തെരുവിൽ കടിയേൽക്കാതിരിക്കാൻ
തെരുവ് നായ ആക്രമണവും പേവിഷബാധയും ഇപ്പോൾ കേരളമൊട്ടാകെ ചർച്ചചെയ്യുകയാണ്. ഈ വർഷം ഇതുവരെ 21 പേർ പേവിഷ ബാധയേറ്റ് മരണപ്പെടാനിടയായ സാഹചര്യം കേരളത്തിലെ ജനങ്ങളെ ഞെട്ടലിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക രേഖകൾ പ്രകാരം ഇവരിൽ അഞ്ച് പേർ പ്രതിരോധ കുത്തിവെപ്പ് എടുത്തവരുമാണ്. ഈയൊരു സാഹചര്യത്തിൽ റാബീസ് വാക്‌സിന്റെ നിലവാരം, തെരുവ് നായകളുടെ നിയന്ത്രണം, പുനരധിവാസം, എ ബി സി പ്രോഗ്രാം തുടങ്ങി ഒട്ടേറെ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നു. ഏറ്റവുമൊടുവിൽ അക്രമകാരികളായ നായ്ക്കളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അത്തരം നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളിൽ നിന്നും മാറ്റണമെന്നും ഹൈക്കോടതിയുടെ നിർദേശവുമുണ്ടായി.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഒരു വർഷം നായയുടെ കടിയേറ്റ് 20,000 പേർ മരിക്കുന്നുണ്ട്. ലോകത്ത് പേവിഷബാധയേറ്റ് മരിക്കുന്നവരിൽ 36 ശതമാനവും ഇന്ത്യയിലാണ്. കേരളത്തിൽ പേവിഷബാധയേറ്റുള്ള മരണങ്ങളുടെ കണക്ക് നോക്കിയാൽ 2020 ൽ 5 മരണമായിരുന്നു റിപ്പോർട്ട് ചെയ്തതെങ്കിൽ 2021ൽ അത് 11 ആയി ഉയരുകയാണുണ്ടായത്. സെൻട്രൽ ബ്യുറോ ഓഫ് ഹെൽത്ത് ഇന്റലിജൻസിന്റെ കണക്കുകൾ പ്രകാരം 2010 ൽ 10 മരണങ്ങൾ ആണ് സ്ഥിരീകരിക്കപ്പെട്ടത്, പിന്നീടങ്ങോട്ട് 2020 വരെ പേവിഷബാധയേറ്റുള്ള മരണ സംഖ്യ ഒറ്റയക്കത്തിൽ ഒതുങ്ങി. എന്നാൽ 2020 ന് ശേഷം അത് വീണ്ടും ഉയർന്ന് 2022 ൽ എട്ടുമാസം പിന്നിടുമ്പോൾ 21 പേരായിരിക്കുകയാണ്. കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 2016 ഏപ്രിൽ മുതൽ 2021 ജൂലൈ വരെ 42 പേർ പേവിഷബാധയ്ക്ക് ഇരയായി മരണപെട്ടു. വിവരാവകാശ രേഖപ്രകാരം ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ച കണക്കുകൾ 2016 ൽ നിന്നും 2020 ലേക്ക് എത്തുമ്പോൾ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 1.35 ലക്ഷത്തിൽ നിന്നും 1.6 ലക്ഷമായി ഉയർന്നതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ അത് 2021 ൽ 2.21 ലക്ഷമായി വീണ്ടുമുയർന്നതായും, 2022 ആഗസ്റ്റിൽ മാത്രം 1.21 ലക്ഷം ആക്രമണം ഉണ്ടായെന്നും റിപ്പോർട്ട് ചെയ്യുന്നു.
തെരുവുനായ ആക്രമണങ്ങളും പേവിഷബാധയേറ്റുള്ള മരണവും കൂടിയെന്നത് ഒരു യാഥാർഥ്യമാണ്. ഈ സ്ഥിതിയിൽ നായകളെ മനുഷ്യൻ ശത്രുപക്ഷത്ത് കാണുകയും കൂട്ടത്തോടെ കൊല്ലുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് ഒരു സാമൂഹിക പ്രശ്നമാണെന്ന് മനസിലാക്കുകയും തെരുവുനായ പ്രശ്നത്തെ ശാസ്ത്രീയമായും സമാധാനപരമായും എങ്ങനെ നേരിടാം എന്ന് പരിശോധിക്കുകയുമാണ് വേണ്ടതെന്നും പൂക്കോട് വെറ്റിനറി കോളേജ് ഡീൻ ഡോ. എം കെ നാരായണൻ പറയുന്നു. പെട്ടന്ന് ഒരു പരിഹാരം കാണാവുന്ന വിഷയമല്ല എന്ന് മനസിലാക്കുകയും വേണം. തെരുവുനായ വിഷയത്തിൽ പ്രാദേശികമായി, പ്രശ്നം അടിസ്ഥാനപ്പെടുത്തി വികേന്ദ്രീകൃതമായിവേണം പരിഹാരം കാണാൻ. അതായത് കേരളത്തിലെ ഇരുപതിനായിരം വാർഡുകളിൽ പ്രശ്നബാധിത പ്രദേശങ്ങളെ ഓരോ കാറ്റഗറികളിലായി മാറ്റി അതിനനുസരിച്ചുള്ള പ്രവർത്തങ്ങൾ നടത്തുകയാണ് വേണ്ടത്. ഓരോ വാർഡിലെയും തദ്ദേശ ഭരണ സ്ഥാപങ്ങൾ ആ പ്രദേശത്തെ നായകളുടെ കണക്കെടുക്കുകയും അവയെ വീട്ടുടമസ്ഥന്റെ കീഴിലുള്ളത്, തെരുവിൽ പെറ്റുവളരുന്നത്, തെരുവിൽ കൊണ്ടുവിട്ടത്, പുറത്തുനിന്ന് വന്നവ, അക്രമസ്വഭാവമുള്ളവ തുടങ്ങി ഓരോ ഗണത്തിൽ ഉൾപ്പെടുത്തി ആവശ്യമായ നടപടികളെടുക്കണം. അക്രമകാരികളായ നായകളെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റുകയും, മെരുക്കിയെടുക്കാൻ പറ്റാത്തവയെ നിയമം അനുശാസിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യുകയും വേണം. ഇത്തരത്തിൽ ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും പ്രവർത്തനം നടത്തിയാൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാമെന്നും അദ്ദേഹം പറയുന്നു.
എ ബി സി തെരുവുനായ വർദ്ധനവിനെതിരെ തെളിയിക്കപ്പെട്ട ഒരു രീതിയാണ്, കുഴപ്പം എ ബി സി യുടേതല്ല, പക്ഷെ അത് നടപ്പിലാക്കിയ രീതിയുടേതാണ് എന്ന് മനസിലാക്കാൻ സാധിക്കും. ഘട്ടം ഘട്ടമായി തെരുവുനായ പ്രശ്നം രൂക്ഷമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വേണം ഇത് നടപ്പിലാക്കാൻ. തെരുവുകളിൽ നിന്ന് ഭക്ഷണം കിട്ടാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് തെരുവുനായകളുടെ പ്രശ്‍നം പരിഹരിക്കാനുള്ള ആദ്യപടി. തെരുവ് മാലിന്യത്തിൽ നിന്ന് ഭക്ഷണം കിട്ടുമ്പോൾ അവ അവിടെ പെറ്റുപെരുകുകയും മനുഷ്യനോട് അടുപ്പമില്ലാതാവുകയും ചെയ്യും. ഇത്തരത്തിൽ നായകളുടെ ഒരു കൂട്ടം രൂപപെടുമ്പോൾ അവയ്ക്ക് ഇരകളെ കൂട്ടമായി വേട്ടയാടാനും ആക്രമിക്കാനുമുള്ള പ്രവണതയുണ്ടാവുകയും ചെയ്യും. കേരളത്തിന്റെ സ്ഥിതി പരിശോധിച്ചാൽ മനുഷ്യരുമായി ബന്ധമില്ലാതെ തെരുവിൽ കഴിയുന്ന നായകളുടെ എണ്ണം വളരെ കൂടുതലാണ്.
ഇത് ഒഴിവാക്കാൻ തങ്ങളുടെ പ്രദേശത്തുള്ള പട്ടി കുഞ്ഞുങ്ങകളെ ഓരോ വീട്ടുകാർ ഏറ്റെടുക്കുകയും വാക്‌സിനേറ്റ് ചെയ്യുകയും, ഭക്ഷണം ലഭ്യമാക്കുകയും, അവയെ വന്ധ്യം കരിക്കുകയും വേണം. ഇതോടെ അവ മനുഷ്യനുമായി ഇണങ്ങി ജീവിക്കുകയും ആ പ്രദേശത്തു തന്നെ തുടരുകയും ചെയ്യും. ഇത് ഒരു തുടർപ്രക്രിയയായി ഏകദേശം ആറ് വർഷത്തോളം തുടർന്നാൽ സ്വതന്ത്രമായി അലയുന്ന നായകളെ ഇല്ലാതാക്കാനും മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന സ്ഥിതിയിലേക്ക് മാറ്റാനും സാധിക്കും. ഈ രീതി ചെന്നൈ ഉൾപ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ചെയ്ത് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ദി ഐഡത്തോട് പറഞ്ഞു.
2012ലെ സെൻസസ് പ്രകാരം കേരളത്തിലെ തെരുവ് നായകളുടെ എണ്ണം 2.99 ലക്ഷമാണ്. നിലവിൽ അത് ആറ് ലക്ഷത്തോളം ആയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വർധിച്ചുവരുന്ന തെരുവുനായ ആക്രമണവും പേവിഷ ബാധയും ചെറുക്കൻ പലവഴികളും നിർദ്ദേശിക്കാമെങ്കിലും അതിൽ ഏറ്റവും ക്രിയാത്മകമായത് അവയുടെ എണ്ണം നിയന്ത്രിക്കുകയും വാക്‌സിനേറ്റ് ചെയ്യുകയുമാണ്. തെരുവ് നായ്‌ക്കളുടെ പ്രജനനം തടയാനായി വന്ധ്യംകരണ ശസ്ത്രക്രിയയാണ് ഫലപ്രദവും ശാസ്ത്രീയവുമായ മാർഗം. അതിനായി നടപ്പിലാക്കിയ പദ്ധതിയായിരുന്നു പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകരുമായി ചേർന്ന് നടത്തിയ എ ബി സി അഥവാ അനിമൽ ബർത്ത് കൺട്രോൾ എന്ന പരിപാടി. തുടക്കകാലത് ഈ പദ്ധതി വലിയ വിജയമായിരുന്നു എങ്കിലും പിന്നീട് വിവാദങ്ങൾക്ക് വഴിവെച്ചു. 2021 ഡിസംബർ 17 ൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്ത് അനിമൽ ബർത്ത് കൺട്രോൾ നടപടികൾ നടത്തുന്നതിൽ നിന്നും കുടുംബശ്രീ യൂണിറ്റുകൾക്ക് നിയന്ത്രണം എർപ്പെടുത്തി. ഇന്നത്തെ സാഹചര്യത്തിൽ എ ബി സി പദ്ധതി നടപ്പിലാക്കാൻ അനുമതിയുള്ളപ്പോൾ കൃത്യമായ പരിശീലനം സിദ്ധിച്ചവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കിയാൽ തെരുവ് നായകളുടെ പ്രജനനം ഫലപ്രദമായി തടയാനാവും.
തെരുവ് പട്ടികളെ കൊല്ലണോ അതോ അവയെ സംരക്ഷിക്കണോ എന്ന വിഷയം തികച്ചും പ്രതിസന്ധിയുണ്ടാക്കുന്ന ഒരു ചിന്തയാണെന്ന് സാമൂഹ്യ പ്രവർത്തകൻ മൈത്രേയൻ പറയുന്നു. ഒരേ സമയം മനുഷ്യകേന്ദ്രീകൃതമായും അതെ സമയം സഹജീവി സ്നേഹത്തിന്റെയും ഒരു സന്ധി ചേരലാണ് അത്. പലതരം മൂല്യങ്ങൾ ഒന്നിച്ചുനിൽക്കുന്ന സമയത്ത് ഒരു പ്രദേശത്തിന് അനുസൃതമായ തെരഞ്ഞെടുപ്പുകൾ മാത്രമാണ് സാധ്യമാവുക. തെരുവ് പട്ടികളെ സംരക്ഷിക്കണം എന്നാണെങ്കിൽ അതിന് വന്ധ്യം കരണം ഷെൽട്ടറുകൾ തുടങ്ങിയ സംവിധാങ്ങൾ ഒരുക്കേണ്ടി വരും, അതെ സമയം കൊല്ലണം എന്നാണ് സ്ഥിതിയെങ്കിൽ കൃത്യമായ നിയമനടപടികളിലൂടെ ശാസ്ത്രീയമായി അത് ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.
“നായ്ക്കളെ കൊല്ലാനുള്ള വഴികൾ”- കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മലയാളികളുടെ സാമൂഹ്യമാധ്യമ ടൈംലൈനുകളിൽ ഒരു വട്ടമെങ്കിലും ഈ വാചകം കാണാത്തവർ ഉണ്ടാവില്ല. കഴിഞ്ഞ ഒരു ആഴ്ചത്തെ പത്രങ്ങളും മറ്റ് ദൃശ്യമാധ്യമങ്ങളും പരിശോധിച്ചാൽ പട്ടികടിച്ച വാർത്തകളും തെരുവ് നായകൾ ആളുകളെ ആക്രമിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞു നിൽക്കുന്നതായി കാണാം. ദിനേനയുള്ള ഈ വാർത്തകൾ ജനങ്ങളെ വലിയ രീതിയിൽ ഭയപ്പാടിലാക്കിയിട്ടുണ്ട്. തെരുവ് നായ്ക്കളെ ആക്രമിക്കാനും കൊല്ലാനുമുള്ള ഒരു മാനസിക സ്ഥിതിയിലേക്ക് ജനങ്ങളെ എത്തിച്ചതിൽ വലിയ പങ്ക് ഈ മാധ്യമവാർത്തകൾക്ക് ഉണ്ട്. പേവിഷ ബാധയേറ്റ് കൂടുതൽ പേർ മരിക്കാനിടയായ സാഹചര്യം പരിശോധിക്കേണ്ടത് തന്നെയാണ്. പക്ഷെ അതിന്റെ രീതികളും എവിടെയാണ് യഥാർത്ഥ പ്രശ്നമെന്നും അതെങ്ങനെ പരിഹരിക്കാമെന്നുമുള്ള കൃത്യമായ ഉത്തരം തേടേണ്ട സ്ഥാനത്ത് ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടിങ്ങുകൾ വിപരീതഫലമാണ് നൽകുക.
അതേസമയം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം 2017 – 18 കാലയളവിൽ നടത്തിയ ആരോഗ്യ സർവ്വേ പ്രകാരം കേരളത്തിലെ രോഗാവസ്ഥ കണക്ക് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം ആണെന്നാണ് റിപ്പോർട്ട്. ഈ സർവ്വേ പ്രകാരം കേരളം ആരോഗ്യരംഗത്ത് ഏറ്റവും പുരോഗമനം കൈവരിച്ച സംസ്ഥാനമാണ് അതേസമയം രാജ്യത്തെ ഏറ്റവും രോഗബാധിതരുള്ള സംസ്ഥാനം കൂടിയാണ്. പൊതുവെ റിപ്പോർട്ടിംഗ് കൂടുതലായി നടക്കുന്ന ഈ സ്ഥിതിവിശേഷവും, ഒപ്പം ഭീതി പരന്നതു മൂലം ചെറിയ പോറൽ പോലും ആശുപത്രികളിൽ ആളുകളെ എത്തിക്കുന്ന സാഹചര്യവും, കണക്കിലെ ഈ വർദ്ധനവിന് കരണമായിട്ടുണ്ടാവാം എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈയൊരവസ്ഥ തെരുവുനായ ആക്രമണത്തിൽ ചികിത്സ നേടിയവരുടെ കണക്കുകളും ഉയർന്നതാവാൻ കാരണമെന്നും ഒരുവിഭാഗം ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
തെരുവ് നായ്ക്കളുടെ ആക്രമങ്ങളെക്കുറിച്ചു അതിശയോക്തി കലർന്ന വാർത്തകൾ എഴുതി ജനങ്ങളെ നായ്ക്കൾക്ക് എതിരാക്കി അവയെ കൊന്നൊടുക്കാൻ പ്രേരിപ്പിക്കുക; അങ്ങനെ കൊല്ലാൻ തുടങ്ങുമ്പോൾ ‘മിണ്ടാപ്രാണിയെ’ കൊന്നൊടുക്കുന്നതിന്റെ കദന കഥകൾ മെനയുക – കേരളത്തിൽ തെരുവ് നായ്ക്കളേക്കാൾ അപകടകരമായ ഈ മാധ്യമ പ്രവർത്തനത്തെയാണ് പേടിക്കേണ്ടത്!