A Unique Multilingual Media Platform

The AIDEM

Articles Culture Law National Politics

എല്ലാവരെയും ചേർത്തുനിർത്തുന്ന ഗ്യാരണ്ടിയും അള്ളുവെപ്പും

  • February 18, 2024
  • 1 min read
എല്ലാവരെയും ചേർത്തുനിർത്തുന്ന ഗ്യാരണ്ടിയും അള്ളുവെപ്പും

പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. പുരാണങ്ങളെ ശാസ്ത്ര സത്യമായിക്കണ്ട് ദൈനംദിന ജീവിതത്തെ അയുക്തിക ആചാരമാക്കി മാറ്റുന്ന മതരാഷ്ട വാദികൾ രാജ്യശരീരത്തിലേല്പിക്കുന്ന മുറിവുകളും കർഷക സമരത്തെ അള്ളു വെച്ച് തകർക്കാൻ നോക്കുന്ന കേന്ദ്ര സർക്കാർ സമീപനവും ഇവിടെ വിമർശ വിധേയമാകുന്നു.


ദുബായിയിൽ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം എല്ലാവരേയും ഹഠാദാകർഷിക്കുകയുണ്ടായി. കാരണം എല്ലാവരേയും ചേർത്ത് നിർത്തണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. പണ്ട് ധൃതരാഷ്ട്രറാണ് ഐതിഹാസികമായ ചേർത്ത് നിർത്തൽ നടത്തിയത്. ഭാരതയുദ്ധം കഴിഞ്ഞ ശേഷമായിരുന്നു അത്. യുദ്ധത്തിൽ ജേതാക്കളായ പാണ്ഡവന്മാർ മൂത്തപ്പനെ കാണാൻ പോയതാണ്. ഓരോരുത്തരെയായി ചേർത്തുപിടിച്ച് ആലിംഗനം ചെയ്യുകയാണ് അന്ധനായ അദ്ദേഹം. 

അബുദാബിയിലെ ക്ഷേത്ര ഉദ്ഘാടനം

രണ്ടാമതായി ചേർത്ത് പിടിക്കേണ്ടത് ഭീമസേനനെയാണ്. നന്നായൊന്ന് ചേർത്ത് പിടിക്കാൻ അദ്ദേഹം ഒരുക്കമായി. ഒരൊറ്റ പിടുത്തമാണ്. ഭീമസേനൻ തവിടുപൊടി. അയ്യോ അങ്ങനെ പറ്റിപ്പോയെന്ന് പശ്ചാത്താപവും ഉടനടിയുണ്ടായി. പക്ഷേ അതൊരു ഇരുമ്പ് പ്രതിമയായിരുന്നുവെന്നത് അടുത്ത നിമിഷത്തിലാണ് തിരിച്ചറിയുന്നത്. പിടുത്തത്തിന്റെ ശക്തിയിൽ സ്വയം ചോര ഛർദിക്കുക പോലുമുണ്ടായി. പക്ഷേ എല്ലാം വെറുതെയായി. വല്ലാതെ ചേർത്ത് പിടിക്കുന്നതിന്റെ ലക്ഷ്യം കൃഷ്ണനും ആ സഭാതലത്തിൽ കൂടിയിരുന്നവർക്കും മനസ്സിലായതു കൊണ്ട് ഭീമൻ കഷ്ടിച്ച് രക്ഷപ്പെട്ടു.

ഏതായാലും എല്ലാവരെയും ചേർത്തുപിടിക്കാനുള്ള ആഹ്വാനം ചെയ്തത് ദുബായിയിലും അബുദാബിയിലുമായത് സമുചിതമായി. എന്തെന്നാൽ എല്ലാ ജാതി മതസ്ഥർക്കും പ്രവേശിക്കാവുന്ന ഹിന്ദുക്ഷേത്രമാണല്ലോ അവിടെ ഉദ്ഘാടനം ചെയ്തത്. ബാബരി മസ്ജിദ് ആഘോഷപൂർവം കർസേവ നടത്തി പൊളിച്ച സ്ഥലത്ത് രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷമാണല്ലോ മോദി അബുദാബിയിൽ പോയി അവിടെ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശിലെ തന്നെ ഗ്യാൻവ്യാപി പള്ളിക്കടിയിൽ സ്വയംഭൂ ഉണ്ടെന്ന് പറഞ്ഞ് പൂജ നടത്തിക്കാൻ ഏർപ്പാടും ചെയ്ത ശേഷമായിരുന്നല്ലോ പോക്ക്. 

നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ശൈയിഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും

Sഎന്താണ് ചേർത്തുനിർത്തൽ എന്നത് അബുദാബിയിൽ വെച്ച് മനസ്സിലായിക്കാണും. ഇസ്ലാം മതവിശ്വാസികൾ ഭരിക്കുന്ന, ഇസ്ലാമിക രാജഭരണമുള്ള യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ ഹിന്ദു ദേവതകളെ പ്രതിഷ്ഠിക്കുന്നതിനുള്ള ക്ഷേത്രം പണിയാൻ 27 ഏക്കർ സ്ഥലം സംഭാവന ചെയ്തത് അവിടുതെ പ്രസിഡന്റ് ശൈയിഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രാമനെയും സീതയെയും ഹനുമാനെയും കൃഷ്ണനെയും പിന്നെ ഏതൊക്കെ മൂർത്തികളുണ്ടോ അവരെയെല്ലാം പ്രതിഷ്ഠിക്കാൻ ആവശ്യമായ സ്ഥലം. ആ ക്ഷേത്രത്തിൽ മോദി ആലേഖനം ചെയ്തത് വസുധൈവ കുടുംബകം എന്നാണ്. വിശ്വം ഒന്നാണെന്ന തത്ത്വം. ആ പരമതത്ത്വം എഴുതിവെക്കാൻ ലോകത്ത് ഏറ്റവും പറ്റിയ വ്യക്തിയാണല്ലോ ഗുജറാത്തിലെ വംശഹത്യക്കാലത്ത് അവിടുത്തെ മുഖ്യമന്ത്രിയായിരുന്നു ഇപ്പോഴത്ത ഇന്ത്യൻ പ്രധാനമന്ത്രി.

***

ഗ്യാൻവ്യാപി മസ്ജിദിനകത്തെ കുളത്തിൽ സ്വയംഭൂവായ ശിവലിംഗം കണ്ടെന്നതിൽ ചില ശാസ്ത്രീയ ചരിത്രകാരന്മാർ അത്ഭുതം കൂറുകയാണ്. മത നിരപേക്ഷതാവാദികൾ അത്ഭുതപ്പെടുന്നു. അത് ശിവലിംഗമല്ല, പളളിയിൽ  നമസ്കാരത്തിനായി ദേഹശുദ്ധി വരുത്തുന്നതിനുള്ള ജല സംഭരണിയിലുള്ള ശിലയാണെന്ന് അവകാശവാദം. എന്താ കഥ. മനുഷ്യ നിർമിതമല്ലാത്ത വിഗ്രഹമായതിനാലാണ് സ്വയംഭൂവെന്ന് പറയുന്നത്. ചരിത്രമല്ല വിശ്വാസാടിസ്ഥാനത്തിലുള്ള ഭാവനകളുടെആവിഷ്കാരമായ പുരാണം പ്രമാണമാകുമ്പോൾ ആരോടാണ് വാദിക്കുക, ആരോടാണ് യുക്തിവാദം പറയുക. കർണാടകയിൽ ഒരധ്യാപികയുടെ അഹംഭാവം കൊണ്ടുണ്ടായ കുഴപ്പം കണ്ടില്ലേ. ശിവനും ബ്രഹ്മാവുമെല്ലാം മിത്തുകളിലെ നായകരാണെന്നോ കഥാനായകരാണെന്നോ ഒക്കെ ടീച്ചർ ക്ലാസിൽ  പറഞ്ഞെന്നാണ് ആരോപണം. ടീച്ചറെ ഉടനെ പിരിച്ചുവിട്ടില്ലെങ്കിൽ കുട്ടികളെ സ്കൂളിലയക്കില്ലെന്നാണ് പരിവാറുകാരുടെ ഭീഷണി. ആജ്ഞ മാനേജ്മെൻ്റ് ശിരസാവഹിച്ച് ടീച്ചറെ ഉടൻ പിരിച്ചുവിട്ടു. സ്കൂൾ മാനേജ്മെന്റ് ക്രൈസ്തവ വിശ്വാസികളുടേത്. അധ്യാപിക ക്രൈസ്തവ വിശ്വാസി. ഇപ്പോൾ സംഘപരിവാർ നേതൃത്വവും അവരുടെ ജനപ്രതിനിധികളും ആജ്ഞാപിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നത് അന്യമതസ്ഥരുടെ സ്കൂളിൽ  പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ്. 

ടീച്ചറെ പിരിച്ചുവിട്ടുകൊണ്ട് സ്കൂൾ മാനേജ്മെന്റിന്റെ അറിയിപ്പ്

നാളെ ഏതെങ്കിലും സ്കൂളിലെ ഒരധ്യാപകനോ അധ്യാപികയോ ബ്രഹ്മാവല്ല സൃഷ്ടികർത്താവെന്നും ലിംഗയോനീ സംയോഗത്തിലൂടെയാണ് സൃഷ്ടിയുണ്ടാകുന്നതെന്നും ജീവശാസ്ത്രം പഠിപ്പിച്ചാൽ പോലും കുഴഞ്ഞുപോകാം. ഒരു കുട്ടി അത് വീട്ടിൽ പോയി പറയുന്നു. വീട്ടുകാർ വിദ്വേഷക്കാരായ കക്ഷികളെ അറിയിക്കുന്നു. മതവിശ്വാസത്തെ അപമാനിച്ചുവെന്ന തരത്തിൽ ആൾക്കൂട്ട അതിക്രമത്തിന് അത്രയല്ലേ വേണ്ടൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. കേരളത്തിൽ സംസ്ഥാന ശാസ്ത്രമേളയിൽ മിത്തിനെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിനെപ്പറ്റി സ്പീക്കർ ഷംസീർ പറഞ്ഞപ്പോൾ ഉറഞ്ഞുതുള്ളിയവരെത്രയെത്ര. ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ പരസ്യമായി പ്രഖ്യാപിച്ചുവല്ലോ. അതിനാൽ ശിവലിംഗമുണ്ടെന്ന് പറഞ്ഞാൽ ഉണ്ട് തന്നെ. അതുണ്ടാക്കിവെച്ച വിഗ്രഹമായാലും കൊള്ളാം, സ്വയംഭൂവായാലും കൊള്ളാം.

ഒന്നാലോചിച്ചാൽ ശിവലിംഗം ഗ്യാൻവ്യാപിയിൽ മാത്രമല്ല സർവവ്യാപിയായിരിക്കാം. എവിടയെല്ലാമാണതുള്ളതെന്ന് മുൻകൂർ പറയാനാവില്ല. കാടുവെട്ടുമ്പോൾ കത്തിവാൾ ഒരു കല്ലിൽ കൊള്ളുകയും ആ കല്ലിൽ നിന്ന് ചോര ഒഴുകുകയും ചെയ്തെന്നതാണല്ലോ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ കഥ. അതായത് കല്ലിൽ നിന്ന് ചോരപൊടിഞ്ഞു. നീരഭിഷേകവും ഉലനീരഭിഷേകവും നെയ്യഭിഷേകവും നടത്തി പിന്നീട് ആലിംഗന പുഷ്പാഞ്ജലികൂടി നടത്തിയാണ് വേദന ശമിപ്പിക്കുന്നതും രോഷമടക്കിക്കുന്നതും, പ്രായശ്ചിത്തം ചെയ്യുന്നതും. 

ഹിന്ദുപുരാണങ്ങളിൽ ലിംഗത്തിന് പരമപ്രാധാന്യമുണ്ട്. 18 പുരാണങ്ങളിലൊന്ന് ലിംഗപുരാണമാണ്. മറ്റു പുരാണങ്ങളിലെല്ലാം ലിംഗമഹത്വം വിവരിക്കപ്പെടുന്നുണ്ട്. ആ ലിംഗം സർവവ്യാപിയായിരുന്നെന്നാണ് പുരാണം. അതായത് കുറച്ചുകാലം അങ്ങനെയായിരുന്നു. അത് പിന്നീട് പിൻവലിച്ചിട്ടുണ്ടെന്നും പുരാണം തന്നെ പറയുന്നു. പുരാണങ്ങളിലെ കഥകൾ പ്രതീകാത്മകവും ഭാവനാത്മകവുമാണെന്ന് പറഞ്ഞാൽ അതിവിശ്വാസിയും വിശ്വാസത്തെ രാഷ്ട്രീയ മേൽക്കോയ്മക്കായി ഉപയോഗിക്കുന്നവരും സമ്മതിച്ചുതരില്ലല്ലോ. 

ഗ്യാൻവാപി പള്ളിയിൽ ദേഹശുദ്ധി വരുത്തുന്ന കുളത്തിൽ കണ്ടെത്തിയത്

പുരാണപ്രകാരം ശിവലിംഗം ഒന്നിലേറെത്തവണ ഭയങ്കരമായി വിജൃംഭിച്ച് പ്രപഞ്ചത്തിലാകെ വ്യാപിച്ച് വലിയ ആപത്തുണ്ടാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിൽ മൂപ്പിളമ തർക്കമുണ്ടായി തമ്മിൽ  തല്ലുണ്ടായപ്പോൾ ശിവലിംഗമാണ് പ്രശ്നം പരിഹരിച്ചത്. ആർക്കാണ് പ്രഭാവം കൂടുതൽ എന്നതാണ് പ്രശ്നം. അപ്പോൾ ശിവൻ അവിടെയെത്തി തന്റെ ലിംഗം നടുക്ക് ഒരു സ്തംഭംപോലെ സ്ഥാപിക്കുകയാണ്. അതിന്റെ അറ്റം, അതായത് ലിംഗാഗ്രം കണ്ടെത്തുന്ന കക്ഷിക്കായിരിക്കും പ്രഭാവം എന്നാണ് ശിവൻ പറഞ്ഞത്. ബ്രാഹ്മാവും വിഷ്ണുവും മേലോട്ടും താഴോട്ടും സഞ്ചാരമയി. ഏതാണ്ടൊരു മൂന്ന് ലക്ഷം കൊല്ലം കഴിഞ്ഞപ്പോൾ ബ്രാഹ്മാവ് ഒരു കൈതപ്പൂ ഒഴുകിത്താഴുന്നത് കണ്ടു. ശിവന്റെ ശിരസ്സിൽ നിന്ന് വീണതാണത്. ബ്രാഹ്മാവ് ചോദിച്ചു, എപ്പോഴാണ് നീ വീണത്. ഇത്രലക്ഷം കൊല്ലം മുമ്പെന്ന് മറുപടി. അപ്പോൾ അഗ്രമെവിടെയാവും എന്ന് കണക്കുകൂട്ടി ബ്രാഹ്മാവ് മുകളിലേക്കുയർന്നു. ഒന്നൊന്നര ലക്ഷം കൊല്ലത്തിനുശേഷം മുകളിലെത്തി. വിഷ്ണുവാകട്ടെ ഒരറ്റവും കാണാനാവാതെ വിഷണ്ണനായി നിൽക്കുന്നു. താൻ അറ്റം കണ്ടതായി ബ്രഹ്മാവിന്റെ മൊഴി. അതിന് സാക്ഷി പറയാൻ കൈതപ്പൂ. ബ്രഹ്മാവ് പറഞ്ഞത് അസത്യമാണെന്ന് ബോധ്യപ്പെട്ട ശിവൻ ബ്രഹ്മാവിന്റെ അഞ്ച് തലകളിലൊന്ന് കൊയ്യിച്ചു. നുണപറഞ്ഞ കൈതപ്പൂവിനെ എല്ലാ പൂജകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തുവെന്നാണ് പുരാണം. അതായത് പ്രപഞ്ചത്തിലാകെ പരന്നു നീണ്ടുകിടന്ന ലിംഗത്തിന്റെ അഗ്രം കണ്ടുപിടിക്കാൻ മൂന്നാലു ലക്ഷം കൊല്ലം ശ്രമിച്ചിട്ടും പരാജയപ്പെട്ടവരാണ് മറ്റ് രണ്ട് മൂർത്തികളും എന്നതാണ് ശിവൻ വ്യക്തമാക്കിയത്. അപ്പോൾ മൂർത്തികളിൽ ആരാണ് കേമൻ എന്ന് വ്യക്തമായില്ലേ. മാത്രമോ ആ മഹാലിംഗം വേണ്ടിവന്നാൽ പ്രപഞ്ചത്തിലാകെ വ്യാപിക്കും വിധം വിജൃംഭിക്കും! ഇതൊരു ഫെമിനിസ്റ്റ് വിരുദ്ധ പരാമർശമായി ദയവുചെയ്ത് വ്യാഖ്യാനിക്കരുതേ. ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള തർക്കം പോലൊരു തർക്കമാണ് സൃഷ്ടിയിലെ മേധാവിത്വ പ്രശ്നം. പക്ഷേ അതിനും പ്രതിവിധിയുണ്ടാക്കിയിട്ടുണ്ട്. ലിംഗത്തിൽ തന്നെ യോനിക്കും സ്ഥാനം നിർദേശിച്ചിട്ടുണ്ട് പുരാണങ്ങൾ. പോട്ടെ നമ്മുടെ വിഷയം അതല്ല, ലിംഗം എവിടെയും എപ്പോഴും സ്വയംഭൂവായി പ്രത്യക്ഷപ്പെടാമെന്നതാണ്. അതിനവർക്ക് സാംഗത്യമുണ്ട്. ജാഗ്രതൈ.

തീർന്നില്ല, ഒന്നുകൂടിപ്പറയാം. ആയിരക്കണക്കിന് മഹർഷിമാർ താമസിക്കുന്ന ദാരുവനത്തിൽ ഒരു സുപ്രഭാതത്തിൽ  ശിവൻ പ്രത്യക്ഷനാവുകയാണ്. പിച്ചപ്പാത്രവും കയ്യിലുണ്ട്. ഏറക്കുറെ നഗ്നനാണ്. മഹർഷിമാർ സ്ഥലത്തില്ല. അവരുടെ പത്നിമാർ എല്ലാവരുമുണ്ട്. കാമദേവനും ശിവനും തമ്മിൽ പോരുനടക്കുന്ന കാലമാണ്. ആ മഹർഷി പത്നിമാരുടെ ഹൃദയങ്ങളിലേക്ക് കാമൻ അമ്പുകളെയ്യുകയാണ്. ഭയങ്കര പ്രശ്നമാവുകയാണ്. മഹർഷിപത്നിമാർ ശിവനെ വിടാൻ ഭാവമില്ല. അവർ ശിവശരീരത്തിൽ അള്ളിപ്പിടിച്ചുനിൽക്കുന്ന അവസ്ഥ. മഹർഷിമാർ ദാരുവനത്തിലെത്തിയപ്പോൾ കാണുന്ന കാഴ്ച അഹോ കഠോരം. തങ്ങളുടെ പത്നിമാർ കാമാതുരകളായി ശിവനെ വട്ടംപിടിച്ചു നിൽക്കുന്നു. മഹർഷിമാർ ശിവനെ ശപിച്ചു. നിന്റെ ലിംഗം വീണുപോകട്ടെ. ഉയ്യന്റമ്മോ ശിവന്റെ ലിംഗം അവിടെ വീണു. അതങ്ങ് ഉദ്ധരിച്ച് വിജൃംഭിക്കാൻ തുടങ്ങി. ഭൂമിയും സ്വർഗവും നരകവും പിന്നിട്ട് അത് പ്രപഞ്ചമാകെ വ്യാപിച്ചു. ബ്രഹ്മാവും വിഷ്ണുവും ആലോചിച്ചിട്ട് ഒരു ഗത്യന്തരവുമില്ല. ലിംഗം പൊക്കിയെടുക്കാൻ അവർ ആവതു ശ്രമിച്ചു. ഒടുവിൽ  ഗതികെട്ടപ്പോൾ അവർ ശിവനെത്തന്നെ ശരണം പ്രാപിച്ചു. തന്റെ ലിംഗം ദേവന്മാരും മറ്റെല്ലാവരും പൂജിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അതംഗീകരിക്കപ്പെട്ടു. പൂജിക്കുന്നതിന് ഒരു രീതിശാസ്ത്രമുണ്ടാക്കി. സംതൃപ്തനായ ശിവൻ തന്റെ ഒറ്റ വിരൽ കൊണ്ട് ആ മഹാലിംഗത്തെ, ആ ജംബുലിംഗത്തെ തിരിച്ചുവലിച്ച് യഥാസ്ഥാനത്ത്  ഉറപ്പിച്ചതോടെയാണ് പ്രപഞ്ചം അഭിമുഖീകരിച്ച വലിയൊരു പ്രശ്നത്തിന് പരിഹാരമായത്. എങ്കിലും ലോകമായ ലോകത്താകെ അതിന്റെ അദൃശ്യ സാന്നിധ്യമില്ലാതിരിക്കുമോ.

***

പണ്ട് എ.കെ.ജി പറയുമായിരുന്ന ഒരു കഥയുണ്ട്. മാർക്സിസ്സുകാരെ അമർച്ച ചെയ്യാൻ കരുണാകരന്റെ പോലീസ് നടത്തുന്ന വിക്രിയകളെക്കുറിച്ചാണ്. കുറേപ്പേരെ അറസ്റ്റ് ചെയ്ത് ജയിലിലടയക്കുക, കുറേപ്പേരെ തല്ലിച്ചതയ്ക്കുക- അങ്ങനെ ചെയ്താൽ മാർക്സിസ്റ്റുപാർട്ടി തകർന്നോളുമെന്നാണ് കരുണാകരന്റെ മനസ്സിലിരിപ്പ്- അത് പണ്ട് ശത്രുവായ ഒരു നമ്പൂതിരിയെ കൊല്ലാൻ ഒരു വിദ്വാൻ സ്വീകരിച്ച മാർഗം പോലെയാണെന്നാണ് എ.കെ.ജി പറയുക. അതായത് തന്റെ ശത്രുവായ നമ്പൂതിരി മൂത്രമൊഴിക്കുന്നത് പൂണൂൽ ചെവിക്കിറുക്കിയാണ്. നോക്കുമ്പോൾ നമ്പൂതിരിമാരെല്ലാം മൂത്രമൊഴിക്കുന്നത് പൂണൂൽ വലിച്ച് ചെവിയിൽ ഇറുക്കിയാണ്. പണ്ടാണെങ്കിൽ മൂത്രമൊഴിക്കാൻ മറയൊന്നുമില്ലല്ലോ. അപ്പോൾ നമ്പൂതിരിയുടെ ശത്രു ആ രഹസ്യം കണ്ടുപിടിച്ചു. നമ്പൂതിരിമാർക്ക് മൂത്രം പോകണമെങ്കിൽ പൂണൂൽ, അതായത് യജ്ഞോപവീതം ചെവിയിൽ ഇറുക്കണം. പൂണൂലില്ലെങ്കിൽ മൂത്രം പോകില്ല. ഫലം മൂത്രംമുട്ടി ചാവുകതന്നെ. പൂണൂൽ കിട്ടാതിരിക്കാനെന്താണ് മാർഗം- നൂലില്ലാതിരിക്കണം. നൂലില്ലാതാക്കണമെങ്കിൽ പരുത്തി ഇല്ലാതാക്കണം. അങ്ങനെ നമ്മുടെ കഥാപാത്രം പരുത്തിച്ചെടികൾ നശിപ്പിക്കാൻ തുടങ്ങി. ഒരു നമ്പൂതിരി മാത്രമല്ല ചാവുക. വംശഹത്യതന്നെ നടക്കും. ഇതാണ് എ.കെ.ജി തമാശയാക്കി പറഞ്ഞിരുന്ന കഥ.

പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുന്ന സമരക്കാർ

അതുപോലെയാണ് കേന്ദ്ര ഗവൺമെന്റിന്റെ അള്ളുവെപ്പ്. പഞ്ചാബിലും ഹരിയാനയിലും നിന്നുമെല്ലാം ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള എല്ലാ നിരത്തിലും അള്ളുവെപ്പാണിപ്പോൾ. കർഷകരുടെ വൻ സമര പ്രവാഹമാണ്, ട്രാക്റ്ററുകളുമായാണ് സമരപ്രസ്ഥാനം നടക്കുന്നത്. ആ വണ്ടികൾ, ട്രാക്ടറുകൾ തലസ്ഥാനത്ത് എത്താതിരിക്കണം. അതിന് റോഡായ റോഡ് മുഴുവൻ പോലീസിന്റെ വക അള്ളുവെപ്പാണ് നടക്കുന്നത്. പഴയ മട്ടിലുള്ള അള്ളല്ല, പ്രത്യേക തരം അള്ളാണ്. അതുണ്ടാക്കാൻ പോലീസിൽ പ്രത്യേകം ഒരു കമ്പനി തന്നെയുണ്ടാക്കിയിട്ടുണ്ടുപോലും. ഇരുമ്പ്  പണിക്കാരുടെ കമ്പനി. പലതരം അള്ളുകളാണ്. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ ലോകത്തിന് എന്തെന്ത് മാർഗങ്ങളാണ് കാട്ടിക്കൊടുക്കുന്നത്. ഇപ്പോൾ ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ മോദിയെ വിളിച്ച് സങ്കടം പറഞ്ഞതായി ഒരു കിടിലനുണ്ട്- അതായത് ഫ്രാൻസിൽ ഈയിടെയാണ് കർഷക സമരം നടന്നത്. പാരീസിലേക്ക് ട്രാക്റ്ററുകളുമായി മാർച്ച്. ഈ അള്ളുവെപ്പിന്റെ കലയും ശാസ്ത്രവും അറിയിച്ചിരുന്നെങ്കിൽ ഫ്രാൻസിലും കർഷക സമരത്തെ തകർക്കാമായിരുന്നില്ലേ. വൈകിപ്പോയി.

കർഷക സമരം തടയാൻ റോഡിൽ കോൺക്രീറ്റു സ്ലാബുകൾ സ്ഥാപിക്കുന്നു

ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വൈകിയാണെങ്കിലും കേന്ദ്ര ഭരണകക്ഷിക്ക് കോടതിയുടെ വക ഒരള്ള്. ഇലക്ടറൽ ബോണ്ട് എന്ന ഓമനപ്പേരിൽ കോർപ്പറേറ്റുകൾ പാർട്ടികൾക്ക് നൽകുന്ന കോഴ. ആരാ നൽകുന്നതെന്നറിയിക്കേണ്ട. വിവരാവകാശ പ്രകാരം ചോദിച്ചാലും പറയണ്ട. കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിക്കാണ് മുക്കാൽ പങ്കും കിട്ടുന്നത്‌. ഓരോ മണ്ഡലത്തിലും പത്തോ ഇരുപതോ കോടിയൊക്കെ ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാകത്തിലാണ് കോർപ്പറേറ്റുകൾ കൊടുക്കുന്നത്. കൊടുക്കുന്നവർക്ക് പ്രതിഫലമായി ആനുകൂല്യങ്ങൾ വാരിക്കോരി. ആരുമറിയില്ല, ആരുമറിയേണ്ട. അതാണിപ്പോൾ സുപ്രിംകോടതി വിലക്കിയത്. നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത്. അതൊരള്ളാണെന്ന് തോന്നാമെങ്കിലും തൽക്കാലം പ്രശ്നമില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പ് കോരിവാരാൻ മാത്രമുള്ളത് ഇതിനകം തന്നെ ഇലക്ടറൽ ബോണ്ടായി പിരിച്ചുകഴിഞ്ഞിട്ടുണ്ടാവുമല്ലോ. അടുത്തതാകുമ്പേഴേക്ക് വേണ്ടിവന്നാൽ സുപ്രിംകോടതിയുടെ വിധി മറികടക്കാൻ നിയമം കൊണ്ടുവരാലോ. തിരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്ന സമിതിയിൽ ചീഫ് ജസ്റ്റിസ് വേണമെന്ന വിധിക്ക് കാൽപായ കടലാസിന്റെ വിലപോലും കല്പിക്കാതെ മറികടക്കൽ നിയമം കൊണ്ടുവന്നത് ഓർമ്മയില്ലേ. ഇപ്പോൾ അപ്പീൽ കോടതിയധികാരവും മോദിയുടെ ഗ്യാരണ്ടിയായിരുക്കുകയാണല്ലോ.

ഇലക്ടറൽ ബോണ്ട് പദ്ധതിക്കെതിരെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം

കോടതിയിൽ നിന്ന് ബി.ജെ.പിക്കാണ് വലിയ അള്ള് വന്നതെങ്കിൽ കോൺഗ്രസ്സും അങ്ങനെ ഞെളിയേണ്ടെന്നാണ് കേന്ദ്ര ഭരണകക്ഷിയുടെ പ്രഖ്യാപനം. അതായത് മോദിയുടെ ഗ്യാരണ്ടിയായ ഇ.ഡിയും ആദായ നികുതി വകുപ്പും സി.ബി.ഐയും എൻ.ഐ.എയും പാശവുമായി റെഡിയായി നിൽക്കുന്നുണ്ട്. ഇലക്ടറൽ ബോണ്ടിൽ കോൺഗ്രസ്സിന് നക്കാപ്പിച്ചയേ കിട്ടിയിട്ടുള്ളു. നിത്യനിദാനത്തിന് വഴിയില്ല. എങ്കിലും തിരഞ്ഞെടുപ്പ് അടുത്തതല്ലേ. കുറച്ചെന്തോ അക്കൗണ്ടിലുണ്ട്. അതിന്റെ മേലെയാണ് ആദായനികുതി അള്ളുവെച്ചത്. നാലുകൊല്ലം മുമ്പത്തെ റിട്ടേൺ നാലഞ്ചാഴ്ച വൈകിയാണ് നൽകിയത്. അതിന്റെ പിഴയായി മുഴുവൻ അക്കൗണ്ടും മരവിപ്പിക്കുക. തിരഞ്ഞെടുപ്പടുത്തപ്പോൾ എങ്ങനെയുണ്ട് ബുദ്ധി. ശത്രുവായ നമ്പൂതിരിയെ കൊല്ലാൻ പരുത്തിക്ക് വംശനാശം വരുത്താൻ പുറപ്പെട്ട ആ ആളെപ്പോലെ. അഹോ. ഇനിയുള്ള ദിവസങ്ങളിൽ എന്തെല്ലാം നമ്പറുകളാണ് വരാൻപോകുന്നത്.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.