രാഷ്ട്രീയം പറയാനാണ് താൻ സിനിമയെടുക്കുന്നതെന്ന് പ്രസ്താവിച്ച ചലച്ചിത്രകാരനാണ് ഴാങ് ലുക് ഗൊദാര്‍ദ്. ഇരുപത്തിയഞ്ചാം വയസ്സിൽ ആരംഭിച്ച സിനിമാനിർമ്മാണം തൊണ്ണൂറാം വയസ്സുവരെ തുടർന്നുവെന്നത് സിനിമ എന്ന മാധ്യമത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ആവേശവുമാണ് കാണിക്കുന്നത്. 16 എം.എം. സിനിമയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ ചലച്ചിത്രപ്രയാണം ഡിജിറ്റൽ സിനിമവരെ എത്തിനില്ക്കുന്നു. ‘സോഷ്യലിസ്മെ’, ‘ഗുഡ് ബൈ ടു ലാംഗ്വേജ്’ എന്നീ അവസാനകാലചിത്രങ്ങളും ‘ദ് ഇമേജ് ബുക്ക്’ എന്ന 3ഡി സിനിമയും അതിന്റെ സാക്ഷ്യങ്ങളാണ്.
നവതരംഗങ്ങൾ
നിലനിന്നു പോന്നിരുന്ന സിനിമയുടെ/സിനിമയിലെ കാഴ്ച്ചശീലങ്ങളെ ഗൊദാര്‍ദിയന്‍ പരിപ്രേക്ഷ്യം അട്ടിമറിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിയ ഗൊദാര്‍ദ് ഫ്രഞ്ച് നവതരംഗസിനിമയുടെ പ്രോദ്ഘാടകരില്‍ ഒരാളായിരുന്നു. ചലച്ചിത്രപ്രകൃതിയെ ചൂഴ്ന്നു നിന്നിരുന്ന ശൈലീപരവും പ്രമേയപരവുമായ പാരമ്പര്യ അനുശീലനങ്ങളെ പുതുതലമുറക്കാരായ ഫ്രഞ്ച് സംവിധായകര്‍ കടപുഴക്കി എറിഞ്ഞു. ഫ്രാന്‍സിലെ ജാഗരൂകരായ ചലച്ചിത്രകാരന്മാര്‍ക്കിടയില്‍ 1950കളുടെ ആദ്യപകുതിയില്‍ രൂപപ്പെട്ട പുതിയ ആശയാവലികളും സംവാദങ്ങളുമാണ് നവതരംഗപ്രസ്ഥാനത്തിന് വഴിതുറന്നത്. ഗൊദാര്‍ദ്, ഫ്രാന്‍സ്വാ ത്രൂഫോ, ക്‌ളോദ് ഷാബ്രോള്‍, എറിക്ക് റോമര്‍, റിവേറ്റി തുടങ്ങിയ ചലച്ചിത്രകാരന്മാരായിരുന്നു ഈ നവീനസംവാദത്തിന് തുടക്കമിട്ടത്.
കേവലവിനോദോപാധി മാത്രമാണ് സിനിമ എന്ന ചിന്താഗതിയെ മാറ്റിമറിക്കാനാണ് ഇവര്‍ ശ്രമിച്ചത്. ‘കഹേ ദു സിനിമ’ (cahiers du cinema) എന്ന പ്രസിദ്ധീകരണത്തില്‍ നവസിനിമാസങ്കല്പത്തെ പറ്റി ഗൊദാര്‍ദടക്കം എഴുതിക്കൊണ്ടിരുന്നു. സിനിമഎന്ന കലാമാധ്യമത്തിന്റെ പരമാധികാരി സംവിധായകനാണെന്ന് ഇക്കൂട്ടര്‍ പ്രഘോഷിക്കുകയുണ്ടായി- ഇതാണ് ഓഥര്‍ സിദ്ധാന്തം. ഗൊദാര്‍ദും ഷാബ്രോളും ത്രൂഫോയുമടങ്ങുന്ന നവതരംഗക്കാര്‍ക്ക് പ്രശസ്ത ചലച്ചിത്രസൈദ്ധാന്തികനായ ആന്ദ്രേ ബസീനിന്റെ പിന്തുണയുമുണ്ടായിരുന്നു. നവതരംഗത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കലാപരമായ സമീക്ഷകള്‍ തന്റെ ചലച്ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിക്കാന്‍ ഗൊദാര്‍ദിനു കഴിഞ്ഞു. പറച്ചിലും പ്രവൃത്തിയും അഥവാ സിദ്ധാന്തവും പ്രയോഗവും വിഭിന്നമായില്ലെന്നു സാരം.
പ്രശസ്ത അമേരിക്കന്‍ ചിന്തകയും എഴുത്തുകാരിയുമായ സൂസന്‍ സൊന്റാഗിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘സിനിമയില്‍ ആവശ്യമെന്നു നാം കരുതുന്ന കാര്യങ്ങള്‍ ഗൊദാര്‍ദിന് അനാവശ്യവും നമുക്ക് അനാവശ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന് അത്യാവശ്യവുമാണ്’. ചലച്ചിത്രം എന്ന മാധ്യമത്തെ ഴാങ് ലുക് ഗൊദാര്‍ദ് എപ്രകാരമാണ് സമീപിച്ചത് എന്നതിനെ സംബന്ധിച്ച സൂക്ഷ്മനിരീക്ഷണമാകുന്നു ഈ പ്രസ്താവന.
തുടക്കം
1930 ഡിസംബര്‍ 3ന് പാരീസില്‍ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായി പിറന്ന ഴാങ് ലുക് ഗൊദാര്‍ദ് സോര്‍ബണ്‍ സര്‍വകലാശാലയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ഉന്നതബിരുദം കരസ്ഥമാക്കിയ ശേഷം നാട്ടിലെ വിവിധ ഫിലിം ക്ലബ്ബുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഫ്രാൻസിൽ ഉയർന്നുവന്ന സിനിമാക്ളബ്ബുകളിലും ചർച്ചാവേദികളിലും ഗൊദാർദ് സജീവമായി ഇടപെട്ടു. ‘സിനിമാത്തെക്കു’കളിലേക്കും മറ്റു ചലച്ചിത്രയിടങ്ങളിലേക്കും നടത്തിയ നിരന്തരസന്ദര്‍ശനമാണ് ഗൊദാര്‍ദിനെ ഫ്രഞ്ച് ന്യൂ വേവ് കൂട്ടായ്മയിലേക്ക് എത്തിച്ചത്. എറിക് റോമറിനും റിവേറ്റിക്കുമൊപ്പം അദ്ദേഹം ‘ഗസറ്റേ ദു സിനിമ’ എന്ന മാസിക ആരംഭിക്കുകയും അതില്‍ ‘ഹാന്‍സ് ലുക്കാസ്’ എന്ന തൂലികാനാമത്തില്‍ ചലച്ചിത്രനിരൂപണം എഴുതുകയും ചെയ്തു. പിന്നീടാണ് ‘കഹേ ദു സിനിമ’യിലെ പംക്തികാരനാവുന്നത്.
1955-ല്‍ സ്വിറ്റ്‌സെര്‍ലന്റിലെ ഒരു അണക്കെട്ടുനിര്‍മ്മാണ പ്രോജക്ടില്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഗൊദാര്‍ദ് ഒരു 35 എം.എം. ക്യാമറ സ്വന്തമാക്കുകയും ‘ഓപ്പറേഷന്‍ ബീറ്റണ്‍’ എന്നൊരു ഹ്രസ്വസിനിമ തയ്യാറാക്കുകയും ചെയ്തു. അണക്കെട്ടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഈ ഡോക്യുമെന്ററിയാണ് ഗൊദാര്‍ദിന്റെ ആദ്യസിനിമാസംരംഭം. തുടര്‍ന്ന് അദ്ദേഹം ഫിലിം എഡിറ്റായും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ത്തന്നെ ഏതാനും ഹ്രസ്വസിനിമകളും നിര്‍മ്മിക്കുകയുണ്ടായി. ഫ്രഞ്ച് നവതരംഗത്തിന്റെ സ്വാധീനത്തില്‍ ഗൊദാര്‍ദ് തന്റെ ആദ്യ ഫീച്ചര്‍സിനിമ സാക്ഷാത്ക്കരിച്ചു- ‘ബ്രെത്ത്‌ലെസ്’ (1960). കാന്‍, ബെര്‍ലിന്‍ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും സമ്മാനാര്‍ഹമാവുകയും ചെയ്ത ഈ ചിത്രം ഗൊദാര്‍ദിനെ പ്രശസ്തനാക്കി.
ആഖ്യാനത്തിലെ പുതുമകൾ
ത്രൂഫോയുടെ മൂലകഥയെ ആധാരമാക്കിയ ‘ബ്രെത്ത്‌ലെസ്’, പുറംവാതിൽ ചിത്രീകരണം, ജംപ് കട്ടുകള്‍, ദീര്‍ഘമായ ടേക്കുകള്‍, ക്യാമറയെ നോക്കിയുള്ള അഭിനേതാവിന്റെ സംസാരം തുടങ്ങിയ ആഖ്യാനപരമായ സവിശേഷതകളാല്‍ ശ്രദ്ധനേടി. നാടകസൈദ്ധാന്തികനായ ബെര്‍റ്റോള്‍ഡ് ബ്രഹ്ത് മുന്നോട്ടുവെച്ച ‘ഡിസ്റ്റന്‍സിംഗ് ഇഫെക്ട്’ എന്ന അന്യവൽക്കരണ പരികല്പനയെ മുന്‍നിര്‍ത്തിയാണ് ഈ സിനിമയുടെ ആഖ്യാനം ഗൊദാര്‍ദ് സ്വരൂപിച്ചെടുത്തത്. ചലച്ചിത്രമെന്ന മാധ്യമത്തെപ്പറ്റി അജ്ഞനായ ഒരുവന്റെ ലീലാവിലാസമെന്ന് ചില ഫ്രഞ്ച് നിരൂപകര്‍ ആദ്യം ഈ ചിത്രത്തെ വിമര്‍ശിച്ചെങ്കിലും ബോക്‌സ് ഓഫീസിലും ആര്‍ട് ഹൗസുകളിലും വലിയ അംഗീകാരം നേടുകയുണ്ടായി. സിനിമ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമല്ല മറിച്ച് പ്രതിഫലനത്തിലെ യാഥാര്‍ത്ഥ്യമാണെന്നാണ് ഗൊദാര്‍ദിന്റെ പക്ഷം. ‘Photography is truth. The Cinema is truth 24 times per second’ എന്നദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധം വിഷയമാക്കി ഗൊദാര്‍ദ് സംവിധാനം ചെയ്ത ‘ദ് ലിറ്റില്‍ സോള്‍ജിയര്‍’ (1960) എന്ന സിനിമ ഫ്രഞ്ച് ഗവണ്‍മെന്റ് നിരോധിക്കുകയുണ്ടായി. സിനിമ മുന്നോട്ടുവെച്ച രാഷ്ട്രീയത്തോടുള്ള എതിര്‍പ്പുമൂലമായിരുന്നു നിരോധനം. 1963-വരെ ആ നിരോധനം തുടര്‍ന്നു. ഇതിനിടെ 1962-ല്‍ ‘മൈ ലൈഫ് റ്റു ലിവ്’ (Vivre sa vie) എന്ന സിനിമ അദ്ദേഹം പുറത്തിറക്കി. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം, നടിയും വീട്ടമ്മയുമായ ഒരുവള്‍ സാമ്പത്തികപരാധീനതമൂലം തെരുവുവേശ്യയായി മാറുന്ന കഥ പറയുന്നു. ഫ്രഞ്ച് നവതരംഗസിനിമയിലെ ഒരു പ്രധാന കലാവിഷ്‌ക്കാരമായി ഈ സിനിമ വിലയിരുത്തപ്പെട്ടുപോരുന്നു. പന്ത്രണ്ട് ടാബ്ലോകളായി ചിത്രീകരിച്ച ഈ സിനിമയില്‍ ഓരോ ഖണ്ഡത്തിനും ഓരോ അന്ത്യമുണ്ടായിരുന്നു. ടൈറ്റിലിനൊപ്പം ഓരോ സീക്വന്‍സിന്റെയും ഔട്ട്‌ലൈന്‍ ചേര്‍ക്കുന്ന സമ്പ്രദായം, കണ്ണാടിപ്രതലം ഉപയോഗപ്പെടുത്തിക്കൊണ്ട് ചിത്രീകരിക്കുന്ന ക്യാമറയെ ദൃശ്യപ്പെടുത്തുന്ന രീതി, മിഷേല്‍ ലെഗ്രാനിന്റെ സംഗീതത്തിന്റെ സാര്‍ത്ഥകമായ സന്നിവേശം എന്നിങ്ങനെ സവിശേഷവും വ്യതിരിക്തവുമായ ഈ ചിത്രത്തെ ‘ചലച്ചിത്രവല്‍ക്കരിക്കപ്പെട്ട പ്രബന്ധം’എന്നാണ് ഗൊദാര്‍ദ് സ്വയം വിലയിരുത്തിയത്.
1963-ല്‍ പുറത്തിറക്കിയ ‘കണ്ടംപ്റ്റ്’ വലിയ സാമ്പത്തിക വിജയമാണ് നേടിയത്. സിനിമാനിര്‍മ്മാണം പ്രമേയമാക്കിയ ഈ ചിത്രം ഒരു പരമ്പരാഗത കലാസിനിമയെടുക്കാന്‍ തനിക്കു നിഷ്പ്രയാസം കഴിയുമെന്ന് തെളിയിക്കുകകൂടിയായിരുന്നു. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുത്താവുന്ന ‘ആല്‍ഫാ വില്ലെ’, വിദ്യാര്‍ത്ഥിരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ‘ലാ ചീനോയിസ്’, ‘ദ് വീക്കെന്‍ഡ്’, ‘കിങ് ലിയര്‍’, ‘വിന്റര്‍ ഫ്രം ദ് ഈസ്റ്റ്’ തുടങ്ങിയ സിനിമകളും ഏറെ ചര്‍ച്ചാവിഷയമായി. വര്‍ത്തമാനകാല പാരീസിന്റെ പരിച്ഛേദം അവതരിപ്പിക്കുന്ന ‘ആല്‍ഫാ വില്ലെ’ ഐന്‍സ്റ്റീനിന്റെ ഫോര്‍മുലകളും ആധുനികമായ വിവിധ രൂപക്രമങ്ങളും മറ്റും ഉപയോഗപ്പെടുത്തുന്നുണ്ട്.
പാരീസിലെ മധ്യവര്‍ഗത്തിന്റെ കാപട്യജീവിതത്തെ പ്രതിനിധാനപരമായി അവതരിപ്പിക്കുന്ന സിനിമയാണ് ‘ദ് വീക്കെന്റ്’. തന്റെ രാഷ്ട്രീയ നിലപാടുകള്‍ നേരിട്ടു പറയുന്ന രീതിശാസ്ത്രം ഇതില്‍ ഗൊദാര്‍ദ് ഉപേക്ഷിക്കുകയാണ്. ‘ബൂര്‍ഷ്വാസമൂഹത്തെ കുറിച്ചുള്ള അപഹാസകാവ്യം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ സിനിമയിലെ എട്ടു മിനിട്ടു നീളുന്ന ട്രാഫിക് ജാം രംഗം സിനിമാസാങ്കേതികചരിത്രത്തിന്റെതന്നെ ഭാഗമായി മാറി. മാവോയിസ്റ്റ് സിദ്ധാന്തം പഠിക്കുന്ന ഒരു കൂട്ടം ഫ്രഞ്ച് യുവാക്കളുടെ രാഷ്ട്രീയചര്‍ച്ചകളും പൂരണവുമാണ് ‘ലാ ചീനോയിസ്’. തീര്‍ത്തും സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ ഗൊദാര്‍ദ് ഈ സിനിമയെ ഉപയോഗപ്പെടുത്തുന്നുണ്ട്. 1966-ല്‍ പുറത്തിറങ്ങിയ ‘മസ്‌കുലിന്‍ ഫെമിനിന്‍’ എന്ന സിനിമ ഫ്രഞ്ച് യുവാക്കളുടെ രാഷ്ട്രീയമായ ഉത്ക്കണ്ഠകള്‍ അവതരിപ്പിക്കാനുള്ള സാര്‍ത്ഥകമായ ശ്രമമാണ്. ‘മാര്‍ക്‌സിന്റെയും കൊക്കക്കോളയുടെയും കുട്ടികളെപ്പറ്റിയാണ് ഈ സിനിമ’യെന്ന് ഗൊദാര്‍ദ് പറയുന്നുണ്ട്. ‘വിന്‍ഡ് ഫ്രം ദ ഈസ്റ്റ്’ (1969) തത്ത്വചിന്താപദ്ധതിയായ അപനിര്‍മ്മാണത്തിന്റെ സ്വാധീനമുള്ള വെസ്റ്റേണ്‍ എന്ന ജനുസ്സില്‍പ്പെട്ട സിനിമയാകുന്നു.
1970കളില്‍ ഗൊദാര്‍ദ് ഏതാനും ടെലിവിഷന്‍ പരമ്പരകളും വീഡിയോകളും തയ്യാറാക്കി. എണ്‍പതുകളില്‍ അദ്ദേഹം ചലച്ചിത്രരംഗത്തേക്കുതന്നെ മടങ്ങിവന്നു. ഈ കാലയളവിലെ സിനിമകള്‍ ഗൊദാര്‍ദിന്റെ പ്രതിഭാക്ഷീണത്തെയാണ് കാണിക്കുന്നതെന്ന വിമര്‍ശനവുമുണ്ടായി.1988 മുതല്‍ 1998 വരെയുള്ള കാലയളവില്‍ എട്ടു ഭാഗങ്ങളായി അദ്ദേഹം സാക്ഷാത്ക്കരിച്ച സിനിമയാണ് ‘ഹിസ്റ്ററി ഓഫ് സിനിമ’. ആകെ 266 മിനിട്ട് ദൈര്‍ഘ്യമുള്ള സങ്കീര്‍ണ്ണമായ ഈ ചലച്ചിത്രസംരംഭം, സിനിമ എന്ന സങ്കല്പനം ഇരുപതാംനൂറ്റാണ്ടുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരായുന്നു. ഗൊദാര്‍ദിന്റെ ആദ്യകാലചിത്രങ്ങള്‍ പരീക്ഷണാത്മകമായിരുന്നു. കുറ്റകൃത്യം, സ്ത്രീലൈംഗികത എന്നീ വിഷയങ്ങളില്‍ അവ ശ്രദ്ധയൂന്നി. 1969-ല്‍ പുറത്തുവന്ന ‘എ വുമണ്‍ ഈസ് എ വുമണ്‍’ ആകുന്നു ഗൊദാര്‍ദിന്റെ ആദ്യ കളര്‍ ചലച്ചിത്രം. അറുപതുകളുടെ മധ്യമെത്തുമ്പോഴേക്കും ഇടതുപക്ഷ രാഷ്ട്രീയവീക്ഷണമുള്ള ചിത്രങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നതു കാണാം. ‘ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍’ (1966) എന്ന ചലച്ചിത്രം ഇക്കാലയളവിലെ മുഖ്യസൃഷ്ടിയാകുന്നു.
രാഷ്ട്രീയചുട്ടെഴുത്തുകൾ
ഫ്രഞ്ച് വിദ്യാര്‍ത്ഥികലാപത്തിനുശേഷം ഗൊദാര്‍ദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു വഴി മാറുന്നതു കാണാം. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായി അദ്ദേഹം ‘ദ് സീഗ വെര്‍തോവ്’ എന്ന സോഷ്യലിസ്റ്റ് സിനിമാഗ്രൂപ്പുമായി ചേര്‍ന്ന് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന ചിത്രങ്ങള്‍ നിര്‍മിക്കുകയുണ്ടായി. ഗൊദാര്‍ദും ഴാങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിലെ പ്രമുഖര്‍. ഇക്കാലത്തിന്റെ പ്രധാന സൃഷ്ടിയാണ് ‘വിന്‍ഡ് ഫ്രം ദ ഈസ്റ്റ്’. രാഷ്ട്രീയസിനിമകള്‍ രാഷ്ട്രീയമായി നിര്‍മ്മിക്കുക എന്നതായിരുന്നു ഈ ഗ്രൂപ്പിന്റെ നയം. ചലച്ചിത്രഭാഷയെ വിപ്ലവവത്ക്കരിക്കാനായിരുന്നു പ്രധാന ശ്രമം. 16 എം.എം.ലുള്ള ലോ ബഡ്ജറ്റ് സിനിമകള്‍ പുറത്തിറക്കി. വൈരുദ്ധ്യാത്മിക ഭൗതികവാദമായിരുന്നു ഗ്രൂപ്പിന്റെ രാഷ്ട്രീയപ്രമാണം. 1972-ല്‍ ഈ സംഘം ഇല്ലാതാവുന്നതോടെയാണ് വീഡിയോ ചിത്രങ്ങളിലേക്കും ടെലിവിഷന്‍ പരമ്പരകളിലേക്കും ഗൊദാര്‍ദ് ചുവട് മാറിയത്.1982-83 കാലത്ത് ചലച്ചിത്രരംഗത്തേക്ക് ശക്തമായ മടങ്ങിവരവ് നടത്തിയ ഗൊദാര്‍ദ് ‘ട്രിലോജി ഓഫ് ദ് സബ്ലൈം’ എന്നറിയപ്പെടുന്ന ചിത്രങ്ങള്‍ – Passion (1982), Prénom Carmen (1983), Hail Mary (1985)– സംവിധാനം ചെയ്തു.
രാഷ്ട്രീയസിനിമകള്‍ക്ക് കൃത്യമായ ദിശാസൂചി നല്‍കിയവയാണ് ഗൊദാര്‍ദിയന്‍ചിത്രങ്ങള്‍. രാഷ്ട്രീയസിനിമ എന്നാല്‍ രാഷ്ട്രീയത്തെ പ്രമേയവല്‍ക്കരിക്കുന്ന സിനിമയേക്കാള്‍ രാഷ്ട്രീയമായി നിര്‍മ്മിക്കപ്പെടുന്ന സിനിമയാണെന്നും അദ്ദേഹം വാദിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയചുട്ടെഴുത്തുകളാവുന്നു ഗൊദാര്‍ദിന്റെ സിനിമകള്‍. അദ്ദേഹത്തില്‍ മാര്‍ക്‌സിസ്റ്റും കാല്പനികനും അരാജകവാദിയും ബൊഹീമിയനുമെല്ലാം ഉള്ളടങ്ങുന്നു. ഏകത്തിലെ പലമയും ബഹുസ്വരതയും ബഹുമുഖതയുമാവുന്നു ഗൊദാര്‍ദിന്റെ ലാവണ്യശാസ്ത്രം. 1960കളില്‍ അസ്തിത്വവാദവും അമിതഭാഷണവും, തുടര്‍ന്ന് സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍, 70 കളില്‍ മാവോയിസ്റ്റ് പ്രിയത്വം, 80 കളുടെ ആരംഭത്തില്‍ ചലച്ചിത്രമണ്ഡലത്തിലേക്കുള്ള മടങ്ങിവരവും തുടര്‍ന്ന് ആത്മകഥാപരമായ സിനിമാസാക്ഷാത്ക്കാരവും (‘JLG/JLG’) ത്രീ ഡി സിനിമാനിര്‍മ്മിതിയും (‘ദ് ഇമേജ് ബുക്ക്’) .
എഡിറ്റ് ഈസ് എ ലൈ
ജംപ് കട്ടുകളും ചിത്രസന്നിവേശത്തിലെ നൈരന്തര്യവും സൂപ്പര്‍ ഇംപൊസിഷനുമൊക്കെ കാവ്യാത്മകമായി സിനിമയില്‍ ഉപയോഗിച്ചത് ഗൊദാര്‍ദാണ്. സങ്കീര്‍ണമായ മാനസികാവസ്ഥകള്‍ പേറുന്ന കഥാപാത്രങ്ങളുടെ സൃഷ്ടി, അനിര്‍വചനീയമായ അവതരണരീതി, ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് ഇല്ലാതെയുള്ള ചിത്രീകരണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ചലച്ചിത്രസമീപനത്തെത്തന്നെ വ്യതിരിക്തമാക്കുന്നു. എല്ലാ കഥകള്‍ക്കും ഒരു തുടക്കവും മധ്യവും ഒടുക്കവുമുണ്ടാകാമെങ്കിലും ഈ ഘടാനാക്രമം പാലിക്കണമെന്ന നിര്‍ബന്ധമില്ലെന്നും ഓരോ എഡിറ്റും ഓരോ നുണയാണെന്നും (every edit is a lie) ഗൊദാര്‍ദ് സിദ്ധാന്തിക്കുന്നുണ്ട്. ഇതൊക്കെ കൊണ്ടാവണം ‘സിനിമയുടെ അനന്തമായ സാധ്യതകളെപ്പറ്റിയുള്ള നിതാന്ത ധ്യാനമാണ്’ ഗൊദാര്‍ദിന്റെ സിനിമ എന്ന് സൂസന്‍ സൊന്റാഗ് അഭിപ്രായപ്പെട്ടത്.
വിമർശനങ്ങൾ
അമേരിക്കക്കാരുടേത് ഉള്‍ക്കനമില്ലാത്ത സിനിമയാണെന്നാണ് ഗൊദാര്‍ദിന്റെ പക്ഷം. അവ നിലനില്‍പ്പിനുവേണ്ടി മാത്രമുള്ളവയാണത്രേ. ഹോളവുഡ് സിനിമ എന്നാല്‍ കച്ചവടം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്നാല്‍ അമേരിക്കന്‍സിനിമയ്ക്ക് താന്‍ എതിരല്ലെന്നും ഏതാനും ചിത്രങ്ങള്‍ ഇഷ്ടമാണെന്നും ഗൊദാര്‍ദ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അമേരിക്കക്കാര്‍ കലയെ അംഗീകരിക്കുന്നത് മ്യൂസിയങ്ങളില്‍ മാത്രമാണെന്ന് മറ്റൊരുവേള അദ്ദേഹം പരിഹസിക്കുന്നു. അമേരിക്കയില്‍ നല്ല സിനിമയെന്നാല്‍ വിജയിക്കുന്ന സിനിമ എന്നാണ് അര്‍ത്ഥമെന്നും യൂറോപ്പില്‍ നല്ല സിനിമയെന്നാല്‍ നല്ല സിനിമ എന്നുമാത്രമാണ് അര്‍ത്ഥമെന്നും ഗൊദാര്‍ദ് ആക്ഷേപഹാസ്യരീതിയില്‍ മുതലാളിത്തവിമര്‍ശനം നടത്തുന്നുണ്ട്.
അര്‍ത്ഥരഹിതമായ സിനിമയുടെ വക്താവ് എന്നും കോഫി ഹൗസ് തത്ത്വചിന്തകന്‍ എന്നും വെറും ഇടതുപക്ഷ സിനിമാക്കാരന്‍ എന്നും മതവിരോധി എന്നും മറ്റും ലേബല്‍ ചെയ്ത് ചിലര്‍ ഗൊദാര്‍ദിനെ ഇകഴ്ത്താന്‍ ശ്രമിച്ചുവെങ്കിലും സിനിമയെയും അതിന്റെ ചരിത്രത്തെയും ദൃശ്യഭാഷയെയും ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാളെ സംബന്ധിച്ച് സിനിമയുടെ ദൈവമാകുന്നു ഴാങ് ലുക് ഗൊദാര്‍ദ്. ആ ദൈവം ഇതാ മരിച്ചിരിക്കുന്നു! ‘ദ് വീക്കെന്‍ഡ്’ എന്ന സിനിമയ്‌ക്കൊടുവില്‍ ‘ഫിന്‍ ദെ സിനിമ’ (Fin De Cinema) എന്ന് എഴുതിക്കാണിക്കുന്നുണ്ട്.’സിനിമയുടെ അവസാനം’ (End of Cinema) എന്നാണ് ഇതിനര്‍ത്ഥം. മുഖ്യധാരാസിനിമയുടെ അന്ത്യം എന്നര്‍ത്ഥത്തിലായിരുന്നു ഈ ഗൂഢപ്രയോഗം. ഇപ്പോഴിതാ ഗൊദാർദിന് അന്ത്യമായിരിക്കുന്നു – ‘Fin De’ Godard! എങ്കിലും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് മരണമില്ല. ചരിത്രത്തിൽ ഇടപെടുന്നവ മറ്റൊരു ചരിത്രമായി നിലനിൽക്കും.