A Unique Multilingual Media Platform

The AIDEM

Articles International Politics

ഇന്ത്യ ചൈനയ്ക്കു ഭൂമി വിട്ടുനല്കിയോ?

  • September 16, 2022
  • 1 min read
ഇന്ത്യ ചൈനയ്ക്കു ഭൂമി വിട്ടുനല്കിയോ?

ഇന്ത്യ-ചൈന അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞ ഒരാഴ്ചയായി അതിർത്തിയിൽ നിന്ന് വരുന്ന വാർത്തകളിൽ പറയുന്നത് ഇന്ത്യ സ്വന്തം ഭൂമി ചൈനക്ക് വിട്ടുനൽകി എന്നാണ്. ഇന്ത്യയുടേതായിരുന്ന സ്ഥലം ഇപ്പോൾ രണ്ടു കൂട്ടർക്കും അവകാശമില്ലാത്ത ബഫർ സോണാക്കി മാറ്റി എന്നാണ് കൃത്യമായി പറഞ്ഞാൽ ആരോപണം ഉയർന്നിരിക്കുന്നത്. പ്രത്യേകിച്ചും വിശാലമായ കന്നുകാലി മേച്ചിൽ സ്ഥലങ്ങളാണ് ഇങ്ങനെ വിട്ടു നൽകിയത് എന്നത് നാട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുന്നു. അവർ പരസ്യമായി തന്നെ മാധ്യമങ്ങൾക്കു മുന്നിൽ വന്ന് ഇത് പറയാൻ തുടങ്ങിയിരിക്കുന്നു.

ബിസിനസ് സ്റ്റാൻഡേർഡിന്റെ സ്ട്രാറ്റജിക് അഫയേഴ്‌സ് എഡിറ്റർ അജയ് ശുക്ല ദി വയറിനു വേണ്ടി പ്രമുഖ മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറിനു നൽകിയ അഭിമുഖത്തിൽ പറയുന്നു, “ഇന്ത്യ ചൈനക്ക് ഭൂമി വിട്ടുകൊടുത്തു എന്ന് കുറച്ചു നാളായി പലരും പറയുന്നുണ്ട്. ഇത് വരെ സർക്കാരിന്റെ വിമർശകർ വെറുതെ പറയുകയാണ് എന്നായിരുന്നു വിശദീകരണം. എന്നാൽ, ഇപ്പോൾ അതിർത്തിയിലുള്ള തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, ജനങ്ങളും തന്നെ മുന്നോട്ടു വന്നിരിക്കുന്നു, ഇതേ പ്രശനം ഉന്നയിച്ചുകൊണ്ട്. ”

അതിർത്തി ചർച്ചകളിൽ ചൈന മേൽക്കൈ നേടിയിരിക്കുന്നു, ഇന്ത്യക്ക് അവരുടെ സമ്മർദ്ദത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഒരു വിഭാഗം നയതന്ത്ര വിദഗ്ധർ പറയുന്നു. അതുകൊണ്ടാണ് രണ്ടുപേരുടേതുമല്ലാത്ത ഭൂമിയിൽ ബഫർ സോൺ നിശ്ചയിക്കുന്നതിനു പകരം ഇന്ത്യൻ ഭൂമിയിൽ ബഫർ സോൺ നിശ്ചയിച്ചിരിക്കുന്നത് എന്നും.

നേരത്തെ ഇന്ത്യ-ചൈന സംഘർഷം നടക്കുകയും പട്ടാളക്കാർ ഇരുവശത്തും മരിക്കുകയും ചെയ്ത ഗൽവാൻ താഴ്വരയിൽ ആണ് ആദ്യത്തെ ഡിസ്എൻഗേജ്‌മെന്റ് (പരസ്പരം സംഘർഷം ഒഴിവാക്കൽ) ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ നടന്നത്. പിന്നീടത് മറ്റു അതിർത്തിപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. പക്ഷെ, ഗൽവാനിൽ ഇന്ത്യ പെട്രോളിംഗ് നടത്തിയിരുന്ന ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണാക്കി മാറ്റിക്കൊണ്ടുള്ള ഒത്തുതീർപ്പാണ് അവിടെ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

സർക്കാരിന്റെ വിമർശകർ ഇത്രയും കൂടി പറയുന്നുണ്ട്. എല്ലാ ബഫർ സോണുകളും ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത് ഇന്ത്യൻ പ്രദേശത്താണ്. പക്ഷെ, അവിടെയെല്ലാം ചൈനീസ് പട്ടാളത്തിന് നിർബാധം കടന്നു ചെല്ലാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ പട്ടാളത്തിന് അവിടേക്ക് പോകാൻ കഴിയുന്നുമില്ല.

ഡെപ്സാങ്, ബാങ്കോങ്‌സോയുടെ വടക്കൻ തീരം എന്നിവിടങ്ങളിൽ ചൈന ഇതിലും കൂടുതൽ കടന്നു കയറിയിട്ടുണ്ട് എന്നാണ് മറ്റു ചില റിപ്പോർട്ടുകൾ. 15 കിലോമീറ്റർ വരെ ഈ സ്ഥലങ്ങളിൽ ഇന്ത്യക്കു നഷ്ടമായിട്ടുണ്ട് എന്നും.

ലഡാഖിലെ ഒരു തദ്ദേശ ഭരണ കൗൺസിലർ എൻ.ഡി.ടി.വി. യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, 30 കിലോമീറ്റർ നീളം വരുന്ന, ഇന്ത്യൻ ഗ്രാമീണർ ഉപയോഗിച്ചിരുന്ന മേച്ചിൽസ്ഥലം ഇപ്പോൾ ബഫർ സോണാക്കി മാറ്റിയിരിക്കുന്നു, അവിടെ കന്നുകാലികളെ മേയ്ക്കാൻ ഇപ്പോൾ ഗ്രാമീണർക്ക് അനുവാദമില്ല എന്നാണ്.

ഇരു രാജ്യങ്ങളുടെയും അതിർത്തിയിലുള്ള ഗ്രാമീണർ കന്നുകാലി മേയ്ക്കുന്നത് ഏത് പ്രദേശം വരെയാണ് എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് രണ്ടു രാജ്യങ്ങളും വളരെ കാലം മുൻപ് തൊട്ടു തന്നെ ഇത് ഞങ്ങളുടെ സ്ഥലമാണ് എന്ന അവകാശവാദം ഉന്നയിക്കാറുള്ളത് എന്ന് ബിസിനസ് സ്റ്റാൻഡേർഡിന്റെ സ്ട്രാറ്റജിക് അഫയേഴ്‌സ് എഡിറ്റർ അജയ് ശുക്ല പറയുന്നു. അത്തരം സ്ഥലങ്ങൾ വിട്ടുനൽകുമ്പോൾ ആ ഗ്രാമീണരുടെ ഭൂമിക്കു മേലുള്ള അവകാശ രേഖകൾക്കു പോലും സാധുത നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്നും. അതാതു ഗ്രാമങ്ങളിലെ വില്ലേജ് ഓഫീസുകളിൽ ഈ റെക്കോഡുകൾ സൂക്ഷിക്കുന്നതാണ്. ആ പ്രദേശങ്ങൾ നഷ്ടപ്പെടുമ്പോൾ, ആ ഓഫീസുകളിൽ സൂക്ഷിച്ചിരിക്കുന്ന റെക്കോഡുകൾ പോലും ആ ഗ്രാമീണർക്ക് കൈവശം കിട്ടാത്ത സ്ഥിതി വന്നേക്കാം.

അരുണാചൽ പ്രദേശിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലെ വളരെ വിശ്വാസ്യത ഉള്ള എൻ.ജി.ഒ. കൾ നടത്തിയ പഠനങ്ങൾ പറയുന്നത്, കന്നുകാലി മേയ്ക്കുന്ന ചൈനീസ് ഗ്രാമീണരോട് ചൈനീസ് അധികൃതർ വളരെ കൃത്യമായി തന്നെ ഇത്തരം മേച്ചിൽപ്പുറ ഭൂമികളിൽ ചെന്ന് സ്ഥിരതാമസമാക്കാൻ പറയുന്നു, അവർക്കു അത് ചെയ്യാൻ സകല പിന്തുണയും നൽകുന്നു എന്നാണ്. പത്തോ പതിനഞ്ചോ കൊല്ലം ഈ മേച്ചിൽപ്പുറങ്ങളിൽ താമസിച്ചു കാലിമേയ്ക്കൽ നടത്തുന്നവരെ, അതിർത്തിയിൽ വന്ന് ചൈനീസ് പ്രസിഡണ്ട് ആദരിക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ അതിർത്തിയായ ലഡാക്കിലും കിഴക്കൻ അതിർത്തിയായ അരുണാചൽ പ്രദേശിലും ഈ കയ്യേറ്റം നടക്കുന്നുണ്ട്.

ഇന്ത്യൻ പ്രദേശത്തുള്ള, ഗൽവാൻ താഴ്വരയിലെ, ലോകത്തെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉപ്പൂവെള്ള തടാകമായ പാങ്കോങ് സോ തടാകത്തിൽ ചൈന രണ്ടു പാലങ്ങൾ നിർമ്മിച്ചതായി ഇന്ത്യ സർക്കാർ തന്നെ സമ്മതിച്ചിരുന്നു. ബൂമറാങ്ങിന്റെ ആകൃതിയിൽ കിടക്കുന്ന ഈ തടാകത്തിന്റെ മൂന്നിലൊന്നു ഭാഗം ഇന്ത്യൻ അധീനതയിലും ബാക്കി ചൈനയുടെ അധീനതയിലുമാണ്. ഏറ്റവും വീതിയുള്ള ഭാഗത്ത് 6 കിലോമീറ്ററാണ് ഈ തടാകത്തിന്റെ വീതി. ഈ തടാകത്തിന്റെ പടിഞ്ഞാറേ അറ്റം, ലഡാക്കിലെ പ്രമുഖ നഗരമായ ലേയിൽ നിന്ന് 54 കിലോമീറ്റർ മാത്രം ദൂരത്താണ്. ഈ തടാകം രാജ്യസുരക്ഷയ്ക്ക് എത്രത്തോളം നിർണ്ണായകമാണ് എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ഈ തടാകത്തിനു സമീപത്താണ് ഇരുപക്ഷത്തുമുള്ള സൈനികർ കൊല്ലപ്പെട്ട കയ്യാങ്കളി 2020 ഇൽ നടന്നത്.

ഗൽവാനിൽ സംഘർഷം നടന്ന സമയത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി പാർലിമെന്റിൽ പറഞ്ഞത് ഇന്ത്യക്കു ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്. ഗൽവാനിൽ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് രാഹുൽ ഗാന്ധി അന്ന് പാർലമെന്റിൽ പറഞ്ഞപ്പോൾ ബി.ജെ.പി. യുടെ ജെ.പി. നദ്ദ പ്രത്യാക്രമണം നടത്തിയത്, നെഹ്രുവിന്റെ കാലം തൊട്ട്, കോൺഗ്രസ് ഭരിച്ച സമയത്തെല്ലാം കൂടി ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ ഭൂമി ഇന്ത്യ ചൈനക്ക് വിട്ടുനൽകിയിട്ടുണ്ട് എന്നാണ്.

മുൻ ആർമി ഓഫീസർമാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആ സമയത്തു തന്നെ ഇന്ത്യക്കു ഗൽവാനിൽ ഭൂമി നഷ്ടമായിട്ടുണ്ട് എന്ന ചർച്ച വ്യാപകമായി നടന്നിരുന്നു. മാത്രമല്ല, ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്, പ്രധാനമന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്ന് കൂടിയാണ്.

മുൻ ആർമി ഓഫീസർമാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ചകൾ എത്തിച്ചേർന്ന നിഗമനങ്ങളും ശ്രദ്ധിക്കേണ്ടതാണ്, ” സലാമി സ്ലൈസിംഗ് എന്ന് വിദേശകാര്യ വിദഗ്ധർ വിളിക്കുന്ന, ഓരോ ചുവടായി കടന്നുകയറി സ്വന്തം ഭൂപരിധി വലുതാക്കുക എന്ന തന്ത്രമാണ് ചൈന പിന്തുടരുന്നത്. ചെറിയ ചെറിയ കയ്യാങ്കളികളിലൂടെ അവർക്കു അത് നേടാൻ കഴിയുന്നുണ്ടെങ്കിൽ അവരുടെ ഉദ്ദേശം നടന്നു എന്ന് തന്നെ കരുതേണ്ടി വരും.” (ഫ്രണ്ട്ലൈൻ മാസിക)

ഈ വിഷയത്തിൽ മുൻ ലെഫ്റ്റനന്റ് ജനറൽ എച്ഛ്.എസ്. പനാഗ് ഫ്രണ്ട് ലൈൻ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ വാക്കുകൾ നോക്കാം, “ദേശീയ സുരക്ഷയും ആഭ്യന്തര രാഷ്ട്രീയവും തമ്മിൽ ബന്ധപ്പെടുത്താതിരിക്കുക എന്നതാണ് ഈ വിഷയത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ നിലപാട്. അതാത് സർക്കാരുകളാണ് അത് ശ്രദ്ധിക്കേണ്ടത്. പ്രതിപക്ഷത്തെയും, പാർലമെന്റിനെയും, മാധ്യമങ്ങളെയും, പൊതുജനത്തെയും സർക്കാർ വിശ്വാസത്തിൽ എടുക്കുക എന്നതും ഇതിന്റെ പ്രധാന ഘടകമാണ്. എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത് എന്ന് രാഷ്ട്രം മനസ്സിലാക്കുമ്പോൾ മാത്രമാണ് ഒരു യോജിച്ച നിലപാട് രാജ്യത്തിന് എടുക്കാനാവുക.ജനത്തിന് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഭരണകൂടം ശ്രദ്ധിക്കണം”

ഇന്ത്യ-ചൈന അതിർത്തി പ്രശനം പട്ടാളക്കാർ മാത്രം ഇടപെടുന്ന പ്രശനം എന്നതിലുപരി തനതു ജനവിഭാഗങ്ങളുടെ ഭൂ ഉടമസ്ഥതയുടെയും ഉപജീവനത്തിന്റെയും പ്രശനം കൂടിയായി വളരുകയാണ്.
അതിർത്തിയിൽ നിന്നുള്ള കൂടുതൽ വാർത്തകൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്ത പാർലിമെന്റ് സമ്മേളനത്തിൽ ഈ വിഷയത്തിൽ മോദി സർക്കാരിനെതിരെ വിമർശനം ശക്തമായി ഉയരാനും സാധ്യത വർദ്ധിച്ചിരിക്കുന്നു.

About Author

ദി ഐഡം ബ്യൂറോ