നു. കേരള രാഷ്ടിയത്തിലെ മൂർത്തമായ പ്രശ്നത്തിൽത്തന്നെ തുടക്കം കുറിച്ചതിന് അഭിനന്ദനങ്ങൾ.

Venu Edakkazhiyur
Venu Edakkazhiyur
11 months ago

ഗംഭീരമായി, തുടക്കം. തുടരുക, തുടരുക… അഭിവാദ്യങ്ങൾ

പി.കെ. തിലക്
പി.കെ. തിലക്
11 months ago

വെടിക്കെട്ട് തുടക്കം. തുടരട്ടെ

A K PADMANABHAN
A K PADMANABHAN
11 months ago

സമകാലിക പ്രശ്നങ്ങളെ കൂറിച്ച് പുതിയ പംക്തി തുടങ്ങിയത് നന്നായി കേരള ഗവർണറുടെ സമീപകാല നടപടികൾ ബിെ ജെ പി യെ രൃപ്തി പ്പെടുത്തി തുടർന്നും ഗവർണർ പദവി നിലനിർത്തുന്നതിനോ കൂടുതൽ ഉയർന്ന പദവികൾ നേടിയെടുക്കുന്നതിനോ വേണ്ടിയുള്ള തി നാ ണ് ബംഗാളിൽ മമതേയോട് നിരന്തരം ഏറ്റുമുട്ടി ഉപരാഷ്ട്ര പദവിയിലെത്തിയ ഗവർണറുടെ പാതയാണ് ആരിഫ് മുഹമ്മദ് ഖാൻ പിന്തുടരുന്നത് ഇതെല്ലാം കാണുമ്പോഴാണ് നാം ജസ്റ്റിസ് സദാശിവത്തിന്റെ നീതി ബോധത്തെയും മഹത്വത്തെയും ഓർത്തു പോവുന്നത്