A Unique Multilingual Media Platform

The AIDEM

Articles Culture Photo Story Society Travel

മരുഭൂമികൾ പൂക്കുമ്പോൾ

  • February 21, 2024
  • 1 min read
മരുഭൂമികൾ പൂക്കുമ്പോൾ

അനന്തമായ ഊഷരഭൂമി. മഞ്ഞമണൽക്കല്ലുകൾ നിറഞ്ഞ കുന്നുകൾ അങ്ങിങ്ങായുണ്ട്. മരുക്കടലിന് സുവർണ്ണ ശോഭ പകരുന്ന മണൽക്കല്ലുകൾ ഈ നാടിൻ്റെ പ്രത്യേകതയാണ്. മുൾമരങ്ങളും കുറ്റിച്ചെടികളും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. കഠിന കാലാവസ്ഥയെ അതിജീവിക്കുന്ന ഖേജ്രിയാണ് മരുഭൂമിയിലെ കല്പവൃക്ഷം.മൃഗങ്ങൾക്കും മനുഷ്യർക്കും ആഹാരവും തണലും നൽകുന്ന മരുഭൂമിയുടെ നന്മമരം. കനത്ത വെയിൽ മഴയിൽ കുളിച്ച്, നേരിയ ഇലകളും വണ്ണമുള്ള തടിയുമായി മസ്തിഷ്ക്കാകൃതിയിൽ ഒരു ഖേജ്രി വഴിയോരത്ത് ഒറ്റപ്പെട്ട് നിൽക്കുന്നു. മരക്കൊമ്പത്തെ അരിപ്രാവ് വിഷാദാത്മകമായി കുറുകി. 

വെയിൽ തിളച്ചു തൂവുന്ന മദ്ധ്യാഹ്നത്തിൽ പ്രധാന പാതയെ മുറിച്ചു മുന്നോട്ടു പോകുന്ന ചെമ്മരിയാടുകളുടെ നീണ്ട വരി. വിജന വീഥികളിൽക്കൂടി ദീർഘദൂരം യാത്ര ചെയ്താൽ എത്തുന്നത് മരുസാഗരത്തിൽ.

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി; രാജസ്ഥാനിലെ താർ. ചൂടു കനക്കുന്ന കാലത്ത് ഇവിടത്തെ കൃഷ്ണമൃഗങ്ങളുടെ ദൃഷ്ടിയിൽ അകലെ ജലസമൃദ്ധമായ തടാകം കാണുമത്രെ. ഈ സാധു മൃഗങ്ങൾ അവിടേക്ക് ഓടിക്കിതച്ചെത്തുമ്പോൾ വെള്ളം കാണാതെ ഇളിഭ്യരാവും! ഇതിനെ മൃഗമരീചിക എന്നാണ് വിളിക്കുന്നത്. താറിലെത്തിയപ്പോൾ സായാഹ്ന ച്ചെരിവിലെ സൂര്യൻ്റെ മഞ്ഞവെയിലിന് ചൂടാറിയിരുന്നു. 

മരുഭൂമി അവർക്ക് അമ്മയാണ്. അന്നമാണ്. അനന്തമായ മണൽപ്പരപ്പിനെ ആശ്രയിച്ചു ജീവിക്കുന്ന ആയിരങ്ങൾ മരു ഗ്രാമങ്ങളിലുണ്ട്. ഒട്ടക സവാരിക്കാർ,ഡെസർട്ട് ജീപ്പ് ഡ്രൈവർമാർ, ഡെസർട്ട് ബൈക്ക് ഡ്രൈവർമാർ, പാരാഗ്ലൈഡിങ്ങ് നടത്തുന്നവർ, ചായ വില്പനക്കാർ, നാടോടിപ്പാട്ടുകാർ, നർത്തകർ, സംഗീതവാദകർ. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവരിലുണ്ട്. ജീവിതസാഗരം നീന്തിക്കടക്കുവാൻ പാടുപെടുന്ന സാധാരണ മനുഷ്യർ.

ആറു വർഷം മുമ്പ് ഇവിടെ ആദ്യമായി വന്നപ്പോൾ ബുർഹാൻ ഖാനെ പരിചയപ്പെട്ടിരുന്നു. മരുഭൂമിയിലെ ചായ വില്പനക്കാരൻ. അതിർത്തി ഗ്രാമത്തിൽ ജീവിക്കുന്ന അദ്ദേഹം കുടുംബം പുലർത്തുന്നത് ലോകത്തിൻ്റെ പലയിടങ്ങളിൽ നിന്നായി എത്തുന്നവർക്ക് ചായ വിറ്റാണ്. ബുർഹാൻ പകർന്നു നൽകിയ ചൂടുള്ള ചായ വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ഞങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി. അദ്ദേഹം തൻ്റെ കഠിന ജീവിതസമര ചരിതം വിസ്തരിച്ചു. ആത്മാർത്ഥ സൗഹൃദം പകർന്നു തന്ന ബുർഹാൻ ഖാനോട് വിട ചൊല്ലിയപ്പോൾ വല്ലാത്ത മനോവേദന തോന്നി.

ആറു വർഷത്തിനിപ്പുറം കഴിഞ്ഞ ദിവസം താറിലെത്തിയപ്പോൾ ആദ്യം തിരഞ്ഞത് മരുജനങ്ങൾ അക്ഡ എന്നു വിളിക്കുന്ന എരിക്കിൻ ചെടികൾക്കടുത്തുള്ള ബുർഹാൻ ഖാൻ്റെ ചായമക്കാനിയാണ്. ചായ മക്കാനികൾ ഒന്നിലധികം കണ്ടു. അവിടെയെങ്ങും പക്ഷേ, ബുർഹാനെ കണ്ടില്ല. മരുഭൂമിയിലെ ആ ചായക്കാരൻ ഇപ്പോൾ എവിടെയായിരിക്കും? 

ബുർഹാൻ ഖാനു പകരം അബ്ദുൾ എന്ന ചായക്കാരനെ കണ്ടു. അദ്ദേഹത്തിൻ്റെ മകൻ മുഹമ്മദാണ് ചായ ഉണ്ടാക്കിത്തന്നത്.വിദൂര ഗ്രാമത്തിൽ നിന്ന് തേയിലയും വെള്ളവും പാലും പഞ്ചസാരയും മറ്റു സാധനങ്ങളും ചുമന്ന് കൊണ്ടുവന്നാണ് ചായ ഉണ്ടാക്കുന്നത്. അതു കൊണ്ട് തന്നെ വില അല്പം കൂടുതലാണ്.

അൻവർ വിദഗ്ദ്ധനായ ഡെസർട്ട് ജീപ്പ് ഡ്രൈവറാണ്. മണൽക്കുന്നുകളിലും താഴ്വരച്ചെരിവുകളിലും തടിയൻ ടയറുകളുള്ള ജീപ്പ് എന്തുമാത്രം വേഗത്തിലാണ് ഈ ചെറുപ്പക്കാരൻ ഓടിക്കുന്നത് ! തെന്നി വീഴാതിരിക്കാൻ യാത്രക്കാരോട് മുറുകെപ്പിടിക്കാൻ അൻവർ ഇടയ്ക്കിടെ അറിയിപ്പ് നൽകുന്നുണ്ട്. കൂറ്റൻ തിരമാലകളിൽ വഞ്ചി ഉലഞ്ഞാടുമ്പോൾ ആദ്യ സമുദ്രയാത്രികർ അനുഭവിക്കുന്ന അസ്വസ്ഥതകൾക്കു സമാനമായ അവസ്ഥ വണ്ടിയിലുള്ള ചിലർക്ക് ഉണ്ടായി.

ജീപ്പുകൾക്കു പിറകിൽ നീണ്ട ചരടുകൾ കെട്ടി, വാഹനത്തിൻ്റെ വേഗതയാർന്ന സഞ്ചാരത്തിനനുസരിച്ച് ആകാശത്തിലേക്കുയരുന്ന ഗ്ലൈഡറുകളും അതിലിരുന്ന് മരുക്കാഴ്ചകൾ കാണുന്ന മനുഷ്യരും അനവധിയുണ്ട്. പാരാഗ്ലൈഡിങ്ങ് ഒരു സാഹസിക യാത്രയാണ്. പക്ഷിക്കണ്ണിലൂടെ മരുഭൂമിയാകമാനം കാണാനുള്ള അപൂർവ്വ അവസരം.

പാരാഗ്ലൈഡറുകൾക്കിടയിലേക്ക് മരുഭൂമി അതിൻ്റെ സ്വന്തം ജൈവഗ്ലൈഡറുകൾ പറത്തുന്ന വിസ്മയക്കാഴ്ച പലരുടെയും കണ്ണിൽപ്പെട്ടു എന്നു വരില്ല. തലയിൽ കടും വർണ്ണത്തിൽ പതിനേഴ് മുഴം പകിടി കെട്ടിയ ഒട്ടകക്കാരൻ്റെ ഇരുവശങ്ങളിലേക്ക് തെറിച്ചു നിൽക്കുന്ന മിന്നുന്ന മീശ പോലെ; എരിക്കിൻ്റെ കുഞ്ഞു വിത്തുകൾ, ആലവട്ടം പോലെ വിടർന്ന വെള്ളി രോമങ്ങളിൽ തൂങ്ങി മരുക്കടലിൻ്റെ ആകാശനീലിമയിലേക്ക് ഉയർന്നു പറന്നു. മാനത്ത് ആയിരം അപ്പൂപ്പൻ താടികൾ.

അതിവേഗത്തിലോടുന്ന ഡെസർട്ട് ബൈക്കിൽ ഡ്രൈവറെ കൂടാതെ ഒന്നോ രണ്ടോ പേർക്കിരിക്കാം. തലങ്ങും വിലങ്ങും ബൈക്കുകൾ മുക്രയിട്ടു കൊണ്ടോടുന്നു. നിന്നു കൊണ്ട് വണ്ടിയോടിക്കുന്ന കുട്ടി ഡ്രൈവർമാരെ കണ്ടപ്പോൾ മാവിലാകടപ്പുറത്തെ കടൽക്കാരണവർ തുരുത്തിക്കാരൻ കണ്ണേട്ടൻ വർഷങ്ങൾക്കു മുമ്പ് പറഞ്ഞ കഥ ഓർമ്മയുടെ തിരശ്ശീലയിൽ തെളിഞ്ഞു. കോട്ട്വാളൻ തിരണ്ടിയുടെ കൊമ്പിൽ പിടിച്ച് പെരുങ്കടലിലെ തിരമാലകളിൽ പറപറക്കുന്ന മെരിഷേഖ് തങ്ങളെക്കുറിച്ച് ആ കടൽ മനുഷ്യൻ വരച്ച ചിത്രം വിസ്മയിപ്പിക്കുന്നതായിരുന്നു. അപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകളിൽ നിന്ന് വെളിച്ചം തൂവിയിരുന്നു.

ഒട്ടകങ്ങൾ അനവധിയുണ്ട്. മരുഭൂമിയിൽ വിരുന്നെത്തുന്നവരെയും കയറ്റി നിരനിരയായി സവാരി ചെയ്യുന്ന മൃഗങ്ങൾ. നീണ്ട കാലുകളും കഴുത്തുമുള്ള സാധു മൃഗങ്ങൾ. ഒട്ടകങ്ങളിൽ ചിലതിൻ്റെ ശരീരത്തിൽ രോമം വെട്ടി പല നിറങ്ങളിൽ ചിത്രവേല ചെയ്തിട്ടുണ്ട്. വർണ്ണപ്പുതപ്പുകൾ അവയെ സുന്ദരികളും സുന്ദരന്മാരുമാക്കി. കഴുത്തിൽ കെട്ടിയ കയറും പിടിച്ച്, പൊടി പുരണ്ട നീളൻ പൈജാമയും കുർത്തയും ധരിച്ച മുതിർന്നവരും യുവാക്കളുമുണ്ട്. ഭാവിയിലെ ഒട്ടകക്കാരാവാൻ പരിശീലനം നേടുന്ന കുട്ടികളും കൂടെ നടക്കുന്നുണ്ട്.

മണലിൽ അമർന്നു കിടക്കുന്ന ഒട്ടകത്തിൻ്റെ കുന്നു പോലുള്ള പൂഞ്ഞയ്ക്ക് പിറകിലിരിക്കണമെങ്കിൽ സ്റ്റൂളിൽ ചവിട്ടണം. ഒന്നോ രണ്ടോ പേർ കയറിയാൽ ഒട്ടകക്കാരൻ്റെ നിർദ്ദേശത്തിനനുസരിച്ച് ആ സാധു ജീവികൾ നീണ്ട കാലുകൾ തറയിലൂന്നി മൂരി നിവർത്തും. മുറുകെ പിടിച്ചില്ലെങ്കിൽ താഴെ വീഴും.

പലവട്ടം ആവർത്തിക്കുന്ന ഈ അനുഷ്ഠാനത്തിൻ്റെ അർത്ഥശൂന്യത ബോധ്യപ്പെട്ടതു കൊണ്ടോ എന്തോ; നിസ്സംഗ ഭാവത്തോടെ അന്തമില്ലാത്ത മരുഭൂമിയുടെ ചക്രവാളത്തിൽ കണ്ണും നട്ടിരിക്കുന്ന മഹാമൗനികളാണ് ഒട്ടകങ്ങൾ. കൊച്ചു കുട്ടികളെ ഭയപ്പെടുത്താൻ കണ്ണുരുട്ടി വാ പിളർത്തുന്ന മുതിർന്നവർ കാട്ടുന്ന തമാശ പോലെ, ഒട്ടകങ്ങളിലെ ചില വിരുതന്മാർ നീണ്ട മുഖം പ്രത്യേക രീതിയിൽ കോട്ടിപ്പിടിച്ച് കടിക്കാനായി ഓങ്ങി. ഓർക്കാപ്പുറത്തെ കോക്രി കാണിക്കലിൽ പേടിക്കുന്നവരെ നോക്കി ഒട്ടകങ്ങൾ ചിരിക്കുന്നതായി തോന്നി!

ഒട്ടകക്കാരനെ പരിചയപ്പെട്ടു. അയൂബ് എന്നാണ് പേര്. വർഷങ്ങളായി താറിൽ ഒട്ടകങ്ങളെ തെളിച്ച് ഉപജീവനം നടത്തുന്നയാൾ. ദുരിത ജീവിതത്തിൻ്റെ കഥയാണ് അയാൾക്ക് പറയാനുള്ളത്. അയൂബിന് കീഴിൽ പരിശീലനം നേടുന്ന കുട്ടിയാണ് റൊസാൻ. സ്ക്കൂൾ പ്രായത്തിലുള്ള ഒട്ടകക്കാരായ കുട്ടികളിൽ ഭൂരിപക്ഷവും പള്ളിക്കൂടത്തിൽ പോകാത്തവരാണ്. ഇനി പോകണമെന്ന് ആഗ്രഹിച്ചാലും നടക്കില്ല. വിദൂരങ്ങളിലാണ് വിദ്യാലയം. വീട്ടിലെ ദാരിദ്ര്യം അവരെ കുട്ടിത്തൊഴിലാളികളാക്കി മാറ്റി.

പാട്ടും നൃത്തവും കൊണ്ട് ഉപജീവനത്തിനു വക കണ്ടെത്തുന്ന സ്ത്രീകളും കുട്ടികളും അങ്ങിങ്ങായി ഉണ്ട്. കുഞ്ഞുങ്ങളെ ഒക്കത്തേന്തിയ പ്രായപൂർത്തിയാകാത്ത അമ്മമാരുമുണ്ട്! എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ബാലവധൂവരന്മാരാവേണ്ടി വരുന്ന കുട്ടികളെയോർത്ത് മനസ്സ് നൊന്തു. ശോകാർദ്രമായിരുന്നു അവരുടെ പാട്ടുകൾ. ദുരിത ജീവിതത്തിൻ്റെ തീവ്രവേദനയുടെ ഒഴുക്കാണ് ആ പാട്ടുകൾക്ക്. കൊച്ചുകണ്ണാടിച്ചില്ലുകൾ തുന്നിയ കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച പെണ്ണുങ്ങൾ പാട്ടുകൾക്ക് താളമിട്ട് ചുവടൂന്നി മരുഭൂമിയിൽ നൃത്തം ചെയ്തു. അവരുടെ ആട്ടവും പാട്ടും മനോഹരം. പക്ഷേ, മേഘം മൂടിയ താരകങ്ങളാണ് ആ കുട്ടികളും സ്ത്രീകളും. 

ഉള്ളംകൈയിലൊതുക്കിയ മുഖർ ശംഖ് കടിച്ച് പിടിച്ച് തൻ്റെ വേദനകൾ സംഗീതത്തിൽ ആവിഷ്ക്കരിച്ച ആ മനുഷ്യൻ കാശിനായി കൈ നീട്ടി. പണം കിട്ടിയപ്പോൾ നന്ദി പറഞ്ഞ്, അല്പം ദൂരെ കാത്തു നിന്ന ഭാര്യയോടും കുട്ടിയോടുമൊപ്പം അകലങ്ങളിലേക്ക് മറഞ്ഞു. ഈ മനുഷ്യരുടെ ജീവിതം പ്രകാശമാനമാകുന്നതെപ്പോഴാണ്?

പടിഞ്ഞാറെ മാനത്ത് സൂര്യൻ മറഞ്ഞു. ഇളം കാറ്റിൽ ഇറ്റിറ്റിപ്പുള്ളിൻ്റെ പാട്ട് ഒഴുകിയെത്തി. അരിച്ചിറങ്ങുന്ന തണുപ്പത്ത് അൻവറിൻ്റെ ജീപ്പിൽ താറിനോട് വിട ചൊല്ലി മുന്നോട്ടു പോകുമ്പോൾ കൂടണയാൻ പോകുന്ന പറവകളെപ്പോലെ നാട്ടുവഴിയുടെ ഇരു പാർശ്വങ്ങളിലുമായി ദരിദ്രരായ മരുമനുഷ്യർ നടക്കുന്നതു കണ്ടു. കല്ലും മണ്ണും ചെളിയും പുല്ലും ഉപയോഗിച്ചു നിർമ്മിച്ച അവരുടെ കുഞ്ഞു വീടുകളിൽ മുനിഞ്ഞു കത്തുന്ന വിളക്കുകൾക്കു ചുറ്റും ജീവിതം ഇരമ്പുന്നതിൻ്റെ ശബ്ദം കാതിൽ അലയടിച്ചു.

ജയ്സാൽമീർ നഗരത്തിലെ താമസസ്ഥലത്തേക്ക് നീണ്ട പാതയിലൂടെ അതിവേഗത്തിൽ വണ്ടി ഓടിക്കൊണ്ടിരുന്നു. മരുഭൂമിയിലെ കൂറ്റൻ വൈദ്യുതലൈനുകളിലെ റിഫ്ലക്ടറുകളിൽ കുഞ്ഞു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന ചേതോഹരമായ കാഴ്ച. 

താറിലേക്കുള്ള കഴിഞ്ഞ വരവിൽ മരുഭൂമിയിലെ ആദ്യരാത്രിവാസം മറക്കാനാവാത്ത അനുഭവമായിരുന്നു. നിലാവും നക്ഷത്രങ്ങളും നിറഞ്ഞ ആകാശം നോക്കി പൂഴിപരപ്പിൽ മലർന്നു കിടന്നത്! ‘ആന കേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തുലഞ്ഞ’ വിസ്മയക്കാഴ്ചയിൽ ലയിച്ച് നേരം പോയതറിഞ്ഞില്ല. ദൂരെ ദൂരെ കുറുനരികൾ ഓരിയിടുന്ന ശബ്ദമാണ് മോഹനിദ്രയിൽ നിന്നുണർത്തിയത്.

മലയാളത്തിൻ്റെ വലിയ യാത്രക്കാരനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ മഹാനായ ചിന്തകൻ എം.എൻ വിജയനോട് ഒരിക്കൽ പറഞ്ഞു; ”മരുഭൂമി പൂത്തുനിൽക്കുന്നത് കണ്ടിട്ടുണ്ടോ? ഞാൻ അത് അനുഭവിച്ചതാണ്.” ബഷീറിൻ്റെ എഴുത്തുകളെ വിശകലനം ചെയ്തു കൊണ്ടുള്ള വിജയൻ മാഷുടെ പുസ്തകത്തിൻ്റെ പേര് ‘മരുഭൂമികൾ പൂക്കുമ്പോൾ’ എന്നാണ്. പിന്നിട്ട ദൂരങ്ങളിൽ, തണുപ്പ് മഴയായി പെയ്തിറങ്ങുന്ന ആ രാത്രിയിൽ മരുഭൂമി പൂത്തുനിൽക്കുന്ന കാഴ്ച മറക്കാനാവാത്ത സ്വപ്നമായി അവശേഷിക്കുന്നു.

About Author

മുരളീധരൻ കരിവെള്ളൂ൪

യാത്രികനും എഴുത്തുകാരനും ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനുമാണ് ലേഖകൻ

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venkktesh k
Venkktesh k
9 months ago

good