A Unique Multilingual Media Platform

The AIDEM

Articles Society

സൗഹൃദത്തിന് വല്ല അർത്ഥവുമുണ്ടോ?

  • August 9, 2022
  • 1 min read
സൗഹൃദത്തിന് വല്ല അർത്ഥവുമുണ്ടോ?

ഒരു സൗഹൃദ ദിനം കൂടി കടന്നുപോയി. ഇന്ത്യയിൽ സൗഹൃദ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 7 നും, മറ്റു പല രാജ്യങ്ങളിൽ മറ്റു പല ദിവസങ്ങളിലുമാണ്. നിലനിൽക്കുന്ന സൗഹൃദങ്ങൾ ഇന്ന് ലോകത്തുണ്ടോ എന്നാലോചിക്കാൻ ഇതെന്നെ പ്രേരിപ്പിച്ചു. സൗഹൃദങ്ങൾ വളരെ പ്രധാനമാണ് എന്നോർമ്മിപ്പിക്കുന്ന ഒരു ദിവസത്തിന് എന്ത് പ്രസക്തിയാണ് ഇന്നുള്ളത് എന്നും ഞാൻ ആലോചിച്ചു.

എൻ്റെ ചെറുപ്പത്തിൽ കുറേക്കൂടി നിഷ്കളങ്കമായിരുന്നു ലോകം. നിങ്ങൾക്ക് ഒരു സുഹൃത്തുണ്ട് എന്നിരിക്കട്ടെ. പൊറുക്കാനാവാത്ത എന്തെങ്കിലും  (നിങ്ങളുടെ ഒരു രഹസ്യം പുറത്തു പറയുക, നിങ്ങളുടെ ഭാര്യയുമായോ, ഭർത്താവുമായോ ഒളിച്ചോടുക, വലിയൊരു തുക കടം വാങ്ങി തിരിച്ചു തരാതിരിക്കുക, നിങ്ങളുടെ ജോലി തട്ടിയെടുക്കാൻ നിങ്ങളറിയാതെ ഗൂഢാലോചന നടത്തുക) സംഭവിച്ചില്ലെങ്കിൽ ആ സൗഹൃദം ജീവിതകാലം മുഴുവൻ തുടരും. നിങ്ങൾ തമ്മിൽ ഒരു പക്ഷെ കൂടിക്കാഴ്ചകൾ കുറഞ്ഞെന്നു വരാം. പക്ഷെ വളരെക്കാലത്തിനു ശേഷം വീണ്ടും കാണുമ്പോൾ പഴയ നല്ല ഓർമ്മകൾ ഉപരിതലത്തിലേക്ക് ഓളം തല്ലി വരും, ഇരുവരും പരസ്പരം കണ്ടതിൽ ഏറെ സന്തോഷിക്കും.

പക്ഷെ അതൊക്കെ മാറിയിരിക്കുന്നു. നിങ്ങൾ പരസ്പരം എങ്ങനെ പെരുമാറി എന്നതിനെ അടിസ്ഥാനമാക്കിയല്ല, ഇപ്പോൾ സൗഹൃദങ്ങൾ ഉണ്ടാകുന്നത്, നിങ്ങൾ എന്തിൽ വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

എല്ലാ കാലത്തും ആളുകൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അത് ഏറെ വിഭിന്നമാണ്‌. ഇന്ന് അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ഏറ്റവും കെട്ടുറപ്പുള്ള സൗഹൃദങ്ങൾ പോലും തകരുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഈ വേർപിരിയലുകളെ മലിനമാക്കുകയും, അവയ്ക്കിടയിൽ കാലുഷ്യത്തിൻ്റെ കടുത്ത വര വരയ്ക്കുകയും ചെയ്യുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ, കഴിഞ്ഞ കുറെ വർഷങ്ങളായി എനിക്ക് സോഷ്യൽ മീഡിയയിൽ വളരെയേറെ സുഹൃത്തുക്കളെ നഷ്ടപ്പെട്ടു.

ഈ അഭിപ്രായവ്യത്യാസങ്ങളുടെ ചില ഉദാഹരണങ്ങൾ നോക്കുക-

1. രാഷ്ട്രീയ കാഴ്ചപ്പാടുകൾ- ഉദാഹരണത്തിന്, ഇന്ത്യയിൽ, ഹിന്ദു മേധാവിത്വ പാർട്ടിയായ ബി.ജെ.പി. യും, പ്രതിപക്ഷത്തുള്ള വിവിധ “മതേതര” പാർട്ടികളും (മതേതരം എന്നത് ഇൻവെർട്ടഡ് കോമയിൽ ഇടാൻ കാരണം, ആ വാക്കിനെ പല പാർട്ടികളും കാണുന്നത് പല വിധത്തിൽ ആയതുകൊണ്ടാണ്) തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ; അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാരും, ഡെമോക്രറ്റുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ.

2. അബോർഷൻ നിയമവിധേയം ആക്കണം എന്ന് വാദിക്കുന്നവരും, അരുത് എന്ന് വാദിക്കുന്നവരും (പ്രോ-ലൈഫ് വാദികളും, പ്രോ-ചോയ്‌സ് വാദികളും).
3. ദൈവവിശ്വാസികളും, നിരീശ്വര വാദികളും.
4. പല മതങ്ങളിലും, ഉപവിഭാഗങ്ങളിലും വിശ്വസിക്കുന്നവർ (ഹിന്ദു vs മുസ്‌ലിം, മുസ്‌ലിം vs ക്രിസ്ത്യൻ, മുസ്‌ലിം vs ജൂതർ, ബുദ്ധിസ്റ്റ് vs മുസ്‌ലിം, സവർണ ഹിന്ദു vs ദളിത് ഹിന്ദു, സുന്നി മുസ്‌ലിം vs ഷിയാ മുസ്‌ലിം, സുന്നി-ഷിയാ മുസ്ലിം vs അഹ്മദിയാ മുസ്ലിം എന്നിങ്ങനെ)
5.സസ്യാഹാരികളും മാംസാഹാരികളും.
6. ദയാവധത്തിൽ വിശ്വസിക്കുന്നവരും, ദയാവധം പ്രാകൃതമാണ് എന്ന് വിശ്വസിക്കുന്നവരും.
7. കാലാവസ്ഥാ മാറ്റം ഉണ്ട് എന്ന് കരുതുന്നവരും, ഇല്ല എന്ന് കരുതുന്നവരും.
8. റീസൈക്ലിങ്ങിൽ വിശ്വസിക്കുന്നവരും, അതിൽ വിശ്വസിക്കാത്തവരും.
9. വാക്സിനേഷനിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും.
10. മൃഗങ്ങളോട് (തെരുവ് നായ്ക്കളോട് ഉൾപ്പെടെ) കരുണയോടെ പെരുമാറണം എന്ന് വിശ്വസിക്കുന്നവരും, വിശ്വസിക്കാത്തവരും.
11. നിരപരാധികളായ മുസ്ലീങ്ങളെ കൊല്ലുന്ന ഒരു പൈശാചിക രാഷ്ട്രമാണ് ഇസ്രായേൽ എന്ന് വിശ്വസിക്കുന്നവരും, തീവ്രവാദികളായ മുസ്ലീങ്ങളുടെ നടുക്ക് നിന്നുകൊണ്ട്, ജൂതന്മാരുടെ സ്വരാജ്യത്തിനു വേണ്ടി ധീരമായ സ്വാതന്ത്ര്യ സമരം നടത്തുന്നവരാണ് അവർ എന്ന് കരുതുന്നവരും.
12. അമേരിക്ക ജനാധിപത്യത്തിൻ്റെ ഒരു വിളക്കുമാടമാണ് എന്ന് വിശ്വസിക്കുന്നവരും, അമേരിക്ക ഒരു തീവ്രവാദ രാഷ്ട്രമാണ് എന്ന് കരുതുന്നവരും.
13. മുതലാളിത്തത്തിൽ വിശ്വസിക്കുന്നവരും, സോഷ്യലിസത്തെ വിശ്വസിക്കുന്നവരും

ഇനിയും പലതും ഈ പട്ടികയിൽ എഴുതി ചേർക്കാം. പക്ഷെ നിങ്ങൾക്ക് കാര്യം പിടികിട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു. അമ്പതോ നൂറോ കൊല്ലങ്ങൾക്കു മുൻപും ഈ വാദങ്ങളൊക്കെ നിലനിന്നിരുന്നു. ആളുകൾ പല രാഷ്ട്രീയ പാർട്ടികൾക്കായിരുന്നുവല്ലോ അന്നും വോട്ട് ചെയ്തത്. പക്ഷെ അന്ന് അതൊക്കെ മാറിമറിയുന്ന സാമൂഹ്യ സാഹചര്യങ്ങൾ മാത്രമായിരുന്നു, അല്ലാതെ ഒരു ജീവന്മരണ പോരാട്ടം ആയിരുന്നില്ല. ഇന്ന് റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ എന്ന് വിളിക്കുന്ന ടെക്‌സാസ് പോലുള്ള സംസ്ഥാനങ്ങൾ ഡെമോക്രറ്റുകൾക്കു വോട്ട് ചെയ്ത സന്ദർഭങ്ങൾ, ഡെമോക്രറ്റിക് എന്ന് കരുതപ്പെടുന്ന കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്ത സന്ദർഭങ്ങൾ എല്ലാം ഉണ്ടായിട്ടുണ്ട്, അമേരിക്കയിൽ. ഞാൻ കുട്ടിയായിരുന്നപ്പോൾ ഇന്ത്യൻ രീതിയിൽ വെജിറ്റേറിയൻ ആയിട്ടാണ് എന്നെ വളർത്തിയത് (എന്ന് വെച്ചാൽ ലാക്ടോ-വേഗാൻ ആയിട്ട്. അതായത് സസ്യാഹാരത്തോടൊപ്പം, പാലും പാലുത്പന്നങ്ങളും മാത്രം കഴിക്കുന്ന രീതിയിൽ) പക്ഷെ, മാംസം കഴിക്കുന്നവരെ ജഡ്ജ് ചെയ്യാൻ ഞങ്ങളാരും മുതിർന്നില്ല. “ഓ, അവർ മാംസം കഴിക്കും, എനിക്ക് മാംസം കഴിക്കാൻ ഇഷ്ടമല്ല,” എന്ന് ഞങ്ങൾ പറയും അത്ര മാത്രം. പാർട്ടികൾ നടക്കുമ്പോൾ, ഞാൻ മാംസം കഴിക്കില്ല, എന്ന് ഞാൻ എൻ്റെ ഇഷ്ടം വെളിപ്പെടുത്തും, അപ്പോൾ ആതിഥേയൻ എനിക്ക് സസ്യാഹാരം പ്രത്യേകം തരും. സസ്യാഹാരികൾ മാംസാഹാരികളെ വെറുക്കുകയോ, മാംസാഹാരികൾ സസ്യാഹാരികളെ അവമതിയോടെ കാണുകയോ ചെയ്തില്ല. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന് മാത്രം.

ഇപ്പോൾ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്. അമേരിക്കയിൽ ഇപ്പോൾ ഡെമോക്രറ്റുകളെ പിന്തുണക്കുന്നവർ ഇപ്പോൾ പറയുന്നത്, റിപ്പബ്ലിക്കന്മാർ മുഴുവൻ പമ്പര വിഡ്‌ഢികളാണ്, IQ ഇല്ലാത്തവരാണ്, കാരണം അവർ ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുന്നവരാണ്, എന്നാണ്. റിപ്പബ്ലിക്കന്മാർ ഇതേ വിധത്തിൽ ഡമോക്രാറ്റുകളെ ഒരു നുകത്തിൽ കെട്ടി വിശേഷിപ്പിക്കുന്നതിങ്ങനെയാണ്- അവർ നമ്മുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നവരാണ്, നമ്മളെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നവരാണ്, പണമുണ്ടാക്കാനും, തോക്ക് കൈവശം വെക്കാനുമുള്ള നമ്മുടെ അവകാശത്തെ ഇല്ലാതാക്കുന്നവരാണ് എന്നൊക്കെ. സമാനമായി, ഇന്ത്യയിൽ ബി.ജെ.പി. യെ പിന്തുണക്കുന്നവർക്കും, പ്രതിപക്ഷത്തുള്ളവർക്കും പരസ്പരം വിളിക്കാൻ ഏറെ ചീത്ത വാക്കുകൾ ഉണ്ട്. നരേന്ദ്ര മോദിയെയും, ബി.ജെ.പി. യെയും പിന്തുണക്കുന്നവരെ പ്രതിപക്ഷത്തുള്ളവർ അന്ധ ഭക്തന്മാർ എന്ന് വിളിക്കുന്നു. ഈ ഭക്തന്മാർക്ക് സ്വയം യുക്തിവിചാരശേഷി ഇല്ലെന്നും, അവർ മരമണ്ടന്മാർ ആണെന്നും വിശ്വസിക്കുന്നു. ബി.ജെ.പി. യെ പിന്തുണക്കുന്നവരാവട്ടെ, ആ പാർട്ടിയെയും, മോദിയെയും എതിർക്കുന്നവരെ ലിബ്ടാർഡുകൾ ( ലിബറൽ, ബാസ്റ്റാർഡ് എന്ന രണ്ടു വാക്കുകളെ ചേർത്തെടുക്കുന്ന സങ്കര പദം), സിക്കുലറുകൾ (സെക്കുലർ എന്ന വാക്കിനെ വക്രീകരിച്ചു, ആ പക്ഷത്തു നിൽക്കുന്നവർ കാപട്യക്കാരും വ്യാജന്മാരും ആണെന്ന് സൂചിപ്പിക്കുന്ന പദം), എന്നെല്ലാം വിശേഷിപ്പിക്കുന്നു.

സംഭവിച്ചത് ഇതാണ്. ന്യായയുക്തമായിട്ടാണെങ്കിലും അല്ലെങ്കിലും, എല്ലാം നമുക്ക് ഒരു ജീവന്മരണ പ്രശ്നമായി മാറുന്നു. പല കാര്യങ്ങളിൽ പലർക്ക് പല അഭിപ്രായങ്ങൾ ഉണ്ടാകാം. അബോർഷനുള്ള അവകാശം, വെജിറ്റേറിയനിസം, രാഷ്ട്രീയ ആഭിമുഖ്യങ്ങൾ, മതപരമായ വിഭിന്നതകൾ, വാക്സിനേഷനിലുള്ള വിശ്വാസം, കാലാവസ്ഥാ മാറ്റം ഉണ്ട് എന്ന ബോധ്യം അല്ലെങ്കിൽ ബോധ്യക്കുറവ്, മൃഗാവകാശങ്ങളെ കുറിച്ചുള്ള നിലപാടുകൾ, ഇങ്ങനെ ഏതെങ്കിലും ഒരു കാര്യത്തിൽ ഒരാൾ നമ്മുടേതിൽ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചാൽ, അതോടെ അയാൾ നമ്മുടെ യാതൊരു സൗഹൃദത്തിനും, ബന്ധത്തിനും അർഹരല്ല എന്ന് തീരുമാനിക്കുകയായി.

കുറച്ചു വര്ഷങ്ങൾക്ക് മുൻപ്, കോളേജ് കാലം തൊട്ടുള്ള ഒരു സുഹൃത്തുമായി അടുത്ത കാലത്ത് എനിക്ക് ഇത്തരത്തിൽ വേദനാജനകമായ ഒരു വേർപിരിയൽ ഉണ്ടായി. ഏതാണ്ട് 25 വർഷക്കാലം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. കാരണം രണ്ടു കൊല്ലത്തോളം ഒരേ ഹോസ്റ്റലിലെ ഡോർമിറ്ററിയിൽ ഏതാനും വാതിലുകൾ മാത്രം അകലെയുള്ള മുറികളിൽ ബിരുദപഠനത്തിനായി രണ്ടു വർഷം ഒരുമിച്ചു താമസിച്ചവർ. ഞങ്ങൾ ഇരുവരും എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ വിദ്യാർഥികൾ, അയാൾ എന്നെക്കാൾ ഒരു വർഷം സീനിയർ, അപ്പോൾ ആ മേഖലയിലും ഞങ്ങൾ ധാരാളം സംസാരിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഞങ്ങൾ രണ്ടു പേരും പോയപ്പോഴും, അതിനുശേഷം രണ്ടു പേരും അവിടെ പി.എച്ച്.ഡി. ചെയ്തപ്പോഴും, ജോലി ചെയ്തപ്പോഴും, പിന്നീട് ഇരുവരും ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴും, ഇവിടെ ജോലി ചെയ്തപ്പോഴും എല്ലാം ആ സൗഹൃദം തുടർന്നു. അമേരിക്കയിൽ പലപ്പോഴും ഞാൻ അയാളെ സന്ദർശിച്ചു. ബോളിവുഡ് ഗാനങ്ങൾ ഉറക്കെ പാടുന്നതുൾപ്പെടെ ഞങ്ങൾക്ക് പല പൊതു താൽപ്പര്യങ്ങളും ഉണ്ടായിരുന്നു. കുറച്ചു കാലം മുൻപ്, അയാൾ ഇന്ത്യയിൽ വരികയും, ഞങ്ങൾ ഒത്തുചേരുകയും, വളരെ രസകരമായി സമയം ചിലവിടുകയും ചെയ്തു.

ശ്രീ ശ്രീ രവിശങ്കർ

എൻ്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഞാൻ ശ്രീ ശ്രീ രവിശങ്കർ എന്ന ആത്മീയ നേതാവിനെ വിമര്ശിച്ചപ്പോഴാണ് പ്രശ്നം തുടങ്ങിയത്. എൻ്റെ സുഹൃത്ത് അദ്ദേഹത്തിൻ്റെ ഒരു വലിയ അനുയായി ആണ്. എൻ്റെ വിമർശനം അയാൾക്ക് തീരെ പിടിച്ചില്ല. ശ്രീ ശ്രീ രവിശങ്കറിനെപ്പറ്റി ഞങ്ങൾക്കിടയിൽ അങ്ങനെ കുറച്ചു ചൂടേറിയ തർക്കങ്ങൾ നടന്നു. തനിക്കു പ്രത്യേക ആത്മീയ ശക്തിയുണ്ട് എന്ന് കള്ളം പറയുന്ന ഒരാൾ ആണ് രവിശങ്കർ എന്നാണ് എൻ്റെ വിലയിരുത്തൽ. ശ്രീ ശ്രീ ദൈവത്തെ അറിഞ്ഞ ഒരാൾ ആണെന്നും, എന്നെപ്പോലെ വിവരദോഷിയായ ഒരാൾക്ക് അത് മനസ്സിലാവാത്തതാണ് എന്നും ആയിരുന്നു എൻ്റെ സുഹൃത്തിൻ്റെ അഭിപ്രായം. അവിടുന്നങ്ങോട്ട് ഞങ്ങളുടെ സൗഹൃദം കുത്തനെ താഴോട്ട് പതിക്കാൻ തുടങ്ങി. ഒടുവിൽ ഒരു ദിവസം, അയാളുമായി എല്ലാ ബന്ധവും വിച്ഛേദിക്കാൻ ഞാൻ തീരുമാനിച്ചു. സമാനമായ ഹോബികളും, സമാനമായ പശ്ചാത്തലവും, വളരെയേറെ ആഹ്ളാദകരമായ ഓർമ്മകളും നിറഞ്ഞ 25 വർഷത്തെ സൗഹൃദം അങ്ങനെ കുത്തിയൊലിച്ചു പോയി- ഞങ്ങൾക്ക് ഒരു കാര്യത്തിൽ പരസ്പരം യോജിക്കാൻ പറ്റിയില്ല എന്നതിനാൽ. എന്തുകൊണ്ട്? അയാൾക്ക് രവിശങ്കർ ദിവ്യനാണ്. അദ്ദേഹത്തെ വിമര്ശിക്കുന്നതിലൂടെ ഞാൻ ചോദ്യം ചെയ്തത് അയാളുടെ മുഴുവൻ വിശ്വാസ സംഹിതയെയുമാണ്. അയാളെ തന്നെയാണ്. ഒരു ചിരകാല സുഹൃത്തും, വിശ്വാസസംഹിതയും തമ്മിലുള്ള യുദ്ധത്തിൽ ചിരകാല സുഹൃത്തിനെ പുറത്താക്കിയേ പറ്റൂ. അതൊരു ഒറ്റ രാത്രി കൊണ്ടെടുത്ത തീരുമാനമായിരുന്നില്ല. ഇത്രയും അടുത്ത ഒരു സുഹൃത്താവുമ്പോൾ അതങ്ങനെ എടുക്കാൻ പറ്റുന്ന തീരുമാനം അല്ലല്ലോ. ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ കൂടുതൽ കൂടുതൽ അക്രമണോത്സുകമാവുകയായിരുന്നു, എനിക്കത് താങ്ങാൻ പറ്റാത്തത്ര ക്രൂരമാവുകയായിരുന്നു.

ഇതേ കഥ നമ്മളിൽ പലർക്കും സംഭവിച്ചുകൊണ്ടേയിരിക്കുന്നു, സന്ദർഭങ്ങൾ വ്യത്യസ്തമായിരിക്കാം. നിങ്ങൾ ഒരേ രാജ്യക്കാർ, ഒരേ കോളേജിൽ പഠിച്ചവർ, ഒരേ ഭാഷ പറയുന്നവർ, ഒരേ മതക്കാർ, ഒരേ സുഹൃത്തുക്കൾ ഉള്ളവർ, ഒരേ ഹോബികൾ ഉള്ളവർ, ഒരേ സാമൂഹ്യ പശ്ചാത്തലം ഉള്ളവർ ആയിരിക്കാം, എന്നാൽ, നിങ്ങളിൽ ഒരാൾ അബോർഷന് എതിരും മറ്റെയാൾ അനുകൂലവും ആണെന്നിരിക്കട്ടെ, സൗഹൃദം തകരാൻ അത് മതി. ഒരു സ്ത്രീക്ക് അവരുടെ ശരീരത്തിൻ്റെ അധികാരം വേണം എന്ന് നിങ്ങളും, ഒരു ജീവനെ നശിപ്പിക്കുന്നത് തെറ്റാണ് എന്ന് നിങ്ങളുടെ സുഹൃത്തും വിശ്വസിക്കുന്നു. അപ്പോൾ ആ സുഹൃത്തിന് ഒരു കൊലപാതകിയായ നിങ്ങളുമായി എങ്ങനെ സൗഹൃദം വെച്ചു പുലർത്താനാകും!

അല്ലെങ്കിൽ, ഇന്ത്യയിൽ ജനിച്ച ചിലർ വിശ്വസിക്കുന്നു, ഹിന്ദുക്കൾ മുസ്ലീങ്ങളിൽ നിന്ന് വംശനാശ ഭീഷണി നേരിടുന്നു, അവരെ ആട്ടിയോടിക്കണം, ഹിന്ദുക്കളെ സംരക്ഷിക്കാൻ അവരെ കൊല്ലേണ്ടി വന്നാലും തെറ്റില്ല എന്ന്. മറ്റൊരു വിഭാഗം കരുതുന്നു, ഹിന്ദുക്കൾ എല്ലാം കൊലപാതകികളാണ്, കാരണം അവർ ഉള്ളുകൊണ്ടു മുസ്ലീങ്ങളെ മാറ്റി നിർത്തുന്നതിനെയും, തല്ലിക്കൊല്ലുന്നതിനെയും പിന്തുണക്കുന്നു എന്ന്.

അങ്ങനെ പ്രൈമറി സ്‌കൂൾ തൊട്ട് കോളേജ് വരെ ഒരുമിച്ചു പഠിച്ച, ഒരേ ഗ്രാമത്തിൽ ജീവിച്ച, ഒരേ ഭാഷ പറയുന്ന, ഒരേ മതക്കാരായ, ഒരേ ഭക്ഷണവും, സിനിമകളും, സംഗീതവും ആസ്വദിക്കുന്ന, (ഉദാഹരണത്തിന് അവർ ബംഗാളികൾ ആണെങ്കിൽ, രബീന്ദ്ര സംഗീതം ഇഷ്ടപ്പെടുന്ന, ഉത്തം കുമാറിൻ്റെയും, സുചിത്ര സെന്നിൻ്റെയും സിനിമകൾ കാണുന്ന, ഹിന്ദുക്കളായ, ദുർഗാ പൂജയുടെ സമയത്തു പുറത്തിറങ്ങി ആഘോഷിക്കാൻ ഇഷ്ടമുള്ള, ഇലീഷിൻ്റെയും സന്ദേശിൻ്റെയും ഒരേ മധുരം നുണയുന്ന ആളുകൾ ആയിരിക്കും) രണ്ടു പേർ പല ജീവിതവഴികളിൽ സഞ്ചരിക്കുന്നു. കുറച്ചു വർഷങ്ങൾ വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുന്നു. അതിൽ ഒരാൾ വലതുപക്ഷ ഹിന്ദുത്വ പ്രത്യയ ശാസ്ത്രവുമായി അടുത്ത് പരിചയപ്പെടുന്നു. മറ്റെയാൾ ഇടതുപക്ഷ മതേതര ചിന്തയുമായി അടുത്തിടപഴകുന്നു. അപ്പോൾ അവർ രണ്ടുപേർക്കും തോന്നാൻ തുടങ്ങുന്നു, മറ്റേയാളുടെ വിശ്വാസങ്ങൾ ഇങ്ങനെയൊക്കെ ആയതിനാൽ അയാളോട് സംസാരിക്കുന്നതുപോലും തെറ്റാണെന്ന്.

വിചിത്രമായ കാര്യം, വളരെ കാലം കാണാതിരുന്നു തമ്മിൽ കാണുമ്പോൾ വളരെ പതുക്കെ നടന്ന ഈ മാറ്റങ്ങളെപ്പറ്റി ഇരുവരും അജ്ഞരായിരിക്കും എന്നതാണ്. മാറ്റം എന്ന വാക്കല്ല, വെളിപാട് എന്ന വാക്കാണ് ഇതിനെ വിശേഷിപ്പിക്കാൻ നല്ലത്. കാരണം ഇരുപതോ, മുപ്പതോ വർഷത്തെ സൗഹൃദത്തിനിടയിൽ ഒരിക്കൽ പോലും അവർ ഇരുവരും ഈ വിഷയം ചർച്ച ചെയ്തിട്ടേ ഉണ്ടാകില്ല. കാരണം, ഇതൊക്കെ കുറച്ചു പ്രായമാകുമ്പോൾ മനുഷ്യർ ചിന്തിക്കാൻ തുടങ്ങുന്ന കാര്യങ്ങളാണ്. അതുവരെ, കോളേജ്, ജോലി, വിവാഹം തുടങ്ങിയ തിരക്കുകളിലാകും എല്ലാവരും. കുറേക്കൂടി കഴിയുമ്പോൾ ആണ് മതത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങുക. 1990 കളുടെ അവസാനം വരെ തീവ്ര ഹിന്ദുത്വ ചിന്ത ഇന്ത്യയിൽ അത്ര പ്രകടമായിരുന്നില്ല. 2000 തൊട്ട് അതിനു ഗതിവേഗം കൂടി. 1960 കളിലോ, 70 കളിലോ, 80 കളിലോ എന്തിന്, 90 കളിൽ പോലും വളർന്നുവന്നവർ അതേപ്പറ്റിയൊന്നും അത്ര ചിന്തിച്ചു തന്നെ കാണില്ല. ഒരാൾ തീവ്ര ഹിന്ദുത്വ വാദിയും, മറ്റെയാൾ മതേതര വാദിയും ആകുന്നതോടെ ചിരകാല സൗഹൃദത്തിന് വിരാമമായി.

ഇത് ചില ഉദാഹരണങ്ങൾ. മറ്റെല്ലാ കാര്യങ്ങളിലുമുള്ള ആശയപ്പൊരുത്തത്തെ മറക്കാൻ ഒരൊറ്റ കാര്യത്തിലെ വിയോജിപ്പ് മതി എന്ന നില വരുന്ന സന്ദർഭങ്ങൾ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാം. ഇസ്രായേൽ ഒഴിച്ച് എല്ലാ കാര്യത്തിലും സമാന ചിന്ത ഉള്ളവർ ഉണ്ടാകാം. ഇവർ അമേരിക്കയിൽ ആണെങ്കിൽ ചിലപ്പോൾ രണ്ടു പേരും ഡെമോക്രാറ്റ് പാർട്ടിക്കാരും, വെജിറ്റേറിയനുകളും, കാലാവസ്ഥാ മാറ്റത്തിൽ ആശങ്കയുള്ളവരും, അബോർഷൻ അനുവദിക്കണം എന്ന് വാദിക്കുന്നവരും, ദയാവധത്തിൽ വിശ്വസിക്കുന്നവരും, വാക്സിനേഷൻ്റെ വക്താക്കളും ആയിരിക്കും. എന്നിട്ടും ആ സൗഹൃദം ഇസ്രയേലിൻ്റെ പേരിൽ തകരുന്നു.

ഈ ആഴമുള്ള പിളർപ്പുകൾ ലോകത്തു പെരുകുകയാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് വരെ കേട്ടുകേൾവിയില്ലാത്ത പുതിയ പിളർപ്പുകൾ ഉണ്ടായിക്കൊണ്ടേ ഇരിക്കുകയാണ്. ഉദാഹരണത്തിന് കോവിഡ് ഒരു പുതിയ പിളർപ്പിന് കാരണമായി- വാക്സിൻ അനുകൂലികളും, പ്രതികൂലികളും. വാക്സിനെ എതിർക്കുന്നവർ മറ്റുള്ളവരെ കൊലയ്ക്കു കൊടുക്കുന്ന സാമൂഹ്യദ്രോഹികൾ ആണെന്ന് വാക്സിനെ അനുകൂലിക്കുന്നവർ കരുതുന്നു. യാതൊരു ധാർമ്മികതയുമില്ലാത്ത, നമ്മളുടെ പണം പിടുങ്ങി നമ്മളെ കൊല്ലാൻ കൊടുക്കുന്ന ലോക ഫാർമസി കോർപ്പറേറ്റുകളുടെ ആഗോള ഗൂഢാലോചനക്ക് കൂട്ടുനിൽക്കുന്ന മന്ദബുദ്ധികളാണ് വാക്സിൻ എടുക്കുന്നവർ എന്ന് വാക്സിൻ വിരുദ്ധർ കരുതുന്നു. ലളിതമായി പറഞ്ഞാൽ, രണ്ടുകൂട്ടർക്കും യോജിക്കാവുന്ന ഒരിടം ഇല്ല തന്നെ.

ഇന്ത്യയിൽ ഞാൻ നേരത്തെ പറഞ്ഞ സസ്യാഹാര ശീലം, ബി.ജെ.പി. സർക്കാരിൻ്റെ മാംസാഹാരം നിരോധിക്കാനുള്ള നടപടികളുടെ ഫലമായി, ഒരു കടുത്ത പിളർപ്പ് സൃഷ്ടിച്ചിരിക്കുന്നു. സസ്യാഹാരത്തെ പിന്തുണക്കുന്നവരും, ഒരാൾക്ക് ഇഷ്ടമുള്ളത് കഴിക്കാൻ അവകാശമുണ്ട് എന്ന് വാദിക്കുന്നവരും ഇപ്പോൾ കൂടുതൽ ആക്രമണോത്സുകത കാണിക്കുന്നു.

എല്ലാ ചെറിയ പ്രശ്നവും ഒരു അസ്തിത്വ പ്രശ്നമായി മാറുന്നു. തൻ്റെ സുഹൃത്ത് ആഗോളതാപനത്തിൽ വിശ്വസിക്കുന്നില്ല എന്നത് ആ സുഹൃത്തിനെ കളയാനുള്ള കാരണമാവുന്നു. കാരണം, “മഞ്ഞുപാളികൾ ഉരുക്കണം എന്നും, ആ വെള്ളപ്പൊക്കത്തിൽ ബംഗ്ലാദേശിലെ ജനങ്ങൾ മുങ്ങിച്ചാവണം എന്നും, കാലിഫോർണിയയിൽ നിയന്ത്രിക്കാൻ പറ്റാത്ത കാട്ടുതീ പടരണം എന്നും, കെൻ്റക്കിയിലും, യൂറോപ്പിലും വെള്ളപ്പൊക്കം ഉണ്ടാകണം എന്നുമാണല്ലേ നിൻ്റെ മനസ്സിലിരുപ്പ്!”

അല്ലെങ്കിൽ, നിങ്ങൾ റീസൈക്ലിങ്ങിൽ വിശ്വസിക്കുന്നു, നിങ്ങളുടെ സുഹൃത്ത് വിശ്വസിക്കുന്നില്ല. “ആഹാ, വിഷമയമായ പ്ലാസ്റ്റിക്ക് മാലിന്യത്തിൽ പെട്ട് ഞാൻ മരിക്കണം എന്നാണല്ലേ, നിൻ്റെ ലക്‌ഷ്യം?”

എല്ലാ പ്രശ്നങ്ങളും അസ്തിത്വ പ്രശ്നങ്ങളായി മാറുമ്പോൾ, മിതത്വമുള്ള സംവാദങ്ങൾ സാധ്യമല്ലാതാവുന്നു. പകരം നടക്കുന്നത്, ഇത്തരം പ്രതികരണങ്ങളാണ്, “നിനക്ക് കണ്ണ് കാണുകയില്ല? വർഷം തോറും മഞ്ഞുപാളികൾ ഉരുകുന്നത് നീ കാണുന്നില്ലേ?”, “ഇടത് പോഴന്മാർ എറിഞ്ഞു തരുന്ന എന്തും വിഴുങ്ങുന്ന ഒരു വിഡ്ഢിയാണ് നീ”, “കുറെ ആയിരം കൊല്ലങ്ങൾ കൂടുമ്പോൾ ആവർത്തിക്കുന്ന ഒരു പ്രകൃതി ദത്തമായ പ്രതിഭാസം മാത്രമാണ് ആഗോളതാപനം. ഇടതുപക്ഷക്കാർ നുണ പറയുന്നതുകൊണ്ട് മനുഷ്യ പുരോഗതി വേണ്ടെന്നു വെക്കാൻ പറ്റില്ല”.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നറിയില്ല. പക്ഷെ ഇൻ്റർനെറ്റും സോഷ്യൽ മീഡിയയും വ്യാപകമായത് ഒരു ഘടകമാണ്. പണ്ടാണെങ്കിൽ സാധാരണക്കാർ പറയും, “എനിക്കീ ആഗോളതാപനമൊന്നും അറിയില്ല. അത് ശാസ്ത്രജ്ഞന്മാർ പഠിച്ചു ഒരു വഴി കണ്ടുപിടിക്കട്ടെ” എന്ന്. ഇനി ആഗോള മഹാമാരിയുടെ കാര്യമാണെന്ന് വെക്കുക, ആളുകൾ പറയും, “ഹൊ, ഇത് ഭയാനകം തന്നെ. സർക്കാർ എന്ത് പറയുന്നു അതനുസരിച്ചു പ്രവർത്തിക്കാം. ഞാൻ ഒരു ഡോക്ടർ അല്ലല്ലോ”. പക്ഷെ ഇപ്പോൾ എല്ലാവരും വിദഗ്ധന്മാർ ആണ്. വാട്സാപ്പിൽ എല്ലാവരും എന്തൊക്കെയോ വായിച്ചിട്ടുണ്ട്. വാക്സിൻ, തായ്‌വാൻ, ഉക്രൈൻ, ഗേ മാര്യേജ്, ദയാവധം, ക്ഷേമസമൂഹം, ഇസ്‌ലാം, മുതലാളിത്തം, സോഷ്യലിസം, ഇതിലെല്ലാം വിദഗ്ധരാണ് ഇപ്പോൾ എല്ലാവരും.

സമൂഹം പല അച്ചുതണ്ടുകളിൽ ആഴത്തിൽ പിളർന്നിരിക്കുന്നു. മറികടക്കാൻ പറ്റാത്ത പിളർപ്പുകളായി അവ വികസിക്കുന്നു. അവയുടെ എണ്ണം അത്രയ്ക്കധികമാണ്, എല്ലാ കാര്യത്തിലും പരസ്പരം യോജിക്കുന്നവർ എന്ന ഒരു ജനുസ്സ് ഇല്ലാതായിരിക്കുന്നു.

അതുകൊണ്ടാണ് ഇക്കാലത്തു സൗഹൃദത്തിന് വല്ല അർത്ഥവുമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നത്. എനിക്ക് സൗഹൃദത്തെപ്പറ്റി ഇപ്പോൾ തോന്നുന്നത് ഇങ്ങനെയാണ്, നമ്മൾ രണ്ടുപേർ നേരിട്ടോ, ഓൺലൈൻ ആയോ കണ്ടുമുട്ടുന്നു. ഈയടുത്തായി മിക്കപ്പോഴും ഓൺലൈനിൽ. പല കാര്യങ്ങളിലും നമ്മൾ തമ്മിൽ യോജിപ്പുണ്ട് എന്ന് തുടക്കത്തിൽ നമുക്ക് രണ്ടു പേർക്കും തോന്നുന്നു. കുറച്ചു കാലത്തേക്ക് നമ്മൾ സാമാന്യം നല്ല സുഹൃത്തുക്കളാവുന്നു. ആളുകളെ അറിയുന്നത് ഉള്ളി തൊലിപൊളിക്കുന്നതു പോലെ ആണല്ലോ. ഓരോ അടരുകളായി പൊളിക്കുമ്പോൾ നിങ്ങൾക്കിഷ്ടമില്ലാത്ത ചില കാര്യങ്ങൾ നിങ്ങൾ കാണുന്നു. അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്ത് അയാൾക്കിഷ്ടമില്ലാത്ത ചില കാര്യങ്ങൾ നിങ്ങളിൽ കാണുന്നു. അതോടെ നിങ്ങൾ മനുഷ്യ വംശത്തിനു തന്നെ അപമാനമാണ് എന്നയാൾ തീരുമാനിക്കുന്നു.

ഏതു പ്രശ്നവും ഒരു ജീവന്മരണ പ്രശ്നമാണ് എന്നിരിക്കെ, സൗഹൃദങ്ങൾ സൂക്ഷിക്കുന്നതിൽ എനിക്കുള്ള ശുഭാപ്തിവിശ്വാസം വല്ലാതെ കുറഞ്ഞിരിക്കുന്നു. കുറച്ചു കാലത്തിനുള്ളിൽ തന്നെ, നമ്മൾ തമ്മിൽ പറഞ്ഞു തീർക്കാൻ പറ്റാത്ത വ്യത്യാസങ്ങൾ ഉണ്ടെന്നു നമ്മൾ തിരിച്ചറിയുകയും അങ്ങനെ ചിരകാല സുഹൃത്തുക്കൾ ഇല്ലാത്ത ഒരാളായി ഞാൻ മാറുകയും ചെയ്യുമെന്ന് എനിക്ക് തോന്നുന്നുണ്ട്.

അപ്പോൾ, ലോക സൗഹൃദ ദിനം നമ്മൾ ആഘോഷിക്കേണ്ടതുണ്ടോ?

About Author

ശേഷാദ്രി കുമാർ

ആർ ആൻഡ് ഡി കെമിക്കൽ എഞ്ചിനീയർ, ഐഐടി ബോംബെയിൽ നിന്ന് ബിടെക്കും യുഎസിലെ യൂട്ടാ സർവകലാശാലയിൽ നിന്ന് എംഎസും പിഎച്ച്ഡിയും കരസ്ഥമാക്കി