A Unique Multilingual Media Platform

The AIDEM

Articles Sports ഗംബീത്ത - കളി വെറും കളിയല്ല

ആയിരത്തിയൊന്ന് വിക്കറ്റുകള്‍ക്കായി പറന്നിറങ്ങിയ പന്തുകള്‍

  • March 12, 2022
  • 1 min read
ആയിരത്തിയൊന്ന് വിക്കറ്റുകള്‍ക്കായി പറന്നിറങ്ങിയ പന്തുകള്‍

But now it was a very different Spedegue. His fears had fallen from him. His confidence had returned. If he did nothing more he had at least done his share. But he would do much more. It had all come back to him, his sense of distance, his delicacy of delivery, his appreciation of curves. He had found his length and he meant to keep it.

Sir Arthur Conan Doyle
* The Story of Spedegue’s Dropper (1928)

ക്രിക്കറ്റില്‍ സ്പിന്‍ ബൗളിംഗിന്റെ, പ്രത്യേകിച്ചും ലെഗ് സ്പിന്നിന്റെ ചരിത്രമോ സാംഗത്യമോ പരിശോധിക്കുമ്പോള്‍ ദുരൂഹതയെ അതില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ല എന്ന് നിരീക്ഷിച്ചവര്‍ ഏറെയുണ്ട്. ക്രിക്കറ്റ്-ചരിത്രകാരന്മാരും കമന്റേറ്റര്‍മാരും കളിക്കാരുമെല്ലാം ഇക്കാര്യത്തില്‍ ഏതാണ്ട് ഒരേ അഭിപ്രായക്കാരാണ്. സ്പിന്‍ ബൗളിംഗ് കളി എന്നതിനേക്കാള്‍ ഒരു കലയാണെന്ന് നിസ്സംശയം പറയാന്‍ നമ്മെ പ്രാപ്തരാക്കുന്നതും ഈ ദുരൂഹതതന്നെയാണ്. സ്പിന്‍ ബൗളിംഗില്‍ ദുരൂഹത സൃഷ്ടിക്കപ്പെടുന്നത് പലവിധത്തിലാണ്. ബൗളറുടെ ശാരീരികമായ സവിശേഷതകള്‍ തൊട്ട് ആക്ഷനിലെ വ്യത്യസ്തതവരെ ഇതിന് കാരണമാകുന്നു. മുത്തയ്യ മുരളീധരന്റേയും ഭഗവത് ചന്ദ്രശേഖറിന്റേയും കൈകളുടെ സവിശേഷതയാണ് അവരുടെ ബൗളിംഗിനെ പ്രവചനാതീതമാക്കിയിരുന്നത്. ഏതാണ്ട് മുന്നൂറ്റി അറുപത് ഡിഗ്രിയില്‍ കറക്കാവുന്ന കൈക്കുഴയും അല്‍പം അകത്തേക്ക് വളഞ്ഞ മേല്‍ക്കൈയും മുരളീധരന് ജന്മസിദ്ധമായിരുന്നെങ്കില്‍ ചന്ദ്രശേഖറിന് പിന്നീട് അനുഗ്രഹമായത് ചെറുപ്പത്തില്‍ ബാധിച്ച പോളിയോ രോഗമാണ്. ദക്ഷിണാഫ്രിക്കയുടെ പോള്‍ ആദംസിനെ ദുരൂഹ ബൗളറാക്കിമാറ്റിയത് അയാളുടെ ബൗളിംഗ് ആക്ഷനാണ്. പന്തെറിയുന്ന നിമിഷത്തില്‍, തല തന്റെ കാല്‍മുട്ടിലേക്ക് താഴ്ത്തുന്ന അതിവിചിത്രമായ ആക്ഷനുണ്ടായിരുന്ന ആദംസിന്, താനെറിയുന്ന പന്ത് ബാറ്റര്‍ക്കടുത്തെത്തുന്നത് കാണാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ആകാരത്തിലോ റണ്ണപ്പിലോ ആക്ഷനിലോ ദുരൂഹത ഒട്ടുമേ ഇല്ലാത്ത, സ്ഫടികതുല്യമായ സുതാര്യതയോടെയും നൃത്തസമാനമായ താളത്തോടെയും പന്തെറിഞ്ഞിരുന്ന ക്ലാസ്സിക്കല്‍ ലെഗ്‌സ്പിന്നര്‍മാരുടെ ഗണത്തിലാണ് ഷെയ്ന്‍ കീത്ത് വോണ്‍ പെടുക.

യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒന്നിനെ വായുവിലും പിച്ചിലും സൃഷ്ടിക്കുന്ന കലയാണ് ലെഗ്‌സ്പിന്‍ എന്ന് കൃത്യമായ ബോധമുണ്ടായിരുന്ന ധിഷണാശാലിയായ ബൗളറായിരുന്നു വോണ്‍. തന്റെ ആത്മകഥയായ നോ സ്പിന്നില്‍ ഷെയ്ന്‍ വോണ്‍ ഇങ്ങനെ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ‘ബുദ്ധിയും പരിചയവുമുള്ള ഒരു ബാറ്റര്‍ക്ക് കൈനോക്കി കണ്ടെത്താനാവാത്ത ഒരു വ്യതിയാനവും ഒരു സ്പിന്‍ ബൗളര്‍ക്കും പന്തേറില്‍ വരുത്താനാവില്ല. അതുകൊണ്ടു തന്നെ ബാറ്ററുടെ ശ്രദ്ധ തെറ്റിക്കുക എന്നതാണ് സ്പിന്നര്‍മാര്‍ക്ക് മുന്നിലുള്ള ഒരേയൊരു വഴി’. ആത്മകഥയില്‍ ഇക്കാര്യം പറയുമ്പോള്‍ വോണ്‍ ഫോറന്‍സിക് സയന്‍സിന്റെ കുലപതിയായിരുന്ന എഡ്മണ്ട് ലൊകാര്‍ഡിനെ അറിയാതെയെങ്കിലും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഫോറന്‍സിക് സയന്‍സിന്റെ ആചാര്യന്‍മാരിലൊരാളായി അറിയപ്പെടുന്ന ഫ്രഞ്ച് സര്‍ജന്‍ ഡോ. എഡ്മണ്ട് ലോകാര്‍ഡിന്റെ വിഖ്യാതമായ ഒരു സിദ്ധാന്തമുണ്ട്- ഏത് കുറ്റവാളിയും കുറ്റകൃത്യത്തിലേര്‍പ്പെടുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അവശേഷിപ്പിക്കുന്ന ചില തെളിവുകളുണ്ടാവും – അതില്ലാതെ ഒരു കുറ്റകൃത്യവും നടത്തുക സാധ്യമല്ല. ഓരോ തവണയും സ്പര്‍ശിക്കുന്നയാളും സ്പര്‍ശമേല്‍ക്കുന്ന പ്രതലവും തമ്മില്‍ ചില കൈമാറ്റങ്ങള്‍ നടക്കുന്നുണ്ടെന്നതാണ് ലോകാര്‍ഡസ് തത്വം എന്ന് പില്‍ക്കാലത്തറിയപ്പെട്ട സിദ്ധാന്തത്തിന്റെ കാതല്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ലോകാര്‍ഡിന്റെ കാലത്തിനു ശേഷമെഴുതപ്പെട്ട എണ്ണമറ്റ കുറ്റാന്വേഷണ കൃതികളിലൂടെ നമുക്കേറെ പരിചിതവുമാണ് ഈ നിരീക്ഷണം. ഓരോ പന്തും എറിയും മുമ്പുതന്നെ ബൗളര്‍ അതിലേക്കുള്ള സൂചന ബാറ്റര്‍ക്ക് കൊടുക്കുന്നുണ്ടെന്ന നിരീക്ഷണത്തില്‍ വോണ്‍ പറയുന്നതും ഇതുതന്നെയാണ്. അറിയാതെ നല്‍കുന്ന സൂചനയെ ഏറ്റവും നന്നായി മറച്ചു പിടിക്കുന്ന ബൗളറെ വിജയി എന്നു വിളിക്കാമെന്നാണ് വോണിന്റെ പക്ഷം.  ‘ലെഗ് സ്പിന്നര്‍മാര്‍ക്ക് ഫാസ്റ്റ് ബൗളര്‍മാരെ പോലെ ബാറ്ററില്‍ ഭീതി ജനിപ്പിക്കാനാവില്ലല്ലോ, അതിനാല്‍ ആശയക്കുഴപ്പമുണ്ടാക്കി അയാളെ വഞ്ചിക്കുകയാണ് എളുപ്പം. ബൗള്‍ ചെയ്യാനെത്തുമ്പോള്‍ ഞാനെന്താണ് ചിന്തിക്കുന്നതെന്നറിയാവുന്ന ബാറ്റര്‍മാര്‍ വിരളമായിരുന്നു, അങ്ങനെയൊരാളില്ലെന്ന് വേണമെങ്കില്‍ പറയാം. പിച്ചിൽ ബാറ്റര്‍ക്ക് മുന്നില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനാണ് ഞാനെപ്പോഴും ശ്രമിക്കാറുള്ളത്. പറ്റുമെങ്കില്‍ ബാറ്ററെ ആകെ കുഴപ്പത്തിലാക്കും വിധം എന്തെങ്കിലുമൊക്കെ ചെയ്യാനായിരിക്കും ശ്രമം. സാഹചര്യം മൊത്തം എന്റെ നിയന്ത്രണത്തിലാണെന്ന് വരുത്തണം. അതിനായി ഇപ്പോള്‍ മിഡ് വിക്കറ്റിലെ ഫീല്‍ഡറോട് അല്‍പം വലത്തോട്ട് മാറാന്‍ പറയുക, അല്പനേരത്തിനു ശേഷം അത് വേണ്ടെന്ന് പറയുക- അങ്ങനെ, ഫലത്തില്‍ ഫീല്‍ഡില്‍ ഒരു മാറ്റവും അതുകൊണ്ട് വാരാനില്ലെങ്കിലും ഫീല്‍ഡിന്റെ മൊത്തം നിയന്ത്രണം തനിക്കാണെന്ന് ബാറ്ററെ ബോധ്യപ്പെടുത്താന്‍ ഇതു മതിയാകും’. ഇങ്ങനെ മാനസികമായി ബാറ്റര്‍ക്കുമേല്‍ മേധാവിത്വം നേടുകയാണ് സ്പിന്‍ ബൗളറെന്ന നിലയില്‍ പന്തെറിയാനുള്ള ഏറ്റവും മികച്ച മുന്നൊരുക്കമെന്ന് വ്യക്തമായി അറിയാവുന്ന ബൗളറായിരുന്നു ഷെയ്ന്‍ വോണ്‍.

ഒരുപക്ഷെ ഒരു പന്തെറിയാന്‍ ഏറ്റവുമധികം സമയമെടുക്കുന്ന ബൗളര്‍മാരിലൊരാളാണ് വോണെന്ന് ബ്രിട്ടീഷ് എഡിറ്ററും കളിയെഴുത്തുകാരനുമായ അമൊല്‍ രാജന്‍- Twirly Men എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ വോണ്‍ ശരാശരി ആറു മിനിറ്റാണ് എടുക്കുന്നതെന്നാണ് രാജന്റെ നിരീക്ഷണം. ഇതേപറ്റി ആത്മകഥയില്‍ വോണ്‍ പറയുന്നത് ഇങ്ങനെയാണ്. ഫീല്‍ഡറെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നതടക്കമുള്ള ബൗളിംഗിനു മുമ്പുള്ള തയ്യാറെടുപ്പുകളെല്ലാം ബാറ്ററുടെ മനസ്സ് ലക്ഷ്യം വച്ചാണ്, പലപ്പോഴും ഒരു കാര്യവുമില്ലാതെ ചെയ്യുന്നവ. ഇതെല്ലാം കഴിഞ്ഞ് ബൗളിംഗ് മാര്‍ക്കിലെത്താന്‍ ഇത്തിരി സമയമെടുത്തേക്കാം, ഒരുപക്ഷെ ഒരു പത്തു തവണയെങ്കിലും അംപയര്‍ മുന്നറിയിപ്പ് നല്‍കുമായിരിക്കും, എന്നാലും അത് മുതല്‍ക്കൂട്ടാണ്. എന്തുതന്നെയായാലും ഞാന്‍ എറിയുന്നതുവരെ പന്ത് എന്റെ കയ്യില്‍ തന്നെയായിരിക്കുമല്ലോ’. ദുരൂഹതയില്ലാത്ത സ്പിന്‍ ബൗളര്‍ക്കുമുന്നിലുള്ള വെല്ലുവിളികളെ കുറിച്ചാണ് വോണ്‍ അത്മകഥയുടെ ഈ ഭാഗത്ത് പറയാതെ പറയുന്നത്. സുതാര്യമായ ബൗളിംഗ് ആക്ഷനും പാദചലനങ്ങളുമായി എറിയാനെത്തുന്ന ബൗളര്‍ക്ക് പിന്നീട് ആശ്രയിക്കാവുന്നത് പന്തിന്റെ വായുവിലൂടെയുള്ള സഞ്ചാരപഥത്തെയാണ്. ക്രിക്കറ്റ് ഭാഷയില്‍ ഫ്‌ളൈറ്റ് എന്ന് പറയുന്ന ഈ സംഗതിയാണ് സ്പിന്‍ ബൗളിംഗിന്റെ സ്വഭാവ നിര്‍ണ്ണയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. പന്ത് നിലത്തു കുത്തിയതിനു ശേഷമുള്ള ടേണ്‍ അഥവാ സ്പിന്‍ ആണ് ബൗളിംഗിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നതെങ്കിലും ഫ്‌ളൈറ്റില്‍ പിഴക്കുന്ന പന്തുകളെ ബാറ്റര്‍ അനായാസമായി അടിച്ചകറ്റും. സ്പിന്‍ ബൗളിംഗില്‍ ഫ്‌ളൈറ്റിനുള്ള പ്രസക്തി, ഒരു പക്ഷെ നൂറ്റാണ്ടുകള്‍ക്കു മുമ്പേ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമിലേക്ക് വിളിക്കപ്പെടുന്ന ഗൂഗ്‌ളി ബൗളര്‍ ഡഗ്ലസ് കാര്‍ (Douglus Carr)നെ മാതൃകയാക്കി ഡോയല്‍ സൃഷ്ടിച്ച തോമസ് ഇ. സ്‌പെഡീഗ് എന്ന കഥാപാത്രം പണ്ടത്തെ വോളിബോളിലെ സര്‍വീസ് പോലെ പന്ത് ഉയര്‍ത്തിയെറിഞ്ഞ് കൃത്യം ബെയ്ല്‍സിനുമേല്‍ പതിപ്പിക്കാനുള്ള വൈദഗ്ദ്ധ്യമുള്ള ആളായിരുന്നു. എ പി ലൂക്കാസ് എന്ന ഒരു ബൗളര്‍ തന്നെ പുറത്താക്കാന്‍ എറിഞ്ഞ പന്താണ് ആ ഡ്രോപ്പറെന്നും കോനന്‍ ഡോയല്‍ വിശദീകരിക്കുന്നുണ്ട്. യോര്‍ക്കറും ഗൂഗ്‌ളിയും ഫ്‌ളിപ്പറുമെല്ലാമെന്ന പോലെ ഡ്രോപ്പര്‍ എന്നാണ് ഡോയല്‍ ആ പന്തിനെ വിളിച്ചിരുന്നത്. മറച്ചുവക്കപ്പെട്ട ദുരൂഹതയല്ല, മറിച്ച് സ്റ്റംപിനുമുകളിലേക്ക് ഡ്രോപ്പര്‍ എത്താനുള്ള ബാറ്ററുടെ അക്ഷമയാണ് ആ ഡോയല്‍ കഥാപാത്രത്തിന് ആഷസ് അരങ്ങേറ്റത്തില്‍ ഏഴു വിക്കറ്റുകള്‍ നേടിക്കൊടുക്കുന്നത്. 1907 ല്‍ ദക്ഷിണാഫ്രിക്കക്കാര്‍ പര്യടനത്തിനെത്തുമ്പോള്‍ അവരുടെ ടീമിലുണ്ടായിരുന്ന എണ്ണം പറഞ്ഞ നാല് ഗൂഗ്ലി ബൗളര്‍മാരാണ് ഇംഗ്ലണ്ടിനെ കുഴക്കുന്നത്.

റെഗ്ഗി ഷ്വാര്‍സ്, ബേര്‍ട് വോഗ്ലര്‍, ഓബ്രി ഫോക്‌നര്‍, ഗോര്‍ഡന്‍ വൈറ്റ് എന്നീ നാല്‍വര്‍ സംഘത്തില്‍ നിന്നാണ് ഒരുപക്ഷെ കഴിഞ്ഞ നൂറ്റാണ്ടിലെ മിസ്റ്ററി ബൗളര്‍മാരുടെ ചരിത്രവും തുടങ്ങുന്നതെന്ന് കരുതാം. കൈക്കുഴകൊണ്ട് പന്തിനെ വരുതിയിലാക്കുന്ന ആ കല പിന്നീടിങ്ങോട്ട് ബാറ്റര്‍മാര്‍ക്കു മുന്നില്‍ ചെപ്പടിവിദ്യയും കണ്‍കെട്ടുമൊക്കെയായി പുനര്‍ജനിച്ചു. ആക്ഷനില്‍ വൈവിധ്യങ്ങളും ദുരൂഹതയുമില്ലാത്തവര്‍ റണ്ണപ്പ് വ്യത്യസ്തമാക്കി ചിലത് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചു. ലാഹോറിലെ അബ്ദുല്‍ഖാദിറിനും, ബാംഗ്ലൂരിലെ ഭഗവത് ചന്ദ്രശേഖറിനും അത് വര്‍ഷങ്ങളോളം തുടരാനായി. ഖാദിറിന്റെ ചുവടുപിടിച്ച് മുശ്താഖ് അഹമ്മദും, ചന്ദ്രശേഖറിന്റെ പന്തേറില്‍ എന്‍ജിനീറിംഗിന്റെ കൗശലം കൂട്ടിച്ചേര്‍ത്ത് അനില്‍ കുംബ്ലെയും അവരില്‍നിന്നും മുന്നോട്ടു നടക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കിടയിലാണ് സര്‍വസധാരണത്വത്തില്‍ നിന്ന് അസാധാരണത്വം സൃഷ്ടിച്ചുകൊണ്ട് ഷെയ്ന്‍ വോണ്‍ ആയിരത്തിയൊന്ന് അന്താരാഷ്ട്ര വിക്കറ്റുകള്‍ തന്റെ സ്‌കോര്‍ കാര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ഓരോ പന്തും എറിയാനെത്തുമ്പോള്‍ ബാറ്റര്‍ക്കു മുന്നില്‍ ഷെയ്ന്‍ വോണ്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നത് അയാളുടെ ശരീരചലനങ്ങളുടെ ഒരു തരത്തിലുള്ള മനംമയക്കുന്ന താളം കൊണ്ടായിരുന്നു. തീര്‍ത്തും ഒരു അത്‌ലീറ്റിന് യോജിക്കുന്നതെന്ന് പറയാനാവാത്ത ശരീരഘടനയുള്ള വോണിന്റെ ബൗളിംഗ് റണ്ണപ്പ് ഏതാണ്ട് ഒരന്നനടയായിരുന്നു. വോണിന് മുമ്പ് മറ്റാരും കാര്യമായി പരീക്ഷിക്കാത്തതായിരുന്നു, ക്രീസിലേക്കുള്ള ആ അലസഗമനം. എന്നാല്‍ ലെഗ്‌സപിന്നര്‍മാര്‍ക്കുള്ള കൈപ്പുസ്തകമായിരുന്നു, പിന്നീടുള്ള വോണിന്റെ ബൗളിംഗ് ആക്ഷന്‍.
സ്പിന്നര്‍മാര്‍ക്കു വേണ്ട അഞ്ച് അവശ്യഗുണങ്ങളുമൊത്തതായിരുന്നു വോണിന്റെ ബൗളിംഗ് ആക്ഷനെന്ന് അമൊല്‍ രാജന്‍ നിരീക്ഷിക്കുന്നുണ്ട് – ഒന്ന്, അയാളുടെ ആക്ഷന്‍ വശംചരിഞ്ഞുള്ളതായിരുന്നു. വശം ചരിഞ്ഞ് പന്തെറിയുമ്പോള്‍ പിന്‍പാദം ക്രീസിന് സമാന്തരമായി വരണമെന്ന നിഷ്‌കര്‍ഷത വോണ്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരുന്നു.

എറിയാനെത്തുമ്പോള്‍ തളര്‍ത്തിയിട്ടിരിക്കുന്ന ഇടതുകൈയ്യിലേക്ക് പന്ത് കൈവിടുന്ന നിമിഷത്തില്‍ ബലം കൊണ്ടുവരുന്നത് വോണിന്റെ സവിശേഷതയാണ്. പന്തെറിയുമ്പോള്‍ വലതു തോള്‍ ഉയര്‍ത്തിത്തിരിക്കുന്നതും അതീവ കൃത്യതയോടെയാണ്. തോള്‍ക്കുഴ കൃത്യം 180 ഡിഗ്രി തിരിച്ചാണ് വോണിന്റെ പന്തേറ് – ഇതിനെല്ലാമനുഗുണമായിരുന്നു ക്രീസിലേക്കുള്ള അയാളുടെ വരവും അവസാന ചുവടിലെ ചെറിയ ചാട്ടവും. റഗ്ബി പോലുള്ള ഓസ്‌ട്രേലിയന്‍ റൂള്‍ ഫൂട്‌ബോളിനോടായിരുന്നു, കൗമാരത്തില്‍ വോണിന് താല്‍പര്യം. റൂള്‍ ഫൂട്‌ബോളില്‍ നിന്ന് തിരസ്‌കൃതനായതോടെയാണ് ശ്രദ്ധ ക്രിക്കറ്റിലേക്ക് തിരിഞ്ഞതെന്ന് വോണ്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. പക്ഷെ ഇത്രമേല്‍ നിഷ്ഠയോടെ ലെഗ്‌സ്പിന്‍ സ്വായത്തമാക്കിയ ഒരാള്‍ക്ക് എങ്ങനെയാണ് ചെറുപ്പത്തില്‍ ആ അഭിനിവേശമില്ലാതിരുന്ന് ആലോചിച്ചാല്‍ ഷെയ്ന്‍ വോണ്‍ എന്ന മനുഷ്യനെ പെട്ടെന്ന് പിടികിട്ടും. ജീവിതം ആഘോഷമാക്കിയ ഡയനീഷ്യന്‍മാരുടെ ഗണത്തിലായിരുന്നു വോണിനും സ്ഥാനം. കളിക്കളത്തിലേയും പുറത്തേയും ചലനങ്ങളിലും ഇടപെടലുകളിലും വോണില്‍ ചെറിയൊരു മറഡോണയെ കാണാം. രതിയും ലഹരിയും മാത്രമല്ല, വരകള്‍ മുറിച്ചുകടക്കാനുള്ള ത്വരയും നെഞ്ചുവിരിച്ചുള്ള കുതിപ്പും എല്ലാറ്റിനുമുപരി ചലനങ്ങളുടെ വടിവഴകും ഇരുവരും പങ്കുവക്കുന്ന പൊതു സവിശേഷതകള്‍ തന്നെയാണ്. കളിക്കളത്തില്‍, വിശിഷ്യ പന്തെറിയാനെത്തുമ്പോള്‍ സൃഷ്ടിക്കുന്ന വേഗഭ്രംശം വഴി ഒരു വേള ലിയൊണല്‍ മെസ്സിയെ വരെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്, ഷെയ്ന്‍ വോണ്‍- അല്ലെങ്കില്‍ തിരിച്ച്, മെസ്സിയുടെ ചില അവധാനതകള്‍ ഷെയ്ന്‍ വോണിന്റെ ചിട്ടവട്ടമൊത്ത ചന്തമുള്ള പന്തുകളെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ഒരേകാലത്ത് കളിക്കളം വാണ സ്പിന്‍മാന്ത്രികരായി അറിയപ്പെട്ട ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനും കളിക്കാരെന്ന നിലയില്‍ വിജാതീയ ധ്രുവങ്ങളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ക്രിക്കറ്റില്‍ അഗാധജ്ഞാനമൊന്നും ആവശ്യമില്ല. റിസ്റ്റ് സ്പിന്നെന്ന കലയുടെ സൗന്ദര്യാത്മകതയുടെ ആള്‍ രൂപമായിരുന്നു വോണെങ്കില്‍ അസാധ്യതയുടെ പ്രയോഗസാക്ഷ്യമായിരുന്നു മുരളീധരന്‍. കൈക്കുഴകൊണ്ട് ഓഫ് ബ്രേക്കുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവര്‍ അപൂര്‍വ്വമേയുള്ളൂ എന്നത് മാത്രമല്ല മുരളിയെ വ്യത്യസ്തനാക്കുന്നത് ക്രീസിലേക്കുള്ള റണ്ണപ്പും തല മുകളിലേക്കുയര്‍ത്തിയുള്ള പന്തേറുമെല്ലാം നിഷ്ഠകള്‍ക്ക് പുറത്താണെന്നത് കൂടിയാണ്. ഈ വൈരുദ്ധ്യങ്ങളെല്ലാം നിലനില്‍ക്കെ തന്നെ ഇരുവരുടേയും രണ്ട് പന്തുകള്‍ തമ്മിലുള്ള സാദൃശ്യം അത്ഭുതപ്പെടുത്തുന്നതാണ്. നൂറ്റാണ്ടിന്റെ പന്തെന്ന് ക്രിക്കറ്റ് വിശാരദന്‍മാര്‍ വിലയിരുത്തുന്ന വോണിന്റെ ആദ്യ ആഷസ് വിക്കറ്റാണ് ഒന്ന്. ബാറ്റര്‍ മൈക്ക് ഗാറ്റിംഗിനേയും അംപയര്‍ ഡിക്കി ബേഡിനേയും ഒരു പോലെ അത്ഭുതസ്തബ്ധരാക്കിയ ആ പന്ത് ലെഗ് സ്റ്റംപിന് പുറത്ത് കുത്തി ഓഫ് സ്റ്റംപിന്റെ തലയെടുക്കാന്‍ എത്രത്തോളം വേണമോ അത്രമാത്രമാണ് തിരിഞ്ഞിട്ടുള്ളത്. എഴുപതോ എണ്‍പതോ ഡിഗ്രിയിലുള്ള മൂര്‍ച്ചയേറിയ ടേണിനേക്കാള്‍ ആ കണിശതയാണ് ആ പന്തിനെ സവിശേഷമാക്കുന്നത്. ഈ പന്തിന്റെ പ്രതിബിംബമെന്ന് തോന്നിപ്പിക്കുന്ന മുരളീധരന്റെ ഒരു പന്തിനെ കുറിച്ചാണ് നേരത്തെ സൂചിപ്പിച്ചത്. എതിരാളികള്‍ ഇംഗ്ലണ്ട് തന്നയായിരുന്നു, ബാറ്റ്‌സ്മാന്‍ മാര്‍ക്ക് ബുച്ചറും. ഗാറ്റിംഗ് വലം കൈയ്യനും ബുച്ചര്‍ ഇടംകയ്യനുമാകയാല്‍, ബൗളറെ ഒഴിവാക്കി നോക്കിയാല്‍ രണ്ട് പന്തുകളും കണ്ണാടിയിലെ പ്രതിബിംബങ്ങളായി തോന്നുമെന്നത് അതിശയോക്തിയാവില്ല.

പ്രൊസീനിയത്തിലോ അരീനയിലോ അരങ്ങേറുന്ന സംഘര്‍ഷദൃഢതയുള്ള ഒരു നാടകത്തിലെ മര്‍മ്മ കഥാപാത്രത്തെപോലെയാണ് ക്രിക്കറ്റ് മൈതാനത്ത് സ്പിന്‍ ബൗളര്‍. മുന്‍നിര ബാറ്ററേയോ അതിവേഗ ബൗളറേയോ പോലെ അവര്‍ക്ക് എപ്പോഴും നായക സ്ഥാനം കിട്ടിയെന്ന് വരില്ല, പക്ഷെ അവരില്ലാതെ പൂര്‍ണ്ണമാവുന്നതല്ല, ലക്ഷണമൊത്ത ഒരു ക്രിക്കറ്റ് മത്സരവും. എന്നാല്‍ ഷെയ്ന്‍ വോണ്‍ കളത്തില്‍ തിളങ്ങിയ ഒരോ മത്സരത്തിലും അയാള്‍ നായകനോളം പോന്നതോ, അതിലും വളര്‍ന്നതോ ആയ മര്‍മ്മ കഥാപാത്രം തന്നെയായിരുന്നു.

 

* കോനന്‍ ഡോയലിന്റെ സ്‌പെഡീഗിന്റെ ഡ്രോപ്പറിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച സ്വാതി ജോര്‍ജ്ജിന്റെ എഴുത്തിന് നന്ദി
About Author

രാജീവ് രാമചന്ദ്രൻ

മാധ്യമപ്രവർത്തകൻ , കളി എഴുത്തുകാരൻ. ചെളി പുരളാത്ത പന്ത് - പുസ്തകത്തിന്റെ രചയിതാവ്.