A Unique Multilingual Media Platform

The AIDEM

Articles Culture Kerala Politics Society

പൂക്കോട്ടെ താലിബാൻ

  • March 2, 2024
  • 1 min read
പൂക്കോട്ടെ താലിബാൻ

മനുഷ്യ മനോഭാവം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്തവരെ നടുക്കിയ സംഭവമാണ് വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്നത്. കേരളത്തിലെ മാറുന്ന വിദ്യാർഥി രാഷ്ട്രീയ പ്രവർത്തന ശൈലിയുടെയും അതിനൊപ്പം നിന്ന് തൻകാര്യലാഭം മാത്രം ലക്ഷ്യം വെക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിൻ്റെയും പ്രതിഫലനം കൂടിയായിരുന്നു അത്. ഈ സംഭവത്തിൻ്റെ അടിവേരന്വേഷിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ ‘പദയാത്ര’ എന്ന പംക്തിയിൽ. കൂടെ കോൺഗ്രസ്, ബി.ജെ.പി കേരള യാത്രാ വിശേഷങ്ങളും.


നവകേരള സദസ്സിന്റെ രണ്ടാം ഘട്ടമായ മുഖാമുഖം പരിപാടിയിൽ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു ചർച്ച ചെയ്തത് കഴിഞ്ഞ ദിവസമാണ്. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും വിദ്യാർഥികളുമായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ സംവദിച്ചു. അതിന് രണ്ടോ മൂന്നോ ദിവസം മുമ്പാണ് കലാലയത്തിലെ ഭരണവും നീതിന്യായവും ശിക്ഷനടപ്പാക്കലുമൊക്കെ കയ്യൂക്കുള്ള ഒരു സംഘം വിദ്യാർഥികൾ ഏറ്റെടുത്ത സംഭവം വയനാട്ടിൽ ഉണ്ടായത്. പൂക്കോട്ടു നിന്ന് വരുന്ന വാർത്തകൾ മൃഗീയമെന്നു പറഞ്ഞാൽ സ്വാഭാവികമാണ്. മൃഗങ്ങളെ ശുശ്രൂഷിക്കുന്നതും ചികിത്സിക്കുന്നതും പഠിപ്പിക്കുന്ന കലാലയത്തിൽ നിന്ന് മൃഗീയ വാർത്തകളല്ലേ പുറത്തുവരേണ്ടത്. പക്ഷേ മൃഗീയമല്ല സംഭവമെന്നാണ് ഒടുവിൽ പുറത്തു വന്ന വാർത്തകൾ തെളിയിക്കുന്നത്. മൃഗങ്ങൾ മറ്റേതെങ്കിലും മൃഗത്തെ കടിച്ചുകീറിയ ശേഷം കൂട്ടിലടച്ച് മൂന്നുദിവസം വെള്ളവും ഭക്ഷണവും നിഷേധിക്കുമോ. അങ്ങനെയിതേവരെ കേട്ടിട്ടില്ല. മൃഗശിക്ഷകന്മാരും മൃഗ ഡോക്ടർമാരുമാക്കാൻ പരിശീലിപ്പിക്കപ്പെടുന്നവരാണ് പൂക്കോട് വെറ്റിനറികോളേജിലെ വിദ്യാർഥികൾ. അതായത് പടയപ്പ, അരിക്കൊമ്പൻ എന്നിങ്ങനെയുള്ള ആനകളെയും പിന്നെ കടുവകളെയുമൊക്കെ മയക്കുവെടി വെക്കേണ്ടവർ. നല്ല പഠിപ്പാണവിടെ നടക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. 

മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ മുഖാമുഖം പരിപാടിയിൽ നിന്ന്

അഫ്ഗാനിസ്ഥാനിലെ സ്നിയിൽ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ ഒരാഴ്ച മുമ്പാണ് രണ്ടു പേരെ താലിബാൻ ഭരണകൂടം പരസ്യമായി വെടിവെച്ചുകൊന്നത്. പെരുമ്പറയടിച്ച് ആയിരക്കണക്കിനാളുകളെ വരുത്തി അവർക്കു മുമ്പിലാണ് വധശിക്ഷ നടപ്പാക്കിയത്. പക്ഷേ ചാട്ടവാറടിയൊന്നുമില്ലാതെ പിന്നിൽ നിന്ന് തുരുതുരാ വെടിവെക്കുകയായിരുന്നു. മിനുട്ടുകൾക്കകം തീർന്നുകിട്ടിയതുകൊണ്ട് അധികം വേദന സഹിക്കേണ്ടിവന്നിട്ടുണ്ടാവില്ല. എന്നാൽ പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായ സിദ്ധാർഥിനെ കോളേജിലെ താലിബാൻ സംഘം മൂന്നുദിവസം മുഴുവൻ വേദനിപ്പിച്ച് കുടിവെള്ളം പോലും നിഷേധിച്ചാണ് മരണത്തിലേക്ക് തള്ളിയിട്ടതെന്നാണ് വാർത്ത. കേരളത്തിലെ കലാലയങ്ങളിൽ കൊലപാതകങ്ങൾ എത്രയോ ഉണ്ടായിട്ടുണ്ട്. എസ്.എഫ്.ഐയുടെ മുപ്പതോളം പ്രവർത്തകരെയാണ് കെ.എസ്.യുക്കാരും ആർ.എസ്.എസ്സുകാരുമൊക്കെ കൊല ചെയ്തത്. സിദ്ധാർഥിന്റെ മരണം താലിബാൻ മോഡൽ ഗോത്രീയ വിചാരണയുടെയും ശിക്ഷയുടെയും ഫലമാണെന്നാണ് വ്യക്തമാകുന്നത്.

ആ സംഭവത്തെക്കുറിച്ച് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞത് വിശദമായ അന്വേഷണം നടത്തണം, സംഭവത്തിൽ എസ്.എഫ്.ഐക്ക് പങ്കില്ല എന്നാണ്. പക്ഷേ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും പ്രസിഡന്റും മാത്രമല്ല, എസ്.എഫ്.ഐക്കാരനായ കോളേജ് യൂനിയൻ പ്രസിഡന്റും പ്രതികളാണ്. അവരിൽ ചിലർ അറസ്റ്റിലായി. പ്രതികളിൽ ഭൂരിപക്ഷവും എസ്.എഫ്.ഐക്കാരാണ്. പക്ഷേ എസ്.എഫ്.ഐക്ക് ബന്ധമില്ല. ശരിയാണ് ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ ബന്ധമില്ല, അവരുടെ അറിവോടെയുമല്ല. എന്നാൽ ഒരു പ്രൊഫഷണൽ കോളേജിലെ യൂണിറ്റ് ഭാരവാഹികൾ ഒന്നടങ്കം മാത്രമല്ല യൂനിയനെ നയിക്കുന്നയാളും പങ്കാളികളായ സാഹചര്യത്തിൽ വിശദീകരണം മാറ്റിപ്പിടിക്കേണ്ടതല്ലേ.

പൂക്കോട് വെറ്റിനറി കോളേജ്

ആ കോളേജിലെ ഭാരവാഹികൾ ക്രിമിനൽ സ്വഭാവമുളളവരാണെങ്കിൽ അംഗങ്ങളും അനുഭാവികളാകെയും അങ്ങനെയാകില്ലല്ലോ. മൂന്നുദിവസം തുടർച്ചയായി പരസ്യമായി പീഡിപ്പിക്കുന്നതു കണ്ടിട്ടും ആരും രഹസ്യമായിപ്പോലും റിപ്പോർട്ടു ചെയ്യാതിരുന്നതെന്തുകൊണ്ട്. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റത്ത് ഏറെക്കുറെ നഗ്നനാക്കി മർദിക്കുമ്പോൾ അയ്യോ എന്നൊരു നിലവിളി നാടകം കാണാനെന്നോണം കൂടിനിന്ന ഒരുത്തന്റെ വായിൽ നിന്നും പുറത്തു വന്നില്ലല്ലോ. അതാണ് ഏറ്റവും ഭീകരം. പങ്കില്ലെങ്കിൽ എന്തുകൊണ്ട് തടയാൻ ശ്രമിച്ചില്ല? മൃഗചികിത്സകരാകാൻ പഠിക്കുന്ന ചരക്കുകൾ. എസ്.എഫ്.ഐയുടെ പാരമ്പര്യ ഗുണമുള്ള ഒരംഗം പോലും അവിടെയില്ലാതായിപ്പോയോ. അതോ നുഴഞ്ഞുകയറിയ പുതുമടിശ്ശീലക്കാരുടെ വരുതിയിലായോ അവരും. വീട്ടിലേക്കുപോയ സിദ്ധാർഥിനെ വഴിമധ്യേ തിരിച്ചുവിളിച്ച് വിചാരണ നടത്തിയാണല്ലോ മരണത്തിലേക്ക് തള്ളിയിട്ടത്. വിവേകമുള്ള ഒരുത്തൻപോലും അക്കൂട്ടത്തിലില്ലതായിപ്പോയോ… മൂന്നുദിവസം നീണ്ട ഭീകരമർദനവും പീഡനവുമുണ്ടായിട്ടും കോളേജധികൃതരോ ഹോസ്റ്റൽ അധികൃതരോ അറിഞ്ഞില്ല പോലും. സിദ്ധാർഥ് മരിച്ചതിന്റെ പിറ്റേന്നാണ് സിദ്ധാർഥിനെതിരെ ഒരു പെൺകുട്ടിയുടെ പരാതി അധികൃതർക്ക് കിട്ടുന്നത്. കോളേജധികൃതരും ഹോസ്റ്റൽ അധികൃതരും ആ തൊഴിലിന് പറ്റിയവർതന്നെ. 

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലെ ഇടിമുറിയെപ്പറ്റിയും അവിടുത്തെ നേതാക്കളുടെ പി.എസ്.സി. പരീക്ഷാ കോപ്പിയടിയെപ്പറ്റിയും വിവരങ്ങൾ  പുറത്തുവന്നപ്പോൾ, മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർഹെഡും സീലുമുണ്ടാക്കി വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുണ്ടാക്കി വനിതാ നേതാവ് താൽക്കാലിക ജോലി സമ്പാദിച്ച വിവരം പുറത്തുവന്നപ്പോൾ… അത്തരം സംഭവങ്ങൾ പുറത്തുവന്നപ്പോൾ തെറ്റുതിരുത്തലുണ്ടാകുമെന്നാണ് ജനം പ്രതീക്ഷിച്ചത്. 

ചർച്ച ചെയ്ത് തെറ്റ് തിരുത്തിയതു കൊണ്ട് തീരുന്ന പ്രശ്നമല്ല, രാഷ്ട്രീയബോധം വേണമെന്നതാണ് പ്രശ്നം. അതില്ലാതെ ആൾക്കൂട്ടത്തിൻ്റെ നേതാവായി ആൾക്കൂട്ട മനശ്ശാസ്ത്രമനുസരിച്ച് പ്രവർത്തിക്കുമ്പോൾ സ്വാഭാവികം. രാഷ്ട്രീയമായ ലക്ഷ്യമില്ലാതാവുമ്പോൾ ഇതും ഇതിലപ്പുറവും സംഭവിക്കും. കല്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി വാഴവെച്ചപ്പോൾ അവിടുത്തെ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടതായിരുന്നു. ഇപ്പോൾ താലിബാൻ മോഡൽ വിചാരണ നടന്ന ആ കോളേജിലെ യൂനിറ്റ് പിരിച്ചുവിടാതെ നാലുപേരെ സസ്പന്റ് ചെയ്തതോടെ പ്രശ്നം തീർന്നുവോ… ഇത്തരം ക്രൂരകൃത്യങ്ങൾ സ്വയം ചെയ്യില്ലെന്നു മാത്രമല്ല ആരെങ്കിലും അങ്ങനെ ചെയ്യാൻ മുതിർന്നാൽ പ്രതിരോധിക്കുന്ന പ്രസ്ഥാനമാണ്, അതിന് കെല്പും ഇഛാശക്തിയും സമീപനദാർഢ്യവുമുള്ള പ്രസ്ഥാനമാണ് എസ്.എഫ്.ഐ എന്നായിരുന്നു ജനങ്ങളുടെ ബോധ്യവും പ്രതീക്ഷയും. ആ വിശ്വാസത്തിന്റെ, പ്രതീക്ഷയുടെ കഴുത്തിലാണ് കത്തിവെച്ചത്. ഇതല്ല എസ്.എഫ്.ഐ എന്ന് പറയാനും തെളിയിക്കാനും കഴിയുമോ എന്നതാണ് ഈ കാലത്തിന്റെ വെല്ലുവിളി.

 ***

അങ്ങനെ ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനംവരുന്നതിനു മുമ്പുതന്നെ ആ കടമ നിർവഹിച്ചുകഴിഞ്ഞു. കാസർക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര. ഏറ്റവും ഒടുവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമരാഗ്നിയാണ് തലസ്ഥാനത്തെത്തി കെട്ടടങ്ങിയത്. തുടക്കം മുതലേ അതൊരൊന്നൊന്നര സമരാഗ്നിയായിരുന്നു. പെട്ടെന്നൊന്നും കെടില്ലെന്നു തോന്നിയതാണ്. പക്ഷേ അർഹിക്കുന്നത്ര മാധ്യമപരിലാളന കിട്ടിയില്ല. ഏറ്റവും അതിശയമായത് പാലോട് രവിയുടെ ആ ദേശീയ ഗാനമാണ്. പതിമൂന്നാമത്തെ പ്രസംഗം തീർന്നതും ഡി.സി.സി. പ്രസിഡന്റ് പാലോട് എഴുന്നേല്‌ക്കൂഎന്ന് ഒറ്റ ആജ്ഞയാണ്. അത് പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ മറ്റാരെങ്കിലും മൈക്ക് പിടിച്ചെടുത്താലോ എന്ന ഭയന്ന് ഒറ്റപ്പാട്ടാണ്. ജനഗണ മഗളദായക ജയഹേ. ജയഹേ എന്നു പറയുമ്പോഴേക്കും മൈക്ക് കിട്ടാൻ നേരത്തെതന്നെ ഒരുങ്ങിനിൽപായ ടി. സിദ്ദിഖ് ഒറ്റത്തള്ളാണ്, കഴുത്തിനു പിടിച്ചുതന്നെ തള്ള്. തള്ളിയിട്ടും നീങ്ങാതെ, മൈക്ക് വിടാതെ ജയഹേ ജയഹേ… ഈ മനോഹരദൃശ്യം പോലും പത്രത്തിൽ കൊടുക്കാനുള്ള ദയവുണ്ടായില്ല മാതൃഭൂമിക്കും മലയാള മനോരമയ്ക്കും. തീർന്നില്ല. പിന്നീടവിടെ യുദ്ധകാലവേഗത്തിൽ എന്തെല്ലാം നടന്നു. സി.ഡി.യെട്, സി.ഡിയെട് എന്ന് സിദ്ദിഖ്. അതുകേട്ട് മൈക്കിനടുത്തേക്ക് ഓടിപ്പാഞ്ഞു വരുന്ന ശശി തരൂർ. അപ്പോഴേക്കും മൈക്ക് കൈക്കലാക്കുന്ന ഒരു യുവതി. ജനഗണമന എന്നു ചൊല്ലി ഒന്നന്തിച്ചുനിൽക്കുന്ന യുവതി. പിന്നെ അവരുടെ ജയഹേയും കൂടെ സിദ്ദിഖിന്റെയും പാലോടിന്റെയും ജയഹേയും.

കോൺഗ്രസിന്റെ സമരാഗ്നി സമാപന സമ്മേളനത്തിൽ നിന്ന്

ഇത്ര മനോഹരമായ സംഭവമുണ്ടായിട്ടു പോലും ഒരു കവറേജ് കൊടുക്കാനുള്ള ദയവുണ്ടായില്ല നമ്മുടെ പ്രമുഖ മാധ്യമങ്ങൾക്ക്. അതിരിക്കട്ടെ. നമ്മുടെ ബഹുമാനപ്പെട്ട കെ.പി.സി.സി. അധ്യക്ഷന്റെ ദീനരോദനമെന്നോ വിലാപമെന്നോ വിശേഷിപ്പിക്കാവുന്ന ഉപസംഹാര പ്രസംഗത്തിന്റെ നാലുവരി കൊടുക്കാമായിരുന്നില്ലേ. ഇത്രയ്ക്ക് അവഗണനയാകാമോ. അദ്ദേഹമെന്താ പ്രസംഗിച്ചത്. കളം കാലിയായി. ഇനി ഞാൻ പ്രസംഗിക്കുന്നില്ല. വളരെ നേരത്തെ ഈ കസേരയെല്ലാം കാലിയായി. ഇത്രയും വലിയൊരു ജാഥ നടത്തിയിട്ട് ഒന്നുരണ്ടുപേർ പ്രസംഗിക്കുമ്പോഴേക്കും എല്ലാവരും എഴുന്നേറ്റു പോകുന്നു. ഇതൊരു പാർട്ടിയല്ലേ. സമരാഗ്നിയെന്നു പറഞ്ഞ് ലക്ഷങ്ങൾ മുടക്കിയാണ് ഇത് നടത്തുന്നത്. ഞങ്ങളൊക്കെ എത്ര ത്യാഗം സഹിച്ചാണിത് സംഘടിപ്പിക്കുന്നത്. ഇവിടെ ഇത്തിരി നേരം ഇരുന്നുകേട്ടാൽ ഈ ഭൂമിയിൽ എന്തെങ്കിലും സംഭവിക്കുമോ. പോയവർ പോയി. ഇനി ബാക്കിയുള്ളവരോടാണെനിക്ക് പറയാനുള്ളത്. യോഗത്തിനുപോയാൽ പ്രസംഗം കേൾക്കണം…

അപ്പോൾത്തന്നെ സവിശേഷമായ പുഛച്ചിരിയോടെ പ്രസിഡന്റ് പറഞ്ഞത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തള്ളിപ്പറയുകയും ചെയ്തു. പ്രസിഡന്റ് പലതും പറയും അത് കാര്യമാക്കേണ്ട. കടുത്ത ചൂട് കാരണമാണവർ പോയത്. മൂന്നുമണിക്കേ ഇരിക്കുന്നതല്ലേ. നമ്മുടെ പ്രവർത്തകരല്ലേ അവർ പോയ്ക്കോട്ടെ എന്നാണ് സതീശൻ പറഞ്ഞത്. ഒരു യോഗത്തിൽ പതിനഞ്ച് പ്രസംഗകർ. അഞ്ചാറുമണിക്കൂർ പരിപാടി. രാഷ്ട്രീയ പാർട്ടികൾ ഈ കൊടിയ സാഡിസം നിർത്തിയില്ലെങ്കിൽ ജനം പ്രതികരിച്ചോളുമെന്ന് സതീശനെങ്കിലും മനസ്സിലായിക്കാണുമല്ലോ. 

പക്ഷേ ഇതിൽ കെ. സുധാകരന് ഒരു സന്ദേഹമുണ്ട്. തന്റെ പ്രസംഗം ബഹിഷ്കരിപ്പിക്കാൻ എന്തെങ്കിലും കൂടോത്രം നടന്നുവോ. മലബാർ നല്ലതും തിരുവിതാംകൂർ വഷളുമെന്ന് താൻ പഴയൊരു കഥ പറഞ്ഞതിന്റെ പ്രതികാരമാണോ ബഹിഷ്കരണം- ആ സംശയമാണ് സുധാകരനെ പരസ്യപ്രസ്താവനക്ക് പ്രേരിപ്പിച്ചത്. 

വി.ഡി സതീശനും കെ. സുധാകരനും പത്രസമ്മേളനത്തിനിടെ

അതായത് മലബാറിലെ രാഷ്ട്രീയവും തിരുവിതാംകൂറിലെ രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങൾ തമ്മിൽ അജഗജാന്തരമുണ്ടെന്നാണ് സുധാകരൻ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ് അധികം കഴിയുംമുമ്പ് ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചത്. മലബറിൽ പ്രചാരത്തിലുള്ളതെന്ന് പിന്നീടദ്ദേഹം അവകാശപ്പെട്ടെങ്കിലും അദ്ദേഹമല്ലാതെ വേറാരും കേട്ടതായി അറിയാത്ത മൗലികകഥയാണ്. കഥയിതാണ്- ലങ്കയിൽ രാവണനെ തോൽപ്പിച്ച് വധിച്ച് സീതയെ വീണ്ടെടുത്ത് ലക്ഷ്മണനോടൊപ്പം പുഷ്പകവിമാനത്തിൽ അയോധ്യയിലേക്ക് പറക്കുകയാണ് രാമൻ. ലങ്കയിൽ നിന്ന് പുറപ്പെട്ട് കടൽ കഴിഞ്ഞാൽ തിരുവിതാംകൂറിന്റെ മുകളിലൂടെ കടന്ന് സുധാകരന്റെ വീടുനിൽക്കുന്ന സ്ഥലത്തുകൂടെ കണ്ണൂരിന്റെ മുകളിലൂടെ കർണാടകത്തിലൂടെയാണല്ലോ പുഷ്പക വിമാനം പറക്കുക. തിരുവിതാംകൂറന്റെ മുകളിലെത്തിയപ്പോഴേ ലക്ഷ്മണൻ മൗനിയായി. അയാളുടെ മനസ്സിൽ ദുഷ്ടചിന്തകൾ തലപൊക്കാൻ തുടങ്ങി. രാമേട്ടനെ തള്ളിത്താഴെയിട്ട് സീതയെ സ്വന്തമാക്കി അയോധ്യയിലേക്കു പറന്നാലോ. പക്ഷേ ആലോചിക്കുമ്പോഴേക്കും വിമാനം തൃശ്ശിവപേരൂരിന് മുകളിലെത്തിയതും ലക്ഷ്മണൻ പഴയ സാഹോദര്യ സ്നേഹമുള്ള പ്രിയ ഭ്രാതാവായി.. അപ്പോൾ കൊച്ചുചിരിയോടെ രാമേട്ടൻ ഉവാച- സാരമില്ലനുജാ, നീ ബേജാറാകേണ്ട, കുറ്റബോധം വേണ്ട. നീ ഇത്രനേരം വിചാരിച്ചതെന്താണെന്നെനിക്കറിയാം. അത് നിന്റെ കുഴപ്പമല്ല, ഇതേവരെ നാം കടന്നുവന്ന മണ്ണിന്റെ പ്രശ്നമാണ്… തിരുവിതാംകൂറുകാർ വിടുമോ…

ഇതേ പ്രശ്നം കാരണമാണ് സമരാഗ്നി ജാഥ മലബാറും കൊച്ചിയും കടന്ന് തിരുവിതാംകൂറിലേക്കു കടന്നതും സുധാകരന്റെ നാവിൽ സരസ്വതി വിളയാടിയത്. ജാഥ നയിക്കുന്ന സഹനായകനായ പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിന് നിശ്ചിതസമയത്ത് എത്താത്തതിനാൽ അദ്ദേഹത്തെ ഒരു പ്രത്യേക വാക്കിൽ വിശേഷിപ്പിക്കുയായിരുന്നു. ആ വാക്ക് തമിഴാണെന്നാണ് കെ. മുരളീധരൻ എം.പി പറഞ്ഞത്. വാക്യത്തിൽ പ്രയോഗിക്കുകയാണെങ്കിൽ കോൾമയിർകൊണ്ടു എന്ന് പറയാം. രോമം എഴുന്നേറ്റ് നിന്നു, രോമാഞ്ചമുണ്ടായി എന്നൊക്കെ അർഥം. പക്ഷേ വാക്യത്തിൽ പ്രയോഗിച്ച ആ വാക്കിന് മലയാളത്തിൽ അർഥം വെറും രോമമല്ല. രോമവുമായി ബന്ധപ്പെട്ട നിഗൂഢാർഥത്തിന് പുറമെ ആ വാക്കിന് ശുക്ലം എന്നും അർഥമുള്ളതായാണ് നിഘണ്ഡുകാരന്മാർ പറയുന്നത്. പക്ഷേ സാഹോദര്യത്തിന്റെ പര്യായമാണ് കെ. സുധാകരൻ പ്രയോഗിച്ചതെന്നും തനിക്കത് ഏറെ ഇഷ്ടമായെന്നും സതീശൻ പറഞ്ഞു. അങ്ങനെയൊരു വാക്ക് തന്റെ നിഘണ്ഡുവിലേ ഇല്ലെന്നും തന്റെ ഭാര്യ ചോദിച്ചത് നിങ്ങൾ ഇതേവരെ അങ്ങനെ പറഞ്ഞുകേട്ടിട്ടേയില്ലല്ലോ എന്നാണെന്നും സുധാകരൻ ഉവാച.

അതുപോകട്ടെ സമരാഗ്നി കെട്ടടങ്ങിയല്ലോ. നമ്മുടെ മാധ്യമങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് നൽകേണ്ടത് സി.പി.എമ്മാണ്. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും മാധ്യമങ്ങളെ ഇങ്ങനെ ഹിമാലയൻ പറ്റിപ്പ് പറ്റിച്ചത്. സി.പി.ഐയോ പിണറായി വിജയനോ സി.പി.എം. നേതൃത്വത്തിലുള്ള സർക്കാരോ ആണെങ്കിൽ നെഗറ്റീവിന്റെ അങ്ങേത്തലവരെ എത്തിക്കുകയാണല്ലോ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ഒരു ഇത്. ഒരു ശൈലി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്നണിയുടെ ജാഥ നടത്തുന്നതിന് പകരം മന്ത്രിസഭയുടെ ജാഥ സർക്കാർ ചെലവിൽ 140 മണ്ഡലത്തിലും നടത്തുക, അതിന്റെ പുറംചെലവുകൾ സഹകരണ സംഘങ്ങളെകൊണ്ടും തദ്ദേശസ്ഥാപനങ്ങളെക്കൊണ്ടും ചെയ്യിക്കുക, മന്ത്രിമാർക്ക് ജാഥ നടത്താനായി പ്രത്യേകം ബസ്സ്. കുത്തുപാളയെടുത്ത് ഇരിക്കുന്ന കെ.എസ്.ആർ.ടി.സി, ഒരുകോടി അഞ്ചുലക്ഷം രൂപ ചെലവിൽ നവകേരളബസ്സ്. ഇങ്ങനെയൊരു ബസ്സുണ്ടെന്ന് കേട്ടപ്പോഴേ മാപ്രകൾ ചാടിപ്പുറപ്പെട്ടതാണ്. ബസ്സിൽ തിരിയുന്ന കസേര. ബസ്സിൽ മൂത്രമൊഴിക്കാൻ സൗകര്യം. നവകേരള ബസ്സിലിരുന്ന് ചായ കുടിക്കാം, ഭക്ഷണം കഴിച്ചാൽ പാത്രം കഴുകാനും കൈകഴുകാനും സൗകര്യം. അമ്പമ്പോ. അടുത്തതായി അതാ വരുന്നു ബസ്സിൽ ലിഫ്റ്റ്. ബസ്സിൽ കയറുന്നതിനുള്ള കോണിയാണ് ലിഫ്റ്റ്. ഒരു കോടി അഞ്ചുലക്ഷത്തിന്റെ ബസ്സ് അങ്ങനെ ഹീറോ ആയി. അതിലും വിലയുള്ള കാറുകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഉടമകളുള്ള മാപ്രകളുടെ ഈ പ്രചരണം ഹിറ്റായി. അടുത്തതായി പ്രത്യേക മുദ്രാവാക്യമൊന്നുമില്ലാതെ നവകേരളബസ്സിന് മുന്നിൽ കറുത്ത കൊടിയുമായി മൂന്നോ നാലോ യൂത്തുകോൺഗ്രസ്സുകാർ ചാവേറുകളെപ്പോലെ ചാടി. ചാടുന്നതിന് മുമ്പ് അവർ ഏർപ്പെടുത്തിയ ചാനലുകൾ നേരത്തെ തന്നെ റെഡി. ഡിഫിക്കാരാകട്ടെ കരിങ്കൊടിക്കാരെ തല്ലാൻ റെഡി. പോലീസ് കാവൽ രൂക്ഷം. നവകേരള സദസ്സ് കടന്നുപോകുന്ന ഓരോ ഇഞ്ചിലുമെന്നോണം മാപ്രകൾ റെഡി. ചാനൽ ക്യാമറകൾ റെഡി. നെഗറ്റീവാക്കി ജാഥയെ പരിഹസിക്കാമെന്നാണ് കരുതിയത്. ശാന്തം പാപം. 140 മണ്ഡലത്തിലും നവകേരള സദസ്സിൽ വൻ പങ്കാളിത്തം. സർക്കാർ അർദ്ധസർക്കാർ ചെലവിൽ എൽ.ഡി.എഫിന്റെ ഇലക്ഷൻ തയ്യാറെടുപ്പിന്റെ ഒന്നാം ഘട്ടം അവർ വിചാരിച്ചതിനേക്കാളധികം സക്സസ്.

മുഖ്യമന്ത്രി പിണറായി വിജയൻ നവ കേരള സദസ്സ് വേദിയിൽ സംസാരിക്കുന്നു

സുധാകരനെയോ സതീശനെയോ വിമർശിക്കുന്നതും സമരാഗ്നിയുടെ ന്യൂനതകൾ റിപ്പോർട്ട് ചെയ്യുന്നതും സ്വന്തം തറവാട്ടുകാരെ ഇകഴ്ത്തുന്നതിന് സമമാണെന്നുകരുതി മുഖ്യധാരക്കാർ മൗനംപാലിച്ചു. ഫലമോ കല്ലിൽ കുത്തിപ്പൊട്ടിച്ച പൊട്ടാസു പോലെ സമരാഗ്നി ശൂന്നായിപ്പോയി. സംഘാടകരല്ല, കോൺഗ്രസ്സുകാരല്ല, രാജാവിനേക്കാൾ രാജഭക്തി കാണിച്ച സ്വന്തം മാപ്രകളാണ് ഈ പരുവത്തിലാക്കിയത്.

ഇനി ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിച്ച സംസ്ഥാന പദയാത്ര. അമ്മായീം കുടിച്ചു പാക്കഞ്ഞി എന്നതുപോലെയായിരുന്നു ആ ജാഥ. എവിടെ നിന്നുതുടങ്ങിയെന്നോ എവിടെ തീർന്നുവെന്നോ അറിയാവുന്നവരില്ല. സൗകര്യമനുസരിച്ച് ഓരോ ജില്ലയിലെത്തുക. അവിടെ മൂന്നോ നാലോ കിലോമീറ്റർ പദയാത്ര- പിന്നെയൊരു പൊതുയോഗം- അതാണ് കെ. സുരേന്ദ്രൻജി നടത്തിയ കേരളയാത്ര. എല്ലാ പാർട്ടികളും ചേർന്ന് കേരള രാഷ്ട്രീയത്തിലെ ഒരു ആചാരം, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അനുഷ്ഠാനം കുളമാക്കുയാണോ. ഒന്നുകിൽ പദയാത്ര, അതല്ലങ്കിൽ പണ്ടാണെങ്കിൽ ജീപ്പുജാഥ, ഇപ്പോഴത്തെ മട്ടിലാകുമ്പോൾ, കാരവൻ ജാഥ. അതുപക്ഷേ എല്ലാ മണ്ഡലത്തിലുമൊന്ന് സ്പർശിക്കേണ്ടതല്ലേ. ഇത്തവണത്തെ രീതി കണ്ടിട്ട് കാസർകോട്-തിരുവനന്തപുരം ജാഥയെന്ന അനുഷ്ഠാനം ഇനിയധിക കാലം ഉണ്ടാകില്ലെന്നു തോന്നുന്നു. കാര്യങ്ങൾ മൊബൈലിൽ കേൾക്കാമെന്നിരിക്കെ സ്വീകരിക്കാൻ മാത്രമല്ല അതിനുശേഷം മണിക്കൂറുകളോളമുള്ള പ്രസംഗത്തിന് നിന്നുകൊടുക്കണോ എന്ന് ജനത്തിനു വീണ്ടുവിചാരമുണ്ടെന്നാണ് സുധാകര-സതീശാദികളുടെ സമരാഗ്നിയുടെ അനുഭവം സൂചിപ്പിക്കുന്നത്.

 

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venkktesh k
Venkktesh k
10 months ago

Well articulated and kudos to Balakrishnan sir