A Unique Multilingual Media Platform

The AIDEM

Articles International Literature

ഓർമ്മയുടെ കാവലാൾ

  • July 13, 2023
  • 1 min read
ഓർമ്മയുടെ കാവലാൾ

ഗബ്രിയേൽ ഗാർസിയ മാർകേസ് കഴിഞ്ഞാൽ, നമ്മൾ മലയാളികളെ കഴിഞ്ഞ നാലുപതിറ്റാണ്ടുകളിൽ ഏറ്റവുമേറെ വശീകരിച്ച എഴുത്തുകാരൻ മിലൻ കുന്ദേരയായിരിക്കണം. കുന്ദേരയുടെ ചിരിയുടെയും മറവിയുടെയും പുസ്തകം എന്ന നോവലിലെ ഒന്നാം ഭാഗത്തിലെ രണ്ടാം ഖണ്ഡം തുടങ്ങുന്ന വാക്യമായിരിക്കണം, അല്ല, ആണ്, “കൂമൻകാവിൽ ബസ്സുചെന്നുനിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല.” എന്ന ഖസാക്ക് തുടക്കത്തെക്കാളും ഉദ്ധരിക്കപ്പെട്ട വാക്യം: “1971ൽ, മിറെക് പറയുന്നു: ‘അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ കലാപം മറവിക്കെതിരെ ഓർമ്മയുടെ കലാപമാണ്.”

ഹതഭാഗ്യയായ നമ്മുടെ നാടിനെക്കുറിച്ചോർക്കുമ്പോൾ എല്ലായ്പ്പോഴും മനസ്സിൽ ‘ആ പത് സന്ധിയിൽ കൈയെത്തിപ്പിടിക്കുന്ന ഓർമ്മ’ പോലെ ആ വാക്യം മിന്നിത്തിളങ്ങും. ചരിത്രത്തെ മായ്ച്ച് സ്വന്തം ഇച്ഛയുടെ ചരിത്രമെഴുതിക്കൊണ്ടിരിക്കുന്ന അധികാരത്തെ നിത്യവും അഭിമുഖീകരിക്കേണ്ടി വരുമ്പോഴെല്ലാം ഓർമ്മപ്പെടുത്തലായി കുന്ദേര ഒപ്പമുണ്ടാകാറുണ്ട്.

ചെക്കോസ്ലാവാക്യയുടെ ചരിത്രത്തിൽ നിന്ന് കുന്ദേര വലിച്ചുചിന്തിയ ഒരേടാണ് അത്. 1948ൽ പ്രാഗിലെ ഓൾഡ് ടൗൺ ചത്വരത്തിൽ, തടിച്ചുകൂടിയ ജനക്കൂട്ടത്തെ, അധികാരത്തിലേറിയ, ക്ലെമെന്റ് ഗോട്ട്വാൾഡ് എന്ന കമ്യൂണിസ്റ്റ് നേതാവ് അഭിസംബോധന ചെയ്യാനൊരുങ്ങുകയാണ്. മഞ്ഞുപെയ്യുകയായിരുന്നു. ഗോട്ട്വാൾഡിന്റെ ശിരസ് നഗ്നമായിരുന്നു. അനുഗമിച്ച സഹസഖാവായ ക്ലെമെന്റിസ് തന്റെ തൊപ്പി ഗോട്ട്വാൾഡിന്റെ ശിരസ്സിലണിയിച്ചു. ആ സാഹോദര്യത്തിന്റെ ഉജ്ജ്വല മുഹൂർത്തം ഫോട്ടോഗ്രാഫുകളിലൂടെ അനശ്വരമായി, പാഠപുസ്തകങ്ങളിലൂടെ കൊച്ചുകുട്ടികൾക്കുപോലും ആ മുഹൂർത്തം പരിചിതമായിരുന്നു.

നാലുവർഷത്തിനുശേഷം ക്ലെമന്റിസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റി. പഴയ ഉജ്ജ്വലമുഹൂർത്തത്തിലെ ഫോട്ടോയിൽ നിന്ന് ക്ലെമന്റിസിനെ നീക്കം ചെയ്തു. അന്നുതൊട്ട് മട്ടുപ്പാവിൽ തനിയെ നിൽക്കുന്ന ഗോട്ട്വാൾഡിനെ മാത്രമേ കാണാനായുള്ളൂ. കുന്ദേര, ക്രൂര പരിഹാസത്തോടെ എഴുതുന്നു: “ആ രോമത്തൊപ്പിയല്ലാതെ ക്ലെമെന്റിസിന്റേതായ ഒന്നുംതന്നെ അവശേഷിച്ചിരുന്നില്ല.”

ക്ലെമന്റിസിനെ നീക്കം ചെയ്ത ഫോട്ടോ

ആ ചരിത്രം, ആ ഖണ്ഡം, അവിടെ അവസാനിച്ചു. രണ്ടാം ഖണ്ഡം തുടങ്ങുന്നു: “അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ കലാപം മറവിക്കെതിരെ ഓർമ്മയുടെ കലാപമാണ്.”

1978ൽ ഈ നോവൽ ചെക്ക് ഭാഷയിൽ പുറത്തുവന്നു. തൊട്ടടുത്ത വർഷം ഫ്രഞ്ചിലും അതിനുമടുത്ത വർഷം ഇംഗ്ലീഷിലും. ദുരധികാരത്തിന്റെ ദുരന്തവും ഹാസ്യവും മാത്രമല്ല, ചരിത്രത്തിൽ സ്വന്തം ഭാഗധേയം പോലും വായനക്കാർ ആ നോവലിൽ കണ്ടു. ലാറ്റിനമേരിക്കൻ നോവലിസ്റ്റ് കാർലോസ് ഫ്യുവന്തസ് പറഞ്ഞു, “ആസന്നവും ഞെട്ടിപ്പിക്കുന്നതുമായ പുസ്തകം. നാം മരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുക നമ്മുടെ ഭാവികാലമല്ല, ഭൂതകാലമാണെന്ന് അതു നമ്മെ പഠിപ്പിക്കുന്നു. ഗോഗോളിന്റെയും കാഫ്കയുടെയും പിന്മുറക്കാരനാണ് കുന്ദേര.”

ഫ്യുവന്തസ് കാഫ്കയെ വെറുതേ വിളിച്ചുണർത്തിയതല്ല. നോവലിന്റെ ആറാം ഭാഗത്തിൽ കാഫ്ക ‘ജീവനോടെ’ കടന്നുവരുന്നു. ഗോട്ട്വാൾഡും ക്ലെമെന്റിസും മട്ടുപ്പാവിലേക്കു കയറിയ ആ കോണിപ്പടിയിലൂടെ, ഫ്രാൻസ് കാഫ്ക എട്ടുവർഷക്കാലം കയറിയിറങ്ങിയിരുന്നു. ആസ്ത്രിയ-ഹങ്കറി ഭരണത്തിനു കീഴിൽ അവിടെ പ്രവർത്തിച്ച ജർമ്മൻ സ്കൂളിൽ  വിദ്യാർത്ഥിയായിരുന്നു കാഫ്ക. ആ കൊട്ടാരത്തിന്റെ താഴത്തെ നിലയിൽ കാഫ്കയുടെ അച്ഛൻ ഹെർമൻ കാഫ്ക ഒരു കട നടത്തിയിരുന്നു. കുന്ദേരയുടെ ക്രൂരഫലിതം വീണ്ടും തുളച്ചുകയറുന്നു, “ഗോട്ട്വാൾഡിനും ക്ലെമെന്റിസിനും മറ്റുള്ളവർക്കും കാഫ്ക ജീവിച്ചിരുന്നുവെന്നുതന്നെ അറിയുമായിരുന്നില്ല, പക്ഷേ അവരുടെ അജ്ഞതയെക്കുറിച്ച് കാഫ്കയ്ക്ക് അറിയാമായിരുന്നു. കാഫ്കയുടെ നോവലിൽ പ്രാഗ് ഓർമ്മകളില്ലാത്ത ഒരു നഗരമാണ്. സ്വന്തം പേരു പോലും മറന്ന നഗരം. ആർക്കും ഒന്നും ഓർമ്മയുണ്ടായിരുന്നില്ല. ജോസഫ് കെ.യ്ക്ക് പോലും തന്റെ പൂർവ്വജീവിതത്തെക്കുറിച്ച് അറിയുമായിരുന്നില്ല.”

* * *

കുന്ദേരയുടെ രചനാലോകം മലയാളം മാത്രം വായിക്കുന്നവർക്കും സുപരിചിതമാണ്. വിശ്രുതനായ ആ എഴുത്തുകാരന്റെ പ്രധാനപ്പെട്ട കൃതികളെല്ലാം വിവർത്തനങ്ങളിലൂടെ ലഭ്യമാണ്. കുന്ദേരയെക്കുറിച്ചുള്ള അത്ഭുതകരമായ കാര്യം ഇതാണ്: നാലുദശകം മുമ്പ് പാരീസിൽ കുടിയേറിയതിനുശേഷം മാതൃകഭാഷയായ ചെക്ക് ഭാഷയിൽ നിന്നു മാറി പഠിച്ചെടുത്ത ഫ്രഞ്ചിലാണ് എഴുതിയത്. ഫ്രഞ്ചുസാഹിത്യത്തിനു കീഴിലാണ് തന്റെ കൃതികൾ പഠിക്കേണ്ടത് എന്നുകൂടി കുന്ദേര പറയുകയുണ്ടായത്രെ. ജന്മനാട്ടിലെ കയ്പു നിറഞ്ഞ അനുഭവങ്ങളായിരിക്കാം അദ്ദേഹത്തെക്കൊണ്ട് അങ്ങനെ പറയിച്ചത്. ഇമ്മോർട്ടാലിറ്റിക്കു (1988) ശേഷമുള്ള രചനകളെല്ലാം കുന്ദേര ഫ്രഞ്ചിലാണ് എഴുതിയത്.

പ്രാഗിലെ ഓൾഡ് ടൗൺ സ്ക്വയറിലെ ‘ചർച്ച് ഓഫ് ഔവർ ലേഡി ബിഫോർ റ്റീൻ’

* * *

സംഗീതജ്ഞനായ അച്ഛൻ ലുദ്വിക് കുന്ദേരയെപ്പോലെതന്നെ നിപുണശ്രോത്രമാണ് മിലാൻ കുന്ദേര. പക്ഷേ, കുന്ദേര ഏറെ കാതോർത്തത് നോവലിന്റെ സൂക്ഷ്മശ്രുതികൾക്കാണ്.തിരശ്ശീല (The Curtain) എന്ന നോവൽ പഠന പുസ്തകത്തിൽ തിരശ്ശീല ഉയരുന്നതുതന്നെ, അച്ഛനെക്കുറിച്ചുള്ള, അക്ഷരാർത്ഥത്തിൽ ആലോചനാമൃതമായ, ഒരു കഥ പറഞ്ഞുകൊണ്ടാണ്. കഥ ഇങ്ങനെ: “സംഗീതജ്ഞനായ എന്റെ അച്ഛനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. അച്ഛൻ ചങ്ങാതിമാരോടൊപ്പം എവിടെയോ ഇരിക്കുമ്പോൾ റേഡിയോയിൽ നിന്നോ ഫോണോഗ്രാഫിൽ നിന്നോ ഒരു സിംഫണിയുടെ അലകൾ ഒഴുകിവന്നു. സംഗീതജ്ഞരോ സംഗീതപ്രേമികളോ ആയ ചങ്ങാതിമാർക്കെല്ലാം അത് ബീഥോവന്റെ ഒമ്പതാം സിംഫണിയാണെന്ന് ഒറ്റക്കേൾവിയിൽ മനസ്സിലായി. 

അവർ അച്ഛനോട് ചോദിച്ചു. “ഏതാണത്?” 

ഗാഢചിന്തയിലാണ്ടശേഷം അച്ഛൻ പറഞ്ഞു, “ബീഥോവനാണെന്നു തോന്നുന്നു.” കൂട്ടച്ചിരി മുഴങ്ങി. 

സംഗീതജ്ഞനായ എന്റെ അച്ഛന് ബീഥോവന്റെ ഒമ്പതാം സിംഫണി തിരിച്ചറിയാനാവുന്നില്ല! “ഉറപ്പാണോ?” അവർ ചിരിയടക്കി ചോദിച്ചു. 

“അതെ,” എന്റെ അച്ഛൻ പറഞ്ഞു. “പിൽക്കാല ബീഥോവൻ.” 

“പിൽക്കാല ബീഥോവനാണെന്ന് എങ്ങനെ മനസ്സിലായി?” സ്വരഘടനയിലെ ചില വ്യതിയാനങ്ങൾ യുവബീഥോവന് ഒരിക്കലും സന്നിവേശിപ്പിക്കാനാവുമായിരുന്നില്ലെന്ന് അച്ഛൻ വിശദീകരിച്ചു. 

* * *

മിലൻ കുന്ദേരയുടെ പ്രശസ്ത പുസ്തകകങ്ങളും അവ പ്രസിദ്ധീകരിച്ച വർഷവും

ഒരു ദശകം മുൻപ് പാരീസിൽ ഏതാണ്ട് ഒരുമാസക്കാലം താമസിച്ചപ്പോൾ രണ്ടു കലാകാരന്മാരെ കാണണമെന്ന് ആശയുണ്ടായിരുന്നു. ഷോൺ-ലുക് ഗൊദാർദിനെയും കുന്ദേരയെയും. എന്റെ ആതിഥേയനും ലോകപ്രശ്സത ശബ്ദലേഖകനുമായ നാരാ കൊല്ലേരിക്ക് ഗൊദാർദ് എന്ന പേരു കേൾക്കുന്നതുതന്നെ കലിയാണ്! അതിനാൽ അക്കാര്യം മിണ്ടിയില്ല. മറ്റു വഴിക്ക് അന്വേഷിച്ചപ്പോൾ ഗൊദാർദ് സ്വിറ്റ്സർലൻഡിലാണെന്ന് അറിഞ്ഞു.

പാരീസിലെ ലുക്സംബൂർഗ് ഉദ്യാനത്തോടുചേർന്നുള്ള വിശാലമായ പാതയുടെ അരികിലൂടെ നിസ്സാരതയുടെ ഉത്സവത്തിലെ അലെയ്നെപ്പോലെ അലഞ്ഞുതിരിയുമ്പോൾ, കുന്ദേര ഇതേ നഗരത്തിലാണല്ലോ, ഒന്നു കാണാനായെങ്കിൽ എന്നാശിച്ചു. സംഭവിച്ചുകൂടായ്കയില്ല! അസാധാരണമായ ഒരു ദർശനത്തിന് സാക്ഷിയായ ഇടമല്ലേ!

സാൻ മിഷേൽ ബുൽവായിൽ നിന്ന് ഉദ്യാനത്തിലേക്കു നീളുന്ന പാതയിലൂടെ ഭാര്യ മേരി വെൽഷിനൊപ്പം നടന്നുനീങ്ങുന്ന ആ അതികായനെ, ഹെമിംങ് വേ, പാതയുടെ മറുവശത്തുനിന്ന് കണ്ടപ്പോൾ, മുപ്പതുകാരനായ മാർകേസ്, വനാന്തരത്തിലെ ടാർസനെപ്പോലെ അലറിവിളിച്ചു: “”മായെസ്ത്രോ!” ആ ശബ്ദം ചെവിയിൽ വന്നലച്ചതും പാപ്പ ആൾക്കൂട്ടത്തിനിടയിൽ നിന്നു തിരിഞ്ഞുനോക്കി കൈവീശി, “അദിയൂസ് അമീഗോ,” എന്നു പ്രത്യഭിവാദ്യം ചെയ്തു നടന്നുനീങ്ങി.

ഷോൺ-ലൂക്ക് ഗോദാർഡ്

ഒരുനിമിഷം ഞാൻ ചുറ്റിലും കണ്ണോടിച്ചു. “മായെസ്ത്രോ’ എന്നു വിളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ഈ അവസരം നഷ്ടപ്പെട്ടാൽ, ഉള്ളറിഞ്ഞ് ഒരാളെ അങ്ങനെ വിളിക്കാൻ യോസയുടെ വാസസ്ഥലമായ ലിമ വരെ പോകേണ്ടിവരില്ലേ? 

“കുന്ദേരയെ കാണാൻ കഴിയുമോ?” രാത്രിയിൽ ഞാൻ നാരാ കൊല്ലേരിയോട് ചോദിച്ചു.

“മൂപ്പരിപ്പോൾ ഫ്രഞ്ചിലാണ് എഴുതുന്നത് അല്ലേ? നല്ല വെടിപ്പുള്ള ഫ്രഞ്ചാണെന്നു കേട്ടു. നോവൽ വായന ഞാൻ (മർസെൽ) പ്രൂസ്തിൽ നിർത്തി.”

“കാണാൻകഴിഞ്ഞെങ്കിലെന്തു ഭാഗ്യം!” ഞാൻ പറഞ്ഞു. 

“ഇവിടത്തെ എഴുത്തുകാർ അഭിമുഖക്കാർ വരുന്നുണ്ടോ എന്നു നോക്കിയിരിക്കുന്നവരല്ല,” നാരായുടെ ഫ്രഞ്ച് അഭിമാനം തലപൊക്കി, “കണ്ണിൽ  എണ്ണയൊഴിച്ച് എന്ന പ്രയോഗം നാട്ടിൽ ഇപ്പോഴുണ്ടോ?”

“കുന്ദേരയ്ക്ക് കൈ കൊടുക്കാനാണ്,” ഞാൻ പറഞ്ഞു.

“കൈകൊടുക്കണമെങ്കിൽപ്പോലും മുമ്പേ അനുവാദം ചോദിച്ച് കാത്തിരിക്കണം,” നാരാ ചിരിച്ചു. “വെറുതെ പറഞ്ഞതാണ്, ഒന്ന് ശ്രമിച്ചു നോക്കാം.”

“കാണാൻ മാത്രമാണ്. അഭിമുഖം നടക്കാൻപോകുന്നില്ല. ആ പരിപാടി മുപ്പതുകൊല്ലംമുമ്പ് അദ്ദേഹം നിർത്തി,” ഞാൻ പറഞ്ഞു. 

* * *

ചെക്ക് – ഫ്രഞ്ച് നോവലിസ്റ്റ് കുന്ദേര 94ആം വയസ്സിൽ വിട വാങ്ങിയ വാർത്ത അറിഞ്ഞപ്പോൾ, അസ്തിത്വത്തിന്റെ സഹിക്കാനാവാത്ത ലാഘവം, എന്ന ശീർഷകം ഉരുവിട്ടു, ഇംഗ്ലീഷിൽ: The Unbearable Lightness of Being. എങ്കിലും ഒരു വിങ്ങൽ മനസ്സിന്റെ കോണിൽ ഉണ്ടായിരുന്നു.

About Author

മാങ്ങാട് രത്നാകരൻ

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
അനന്തകൃഷ്ണൻ
അനന്തകൃഷ്ണൻ
7 months ago

മാങ്ങാട് രത്നാകരൻ… ഒറ്റവാക്കിൽ പറഞ്ഞാൽ തകർത്തു .. kunderayute താങ്ങാൻ ആവാത്ത വിധം ഭാരം കുറഞ്ഞ സ്വത്വവും രത്നാകരന്റെ ലളിതവും സുതാര്യവുമായ കാഴ്ചയും. ഹാ !! എന്തൊരു Beautiful Tribute …