വാത്മീകി സ്മാരക വിമാനത്താവളവും വാത്മീകിയുടെ രാമനും
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. രാമ ക്ഷേത്ര നിർമ്മാണത്തിന്റെ രാഷ്ട്രീയ നാനാർഥങ്ങളാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം. വാൽമീകിയുടെ രാമന്റെ ദൈവ പരിഷേത്തിലേക്കുള്ള പരിണാമത്തിൽ സംഘി രാഷ്ട്രീയത്തിന്നുള്ള പങ്കും ഇവിടെ ചർച്ച ചെയ്യുന്നു.
സ്വാമിക്കാണ് തെറ്റിയത്, പൂജയ്ക്ക് മോദി സർവഥാ യോഗ്യൻ. സുബ്രഹ്മണ്യൻ സ്വാമിക്ക് നരേന്ദ്രമോദിയെ കണ്ണെടുത്തുകണ്ടുകൂട. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അടിയന്തരാവസ്ഥാ കാലത്തടക്കം സാഹസങ്ങൾ ചെയ്ത മുരത്ത ജനസംഘക്കാരനാണെങ്കിലും സ്വാമിക്ക് മോദിയെ ഇഷ്ടമല്ല. ഇഷ്ടക്കാരല്ലാത്തവർ തൊട്ടതെല്ലാം കുറ്റമായിരിക്കുമല്ലോ. അതല്ലെങ്കിൽ അയോധ്യയിൽ പള്ളി പൊളിച്ച് കെട്ടിപ്പടുത്ത രാമക്ഷേത്രം തുറക്കുമ്പോൾ മോദി അവിടെ പൂജ ചെയ്യരുതെന്നുമാത്രമല്ല, അവിടെ സാന്നിധ്യംപോലും പാടില്ലെന്ന് പറയുമോ. തറക്കല്ലിടുമ്പോൾ സാഷ്ടാംഗ പ്രണാമം നടത്തിയ പ്രധാനമന്ത്രി ഉദ്ഘാടനത്തിനുണ്ടാവരുതെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്.
തട്ടിക്കൊണ്ടുപോകപ്പെട്ട ഭാര്യയെ വീണ്ടെടുക്കാൻ ഒന്നര പതിറ്റാണ്ട് പോരടിച്ചയാളാണ് രാമൻ എന്നാണ് ഇതിഹാസ കഥയെന്നും എന്നാൽ ഭാര്യയെ അകാരണമായി ഉപേക്ഷിച്ചയാളാണ് മോദിയെന്നും അങ്ങനെയുള്ള മോദി എങ്ങനെയാണ് രാമക്ഷേത്രത്തിൽ ഉദ്ഘാടനപൂജ നടത്തുകയെന്നും, അതെങ്ങനെ ഭക്തർ സഹിക്കുമെന്നുമൊക്കെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ചോദ്യം. ഇവിടെ ന്യായമായും ഒരു ചോദ്യമുയരാം- ഏതു രാമനെക്കുറിച്ചാണ് സ്വാമി പറയുന്നതെന്നതാണ് പ്രശ്നം.
ആദികവി വാത്മീകിയാണെന്നാണ് ഇന്ത്യക്കാർ പണ്ടേ വിശ്വസിച്ചുപോരുന്നത്. ആ ആദികവിയാണ് രാമന്റെ കഥയെഴുതിയത്. ആ രാമൻ ഗുണദോഷസമ്മിശ്ര സ്വഭാവമുള്ള മനുഷ്യനാണ്. നല്ല മനുഷ്യൻ. ആ മനുഷ്യൻ ഗർഭിണിയായ ഭാര്യയെ വനമേഖലയിൽ കൊണ്ടുപോയി തള്ളിച്ചയാളാണ്. വാസ്തവത്തിൽ നരേന്ദ്രമോദി സ്വന്തം പത്നിയോട് അത്രയ്ക്ക് ക്രൂരത കാട്ടിയതായി സുബ്രഹ്മണ്യൻ സ്വാമിപോലും പറയില്ല. മോദിയോട് വിരോധമുണ്ടെങ്കിൽ അത് വേറെ തരത്തിൽ പരിഹരിക്കണം. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യരുതെന്ന് പറയരുത്.
2024ലെ പൊതുതിരഞ്ഞെടുപ്പിനായി നിർമിച്ചെടുത്ത ആയുധമാണ്. ആ ആയുധം ആർക്കുവേണ്ടിയാണോ ജുഡീഷ്യറിയുടെയടക്കം പിൻബലത്തിൽ നിർമിച്ചത്, അയാളോടാണ് പറയുന്നത് ഹേ നിങ്ങൾ ആ ഉപകരണത്തിൽ സ്പർശിക്കരുത്! സ്വാമീ താങ്കൾ ഏതു ലോകത്താണ്. ഏതു രാമനെക്കുറിച്ചാണ് താങ്കൾ പറയുന്നത്. വാത്മീകി മഹർഷിയാണ് രാമായണം രചിച്ചതെന്നാണല്ലോ വിശ്വസിക്കുന്നത്. ആരാണെഴുതിയതെങ്കിലും അത് വാത്മീകിതന്നെ എന്നു വിചാരിക്കാം. വാത്മീകിയുടെ രാമനാണെങ്കിൽ ഭാര്യയെ ഉപേക്ഷിക്കാത്തയാളല്ല. പിന്നീട് സ്വീകരിക്കാൻ തയ്യാറായപ്പോഴാകട്ടെ അതിനുള്ള ക്ഷണം സ്വന്തം മരണത്തിലൂടെ നിരാകരിക്കുകയുമായിരുന്നു സീത.
രാമായണം സൃഷ്ടിച്ച വാത്മീകിയെ പ്രതീകാത്മകമായി കൊലചെയ്തുകൊണ്ടാണ് രാമനെവെച്ചുള്ള രാഷ്ട്രീയക്കളി തുടങ്ങിയത്. മോദിയല്ല, അദ്ദേഹത്തേക്കാൾ വലിയവരായ അദ്വാനിയോ വാജ്പേയിയോ അല്ല, സവർക്കറുമല്ല, സംഘപരിവാറിന്റെ എത്രയോ തലമുറ മുമ്പത്തെ തലതൊട്ടപ്പന്മാരാണ് അതിന്റെ കാരണഭൂതർ. വാത്മീകിയുടെ രാമനും ഇപ്പോൾ അയോധ്യയിൽ പ്രതിഷ്ഠിക്കുന്ന രാമനും തമ്മിൽ അജഗജാന്തരമുണ്ട്. ആദികവി സൃഷ്ടിച്ച രാമൻ ഒന്ന് വേറെ.. പിൽക്കാലത്ത് ആ രാമനെ അണിയിച്ച വേഷങ്ങൾ വേറെ..
ഇതിഹാസ പുരാണങ്ങളിലും സംസ്കൃതത്തിലും മഹാപണ്ഡിതനും നിരൂപകനുമായ കുട്ടികൃഷ്ണമാരാരെക്കുറിച്ച് സംഘപരിവാറിനും സംഘബന്ധുക്കൾക്കും സംഘിയല്ലെങ്കിലും ആ തത്വശാസ്ത്രത്തോടടുത്ത് നിൽക്കുന്നവർക്കും വലിയ മതിപ്പാണുള്ളത്. ആധ്യാത്മികവാദിയായ മാരാറുടെ അതിപ്രശസ്തമായ പ്രബന്ധമാണ് വാത്മീകിയുടെ രാമൻ. രാമനെ വർഗീയവാദികൾക്ക് മുതലെടുക്കാൻ പാകത്തിൽ വേഷംകെട്ടിച്ചിറക്കിയ പിൽക്കാലകവികളെക്കുറിച്ച് മാരാർ പറയുന്നതു നോക്കുക…
“ഉടലിലെമ്പാടും ഗോപിമൺചന്ദനങ്ങളെക്കൊണ്ട് ശ്രീ രാമപാദമുദ്ര കുത്തി, ശിരസ്സിന്നുമേലെ ഉയർത്തിപ്പിടിച്ച കൂപ്പുകയ്യും ഭക്തിഭാവലഹരിയാൽ അടഞ്ഞുകൂമ്പിയ കണ്ണുമായി ‘രാമഭദ്ര, ജയ രാമചന്ദ്ര ജയ”
എന്ന് അത്യുച്ചത്തിൽ സ്തുതിഗീതം ഉതിർത്തുകൊണ്ട് ചുഴന്നുനിന്ന് ആനന്ദ നൃത്തം തുള്ളുന്ന തുളസീദാസാദി ഭക്തകവികളെയും അവരുടെ ശിഷ്യന്മാരായ രാമായണ വ്യാഖ്യാതാക്കന്മാരെയും ഒട്ടകലെ മാറ്റിനിർത്തിയിട്ടുവേണം നാം ആദികവിയായ വാത്മീകി ഋഷിയുടെ ലോകോത്തരകാവ്യത്തിലെ നായകനായ രാമചന്ദ്രൻ തിരുവടിയെ നോക്കിക്കാണുക. അവരുടയെല്ലാം ഇടയിൽ നിൽക്കുമ്പോൾ അദ്ദേഹം, ഏതോ ദിവ്യലോകത്തിൽനിന്നിറങ്ങിവന്ന് മനുഷ്യരുടെ ഇടയിൽവെച്ച് ഓരോ മായാവിദ്യകൾ കാട്ടി നമ്മുടെ ഭക്തിപൂജകളാകുന്ന പ്രതിഫലവും വാങ്ങിക്കൊണ്ടു സഞ്ചരിക്കുന്ന ഒരു ദിവ്യപുരുഷൻ മാത്രമാണ്- കുട്ടികൾക്കും വൃദ്ധകൾക്കും അന്തിക്കിരുന്ന് ഉരുക്കഴിയക്കാവുന്ന ഒരു നാമവും. അമ്പലങ്ങളിൽ പ്രതിഷ്ഠിക്കാവുന്ന ഒരു രൂപവും പൂണ്ടു മനുഷ്യത്വസ്പർശില്ലാതെ പെരുമാറുന്ന ദിവ്യപ്രഭാമാത്രമായ ഒരു നിഴൽ.
തീർച്ചയായിട്ടും ഇത്തരത്തിലുള്ള ഒരാളല്ല ആ ആദികാവ്യത്തിലെ “വർണ്യപുരുഷൻ” എന്നാണ് ഭൗതികവാദത്തിന്റെ കടുത്ത എതിരാളിയായ, കുട്ടികൃഷ്ണമാരാർ ചൂണ്ടിക്കാണിച്ചത്.
യഥാർഥ രാമൻ, അതായത് വാത്മീകിയുടെ രാമൻ ഒരു മായാവിയല്ല, ഗുണദോഷസമ്മിളിതനായ ഒരു മനുഷ്യനാണ്. തന്റെ വനവാസത്തിന് കാരണഭൂതയായ കൈകേയിയുടെ നേർക്ക് പകയോടെയും താൻ ജീവനോടുകൂടിയിരുന്നാൽ അവളെ സുഖിക്കാൻ വിടുകയില്ലെന്ന പ്രതികാരേഛയോടെയാണ് സത്യസന്ധതയുടെയും പിതൃഭക്തിയുടെയും പേരിൽ വനവാസമനുഷ്ഠിച്ചുപോന്നത്. രാമചരിതത്തിന്റെ രഹസ്യം, സീതാപരിത്യാഗമുൾപ്പെടെ രാജ്യലോഭം- പ്രാഭവേഛ- എന്നതിൽ അടങ്ങിയിരിക്കുന്നു. അതായത് രാമൻ പ്രകടിപ്പിക്കുന്ന ആദർശങ്ങൾ അല്ലലില്ലാതെ അധികാരം കയ്യാളുകയെന്ന സ്വാർഥത്തോടെയാണെന്ന്!
സീതയുടെ പാതിവ്രത്യം എപ്രകാരം ലോകോത്തരമെന്നു പ്രശംസിക്കപ്പെടുന്നുവോ അപ്രകാരംതന്നെ പ്രശംസാർഹമാണോ രാമന്റെ ഏകപത്നീവ്രതവും?
രാവണന് പത്ത് തലയും ഇരുപത് കൈകളും സമ്മാനിച്ചത് വാത്മീകിയല്ല, പിൽക്കാലത്തെ ഭക്തകവികളാണ്. വിരൂപനായ ഒരാളെന്ന പ്രതിഛായപിൽക്കാലത്ത് പതിച്ചുനൽകിയതാണ്. രാവണൻ അത്തരക്കരനായിരുന്നില്ല. എന്നിട്ടും, ഭർത്താവ് വന്ന് തന്നെ രക്ഷിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്നിട്ടും സീത രാവണനെ ഒന്നുനോക്കുപോലും ചെയ്തില്ല. എന്നാൽ രാമൻ ശൂർപ്പണഖ വിവാഹാർഥന നടത്തിയപ്പോൾ കുറേനേരം കളിവാക്കുപറഞ്ഞ് കൗതുകം കൊണ്ടു. പുരുഷന്മാർ സുന്ദരികളായ യുവതികളുടെ മുന്നിൽ ഫലിതക്കാരും വാചാലരുമായി ചമയുന്നതിന്റെ രഹസ്യം എന്ന ചോദ്യമുയർത്തിയാണ് രാമന്റെ വിശേഷാൽ പെരുമാറ്റത്തെ മാരാർ എടുത്തുകാട്ടുന്നത്. ആ രംഗത്തിൽ ശൂർപ്പണഖ കുറേക്കൂടി ക്ഷമയോടെയും വൈദഗ്ധ്യത്തോടും കൂടിയാണ് പെരുമാറിയിരുന്നതെങ്കിൽ എന്തായിരിക്കും സംഭവിക്കുകയെന്ന് ഈശ്വരന്നറിയാം! എന്ന് കടത്തിപ്പറയുന്നുമുണ്ട് മാരാർ.
സീതയെ രാമൻ ഉപേക്ഷിച്ചത് രാമന്റെ സ്വഭാവഘടനയിൽ തന്നെയുള്ള കുറ്റം മൂലമാണെന്നാണ് കുട്ടികൃഷ്ണമാരാർ ചൂണ്ടിക്കാട്ടുന്നത്. മര്യാദാ പുരുഷോത്തമൻ! ശംഭൂകനെ കൊന്നതടക്കം ചൂണ്ടിക്കാട്ടി സീത ചിന്തിച്ചതായി കുമരനാശാൻ എഴുതിയ നിരുപിക്കിൽ മയക്കിഭൂപനെ തരുണീപാദജ ഗർഹണീ ശ്രുതി എന്നതൊന്നും ഇവിടെ എടുത്തുപറയുന്നില്ല.
പൂർണ ഗർഭിണിയായ പത്നിയെ വനത്തിൽ ഉപേക്ഷിക്കുക, പിന്നീട് ഭാര്യ ജീവിച്ചിരിപ്പുണ്ട്, അവരിൽ തനിക്ക് മക്കളുണ്ട് എന്നെല്ലാം മനസ്സിലാക്കുകയും പിന്നീട് ദിഗ്വിജയത്തിനായി അശ്വമേധയാഗം നടത്തുമ്പോൾ യാഗ പൂർത്തീകരണത്തിനായി പത്നിയുടെ പ്രതിമ ഉപയോഗിക്കുകയും ചെയ്യുന്നു രാമൻ. ആദർശനിഷ്ഠയല്ല, അധികാരവുമായി ബന്ധപ്പെട്ട സ്വാർഥതയാണതിൽ നിഴലിക്കുന്നത് എന്നാണ് വരുന്നത്. മാരാരുടെതന്നെ ഭാഷയിൽ പറഞ്ഞാൽ യശോധന താല്പര്യം. സ്വന്തം പ്രതിഛായ വളർത്തുന്ന ആസൂത്രണം. ഭാരതപര്യടനമൊക്കെ എഴുതിയ, കാളിദാസ കാവ്യങ്ങളെല്ലാം വ്യാഖ്യാനിച്ച പണ്ഡിതാഗ്രേസരനായ മാരാരാണ് പറയുന്നത്. ആർഷസംസ്കാരത്തോടുള്ള പ്രിയത്താൽ സ്വഗൃഹത്തിന് ഋഷിപ്രസാദം എന്ന് പേരിട്ട ആളാണദ്ദേഹം.
അപ്പോൾ തെറ്റുപറ്റിയത് സുബ്രഹ്മണ്യൻ സ്വാമിയ്ക്കാണ്. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനോ അവിടെ പൂജ നടത്തുന്നതിനോ ഒരുതരത്തിലുള്ള അയോഗ്യതയും നരേന്ദ്രമോദിയ്ക്ക് ഇല്ല. കാരണം രാമൻ സ്വാമിയ്ക്കും മോദിയ്ക്കും സംഘപരിവാറിനാകെയും ഒരു ഉപകരണം മാത്രമാണല്ലോ. വാത്മീകിയുടെ രാമനല്ല, രാമാനന്ദ സാഗറിന്റെ രാമായണമാണവർക്ക് രാമായണം. വാത്മീകി മഹർഷിയെ വീണ്ടും വീണ്ടും കൊലചെയ്തുകൊണ്ട് അവരുണ്ടാക്കുന്ന പുതിയപുതിയ രാമന്മാർ… രാമനെ ഇനിയെന്തൊക്കെ വേഷംകെട്ടിക്കില്ലെന്നാരു കണ്ടു.
***
വാത്മീകി അവതരിപ്പിച്ച മനുഷ്യനായ രാമനെ ഭസ്മം പൂശിപ്പൂശി ദൈവമാക്കിയ ഭക്തിപ്രസ്ഥാന കവികൾ വാസ്തവത്തിൽ ആദികവിയെ നിരാകരിക്കുകയാണ്, അഥവാ പ്രതീകാത്മകമായി കൊല്ലുകതന്നെയാണ് ചെയ്തത്. അത് ഒരനുഷ്ഠാനം പോലെ ആവർത്തിക്കുയാണ് സംഘപരിവാരം. പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്യുന്നത് സാധാരണ ക്ഷേത്രമല്ല. രാഷ്ട്രീയ ക്ഷേത്രമാണ്. രാഷ്ട്രീയാധികാരം പിടിക്കാൻ സൃഷ്ടിച്ച ക്ഷേത്രം. അവിടെ പ്രതിഷ്ഠിക്കുന്നത് രാമചന്ദ്രനെയാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും വാസ്തവത്തിൽ വർഗീയാധിപത്യത്തെയാണ് പ്രതിഷ്ഠിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം വരുന്നതിന് മുന്നോടിയായി വിമാനത്താവളം ഉദ്ഘാടനം അടുത്ത ദിവസം നടക്കുകയാണ്. വിമാനതാവളത്തിന്റെ പേരാണ് രസകരം. വാത്മീകി സ്മാരക വിമാനത്താവളം. ആദി കവിയായ വാത്മീകിയെ തമസ്കരിക്കുകയും അദ്ദേഹത്തിന്റെ കഥാനായകനെ കവർന്നെടുത്ത് രൂപഭാവങ്ങൾ മാറ്റി വിഗ്രഹമാക്കി വോട്ടിന് ഉപയോഗിക്കുയും ചെയ്യുന്നു. ആ വിമാനത്താവളത്തിന് ചേരുന്ന പേര് രാമാനന്ദ സാഗറിന്റെയൊക്കെ പേരാണ്.
***
വ്യാഴാഴ്ചയുണ്ടായ അഞ്ച് കോൺഗ്രസ് പ്രസ്താവനകൾ അതിശ്രദ്ധേയമാണ്. ഒന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആഗോള വിഭാഗം തലവനായ സാം പിട്രോഡയാണ്. രണ്ടാമത്തേത് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാൽ. പിന്നീട് വന്നത് കെ.പി.സി.സിയുടെ മൂന്ന് മുൻ പ്രസിഡന്റുമാരുടേതാണ്. ഒടുവിൽ സാക്ഷാൽ കെ.പി.സി.സി. പ്രസിഡന്റിന്റെയും.
ആദ്യം വെടി പൊട്ടിച്ചത് കെ.മുരളീധരനാണ്. രാമക്ഷേത്രം ഉദ്ഘാടനത്തിന് കോൺഗ്രസ് പോകരുതെന്നാണ് കേരളത്തിലെ കോൺഗ്രസ്സിന്റെ നിലപാടെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. പാർട്ടിയിൽ അകത്തളത്തിലില്ലാത്ത രണ്ട് മുൻ പ്രസിഡന്റുമാരാണ് പിന്നീട് പൊട്ടിച്ചത്, മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും- മുരളി പറഞ്ഞ അതേ നിലപാടാണവർ പറഞ്ഞത്. തലയുള്ളപ്പോൾ വാലാടരുതല്ലോ- നിങ്ങളാരാ പറയാൻ, നിലപാട് കേന്ദ്രനേതൃത്വം പറയുമെന്നായി കെ.പി.സി.സി പ്രസിഡന്റായി ഇപ്പോഴും തുടരുന്ന സുധാകരൻ. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കെണിയിൽ വീഴ്ത്താൻ നോക്കേണ്ട, നേതൃത്വം വ്യക്തമായ തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കെണിയിൽ വീഴ്ത്താൻ നോക്കേണ്ടെന്ന്…. അപ്പോഴാണ് ആഗോള സമിതിയുടെ അധ്യക്ഷനായ സാം പിട്രോഡയുടെ പ്രസ്താവന വരുന്നത്. രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കരുത്, രാമക്ഷേത്രമല്ല രാജ്യത്തിന്റെ പ്രശ്നം എന്ന്. പക്ഷേ ആ നിലപാടാണോ സംഘപരിവാറിന്റെ രാമക്ഷേത്ര ഉദ്ഘാടനത്തോട് കോൺഗ്രസ് സ്വീകരിക്കാൻ പോകുന്ന നിലപാട്?
മുരളീധരൻ ചാടിവീണ് ആദ്യം അഭിപ്രായം പറഞ്ഞത് ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കോൺഗ്രസ്സിന്റെ ദേശീയ നിലപാടെന്തായാലും തന്റെ നിലപാട് പരിവാർ ക്ഷേത്രം തുറക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ പോകേണ്ടെന്നാണ്. കോൺഗ്രസ് നേതാക്കൾ പോയിപോലും പോയില്ലപോലും തനിക്ക് വോട്ടുവേണം. മുല്ലപ്പള്ളിക്കും സുധീരനും ഇനിയൊന്നും നോക്കാനില്ല. എന്തും പറയാം. മുരളിയുടേത് അത്തരമല്ല. പക്ഷേ ഒരു മുൻ പ്രസിഡന്റുകൂടിയുണ്ടല്ലോ സജീവമായി. രമേശ് ചെന്നിത്തല. ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെങ്കിലും വലിയ നേതാവല്ലേ, അഭിപ്രായം വേണ്ടേ. അതല്ല, പ്രതിപക്ഷനേതാവ് വി.ഡി സതീശനെപ്പോലെ ദേശീയ രാഷ്ട്രീയത്തിലെ കാര്യമല്ലേ രാമക്ഷേത്രമൊക്കെ, ഞാനൊന്നുമറിയില്ലേ രാമനാരായണാ എന്ന മട്ടിൽ നിസ്സംഗഭാവത്തിൽ നിൽക്കാനാണോ തീരുമാനം.
കോൺഗ്രസ്സിന്റെ അച്ചടക്കസമിതിയുടെ ചുമതലക്കാരനായ എ.കെ ആൻറണി ഒന്നും പറയാറില്ല. അദ്ദേഹത്തിന്റെ പുത്രനാണല്ലോ ബി.ജെ.പിയുടെ ദേശീയനേതാക്കളിലൊരാൾ. ന്യൂനപക്ഷത്തെ സംഘടനകൾക്ക് നെഗളിപ്പുവേണ്ടെന്ന് മാറാട് കാലത്ത് പറഞ്ഞത് എ.കെ ആന്റണിയാണ്. ഇനി കോൺഗ്രസ്സിൽ നിന്നിട്ട് കാര്യമില്ല, പുളിങ്കൊമ്പ് ബി.ജെ.പി.യിലാണുള്ളതെന്ന് തിരിച്ചറിഞ്ഞ് പുത്രൻ അങ്ങോട്ടുചാടിയതാണ്. കൃപാസനം നടത്തി കുടുംബത്തിന്റെ കൂടിയാലോചനയ്ക്കുശേഷമാണ് പുത്രൻ ബി.ജെ.പി.യായതെന്ന് ആന്റണിയുടെ പത്നി പരസ്യപ്രസ്താവനയും നടത്തിയതാണ്. കോൺഗ്രസ് പ്രതിസന്ധിയിലാവുമ്പോൾ രക്ഷകനായി മുതിർന്ന നേതാവ് ആന്റണി എത്താറുണ്ടെന്നാണല്ലോ കേൾവി. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന പൂജയിൽ കോൺഗ്രസ് പ്രതിനിധിയായി ആന്റണി പോകട്ടെ എന്ന സമവായമുണ്ടായേക്കുമോ. അസുഖമായതിനാൽ സോണിയ പോകുന്നില്ല, രാഹുൽ എന്തായാലും പോകുന്നില്ല. കമൽനാഥും മറ്റും പോകാൻ ടിക്കറ്റ് റിസർവ് ചെയ്തുനിൽക്കുകയാണ്. പക്ഷേ മുതിർന്ന നേതാവുതന്നെ വേണമെന്നാണെങ്കിൽ ആന്റണിക്കാണ് നറുക്ക് വീഴുക.
പക്ഷേ കോൺഗ്രസ്സിന് വലിയ സന്ദേഹമാണ്. പോയില്ലെങ്കിൽ ഹിന്ദുത്വ വിരുദ്ധരെന്ന് സംഘപരിവാർ ആരോപിക്കും. പോയാൽ മുഖംമൂടി മാത്രമല്ല, കോട്ടും സൂട്ടുംവരെ അഴിഞ്ഞുവീഴും. ബാബറി മസ്ജിദ് തകർക്കാൻ എല്ലാ വഴികളുമൊരുക്കിക്കൊടുത്തത് നരസിംഹറാവു- രാജീവ് ഗാന്ധി ഭരണമാണെന്ന് ഒരിക്കൽക്കൂടി വെളിവാകും. കർസേവ നടത്തിയത് സംഘപരിവാറാണെങ്കിലും വഴിയൊരുക്കിയതിലെ പങ്കാളിത്തം മറച്ചുവെക്കാനാവില്ല. നേരിട്ട് കർസേവ നടത്തിയില്ലെന്നുമാത്രം. അത് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്ന, മതതേരവാദിയായ രാഹുൽഗാന്ധിക്ക് അയോധ്യയിലെ രാഷ്ട്രീയ ക്ഷേത്രത്തിന്റെ പൂജയെ അംഗീകരിക്കാനാവുമോ. പക്ഷേ രാഹുലിന്റെ മാത്രം കയ്യിലല്ലല്ലോ കോൺഗ്രസ്.
ശബരിമലയിൽ ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ദർശനം നടത്താമെന്ന് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് വിധിച്ചത്. അതിനെ കോൺഗ്രസ്സും ആർ.എസ്.എസ്സും വരെ സ്വാഗതം ചെയ്തതാണ്. എന്നാൽ യാഥാസ്ഥിതികരിൽ വലിയ വിഭാഗം അതിനെതിരാണെന്ന് കണ്ടപ്പോൾ സുപ്രിംകോടതി വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് റോട്ടിൽ കിടന്ന് അലമുറയിട്ടതും ശയനപ്രദക്ഷിണം നടത്തിയതും നാമജപയാത്ര നടത്തിയതും സംഘപരിവാർ മാത്രമല്ല. അവരേക്കാൾ ആവേശത്തോടെ കോൺഗ്രസ്സുകാരുമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അത് ക്ലിക്കാവുകയും ചെയ്തു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ റോട്ടിലും മൈതാനങ്ങളിലുമെല്ലാം രാമപൂജയെന്ന നമ്പർ ഇറക്കുമോ- കണ്ടറിയണം.
രാഷ്ട്രീയമായി സ്ഥാപിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22-ന്. കൂടിയാൽ രണ്ടോ മൂന്നോ ആഴ്ചക്കകം തിരഞ്ഞെടുപ്പ് പ്രഖ്യാപനം. അപ്പോൾ എന്തുകൊണ്ടും സ്കോപ്പുള്ളതാണ് പൂജയ്ക്ക്. ശബരിമല സ്ത്രീ പ്രവേശനകാര്യത്തിൽ നാമജപത്തിന് മത്സരിച്ചതുപോലെ ഈ തിരഞ്ഞെടുപ്പിൽ അഖണ്ഡ രാമനാമജപത്തിൽ മത്സരമുണ്ടാകുമോ… മതേതരരാജ്യമാണല്ലോ…
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.