ഗസൽ എന്ന കവിതയിൽ ഭിത്തിയിൽ തൂക്കിയ കലണ്ടറിൽ തെളിയുന്ന ഒരു ദുഷ്കര പദപ്രശ്നമായി ജീവിതത്തെ അവതരിപ്പിച്ചിട്ടുണ്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. “പലിശ, പറ്റുപടി, വൈദ്യനും, വാടകയും പകുത്തെടുത്ത പല കള്ളികള്‍. ഋണ ധന ഗണിതത്തിൻ്റെ രസഹീനമാം ദുര്‍ന്നാടകം. ഗണിതമല്ലോ താളം”, എന്നാണ് കവി പറയുന്നത്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ധനകാര്യങ്ങളുടെ ഈ ഗണിതതാളം ജീവിതത്തിൻ്റെ താളം തന്നെയായി മാറുന്നുവെന്നത് ഓരോ വ്യക്തിയുടെയും വർത്തമാനകാല അനുഭവമാണ്. ഈ പദപ്രശ്നത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമായി സാമ്പത്തിക ശാസ്ത്രത്തെ കാണാവുന്നതാണ്. ആധുനിക ധനശാസ്ത്രത്തിൻ്റെ തലതൊട്ടപ്പന്മാരിൽ ഒരാളായിരുന്ന ആൽഫ്രഡ് മാർഷൽ അതിന് കൊടുത്ത വിശേഷണം പതിവ് ജീവിത വ്യവഹാരങ്ങളിൽ ഏർപ്പെടുന്ന മനുഷ്യരെക്കുറിച്ചുള്ള പഠനം എന്നായിരുന്നു (“the study of mankind in the ordinary business of life.”).
ഈ നിർവചനത്തോട് വിയോജിപ്പില്ലെങ്കിലും മനുഷ്യൻ്റെ നിത്യജീവിത വ്യവഹാരങ്ങളെയത്രയും സ്ഥിതിവിവരക്കണക്കുകളിലും ഗണിത സമവാക്യങ്ങളിലും തളച്ചിടാൻ സാമ്പത്തിക ശാസ്ത്രം കാണിക്കുന്ന അമിതാവേശത്തിൽ ആശങ്ക തോന്നിയിട്ടുണ്ട്. ജിഡിപി, വില സൂചിക തുടങ്ങിയ സൂചകങ്ങൾ നോക്കുക. സ്ഥൂല സാമ്പത്തിക യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാൻ അവയ്ക്ക് കഴിയുന്നുണ്ടെന്ന കാര്യം നിസ്തർക്കമാണ്. പക്ഷെ, വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവുമൊക്കെ മനുഷ്യരുടെ നിത്യജീവിതത്തെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന് പറഞ്ഞുതരാൻ ഈ സൂചികകൾക്ക് ആകുന്നുണ്ടോ? സംശയമാണ്.
അതുപോലെ തന്നെയാണ് സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ചു കൊണ്ടുള്ള അവകാശവാദങ്ങളുടെ കാര്യവും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) കീഴിലുള്ള തൊഴിലിനായുള്ള അപേക്ഷകൾ കോവിഡ് ലോക്ക്ഡൗണിൻ്റെ കാലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട് എന്നാണ് കേന്ദ്ര സർക്കാരിൻ്റെ കഴിഞ്ഞ സാമ്പത്തിക സർവേ പറയുന്നത്. ഇത് തൊഴിൽ വിപണിയിലെ ഉണർവിനെ സൂചിപ്പിക്കുന്നു എന്ന് അവർ അവകാശപ്പെടുന്നു. ഈ കണക്ക് ഗ്രാമങ്ങളിലെ തൊഴിലന്വേഷകരുടെ അതിജീവന സമരങ്ങളുടെ തീക്ഷ്ണ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്ന് പറയാനൊക്കുമോ? ലോക്ക്ഡൗണിൻ്റെ തുടക്കത്തിൽ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും പിന്നീടെപ്പോഴോ തിരിച്ചും നടന്ന, നടന്നു കൊണ്ടിരിക്കുന്ന, പലായനങ്ങൾക്ക് ഒരു ആഭ്യന്തര അഭയാർത്ഥി പ്രവാഹത്തിൻ്റെ സ്വഭാവമായിരുന്നു എന്ന വസ്തുതയെ ഏത് സ്ഥിതിവിവരക്കണക്കുകൾക്കാണ് പ്രതിനിധാനം ചെയ്യാനാകുക?
സമ്പദ്‌വ്യവസ്ഥയുടെ സ്ഥൂല സൂചകങ്ങൾക്ക് ജീവിത യാഥാർഥ്യങ്ങളെ പ്രതിനിധീകരിക്കാൻ ആയെന്ന് വരില്ല. ചിലപ്പോൾ അതിനപ്പുറം പോയി ഈ യാഥാർഥ്യങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങളിൽ കാണാറുണ്ട്. പക്ഷെ മിക്കപ്പോഴും അവയും യാഥാർഥ്യത്തിൻ്റെ ഓരോ വശത്തെ മാത്രം പ്രതിഫലിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ ആഖ്യാനങ്ങളായി മാറുന്നതാണ് കാണുന്നത്. അതിൻ്റെ കൂടെ ഇവയെ സാമാന്യവൽക്കരിക്കാനും പുതിയ സൂചകങ്ങൾ കണ്ടെത്താനും ഉള്ള തിടുക്കം കൂടിയാകുമ്പോൾ ഈ ആഖ്യാനങ്ങൾക്ക് അസംബന്ധ സ്വഭാവം കൈവരുകയും ചെയ്യുന്നു. പരസ്പരം നിഷേധിക്കുന്ന വസ്തുതാ കഥനങ്ങളായി മാറുന്നു അവ. കുരുടന്മാർ ആനയെ കണ്ട കഥയിൽ ആന ഒടുവിൽ തൂണായും മുറമായും ചൂലായും മാറിയതു പോലെ.
ഇത്തരം രണ്ടു വിശകലനങ്ങൾ അമേരിക്കയിൽ നിന്നുള്ള പണപ്പെരുപ്പ വാർത്തകൾക്കിടയിൽ ഈയിടെ കണ്ടു. രൂക്ഷമായ വിലക്കയറ്റത്തിൽ വലയുന്ന ആ നാട്ടിൽ വില കുറഞ്ഞ ബിയറുകൾക്കും സിഗരറ്റുകൾക്കും ആവശ്യക്കാർ കൂടുന്നുവെന്ന വാൾ സ്ട്രീറ്റ് ജേർണലിൽ വന്ന വാർത്തയാണ് അതിലൊന്ന്. ജൂണിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പണപ്പെരുപ്പം കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. മനുഷ്യർ വറുതിയുടെ കാലത്ത് അനാവശ്യ ശീലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും അതിന് പറ്റാതെ വരുമ്പോൾ ചിലവ് കുറഞ്ഞ ബദലുകൾ തേടുകയും ചെയ്യുന്നത് സാധാരണമാണല്ലോ. പക്ഷെ, രണ്ടാമത്തെ വാർത്ത അതിന് കടകവിരുദ്ധമായിരുന്നു. വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണെങ്കിലും അമേരിക്കക്കാർക്ക് തങ്ങളുടെ പ്രിയഭക്ഷണമായ സ്റ്റേക്കിനോടുള്ള (steak) താല്പര്യം കൂടിവരുന്നു എന്നതായിരുന്നു അത്. താരതമ്യേന വില കൂടിയ ഒരു മാംസഭോജ്യമാണ് സ്‌റ്റേക്ക്.
സാമ്പത്തിക മുരടിപ്പ് ആൾക്കാരെ താരതമ്യേന ചിലവ് കുറഞ്ഞ ആഡംബരസാധനങ്ങളും സേവനങ്ങളും തേടി പോകാൻ പ്രേരിപ്പിക്കുമെന്ന ഒരു സിദ്ധാന്തമുണ്ട്. ‘ലിപ്സ്റ്റിക്ക് എഫക്റ്റ്’ എന്നാണ് അതിൻ്റെ പേര് . 2001-ൽ, 9/11 ആക്രമണം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച കാലത്തും അവിടെ ലിപ്സ്റ്റിക് വില്പനയിൽ വൻവർധനവുണ്ടായി. ലോകത്തെ വലിയ കോസ്മറ്റിക് കമ്പനികളിലൊന്നായ Estée Lauder-ൻ്റെ ചെയർമാനായ ലിയോണാർഡ് ലോഡർ ഇതിൽ നിന്ന് എത്തിയ നിഗമനം ലിപ്സ്റ്റിക്കിൻ്റെ വില്പന കൂടുന്നതും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും വിപരീതാനുപാതത്തിലാണ് എന്നാണ്.
അങ്ങിനെയാണ് ‘ലിപ്സ്റ്റിക്ക് എഫക്റ്റ്’ എന്ന പേരുണ്ടാകുന്നത്. (ജനങ്ങൾ മാന്ദ്യകാലത്ത് അടിവസ്ത്രങ്ങൾക്ക് പണം മുടക്കാൻ തയ്യാറാകില്ല എന്ന നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ഫെഡറൽ റിസർവ് ചെയർമാൻ ആയിരുന്ന അലൻ ഗ്രീൻസ്പാൻ രൂപം കൊടുത്ത ഒരു സൂചകം കൂടിയുണ്ട് – Men’s underwear index. സാന്ദർഭികവശാൽ സൂചിപ്പിച്ചുവെന്ന് മാത്രം.)
കോവിഡ് കാലത്തും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ലിപ്സ്റ്റിക്കുകൾക്ക് വില്പന കൂടി എന്ന റിപ്പോർട്ടുകൾ കണ്ടിരുന്നു. വില കുറഞ്ഞ ബിയറുകൾക്കും സിഗരറ്റുകളും ആവശ്യക്കാർ കൂടുന്നതും സമാനമാണെന്ന് പറയാവുന്നതാണ്. പക്ഷെ രൂക്ഷമായ വിലക്കയറ്റത്തിലും സ്റ്റേക്ക് ഹൗസുകളിൽ ഉണ്ടാകുന്ന തിരക്കിൽ നമ്മൾ കാണുന്നത്, ‘ലിപ്സ്റ്റിക്ക് എഫക്റ്റ്’ അപ്രസക്തമാകുന്നതാണ്. തങ്ങളുടെ നേരനുഭവങ്ങളെ സാമാന്യവൽക്കരിക്കാൻ കാര്യവിവരമുള്ളവരെന്ന് നമ്മൾ കരുതുന്നവർ പോലും തിടുക്കം കാട്ടുന്നതായി കാണാം. എന്നാൽ അത്ര ലളിതമല്ല മനുഷ്യരുടെ പെരുമാറ്റരീതികളെന്ന് ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു ഇക്കാര്യം.
അടച്ചിരുപ്പ് കാലമുണ്ടാക്കിയ വിരസതയകറ്റാനാണ് ചിലവ് കൂടുതലായാലും സ്റ്റേക്ക് ഹൗസുകൾ പോലുള്ള നല്ല അന്തരീക്ഷവും ഭക്ഷണവും ലഭിക്കുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ആൾക്കാർ തയാറാകുന്നത് എന്നതാണ് ഒരു വിശദീകരണം. ഇത് ശരിയായിരിക്കാൻ ഇടയുണ്ട്. മനുഷ്യർ പണം ചിലവഴിക്കുന്നതിന് നേർ യുക്തികൾ ഇല്ല. അമേരിക്കയിൽ മിക്ക മാന്ദ്യകാലങ്ങളിലും സിനിമ കാണാൻ പണം മുടക്കുന്നവരുടെ എണ്ണം ഒട്ടും കുറഞ്ഞിരുന്നില്ലത്രെ. 1930 ലെ വൻസാമ്പത്തിക തകർച്ചയുടെ സമയത്തടക്കം. ആ വർഷം ഓരോ ആഴ്ച്ചയിലും തീയേറ്ററുകളിൽ സിനിമ കാണാൻ എത്തിയിരുന്നവരുടെ ശതമാന കണക്ക് സമൃദ്ധിയുടെ കാലങ്ങളേക്കാൾ കൂടുതലായിരുന്നു. ഇത് അമേരിക്കയിലെ മാത്രം കാര്യമല്ല. 2019 ൽ ഇന്ത്യ സാമ്പത്തിക മുരടിപ്പ് നേരിടുകയായിരുന്നിട്ടും അത് സിനിമാ വ്യവസായത്തിൽ പ്രതിഫലിച്ചില്ല. പി. വി. ആർ പിക്‌ചേഴ്‌സിൻ്റെ സി. ഇ. ഒ ആയിരുന്ന കമൽ ഗ്യാൻചന്ദാനി അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു: “I think the slowdown is helping the cinema business. There is negativity around and people want to escape it”. മാന്ദ്യകാലത്തെ ഈ സിനിമാ കമ്പം തങ്ങളുടെ നിലപാടുകളുടെ സാധൂകരണമായി ഉപയോഗപ്പെടുത്താൻ ഒരു മന്ത്രി തുനിയുകയും ചെയ്തു. തീയേറ്ററുകളിൽ സിനിമ കാണാനെത്തുന്നവരുടെ തിക്കും തിരക്കും കുറയുന്നില്ലെന്നത് രാജ്യത്ത് സാമ്പത്തികമാന്ദ്യം ഇല്ലെന്നതിൻ്റെ തെളിവാണെന്നാണ് ആ സമയത്ത് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പ്രസ്താവിച്ചത്.
സ്ഥിതിവിവരക്കണക്കുകൾ നേരിട്ട് പറയുന്ന കാര്യങ്ങൾക്കപ്പുറം കടന്ന്, വ്യത്യസ്ത സംഭവങ്ങൾ തമ്മിലുള്ള പരസ്പരബന്ധം (correlation) കണ്ടത്താൻ സ്റ്റാറ്റിസ്റ്റിക്സിനെ ഉപയോഗപ്പെടുത്തുന്ന രീതി പല കാര്യങ്ങളിലും ഫലപ്രദമാണ്. പക്ഷെ അതിനർത്ഥം അത് എല്ലായിടത്തും അന്ധമായി ഉപയോഗിക്കാവുന്ന ഒന്നാണെന്നല്ല. പഠന വിധേയമാക്കുന്ന സംഭവങ്ങളുടെ സന്ദർഭത്തെ (context) കുറിച്ചുള്ള കൃത്യമായ ധാരണ ഇത്തരം പരസ്പരബന്ധങ്ങൾ കണ്ടെത്തുന്നതിന് ഒഴിച്ച് കൂടാനാകാത്തതാണ്. അതെന്തായാലും, സ്റ്റാറ്റിസ്റ്റിക്സ് രീതികൾ ഉപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങളാണ് കൂടുതൽ വസ്തുനിഷ്ഠമാകുക എന്ന വിശ്വാസം ഏറെ ശക്തമാണ്. ഇതൊരു പരിധി വരെ വാസ്തവമാണ് താനും. പക്ഷെ, എണ്ണി തിട്ടപ്പെടുത്താനോ ഏതെങ്കിലും രീതിയിൽ അളക്കാനോ കഴിയുന്ന കാര്യങ്ങളാണ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ വിഷയമെന്നത് കൊണ്ട് മറ്റെല്ലാതരം അനുഭവങ്ങളെയും ജ്ഞാനസമ്പാദന മാർഗങ്ങളെയും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ നിന്ന് അകറ്റി നിർത്താൻ തുടങ്ങുന്നിടത്ത് പ്രശ്നങ്ങൾ തുടങ്ങുന്നു. ചാർട്ടുകളും പട്ടികകളും മാത്രമാണ് ഉപയോഗയോഗ്യമായ കാര്യങ്ങളെന്ന് വരുമ്പോൾ അവയിലൊതുങ്ങാത്ത കാര്യങ്ങൾ അവഗണിക്കപ്പെടുന്നു.
ഒരു തരം ഡാറ്റാ ഫെറ്റിഷിസത്തിൻ്റെ (data fetishism) പിടിയിൽ അമരുകയാണ് സാമ്പത്തികകാര്യ ചിന്തകളും പൊതു നയങ്ങളുടെ (public policy) രൂപീകരണവുമൊക്കെ. അളവുകളോടും (measurements), സ്ഥിതിവിവരക്കണക്കുകളോടും, പൊതുവെ ഡാറ്റയുടെ മാന്ത്രിക സിദ്ധികളോടും ഉള്ള അതിരു കടന്ന അഭിനിവേശമാണ് അതിൻ്റെ മുഖമുദ്ര. ഇതിന് ഒന്നിലധികം കാരണങ്ങളുണ്ടെന്ന് തോന്നുന്നു. എല്ലാം ലാഭത്തിനായി ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകളായി മാറുന്ന ഒരു സാമൂഹ്യ ക്രമത്തിൽ അളവുകൾക്കും കണക്കുകൾക്കും പരമ പ്രാധാന്യം കൈവരുന്നു എന്നതാണ് ഒരു കാരണം. മനുഷ്യരുണ്ടാക്കുന്ന ഉത്പന്നങ്ങൾ മാത്രമല്ല സൗഹൃദം, സ്വാന്തനം, പ്രണയം തുടങ്ങിയ അനുഭവങ്ങളും അനുഭൂതികളും പോലും കമ്പോളത്തിൽ വിനിമയം ചെയ്യപ്പെടുന്ന കാലത്താണല്ലോ നമ്മൾ ജീവിക്കുന്നത്. എല്ലാറ്റിനും വിലയിടപ്പെടുന്ന, ഒരു വിനിമയമൂല്യം ആരോപിക്കപ്പെടുന്ന കാലം.
വേറൊരു കാരണമുള്ളത് പ്രകൃതിയും സമൂഹവുമൊക്കെ മനുഷ്യന് പൂർണ നിയന്ത്രണം സാധ്യമായ വ്യവസ്ഥകളാണ് എന്ന വിശ്വാസമാണ്. യഥേഷ്ടം പ്രവർത്തിപ്പിക്കാനും അഴിച്ചു പണിയാനും പുതുക്കാനും കഴിയുന്ന യന്ത്രസമാനമായ വ്യവസ്ഥകളാണ് ഇവയൊക്കെ എന്ന കാർട്ടീഷ്യൻ (Cartesian) സമീപനം. ഇതിന് ഒരു ഉദാഹരണം പുതിയ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സോഫ്റ്റ്വേറുകളിൽ ഒഴിച്ച് കൂടാനാകാത്ത ഘടകമായി തീർന്നിട്ടുള്ള ഡാഷ്ബോർഡുകളാണ്. സർക്കാരും കോർപറേറ്റുകളുമൊക്കെ നയങ്ങൾ രൂപീകരിക്കാനും നിർണായകമായ തിരുമാനങ്ങൾ എടുക്കാനും ദൈനംദിന മാനേജ്മെന്റിനും ഒക്കെ ഉപയോഗിക്കുന്നവയാണ് ഈ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ.
വാഹനങ്ങളും വ്യോമയാനങ്ങളും പോലുള്ള യന്ത്രസംവിധാനങ്ങളിൽ കാണുന്ന ഡാഷ്ബോർഡുകളിൽ നിന്നാണ് സോഫ്റ്റ്വെയറുകളിലേക്ക് ഡാഷ്ബോർഡ് എന്ന രൂപകം കുടിയേറുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. വാഹനങ്ങളുടെ പ്രവർത്തനത്തെ നിർണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിവിധ ഘടകങ്ങളെ ഒരൊറ്റ\നോട്ടത്തിൽ മനസിലാക്കാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കാനായിരുന്നു അവയിൽ ഡാഷ്ബോർഡുകൾ ഉണ്ടാക്കുന്നത്. ഇന്ധനത്തിൻ്റെ അളവ്, താപനില എന്നിങ്ങനെ അളന്ന് തിട്ടം വരുത്തിയ നിരവധി സൂചകങ്ങളുടെ സംഘാതം; ക്രോഡീകരിക്കപ്പെട്ട ഡാറ്റ. ഇത് നിയന്ത്രണം എളുപ്പവും സുഗമവും ആക്കുന്നു. സമാനമായ സൂചകങ്ങൾ ഉപയോഗിച്ച് മനുഷ്യ വ്യവസ്ഥകളെ യന്ത്രങ്ങളെ പോലെ നിയന്ത്രിക്കാനൊക്കുമെന്ന വിശ്വാസം സോഫ്റ്റ്വെയറുകളിൾ ഡാഷ്ബോർഡ് ഉപയോഗിക്കുന്നതിനുള്ള പ്രേരണയായി വർത്തിക്കുന്നുണ്ട്.
സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള സമീപകാല ചർച്ചകളിൽ യന്ത്ര രൂപകങ്ങൾ പല രീതിയിൽ ആവർത്തിക്കുന്നത് കാണാം. അതിലൊന്ന് ഒന്നിന് പിറകേ ഒന്നായി ഉണ്ടാകുന്ന നിരവധി വൈഷമ്യങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകുന്ന ഒരു വ്യോമയാനമാണ് അതെന്ന ഭാവനയാണ്. സമ്പദ്‌വ്യവസ്ഥയുടെ അമിതമായ ചൂട് പിടിക്കൽ (over heating), ‘സോഫ്റ്റ് ലാൻഡിംഗ്’ (soft landing) തുടങ്ങിയ വിശേഷണങ്ങൾ ഓർക്കുക. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് സമ്പദ്‌വ്യവസ്ഥ ദ്രുതവളർച്ച കൈവരിക്കുകയാണെങ്കിൽ അതിനെ നിയന്ത്രണ വിധേയമാക്കാൻ മിതമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്ന പ്രക്രിയയെ ആണ് സോഫ്റ്റ് ലാൻഡിംഗ് സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ വിപണിയിലെ പണ ലഭ്യത കൂട്ടുന്നത്, സമ്പദ്‌വ്യവസ്ഥ അമിതമായി ചൂട് പിടിക്കാനും, രൂക്ഷമായ വിലക്കയറ്റവും മറ്റും അതിൻ്റെ സുഗമമായ മുന്നോട്ട് പോക്കിന് തടസ്സമാകാനും തുടങ്ങുമ്പോഴാണ് ഈ നീക്കം ആവശ്യമായി വരുന്നത്.
സമ്പദ്‌വ്യവസ്ഥയെന്ന വിമാനത്തിൻ്റെ കോക്ക്പിറ്റിലെ ഡാഷ്ബോർഡിൽ തെളിയുന്ന ഡാറ്റയാണ് ഇങ്ങനെയുള്ള ഓരോ തീരുമാനത്തെയും നയിക്കുന്നത്. പാളിച്ചകളുണ്ടെങ്കിൽ അത് ഡാറ്റയുടെ അഭാവം കാരണമാണ്. ആവശ്യമായ ഡാറ്റ ശേഖരിച്ച് അതിനെ മനനം ചെയ്തും മഥനം ചെയ്തും പുതിയ സൂചകങ്ങൾ ഉണ്ടാക്കാനൊത്താൽ ഈ പരിമിതികൾ അതിലംഘിക്കാനാകും എന്നാണ് വിശ്വാസം. ഡാറ്റ ഫെറ്റിഷിസത്തിലേക്കുള്ള വഴിയാണിത്.
ഇപ്പോഴത്തെ സാമ്പത്തിക കാലാവസ്ഥ അതിവേഗം മാറിമറിയുന്ന ഒന്നാണെന്നും അത്തരം സാഹചര്യങ്ങളോട് അതിനസൃതമായ രീതികൾ രൂപപ്പെടുത്തിയേ തീരൂ എന്നതിൽ തർക്കമില്ല. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക സർവേ, അവരുപയോഗിക്കുന്ന പ്രൊജക്റ്റ് മാനേജ്മെന്റ് ശൈലി ഇതെങ്ങിനെ സാധ്യമാക്കുന്നു എന്നതിനെ കുറിച്ച് വാചാലമാകുന്നത് കാണാം. മാറുന്ന സാഹചര്യങ്ങളോട് കൂടുതൽ ചടുലതയോടും വഴക്കത്തോടും (agile) ഡാറ്റയുടെ സഹായത്തോടെ പ്രതികരിക്കുന്ന ഒരു രീതിയാണത് (barbell strategy ) എന്നാണ് സർക്കാരിൻ്റെ അവകാശവാദം.
സ്ഥിതിവിവരക്കണക്കുകൾ, അളവുകൾ, തെളിവുകൾ…: ശാസ്ത്ര രീതിയുടെ ആണിക്കല്ലുകളാണ് ഇവയൊക്കെ. നേരത്തെ സൂചിപ്പിച്ചത് പോലെ ഡാറ്റയിലധിഷ്ഠിതമായ തീരുമാനങ്ങൾ കൂടുതൽ വസ്തുനിഷ്ഠമാകാനുള്ള സാധ്യത കൂടുതലാണെന്നതിൽ സംശയമൊന്നുമില്ല. പക്ഷെ, ഇതിനെ ഒറ്റമൂലിയായി കാണുന്നിടത്താണ് അപകടം. ഇന്ത്യയെ പോലൊരു രാജ്യത്ത് പ്രത്യേകിച്ചും. സർക്കാരോ മറ്റ് ഏജൻസികളോ സമാഹരിക്കുന്ന ഡാറ്റക്ക് വെളിയിലാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും ജീവിത വ്യവഹാരങ്ങൾ നടക്കുന്നത്. മാത്രമല്ല സമാഹരിക്കപ്പെടുന്ന ഡാറ്റയിൽ ഉൾച്ചേർന്നിട്ടുള്ള വലിയ തോതിലുള്ള പക്ഷപാതിത്വങ്ങളും മുൻവിധികളും പലപ്പോഴും അതിനെ ആശ്രയിക്കാൻ പറ്റാത്തതാക്കുന്നുണ്ട് താനും.
പൊതു നയങ്ങളുടെ (public policy) രൂപീകരണത്തിൽ ഡാറ്റയിൽ അധിഷ്ഠിതമായ തെളിവുകളുടെ അത്ര തന്നെ പ്രധാനമാണ് അവയ്ക്ക് ആധാരമായ വിഷയങ്ങളെ കുറിച്ച് മറ്റ് ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ധാരണകൾ (understanding) എന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ Jean Drèze ഒരു ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്: വ്യക്തിപരമായ അനുഭവങ്ങൾ, നിരീക്ഷണങ്ങൾ, യുക്തി ചിന്ത, പരമ്പരാഗതമായ അറിവുകൾ, സംവാദങ്ങൾ തുടങ്ങിയവയൊക്കെ അത്തരം ധാരണകൾ രൂപപ്പെടുത്തുന്നതിന് സഹായിക്കും. ചിലപ്പോൾ ഏതാനും ദിവസങ്ങളിലൊതുങ്ങുന്ന ഒരു റോഡ് യാത്ര, മാസങ്ങൾ നീണ്ടു നിൽക്കുന്ന അക്കാദമിക് പഠനത്തിൻ്റെ ഫലം ചെയ്‌തെന്ന് വരും. നോവലുകളും കഥകളും പോലും അതിന് ഉപകാരപ്പെട്ടേക്കും. ഉദാഹരണത്തിന് സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാക്കളായ അഭിജിത് ബാനർജി, എസ്തർ ഡഫ്‌ളോ, മൈക്കൽ ക്രെമർ തുടങ്ങിയവർ മുന്നോട്ട് വെക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള സമീപനത്തെക്കാളും (randomized controlled trial – RCT) അർത്ഥവത്തായ ഉൾക്കാഴ്ച്ചകൾ പാവപ്പെട്ടവരുടെ ജീവിതത്തെ കുറിച്ച് നൽകാൻ പ്രേംചന്ദിൻ്റെ കഥകൾക്ക് കഴിഞ്ഞെന്നു വരാം.
കണക്കുകളുടെ തെളിവുകൾക്ക് അപ്പുറത്തേക്കു പോകേണ്ടുന്ന പൊതുനയ രൂപീകരണ ശ്രമങ്ങളെ കുറിച്ചുള്ള ഈ ലേഖനം Jean Drèze ആരംഭിക്കുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടനിൽ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ആരംഭിക്കുന്നതിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ്. ആ രാജ്യത്ത് ഫലപ്രദവും നീതിയുക്തവുമായ ഒരു ആരോഗ്യ-പരിപാലന സംവിധാനം ഉണ്ടാക്കിയതിൽ നിർണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് എൻഎച്ച്എസ്. ഖനിത്തൊഴിലാളികളുടെ കുടുംബത്തിൽ ദരിദ്ര സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന് രാജ്യത്തെ ആരോഗ്യമന്ത്രിയായ തീർന്ന അനൂറിൻ ബേവൻ (Aneurin Bevan) ആയിരുന്നു എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ എന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. ഇതിനായി നിരവധി എതിർപ്പുകൾ നേരിടേണ്ടി വന്നു ബേവന്. ഇങ്ങനെയൊരു സ്ഥാപനം എന്തിനു വേണമെന്ന കണക്കുകളായിരുന്നില്ല അതിന് അദ്ദേഹത്തിന് കൂട്ടായുണ്ടായത്, അനുഭവങ്ങളും ഉറച്ച ബോധ്യങ്ങളുമായിരുന്നു.
മനുഷ്യർ ഓരോ കാലത്തും ഉപയോഗിക്കുന്ന മദ്യത്തിൻ്റെയും, സിനിമകളുടെയും, ലിപ്സ്റ്റിക്കുകളുടെയും, അടിവസ്ത്രങ്ങളുടെയും കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെ കുറിച്ച് ചില സൂചനകൾ നൽകിയേക്കാം. പക്ഷെ അവയുടെ വിശാല സന്ദർഭങ്ങളെയും അതിൻ്റെ സൂക്ഷ്മതലങ്ങളെ കുറിച്ചുള്ള ബോധ്യങ്ങളുടെ അഭാവത്തിൽ അതൊക്കെയും അസംബന്ധ സൂചകങ്ങൾ ആവുകയേ ഉള്ളൂ. അത് സംഭവിക്കാതിരിക്കാൻ വേണ്ടത് പുറത്ത് തെരുവുകളിൽ ജീവിതച്ചൂടിൽ കിതച്ചോടുന്ന ജീവിതങ്ങളുടെ ധനതത്വങ്ങളെ മനസിലാക്കാനുള്ള കഴിവും ക്ഷമയുമാണ്. ചുരുങ്ങിയ പക്ഷം നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്കെങ്കിലും ഇതിന് കഴിയേണ്ടതാണ്. അതിനാകുന്നില്ലെന്നതാണ്, അവരും ഡാറ്റ ഫെറ്റിഷിസ്റ്റുകളായി മാറുന്നു എന്നതാണ്, അവരുടെ രാഷ്ട്രീയത്തിൻ്റെയും, അതിനെ നയിക്കുന്ന സാമ്പത്തിക ചിന്തകളുടെയും, നമ്മുടെയും ദുരന്തം.
Beautiful article..you are opening multitude of windows to study n understand