ആജ്ഞാശക്തിലു

(ഇന്ത്യയുടെ പരമ്പരാഗതമായ ഒരു സാഹിത്യജനുസ്സാണ് സുഭാഷിതങ്ങൾ. ജീവിതത്തെ സൂക്ഷ്മമായി നോക്കുമ്പോഴുള്ള കാഴ്ചകളുടെ കാവ്യാത്മകമായ അവതരണം. എഴുത്തുകാരനായ മാങ്ങാട് രത്നാകരൻ നിത്യജീവിതസന്ദർഭങ്ങളിൽ നിന്ന് സുഭാഷിതങ്ങൾ കണ്ടെത്തുന്നു. സ്വാനുഭവങ്ങളിൽ നിന്നു വിരിഞ്ഞ, കണ്ടെത്തിയ കൌതുകകരമായ നിരീക്ഷണങ്ങൾ. ‘ദി ഐഡം’ പ്രസിദ്ധീകരിക്കുന്നു)
സുഭാഷിതങ്ങൾ : ഒന്ന്
ആജ്ഞാശക്തിലു
ഇന്ത്യാ ടുഡേ (മലയാളം)യിൽ ഒരു ജോലി കിട്ടിയതിനാൽ, ഡൽഹി ജീവിതത്തോടു സലാം പറഞ്ഞ് മദിരാശിയിലേയ്ക്കു വന്നു. ഡൽഹി വിടാൻ മനസ്സുണ്ടായിരുന്നിട്ടല്ല, മനസ്സിനെക്കാളും പ്രധാനം ഒരു ജോലിയായിരുന്നു.
ഇന്ത്യാ ടുഡേ പിച്ചവച്ചു തുടങ്ങിയതേയുള്ളൂ. ആപ്പീസിൽ സുഹൃത്തുക്കളായി. മാതൃഭൂമിയിൽ വിളിപ്പാടകലെ കെ.സി.നാരായണനുണ്ട്, ഖസാക്കിലെ രവി പഠിച്ച താംബരം കോളെജിൽ സുഹൃത്തും കഥാകൃത്തുമായ വി.എസ്.അനിൽകുമാറുണ്ട്, ഏഷ്യാനെറ്റിൽ സക്കറിയ മാഷുണ്ട്, കോയമ്പത്തൂരിൽ നിന്ന് രവിയേട്ടൻ (ചിന്ത) വരും. ആനന്ദലബ്ധിക്കിനിയെന്തുവേണം.
മദിരാശിയിലെത്തിയ ദിവസങ്ങളിൽ സാക്ഷാൽ അടൂർ ഭാസി മരണശയ്യയിലായിരുന്നു. പി.കെ.ശ്രീനിവാസൻ, എസ്.സുന്ദർദാസ് എന്നീ സഹപ്രവർത്തകരോടൊപ്പം ട്രിനിറ്റി ആശുപത്രിയിൽ പോയി, ആ വലിയ നടനെ കണ്ടു. ആ കിടപ്പിലും ഭാസി കുറേ ഫലിതങ്ങൾ പൊട്ടിച്ചു. ഇന്ത്യാ ടുഡേയിലേക്ക് ഒരു കോളം പറഞ്ഞുകൊടുത്തത് സുന്ദർദാസ് കേട്ടെഴുതി. രണ്ടുനാൾ കഴിഞ്ഞപ്പോൾ അടൂർ ഭാസി അന്തരിച്ചു (1990 മാർച്ച് 29).
ആശുപത്രിയിൽ ഉണ്ടായിരുന്ന ഒരാളെ പരിചയപ്പെട്ടു. ചന്ദ്രാജി, അടൂർ ഭാസിയുടെ സഹോദരൻ. ചന്ദ്രാജി മിക്കപ്പോഴും വൈകിട്ട് ജെമിനിയിലുള്ള ആപ്പീസിൽ വരും. ഞങ്ങൾ വലിയ കൂട്ടായി. ഒരു ഗുരുവിന്റെ കുറവുണ്ടായിരുന്നു, അതിനാൽ ഞാൻ ഗുരുജി എന്നു വിളിച്ചു. വാക്കും പ്രവൃത്തിയുമെല്ലാം ഫലിതമയമായിരുന്നു. എന്നാലോ, ഉള്ളാലെ വലിയ സ്‌നേഹം, വാത്സല്യം.
ചന്ദ്രാജിയുടെ ജീവിതകഥ കേട്ടാൽ തലചുറ്റും. ഇന്ത്യാമഹാരാജ്യത്തിന്റെ പലപല ഭാഗങ്ങളിൽ പലപല വേഷങ്ങളിൽ അലഞ്ഞതിന്റെ കഥകൾ പറയും. ഞാൻ വാപൊളിച്ചു കേട്ടുനിൽക്കും.

ഒരിക്കൽ പറഞ്ഞത്, തിരുപ്പതി ക്ഷേത്രത്തിൽ അവിടത്തെ പ്രധാന പ്രസാദമായ ലഡ്ഡുവിന് ക്യൂ നിന്ന കഥയാണ്. നീണ്ട ക്യൂ, പൊരിവെയിൽ. വേറെ നിവൃത്തിയൊന്നുമില്ല. കൈകൊണ്ട് സൂര്യനെ മറച്ചും വെള്ളം കുടിച്ചും അങ്ങനെ കാത്തുനിൽക്കുകയാണ്. അപ്പോഴുണ്ട് ഒരു സ്ത്രീ കൈക്കുഞ്ഞുമായി, തനിക്കു മുന്നിൽ ക്യൂവിനിടയിലേയ്ക്കു കയറുന്നു. പറയേണ്ടതുണ്ടോ, ക്യൂ ആകെ അലങ്കോലമായി, ബഹളമായി. ആജാനുബാഹുവായ ഒരാൾ സ്ത്രീയെ നിഷ്‌കരുണം തള്ളിമാറ്റുന്നു. ആ സ്ത്രീയുടെ ദയനീയഭാവവും കരയുന്ന കുഞ്ഞിനെയും കണ്ട് അവർ ക്യൂവിൽ നിന്നോട്ടേ എന്നു മറ്റുള്ളവർ ദയാലുക്കളായി. ആജാനുബാഹുവിനാകട്ടെ, കുലുക്കമില്ല.
‘ഞാൻ ഇടപെടാൻ തീരുമാനിച്ചു,’ ചന്ദ്രാജി പറഞ്ഞു, ‘തെലുങ്ക് എനിക്ക് നല്ല നിശ്ചയമാണല്ലോ.‘
ചന്ദ്രാജി ആജാനുബാഹുവിന്റെ അടുത്തുചെന്നു തലയുയർത്തി മേലോട്ടുനോക്കി പറഞ്ഞു, ‘ഹേ, ആജാനുബാഹുലു…‘
ആജാനുബാഹു ചന്ദ്രാജിയെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കി. ചന്ദ്രാജി ആ അതികായന് സ്ത്രീയുടെ ഒക്കത്തുള്ള കരയുന്ന കുഞ്ഞിനെ ചൂണ്ടിക്കാട്ടി: ‘പിഞ്ചുശിശിലു…‘
ബാഹുവിന്റെ മനസ്സലിഞ്ഞുവെന്നു തോന്നുന്നു.
‘ഞാൻ അയാളുടെ തോളിൽത്തട്ടി പറഞ്ഞു,’ ചന്ദ്രാജി എന്നോടു പറഞ്ഞു, ”മനുഷ്യസഹജലു.”
എല്ലാം അടങ്ങി. സ്ത്രീയെ ക്യൂവിൽ പ്രവേശിപ്പിക്കാൻ തീരുമാനമായി.
‘എങ്ങനെയുണ്ട് എന്റെ തെലുങ്ക് ഭാഷാപ്രാവീണ്യം?’ ചന്ദ്രാജി ചോദിച്ചു.
‘ഗംഭീരലു,’ ഞാൻ പറഞ്ഞു.
‘തെറ്റാണ്,’ ചന്ദ്രാജി പറഞ്ഞു, ‘ഗംഭീരമു.‘
‘ശരിയാണ് ഗുരുജി,’ ഞാൻ പറഞ്ഞു, ‘തെലുങ്ക് വ്യാകരണത്തിന്റെ കാര്യത്തിൽ ഞാൻ എന്നും ഒരു ‘സംശയാലു‘ ആണ്.‘
……………………………………………………………………………………………………
സുഭാഷിതങ്ങൾ : രണ്ട്
ആനകളുടെ വീട്
യാത്ര എന്ന പേരിൽ ഒരു ടെലിവിഷൻ പരിപാടി ചെയ്തുകൊണ്ടിരുന്നപ്പോൾ (2011-2016) വയനാട്ടിലെത്തി; എടക്കൽ ഗുഹയിൽ നിന്നു തുടങ്ങി. എന്റെ ചിരകാല സുഹൃത്ത് ഒ.കെ.ജോണി വയനാട്ടിൽ ഉള്ളതിനാൽ പേടി വേണ്ട, ജാഗ്രത മതി. വയനാടിന്റെ സഞ്ചരിക്കുന്ന വിജ്ഞാനകോശമല്ലേ കൂടെയുണ്ടാവുക. പോരെങ്കിൽ ഞങ്ങളുടെ താല്പര്യങ്ങളും സ്വപ്നങ്ങളും ഏതാണ്ടെല്ലാം സാമ്യമാണ്. സുഹൃത്തുക്കൾ, ഗുരുക്കന്മാർ-എല്ലാവരും ഞങ്ങളിൽ കൂടിച്ചേരും.
വയനാട് രേഖകൾ, എടക്കൽ ഗുഹയെക്കുറിച്ച് പ്രഗല്ഭ ചരിത്ര-കലാപണ്ഡിതന്മാർ എഴുതിയവയുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളവയുടെ സമാഹരണങ്ങൾ, ചലച്ചിത്രനിരൂപണങ്ങൾ, രാഷ്ട്രീയബോധ്യമുള്ള ഡോക്യുമെന്ററികൾ, ഏറ്റവുമൊടുവിൽ മലയാളത്തിലെ യാത്രാസാഹിത്യത്തിലെ ഗംഭീരരചനയായ കാവേരിയോടൊപ്പം എന്റെ യാത്രകൾ-അതിൽ ഒന്നുരണ്ടിടത്ത് ഇതെഴുതുന്നയാളും പ്രത്യക്ഷപ്പെടുന്നുണ്ട്-ഇതെല്ലാം ജോണിയിൽ നിന്ന് മലയാളത്തിനു കിട്ടിയ വിശിഷ്ടരചനകൾ ഒരു വയനാട് വിജ്ഞാനകോശം എഴുതാൻ ജോണിയോടു പറഞ്ഞുപറഞ്ഞ് മടുത്തു. ഇനി, ഇതു വായിക്കുന്നവരുടെ ഊഴമാണ്!
വയനാട്ടിലും ചുറ്റുവട്ടങ്ങളിലും അയൽദേശങ്ങളിലും ജോണിയോടൊപ്പമുള്ള എന്റെ യാത്രകൾ എഴുതിയാൽ, കാവേരിപ്പുസ്തകത്തെപ്പോലെതന്നെ ബൃഹദാകാരം പൂണ്ടേക്കും. ആ പേടി കാരണമാണ് ഇങ്ങനെയൊരു ചെറുകുറിപ്പെഴുതുന്നത്.

ഞങ്ങൾ ഒരുനാൾ ഒരു കാറിൽ തിരുനെല്ലിയിലേയ്ക്കു പോകുകയാണ്. ജോണി, യാത്രാസംഘത്തെ നയിച്ച് മുൻസീറ്റിൽ. ഞാനും ക്യാമറാമാനും ക്യാമറാസഹായിയും പിൻസീറ്റിൽ. കാർ കാട്ടിലൂടെ, കുതിക്കാതെ, പായുന്നു.
‘കാടുപോലെ,’ ജോണി പറഞ്ഞു.
ഞാൻ പൊട്ടിച്ചിരിച്ചു. ഞങ്ങൾ സുഹൃത്തുക്കൾക്കിടയിലെ ഒരു ‘കോഡാ‘ണ് ഈ ‘പോലെ‘. ഒരിക്കൽ ജോണിയോടൊപ്പം വയനാട്ടിലെ കൊടുങ്കാട്ടിനു നടുവിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സക്കറിയ, ‘കാടുപോലെ തോന്നുന്നുണ്ടല്ലോ‘ എന്നു പറഞ്ഞത്രെ. അതിലെ ‘പോലെ‘ വൻ ഹിറ്റായി.
‘സിഗരറ്റ് പോലെ ഒന്നു വലിച്ചാലോ?’
‘സ്മാൾ പോലെ ഒന്നു കുടിച്ചാലോ‘
‘ലേഖനം പോലെ ഒന്ന് മാതൃഭൂമിക്ക് എഴുതിക്കൊടുക്കണം.‘
നട്ടുച്ചയാണെന്നറിയാതെ ചീവിടുകൾ കർണ്ണകഠോരമായി പാടിക്കൊണ്ടിരുന്നു. ഈശ്വരാ, ആനകൾ നേരെയോ കുറുകെയോ വരാതിരുന്നാൽ മതി.
‘ആനപോലെ എന്തെങ്കിലും വരാതിരുന്നാൽ മതിയായിരുന്നു, ജോണിസാർ,’ ഞാൻ പറഞ്ഞു.
അതുകേട്ടതും, ‘ഇവിടെ ആനശല്യമുണ്ടോ ജോണിയേട്ടാ,’ എന്ന് ക്യാമറാമാൻ തോക്കിൽക്കയറി വെടിവെച്ചു. ഉത്സവപ്പറമ്പിൽ മാത്രം ആനകളെ കണ്ടിട്ടുള്ള ദേഹമാണ് നമ്മുടെ ക്യാമറാമാൻ.
ജോണി ഒന്നു മുരണ്ടു.
‘അതുശരി! നീ മാങ്ങാട് രത്‌നാകരന്റെ വീട്ടിൽപ്പോയി, ഇവിടെ മാങ്ങാട് രത്‌നാകരന്റെ ശല്യമുണ്ടോ എന്നു ചോദിക്കുമല്ലോ, ഇക്കണക്കിന്.‘
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന്, ജോണിയെ എത്രയോ കാലമായി അറിയുന്നതിനാൽ, ഞാൻ ന്യായമായും കരുതി. ‘ക്ഷണമാം നേരമേ വേണ്ടൂ…‘
ഞാൻ സീറ്റിനിടയിലൂടെ കൈയിട്ട് ജോണിയുടെ പള്ളയിൽ നുള്ളി.
എഴുത്തുകാരനായ മാങ്ങാട് രത്നാകരൻ നിത്യജീവിതസന്ദർഭങ്ങളിൽ നിന്ന് സുഭാഷിതങ്ങൾ കണ്ടെത്തുന്നു. സ്വാനുഭവങ്ങളിൽ നിന്നു വിരിഞ്ഞ, കണ്ടെത്തിയ കൌതുകകരമായ നിരീക്ഷണങ്ങൾ. മുൻ ലക്കങ്ങൾ വായിക്കാം, ഇവിടെ.
Subscribe to our channels on YouTube & WhatsApp
ഇത് എവിടെ ചെന്നെത്തും, കാട് കയറുമോ എന്നാണ് ഭയം, ജോണി ഉള്ളത് കൊണ്ട് പ്രത്യേകിച്ചും😂 തല്ക്കാലം രത്‌നകാരന് നല്ലനടപ്പ് ജാമ്യം അനുവദിക്കുന്നു, എല്ലാം രണ്ടാഴ്ച കൂടുമ്പോഴും aidem ഓഫീസിൽ ഹാജരായി ഒപ്പിടുക 😂👏🏻
അടിയൻ !