A Unique Multilingual Media Platform

The AIDEM

Art & Music Articles Society

സ്ത്രീകൾ സ്ത്രീകളെ പകർത്തുമ്പോൾ

  • April 17, 2023
  • 1 min read
സ്ത്രീകൾ സ്ത്രീകളെ പകർത്തുമ്പോൾ

‘സത്യം മറച്ചുവയ്ക്കപ്പെടാം. പക്ഷെ അങ്ങനെ ചെയ്യുന്നതിന്റെ ഉദ്ദേശ്യം തീർച്ചയായും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.’ഈ മുന്നുരയോടെയാണ് “ട്രൂത്ത് ഓർ ഡേർ” (Truth or Dare) എന്ന വനിതാ ഫോട്ടോഗ്രാഫർമാരുടെയും ചലച്ചിത്രകാരികളുടെയും എക്സിബിഷൻ ഡൽഹിയിൽ ഏപ്രിൽ പത്തിന് ആരംഭിച്ചത് . രണ്ടു മാസം നീണ്ടു നിൽക്കുന്ന ഈ എക്സിബിഷൻ ഇത് കൂടി അടിവരയിടുന്നു . “ ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയിൽ സ്ത്രീകൾക്ക് സവിശേഷമായ സ്ഥാനമുണ്ട്. പരിമിതമായ മൂലധനത്തിൽ നിന്നുകൊണ്ട് കാര്യക്ഷമവും മികവുറ്റതുമായ പ്രവർത്തനം നടത്താമെന്ന് അവർ തെളിയിച്ചു. പല മേഖലകളിലും പ്രശ്നങ്ങൾ പരമാവധി കുറച്ച് നല്ല വരുമാനം നേടാൻ ഇത് അവരെ പ്രാപ്തരാക്കി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും സാമൂഹിക ഉത്തരവാദിത്വത്തിലും പുരോഗമനപരമായ മാറ്റം കൊണ്ടുവന്നു. ഇതൊക്കെ പറയുമ്പോൾ തന്നെ, വ്യവസ്ഥാപിത തൊഴിൽ മേഖലയിൽ ഇന്ത്യയിലെ സ്ത്രീകളുടെ പങ്ക് ഇന്നും വളരെ ചെറുതാണ് എന്ന വസ്തുതയും നിലനിൽക്കുക തന്നെ ചെയ്യുന്നു.”

സ്ത്രീ ഫോട്ടോഗ്രാഫർമാരുടെയും സംവിധായകരുടെയും കാഴ്ചകളിലൂടെയാണ് ട്രൂത്ത് ഓർ ഡേർ അവതീർണമാവുന്നത്. ഡൽഹിയിൽ സ്റ്റുഡിയോ ആർട് ഗാലറിയിൽ ഏപ്രിൽ 10 മുതൽ ജൂൺ 10 വരെ നടക്കുന്ന ഈ പ്രദർശനത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സ്ത്രീജീവിതത്തിന്റെ ചില പരിച്ഛേദങ്ങൾ കാണുവാൻ സാധിക്കും. നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പിതൃമേധാവിത്വ വ്യവസ്ഥയോട് കലഹിക്കുകയും, അതിൽനിന്നു വിജയകരമായി പുറത്തുവരികയും, തന്റെ തന്നെയും, തന്റെ ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ മാറ്റത്തിന്റെ വിത്തുവിതയ്ക്കുകയും ചെയ്ത ഒരു കൂട്ടം സ്ത്രീ പോരാളികളുടെ കഥയാണ് ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നത്.

ഇന്ത്യയിലെ മുൻനിര ഫോട്ടോഗ്രാഫർമാരിൽ ഒരാളായ സന്ദീപ് ബിശ്വാസാണ് ഈ പ്രദർശനത്തിന്റെ ക്യൂറേറ്റർ. അദ്ദേഹം ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായും, ക്യുറേറ്ററായും, വിവിധ ഫോട്ടോഗ്രഫി-ഡിസെെനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അദ്ധ്യാപകനായും പ്രവർത്തിക്കുന്നു. തന്റെ ക്യാമറക്കണ്ണിലൂടെ ഇന്ത്യയുടെ ഖനികളെയും ആകാശങ്ങളെയും പകർത്തിയ അദ്ദേഹം വിവിധ തലങ്ങളിൽ അടങ്ങിയിരിക്കുന്ന ലിംഗപരമായ അനീതിയിൽ അസ്വസ്ഥനായിരുന്നു. അവസരങ്ങളിലെ തുല്യതയില്ലായ്മ കഴിവും അറിവുമുള്ള സ്തീകളെ അണിയറയിൽ തളച്ചിടുന്നു എന്ന് അദ്ദേഹം പറയുന്നു .”സ്ത്രീകൾ മുഖ്യധാരയിലേക്ക് വരേണ്ടത് പുരുഷന്മാരുടേയും കൂടി ആവശ്യമാണ്. ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കുന്നത് ആണധികാരസാമൂഹിക വ്യവസ്ഥയുടെ സമ്മർദ്ദങ്ങളിൽ നിന്നും പുരുഷനെയും സ്വതന്ത്രനാക്കുന്നു”: ബിശ്വാസ് ചൂണ്ടിക്കാട്ടുന്നു.

കണ്ണിനു മുന്നിൽ നടക്കുന്ന ഈ വിവേചനങ്ങളെ കൃത്യതയോടെയും നൈരന്ത്യര്യത്തോടെയും പകർത്തിയവർ വളരെ കുറവാണ്. ഒരൊറ്റ പുരുഷഫോട്ടോഗ്രാഫറെയും ഇത്തരത്തിൽ കണ്ടുപിടിക്കാനായില്ല എന്ന് ബിശ്വാസ് പറയുന്നു. അങ്ങനെ അദ്ദേഹം സ്ത്രീ ഫോട്ടോഗ്രാഫർമാരെവെച്ച് ഈ പ്രദർശനം നടത്താൻ തീരുമാനിക്കുകയായിരുന്നു. സ്റ്റുഡിയോ ആർട്ടിന്റെ സ്ഥാപകയായ ആഷ്നി സിങ്ങാണ് സാധാരണയിൽ നിന്നും വ്യത്യസ്തമായി പ്രദർശനം നടത്തണം എന്ന് നിർദ്ദേശിച്ചത്. ഫോട്ടോകളിലേക്ക് ചുരുക്കാതെ മറ്റ് മാധ്യമങ്ങളെയും ഉൾക്കൊള്ളാൻ അത് പ്രേരിപ്പിച്ചു. മൂന്ന് ഫോട്ടോഗ്രാഫർമാരും രണ്ട് ചലച്ചിത്ര സംവിധായകരും രണ്ട് ജേണലിസ്റ്റുകളും സ്ത്രീ ശാക്തീകരണ സാമൂഹിക പ്രസ്ഥാനമായ ഗുലാബി ഗാങും അടങ്ങുന്നതാണ് ഈ പ്രദർശനം.

 

ഗുലാബി ഗാങ്

ഉത്തർ പ്രദേശിലെ ബാന്ദ ജില്ലയിൽ 2006 ൽ സമ്പത്ത് പാൽ ദേവി എന്ന സാധാരണക്കാരിയായ സ്ത്രീയുടെ ഇച്ഛാശക്തിയിൽ രൂപംകൊണ്ട സംഘമാണ് ഇത്. ഒരിക്കൽ തന്റെ ഗ്രാമത്തിൽ ഒരു വ്യക്തി ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതു കണ്ട സമ്പത്ത് പാൽ ദേവി ഉപദ്രവം നിർത്തുവാൻ ആവശ്യപ്പെടുന്നു. എന്നാൽ അയാൾ അവരെക്കൂടി അസഭ്യം പറയുകയാണ് ചെയ്തത്. ഈ സംഭവമാണ് ഗുലാബി ഗാങിന്റെ രൂപീകരണത്തിലേക്ക് നയിക്കുന്നത്.

രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നാണ് ബാന്ദ. പിതൃമേധാവിത്വവ്യവസ്ഥയുടെ പ്രതികരണങ്ങൾ ഏറ്റവും ശക്തമായി അനുഭവിക്കുന്ന ഇടം. ജാതിവ്യവസ്ഥയുടെ ഈറ്റില്ലം. നിരക്ഷരരായ സ്ത്രീകളും അക്രമങ്ങളുടെ വീട്ടകങ്ങളും ബാലവേലയും ശൈശവവിവാഹവും… ഒന്നുകൊണ്ടും കെട്ടിമറയ്ക്കാനാവാത്ത യഥാർത്ഥ ഇന്ത്യയുടെ മുഖം. ഇവിടെയാണ് കടും ഗുലാബി (പിങ്ക്) സാരിയിൽ കൈയിൽ ലാത്തിയുമായി ഒരു സംഘം സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി മുന്നിട്ടിറങ്ങിയത്.

ഗുലാബി ഗ്യാങ്

ശൈശവവിവാഹങ്ങൾ ഇല്ലാതാക്കുക, അക്രമം അനുഭവിക്കുന്ന സ്ത്രീകൾക്ക് കൈത്താങ്ങാവുക, സ്ത്രീകളെ സ്വയം പര്യാപ്തരാക്കി സാമ്പത്തിക സ്വാതന്ത്യം നേടിക്കൊടുക്കുക, സർവ്വോപരി ആത്മാഭിമാനവും ധൈര്യവുമുള്ള വ്യക്തികളാക്കി മാറ്റുക എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യങ്ങൾ. അന്താരാഷ്ട്ര പ്രശസ്തി നേടിയ ഗുലാബി ഗാങിന് ഇന്ന് പതിനൊന്ന് ലക്ഷത്തോളം അംഗങ്ങളുണ്ട്. ഡിസൈൻ മ്യൂസിയം ഓഫ് ലണ്ടനിൽ ഈ വർഷം മെയിൽ നടക്കുന്ന പ്രദർശനത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സ്ത്രീസാഹോദര്യത്തിന്റെ പ്രതീകമായ ഈ പിങ്ക് സാരിയാണ്. ഡൽഹിയിൽ നടക്കുന്ന പ്രദർശനത്തിൽ ഗുലാബി ഗാങിന്റെ കഥ പറയുന്ന ചിത്രങ്ങളോടൊപ്പം അവരും ഉണ്ടാകും.

 

പൂജ അവസ്തി

പൂജ അവസ്തി

മുതിർന്ന മാധ്യമപ്രവർത്തകയായ പൂജ ലഖ്നൗവിലെ ‘ദി വീക്ക്’ മാസികയുടെ ചീഫ് ഓഫ് ബ്യൂറോയാണ്. ഫോട്ടോഗ്രാഫിയിൽ പ്രത്യേക പരിശീലനം നടത്താത്ത പൂജ വിശ്വപ്രസിദ്ധ മാധ്യമ പ്രവർത്തകനായ പി സായ്നാഥ് സ്ഥാപിച്ച ‘പീപ്പിൾസ് ആർക്കെെവ് ഓഫ് റൂറൽ ഇന്ത്യ’ എന്ന വെബ്സൈറ്റിനുവേണ്ടി കുറച്ചുകാലം മുൻപു ചെയ്ത ഫോട്ടോ സ്റ്റോറിയാണ് ബിശ്വാസ് “ട്രൂത്ത് ഓർ ഡേറി” (Truth or Dare) നായി തിരഞ്ഞെടുത്തത്. ബീഹാറിലെ ദാനാപൂർ ബ്ലോക്കിലെ ജംസൗത്ത് പഞ്ചായത്തിലെ ദിബ്ര ഗ്രാമത്തിലെ ശ്രദ്ധേയമായ അനുഭവങ്ങളാണ് പൂജ പകർത്തിയത്. സർഗ്ഗം മഹിളാ ബാൻഡ് എന്ന സവിശേഷമായ ഒരു തൊഴിൽ ഇടപെടലിനെ സംബന്ധിക്കുന്നതാണ് അത്. ദിബ്ര ജാതിവ്യവസ്ഥയുടെ തീണ്ടൽപ്പലകകൾ ഇനിയും പറിച്ചുകളയാത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമമാണ്. പിതൃമേധാവിത്വവ്യവസ്ഥയ്ക്കുള്ളിലടയ്ക്കപ്പെട്ട നിസ്സഹായരായ സ്തീകൾ.

പൂജ അവസ്തി പകർത്തിയ ചിത്രം

കൃഷിയോഗ്യമായ ഭൂമിയുടെ അളവ് ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായി. ജോലിയും. അവിടെ 10 സ്ത്രീകൾ 2012 ൽ ഒരു ഡ്രമ്മർ ബാൻഡ് രൂപീകരിക്കുകയാണ്: സർഗ്ഗം മഹിളാ ബാൻഡ്. പട്ടികജാതി വിഭാഗത്തിൽ തന്നെ ഏറ്റവും താഴേക്കിടയിലുള്ളതും വിവേചനങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന മഹാദളിത് വിഭാഗത്തിൽ പെടുന്നവരാണ് എല്ലാവരും. സ്വയം സഹായസംഘത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്ന ഈ സ്ത്രീകൾ അച്ചാറിനും പപ്പടത്തിനും പകരം പുതിയത് എന്ത് എന്ന ചിന്തയിലാണ് ബാൻഡിലേക്ക് എത്തുന്നത്. പാട്ന ആസ്ഥാനമായ നാരി ഗുഞ്ജൻ എന്ന സംഘടന അവർക്ക് പഠിക്കാനാവാശ്യമായ സഹായങ്ങൾ നൽകുന്നു. നാട്ടിൽ നിന്നും വീട്ടിൽ നിന്നുമുള്ള നിരന്തരമായ എതിർപ്പുകൾ. പുരുഷന്മാരെപ്പോലെയാകാൻ ശ്രമിക്കുന്നു എന്ന പരിഹാസം. തോറ്റു പിന്മാറാൻ അവർക്ക് മനസ്സില്ലായിരുന്നു. ഇന്നവർ പട്നയിലും സമീപ ജില്ലകളിലും മാത്രമല്ല ഒഡീഷയിലും ദൽഹിയിലും ബാന്ഡ് ഷോകൾ നടത്തുന്നു. അശുദ്ധിയുടെ പേരിൽ മാറ്റിനിർത്തിയിരുന്ന സവർണ്ണവിവാഹങ്ങളിലും ഹോട്ടലുകളിലും ക്ഷണിക്കപ്പെട്ട അതിഥികളാകുന്നു. തങ്ങൾ സമ്പാദിക്കുന്ന പണം ഭർത്താക്കന്മാർക്ക് നൽകില്ല എന്ന് അവർ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ അവർ സ്വാതന്ത്ര്യത്തിന്റെ പുതിയവിഹായസ്സുകൾ തേടി പറക്കുകയാണ്- ഉറപ്പുള്ള ചിറകുകളുമായി. പൂജ അവസ്തി പകർത്തിയ സർഗ്ഗം ബാൻഡിന്റെ ചിത്രങ്ങളും വീഡിയോയും പ്രദർശനത്തെ സമ്പുഷ്ടമാക്കും എന്നതിൽ തർക്കമില്ല.

 

സാഷ റെയിൻബോ

സാഷ റെയിൻബോ

ന്യൂസിലാന്റ് ചലച്ചിത്ര സംവിധായികയായ സാഷ റെയിൻബോയുടെ 24 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് കമാലി. തമിഴ്നാട്ടിലെ മഹാബലിപുരം എന്ന ഗ്രാമത്തിലെ സുഗന്ധിയുടെയും മകൾ കമാലിയുടെയും കഥയാണ് ചിത്രം. തന്റെ 17 – ആം വയസ്സിൽ മദ്യപാനിയായ ഭർത്താവിൽ നിന്നും മക്കളുടെ ഭാവിയെക്കരുതി വിവാഹമോചനം നേടുകയാണ് സുഗന്ധി. യാഥാസ്തിതികമായ കുടുംബവും ഗ്രാമവും ഒരു പെൺകുട്ടിയെ സ്കേറ്റിങ് പഠിപ്പിക്കുന്നതിനെ എതിർക്കുമ്പോഴും മകളുടെ താല്പര്യത്തിന് ഒപ്പം നിൽക്കുകയാണ് ആ അമ്മ. സ്കേറ്റിങിലും സർഫിങിലും ഒരുപോലെ മികവുകാട്ടുന്ന കമാലി ഇന്ന് സർഫിങിൽ ലോകത്തിലെ വളർന്നുവരുന്ന മികച്ച മൂന്നു താരങ്ങളിൽ ഒരാളായി അടയാളപ്പെട്ടുകഴിഞ്ഞു. ഹിന്ദു പത്രം ഈ കാര്യം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി. കമാലിയുടെയും അമ്മയുടെയും ഈ അതിജീവനചിത്രം ബാഫ്തയ്ക്ക് നാമനിർദ്ദേശം ചെയ്യുകയുണ്ടായി. 2018 ലെ മുംബൈ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരവും അറ്റ്ലാന്റ ചലച്ചിത്രോത്സവത്തിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും ലഭിച്ചു.

 

അനുരാധ റാണ

അനുരാധ റാണ

ചിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്രചലച്ചിത്ര പ്രവർത്തകയാണ് അനുരാധ റാണ. അനുരാധയുടെ 25 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം റിങ് ലൈല ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ ബോക്സറായ ആലം ആരയുടെയും പരിശീലകയായ റസിയ ശബ്നത്തിന്റെയും കഥ പറയുന്നു. സ്വപ്നങ്ങൾ പിന്തുടരുന്ന സ്ത്രീകളെക്കുറിച്ച് പറയുന്ന ഈ ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്.

 

നദ്ജ വോൾബെൻ

നദ്ജ വോൾബെൻ

ജർമൻ ഫോട്ടോജേണലിസ്റ്റായ നദ്ജ കേരളത്തിലെ കളരിപ്പയറ്റ് ഗുരുവായ മീനാക്ഷി അമ്മയെക്കുറിച്ച് പഠനം നടത്തി. കേരളത്തിന്റെ തനത് ആയോധനമുറയാണ് കളരിപ്പയറ്റ്. അഞ്ചാം വയസ്സിൽ ന‍ൃത്തപഠനത്തിന് ഉപോദ്ബലകമായി കളരിപ്പയറ്റ് അഭ്യസിക്കുവാൻ തുടങ്ങിയ അമ്മക്ക്, പിന്നീട് തന്റെ ഗുരുവിനെ തന്നെ വിവാഹം കഴിച്ചതോടെ അക്ഷരാർത്ഥത്തിൽ അത് ജീവിതമാകുകയായിരുന്നു. ആയുധാഭ്യാസങ്ങൾ പുരുഷന്മാരുടെ മേഖലയായാണ് പൊതുവെ കണക്കാക്കുന്നത്. കളരിപ്പയറ്റ് പഠിച്ചു എന്നതിനെക്കാൾ നീണ്ട 56 കൊല്ലമായി അത് പഠിപ്പിക്കുന്നതാണ് അമ്മയെ വ്യത്യസ്തയാക്കുന്നത്. ആൺ പെൺ വ്യത്യാസമില്ലാതെ തികച്ചും സൗജന്യമായി നൂറുകണക്കിന് കുട്ടികളാണ് ഇന്ന് അമ്മയുടെ കീഴിൽ അഭ്യസിക്കുന്നത്. 2017 ഇൽ അവരെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. നദ്ജ എടുത്ത മീനാക്ഷിയമ്മയുടെ ചിത്രങ്ങൾ നേരിട്ട് ലഭ്യമാവാത്തതിനാൽ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്.

നദ്ജ വോൾബെൻ പകർത്തിയ ചിത്രം

 

പരോമിത ചാറ്റർജി

പരോമിത ചാറ്റർജി

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്യുമെന്ററി ഫോട്ടോഗ്രാഫറാണ് പരോമിത ചാറ്റർജി. സ്ത്രീ വിഷയങ്ങളിലും പാരിസ്ഥിതിക വിഷയങ്ങളിലും പ്രത്യകതാല്പര്യമുള്ള ഇവരുടെ ചിത്രങ്ങൾ ദി ഹിന്ദു, അൽജസീറ, ബിബിസി, തെഹൽക്ക ഉൾപ്പെടെയുള്ള ദേശീയ – അന്തർദേശീയ മാധ്യമങ്ങളിൽ ഇടംനേടിയിട്ടുണ്ട്. ബംഗാളിലെ യാഥാസ്തിതികമായ ഒരു ഇന്ത്യൻ ഗ്രാമത്തിൽ കാൽച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് പന്തുതട്ടുന്ന ഒരു കൂട്ടം പെൺകുട്ടികളുടെ കഥ പറയുകയാണ് ഡ്രിബ്ലിങ് പാസ്റ്റ് പാട്രിയാർക്കി. കാൽപ്പന്തുകളിയെ ഏറെ സ്നേഹിക്കുന്നവരാണ് ബംഗാൾ ജനത. എന്നാൽ പിതൃമേധാവിത്വവ്യവസ്ഥയുടെ ഇരുണ്ടഗുഹകളിൽ അടയ്ക്കപ്പെട്ട ബംഗാളിലെ പെൺകുട്ടികൾക്ക് പന്തുതട്ടാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. പെൺകുട്ടികൾ ശക്തരും സംഘടിതരുമാകുന്നതിനെ ഭയപ്പെട്ട സമൂഹം അവരുടെ വഴി ദുഷ്കരമാക്കി. ബംഗാളിലുടനീളമുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ കാൽപ്പന്തുകളി പഠിപ്പിക്കുന്ന ഒരു എൻ.ജി.ഒ അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി.

പരോമിത ചാറ്റർജി പകർത്തിയ ചിത്രം

വർദ്ധിതവീര്യത്തോടെ അവർ പോരാടി. അടിസ്ഥാനവിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടവർക്ക് കളിക്കളം പള്ളിക്കൂടമായി. പന്തുതട്ടുമ്പോൾ അവർ തട്ടിമാറ്റുന്നത് സാമൂഹിക കൽപ്പിതമായ അവരുടെ വിധി കൂടിയാണ്. ഓരോ ഗോളും ആണധികാരത്തിന്റെ അടിത്തറയിളക്കുകയാണ്.
ബംഗാളിലെ പെൺകളങ്ങൾ ഇന്ത്യയുടെ കായികചരിത്രം മാറ്റിയെഴുതും എന്നുറപ്പാണ്. ഡ്രിബ്ലിങ് പാസ്റ്റ് പാട്രിയാർക്കി കാണിക്കുന്നതിലൂടെ ആ ചരിത്രത്തിന്റെ ആദ്യകാലരേഖപ്പെടുത്തലുകളിൽ ഒന്നായി പ്രദർശനവും മാറുന്നു.

 

റിച്ച ഭവനം

റിച്ച ഭവനം

11 ഉം 16 ഉം നൂറ്റാണ്ടുകൾക്കിടയിൽ രൂപംകൊണ്ട യക്ഷഗാനം പുരുഷന്മാരുടെ മാത്രം കലയായിരുന്നു. രാമായണ മഹാഭാരത പുരാണകഥകളെ ഗാനങ്ങളുടെ സഹായത്തോടെ അവതരിപ്പിക്കുന്ന ഇതിൽ സ്ത്രീവേഷങ്ങൾ പോലും പുരുഷന്മാരാണ് ചെയ്തിരുന്നത്. 1989 ൽ പൂർണ്ണിമ റായിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം സ്ത്രീകൾ മഹിളായക്ഷഗാനവുമായി മുന്നോട്ടുവന്നു. സ്തീകളുടെ മാത്രമായ യക്ഷഗാനസംഘം ശക്തമായ പാരമ്പര്യനിഷേധമായിരുന്നു. യക്ഷഗാനത്തിന്റെ ഈറ്റില്ലമായ കർണ്ണാടകയുടെ കടൽത്തീരമേഖലകളിലേക്ക് സഞ്ചരിച്ച റിച്ചയ്ക്ക് പറയാനുള്ളത് നിറപ്പകിട്ടാർന്ന വേഷങ്ങളുടെ മാത്രമല്ല, നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ചായക്കൂട്ടുകൾ മാറ്റി പുതിയവ നിർമ്മിച്ചെടുത്ത പെൺകരുത്തിന്റെ ചരിത്രം കൂടിയാണ്. ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിച്ച ഇതിനോടകം ഫോട്ടാഗ്രാഫിയിൽ തന്റെ ഇടം കണ്ടെത്തിക്കഴിഞ്ഞു.

റിച്ച ഭവനം പകർത്തിയ ചിത്രം

 

സാഹിബ ചൗധരി

സാഹിബ ചൗധരി

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റായ സാഹിബ ചൗധരിയുടെ പ്രവർത്തനങ്ങൾ അധികവും ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും നിലനിൽക്കുന്ന ലിംഗവിവേചനത്തെയും ഭൂമിയുടെ അവകാശത്തെയും സംബന്ധിക്കുന്നതാണ്. ഡൽഹിയിലെ ആദ്യത്തെ വനിതാ ഓട്ടോ ഡ്രൈവറാണ് സുനിതാ ചൗധരി. ‍2004 മുതൽ ഡൽഹിയുടെ നഗരപാതയിലൂടെ ഓടിത്തുടങ്ങിയ സുനിതക്ക് പറയാനുള്ളത് ബാലവിവാഹത്തിന്റെയും, ഭർത്തൃവീട്ടിലെ പീഡനങ്ങളുടെയും അതിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന്റെയും കഥകളാണ്. ഉപജീവനത്തിനു വേണ്ടി പുരുഷന്റെ തൊഴിൽമേഖലയായി മുദ്രകുത്തപ്പെട്ട ഓട്ടോറിക്ഷയാണ് അവർ തിരഞ്ഞെടുത്തത്. ഇതിൽ അമർഷംപൂണ്ട മറ്റ് ഓട്ടോ തൊഴിലാളികൾ ലൈംഗികമായി വരെ അവരെ പീഡിപ്പിക്കുന്ന സാഹചര്യമുണ്ടായി. അധികാരികളാവട്ടെ, അംഗീകൃത ലൈസൻസ് പോലും നൽകാൻ വിസമ്മതിച്ചു. പോരാട്ടം മാത്രമായിരുന്നു അവർക്ക് മുന്നിലുണ്ടായിരുന്നത്. തന്റെ തൊഴിൽമേഖലയിൽ ഇന്നും പോരാടുന്ന സുനിതയുടെ ചിത്രങ്ങളുമായി സാഹിബ എത്തുമ്പോൾ അത് രണ്ട് പോരാട്ടങ്ങളുടെ സംഗമമാകുന്നു.

സാഹിബ ചൗധരി പകർത്തിയ ചിത്രം

ഇത്തരത്തിൽ ഇന്ത്യൻ മണ്ണിൽ ആഴത്തിൽ വേരുറപ്പിച്ച പിതൃമേധാവിത്വവ്യവസ്ഥയെ, ഏറ്റവും കുറഞ്ഞത് തങ്ങളുടെ ഇടത്തിൽ നിന്നെങ്കിലും പിഴുതുമാറ്റാൻ ധൈര്യം കാണിച്ച ഒരുപറ്റം സ്ത്രീകളുടെ അതിജീവനത്തിന്റെ കഥകളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ കഥകൾ സ്ത്രീകൾ പകർത്തുമ്പോൾ അത് പകർത്തപ്പെടുന്നവരോടൊപ്പം പകർത്തുന്നവരുടെയും പോരാട്ടമായി മാറുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകൾ തങ്ങളുടെ ഇടത്തിനുവേണ്ടി നടത്തുന്ന വലിയ പോരാട്ടത്തിന്റെ ചെറിയഭാഗമാണ് ഈ പ്രദർശനം. ഫെമിനിസം എന്താണെന്നുപോലും അറിയാത്ത, ആ വാക്കിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത, ശക്തിയുക്തം അതിനെ എതിർക്കുകപോലും ചെയ്യുന്നവർ അവരറിയാതെ ആ മുന്നേറ്റത്തിന്റെ ഭാഗമാവുന്നതാണ് ഇന്നത്തെ കാലത്തിന്റെ വൈരുദ്ധ്യത്തിലെ സൗന്ദര്യം. ജൻഡർ ഒരു സാമൂഹിക നിർമ്മിതിയാണ്. ലിംഗനീതിക്കുവേണ്ടിയുള്ള പോരാട്ടം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമോ ഉത്തരവാദിത്വമോ അല്ല. മനുഷ്യരായി പിറന്ന എല്ലാവർക്കും അതിൽ പങ്കുണ്ട്. കലയും കലാകാരനും അതിർവരമ്പുകൾ ഭേദിക്കുമ്പോൾ, പ്രദർശനത്തിന്റെ പുതിയ തുറസ്സുകൾ തേടുമ്പോൾ, അത് മനുഷ്യനെ കൂടുതൽ മനുഷ്യനാക്കാനുള്ള പുരോഗമനപരമായ പ്രക്രിയയായി മാറുന്നു. ആ മനുഷ്യത്വത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുവാൻ നമുക്ക് സാധിക്കണം.

‘ട്രൂത്ത് ഓർ ഡെയർ’ എന്ന  പ്രദർശനത്തിൽ നിന്നുള്ള കൂടുതൽ കലാസൃഷ്ടികൾ കാണാം, ഇവിടെ.


Subscribe to our channels on YouTube & WhatsApp

About Author

ദി ഐഡം ബ്യൂറോ

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
രചന പിഷാരടി
രചന പിഷാരടി
1 year ago

വ്യത്യസ്തമായ ഒരു എക്സിബിഷനെക്കുറിച്ച് വ്യത്യസ്തമായ ഒരു ലേഖനം. ഇതുപോലെയുള്ള ഓഫ് ബീറ്റ് കാര്യങ്ങൾ കാണാനും വായിക്കാനും ഇപ്പോൾ ഈ ഈ സൈറ്റ് സഹായിക്കുന്നു
നന്ദി