“എല്ലാ ഇളവുകളും നൽകിയിട്ടും ഇന്ത്യൻ കമ്പനികൾ എന്തുകൊണ്ട് രാജ്യത്ത് നിക്ഷേപം ഇറക്കാൻ മടിക്കുന്നു?”
ഇന്ത്യൻ കോർപറേറ്റുകളോടാണ് ഈ ചേദ്യം. ചോദ്യകർത്താവ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനും.
ഇന്ത്യൻ കമ്പനികൾ സ്വന്തം ശക്തി തിരിച്ചറിയാത്ത ഹനുമാനെ പോലെയാണത്രേ. ഹനുമാൻറെ ശക്തിയെ ഓർമിപ്പിച്ച ജാംമ്പവാൻറെ റോൾ കേന്ദ്രസർക്കാരിന് എപ്പോഴും ഏറ്റെടുക്കാനാവില്ലെന്നും നിർമല സീതാരാമൻ ഓർമപ്പെടുത്തുന്നു.
കഴിഞ്ഞദിവസമാണ് ചെന്നൈയിൽ ഒരു കോൺക്ലേവിൽ സംസാരിക്കവെ ഇന്ത്യൻ കമ്പനികളെ നിർമല വിമർശിച്ചത്. കോർപറേറ്റുകളെ പ്രീണിപ്പിക്കാൻ വാരിക്കോരി ഇളവുകൾ നൽകുന്ന സർക്കാർ എന്ന ആക്ഷേപം സ്ഥിരമായി കേൾക്കുന്നതിനിടെ ധനമന്ത്രിക്ക് തന്നെ ആ പ്രവർത്തികൾ ഫലം നൽകുന്നില്ലെന്ന് തുറന്നു സമ്മതിക്കേണ്ടിവന്നു.
വിദേശസ്ഥാപനങ്ങൾ ഇന്ത്യ നിക്ഷേപത്തിന് പറ്റിയ നല്ല വളക്കൂറുള്ള മണ്ണായാണ് കാണുന്നത്. അപ്പോഴാണ് ഇന്ത്യൻ കമ്പനികൾ എല്ലാ ആനുകൂല്യങ്ങളും കൈപറ്റിയശേഷം തിരിഞ്ഞുനിൽക്കുന്നത്. ഇതാണ് നിർമലയെ നിരാശപ്പെടുത്തിയത്.
കോർപറേറ്റുകൾക്കുള്ള ഇളവുകൾ
രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതും വ്യവസായ സൌഹൃദമാക്കുന്നതും ലക്ഷ്യമിട്ടാണ് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ (Ease of Doing Business) കേന്ദ്രം നടപ്പാക്കിയത്. ലോകബാങ്ക് മുന്നോട്ട് വെച്ച നിർദേശങ്ങൾക്കനുസരിച്ച് എളുപ്പത്തിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന കോർപറേറ്റുകൾക്കായി ചുവന്ന പരവതാനി വിരിക്കുകയാണ് കേന്ദ്രം ഇതിലൂടെ ചെയ്തത്. തന്ത്രപ്രധാനമേഖലയിലടക്കം സ്വകാര്യവത്ക്കരണം, വ്യവസായികൾക്ക് ലളിതമായ നിയന്ത്രണങ്ങൾ, കുറഞ്ഞകൂലി, കരാർ തൊഴിൽ പ്രോത്സാഹിപ്പിക്കൽ, തുടങ്ങിയവയെല്ലാം ഈസ് ഓഫ് ഡൂയിങ് ബിസിനസിൻറെ പേരിൽ മോദി സർക്കാർ കോർപറേറ്റുകൾക്ക് ചെയ്തുകൊടുത്തു. ഫലം 2014 ൽ ലോകബാങ്കിൻറെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡക്സിൽ 142 ആം സ്ഥാനത്തായിരുന്ന ഇന്ത്യ 2022 ൽ 63 ആം സ്ഥാനത്തെത്തി. സർക്കാർ കഴിഞ്ഞകാലങ്ങളിൽ കോർപറേറ്റുകൾക്ക് നൽകിയ ചില ഇളവുകൾ നോക്കാം.
2019 ൽ മോദി സർക്കാർ കോർപറേറ്റ് നികുതി കുത്തനെ കുറച്ചു. 30 ശതമാനത്തിൽ നിന്ന് 22 ശതമാനത്തിലേക്ക് കുറച്ചതോടെ 1.45 ലക്ഷം കോടി രൂപയുടെ ആനുകൂല്യമാണ് കോർപറേറ്റുകൾക്ക് നൽകിയത്.
കോർപറേറ്റുകൾ മറ്റ് നികുതി ഇളവുകൾ വഴി 6.15 ലക്ഷം കോടിയുടെ ആനുകൂല്യങ്ങളും നികുതി ഇളവുകളും കഴിഞ്ഞ 8 വർഷത്തിനിടെ മോദി സർക്കാർ നൽകി.
10 ലക്ഷം കോടിയിലേറെ രൂപയുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളിയതിൽ ഭൂരിഭാഗവും കോർപറേറ്റുകളുടേത്.
കഴിഞ്ഞ വർഷം 2 ലക്ഷം കോടിയുടെ പദ്ധതികളാണ് ഓട്ടോമൊബൈൽ അടക്കമുള്ള 13 സെക്ടറുകൾക്കായി കേന്ദ്രം പ്രഖ്യാപിച്ചത്.
ഓരോ ബജറ്റിലും ഇളവുകൾ പ്രഖ്യാപിച്ചാണ് മോദി സർക്കാർ കോർപറേറ്റുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നത്. കോർപറേറ്റ് സർചാർജ് 17 ൽ നിന്ന് 12 ശതമാനമാക്കി കുറച്ചു. പുതിയ ഉത്പന്നനിർമാണ കമ്പനികളുടെ 15 ശതമാനമെന്ന ഇളവോടുകൂടിയ കോർപറേറ്റ് നികുതിയുടെ കാലാവധി നീട്ടിനൽകി. ഇതിനുപുറമെ തൊഴിൽ നിയമങ്ങൾ, ജിഎസ്ടി പരിഷ്ക്കരണം, തുടങ്ങിയവയും കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് കേന്ദ്രം സ്വീകരിച്ചു. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു തൊഴിൽ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനുള്ള കാരണമായി സർക്കാർ അവകാശവാദം. രാജ്യത്തെ നിർമാണ മേഖല ശക്തമാക്കുന്നതിനാണ് മെയ്ക്ക് ഇൻ ഇന്ത്യ (Make in India), ആത്മനിർഭർ (AatmaNirbhar Bharat) തുടങ്ങിയ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കാൻ തുടങ്ങിയത്. എന്നിട്ടും ധനമന്ത്രിക്ക് ചോദിക്കേണ്ടിവരുന്നു.
“എന്തുകൊണ്ടാണ് ഇന്ത്യൻ കമ്പനികൾ സ്വന്തം രാജ്യത്ത് നിക്ഷേപം ഇറക്കാൻ മടിക്കുന്നത്?”
പ്രതിസന്ധി, തളർച്ച
ജിഡിപിയുടെ 16 ശതമാനമാണ് നിർമാണമേഖലയുടെ സംഭാവന. ഇത് 25 ശതമാനമാക്കുന്നത് ലക്ഷ്യമിട്ടാണ് മെയ്ക്ക് ഇൻ ഇന്ത്യ, സ്ക്കിൽ ഇന്ത്യ, ആത്മനിർഭർ തുടങ്ങിയ പല പദ്ധതികളും ആരംഭിച്ചത്. ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക അനുകൂല്യം (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് – പി.എൽ.ഐ) എന്ന പുതിയ പദ്ധതിപ്രകാരം മാനുഫാക്ചറിങ് രംഗത്തെ 13 സെക്ടറുകൾക്കായി 1.97 ലക്ഷം കോടിരൂപയാണ് അഞ്ചുവർഷത്തേക്കായി സർക്കാർ പ്രഖ്യാപിച്ചത്. കൂടുതൽ ഉത്പാദനത്തിന് കൂടുതൽ ആനുകൂല്യങ്ങൾ എന്ന ആകർഷണമുണ്ടെങ്കിലും ഇതിന് കമ്പനികൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് ഒരു നിശ്ചിത ലാഭം ഉറപ്പുവരുത്തണമെന്ന വ്യവസ്ഥ പാലിക്കേണ്ടിയിരുന്നു. എന്നാൽ കൊവിഡിലും (COVID-19 Pandemic) സാമ്പത്തിക മാന്ദ്യത്തിലും പെട്ട് നട്ടംതിരിയുന്ന കാലത്ത് സാധ്യമല്ലെന്നതും കമ്പനികൾക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപം നടത്തുകയെന്ന വലിയ റിസ്ക്ക് എടുക്കുന്നതിൽ നിന്ന് കമ്പനികളെ ഇത് പിന്തിരിപ്പിച്ചു.
ഉത്പാദനം ഉയർത്തിയത് കൊണ്ടുമാത്രം കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാവില്ല. ഉത്പാദിപ്പിക്കുന്നവയ്ക്ക് വിപണികണ്ടെത്തുകയെന്ന വെല്ലുവിളിയും കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായി തുടരുന്നുണ്ട്. വസ്തുക്കൾക്ക് ഡിമാൻറ് കുറഞ്ഞതും ജനങ്ങളെ സാമ്പത്തികപ്രതിസന്ധി ബാധിച്ചതും വിപണിയെ തളർത്തിയെന്നതും ഒരുവസ്തുതയാണ്. ഡിമാൻറ് ഇല്ലാതെ ഉത്പാദനം കൂട്ടുന്നത് കമ്പനികളുടെ നഷ്ടം കൂട്ടാനല്ലാതെ മറ്റൊന്നിനും പ്രയോജനപ്പെടില്ല. പലവസ്തുക്കളുടേയും ഇറക്കുമതി തീരുവ കൂടുതലായതും കൊവിഡ് കാലത്ത് അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ വലിയ വില നൽകേണ്ടിവന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
ഇതിനൊപ്പം തന്നെ സാങ്കേതികവിദ്യയെ പുൽകുന്നതിൽ ഇന്ത്യയിലെ കമ്പനികൾ ഇപ്പോഴും മെല്ലെപ്പോക്ക് നയത്തിലാണ്. സാങ്കേതികരംഗത്ത് ഉണ്ടാകുന്ന വേഗത്തിലുള്ള മാറ്റത്തെ ഉൾക്കൊള്ളുന്നതിൽ ഇന്ത്യൻ കമ്പനികൾ ഏറെ പിന്നിലാണ്. സാങ്കേതിക വിദ്യമാറുന്നതിനനുസരിച്ച് വേണ്ടുന്നമാറ്റങ്ങൾ ഫാക്ടറികളിൽ നടപ്പിലാക്കുന്നതിന് പലപ്പോഴും കാലതാമസം നേരിടുന്നു. ഒപ്പം തന്നെ സ്ക്കിൽഡ് തൊഴിലാളികളുടെ ലഭ്യതകുറവും കാലത്തിനനുസരിച്ച് ഉത്പന്നങ്ങൾ പരിഷ്ക്കരിക്കുന്നതിലും ഇന്ത്യൻ കമ്പനികൾ പിന്നിലാണെന്നതും ആഗോളതലത്തിലെ വിപണി കണ്ടെത്തുന്നതിന് ഒരു തടസമാണ്. രാജ്യത്ത് പെരുകുന്ന പണപ്പെരുപ്പവും കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന ചില്ലറയൊന്നുമല്ല പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിന് പുറമെയാണ് വിതരണശൃംഖലയെ മൊത്തം താറുമാറാക്കി റഷ്യ – യുക്രൈൻ യുദ്ധവും എത്തിയത്.
വിദേശനിക്ഷേപവും വിദേശകമ്പനികളും
കേന്ദ്രമന്ത്രി പിയുഷ് ഗോയൽ കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെൻറിൽ നൽകിയ കണക്കനുസരിച്ച് 2014 നും 2021 നവംബറിനും ഇടയിൽ ഇന്ത്യയിൽ നിന്ന് 2783 വിദേശകമ്പനികളാണ് പ്രവർത്തനം അവസാനിപ്പിച്ച് പോയത്. വാഹനനിർമാതാക്കളായ ഫോർഡ്, ജനറൽ മോട്ടോഴ്സ്, ഹാർലി ഡേവിസൺ ബാങ്കിങ് രംഗത്തെ അതികായരായ സിറ്റി ബാങ്ക്, ബാർക്ലെയിസ്, ടെലികോം രംഗത്ത് നിന്ന് ഡോക്കോമോ എന്നിവയെല്ലാം ഇവയിൽ ഉൾപ്പെടും. ഇന്ത്യ വ്യാവസായിക സൌഹൃദമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവയെല്ലാം കഴിഞ്ഞ 7 വർഷംകൊണ്ട് ഇവിടുത്തെ കച്ചവടം പൂട്ടിക്കെട്ടിയത്. വ്യാവസായകമേഖലയിൽ നിന്ന് രണ്ടക്ക വളർച്ച പ്രതീക്ഷിക്കുന്ന രാജ്യത്തിന് തിരിച്ചടിയായിരുന്നു ഇത്.
കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപത്തിൻറെ പരിധി കേന്ദ്രം ഉയർത്തിയതോടെ 2020-21 സാമ്പത്തികവർഷത്തിൽ രാജ്യത്തെ വിദേശനിക്ഷേപം തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 76 ശതമാനം ഉയർന്നു. 20-21 സാമ്പത്തിക വർഷത്തിൽ 12.09 ബില്ല്യൺ ഡോളറായിരുന്ന വിദേശനിക്ഷേപം കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 21.34 ബില്ല്യൺ ഡോളറായാണ് ഉയർന്നത്. വിദേശസ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ താൽപര്യമുണ്ടെന്നതിന് തെളിവായി ഈകണക്കുകളാണ് ധനമന്ത്രിയും വാണിജ്യമന്ത്രാലയവും ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇതെല്ലാം കമ്പനികളിലുള്ള സ്വകാര്യഓഹരി നിക്ഷേപം മാത്രമാണെന്നും അല്ലാതെ ദീർഘകാലത്തേക്കുള്ള നിക്ഷേപമല്ലെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല, കൊക്കോകോള, ഗ്ലാക്സോ സ്മിതക്ലൈൻ (GlaxoSmithKline), അബോട്ട് ലബോറട്ടറീസ് തുടങ്ങിയ പല മൾട്ടി നാഷണൽ കമ്പനികളും അവരുടെ ഇന്ത്യയിലെ പ്ലാൻറുകളടക്കമുള്ളവ വിറ്റഴിക്കുകയും ചെയ്തതായി വെൻച്വർ ഇൻറലിജൻസിൻറെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഓട്ടോമൊബൈൽ മേഖലയിൽ നിന്ന് പിൻമാറിയ ഹാർലി ഡേവിസണും ഫോർഡും ജനറൽ മോട്ടോഴ്സുമെല്ലാം ഇന്ത്യയിലെ പ്രവർത്തനം ഒട്ടും ലാഭകരമല്ലാത്തതിനെ തുടർന്നാണ് അവസാനിപ്പിച്ചത്. നിയമകുരുക്കുകളും തൊഴിൽ നിയമങ്ങളും ഉയർന്ന താരിഫുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെല്ലാം ഇന്ത്യയിലെ പ്ലാൻറുകളും ഷോപ്പുകളുമെല്ലാം അടച്ചത്. ചൈനയിൽ നിന്ന് വൻകിട കമ്പനികളെല്ലാം രാഷ്ട്രീയവും നയപരവുമായ കാരണങ്ങളാൽ നിർമാണഫാക്ടറികൾ ഇന്ത്യയിലേക്ക് മാറ്റുന്നുവെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഈ കൊഴിഞ്ഞുപ്പോക്കുകൾ എന്നതും ശ്രദ്ധിക്കണം.
ഇന്ത്യൻ കമ്പനികളെല്ലാം നഷ്ടത്തിലാണോ?
ഇന്ത്യയിലെ കമ്പനികളെല്ലാം വിചാരിക്കുന്നതുപോലെ പ്രതിസന്ധിയിലാണോ.? അല്ലെന്നാണ് സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ 3299 ധനകാര്യേതര കമ്പനികളുടെ ലാഭം കഴിഞ്ഞസാമ്പത്തിക വർഷങ്ങളിൽ കുത്തനെ ഉയർന്നതായി സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (സി.എം.ഐ.ഇ) കണക്കുകൾ കാണിക്കുന്നു. ഈ കമ്പനികളുടെ വിൽപ്പന ശേഷിക്കുന്ന 24347 കമ്പനികളുടെ വിൽപ്പനയേക്കാൾ 60 ശതമാനം കൂടുതലാണെന്ന് സി.എം.ഐ.ഇ യുടെ വിശകലനം വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 6.7 ലക്ഷം കോടിയാണ് 3299 കമ്പനികളുടെ വിൽപ്പന ലാഭം. തൊട്ടുമുമ്പത്തെ സാമ്പത്തികവർഷത്തിൽ ശേഷിക്കുന്ന മൊത്തം കമ്പനികളും കൂടു നേടിയത് 5.6 ലക്ഷം കോടിയുടെ പ്രവർത്തനലാഭമായിരുന്നു. സാധാരണഗതിയിൽ ലാഭം ഉയരുന്നതിന് ആനുപാതികമായി കമ്പനികളുടെ ഡിവിഡൻറും ഉയരാറുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് സാമ്പത്തികവർഷങ്ങളിൽ ഇത് സംഭവിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇതിന് കാരണം കമ്പനികൾ ലാഭവിഹിതം കൈവശംവെച്ചതാണ്. 20-21 സാമ്പത്തികവർഷത്തെ ലാഭത്തിൻറെ 48.6 ശതമാനം കമ്പനികൾ കൈവശം വെച്ചപ്പോൾ 21-22 സാമ്പത്തിക വർഷത്തിൽ ഇത് 60.4 ശതമാനമായി ഉയർന്നു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന ശതമാനമാണിത്. ഈ തുക കമ്പനികൾ പക്ഷെ പുതിയ മെഷീനുകൾ വാങ്ങുന്നതിനോ കമ്പനിയുടെ വിപുലീകരണത്തിനോ ഉപയോഗിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലാഭത്തിൻറെ 2.3 ശതമാനം 2020-21 സാമ്പത്തിക വർഷത്തിൽ മെഷീനുകളുടെ നവീകരണത്തിനും മറ്റും ഈ കമ്പനികൾ ഉപയോഗിച്ചുവെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് ഒരുശതമാനത്തിലും താഴെയാണ്. അപ്പോൾ ശേഷിക്കുന്ന തുകയെവിടെയാണ് ചിലവഴിച്ചതെന്നല്ലേ, മറ്റ് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനും മറ്റ് കമ്പനികളുടെ നഷ്ടം നികത്തുന്നതിനുമാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 17.4 ശതമാനം ഓഹരികൾ വാങ്ങുന്നതിനും 28.5 ശതമാനം മറ്റ് കമ്പനികളുടെ കടം ഏറ്റെടുക്കാനുമാണ് വിനിയോഗിച്ചത്. ചുരുക്കത്തിൽ കേന്ദ്രസർക്കാറിൻറെ ആനുകൂല്യങ്ങളെല്ലാം നേടി ലാഭം കൊയ്തവർ പക്ഷെ കമ്പനികളുടെ അടിസ്ഥാന സൌകര്യവികസനത്തിന് പ്രാധാന്യം നൽകുന്നില്ലെന്ന് സാരം.
2019 ന് ശേഷം ഇന്ത്യൻ ഓഹരിവിപണിയിലെ വളർച്ചയും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. നിഫ്റ്റിയും സെൻസെക്സും റെക്കോർഡ് ഉയരത്തിലാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എത്തിയത്. സെൻസെക്സ് 60000 വും നിഫ്റ്റി 18000 തൊട്ടപ്പോൾ ഇന്ത്യയിലെ വലിയ കമ്പനികളുടെ ഓഹരിമൂല്യവും കുത്തനെ ഉയർന്നു. കമ്പനികളുടെ ആസ്ഥിയും മൂല്യവും വർദ്ധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ ഫോബ്സ് പട്ടികയിൽ ആദ്യപത്തിൽ അംബാനിയും അദാനിയും എത്തിയതും വിപണിയിലെ ഉയർച്ചയുടെ ഫലമാണ്. ഗൌതം അദാനി ലോകത്തെ മൂന്നാമത്തെ വലിയ പണക്കാരനും (ഒരുഘട്ടത്തിൽ രണ്ടാമനും) മുകേഷ് അംബാനി എട്ടാമതും എത്തുമ്പോൾ തന്നെ രാജ്യത്തെ ബഹുഭൂരിപക്ഷവും തൊഴിലില്ലാതെ, ദാരിദ്ര്യത്തിൽ കഴിയുന്നുവെന്ന യാഥാർത്ഥ്യം മറുവശത്തുണ്ട്.
തൊഴിൽരംഗം
കോർപറേറ്റുകൾക്ക് വലിയ ഇളവുകൾ പ്രഖ്യാപിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങളിലൊന്നായി സർക്കാർ പറയുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ്. എന്നാൽ ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന കോർപറേറ്റുകൾ സർക്കാരിൻറെ പ്രതീക്ഷയ്ക്ക്നുസരിച്ച് പ്രവർത്തിക്കുന്നുണ്ടോയെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന സ്ഥാപനങ്ങളുടെ വിപുലീകരണം എന്നത് നടക്കാതെ വരുമ്പോൾ സ്വാഭാവികമായും തൊഴിലവസരങ്ങളും കുറയും. വിദേശസ്ഥാപനങ്ങൾ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ അത് പ്രതികൂലമായി ബാധിച്ചത് ഇന്ത്യയിലെ തൊഴിലാളികളെ കൂടിയാണ്. അഞ്ച് ഓട്ടോമൊബൈൽ കമ്പനികൾ രാജ്യം വിട്ടതിനെ തുടർന്ന് ആ സ്ഥാപനങ്ങളുടെ 464 ഡിലർഷിപ്പുകളാണ് രാജ്യമാകെ അടച്ചുപൂട്ടിയത്. ഇതിലൂടെ ജോലി നഷ്ടമായത് 64,000 പേർക്കാണെന്നാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബീൽ ഡിലേഴ്സ് അസോസിയേഷൻറെ കണക്കുകൾ വ്യക്തമാക്കുന്നത്. ഫോർഡിൻറെ 2,000 കോടി മുടക്കിയ 170 ഡീലർഷിപ്പ് സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടമായവരുടെ എണ്ണം 40,000 ആണ്. 5 വർഷം കൊണ്ട് 14 സെക്ടറുകളിലായി 60 ലക്ഷം തൊഴിലവസം സൃഷ്ടിക്കുമെന്നായിരുന്നു കമ്പനികൾക്ക് ആനുകൂല്യം നൽകുന്നതിനുള്ള ന്യായീകരണമായി ധനമന്ത്രി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ കോർപറേറ്റുകൾ ആനുകൂല്യങ്ങൾ സ്വന്തമാക്കിയപ്പോളും രാജ്യത്ത് തൊഴിലില്ലായമ രൂക്ഷമായി എന്നതാണ് വസ്തുത. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് ബീഹാറിൽ റെയിൽ വേയുടെ 35,000 ഒഴിവിലേക്കായി നടത്തിയ റിക്രൂട്ട്മെൻറിന് ലക്ഷക്കണക്കിന് യുവാക്കൾ എത്തിയത്. അഗ്നീപഥ് സ്ക്കീമിനെതിരെ (Agneepath Scheme) രാജ്യവ്യാപകമായി യുവാക്കളുടെ പ്രതിഷേധം ഉയർന്നതും തൊഴിലില്ലായ്മ രൂക്ഷമായതിൻറെ തെളിവാണ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 8 ശതമാനത്തിലെത്തിയെന്നാണ് സി.എം.ഐ.ഇ യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുമ്പോൾ തന്നെയാണ് നിലവിലെ 8 മണിക്കൂർ തൊഴിലെന്നത് 12 മണിക്കൂറാക്കി ഉയർത്താനും സ്ഥിരം തൊഴിലെന്നത് എടുത്തുകളയാനുമുള്ള കേന്ദ്രത്തിൻറെ നീക്കം.
കോർപറേറ്റുകൾക്ക് വലിയ ഇളവുകൾ നൽകി അവരെ പ്രീണിപ്പിച്ച് ഉത്പാദനവും അതുവഴി ജി.ഡി.പിയും (Gross Domestic Product) വളരുമെന്ന് പ്രതീക്ഷിക്കുന്ന സർക്കാർ, അതിൻറെ ഗുണഫലം നാടിന് ലഭിക്കുന്നുണ്ടോയെന്ന് കൂടി പരിശോധിക്കണം. ലാഭത്തിൻറെ കൂടുതൽ വിഹിതവും മറ്റ് കമ്പനികളുടെ കടങ്ങൾ ഏറ്റെടുക്കാനും ഓഹരികളിലും നിക്ഷേപിക്കുന്ന വൻകിട കമ്പനികൾ അതിലൂടെ പറയാതെ പറയുന്ന ഒന്നുണ്ട്. അതായത് ഇന്ത്യൻ വിപണി വളരെയധികം സാധ്യതകൾ ഉള്ളതാണെന്ന്. അതിനാലാണല്ലോ അവർ ഇന്ത്യയിലെ മറ്റ് കമ്പനികളിൽ നിക്ഷേപം ഇറക്കാൻ തയ്യാറാകുന്നത്. അടുത്ത ബജറ്റിൻറെ സമയത്തും ആനുകൂല്യങ്ങൾക്കായി ഇവർ സർക്കാരുമായി വിലപേശും. അപ്പോഴാണ് കേന്ദ്രധനകാര്യമന്ത്രി ഇപ്പോൾ ചോദിച്ച ചോദ്യം ഇന്ത്യയിലെ കോർപറേറ്റുകളോട് ചോദിക്കേണ്ടത്.