A Unique Multilingual Media Platform

The AIDEM

Animal Story Articles Society

ചീറ്റകളുടെ കളിതമാശകൾ തുടരുമോ ?

  • September 21, 2022
  • 1 min read
ചീറ്റകളുടെ കളിതമാശകൾ തുടരുമോ ?

നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിയശേഷം ചീറ്റകൾക്ക് ആദ്യമായി ഭക്ഷണം നൽകിയ വിവരമാണ് കുനോ ദേശീയോദ്യാനത്തിൽ നിന്നും പുറത്തു വരുന്ന വാർത്ത. ഓരോ ചീറ്റയ്ക്കും രണ്ടുകിലോ വീതം പോത്തിറച്ചിയാണ് തീറ്റയായി നൽകിയത്, കൊണ്ടുവന്നതിൽ ഒരു ചീറ്റയൊഴികെ ബാക്കി ഏഴ് ചീറ്റകളും മുഴുവൻ ഭക്ഷണവും കഴിച്ചതായി അധികൃതർ അറിയിച്ചു. കുനോ ദേശീയോദ്യാനത്തിലെ പ്രത്യേക ക്വാറന്റീൻ കേന്ദ്രത്തിൽ ഇവ പൂർണ്ണ ആരോഗ്യവാന്മാരാണെന്നും സാഹചര്യങ്ങളുമായി ഇണങ്ങിത്തുടങ്ങിയെന്നും പറഞ്ഞു. കൂട്ടത്തിൽ ഫ്രെഡിയും ആൾട്ടണും എന്നുപേരുകളുള്ള രണ്ടു ചീറ്റകൾ ഏറെ ആഹ്ലാദത്തിൽ കളിച്ചുല്ലസിക്കുകയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന ചീറ്റകളുടെ ഈ കളിതമാശകൾ വനത്തിലേക്ക് തുറന്നുവിട്ടാൽ തുടരുമോ.

നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ആഫ്രിക്കൻ ചീറ്റകളെയാണ് സെപ്‌റ്റംബർ 17 ന് ഇന്ത്യയിലെത്തിച്ചത്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജഖോഡ പുൽമേടുകളിലുള്ള ക്വാറന്റീൻ കേന്ദ്രത്തിൽ തുറന്നുവിട്ട ഇവയിലെ പെൺ ചീറ്റകളെ നാല് ആഴ്ചയ്ക്കുള്ളിലും, ആൺ ചീറ്റകളെ ആറ് ആഴ്ചയ്ക്കുള്ളിലും വിശാലമായ മേട്ടിലേക്ക് തുറന്നുവിടും. 2009 ലാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രൊജക്റ്റ് ചീറ്റ’ ആരംഭിച്ചത്. തുടർന്ന് നടത്തിയ പതിമൂന്നു വർഷത്തെ പ്രയത്നങ്ങൾക്കൊടുവിലാണ് വേഗരാജാവ് ഇന്ത്യയിൽ ഓടിയെത്തിയത്. അഞ്ചു വർഷം കൊണ്ട് അൻപത് ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് പ്രൊജക്റ്റ് ചീറ്റ ലക്ഷ്യമിടുന്നത്.

 

ഔദ്യോഗികമായ കണക്കുകൾ പ്രകാരം1950 കളിൽ തന്നെ ഇന്ത്യയിലെ ചീറ്റകൾക്ക് വംശനാശം സംഭവിച്ചു. വംശക്ഷയം ഉണ്ടായതിനെത്തുടർന്ന് ചീറ്റയെ വീണ്ടുമെത്തിക്കാനുള്ള ശ്രമങ്ങൾ അന്നുതന്നെ തുടങ്ങിയെങ്കിലും അവ ലക്ഷ്യം കണ്ടില്ല. 1970കളിൽ ഇന്ദിരാഗാന്ധി ഇറാനുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയെങ്കിലും പിന്നീട് മറ്റു കാരണങ്ങളാൽ ഇത് നടപ്പിലാക്കാൻ സാധിച്ചില്ല. ആഫ്രിക്കയിലും ഇറാനിലുമാണ് ഇന്ന് ചീറ്റപ്പുലികൾ പ്രധാനമായുള്ളത്‌. ലോകത്തിൽ ആഫ്രിക്കൻ ചീറ്റകൾ 8000 താഴെയും ഏഷ്യാറ്റിക്ക് ചീറ്റകൾ 50 ൽ താഴെയും മാത്രമേ അവശേഷിക്കുന്നുള്ളൂ.

‘വേൾഡ് കൺസർവേഷൻ യൂണിയന്റെ’ (IUCN) ചെമ്പട്ടികയിൽ ‘രൂക്ഷമായ വംശനാശം നേരിടുന്നവയുടെ’ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വന്യജീവിയാണ് ചീറ്റകൾ. അതുകൊണ്ടുതന്നെ നമീബിയയിൽ നിന്നും ഇന്ത്യയിൽ എത്തിച്ച ചീറ്റകൾ ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജനിച്ചുവീണ പ്രദേശത്തെ ഇഷ്ടപ്പെടുന്ന ചീറ്റപ്പുലികൾ അവിടെ നിന്നും പറിച്ചുമാറ്റപ്പെട്ടാൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു.

ആവാസവ്യവസ്ഥയിലുണ്ടാകുന്ന ചെറിയമാറ്റങ്ങൾ വരെ ഈ ജീവിവംശത്തെ കനത്തരീതിയിൽ പ്രതികൂലമായി ബാധിക്കും. സിംഹം, കഴുതപ്പുലി, പുള്ളിപ്പുലി തുടങ്ങിയവ ചീറ്റകളെ ആക്രമിക്കുകയും ചീറ്റകൾ വേട്ടയാടിപ്പിടിക്കുന്ന ഇരയെ തട്ടിയെടുക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കുനുർ ദേശീയോദ്യാനം ഇന്നത്തെ പരിതസ്ഥിതിയിൽ ചീറ്റകൾക്ക് അനുയോജ്യമല്ലെന്ന് പ്രകൃതി സംരക്ഷകനായ വാൽമിക് ഥാപ്പർ എൻ ഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആശങ്ക പങ്കുവെയ്ക്കുകയുണ്ടായി. ചീറ്റകളുടെ പ്രധാന എതിരാളികളായ പുള്ളിപ്പുലിയും, കഴുതപ്പുലിയും കുനോയിൽ ധാരാളമുണ്ട്. അവ എണ്ണത്തിൽ കുറവായ ചീറ്റകളെ ആക്രമിക്കാനും അവയുടെ ഭക്ഷണം തട്ടിയെടുക്കാനുമുള്ള സാധ്യത കൂടുതലാണ്. അഞ്ചോ ആറോ ചീറ്റകൾ ഉൾപ്പെടുന്ന കൂട്ടമായോ അല്ലെങ്കിൽ ഒറ്റയ്ക്കോ ആണ് ഇവ ജീവിക്കുന്നത് എന്നതും ഈ പ്രശ്നത്തിന്റെ ആക്കം കൂട്ടുന്നു. കടുവകളുടെ സാന്നിനിധ്യവും കുനോ പാർക്കിൽ ചീറ്റകളുടെ സ്വൈര്യ വിഹാരത്തിനും പ്രജനനത്തിനും വലിയ ഭീഷണി സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.

ആഫ്രിക്കൻ സാഹചര്യങ്ങളിൽ വളർന്നു വന്ന ചീറ്റകൾക്ക് അതിൽനിന്നും വ്യത്യസ്തമായ ഇന്ത്യയിലെ വനപ്രദേശങ്ങൾ വെല്ലുവിളിയുയർത്തും. ചീറ്റകൾക്ക് അതിവേഗം ഓടിയകലാൻ കഴിയുന്ന കിലോമീറ്ററുകൾ വ്യാപിച്ച് കിടക്കുന്ന പുൽമേടുകൾ കുനോയിൽ ഇല്ല. ഇവിടുത്തെ വനഭൂമിയെ പുൽമേടാക്കിമാറ്റാൻ നിരവധി നിയമപ്രശ്നങ്ങളുണ്ട്. ഇരകളുടെ ലഭ്യതയാണ് മറ്റൊരു പ്രശ്‍നം, ചീറ്റകൾക്ക് സ്വതസിദ്ധമായ ഇരപിടിക്കാൻ ആവശ്യത്തിന് കൃഷ്ണമൃഗങ്ങളെയോ ചിങ്കാര മാനുകളോ ഇരയായി ലഭ്യമാക്കണം. അല്ലാത്തപക്ഷം ചീറ്റകൾ പുള്ളിമാനുകളെ വേട്ടയാടാൻ ആരംഭിക്കും. ഇത് ആ പ്രദേശത്തെ ആവാസവ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

മറ്റൊരു പ്രധാന വിഷയത്തിലേക്കുകൂടി ചീറ്റകളുടെ വരവ് വിരൽ ചൂണ്ടുന്നുണ്ട്. കുനോ ദേശീയോദ്യാനത്തിനടുത്തായി സഹരിയ ആദിവാസികൾ താമസിക്കുന്ന ബാഗ്ച എന്ന ഗ്രാമമുണ്ട്. മധ്യപ്രദേശിലെ പ്രത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗത്തിൽ (Particularly Vulnerable Tribal Group) പെടുന്നവരാണ് സഹരിയാ ആദിവാസികൾ. 2011ലെ സെൻസസ് അനുസരിച്ച് ബാഗ്ച ഗ്രാമത്തിൽ 556 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാലിപ്പോൾ കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റകൾ വരുന്നതോടെ തങ്ങളുടെ സ്വന്തം ഗ്രാമം വിട്ട് പോകാൻ നിർബന്ധിതരാവുകയാണ് ഇവർ. ഈ ഗ്രാമത്തിലെ നൂറുകണക്കിന് ആദിവാസികളെയാണ് കുടിയിറക്കി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കാനൊരുങ്ങുന്നത്. കാടുമായി ഇഴചേർന്ന് ജീവിതവും ജീവനോപാധിയും എല്ലാം കാടിനോട് ചേർന്ന ആവാസവ്യവസ്ഥയിൽ ചുറ്റപ്പെട്ട് ജീവിക്കുന്ന ഇവർ സ്വന്തം നാട് വിട്ട് പോകേണ്ടിവരുകയാണ്. ആഫ്രിക്കൻ ചീറ്റകൾ കുനോയിൽ എങ്ങനെ അതിജീവിക്കും എന്ന് പഠനം നടത്തുന്നതിനോടൊപ്പം തന്നെ തങ്ങളുടെ സ്വന്തം പ്രദേശം വിട്ടുപോകേണ്ടി വരുന്ന ഈ ആദിവാസികൾ എങ്ങനെ അതിജീവിക്കും എന്നും ചിന്തിക്കേണ്ട കാര്യമാണ്.

ഏഴു പതിറ്റാണ്ടിലധികമായി ആ വനപ്രദേശത് ഇല്ലാതിരുന്ന ഒരു പുതിയ ജീവിവർഗം എത്തുമ്പോൾ അതിന്റെ സ്വഭാവമോ, രീതികളോ ഒന്നും അറിയാത്ത കാടിനെ ഉപജീവനമാർഗമായി കൊണ്ടുനടക്കുന്ന ആദിവാസികളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. സാക്ഷരതാ ശതമാനം വെറും അൻപതിൽ താഴെമാത്രമുള്ള ഇവർക്ക് സർക്കാർ നൽകുന്ന മുന്നറിയിപ്പ് ബോർഡുകളും നോട്ടീസുകളും വായിച്ചു മനസിലാക്കാവുന്നതിലും അപ്പുറമാണ് യാഥാർഥ്യം. കുനോയോട് അടുത്തുകിടക്കുന്ന ഗ്രാമങ്ങളിൽ സ്നേഹവാനായ ‘ചിൻറു ചീറ്റ’ എന്നരീതിയിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. കൂടാതെ ഗ്രാമത്തിലെ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ചിത്രകഥകളും ആ പ്രദേശത്തു പ്രചരിക്കുന്നതായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മിൻറു എന്നും മീനു എന്നും പേരായ രണ്ട് കുട്ടികൾ ചീറ്റകളെ പറ്റി മനുഷ്യരെ ഒരിക്കലും ഉപദ്രവിക്കാത്ത, പുള്ളിപുലികളുടെ അത്ര പോലും ഉപദ്രവകാരിയല്ലാത്ത മൃഗങ്ങളാണെന്ന് അവകാശപ്പെടുന്ന തരത്തിലുള്ള ചിത്രകഥകൾ പോസ്റ്ററുകളായി ഗ്രാമത്തിൽ പലയിടത്തും പതിച്ചിട്ടുണ്ട്. കുട്ടികൾ ചീറ്റയുമായി ഓട്ടമത്സരം നടത്താൻ പോകുകയാണെന്നും ചിത്രകഥയിൽ പറയുന്നുണ്ട്.

എന്നാൽ ആസിനോനിക്സ് ജുബാറ്റസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ചീറ്റകൾ അതീവ അപകടകാരിയായ മൃഗമാണെന്ന് വിദഗ്ധർ പറയുന്നു. ഇത്തരത്തിലുള്ള ചിത്രകഥകൾ പ്രചരിക്കുന്നത് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നതുമാണെന്നും അവർ പറയുന്നു. ഇന്ത്യൻ കാടുകളിലെ ആവാസവ്യവസ്ഥയിൽ ഇല്ലാത്ത ഒരു ഒരു ജീവിവർഗത്തിന് വേണ്ടി തദ്ദേശീയരായ ഒരു ജനവിഭാഗത്തെയാണ് കുടിയിറക്കേണ്ടി വരുന്നത്.

23 വർഷങ്ങൾക്ക് മുൻപ് 1999 ലും ഇത്തരത്തിൽ കുനോ ദേശീയോദ്യാനത്തിനടുത്തുള്ള ഗ്രാമങ്ങളിലെ ജനങ്ങളും ആദിവാസികളും തങ്ങളുടെ ഗ്രാമം വിട്ട് പോകാൻ നിർബന്ധിതരായിട്ടുണ്ട്. അന്ന് സിംഹങ്ങളായിരുന്നു അതിഥികളായി കുടിയിറക്കാൻ എത്താനിരുന്നത്. വലിയ മൃഗങ്ങൾ എത്തുന്നതോടെ ദേശീയോദ്യാനം പ്രശസ്തമാവുമെന്നും വിനോദ സഞ്ചാരികളുടെ വരവ് വർധിക്കുകയും ജോലി ലഭിക്കുമെന്നും കരുതി വീടൊഴിയാൻ അവർ തയ്യാറാവുകയും ചെയ്തു. അങ്ങനെ പരിസരപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ നിന്നും 1600 ഓളം കുടുംബങ്ങളും കുനോ ദേശീയോദ്യാനത്തിലെ തങ്ങളുടെ വീടുകൾ ഒഴിഞ്ഞുകൊടുത്തു. പക്ഷെ സിംഹങ്ങൾ മാത്രം എത്തിയില്ല എന്നുമാത്രമല്ല അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലാവുകയുമാണ് ഉണ്ടായത്.

About Author

Shamnad KM

The AIDEM Author

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉള്ള ലേഖനം, ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ട ഒന്ന്. ലേഖകന് അഭിവാദ്യങ്ങൾ 🙏