A Unique Multilingual Media Platform

The AIDEM

Art & Music Articles Memoir

വിവാൻ സുന്ദരം: കലയ്ക്കായി ജീവിതം സമർപ്പിച്ച ഒരാൾ

  • March 30, 2023
  • 1 min read
വിവാൻ സുന്ദരം: കലയ്ക്കായി ജീവിതം സമർപ്പിച്ച ഒരാൾ

സങ്കീർണ്ണവും പരീക്ഷണാത്മകവുമായ ആധുനിക കലാസമ്പ്രദായങ്ങളിൽ എക്കാലവും സഹജമായ ആർജ്ജവത്തോടെ ആഴത്തിൽ ഇടപെട്ടിരുന്ന കലാകാരനായിരുന്നു വിവാൻ സുന്ദരം. അതോടൊപ്പം യാഥാസ്ഥിതികവും അത്യുക്തി ജടിലവും ആയ കലയിൽ നിന്ന് അദ്ദേഹം പുറംതിരിഞ്ഞു നില്ക്കുകയും ചെയ്തു. തന്റെ തന്നെ സർഗ്ഗാത്മക സൃഷ്ടികളിലൂടെ മാത്രമല്ല കാഴ്ചയുടെയും കാലാവസ്തുവിന്റെയും വിമർശാത്മകമായ ദൃശ്യ സംവേദനത്തിനു പ്രാമുഖ്യം കൊടുക്കുന്ന കലാകാരന്മാരെയും സൃഷ്ടികളെയും കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളിലൂടെയും വിവാൻ ഇന്ത്യൻ കലയ്ക്ക് ചിന്താപരമായ ഉൾക്കനം നൽകുന്നതിന് എല്ലാകാലവും പരിശ്രമിച്ചിരുന്നു. 1980കൾ മുതൽ നാലു ദശാബ്ദക്കാലത്തെ അദ്ദേഹത്തിന്റെ കലാജീവിതം തന്നെ നവീന സങ്കല്പങ്ങളുടെ ദാർശനികവും ദൃശ്യപരവുമായ ക്രമീകരണങ്ങളുടേതാണ്.

 ‘ആർട്ടിസ്റ്റ്സ് ഫോർ പ്ലേസ് ആൻഡ് പീപ്പിൾ’ ചിത്രപ്രദർശനത്തിലെ ചിത്രകാരന്മാർ

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയുടെ സാമ്പത്തികവും സാംസ്കാരികവുമായ ആധുനികവല്ക്കരണത്തിനുള്ള ശ്രമങ്ങൾ ചിത്രകലാരംഗത്ത് പ്രതിഫലിച്ചത് പ്രശ്നഭരിതമായിട്ടായിരുന്നു. ശീതസംഗരത്തിന്റെ (Cold War) വർഷങ്ങളിൽ അമേരിക്കൻ പ്രചാരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയിൽ അമൂർത്ത കലയുടെ യാന്ത്രികമായ പരിഭാഷകളും പൗരസ്ത്യ വാദത്തിന്റെ സ്വാധീനത്തിൽ പാരമ്പര്യ വാദത്തിന്റെ മന്ത്ര-തന്ത്ര അംശങ്ങളും കലയെ പൂർണ്ണമായും രൂപപരമാക്കിത്തീർത്തു. മനുഷ്യൻ, അവന്റെ സമകാലിക പ്രശ്നങ്ങൾ, വൈകാരികത, സമൂഹികത തുടങ്ങിയവ കലയിൽ കടന്നുവരുന്നത് ഉന്നതമായ കലാസങ്കല്പങ്ങൾക്ക് യോജ്യമല്ല എന്ന ധാരണയ്ക്കാണ് ഇന്ത്യൻ കലാരംഗം കീഴ്പ്പെട്ടിരുന്നത്. അങ്ങനെ രൂപപരവും പൗരസ്ത്യവാദപരവുമായ കലാശൈലികളെ നിരാകരിക്കുന്നതും, മനുഷ്യരൂപങ്ങൾക്ക് പ്രാധാന്യമുള്ളതുമായ കലാരീതികളുമായി ബറോഡ നഗരത്തിൽ നിന്ന് രംഗപ്രവേശം ചെയ്ത ഒരുകൂട്ടം കലാകാരന്മാരുടെ (ജോഗേൻ ചൗധരി, ഭൂപേൻ ഖാക്കർ, നളിനി മലാനി, സുധീർ പട്വർദ്ധൻ, ഗുലാം മുഹമ്മദ് ഷേഖ്, വിവാൻ സുന്ദരം) “പൊതുജനങ്ങൾക്കുള്ള ഇടം” (Place for People”  എന്ന ശീർഷകത്തിൽ ബോംബെയിലും ദില്ലിയിലും നടന്ന പ്രദർശനത്തോടെയാണ് (1981) വിവാൻ സുന്ദരം കലാരംഗത്തു ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഈ ചിത്രകലാപ്രദർശനം അവതരിപ്പിച്ച ഗീത കപൂർ പിന്നീട് അദ്ദേഹത്തിന്റെ ജീവിതപങ്കാളി ആയിത്തീർന്നു.

വിവാൻ സുന്ദരവും പത്നി ഗീതാ കപൂറും (1969)

യൂറോപ്പിലും അമേരിക്കയിലും രൂപപ്പെട്ടു വന്ന കലാസമ്പ്രദായങ്ങളും കലാപരീക്ഷണങ്ങളും, ശൈലികളും ദത്തെടുത്ത് ആധുനികമാവാൻ ശ്രമിച്ച ബഹുഭൂരിപക്ഷം വരുന്ന കലാകാരന്മാരുടെ കലാധാരണകളെ ചോദ്യം ചെയ്യുക എന്നതായിരുന്നു “നറേറ്റീവ് സ്കൂൾ” (Narrative School) എന്ന് വിളിക്കപ്പെടുന്ന മേല്പറഞ്ഞ കലാകാരന്മാരുടെ ഒരു പ്രധാന ലക്ഷ്യം. കൂടാതെ കലയിൽ നിന്നും പൂർണ്ണമായി നിഷ്കാസനം ചെയ്യപ്പെട്ട സ്വന്തം നാടിന്റെയും സമൂഹത്തിന്റെയും ദൃശ്യ ഘടകങ്ങളെ കലാസൃഷ്ടികളിലൂടെ അപഗ്രഥിക്കുകയും തങ്ങൾക്ക് പരിചിതമായ നഗര പ്രകൃതിയും, മനുഷ്യരും, അവരുടെ ജീവിത രീതികളും ആവിഷ്കരിച്ചു കൊണ്ട് സമൂഹവും കലയും തമ്മിലുള്ള ജൈവബന്ധത്തെ ദൃഢീകരിക്കുകയുമായിരുന്നു.  “പൊതുജനങ്ങൾക്കുള്ള ഇടം” എന്ന കലാപ്രദർശനത്തിൽ വിവാൻ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളിൽ ദൃശ്യാവിഷ്കൃതമായത് സ്വന്തം വീട്ടകങ്ങളിൽ അച്ഛൻ, ബന്ധുക്കൾ, അവരുടെ വൈയക്തിക സംഘർഷങ്ങൾ കാണിക്കുന്ന ഇരിപ്പുകളും മുഖഭാവങ്ങളും എല്ലാമാണ്. ഇത്തരത്തിലുള്ള കലാരീതി തന്നെ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ കലാകാരൻ എന്ന നിലക്ക് തനിക്കുണ്ടായിരുന്ന ഇടതുപക്ഷതാല്പര്യം മൂലമാണെന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള കലാ/സംഘാടന പ്രവർത്തനങ്ങളിൽ നിന്ന് തെളിയുന്നുണ്ട്.

വിവാൻ സുന്ദരം തന്റെ പണിപ്പുരയിൽ

ജൈവമായ സർഗ്ഗ പ്രകൃതി വിവാൻ സുന്ദരത്തിന് ഉണ്ടായിരുന്നു എന്ന് അഞ്ചു ദശാബ്ദങ്ങളിലേറെക്കാലത്തെ അദ്ദേഹത്തിന്റെ കലാസൃഷ്ടികളിൽ കൂടി നമുക്കു തിരിച്ചറിയാനാവും. ദ്വിമാനപ്രകൃതിയുള്ള പേപ്പർ/ കാൻവാസ് രചനകളിൽ നിന്നും വിവിധ മാധ്യമങ്ങൾ ചേർത്ത് ക്രമീകരിച്ചെടുക്കുന്ന ഇൻസ്റ്റലേഷനുകളിലേക്കും മറ്റും സ്വയം പരിവർത്തിക്കുക വിവാന് അനായാസകരമായിരുന്നു. നവ്യവും തന്റെ ദർശനത്തിന് യോജിക്കുന്നത് എന്നു തോന്നുന്ന ഏതംശവും ഉൾക്കൊള്ളുന്ന യുവതയുള്ള തുറന്ന മനസ്സ് വിവാന്റെ പ്രത്യേകതയാണ്. ഏകശിലാത്മകമായ ശില്പ സങ്കല്പങ്ങളിൽ നിന്നും വൈവിധ്യമുള്ളതും വിഘടിതവുമായ രൂപ സഞ്ചയമായി ശില്പ സങ്കല്പം സംക്രമിക്കുന്നത് വിവാൻ കൃത്യമായി മനസ്റ്റിലാക്കിയതു മൂലമാണ് സ്വയം അത്തരം രചനങ്ങളിലേക്ക് കടക്കുന്നതിന് മുമ്പേതന്നെ ഇന്ത്യൻ ശില്പസങ്കല്പത്തെ തന്നെ മാറ്റിമറിച്ച അതീവ പ്രാധാന്യമുള്ള “ഏഴു യുവ ശില്പികൾ” (Seven Young Sculptors) എന്ന പേരിൽ എൻ. എൻ. റിംസൺ, അലക്സ് മാത്യു, അശോകൻ പൊതുവാൾ, പുഷ്പമാല, പ്രീത്പാൽ സിംഗ് ലാഡി, ഖുഷ്ബാഷ് ഷെരാവത് എന്നീ ശില്പികളുടെ കലാപ്രദർശനം വിവാൻ മുൻകൈ ഏറ്റെടുത്ത് ദില്ലിയിൽ നടത്തിയത് (1985).

സ്വന്തം രചനകൾക്ക് വിവാൻ ആധാരമാക്കിയിരുന്നത് സാഹിത്യത്തിലും, സിനിമയിലും, രാഷ്ട്രീയത്തിലും കലയിലും നിത്യമെന്നോണം അഭിമുഖീകരിച്ചു കൊണ്ടിരുന്ന സങ്കീർണ്ണ പ്രശ്നങ്ങൾ ആണ്. എണ്ണയ്ക്ക് വേണ്ടിയുള്ള യുദ്ധങ്ങൾ, നെരൂദയെ ആധാരമാക്കിയുള്ള ചിത്രങ്ങൾ, കൃഷ്ണകുമാർ എന്ന ശില്പിയുടെ ആത്മഹത്യ തന്നിൽ ഉണർത്തിയ വൈകാരിക അനുഭവം, തന്റെ യാത്രകളിൽ കണ്ടെത്തിയ ബിംബാവലികൾ, രാഷ്ട്രീയ സംഭവവികാസങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ ദൃശ്യ ഘടകങ്ങളാണ്. അവയെ നൂതനമായ ആവിഷ്കാര രീതികളിലൂടെ, പലതരത്തിലുള്ള മാധ്യമങ്ങളുടെ പരീക്ഷണാത്മകമായ ഉൾപ്പെടുത്തലിലൂടെ അദ്ദേഹം നമ്മൾക്കു മുമ്പിൽ എത്തിച്ചിരുന്നു. ഒരു കലാകാരൻ സമ്പൂർണ്ണമായും കലാസൃഷ്ടിക്ക് വേണ്ടി ജീവിക്കുക എന്നതാണ് വേണ്ടതെങ്കിൽ വിവാൻ സുന്ദരം അത്തരത്തിൽ കലാസൃഷ്ടികൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരു വ്യക്തിയായിരുന്നു. സ്വന്തം പ്രദർശനങ്ങളിൽ ഉണ്ടായിരുന്ന ചിത്രങ്ങളെക്കുറിച്ചും, ഇൻസ്റ്റലേഷനുകളെ കുറിച്ചും കാഴ്ചക്കാരിൽ നിന്ന് ചോദിച്ചറിയുക വിവാന്റെ സ്വഭാവമായിരുന്നു. ആശയാധിഷ്ഠിതമായ കലാരചനയായിരുന്നു വിവാന്റെ ശക്തി.

വിവാൻ സുന്ദരം, ഇൻസ്റ്റലേഷൻ “ബ്ലാക്ക് ഗോൾഡ്”

കലാകാരൻ എന്നത് ഒരു അപൂർവ്വ വൈയക്തിക പ്രതിഭാസമല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന, ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന, രാഷ്ട്രീയമായ ബോധ്യങ്ങളും ഉത്തരവാദിത്വവും ഉള്ള ഒരു സാമൂഹിക വ്യക്തിയാണെന്ന് വിവാന് അറിയാമായിരുന്നു. അതിനാലാണ് അദ്ദേഹം കലാകാരന്മാരുടെ നിരവധി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതും, സഹ്മത് എന്ന സാംസ്കാരിക സംഘടനയുടെ സംഘാടകനായതും, നിരവധി കലാപ്രദർശനങ്ങൾക്ക് രൂപം നൽകിയതും. ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തിൽ അത്യധികം സ്ഥാനമുള്ള “ജേണൽ ഓഫ് ആർട്സ് ആൻഡ് ഐഡിയാസ് ” എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ കൂടിയായിരുന്നു വിവാൻ സുന്ദരം എന്നോർക്കുമ്പോൾ അദ്ദേഹത്തിന്റെ സർഗ്ഗാത്മകവും ധൈഷണികവും സംഘാടനപരവുമായ പ്രവർത്തനങ്ങളുടെ വ്യാപ്തി നാം തിരിച്ചറിയുകയാണ്. 


Subscribe to our channels on YouTube & WhatsApp

About Author

എം. രാമചന്ദ്രൻ

പ്രശസ്ത കലാനിരൂപകൻ, ബറോഡയിലെ എംഎസ് സർവകലാശാലയിലെ ഫൈൻ ആർട്‌സ് ഫാക്കൽറ്റിയിൽ നിന്ന് ആർട്ട് ക്രിട്ടിസിസത്തിൽ എംഎഫ്എയും കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്ന വിവിധ ജേണലുകളിലും പത്രങ്ങളിലും കലയെയും അനുബന്ധ വിഷയങ്ങളെയും കുറിച്ചുള്ള ലേഖനങ്ങൾ അദ്ദേഹം സംഭാവന ചെയ്യുന്നു. റിച്വലിസ്റ്റിക് വിഷ്വൽ കൾച്ചേഴ്സ്: ശ്രീലങ്ക ആൻഡ് കേരള എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. കൊളംബോയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ ഡയറക്ടറായിരുന്നു.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
എം രാമചന്ദ്രൻ.
എം രാമചന്ദ്രൻ.
1 year ago

ഏഴു യുവ ശില്പികളുടെ പേരുകൾ എഴുതിയപ്പോൾ കെ. പി. കൃഷ്ണകുമാറിന്റെ പേരു വിട്ടു പോയി. സദയം ക്ഷമിക്കുക.

എം. രാമചന്ദ്രൻ