കുമാരനാശാന്റെ കാവ്യസംസ്കാരം ഇന്നും പ്രസക്തം: എം കെ സാനു
അന്ത:സാരശൂന്യമായ രീതിയിലുള്ള പദവിന്യാസങ്ങളിലൂടെ വരികൾ ക്രമപ്പെടുത്തിയെഴുതുന്നത് കവിതയായി കരുതപ്പെട്ടിരുന്ന സമൂഹത്തെ, ആത്മാവ് എരിയുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് കവിതയെന്ന് പഠിപ്പിച്ച്, കാവ്യ സംസ്കാരത്തെ നവീകരിച്ച മഹാകവിയാണ് കുമാരനാശാൻ എന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണം എറണാകുളം അധ്യാപക ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവിത ജീവിതത്തിലെ കൊടിയ വിഷത്തെ അമൃതമാക്കുന്നു എന്ന് ആശാൻ കൃതികൾ പഠിച്ചാൽ മനസ്സിലാകും. കവി അടിസ്ഥാനപരമായി ധിക്കാരിയാണ്. അവാർഡുകൾ കവികളെ സൃഷ്ടിക്കുന്നില്ല. അധികാരമുള്ളവരെ പ്രശംസിക്കുവാൻ ആളുകൾ മത്സരിക്കുന്ന കാലമാണിത്. ഒരു മൂല്യവും മാനദണ്ഡവുമില്ലാത്തതായി നമ്മുടെ സമൂഹം മാറിയിരിക്കുന്നു. ഗാന്ധി മരിച്ചപ്പോൾ എല്ലാവരും ഉപവാസമിരിക്കണം എന്ന് നെഹ്റുവും പട്ടേലും പറഞ്ഞു. എന്നാൽ ഗാന്ധിയെ കൊന്നവൻ ഹീറോയാണോ എന്നാണിന്ന് ചർച്ച ചെയ്യുന്നത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഉന്നത മൂല്യങ്ങൾ സമൂഹത്തിൽ സ്ഥാപിക്കുവാൻ കുമാരനാശാൻ കൃതികളുടെ പഠനം ആവശ്യമാണ്. കാവ്യാസ്വാദനത്തിന്റെ ശീലം കുട്ടികളിൽ രൂപപ്പെട്ടാൽ അവർ ധർമ ബോധമുള്ളവരായിത്തീരും അദ്ദേഹം വിശദീകരിച്ചു. പ്രൊഫ എം.കെ സാനു ചെയർമാൻ ആയുള്ള മഹാകവി കുമാരനാശാൻ ചരമശതാബ്ദി സമിതിയാണ് സമ്മേളനം സംഘടിപ്പിച്ചത്.
ശരീരത്തെ കൊണ്ടാടിയിരുന്ന ഒരു സമൂഹത്തിൽ നിന്നും ആത്മീയ ഭാവങ്ങളിലേക്ക് ഉയരുന്ന മനുഷ്യനെ കവിതയിൽ പ്രതിഷ്ഠിച്ച കവിയാണ് കുമാരനാശാനെന്ന് അധ്യക്ഷത വഹിച്ച പ്രൊഫ. എം. തോമസ് മാത്യൂ അഭിപ്രായപ്പെട്ടു. കവി കുരീപ്പുഴ ശ്രീകുമാർ, ഡോ. എം.പി മത്തായി, എ.കെ പുതുശ്ശേരി, സമിതി കൺവീനർ കെ.പി സജി, ട്വിങ്കിൾ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.