മോദി ഭരണത്തിൽ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾക്കും ജനാധിപത്യ സംവിധാനത്തിനും എത്ര നാൾ നില നില്പുണ്ട്? ഇ.ഡിയും ആദായനികുതി വകുപ്പും പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഭരണകൂട ഉപകരണങ്ങളാക്കി മാറ്റപ്പെടുന്ന സാഹചര്യത്തിൽ ജനാധിപത്യത്തിൻ്റെ നിലനില്പിനെക്കുറിച്ചുള്ള ഉൽക്കണ്ഠയാണ് ഈ ലക്കം പദയാത്രയിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ പങ്കുവെക്കുന്നത്.
അഛൻ പത്തായത്തിലില്ല എന്നുപറഞ്ഞത് പോലെയാണ് അതിന്റാള് താൻ തന്നെയെന്ന് പ്രധാനമന്ത്രി ഭംഗ്യന്തരേണ വെളിപ്പെടുത്തിയത്. അതായത് ആ കത്തിന്റെ പിറകിൽ മറ്റാരുമല്ലെന്ന്. ഹരീഷ് സാൽവെയടക്കം അറുന്നൂറ് വക്കീലന്മാരാണ് ഒപ്പിയാന്മാരായി പ്രത്യക്ഷപ്പെട്ടത്. നമ്മുടെ കൊച്ചു കേരളത്തിലെ ഒരു നടപ്പുപരിപാടിയാണല്ലോ ഒപ്പിയാനിസം. എന്തെങ്കിലും സംഭവമുണ്ടാകുമ്പോൾ ഏതെങ്കിലും ഒരാൾ ഒരു കത്ത് തയ്യാറാക്കുന്നു. എന്നിട്ട് കുറേപ്പേർക്ക് അയച്ചുകൊടുക്കുയോ അതല്ലെങ്കിൽ വിവരം പറയുകയോ ചെയ്യുന്നു. തന്റെ പേരും ചേർത്തോളൂ എന്ന് സമ്മതം കിട്ടിയാൽ സാംസ്കാരികനായകരുടെ സംയുക്ത പ്രസ്താവനയെന്ന പേരിൽ പത്രക്കുറിപ്പ് ഇറക്കുകയായി.
അമ്മാതിരിയൊരു കത്താണ് പെസഹാ വ്യാഴാഴ്ച ഇന്ദ്രപ്രസ്ഥത്തിൽ അവതരിച്ചത്. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് മാനൻകുമാർ മിശ്രയുണ്ട്, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആന്റണിയുണ്ട്. പിന്നെ സാക്ഷാൽ ആദിഷ് സി. അഗർവാളുണ്ട്. സുപ്രിംകോടതിയിലെ ബാർ അസോസിയേഷന്റെ പ്രസിഡണ്ടായ ഈ അഗർവാളാണ് സുപ്രിംകോടതിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ചത്.
കോർപ്പറേറ്റുകളാണ് രാഷ്ട്രീയപാർട്ടികൾക്ക് ബോണ്ട് നൽകിയത്. ഏത് കമ്പനികൾ എത്ര കോടി ആർക്കൊക്കെ കൊടുത്തുവെന്ന് പുറത്തറിയുന്നത് കമ്പനികളുടെ ഉത്തമതാല്പര്യത്തിന് ഹാനികരമാണ്, അതിനാൽ സുപ്രിംകോടതിയുടെ വിധി രാഷ്ട്രപതി വീറ്റോ ചെയ്യണം എന്നാണ് ബാർ അസോസിയേഷൻ പ്രസിഡണ്ടായ പുള്ളിക്കാരൻ കത്തയച്ചത്.
കത്തിന്റെ ഉള്ളടക്കം രസാവഹമാണ്. ഇന്ത്യൻ ജൂഡീഷ്യറിയുടെ അന്തസ്സ് കെടുത്താൻ ചിലർ ശ്രമിക്കുന്നു. സുപ്രിംകോടതിയുടെ സുവർണഭൂതകാലമെന്നൊക്കെ പറഞ്ഞ് വർത്തമാനകാലത്തെ പഴിക്കുന്നു. ചില സ്ഥാപിതതാല്പര്യക്കാർ ജൂഡീഷ്യറിയുടെ ദാർഢ്യം തകർക്കാൻ ശ്രമിക്കുന്നു. ചില രാഷ്ട്രീയനേതാക്കൾക്കെതിരായ അഴിമതിക്കേസുകളിൽ കോടതിയെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ആരോപണമുന്നയിക്കുന്നു. കേസുകൾ പരിഗണിക്കാൻ വിടുന്ന ബെഞ്ചുകളെക്കുറിച്ച് തെറ്റായ പ്രചരണം നടത്തുന്നു എന്നു തുടങ്ങിയ ആരോപണങ്ങളാണ് കത്തിൽ. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് സുപ്രിംകോടതിക്ക് ഉപദേശവും.
ഡെൽഹി മദ്യനയക്കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത കെ.കവിതയുടെ ജാമ്യാപേക്ഷ നിരസിച്ചപ്പോൾ കപിൽ സിബൽ സുപ്രിംകോടതിയിൽ പറഞ്ഞ ഒരു വാചകത്തിലാണ് ഹരീഷ് സാൽവെയടക്കമുള്ളവർ കേറിപ്പിടിച്ചത്. സിബൽ ഇത്രയേ പറഞ്ഞുള്ളൂ. സുപ്രിംകോടതിയുടെ ചരിത്രമെഴുതുമ്പോൾ ഈ കാലഘട്ടത്തെ സുവർണകാലമെന്ന് വിശേഷിപ്പിക്കില്ല- ശരി അത് നോക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചും.
അർധോക്തിയിലൊതുങ്ങിയ കപിൽ സിബലിന്റെ ഈ വാക്കുകളാണ് സംഘപരിവാറിനു വേണ്ടിയെന്നോണം തയ്യാറാക്കി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലെ കേന്ദ്രവാചകം. സഞ്ജീവ് ഖന്നയുടെ ബെഞ്ചിലുണ്ടായിരുന്ന മറ്റൊരാൾ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ്. ഗുജറാത്ത്, രാജസ്ഥാൻ ഹൈക്കോടതികളിൽ പ്രവർത്തിച്ച ശേഷം സുപ്രിംകോടതിയിൽ ജഡ്ജിയായ ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചിലേക്ക് പ്രധാന കേസുകൾ ലിസ്റ്റ് ചെയ്യുന്നുവെന്നാരോപിച്ച് പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദുവെയും ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. സുപ്രിംകോടതിയിലെ പ്രോട്ടോകോൾ ലംഘിച്ചാണ് രജിസ്ട്രി കേസുകൾ ബേല എം. ത്രിവേദിയുടെ ബെഞ്ചിലേക്ക് വിടുന്നതെന്നും ആരോപിക്കപ്പെട്ടു.
രാഷ്ട്രീയസ്വഭാവമുള്ള കേസുകളാണിങ്ങനെ തുടർച്ചയായി വിടുന്നതെന്നായിരുന്നു ആക്ഷേപം. പ്രശാന്ത് ഭൂഷണിന്റെയും ദുഷ്യന്ത് ദുവെയുടെയും കത്തിന്റെ വിവരം പുറത്തുവരേണ്ട താമസം, അഗർവാൾ അടിയൻ ലച്ചിപ്പോം എന്ന മട്ടിൽ ചാടിവീണു. സുപ്രിംകോടതിയിലെ നടപ്പുരീതികളെല്ലാം കുറ്റമറ്റതാണ്, സുപ്രിംകോടതിയിലെ അഭിഭാഷക സമൂഹം പൂർണ തൃപ്തരാണ്, പൂർണമായും വിശ്വസിക്കുന്നു എന്ന മട്ടിലാണ് ബാർ അസോസിയേഷനുവേണ്ടിയുള്ള കത്ത്. നേരത്തെ സുപ്രിംകോടതി വിധി തടയാൻ രാഷ്ട്രപതിക്ക് അഗർവാൾ അയച്ച കത്തിൽ തങ്ങൾക്ക് പങ്കില്ല, ഉത്തരവാതിത്തമില്ല എന്ന് സുപ്രിംകോടതി ബാർ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ പരസ്യപ്രസ്താവന നടത്തിയതാണ്.
തികച്ചും രാഷ്ട്രീയമായ ഒരു കത്തെഴുതി രാജ്യത്തെങ്ങുമുള്ള അറുന്നൂറിലേറെ വക്കീലന്മാരുടെ ഒപ്പുമായി ഇങ്ങനെയൊരു കത്ത് ചീഫ് ജസ്റ്റിസിന് അയക്കുകയെന്നാ ൽ അത് വലിയൊരു ഗൂഢ പദ്ധതിയല്ലേ എന്ന ചോദ്യമൊന്നും ഒപ്പിയാൻ മാർക്ക് പ്രശ്നമല്ല. ബാർ അസോസിയേഷനല്ല, കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏതോ സംഘടനയല്ലേ ഒപ്പുശേഖരണത്തിന് പിറകിൽ?
ഒന്നൊന്നരക്കൊല്ലത്തിന് മുമ്പ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പാർലമെന്റിൽ സുപ്രിംകോടതിക്കെതിരെ പരസ്യമായ വെല്ലുവിളി നടത്തിയിരുന്നതാണ്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിനു എതിരായിട്ടാണ് ആക്രമണം തുടങ്ങിയത്. കൊളീജിയം ശുപാർശകളുടെ കാര്യത്തിൽ ആജ്ഞാപിക്കുകയൊന്നും വേണ്ടെന്ന് ജൂഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള നിരന്തര വെല്ലുവിളിയായിരുന്നു റിജിജുവിന്റെ വക. ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ എത്തിയതോടെ രാജ്യസഭയിലും സുപ്രിംകോടതിക്കെതിരെ വിമർശമുയർന്നു. കോടതിയല്ല, എക്സിക്യൂട്ടീവാണ് നിർണായകമെന്ന് ധൻകർ ആവർത്തിച്ചുകൊണ്ടിരുന്നു.
സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ പ്രകോപനം എല്ലാവർക്കും മനസ്സിലാകുന്നതാണ്. ജൂഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതാണ് വാദത്തിലൂടെ പ്രതിരോധിക്കുന്നതിനേക്കാൾ എളുപ്പവും മെച്ചവുമെന്ന നിഗമനത്തിലാണോ അവർ. ബിൽക്കിസ് ബാനു കേസ്, തിരഞ്ഞെടുപ്പുകമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന കേസ്, തുടങ്ങി ഇലക്ടറൽ ബോണ്ട് കേസുവരെ എത്രയെത്ര കേസുകളിലാണ് കേന്ദ്രസർക്കാരിന്റെ അഴിമതിവിരുദ്ധ പൊയ്മുഖം തകർന്നുവീണത്.
നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിൽ മോദിയുടെ ഭരണകാലത്താണ് സംഘപരിവാറിന്റെ നേതൃത്വത്തിൽ വംശീയ ഉന്മൂലനത്തിനായി അതിക്രമവും കൂട്ടക്കൊലകളും നടത്തിയത്. ബിൽക്കിസ് ബാനുവിന്റെ 14 അംഗങ്ങളുള്ള കുടുംബത്തെ കൂട്ടക്കൊലചെയ്യുകയും ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്ത നരാധമന്മാരെ കോടതി ശിക്ഷിച്ചതാണ്. 14 വർഷം ജയിലിൽ കഴിഞ്ഞ സാഹചര്യത്തിൽ അവരുടെ മോചനത്തിന്റെ കാര്യം സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രിംകോടതിയിൽ നിന്നും വിധി കിട്ടി. അത് കേൾക്കേണ്ടതാമസം ഗുജറാത്ത് സർക്കാർ ക്രിമിനലുകളെ മോചിപ്പിച്ചു. മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് പിന്നീട് സുപ്രിംകോടതി വിധിക്കുകയും പ്രതികളെ രണ്ടാഴ്ചക്കകം വീണ്ടും ജയിലിലടപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സംഘപരിവാറിന് വല്ലാത്ത ഇഛാഭംഗമുണ്ടാക്കിയ സംഭവമാണ് ഈ വിധി.
തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കുന്നത് ചീഫ് ജസ്റ്റിസുകൂടി അംഗമായ സമിതിയാവണമെന്ന് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. തങ്ങളുടെ ആജ്ഞാനുവർത്തികളെയല്ല കമ്മീഷണർമാരാക്കുന്നതെങ്കിൽ സുപ്രിംകോടതിയിൽ നിന്നുള്ള പ്രഹരംപോലെ പ്രഹരമുണ്ടാകാമെന്നറിയാവുന്ന ബി.ജെ.പി സർക്കാർ സുപ്രിംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവന്നു. ഇപ്പോൾ ചൊല്ലുവിളിയുളള രണ്ടുപേരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായെടുത്തു. ദോശചുട്ടെടുക്കുന്ന വേഗത്തിലാണ് സെർച്ചും പോസ്റ്റിങ്ങും.
തിരഞ്ഞെടുപ്പ് ബോണ്ട് പരിപാടി സുപ്രിംകോടതി അപ്പാടെ റദ്ദാക്കിയതാണ് മറ്റൊരടി. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് ബോണ്ടിലൂടെ നടന്നതെന്നത് വ്യക്തമായത് ബോണ്ട് പദ്ധതി സുപ്രിംകോടതി റദ്ദാക്കിയതിലൂടെയാണ്. ഏതെല്ലാം കമ്പനികൾ ഏതെല്ലാം പാർട്ടികൾക്ക് എത്ര ശതകോടികൾ കൊടുത്തുവെന്ന് പൂർണമായും വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിർബന്ധിതമായി. തോക്കിൻമുനയിൽ നിർത്തിയാണ് എസ്.ബി.ഐയെക്കൊണ്ട് എല്ലാം തത്ത പറയുന്നതുപോലെ പറയിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് മാധ്യമമാരണ ഉത്തരവുണ്ടായത്. സുപ്രിംകോടതി അത് കയ്യോടെ റദ്ദാക്കി. ഇ.ഡിക്ക് അനിയന്ത്രിതമായ അധികാരങ്ങൾ സുപ്രിംകോടതിതന്നെ മുമ്പ് വകവെച്ചു കൊടുത്തിരുന്നു. ജസ്റ്റിസ് ഖാൻവിൽക്കറിന്റെ ബെഞ്ച്. അദ്ദേഹം പിന്നീട് വിജിലൻസ് കമ്മീഷണറായി. ഇപ്പോഴിതാ കഴിഞ്ഞദിവസം സുപ്രിംകോടതി ഒരു വിധി പുറപ്പെടുവിച്ചു. ഇ.ഡി അറസ്റ്റ് ചെയ്യുമ്പോൾ കാരണം വ്യക്തമാക്കിയിരിക്കണമെന്ന്. കാരണം വ്യക്തമാക്കേണ്ടതില്ലെന്ന ഇ.ഡിയുടെ വാദമാണ് തള്ളിയത്. ഛണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്- ആം ആദ്മി സഖ്യത്തിന്റെ കൗൺസിലർമാരുടെ ബാലറ്റിൽ റിട്ടേണിങ്ങ് ഓഫീസർ പരസ്യമായി കുത്തിവരഞ്ഞ് എട്ട് ബാലറ്റ് അസാധുവാക്കി. തോറ്റ ബി.ജെ.പിയെ ജയിപ്പിച്ചുകൊടുത്തു. സുപ്രിംകോടതി അതിന്റെ വീഡിയോ ദൃശ്യം കോടതിമുറിയിൽ വെച്ച് കാണുകയും റിട്ടേണിങ്ങ് ഓഫീസറായ കള്ളനെ വിളിച്ചുവരുത്തി കണക്കിന് കൊടുക്കുകയും ചെയ്തു. യഥാർഥത്തിൽ വിജയിച്ച ആപ് സ്ഥാനാർഥിയെ ജയിച്ചതായി സുപ്രിംകോടതി പ്രഖ്യാപിച്ചു.
പഴയ പോലീസ് ഓഫീസറാണ് തമിഴ്നാട് ഗവർണൻ ആർ.എൻ രവി. താനൊരു ഭയങ്കരനാണെന്ന് പണ്ടേ മനസ്സിലിരിപ്പുളള പുള്ളിയാണ്. ആ ഗവർണൻ തമിഴ്സ്വത്വത്തെ പരിഹസിക്കുന്നതിലാണ് സംതൃപ്തി കണ്ടെത്തുന്നത്. ദ്രാവിഡ ഭാഷയും സംസ്കാരവുമെല്ലാം മോശമാണെന്നടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഭയങ്കരൻ തമിഴ്നാട് മന്ത്രിസഭയുടെ ശുപാർശകൾ അംഗീകരിക്കാൻ ഒരുക്കമല്ല. മുഖ്യമന്ത്രി ഒരാളെ മന്ത്രിയായി നിയമിക്കാൻ ശുപാർശചെയ്താൽ സത്യവാചകം ചൊല്ലിക്കൊടുക്കുയല്ലാതെ ഗവർണ്ണർക്ക് വേറെ പോംവഴിയില്ല. പക്ഷേ രവി അതിനൊരുക്കമല്ലായിരുന്നു. ഗവർണറുടെ സെക്രട്ടറിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് സുപ്രിംകോടതി പറഞ്ഞു, നാളെ സന്ധ്യക്കുമുമ്പ് മന്ത്രിയെ നിയമിച്ചില്ലെങ്കിൽ ബാക്കി അപ്പോൾ കാണാമെന്ന്. ഗവർണറെ പരമോന്നനീതിപീഠം വാക്കാൽ പ്രഹരിക്കുകയെന്നതിനർഥം കേന്ദ്രത്തെ പ്രഹരിക്കുകയെന്നുതന്നെയല്ലേ. ഇങ്ങനെയൊക്കെ സുപ്രിംകോടതിയിൽ നിന്ന് നടപടിയുണ്ടായപ്പോൾ കേന്ദ്ര ഭരണകക്ഷി അമ്പരക്കാതെങ്ങനെ. ജനാധിപത്യത്തെ അപ്പാടെ, അതിന്റെ തൂണുകളെയപ്പാടെ നിലംപതിപ്പിക്കാൻ നോക്കുമ്പോഴാണ് സുപ്രിംകോടതിയുടെ ഇടപെടലുകൾ. എങ്ങനെ കത്തെഴുതാതിരിക്കും. ആ കത്തിന്റെ പിന്നിൽ സർക്കാരാണെന്ന് ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആ കത്തിനെ നവമാധ്യമങ്ങളിലൂടെ അംഗീകരിക്കാതിരിക്കുന്നതെങ്ങനെ. ഏതായാലും കാര്യങ്ങളുടെ പോക്ക് അങ്ങോട്ടുതന്നെ, പച്ചയായ ഫാസിസത്തിലേക്ക്. കെജ രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെ അമേരിക്കക്കും ജർമനിക്കും മാത്രമല്ല ഐക്യരാഷ്ട്ര സംഘടനക്കും കാര്യങ്ങൾ മനസ്സിലായിക്കഴിഞ്ഞു. ലോകം കാണുകയാണ് ജനാധിപത്യത്തിന്റെ പേരിൽ നടമാടുന്ന സ്വേഛാധിപത്യം.
***
കോൺഗ്രസ്സിന് ആദായനികുതി വകുപ്പ് 1700 കോടി രൂപ അടക്കാൻ നോട്ടീസ് നൽകിയിരിക്കുന്നു. 135 കോടി പിടിച്ചെടുത്ത് അക്കൗണ്ട് മരവിപ്പിച്ചിട്ടും അരിശം തീരാതെയാണ് പുതിയ നോട്ടീസ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമാണ് ഇ.ഡിക്കും ആദായനികുതി വകുപ്പിനും ശൗര്യം കൂടിയത്. കേസുകൊടുത്തതുകൊണ്ടൊന്നും, ഒന്നും സംഭവിക്കില്ല ഏതറ്റം വരെയും പോകാമെന്ന വിശ്വാസത്തിലാണ് കേന്ദ്ര ഏജൻസികളുടെ പോക്ക്.
സി.പി.എമ്മിനെ പേടിപ്പിക്കാൻ ആദായനികുതി വകുപ്പ് നേരത്തതന്നെ നോട്ടീസ് കൊടുത്തതാണ്. ചെറിയ ഒരു പിഴവുണ്ടെന്ന് പറഞ്ഞ് നികുതിയിളവ് റദ്ദാക്കി പതിനഞ്ചര കോടി അടക്കാനാണ് നോട്ടീസ്. അതിനെതിരെ കേസ് നടക്കുന്നു. ഇപ്പോഴിതാ സി.പി.ഐ.ക്കെതിരെയും കൊടുത്തരിക്കുന്നു നോട്ടീസ്. 11 കോടി അടക്കണമെന്ന്. സി.പി.എമ്മും സി.പി.ഐ.യും കോർപ്പറേറ്റുകളിൽ നിന്ന് ബോണ്ട് വാങ്ങാത്തവരാണ്. ബോണ്ടിനെതിരെ കേസും കൊടുത്തതാണ്. സി.പി.ഐ.യൊക്കെ എവിടുന്നെടുത്താണ് 11 കോടി കൊടുക്കുക. പാർട്ടികളുടെ അക്കൗണ്ടല്ല, പാർട്ടികളേ പൂട്ടിപ്പോയ്ക്കോളും തങ്ങളുടെ നോട്ടീസ് കിട്ടിയാൽ എന്നതാണ് ആദായനികുതി വകുപ്പിന്റെ മനസ്സിലിരിപ്പ്.
കേന്ദ്രം ഭരിക്കുന്ന കക്ഷിയായതിനാൽ ബി.ജെ.പി.യുടെ അക്കൗണ്ട് പരിശോധിക്കരുത്. അവർക്ക് നോട്ടീസ് അയക്കരുത്. കേന്ദ്രഭരണകക്ഷിക്ക് ബോണ്ട് കൊടുക്കുന്നതോടെ കേസിൽ നിന്ന് മുക്തമാവുമെന്നതാണല്ലോ ഇലക്ടറൽ ബോണ്ടിന്റെ തത്വശാസ്ത്രം. ഡി.എൽ.എഫ് ചെയ്തതുപോലെ തരക്കേടില്ലാത്ത ഒരു ബോണ്ട് ബി.ജെ.പി.ക്ക് കൊടുത്ത് ആദായനികുതിക്കേസിൽ നിന്ന് രക്ഷനേടാൻ കോൺഗ്രസ്സിനും സാധിക്കുമായിരുന്നു. പക്ഷേ ബോണ്ട് സമ്പ്രദായമേ നിർത്തിക്കളഞ്ഞല്ലോ. നീതി ലഭിക്കുമെന്നു കരുതി ഹൈക്കോടതിയിൽ പോയ കോൺഗ്രസ്സിന് നിരാശയാണ് ഫലം. അറുന്നൂറ് വക്കീലന്മാരുടെ കത്തിനെ അത്ര ലഘുവായി കാണേണ്ട. ആ കത്തിന് പിന്നിലെ കളി ദീർഘകാലമായി തുടങ്ങിയതാണെന്നും മറക്കരുത്. ഇനിയെന്തെന്ന് ആർക്കറിയാം.