A Unique Multilingual Media Platform

The AIDEM

Articles International Sports

ഫുട്ബോൾ ‘ഊളന്മാരെ’ നിലക്ക് നിർത്തുന്ന വിദ്യകൾ

  • November 22, 2022
  • 1 min read
ഫുട്ബോൾ ‘ഊളന്മാരെ’ നിലക്ക് നിർത്തുന്ന വിദ്യകൾ

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽത്തന്നെ സാങ്കേതിക വിദ്യയുടെ, പ്രത്യേകിച്ച് ഇൻഫർമേഷൻ ടെക്നോളോജിയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും(നിർമിത ബുദ്ധി) പ്രയോഗം പാരമ്യത്തിൽ എത്തിനിൽക്കുന്ന കാഴ്ചയാണ് കളിയുടെ ആദ്യദിവസം മുതൽതന്നെ ഖത്തറിൽ കാണുന്നത്. ഒരേ സമയം കണിശമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിനും അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യാ പ്രയോഗങ്ങൾ അനാവരണം ചെയ്യുന്നതിനും വഴിയൊരുക്കിയിരിക്കുന്നു ഇത്. മറ്റാർക്കും കൈമാറാൻ പറ്റാത്തവിധമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുണ്ടാക്കിയ ഇലക്ട്രോണിക്  മാച്ച് ടിക്കറ്റുകൾ മുതൽ മിക്കവാറും എല്ലാ കാണികളെയും വ്യക്തിഗതമായി തന്നെ ക്യാമറയിൽ പിടിക്കുന്ന സിസിടിവി സജ്ജീകരണങ്ങളും ഓരോ സ്റ്റേഡിയത്തിലുമുണ്ട്. സ്റ്റേഡിയത്തിനു നൂറു മീറ്റർ റേഡിയസിനരികിലെത്തുമ്പോൾ മാത്രമേ മാച്ച് ടിക്കറ്റുകളിലെ ഗേറ്റ് തുറക്കൽ സാങ്കേതികവിദ്യ പ്രവർത്തികമാവു. ഖത്തറിലെ ലോക കപ്പിന് സവിശേഷമായി ഉണ്ടാക്കിയ ഹയ്യ സ്മാർട്ട് കാർഡുകളും മാച്ച് ടിക്കറ്റും പൊരുത്തപ്പെടുത്തി ബോധ്യപ്പെട്ടാൽ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു.

ഇതിനു മുമ്പ് ഒരു ലോക കപ്പിലോ ലോകത്തെവിയെങ്കിലും നടന്നിട്ടുള്ള ഏതെങ്കിലും ഫുട്ബോൾ മത്സരത്തിലോ ഉപയോഗിച്ച് കാണാത്ത ഈ നവീന സാങ്കേതിക സംവിധാനം കുഴപ്പത്തിന് പേരുകേട്ട ഒരുപാടു ഫുട്ബോൾ ഭ്രാന്തന്മാരെ ‘നിലക്കുനിർത്താനും’ സഹായിച്ചിട്ടുണ്ട് എന്നാണ് ഏറെകാലം ലോകകപ്പ് മത്സരങ്ങൾ കാണുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുള്ള മുതിർന്ന മാധ്യമപ്രവർത്തകരുടെ പോലും അഭിപ്രായം. ഗാലറിയില്ലേ ആക്രോശത്തിനും ഉന്തുംതള്ളിനും എന്തിന്നു പലപ്പോഴും അടിപിടിക്കുതന്നെയും തയ്യാറായി എത്തുന്നവർ എന്ന് പേരുകേൾപ്പിച്ചവരാണ് ഇംഗ്ലണ്ട് ആരാധകരായ ഫുട്ബോൾ ഹൂളിഗൻസ്, ഈ ഫുട്ബോൾ ഊളന്മാർ കുഴപ്പമുണ്ടാകാത്ത ലോകകപ്പ് മത്സര വേദികൾ ഉണ്ടാവില്ലതന്നെ.

ഈ “പാരമ്പര്യം” തിരിച്ചറിഞ്ഞിട്ടാവണം ഖത്തറിലേ അധികാരികൾ ഇംഗ്ലീഷ് ഫുട്ബോൾ ഫാൻസ്‌ കൂടിച്ചേരുന്ന സ്ഥലത്തൊക്കെ കൂടുതൽ സൂക്ഷ്മവും കണിശവുമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയത്. പക്ഷെ ഇംഗ്ലണ്ട് അക്ഷരാർത്ഥത്തിൽ റാകി പറന്ന ആദ്യമത്സരത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ ഫാൻസും പുതുചരിത്രം തന്നെ രേഖപ്പെടുത്തി. ഇറാനെതിരെ 6 -2 ന്റെ ചരിത്ര വിജയം കുറിക്കുന്നതിനിടെ ചരിത്രത്തിലാദ്യമായി ഇംഗിഷ് ഫാൻസ്‌ റൂൾബുക് അനുസരിച്ചുള്ള ബെസ്ററ് ബിഹേവിയറിൽ ആയിരുന്നു. സാധാരണ ഗതിയിൽ ഓരോ രാജ്യത്തിന്റെയും ഫാൻസിനു രണ്ടറ്റങ്ങളിലുള്ള ഗോൾപോസ്റ്റിന്റെ പിറകിൽ വേർതിരിച്ചുള്ള ഗാലറികളും സീറ്റുകളുമാണ് അതിരുനിര്ണയിച്ചു നല്കാറ്. പക്ഷെ ഇംഗ്ലണ്ട് ഇറാൻ മത്സരത്തിൽ ഇരു രാജ്യത്തിന്റെയും ഫാൻസ്‌ സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇടകലർന്നു ഇരിക്കുന്ന സമാധാനപൂർവമായ അത്ഭുതക്കാഴ്ചയും കാണാനിടയായി.

ടീം ഫാൻസിനെ പ്രത്യേകമായി പരിഗണിക്കുന്ന സംസ്കാരത്തിന്റെ പ്രദർശനത്തിനും ഖത്തർ വേദിയായി. കളി കാണാൻ ടിക്കറ്റ്എടുത്ത ഒരൂ കാണിയുടെയും ഇരിപ്പിടത്തിലും ഖത്തർ സർക്കാരിന്റെ സമ്മാന പൊതിയും കാത്തിരിക്കുന്നുണ്ടായിരുന്നു. മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഭരണാധികാരികൾ പൊതുവിലും, ഖത്തർ ഭരണത്തലവന്മാർ പ്രത്യേകിച്ചും നടപ്പാക്കിയിട്ടുളള സമ്മാനപ്പൊതി സംസ്കാരത്തിന്റെ ഒരു വമ്പൻ തുടർച്ചയായി ഉൽഘാടന ദിവസത്തിലെ ഈ പ്രത്യേക വിതരണം.

വൃത്തിയുടെ കാര്യത്തിൽ പേരുകേട്ട ജപ്പാൻ ഫാൻസ്‌ അവരുടെ രാജ്യത്തിന്റെ യശസ് ഉയർത്തുന്ന ഒരു വിർത്തിയാക്കൽ യജ്ഞവും ഉൽഘാടന മത്സരത്തിന് ശേഷം കാഴ്ചവെച്ചു. കളിക്കളത്തിലും ഗാലറികളിലും മത്സരശേഷം ഉണ്ടായിരുന്ന കൊടിതോരണങ്ങളും മറ്റ് വേസ്റ്റും പെറുക്കിയെടുത്തു ഭദ്രമായി സ്റ്റേഡിയത്തിനു പുറത്തു നിക്ഷേപിച്ചുകൊണ്ടായിരുന്നു ആ മഹൽയജ്ഞം.


2022 FIFA ലോകകപ്പുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

For FIFA World Cup 2022 related stories, click here.

About Author

ജുനൈസ് മധുരക്കുയ്യൻ

തൊഴിൽപരമായി ഐ.ടി. എൻജിനീയറും, ഹൃദയത്തിൽ ഒരു ഫുട്ബോൾ ഭ്രാന്തനുമാണ് ജുനൈസ് മധുരക്കുയ്യൻ. 2022 ഖത്തർ ലോകകപ്പിൽ ഫിഫാ വളണ്ടിയറായും, ഇംഗ്ലണ്ട് ഫുട്ബോൾ ഫാൻ ക്ലബ്ബിന്റെ ഉദ്യോഗസ്ഥനായും ഒക്കെ പല വേഷത്തിൽ അദ്ദേഹത്തെ കാണാം.