A Unique Multilingual Media Platform

The AIDEM

Articles Economy

കേരള ബജറ്റിൽ മന്ത്രി ബാലഗോപാൽ കാണുന്നതും കാണേണ്ടിയിരുന്നതും

  • March 12, 2022
  • 1 min read
കേരള ബജറ്റിൽ മന്ത്രി ബാലഗോപാൽ കാണുന്നതും കാണേണ്ടിയിരുന്നതും

പുതിയ തലമുറയുടെ പ്രതീക്ഷകളോട് പ്രതികരിക്കണം, നിലവില്‍ പ്രഖ്യാപിക്കപ്പെട്ടതും നടത്തിപ്പിൻ്റെ വിവിധ ഘട്ടങ്ങളിലുള്ളതുമായ പദ്ധതികളുടെ തുടര്‍ച്ച ഉറപ്പാക്കണം, സംസ്ഥാനത്തിൻ്റെ ധനസ്ഥിതി താളംതെറ്റാതെ നോക്കണം, സി പി ഐ (എം) ആവിഷ്‌കരിച്ച പുതിയ വികസനനയരേഖയുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടണം, ഇടത് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന വിമര്‍ശനം വലിയ ശബ്ദത്തില്‍ ഉയരാതെ നോക്കണം – രണ്ടാം പിണറായി സര്‍ക്കാറിൻ്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിൻ്റെ  ഉത്തരവാദിത്തങ്ങള്‍ ഏറെയായിരുന്നു. അതിലേറ്റം പ്രധാനം ഇടതുപക്ഷ നയങ്ങളില്‍ നിന്നുള്ള വ്യതിചലനത്തെക്കുറിച്ച് വേവലാതി കൊള്ളാന്‍ ഇടയുള്ളവര്‍, ഡേവിഡോഫിൻ്റെ സിഗററ്റ് വലിച്ച് ദിനേശ് ബീഡിയെക്കുറിച്ച് വേവലാതി കൊള്ളുന്നവര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ്. കെ എന്‍ ബാലഗോപാല്‍ എന്ന സാമ്പ്രദായിക ഇടതുപക്ഷക്കാരന്‍ ഏറ്റവും തടഞ്ഞു നിന്നിട്ടുണ്ടാകുക അതിലാകണം. അതുകൊണ്ടാണ് തോമസ് ഐസക്കിനെപ്പോലെ വളയങ്ങളില്ലാതെ ചാടാനുള്ള ധൈര്യം, അനുകൂല രാഷ്ട്രീയസാഹചര്യങ്ങളൊക്കെയുണ്ടായിട്ടും ബാലഗോപാലിനുണ്ടാകാതെ പോകുന്നത്. ഒരു കാര്യത്തില്‍ ആശ്വസിക്കാം, ധനകാര്യത്തില്‍ തോമസ് ഐസക്കിനെപ്പോലും വെല്ലുവിളിക്കാന്‍ തയ്യാറായ വി ഡി സതീശനെന്ന പ്രതിപക്ഷ നേതാവിന് പോലും വലിയ വിമര്‍ശനം ബജറ്റിനെക്കുറിച്ച് ഉന്നയിക്കാന്‍ കഴിയാതെ പോയി എന്നതില്‍.

വലിയ വെല്ലുവിളികള്‍ ധനവകുപ്പ് നേരിടുന്നുണ്ട്. സംസ്ഥാനത്തിൻ്റെ കടം ഉയര്‍ന്നുനില്‍ക്കുന്നു, ബജറ്റിന് പുറത്ത് 70,000 കോടിയിലേറെ രൂപ കടമെടുത്ത് നടപ്പാക്കേണ്ട പദ്ധതികള്‍ (കിഫ്ബി വഴി) ഇതിനകം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു, 64,000 കോടി രൂപയെന്ന് എസ്റ്റിമേറ്റിട്ട, ഒന്നരലക്ഷം കോടിയിലേറെ ചെലവുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട സില്‍വര്‍ ലൈന്‍ മുന്നോട്ടുകൊണ്ടുപോകാനൊരുങ്ങുന്നു, ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തിക്കൊടുക്കുന്ന കാലപരിധി അവസാനിക്കുന്നു, കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന മുറയ്ക്ക് ജി എസ് ടിയില്‍ നിന്നുള്ള വിഹിതം എത്രത്തോളം ഉയരുമെന്നതില്‍ വ്യക്തതത ഇല്ലാതിരിക്കുന്നു, കോവിഡിൻ്റെ പുതിയ തരംഗമുണ്ടാകുകയും അത് നേരിടാന്‍ പുതിയ നിയന്ത്രണങ്ങളുണ്ടാകുകയും ചെയ്താല്‍ അത് ഖജനാവിലേക്കുള്ള വരവിനെ ഏത് നിലയില്‍ ബാധിക്കുമെന്ന അറിവില്ലാതെയിരിക്കുന്നു, സ്വന്തമായി വരുമാനം കണ്ടെത്താനുള്ള വഴികള്‍ ഏറെയൊന്നുമില്ലാതെയിരിക്കുന്നു – ധനസ്ഥിതിയെക്കുറിച്ച് കൃത്യത ഉണ്ടാക്കുക എന്നത് വകുപ്പിനും മന്ത്രിക്കും അത്ര എളുപ്പമല്ല എന്ന് ചുരുക്കം. അത്തരമൊരു അവസ്ഥയില്‍ പരമ്പരാഗത ബജറ്റിംഗ് പിന്തുടരുകയും ചില മിനുക്കുപണികള്‍ നടത്തുകയും ചെയ്യുക എന്നത് മാത്രമേ കരണീയമായുള്ളൂ. അതിനാണ് കെ എന്‍ ബാലഗോപാല്‍ ശ്രമിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.

വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും സാമൂഹികക്ഷേമം ഉറപ്പാക്കുന്നതിന് എടുത്ത മുന്‍കൈകളുമാണ് കേരളത്തിന്റെ ഇക്കാലത്തെ മൂലധനം. ഐ ടി – വ്യവസായ വികസനം ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം മികവുറ്റതെന്ന് പറയാനാകില്ല. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നവീന പദ്ധതികളും അതിൻ്റെ മൂല്യ വര്‍ധനയുമാണ് ഭാവിയെന്ന ചിന്ത ഏറെക്കാലമായുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സാമ്പ്രദായിക രീതികള്‍ക്കപ്പുറത്തേക്ക് കടക്കാനായാല്‍ മനുഷ്യവിഭവ ശേഷിയിലും അടിസ്ഥാന സൗകര്യത്തിലുമുണ്ടാകുന്ന വികസനം പൊതുവില്‍ സംസ്ഥാനത്തിൻ്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതാകുമെന്ന തോന്നലുമുണ്ട്. റോഡ്, റെയില്‍, വൈദ്യുതി, ജലവിതരണം എന്നീ മേഖലകളിലെ പൊതു വികസനം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്നതാകണമെന്നും. അത്തരമൊരു ആലോചനയുടെ ഫലമായാണ് ഒന്നാം പിണറായി സര്‍ക്കാറിൻ്റെ അവസാന ബജറ്റില്‍ കേരളത്തെ നോളജ് ഇക്കണോമിയായി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന സന്ദേശം അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് നല്‍കിയത്. അതിൻ്റെ തുടര്‍ച്ച ഈ ബജറ്റില്‍ കാണാനാകും. നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിനൊപ്പം നവീന മേഖലകളിലേക്ക് കൂടി പടര്‍ന്ന് വളരുക എന്ന ലക്ഷ്യം ബജറ്റിലുണ്ട്. പഠനം പൂര്‍ത്തിയാക്കുന്നവരുടെ നൈപുണ്യ വികസനം തൊഴിലുറപ്പാക്കുന്നതിന് പ്രധാനമാണെന്ന തിരിച്ചറിവില്‍ നിന്നാണ് സ്‌കില്‍ പാര്‍ക്കുകളെന്ന ആശയമുണ്ടാകുന്നത്. കേന്ദ്രം യു പി എ ഭരിച്ചിരുന്ന കാലത്ത് ആരംഭിച്ച നൈപുണി വികസന പദ്ധതിയെ മറ്റൊരു തലത്തിലേക്ക് വളര്‍ത്തുകയാണ് ഉദ്ദേശ്യം. ഇവിടെ വില്‍ക്കാനുള്ളത് മനുഷ്യവിഭവശേഷിയാണെന്നത്, വന്‍തോതിലുള്ള കുടിയേറ്റം ആരംഭിച്ച കാലം മുതല്‍ നമുക്ക് അറിവുള്ളതാണ്. പുതിയ കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള വിഭവശേഷിയുണ്ടെങ്കിലേ അതിനി തുടരാനാകൂ. അതാണ് സംസ്ഥാന സര്‍ക്കാറിൻ്റെ ലക്ഷ്യം. ഒപ്പം പുതിയ ആശയങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കുമൊക്കെ സമാന്തരമായി സഞ്ചരിക്കുകയും വേണം. മെഡിക്കല്‍ ടെക്‌നോളജി ഇന്നൊവേഷന്‍ പാര്‍ക്ക്, ജിനോമിക് ഡാറ്റ സെന്റര്‍, മൈക്രോബയോം സെന്റര്‍ ഓഫ് എക്‌സലന്‍സ്, ന്യൂട്രാസ്യൂട്ടിക്കില്‍സിലെ മികവിൻ്റെ കേന്ദ്രം, ഗ്രാഫീന്‍ ഗവേഷണ – പഠന കേന്ദ്രം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഈ സഞ്ചാരത്തിൻ്റെ തുടക്കമായി കാണണം. പുതുതലമുറയ്ക്ക് പുതിയ മേഖലകളെക്കുറിച്ച് വിവരവും അതിലെ പ്രയോഗ സാധ്യതകളെക്കുറിച്ചുള്ള പരിശീലനവും നല്‍കാനൊരുങ്ങുന്നത് ഏത് ദിശയിലാണ് സംസ്ഥാനം ഇനി സഞ്ചരിക്കാനൊരുങ്ങുന്നത് എന്ന കൃത്യമായ സൂചനയാണ്. ഒരുപക്ഷേ, ഈ ബജറ്റിൻ്റെ പ്രാധാന്യവും മറ്റൊന്നല്ല.

പ്രതിസന്ധികളെ അവസരമായി ഉപയോഗിക്കുക എന്നതായിരുന്നു തോമസ് ഐസക്ക് എന്ന ധനമന്ത്രിയുടെ സിദ്ധാന്തം. ഖജനാവില്‍ നിന്നുള്ള ചെലവ് കൂട്ടിക്കൊണ്ട് വേണം പ്രതിസന്ധികളെ മറികടക്കാനെന്നുമാണ് അദ്ദേഹം വിശദീകരിച്ചിരുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലം മുതല്‍ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം പ്രഖ്യാപിച്ച പാക്കേജുകളൊക്കെ ഖജനാവില്‍ നിന്നുള്ള പണമൊഴുക്ക് ഉറപ്പാക്കും വിധത്തിലായിരുന്നു. എന്നാല്‍ പുതിയ കാലത്ത്, സര്‍ക്കാര്‍ ഖജനാവിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് സി പി ഐ (എം) യും സര്‍ക്കാറും വ്യക്തമാക്കുകയാണ്. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ – വ്യവസായ മേഖലകളില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപമെന്ന നയത്തിലേക്ക് മാറുന്നത്. അതെങ്ങനെയാണ് സംഭവിക്കാന്‍ പോകുന്നത് എന്നതിൻ്റെ സൂചനകള്‍ ഈ ബജറ്റിലുണ്ട്. വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതില്‍ സ്വകാര്യ നിക്ഷേപം എന്ന് പറയുമ്പോള്‍, വ്യവസായത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഭൂമി ഏറ്റെടുത്ത് കൈമാറുക എന്ന ഉത്തരവാദിത്തം മാത്രമേ സര്‍ക്കാറിനുണ്ടാകൂ.    കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയിലും മെട്രോയിലും പൊതു – സ്വകാര്യ പങ്കാളിത്തം പോലും പറ്റില്ലെന്ന് നിലപാടെടുത്ത സി പി ഐ (എം) യും ഇടതുപക്ഷവും ഈ വിധത്തിലേക്ക് മാറുമ്പോള്‍, പുതിയ സാഹചര്യങ്ങളില്‍ അതല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂട. ഇത് സാധ്യമാകണമെങ്കില്‍ സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സ്വഭാവത്തില്‍ വലിയമാറ്റമുണ്ടാകേണ്ടതുണ്ട്. അതേക്കുറിച്ചാണ് സി പി ഐ (എം) യുടെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അല്‍പ്പം കടുത്തഭാഷയില്‍ സൂചിപ്പിച്ചത്.


നയവ്യതിയാനമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന മറ്റൊരു തീരുമാനം തോട്ടങ്ങളില്‍ പഴവര്‍ഗങ്ങളുള്‍പ്പെടെ പുതിയവിളകള്‍ കൃഷിചെയ്യാന്‍ അനുവദിക്കുക എന്നതാണ്. തരംമാറ്റരുതെന്ന വ്യവസ്ഥയോടെ സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതാണ് കേരളത്തിലെ തോട്ടങ്ങള്‍. തേയിലക്കൃഷിക്ക് പാട്ടം നല്‍കിയ ഭൂമിയില്‍ മറ്റൊരു കൃഷി പാടില്ലെന്നാണ് വ്യവസ്ഥ. റബറിന് അനുവദിക്കപ്പെട്ടിടത്ത് അത് മാത്രം. ഈ വ്യവസ്ഥയിലാണ് ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ തോട്ടങ്ങളെ അതിൻ്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. ഇപ്പോള്‍ തോട്ടഭൂമിയില്‍ പുതുവിളകളുടെ വിത്തിറക്കാന്‍ അനുവാദം നല്‍കുമ്പോള്‍ (ഈ ആശയം ആദ്യം അവതരിപ്പിച്ചത് യശശ്ശരീരനായ കെ എം മാണി ധനകാര്യ മന്ത്രിയായിരിക്കെയാണ്) ഇപ്പോഴും ഭൂരഹിതരായി തുടരുന്ന ലക്ഷക്കണക്കായ ആളുകള്‍ക്ക് വിതരണം ചെയ്യാനായി തോട്ടഭൂമി ഏറ്റെടുക്കുക കൂടി ചെയ്തുകൂടേ എന്ന ചോദ്യം സ്വാഭാവികമായി ഉയരും. പാട്ടക്കുടിയാന്മാരെന്ന നിലയ്ക്ക് അഞ്ച് സെൻ്റെിൻ്റെയും പത്ത് സെൻ്റെിൻ്റെയുമൊക്കെ ഉടസ്ഥന്‍മാരാകുകയോ ലക്ഷംവീട് കോളനികളിലെ തടവിന് വിധിക്കപ്പെടുകയോ ചെയ്ത ഉപജീവനത്തിന് ഇപ്പോഴും കഷ്ടപ്പെടുന്ന പതിനായിരങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരമൊരുക്കാന്‍ പാകത്തില്‍ ഈ ഭൂമി എന്തുകൊണ്ട് വിനിയോഗിക്കുന്നില്ല എന്ന ചോദ്യവും ഉയരും. ഇവിടെയാണ് ഇടതുപക്ഷ നിലപാടുകളില്‍ നിന്നുള്ള വ്യതിയാനം കൂടുതല്‍ വിമര്‍ശന വിധേയമാകുക എന്നുറപ്പ്.
ഉയരുന്ന കടമൊരു ബാധ്യതയായി കാണേണ്ടതില്ല എന്ന തോമസ് ഐസക്കിന്റെ നിലപാടില്‍ നിന്ന് മാറിക്കൊണ്ട്, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത കൂടി പ്രധാനമാണ് എന്ന കാഴ്ചപ്പാടില്‍ യാഥാസ്ഥിതിക ബജറ്റിംഗ് രീതിയിലേക്ക് മാറുമ്പോള്‍ തന്നെ ചില മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ട് ബാലഗോപാല്‍. സാഹചര്യങ്ങള്‍ വിലയിരുത്തി വലിയ മാറ്റങ്ങള്‍ അടുത്ത ബജറ്റുകളില്‍ കൊണ്ടുവരാനുള്ള അടിത്തറ അദ്ദേഹം തയ്യാറാക്കുകയാണെന്ന് കരുതണം. തോമസ് ഐസക്ക് ഏറെ ആശ്രയിച്ച കിഫ്ബിയെ ബാലഗോപാല്‍ അത്രകണ്ട് വിശ്വസിക്കുന്നില്ല.  കിഫ്ബി വഴി ധനസമാഹരണം നിര്‍ദേശിച്ചിരിക്കുന്ന പദ്ധതികള്‍ തുടരും. പുതുതായി കൂടുതല്‍ പദ്ധതികള്‍, ബജറ്റിന് പുറത്ത് കടമെടുത്ത് നടപ്പാക്കാന്‍ പുതിയ ധനമന്ത്രി ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ ബജറ്റില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
ഇതൊക്കെ പറയുമ്പോഴും ചില സാഹചര്യങ്ങള്‍ ധനമന്ത്രി വേണ്ടവിധം കണക്കിലെടുത്തോ എന്ന സംശയമുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കൂടിയിരിക്കുന്നു. അതിൻ്റെ ഭാരം മുഴുവന്‍ ജനത്തിൻ്റെ തലയിലിട്ട്, കൈകഴുകി മാറിനില്‍ക്കുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാറിൻ്റേത്. ഇന്ധനവിലയില്‍ ഉണ്ടാകാന്‍ പോകുന്ന വര്‍ധന, ജനങ്ങളുടെ ജീവിതച്ചെലവ് മാത്രമല്ല കൂട്ടാന്‍ പോകുന്നത്, സര്‍ക്കാറിൻ്റെ ചെലവുകളും അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടിവരുന്ന ചെലവുമാണ്. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ ആരംഭിച്ചിരിക്കുന്ന സാമ്പത്തിക യുദ്ധം അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനയെ എത്രകാലം നിലനിര്‍ത്തുമെന്നതിലും വ്യക്തതയില്ല. ഇത് സമ്പദ് വ്യവസ്ഥയില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാക്കാന്‍ പോകുന്ന ആഘാതം ചെറുതല്ല. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ധനമന്ത്രി ഇപ്പോഴവതരിപ്പിച്ച കണക്കുകള്‍ പ്രസക്തമല്ലാതായി മാറാം.

About Author

ആര്‍. വിജയലക്ഷ്മി